Opinion

സമരത്തിനകത്തെ സംവാദങ്ങള്‍ – ടി. മുഹമ്മദ് വേളം

ഒരു സമരം സമരമെന്ന നിലക്ക് ലക്ഷ്യത്തിലേക്ക് മുന്നേറുക മാത്രമല്ല ചെയ്യുക. അത് അതിനകത്തു തന്നെ ഒരുപാട് സംവാദങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കും. അതിനു കാരണം സമരം ചെയ്യുന്ന മനുഷ്യര്‍ യന്ത്രങ്ങളല്ല ആശയമുള്ളവരാണ് എന്നതാണ്. രാഷ്ട്രീയം എപ്പോഴും ഒരു ആശയ മണ്ഡലമാണ്. അതുകൊണ്ട് തന്നെ ബഹുസ്വരമായ ഒരു സമരം എപ്പോഴും ആശയ സംവാദം കൂടിയായിരിക്കും. ഇന്ത്യയുടെ ചരിത്രത്തിലെ രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് അപരനാമം ആര്‍ജിച്ച് കഴിഞ്ഞിട്ടുള്ള സി.എ.എ വിരുദ്ധ സമരം ഒരു മഴവില്‍ സമരമാണ്. ചരിത്രം ഇതിന് മുമ്പ് കണ്ട ശ്രദ്ധേയമായ മറ്റൊരു മഴവില്‍ സമരം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരമാണ്.

എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട് സംഘ്പരിവാറും സംഘ്പരിവാര്‍ ഇതരരും തമ്മില്‍ ധാരാളം തര്‍ക്കങ്ങളുണ്ട്. ഒപ്പം പൗരത്വ ഭേദഗതി നിയമത്തിന്റെ എതിര്‍ പക്ഷത്ത് നില്‍ക്കുന്നവര്‍ക്കിടയിലും പലതരം സംവാദങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇവ രണ്ടിനെയും രണ്ടായി തന്നെ കാണാന്‍ സമര മുന്നണിയിലുള്ളവര്‍ക്ക് സാധിക്കണം. സമരമുന്നണിക്കകത്തെ അഭിപ്രായ വ്യത്യാസത്തെ അവസാനിപ്പിക്കുകയല്ല വേണ്ടത്, അഭിപ്രായ വത്യാസങ്ങള്‍ നിലനിര്‍ത്തികൊണ്ട് തന്നെ സമരമുഖത്ത് ഒന്നിച്ച് മുന്നോട്ട് പോകാനുള്ള ശേഷി ആര്‍ജിച്ചെടുക്കുയാണ് വേണ്ടത്. ഒരു ബന്ധത്തിന്റെ കരുത്തിന്റെ ലക്ഷണം അതിനകത്ത് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാതിരിക്കുന്നു എന്നതല്ല, അഭിപ്രായ വ്യത്യാസങ്ങളെയും ഉള്‍കൊണ്ട് കൊണ്ട് ഒന്നിച്ചു മുന്നോട്ട് പോകാനുള്ള ശേഷി ഉണ്ടാവുന്നു എന്നതാണ്. വ്യത്യസ്തതകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലാത്ത ഐക്യം എന്നതിന്റെ അര്‍ഥം ആ ബന്ധത്തിലെ ഒരു മേധാവിത്തത്തെ എല്ലാവരും അംഗീകരിച്ചു കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്നത് മാത്രമാണ്.

സമരത്തിനകത്തെ മത ചിഹ്നങ്ങളുടെ, പ്രത്യേകിച്ചും ഇസ്ലാം മത ചിഹ്നങ്ങളുടെ സാന്നിധ്യമാണ് ഈ സമരത്തിനകത്തെ സുപ്രധാനമായ ഒരു സംവാദ വിഷയം. ഇതൊരു മഴവില്‍ സമരം മാത്രമല്ല ഒരു നൈസര്‍ഗിക സമരം കൂടിയാണ്. ഏതെങ്കിലും സംഘടനയുടെ ഏതെങ്കിലും കമ്മറ്റികള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്ത് ഉണ്ടായ സമരമല്ല ഇത്. അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലേയും ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളും പുരാതന ഡല്‍ഹിയിലെ സാമാന്യ ജനവുമാണ് ഈ സമരത്തിന്റെ തുടക്കക്കാര്‍. ഈ സമരത്തില്‍ വ്യത്യസ്ത മതവിഭാഗങ്ങളും ജനവിഭാഗങ്ങളുമുണ്ട്. അവരില്‍ പലരുടേയും സാംസ്‌കാരിക ചിഹ്നങ്ങളും മുദ്രാവാക്യങ്ങളുമുണ്ട്. നീല്‍ സലാമും ലാല്‍ സലാമും അസ്സലാമുമുണ്ട്. ചിലയിടത്ത് ചില സമയങ്ങളില്‍ അല്ലാഹു അക്ബര്‍ ഉണ്ട്. ചിലപ്പോള്‍ ലാ ലാഹ ഇല്ലല്ലാ ഉണ്ട്. ഇതൊന്നും ഒരു സംഘടനയുടെയും തീരുമാനമല്ല, ഒരു സമരത്തിലെ സ്വാഭാവിക മുദ്രാവാക്യങ്ങളാണ്. ഇതിലെ ഒരു മുദ്രാവാക്യത്തോട് എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ അവരും അത് വിളിച്ചേ പറ്റൂ എന്ന ഒരു ശാഠ്യവും ആര്‍ക്കുമില്ല. പക്ഷേ, ചില ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും പാടില്ല എന്ന് ചിലര്‍ ശഠിക്കുന്നു എന്നതാണ് വിഷയം. സി.പി.ഐ.എം ആണ് ആ ശാഠ്യത്തിലെ മുന്‍നിരക്കാര്‍ അവര്‍ തുടങ്ങിയതല്ലാത്ത അവരുടേത് മാത്രമല്ലാത്ത ഒരു മഴവില്‍ സമരത്തില്‍ ചിലത് പാടില്ലെന്ന് പറയാന്‍ പാര്‍ട്ടിക്കൊരവകാശവുമില്ല. ആ സമരത്തിന്റെ എല്ലാ വൈവിധ്യങ്ങളും അംഗീകരിച്ചു കൊണ്ട് അവര്‍ക്കും ആ സമരത്തില്‍ പങ്കെടുക്കാം. സീതാറാം യെച്ചൂരിക്കും പ്രകാശ് കാരാട്ടിനും ശാഹീന്‍ ബാഗിലെയും ജാമിഅ മില്ലിയയിലെയും സമരങ്ങളുടെ മഴവില്‍ സ്വഭാവം അംഗീകരിച്ചുകൊണ്ട് അഭിവാദ്യമര്‍പ്പിക്കാം. അതിന്റെ വൈവിധ്യങ്ങളില്‍ ചിലതിനെ അംഗീകരിക്കാന്‍ കൂട്ടാക്കാതെ വേണമെങ്കില്‍ വിട്ട് നില്‍ക്കാം.

സി.പി.ഐ.എമ്മിന്റെ ഈ നയത്തെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ അകത്ത് കൊണ്ടുപോയി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ ഉത്തരം വളരെ രസകരമായിരിക്കും. ഹിന്ദു ധര്‍മത്തിനകത്ത് അടിയുറച്ച് നിന്ന രാമരാജ്യമാണ് എന്റെ സ്വപ്നമെന്ന് പറഞ്ഞ മഹാത്മാ ഗാന്ധിയും ആഗോള ഇസ്ലാമിക സാമൂഹികതയുടെ ആസ്ഥാനമായിരുന്ന തുര്‍ക്കിയുടെ ഉസ്മാനിയ ഖിലാഫത്ത് ബ്രിട്ടീഷുകാര്‍ തകര്‍ത്തെതിനെതിരെ രംഗത്ത് വന്ന ഖിലാഫത്ത് പ്രസ്ഥാനവും ചേര്‍ന്നതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനം. മതവും മത ചിഹ്നങ്ങളും ഉള്ളിടത്ത് ഞങ്ങളുണ്ടാവില്ല എന്ന കേരള സി.പി.എമ്മിന്റെ ഇപ്പോഴത്തെ നിലപാടായിരുന്നു സ്വാതന്ത്ര്യ സമരകാലത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നതെങ്കില്‍ അവര്‍ക്ക് ആ സമരത്തില്‍ പങ്കെടുക്കാനേ കഴിയുമായിരുന്നില്ല. 1920 ഫെബ്രുവരിയില്‍ ഖിലാഫത്ത് കമ്മിറ്റി പ്രഖ്യാപിച്ച നിസ്സഹകരണ പ്രക്ഷോഭമാണ് അതേ വര്‍ഷം ഗാന്ധിജി കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഏറ്റെടുക്കുന്നത്.

ഇന്ത്യയുടെ വളരെ വിപുലമായ അധിനിവേശ വിരുദ്ധ പോരാട്ട ചരിത്രം മതരഹിത സമരത്തിന്റെ ചരിത്രമല്ല, മതസഹിത സമരത്തിന്റെ ചരിത്രമാണ്. ഇന്ത്യയില്‍ നികുതി നിഷേധ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഗാന്ധിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും പോലുമല്ല; വെളിയങ്കോട് ഉമര്‍ ഖാദി എന്ന മലബാറിലെ ഒരു മുസ്ലിം മത പണ്ഡിതനാണ്. ഇത് അല്ലാഹുവിന്റെ ഭൂമിയാണ് ഇവിടെ നിങ്ങള്‍ക്ക് നികുതി തരാന്‍ മതപരമായി എനിക്ക് ബാധ്യതയില്ല എന്നായിരുന്നു നികുതി പിരിക്കാന്‍ വന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരോട് അദ്ദേഹം പറഞ്ഞത്. അതിനര്‍ഥം ദൈവത്തിന്റെ ഭൂമി ഭരിക്കേണ്ടത് വിശ്വാസികളാണ് അല്ലെങ്കില്‍ പുരോഹിതന്മാരാണ് എന്നായിരുന്നില്ല, ഒരു നാട്ടിലെ ജനങ്ങളുടെ സമ്മതിയുള്ളവരാണ് ആ നാട് ഭരിക്കേണ്ടത് എന്ന മത തത്വമാണ് ഉമര്‍ ഖാദി ആ പ്രസ്താവനയിലൂടെ മുന്നോട്ടുവെച്ചത്.

പോര്‍ച്ചുഗീസുകാരുടെ അധിനിവേശത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയത് സാമൂതിരി രാജാവിനൊപ്പം മലബാറിലെ മുസ്ലിം മതപണ്ഡിതന്മാരായിരുന്നു .ഇസ്‌ലാം മത തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് അവര്‍ ആസമരത്തെ വിശദീകരിച്ചിരുന്നത്. ഇന്ത്യന്‍ ഭരണ ഘടനയുടെ നിരവധി അടിസ്ഥാനങ്ങള്‍, പ്രത്യേകിച്ച് ജനാധിപത്യത്തെയും സാമൂഹ്യ നീതിയെയും കുറിച്ച സങ്കല്‍പങ്ങള്‍ ബുദ്ധമതത്തില്‍ നിന്ന് സ്വീകരിച്ചതാണെന്ന് ഭരണ ഘടനാ ശില്‍പി ബി.ആര്‍ അംബേദ്കര്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ മതേതരത്വം എന്ന വിഭാവന ഉണ്ടായത് യൂറോപ്പിന് സമാനമായ സാഹചര്യത്തിലല്ല. യൂറോപ്പില്‍ വ്യത്യസ്ത മതങ്ങള്‍ക്കിടയിലെ സഹവര്‍തിത്വത്തിനു വേണ്ടിയല്ല മതേതരത്വം എന്ന സങ്കല്‍പമുണ്ടായത്. മതവും ശാസ്ത്രവും തമ്മിലുള്ള സംഘര്‍ഷത്തിന് പരിഹാരമായിട്ടാണ്. സമാനമായ അനുഭവം ഇന്ത്യാ ചരിത്രത്തില്‍ കാണാന്‍ കഴിയില്ല. ഇന്ത്യയുടെ മതേതരത്വം ഇന്ത്യയുടെ അടിത്തട്ടില്‍ നിന്ന് വ്യത്യസ്ത മതവിഭാഗങ്ങള്‍ ഒരുമിച്ചുള്ള ജീവിതം കൊണ്ട് നെയ്തുണ്ടാക്കിയതാണ്. യൂറോപ്പിലെപ്പോലെ പൊതു മണ്ഡലത്തില്‍ മതരഹിതമാക്കുന്ന മതേതരത്വമല്ല അത്. പൊതു മണ്ഡലത്തില്‍ മത മൂല്യങ്ങളും മത ചിഹ്നങ്ങളും മത രാഹിത്യവും പരസ്പരം സഹവര്‍ത്തിക്കുന്ന മതസഹിത മതേതരത്വമാണ്. ഇടതുപക്ഷം ചെയ്യുന്നത് യൂറോപ്യന്‍ ആശയങ്ങള്‍ ഇന്ത്യയുടെ മണ്ണും ചരിത്രവുമറിയാതെ അങ്ങനെ തന്നെ ഇറക്കുമതി ചെയ്ത് ഇവിടെ പ്രയോഗിക്കാനാണ്. അതുകൊണ്ടാണ് അവര്‍ക്ക് ഇന്ത്യയിലെ മതയാതാര്‍ഥ്യങ്ങളെയും യൂറോപ്യന്‍ വര്‍ഗത്തിന് അപ്പുറമുള്ള ജാതി പ്രശ്നത്തെയും മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757