Opinion

അനീതിക്കെതിരെ ഒന്നിച്ചുപോരാടാനുള്ള സന്ദേശമാണ് ഗീലാനി – നുസ്‌റത്ത് ഗീലാനി

എന്റെ പിതാവ് പ്രൊഫ. എസ്.എ.ആര്‍ ഗീലാനി എനിക്ക് പിതാവ് മാത്രമല്ല, സുഹൃത്തും വഴികാട്ടിയും എല്ലാമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും ഫാസിസത്തിനെതിരായ പോരാട്ടങ്ങളും ഭരണകൂടവും അദ്ദേഹവുമായുള്ള ‘ആഴമേറിയ ബന്ധ’വും എന്നെക്കാള്‍ നന്നായി നിങ്ങള്‍ക്കറിയാവുന്നതാണ്. വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ തന്നെ കാശ്മീരിന്റെ യഥാര്‍ഥ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തെ ഇന്ത്യയുടെ മെയിന്‍ലാന്‍ഡിന് ബോധ്യപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. കാരണം കശ്മീരിനു പുറത്ത് കാശ്മീരിനെ കുറിച്ചുള്ളത് യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറം തെറ്റിദ്ധാരണകളാണ് എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.

ഇപ്പോള്‍ തന്നെ നമുക്കറിയാം, കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയിലെ അനുഛേദം 370 റദ്ദാക്കി. തുടര്‍ന്ന് ഇന്റര്‍നെറ്റ്, ടെലിഫോണ്‍, മൊബൈല്‍ തുടങ്ങി ആശയവിനിമയത്തിനുള്ള എല്ലാ മാര്‍ഗങ്ങളും വിച്ഛേദിക്കപ്പെട്ടു. ചരിത്രത്തില്‍ പലപ്പോഴും സംഭവിച്ചിട്ടുള്ള ഇരുണ്ട നാളുകളായി മാറുകയായിരുന്നു കശ്മീരിലെ രാപകലുകള്‍. അതേസമയം മാധ്യമങ്ങളൊന്നും ഈ ഭീകരാന്തരീക്ഷത്തെ കുറിച്ച് ശരിയായ വാര്‍ത്തകള്‍ പുറത്തുവിടുന്നില്ല. മുബാറക്ക് കശ്മീര്‍ സന്ദര്‍ശിക്കുന്നു, അദ്ദേഹത്തോട് ആളുകള്‍ പറയുന്നു കശ്മീരികള്‍ വളരെ സന്തോഷത്തിലാണ്, അവിടെ യാതൊരു പ്രശ്നവുമില്ല എന്ന്. അവിടെ യഥാര്‍ത്ഥത്തില്‍ രണ്ടുമൂന്ന് കശ്മീരികളെ മാത്രമേ കാണുന്നുള്ളൂ. അവര്‍ എവിടെ നിന്നു വന്നു എന്ന് പോലും അറിയില്ല. ഇവിടെയുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ കശ്മീരിനെ കുറിച്ച് ഒരു ചിത്രം രൂപപ്പെടുത്തുന്നതില്‍ വളരെ നെഗറ്റീവ് റോളാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. കശ്മീരിന്റെ യഥാര്‍ത്ഥ സെന്റിമെന്‍സിനെ പ്രതിനിധീകരിക്കാനോ അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് സംസാരിക്കാനോ അവര്‍ തയ്യാറാകുന്നില്ല. ഇവിടെ നാം മനസ്സിലാക്കേണ്ടത് ഈ മുഖ്യധാരാ മാധ്യമ ഭാഷ്യങ്ങളെ നാം നമ്മുടെ തലച്ചോറിലേക്കോ ചിന്തകളിലേക്കോ സ്വാംശീകരിക്കേണ്ടതില്ല. കശ്മീരിന്റെ യഥാര്‍ത്ഥ ചിത്രം ഇതാണ്; അവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്. മാസങ്ങളായി കശ്മീര്‍ ഒന്നാകെ ഒരു തടവറയാണ്. ഇതേക്കുറിച്ച് മാധ്യമങ്ങളില്‍ യാതൊന്നും വരില്ല. ഇന്റര്‍നെറ്റ് പൂര്‍ണമായും സ്തംഭിച്ചിട്ട് മാസങ്ങളായി. ഇതൊക്കെ സംഭവിക്കുന്നത് കശ്മീരല്ലാതെ മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുമായിരുന്നു. ധാരാളം ചര്‍ച്ചകള്‍ നടക്കുമായിരുന്നു. കശ്മീരിനെ കുറിച്ച സ്ട്രാറ്റജി എന്തെന്നാല്‍ അവിടെനിന്നുള്ള യാഥാര്‍ഥ്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ മീഡിയക്ക് അനുവാദമില്ല.
കശ്മീരിനെ കുറിച്ച് സംസാരിക്കുമ്പോള്‍ കശ്മീരിന്റെ പശ്ചാത്തലത്തെക്കുറിച്ച് കൂടി നമുക്ക് കൃത്യമായ ധാരണ ഉണ്ടാകണം. അക്കാര്യത്തില്‍ മുഖ്യധാരാ മാധ്യമ റിപ്പോര്‍ട്ടുകളെയും നറേറ്റീവുകളെയും നാം വിശ്വാസത്തിലെടുക്കരുത്. വളരെ മോശമായ സാഹചര്യത്തിലൂടെയാണ് കശ്മീര്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ല. അവിടെ പൊതുഗതാഗതം താറുമാറായിരിക്കുന്നു. കശ്മീരിലുടനീളം സൈന്യം വ്യാപകമായി വിന്യസിക്കപ്പെട്ടിരിക്കുന്നു. എസ്.എം.എസ് സംവിധാനമില്ല. ഇന്റര്‍നെറ്റ് ലഭ്യമല്ല. ബേബി ഫുഡിന് കടുത്ത ക്ഷാമം നേരിടുന്നു. ആകെ ലഭിക്കുന്നത് മൊബൈല്‍ പോസ്റ്റ് പെയ്ഡ് കണക്ഷന്‍ മാത്രമാണ്.


കശ്മീരില്‍ ഇപ്പോള്‍ അതിശൈത്യമാണ്. അതിനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പോലും ജനങ്ങള്‍ക്ക് തടസ്സമാകും വിധം ഭരണകൂട ഉപരോധം ഭീകരമായി നടക്കുന്നു. കൊടുംതണുപ്പില്‍ ജീവന്‍ നഷ്ടപ്പെടുത്തുക പോലും ചെയ്യുന്ന അവസ്ഥയാണിപ്പോഴുള്ളത്. കശ്മീര്‍ ഒരു അടിയന്തരാവസ്ഥയിലൂടെത്തന്നെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഒരു തടവറയായി ആ പ്രദേശം മാറ്റപ്പെട്ടിരിക്കുന്നു.
ഇനിയെങ്കിലും നാം ശബ്ദമുയര്‍ത്തണം. കാരണം ഇന്ന് കശ്മീരില്‍ സംഭവിച്ചത് നാളെ മറ്റിടങ്ങളിലും ഉണ്ടായിക്കൂടെന്നില്ല. അതിന് ഭരണകൂടത്തെ കയറൂരിവിടരുത്. ഇന്ന് നമുക്ക് കശ്മീരികള്‍ എന്നാല്‍ ‘അവര്‍’ ആണ്. ‘അവര്‍ക്ക്’ ആണ് അത് സംഭവിക്കുന്നത്. എന്നാല്‍ നാളെ ആ ‘അവര്‍’ എന്നത് നമ്മള്‍ എന്നായിക്കൂടായ്കയില്ല. അന്ന് ആ ‘നമുക്ക്’ വേണ്ടി സംസാരിക്കാന്‍ ആരും ഉണ്ടാവുകയില്ല.

എന്റെ പിതാവ് കാശ്മീര്‍ ജനതയ്ക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ നമുക്കറിയാവുന്നതാണ്. 2001ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണ കേസില്‍ അദ്ദേഹം വ്യാജമായി പ്രതിചേര്‍ക്കപ്പെടുകയായിരുന്നു. അന്ന് ഞങ്ങള്‍ വളരെ ചെറുപ്പമായിരുന്നുവെങ്കിലും ഭരണകൂടത്തിന്റെ മറകളില്ലാത്ത അടിച്ചമര്‍ത്തലുകള്‍ക്ക് ഞങ്ങള്‍ നേര്‍ സാക്ഷികളായിരുന്നു. ഭരണകൂടം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും കുറ്റസമ്മതത്തിനായി ഭീകരമായ മര്‍ദനമുറകള്‍ക്ക് വിധേയമാക്കുകയും ചെയ്തു. പൂര്‍ണ്ണമായും ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട നിലയില്‍ ഞങ്ങളുടെ മുന്നില്‍ കൊണ്ടുവന്നു. ഞങ്ങളെ മുന്നില്‍ വെച്ച് പലതരത്തിലുള്ള ഭീഷണികളും പ്രലോഭനങ്ങളും അവര്‍ നടത്തി. എന്നാല്‍ അദ്ദേഹം അചഞ്ചലനായി നിലകൊണ്ടു. തുടര്‍ന്ന് ജയിലില്‍ വച്ച് അദ്ദേഹത്തിന് വിഷം നല്‍കി കൊലപ്പെടുത്താനുള്ള ശ്രമമുണ്ടായി. ദൈവത്തിനു സ്തുതി. അതും അദ്ദേഹം അതിജീവിച്ചു. അതുകൊണ്ടുതന്നെ പിന്നീടും ഭരണകൂടം മെനഞ്ഞ കുതന്ത്രങ്ങളോട് പ്രതിരോധിച്ചു നില്‍ക്കാന്‍ അദ്ദേഹം ശീലിച്ചു. 2004 ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ ശേഷം 2005 ല്‍ അദ്ദേഹത്തിനു നേരെ വധശ്രമമുണ്ടായി. അന്ന് അദ്ദേഹത്തിന് നേര്‍ക്ക് ഉതിര്‍ക്കപ്പെട്ട 9 ബുള്ളറ്റുകളില്‍ ആറെണ്ണവും ശരീരത്തില്‍ തുളഞ്ഞു കയറി. അവയില്‍ രണ്ടെണ്ണം നീക്കം ചെയ്യാനാവാത്ത വിധം മരണംവരെയും അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നു.
പൊതുവില്‍ ആരെയാണ് തങ്ങള്‍ റോള്‍ മോഡല്‍ ആയി സ്വീകരിക്കേണ്ടത് എന്നതില്‍ വ്യക്തികള്‍ക്ക് ആശങ്കകള്‍ ഉണ്ടാകാം. പക്ഷേ എനിക്കോ എന്റെ കുടുംബാംഗങ്ങള്‍ക്കോ അത്തരമൊരു സന്ദേഹമേയില്ല. എന്തെന്നാല്‍ ഞങ്ങള്‍ക്ക് മികച്ച റോള്‍മോഡല്‍ ആയിരുന്നു ഞങ്ങളുടെ പിതാവ് പ്രൊഫ. എസ്.എ.ആര്‍ ഗീലാനി.


ജയില്‍ എന്ന സ്ഥാപനത്തെ കുറിച്ച് നമുക്കറിയാം. ജയില്‍വാസം വ്യക്തികളുടെ ജീവിതത്തില്‍ വലിയ സ്വാധീനങ്ങള്‍ ഉണ്ടാക്കും. ഒരുപക്ഷേ ഒരാള്‍ എന്തിനുവേണ്ടിയാണോ ജയിലില്‍ പോയത്, ആ മാര്‍ഗത്തില്‍ നിന്ന് അയാള്‍ പിന്‍വാങ്ങിയെന്നുവരും. അല്ലെങ്കില്‍ അയാളുടെ ജീവിതത്തിന്റെ അര്‍ത്ഥം തന്നെ ജയില്‍വാസം ഇല്ലാതാക്കി കളഞ്ഞേക്കും. എന്നാല്‍ എന്റെ പിതാവ് ജയിലില്‍ നിന്നും പുറത്തു വന്നത് ഒരു പുതിയ മിഷനുമായിട്ടായിരുന്നു. രാഷ്ട്രീയ തടവുകാര്‍ക്കുവേണ്ടി പോരാടുക എന്നതായിരുന്നു അത്. രാഷ്ട്രീയ തടവുകാര്‍ എന്നതിനെ കുറിച്ച് ഇന്നുള്ളത്ര പോലും ബോധ്യം പൊതുസമൂഹത്തില്‍ ഇല്ലാതിരുന്ന അക്കാലത്ത് അദ്ദേഹം അവരുടെ വിമോചനത്തിനായി സംഘടന രൂപീകരിച്ചു. കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അദ്ദേഹം അതിനെ വലിയൊരു പ്രസ്ഥാനമായി വളര്‍ത്തിയെടുത്തു. ഇത്തരം പോരാട്ടങ്ങളുടെ ഫലമായി രാഷ്ട്രീയ തടവുകാര്‍ക്ക് പൊരുതി നോക്കാവുന്ന തരത്തിലുള്ള ആത്മവിശ്വാസമെങ്കിലും നേടാനായെന്ന് പറയാം. അന്നുമുതല്‍ അദ്ദേഹത്തിനൊപ്പം നിന്നവര്‍ ഇനിയും ആ പോരാട്ടങ്ങള്‍ തുടരുമെന്ന് പ്രതീക്ഷിക്കാം.
അദ്ദേഹം ചെയ്ത ഒരു പ്രധാന കാര്യം, വിയോജിപ്പുകള്‍ മാറ്റിവെച്ച് പൊതുവായ പ്ലാറ്റ്ഫോമിലേക്ക് ആളുകളെ ചേര്‍ത്തുനിര്‍ത്തി എന്നതാണ്. ഉദാഹരണത്തിന് ആദിവാസികള്‍, സിഖുകാര്‍, കശ്മീരികള്‍, നാഗ ജനത ഇവരെയെല്ലാം ഒന്നിച്ച് നിര്‍ത്തി ഒരു മുന്നണി രൂപീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഫാസിസത്തിനെതിരായ പോരാട്ടത്തിന് വ്യത്യസ്ത ജനവിഭാഗങ്ങളുടെ ഐക്യമുന്നണിക്കാണ് അദ്ദേഹം ശ്രമിച്ചത്. അതിനാല്‍ തന്നെ അദ്ദേഹത്തിനുള്ള യഥാര്‍ത്ഥ സ്മാരകം, വിയോജിപ്പുകള്‍ മാറ്റിവെച്ചുകൊണ്ട് ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ യോജിച്ച പോരാട്ടങ്ങള്‍ക്ക് തയ്യാറാവുക എന്നതാണ്. അതാണ് തന്റെ ജീവിതത്തിലൂടെ അദ്ദേഹം നല്‍കാന്‍ ശ്രമിച്ച സന്ദേശവും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757