Opinion

നീതിക്കായുള്ള പോരാട്ടത്തിനുള്ള പ്രേരണയാണ് – ഗീലാനി ആതിഫ് ഗീലാനി

പ്രൊഫ. എസ്.എ.ആര്‍ ഗീലാനിയുടെ മകന്‍ എന്ന നിലയില്‍ ഫാസിസം, ഫ്രറ്റേണിറ്റി (സാഹോദര്യം) എന്നീ പദങ്ങള്‍ എനിക്കും കുടുംബത്തിനും ചെറുപ്പം മുതല്‍ തന്നെ പരിചിതമാണ്. ഫാസിസം എന്ന സംജ്ഞ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നത് നേരിട്ടുള്ള അനുഭവമായാണ്. ഭരണകൂടം അതിന്റെ എല്ലാ ശക്തിയും വിഭവങ്ങളും ഒരു വ്യക്തിയെ ടാര്‍ഗറ്റ് ചെയ്യുന്നതിനും അയാളെ തടവറയിലാക്കുന്നതിനും ഉപയോഗിക്കുന്നതെങ്ങനെയെന്ന് പിതാവിന്റെ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞപ്പോഴായിരുന്നു അത്. ഇങ്ങനെ ടാര്‍ഗറ്റ് ചെയ്യപ്പെടാനുള്ള കാരണം അയാളുടെ സ്വത്വവും മതവും തന്നെയാണെന്നും ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. എന്റെ പിതാവ് പ്രൊഫസര്‍ എസ്.എ.ആര്‍ ഗീലാനി 2001ലെ പാര്‍ലമെന്റ് ആക്രമണ കേസില്‍ ‘പ്രതി’യാക്കപ്പെട്ടത് അദ്ദേഹം ഒരു കശ്മീരിയും മുസ്‌ലിമുമാണ് എന്നതുകൊണ്ട് മാത്രമായിരുന്നു.

പാര്‍ലമെന്റ് കേസിന്റെ നാള്‍വഴികളിലൂടെ സഞ്ചരിച്ചാല്‍ ഭരണകൂടത്തിന് ലെജിസ്ലേച്ചറും എക്സിക്യൂട്ടീവും ജുഡീഷ്യറിയും മീഡിയയും ഉള്‍പ്പെടെ തങ്ങളുടെ എല്ലാ വിഭവങ്ങളും ഒരു വ്യക്തിയെ തങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ (തീവ്രവാദിയോ ദേശവിരുദ്ധനോ മറ്റെന്തെങ്കിലുമോ ആയി) മുദ്രകുത്താന്‍ എങ്ങനെയാണ് ഉപയോഗപ്പെടുത്താനാവുക എന്ന് വ്യക്തമാകും. എന്റെ പിതാവിന്റെ കാര്യത്തില്‍ മീഡിയ വളരെ വിദഗ്ധമായാണ് അത് ഉപയോഗിക്കപ്പെട്ടത്. മീഡിയ ഒരു വിഷയത്തില്‍ എത്രത്തോളം പക്ഷപാതപരവും യുക്തിഹീനവുമായ മുന്‍വിധികളോടെയാണ് ഇത്തരം വിഷയങ്ങളില്‍ ഇടപെടുകയെന്ന് ഇന്ന് നമുക്കറിയാം. തുടര്‍ച്ചയായ ഇരുപത് വര്‍ഷമാണ് മീഡിയകളുടെ ഇത്തരത്തിലുള്ള വേട്ടയാടലുകള്‍ക്ക് പിതാവ് വിധേയനായത്. പാര്‍ലമെന്റ് ആക്രമണത്തിന്റെ പ്രധാന ബുദ്ധികേന്ദ്രം എസ്.എ.ആര്‍ ഗീലാനി ആയിരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അക്കാലത്ത് മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചു. കോടതി വിചാരണ ആരംഭിക്കും മുമ്പുതന്നെ അദ്ദേഹം ഒരു തീവ്രവാദി ആണെന്ന് മാധ്യമങ്ങള്‍ വിധിപ്രസ്താവം നടത്തി. ഇതെല്ലാം ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് നിര്‍വഹിക്കപ്പെട്ടത്. ലെജിസ്ലേറ്റീവിലൂടെയാണ് ടാഡ, പോട്ട, യു.എ.പി.എ പോലുള്ള ഭീകര നിയമങ്ങള്‍ ഭരണകൂടം നിര്‍മിച്ചെടുത്തത്. അതുപയോഗിച്ചാണ് ഗിലാനി ഉള്‍പ്പെടെയുള്ളവര്‍ ജയിലിലടക്കപ്പെട്ടത്. ഭരണകൂടത്തിന്റെ ഇത്തരം ടൂളുകളിലൂടെയാണ് അദ്ദേഹം ഭീകരവാദിയാണെന്ന് വിധിക്കപ്പെട്ടത്. എന്നാല്‍, പിന്നീട് നിരപരാധിയാണെന്ന് കണ്ട് കോടതി അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു എന്ന് നമുക്കറിയാം. എന്നാല്‍, കേസ് നടക്കുന്ന കാലയളവില്‍ അദ്ദേഹത്തിനു മേല്‍ ഭരണകൂടവും മീഡിയയും എല്ലാം ചേര്‍ന്ന് ചാര്‍ത്തിക്കൊടുത്ത തീവ്രവാദി മുദ്രകള്‍ നിരപരാധിയായി പ്രഖ്യാപിച്ച് കോടതി വിട്ടയച്ച ശേഷവും അദ്ദേഹത്തിന്റെ മേല്‍ അവശേഷിച്ചു എന്നതാണ് വസ്തുത. ജീവിതത്തിലുടനീളം എന്നല്ല; മരണാനന്തരവും അതങ്ങിനെ തന്നെയാണ് എന്നതാണ് ഭീകരമായ യാഥാര്‍ഥ്യം. ഇവയെല്ലാംതന്നെ ഭരണകൂടവും ജനാധിപത്യത്തിന്റെ നെടുംതൂണുകളെന്ന് വിളിക്കുന്ന ഭരണകൂട മെഷിനറികളുമാണ് അദ്ദേഹത്തോട് ചെയ്തത്. പ്രൊഫ. ഗീലാനിയുടെ അനുഭവത്തില്‍ നിന്ന് ഭരണകൂടം അതിന്റെ എല്ലാ ടൂളുകളും ഉപയോഗിച്ച് ഒരു വ്യക്തിയെ ടാര്‍ഗറ്റ് ചെയ്യുകയും അയാളെ ഭീകരവാദിയോ ദേശവിരുദ്ധനോ ആക്കി മാറ്റുകയും ചെയ്യുന്ന പ്രക്രിയയുടെ ഒരു സംഗ്രഹിത രൂപം ലഭിക്കും.

മീഡിയ പറയുന്നതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുകയാണ് നാം ചെയ്യുക. അതില്‍ നിന്നും യാഥാര്‍ഥ്യത്തെ അരിച്ചെടുക്കുകയെന്നത് തീര്‍ച്ചയായും പ്രയത്നവും അധ്വാനവും ആവശ്യപ്പെടുന്ന കാര്യമാണ്. പക്ഷേ, ആ എഫര്‍ട്ട് പൊതുവേ നമ്മള്‍ എടുക്കാറില്ല. നിര്‍ഭാഗ്യവശാല്‍ എന്റെ പിതാവിനും ഈ രാജ്യത്തെ മറ്റു പലര്‍ക്കും സംഭവിക്കുന്നതും അതാണ്. യഥാര്‍ഥത്തില്‍ ഞങ്ങളുടെ പിതാവ് ഇതേ കുറിച്ച് യാതൊന്നും ഞങ്ങളോട് പറഞ്ഞിട്ടില്ല. അദ്ദേഹം തരണം ചെയ്ത പ്രതിസന്ധികളെക്കുറിച്ച് ഞങ്ങള്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്തത് ഞങ്ങളുടെ വീട്ടില്‍ വരികയും പിതാവുമായി ഇടപെടുകയും ചെയ്തിരുന്ന വ്യത്യസ്ത ആളുകളില്‍ നിന്നാണ്. അതേസമയം അദ്ദേഹത്തിന്റെ നീതിക്കും മോചനത്തിനുമായി സംസാരിക്കുകയും അദ്ദേഹത്തിനും ഞങ്ങളുടെ കുടുംബത്തിനുമൊപ്പം ഈ പോരാട്ടത്തില്‍ ശക്തമായി നിലയുറപ്പിക്കുകയും ചെയ്തവരെ ഞങ്ങളോര്‍ക്കുന്നു. പിതാവ് ഞങ്ങളോട് എപ്പോഴും പറയാറുണ്ടായിരുന്ന കാര്യമാണ്, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയും അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവര്‍ക്ക് വേണ്ടിയും എപ്പോഴും നിലകൊള്ളണമെന്നത്. അദ്ദേഹം ഞങ്ങളെ പഠിപ്പിച്ച ആത്മീയ പാഠങ്ങളും ഇതുതന്നെയായിരുന്നു. നിങ്ങള്‍ക്ക് എപ്പോഴാണ് ഒരാള്‍ അടിച്ചമര്‍ത്തപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്ന് തോന്നുന്നത്, ഉടനെ അവനൊപ്പം ധീരമായി നിലയുറപ്പിക്കാനും അവനുവേണ്ടി ശബ്ദിക്കാനും നിങ്ങള്‍ അല്പംപോലും അമാന്തിക്കരുത് എന്നായിരുന്നു.

യു.എ.പി.എ ഒരു പുതിയ നിയമമല്ല. ടാഡയുടെയും പോട്ടയുടെയുമൊക്കെ പിന്‍ഗാമിയാണ്. ഇപ്പോള്‍ യു.എ.പി.എ ഭേദഗതി ചെയ്ത് നിലവിലുള്ളതിനേക്കാള്‍ ഇരട്ടി ഭീകരവും അനീതി നിറഞ്ഞതുമാക്കിയിരിക്കുന്നു. ഈ ഭീകര നിയമം 15 വര്‍ഷമായി അതിന്റെ എല്ലാ ഭീകരതയോടും കൂടി ഇവിടെ നിലനില്‍ക്കുകയും അതിന്റെ ഇരകളെ വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ഈ നീതിനിഷേധങ്ങള്‍ക്കെതിരെ രാജ്യത്തെ പൊതുസാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം കുറ്റകരമായ നിശബ്ദതയാണ് പുലര്‍ത്തുന്നത്. രാജ്യത്ത് നിരന്തരം അനീതി നടമാടുമ്പോള്‍ നാം അതിനെതിരെ ഒന്നിച്ചു പോരാടേണ്ടതുണ്ട്. കശ്മീര്‍ പ്രതിസന്ധി എന്നത് ഒരു പുതിയ കാര്യമല്ല; 1947 മുതല്‍ അത് നടന്നു പോരുന്നുണ്ട്. 2019ല്‍ ഭരണഘടന അനുഛേദം 370 നീക്കം ചെയ്തതോടെ മാത്രം രൂപംകൊണ്ട ഒരു പ്രശ്നമായി ഇതിനെ കാണരുത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ യോജിച്ച പോരാട്ടത്തിലൂടെ കശ്മീരിനും കശ്മീരികള്‍ക്കും വേണ്ടി ശബ്ദിക്കണം. അവരുടെ നീതിക്കായി സംസാരിക്കണം. അത്തരം പ്രക്ഷോഭങ്ങള്‍ക്ക് ഒരുപക്ഷേ കശ്മീര്‍ ജനതക്കു മേല്‍ തുടര്‍ന്നു വരാനിരിക്കുന്ന അനീതിയില്‍ നിന്നും അക്രമങ്ങളില്‍ നിന്നും ഒരടിയെങ്കിലും പിന്നോട്ടു പോകാന്‍ ഭരണകൂടത്തെ നിര്‍ബന്ധിതമാക്കിയേക്കും.

എന്റെ പിതാവിന്റെ കാര്യത്തില്‍ പോലും ആ കൂട്ടായ ശബ്ദമാണ് പീഡനങ്ങള്‍ക്കൊടുവില്‍ നീതി നേടിക്കൊടുത്തത്. യാതൊരു വിവേചനവും കൂടാതെ എല്ലാ വിഭാഗം രാഷ്ട്രീയ തടവുകാര്‍ക്കും വേണ്ടിയാണ് പ്രൊഫ. ഗീലാനി പോരാടിയത്. അദ്ദേഹം കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്തു; നീതി നിഷേധിക്കപ്പെട്ട ജനങ്ങള്‍ക്കുവേണ്ടി. ആ പോരാട്ടങ്ങള്‍ക്കിടയില്‍ നിന്നാണ് അദ്ദേഹം നമ്മോട് വിടപറഞ്ഞു പോയത് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ആ പോരാട്ടങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകും തീര്‍ച്ച. സത്യത്തിനും നീതിക്കും വേണ്ടിയുള്ള അത്തരം പോരാട്ടപാതയിലുള്ള വിദ്യാര്‍ഥി യുവജനപ്രസ്ഥാനമായ ഫ്രറ്റേണിറ്റി മൂവ്മെന്റ് തീര്‍ച്ചയായും കരുത്തോടെ മുന്നോട്ട് പോവുകയും വിജയം വരിക്കുകയും ചെയ്യും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു, ഉറച്ചുവിശ്വസിക്കുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757