editorial

വിചിത്ര വിധി പ്രഖ്യാപനങ്ങളിലല്ല, തെരുവുകളിലെ ജനങ്ങളിലാണ് രാജ്യത്തിന്റെ പ്രതീക്ഷ – എഡിറ്റര്‍

ജ്യത്തെമ്പാടും പൗരത്വ പ്രക്ഷോഭം അലയടിക്കുകയാണ്. സംഘ്പരിവാര്‍ കോര്‍ അജണ്ടകളുടെ അന്തിമ ഘട്ടം ആയെന്നു കരുതിയ നരേന്ദ്ര മോദി-അമിത്ഷാ-യോഗി മാരുടെ ഉറക്കം കെടുത്തുന്ന ആസാദി മുദ്രാവാക്യങ്ങളാണ് തെരുവുകളിലെമ്പാടും മുഴങ്ങുന്നത്. മുത്തലാഖ് ബില്ലു മുതല്‍ 370-ാം വകുപ്പ് എടുത്തു കളഞ്ഞതുവരെയുള്ള ഭരണഘടനാ വിരുദ്ധ നീക്കങ്ങളുടെ കാര്യത്തില്‍ സംഭവിച്ച കൊടും നിശബ്ദതയല്ല പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യത്തുണ്ടായത്. വിദ്യാര്‍ഥികല്‍ തുടങ്ങിയ പ്രക്ഷോഭത്തെ തെരുവുകള്‍ ആസാദി വിളികളോടെ ഏറ്റെടുത്തപ്പോല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പൊറാട്ട് നാടക സമരങ്ങളെപ്പോലെ നീര്‍കുമിളയായല്ല, രാജ്യത്തെ വീണ്ടെടുക്കാനുള്ള സൂചകമായി പ്രക്ഷോഭങ്ങള്‍ മാറുകയാണ്.

പ്രക്ഷോഭങ്ങളുടെ ഇടയില്‍തന്നെയാണ് നിയമ പോരാട്ടങ്ങളും. മുസ്‌ലിം ലീഗ് സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ആദ്യമായി കോടതിയിലെത്തിയ ഹര്‍ജി. പിന്നീട് ഡി.എം.കെയും കേരള പ്രതിപക്ഷ നേതാവും മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡും വെല്‍ഫെയര്‍ പാര്‍ട്ടി അടക്കം നിരവധി രാഷ്ട്രീയ സാമൂഹ്യ സംഘടനകളും വ്യക്തികളുമെല്ലാം കക്ഷി ചേര്‍ന്നു. 144 കക്ഷികളാണ് സുപ്രീം കോടതിയിലെ കേസിലുള്ളത്. രാജ്യത്തെ നിരവധി ഹൈക്കോടതികളിലും കേസ് ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടയിലാണ് ആര്‍ട്ടിക്കിള്‍ 131 പ്രകാരം കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മറ്റുകേസുകളില്‍ നിന്ന് ഭിന്നമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലെ പ്രശ്‌നമോ അല്ലെങ്കില്‍ വ്യത്യസ്ത സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള പ്രശ്‌നമോ ഉടലെടുക്കുമ്പോള്‍ കോടതിയെ നേരിട്ട് സമീപിക്കാമെന്ന ഭരണഘടനാ വ്യവസ്ഥയാണ് ആര്‍ട്ടിക്കിള്‍ 131. പൗരത്വ പ്രശ്‌നത്തെ മറ്റൊരാംഗിളില്‍ സമീപിച്ചിരിക്കുന്നതാണ് കേരള സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സ്യൂട്ട്. ഏതായാലും ആ സ്യൂട്ടിന്‍മേലുള്ള ഹിയറിംഗ് നടപടികള്‍ ആരംഭിച്ചിട്ടില്ല.

രാജ്യത്ത് ഏവരും ഉറ്റു നോക്കിയ ദിവസമാണ് ജനുവരി 22. മുസ്‌ലിം ലീഗ് നല്‍കിയ 144 കക്ഷികളുള്ള കേസ് സുപ്രീം കോടതി പരിഗണനക്കെടുത്ത ദിവസമായിരുന്നു അന്ന്. കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം അന്നുണ്ടാകുമെന്നും നിയമം വിജ്ഞാപനമായ സ്ഥിതിക്ക് അതില്‍ സ്റ്റേയോ നടപ്പാക്കുന്നത് നീട്ടിവെക്കുകയോ ചെയ്യുമെന്നും പലരും പ്രതീക്ഷിച്ചു. എങ്കിലും അതൊന്നും ഉണ്ടായില്ല. ആകെ വന്നത് കേന്ദ്ര സര്‍ക്കാരിന് നാലാഴ്ച സമയം അനുവദിക്കുകയും അസമിലെ കേസുകളെ പ്രത്യേകം കേള്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്യുക എന്നിവയാണ്. അഞ്ചാമത്തെ ആഴ്ച വീണ്ടും കേസ് പരിഗണനക്കെടുക്കാമെന്നാണ് കോടതി പറഞ്ഞത്. അഞ്ചംഗ ഭരണഘടനാ ബഞ്ചിനു വിടേണ്ടി വരുമെന്നും കോടതി പറഞ്ഞു.

സമീപകാലത്തെ വിവാദ കോടതി വ്യവഹാരങ്ങളെ പരിശോധിച്ചാല്‍ ലഭ്യമായ വിചിത്ര വിധികളുടെ വെളിച്ചത്തില്‍ കോടതിയില്‍ നിന്ന് എത്രമാത്രം നീതി കിട്ടുമെന്നത് വലിയ ചോദ്യമാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ പൗരത്വ പ്രക്ഷോഭ സമരത്തെ പരാമര്‍ശിച്ച് അക്രമം അവസാനിപ്പിച്ചാല്‍ മാത്രമാണ് കേസ് പരിഗണിക്കുക എന്ന് പരോക്ഷ ഭീഷണി മുഴക്കിയിട്ടുണ്ട്. നോട്ട് നിരോധം സംബന്ധിച്ച് ഭരണഘടനാ ബഞ്ചിന് വിട്ട കേസ് പശു ചത്ത് മോരിലെ പുളിയും പോയിട്ടും ഇതുവരെയും വിധി വന്നിട്ടില്ല. ബാബരി മസ്ജിദ് പ്രശ്‌നമടക്കം സമീപകാല കോടതി വിധികള്‍ ഒന്നും നീതി പ്രതീക്ഷിക്കുന്നവര്‍ക്ക് ആശാവഹമായ കാര്യങ്ങളല്ല.

പ്രതീക്ഷ, രാജ്യത്തെ യുവ സമൂഹത്തിലാണ്. തെരുവുകളിലും കാമ്പസുകളിലും അവര്‍ മുഴക്കുന്ന ആസാദി മുദ്രാവാക്യങ്ങളിലാണ്. പ്രതീക്ഷ, രാജ്യത്തെ സ്ത്രീ സമുഹത്തിലാണ്. ഷഹിന്‍ ബാഗിലും മുംബൈ വെ.എംസി.എ ഗ്രൌണ്ടിലുമടക്കം സ്ത്രീകള്‍ തീര്‍ത്ത ആസാദി ചത്വരങ്ങളിലാണ്. രാജ്യത്തെ പൗര സമൂഹത്തിലാണ് പ്രതീക്ഷ. തെരുവുകളില്‍ സമര രാപ്പകലുകള്‍ തീര്‍ത്ത് ഭരണകൂടത്തിന്റെ വിഭജന നീക്കങ്ങളെ ഒന്നായി ചെറുക്കുന്ന പൗര സമൂഹം ഈ രാജ്യത്തെ സംരക്ഷിക്കുക തന്നെ ചെയ്യും. നിയമ വ്യവഹാരത്തിന്റെ നൂലാമാലകള്‍ കടന്നല്ല നീതി വരിക. ജനങ്ങളുടെ സമര ബോധത്തിലാണ്. അതുകൊണ്ട് തന്നെയാകണം ‘വീ ദ പീപ്പില്‍ ഓഫ് ഇന്ത്യ’ എന്ന പ്രഖ്യാപനത്തോടെ നമ്മുടെ ഭരണഘടന തുടങ്ങിയത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757