Opinion

ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ക്കുന്ന എന്‍.ഐ.എയെ കേരളവും ചോദ്യം ചെയ്യണം – ഫായിസ് എ.എച്ച്

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങളുടെ തീച്ചൂളയിലാണ് രാജ്യത്തെ മതേതര സമൂഹം. ജനങ്ങളെ വംശീയമായി വിഭജിക്കാനുള്ള സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്ക് പരമോന്നത നീതിപീഠവും കൂട്ടുനില്‍ക്കുന്നു എന്നാണ് സമീപകാലത്ത് കോടതിയുടെ സമീപനങ്ങളില്‍നിന്ന് മനസ്സിലാക്കുന്നത്. എന്നിരുന്നാലും ഭരണഘടനാ വിരുദ്ധമായ ഇത്തരം നീക്കങ്ങളെ ചോദ്യംചെയ്തുകൊണ്ട് പൗരസമൂഹവും രാഷ് ട്രീയ പാര്‍ട്ടികളും സംഘടനകളും സംസ്ഥാന സര്‍ക്കാരുകളും തന്നെ രംഗത്തുവരുന്നുണ്ട്. ഇക്കൂട്ടത്തിലെ ഏറ്റവും പുതിയതും ശക്തവുമായ സമീപനം സ്വീകരിച്ചത് കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള ഛത്തീസ്ഗഢ് സര്‍ക്കാരാണ്. എന്‍.ഐ.എ ഭരണഘടനാ വിരുദ്ധമാണെന്നും അതുകൊണ്ട് നിയമം പിന്‍വലിക്കണമെന്നും അപേക്ഷിച്ച് ഛത്തീസ്ഗഢ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നു. സമീപകാലത്തായി രണ്ടാം തവണയാണ് സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയമ നിര്‍മാണത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത്. മറ്റൊന്ന് കേരള സര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ കൊടുത്ത ഹര്‍ജിയാണ്. ഇന്ത്യയുടെ ഫെഡറല്‍ ബന്ധങ്ങളെ സംബന്ധിച്ചുള്ള ഏറെ പ്രാധാന്യമര്‍ഹിക്കുന്നതും കൗതുകമുളവാക്കുന്നതുമായ ചര്‍ച്ചകള്‍ വരും ദിനങ്ങളില്‍ ഉരുത്തിരിയും എന്ന് തീര്‍ച്ച.

ഇന്ത്യ രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, അഖണ്ഡത, വിദേശ ബന്ധങ്ങളെ ബാധിക്കുന്ന കേസുകള്‍ തുടങ്ങിയവ അന്വേഷിക്കാനായി 2008-ല്‍ പാര്‌ലമെന്റ് സ്ഥാപിച്ചതാണ് ചമശേീിമഹ കി്‌ലേെശഴമശേീി അഴലിര്യ (എന്‍. ഐ. എ ). തീവ്രവാദം, ഭീകരത, സായുധ പോരാട്ടങ്ങള്‍, ഇടതുപക്ഷ തീവ്രവാദം എന്നിവ ചെറുക്കാനും അവയെ സംബന്ധിച്ച് അന്വേഷണങ്ങളും പരിശോധനകളും നടത്താനും അതിന് വേണ്ടി പ്രത്യേക കോടതികളും സ്ഥാപിക്കുക എന്നതാണ് എന്‍.ഐ.എ ആക്ടിന്റെ ലക്ഷ്യം. യു. എ. പി. എ, അറ്റോമിക് എനര്‍ജി ആക്ട് തുടങ്ങിയ നിയമങ്ങള്‍ ചാര്‍ത്തപ്പെട്ട കേസുകളില്‍ എന്‍.ഐ.എ ഏജന്‍സിക്ക് അന്വേഷണം ഏറ്റെടുക്കാം. 2019 ലെ നിയമഭേദഗതിയിലൂടെ മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിത ആയുധങ്ങളുടെ ഉല്പാദനവും വില്പനയും, സൈബര്‍ തീവ്രവാദം തുടങ്ങിയ എന്നിവയിലും എന്‍.ഐ.എ ക്ക് കേസ് ഏറ്റെടുക്കാം. അതേസമയം എന്‍.ഐ.എ സ്ഥാപിച്ച ലക്ഷ്യങ്ങളെ തന്നെ ഇത് തള്ളിക്കളയുന്നു എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.

എന്‍.ഐ.എ നിലവില്‍ സംസ്ഥാന പൊലീസ് സംവിധാനത്തിന് സമാന്തര സംവിധാനമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ വിഷയങ്ങള്‍ മുമ്പോട്ട് വെച്ചാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്‍.ഐ.എ പാര്‍ലമെന്റിന്റെ നിയമനിര്‍മാണ അധികാരത്തിനു പുറത്താണ്. മാത്രമല്ല, ഇന്ത്യയുടെ ഫെഡറല്‍ രാഷ്ട്രസംവിധാനത്തിനെ ബാധിക്കുന്ന നിയമനിര്‍മാണവുമാണ്. പോലീസ് എന്ന സംവിധാനം ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ സ്റ്റേറ്റ് ലിസ്റ്റില്‍ വരുന്ന ഒരു വിഷയമാണ്. സിബിഐ എന്ന പ്രത്യേക സ്ഥാപനത്തെ മാറ്റിനിര്‍ത്തിയാല്‍ ക്രിമിനല്‍ ശി്‌ലേെശഴമശേീി /അന്വേഷണവുമായി ബന്ധപ്പെട്ട ഒരു എന്‍ട്രിയും യൂണിയന്‍ ലിസ്റ്റില്‍ കാണാന്‍ സാധിക്കില്ല. അതുപോലെ ഹമം മിറ ീൃറലൃ / ക്രമ സമാധാന പാലനം സംസ്ഥാനത്തിന്റെ അധികാരവുമാണ്. പൊലീസോ സമാന അധികാരങ്ങളുള്ള ഒരു ബോഡിയേയും ഭരണഘടനയില്‍ കാണാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ സംസ്ഥാനങ്ങളുടെ പോലീസ് അധികാരത്തെ കവച്ചുവെക്കുന്ന ഒരു സംവിധാനം ഒരിക്കലും ഭരണഘടനനിര്മാതാക്കളുടെ ലക്ഷ്യമല്ല എന്ന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ വാദിക്കുന്നു. എന്‍.ഐ.എ നിയമം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തെ കുറിച്ചൊന്നുമല്ല സംസാരിക്കുന്നത്. കൃത്യമായി സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കയ്യേറ്റം മാത്രമാണ്. എന്‍.ഐ.എ ഏറ്റെടുത്ത കേസില്‍ പിന്നീട് സംസഥാന സര്‍ക്കാരിന് ഒരു നടപടിയും എടുക്കാന്‍ സാധിക്കില്ല. ഏതൊക്കെ കേസുകള്‍ എന്‍.ഐ.എ ഏറ്റെടുക്കണം എന്ന് തീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാരിനുള്ള ഏകപക്ഷീയ അധികാരത്തെയുമാണഅ ഭൂപേഷ് ഭാഗേല്‍ സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നത്. ഇങ്ങനെ സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തെ ഹനിക്കുന്ന ഒരു ഒരു ഭരണഘടനാ വിരുദ്ധ നിയമവും ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെയും മാനിക്കാത്ത നിയമമായിട്ടാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഈ നിയമത്തെ കാണുന്നത്.

ഇന്ത്യയിലെ ഫെഡറല്‍ സംവിധാനം വളരെ സങ്കീര്‍ണമായ ഒരു പ്രതിഭാസമാണ്. ഇന്ത്യന്‍ ഭരണഘടന സാധാരണ സമയങ്ങളില്‍ ഒരു ഫെഡറല്‍ സംവിധാനമായും അടിയന്തരാവസ്ഥയില്‍ ഒരു ഒരു ഏകീകൃത സംവിധാനമായും പ്രവര്‍ത്തിക്കും എന്ന് അംബേദ്കര്‍ നിരീക്ഷിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഏതെങ്കിലും അധികാരപ്രയോഗം സംസ്ഥാനങ്ങളുടെ അധികാരത്തെ ഇല്ലാതാക്കുമെങ്കില്‍ അത് അസാധുവാണെന്ന് വെസ്റ്റ് ബംഗാള്‍ കേസില്‍ ജസ്റ്റിസ് സിന്‍ഹ നിരീക്ഷിക്കുന്നുണ്ട്. അതുപോലെ ഇന്ത്യ തന്നെ വ്യത്യസ്ത യൂണിറ്റുകളുടെ യൂണിയന്‍ ആണെന്നും യൂണിയന് എന്ന പോലെ യൂണിറ്റുകള്‍ക്കും ചില അധികാരങ്ങളുണ്ടെന്നും ജസ്റ്റിസ് എസ്.കെ ദാസ് ഒരു വിധിയില്‍ അഭിപ്രായപ്പെടുന്നുണ്ട്. അവകാശ വികേന്ദ്രീകരണത്തെ കുറിച്ചും കേന്ദ്രീകരണത്തെ കുറിച്ചും ഭരണഘടന തന്നെ കൃത്യമായി അതിര്‍വരമ്പുകള്‍ നിര്‍ണയിക്കുമ്പോള്‍ അത് ഭാഗിക്കാനുള്ള ഉത്തരവാദിത്തം പോലും കേന്ദ്ര സര്‍ക്കാരിനല്ല, മറിച്ച് ഭരണഘടനക്ക് തന്നെയാണ്.

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഫെഡറലിസം അവര്‍ ഭയക്കുന്ന ഒരു സംവിധാനമാണ്. കേന്ദ്രീകൃത അധികാരത്തെ കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. ഒരു പകലിന്റെ പോലും ദൈര്‍ഘ്യമില്ലാതെ ഒരു സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയവരാണ് ബി.ജെ.പി സര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ ഒരു നിലക്കും കണക്കിലെടുക്കാതെ പൗരത്വ ഭേദഗതിയുമായി മുമ്പോട്ട് പോകുന്ന ഒരു കൂട്ടരാണവര്‍. അതുകൊണ്ട് തന്നെ അവര്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ഫെഡറല്‍ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കണം. അത്തരത്തില്‍ ഒരു മുന്നേറ്റമാണ് നിലവില്‍ ഛത്തിസ്ഗഢ് സര്‍ക്കാര്‍ നടത്തിയത്.

പൗരത്വ ഭേദഗതിക്കെതിരെ നിലപാട് സ്വീകരിച്ച കേരള സര്‍ക്കാര്‍ ഇതിലും കക്ഷിയാകേണ്ടതുണ്ട്. സംഘ്പരിവാറിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സംസ്ഥാനം എന്നവകാശപ്പെടുന്ന പിണറായി സര്‍ക്കാരിന് ചെയ്യാവുന്ന ഒരു മികച്ച രാഷ്ട്രീയ മുന്നേറ്റമായിരിക്കുമത്. അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പുരോഗമന കാഴ്ചപ്പാടുകള്‍ വെച്ച് പുലര്‍ത്തുന്നവര്‍ എന്ന് മേനി നടിക്കുന്നവര്‍ക്ക് ആ ആശയത്തോട് എന്തെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ഈ കേസില്‍ കക്ഷിയാകണം.

തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ പ്രളയം അനുഭവിച്ച ഒരു സംസ്ഥാനത്തോട് കേന്ദ്രം ചെയ്തത് എന്താണ് എന്ന് നമ്മള്‍ കണ്ടതാണ്. ഉപയോഗിച്ച ഭക്ഷണത്തിനു മാത്രമല്ല രക്ഷാസംവിധാനങ്ങള്‍ക്ക് വരെ അവര്‍ വിലയിട്ട് സംസ്ഥാനത്തെ വീര്‍പ്പ്മുട്ടിച്ചു. നികുതിയിനത്തില്‍ ആനുപാതികമായി ലഭിക്കേണ്ട കേന്ദ്ര ഫണ്ടുകള്‍ ലഭിക്കുന്നില്ല. ഫെഡറല്‍ സംവിധാനത്തെ ശത്രുവിനോടെന്ന പോലെ ഉപയോഗപ്പെടുത്തുകയാണ് കേന്ദ്രം. ഈ സാഹചര്യത്തില്‍ ഫെഡറല്‍ കീഴ്‌വഴക്കങ്ങളെ ഇല്ലാതാക്കുന്ന കേന്ദ്രത്തിന്റെ ഒരു നിയമത്തിനെതിരെയുള്ള പോരാട്ടത്തില്‍ കേരളവും ഭാഗമാകേണ്ടത് സംഘ് വിരുദ്ധ പോരാട്ടത്തിന്റെ വീര്യം കൂട്ടും.

പക്ഷേ, നിലവില്‍ കേന്ദ്ര ഭീകരനിയമങ്ങളെ കുറിച്ച് ഒട്ടും ആശാസ്യമല്ലാത്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. എന്‍.ഐ.എയെ കുറിച്ചും സമാന നിലാപാടാണോ എന്നും നമ്മള്‍ പരിശോധിക്കണം. എന്‍.ഐ.എ ഭേദഗതിയെ എതിര്‍ത്ത ചുരുക്കം ചില രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. പക്ഷേ, അലന്‍-താഹാ കേസ് എന്‍.ഐ.എ ഏറ്റെടുത്തതില്‍ (എന്‍.ഐ.എക്ക് കൈമാറുകയായിരുന്നു എന്ന് അലന്റെ മാതാവ് ആരോപിക്കുന്നുണ്ട്) യാതൊരു വിധ പ്രശ്‌നവും സര്‍ക്കാരിനോ പാര്‍ട്ടി നേതൃത്വത്തിനോ ഉള്ളതായി നമുക്ക് മനസ്സിലാക്കാന്‍ കഴിയില്ല. ഇതിന് മുന്‍പുണ്ടായ വ്യാജ തീവ്രവാദ കേസായ പാനായിക്കുളം ഉള്‍പ്പെടെയുള്ള കേസുകളിലും എന്‍.ഐ.എ ഒരു പ്രശ്‌നമായി ഇവര്‍ക്കൊന്നും തോന്നിയിട്ടില്ല. ശബരിമല കാലത്ത് ഹിന്ദു സംഘടനകളെ മാത്രം വെച്ച് നവോത്ഥാനത്തെ കുറിച്ച് സംസാരിക്കുകയും സി.എ.എ പോരാട്ടത്തില്‍ മുസ്‌ലിം സംഘടനകളെ മാത്രം ഇരുത്തി ഭരണഘടനാ സംരക്ഷണം സംസാരിച്ചുമല്ല ഭരണഘടനയോട് നീതി പുലര്‍ത്തേണ്ടത്. സംവരണത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ഭരണഘടനാ തത്വങ്ങളെ തള്ളിക്കളയുന്ന പോലെ എന്‍.ഐ.എ വിഷയത്തിലും ഭരണഘടനയെ മുമ്പോട്ട് വെക്കാന്‍ സാധിച്ചില്ലെങ്കില്‍ ഭരണഘടനാ ലംഘനങ്ങള്‍ക്ക് കൂട്ട് നിന്ന ഒരു സംഘമായി സി.പി.എമ്മിനെ ചരിത്രം രേഖപ്പെടുത്തും.

(കുസാറ്റിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ എല്‍.എല്‍.ബി മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ലേഖകന്‍)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757