Opinion

ഭൂപരിഷ്‌കരണവും കാര്‍ഷികമേഖലയും (പഠനം – ഭാഗം 07) – എസ്.എ അജിംസ്

ഭൂപരിഷ്‌കരണം വഴി കൃഷിഭൂമി തുണ്ടുവല്‍ക്കരിക്കുന്നത് കാര്‍ഷികമേഖലയുടെ തകര്‍ച്ചക്ക് കാരണമായി എന്ന വാദം നിലനില്‍ക്കുന്നുണ്ട്. പക്ഷേ, യഥാര്‍ഥത്തില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം, തുണ്ടുവല്‍ക്കരണം കാര്‍ഷികോല്‍പാദനത്തില്‍ വര്‍ധനവാണുണ്ടാക്കിയതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല, കേരളത്തിലെ ഭൂപരിഷ്‌കരണം കുടിയായ്മ പരിഷ്‌കരണം മാത്രമായിരുന്നതിനാല്‍ യഥാര്‍ഥത്തില്‍ തുണ്ടുവല്‍ക്കരണം കുടിയായ്മ കാലത്തുതന്നെ സംഭവിച്ചു കഴിഞ്ഞതാണ്. ഇനി, തുണ്ടുവല്‍ക്കരണം നടക്കുമായിരുന്ന തോട്ടം മേഖലയെ ഭൂപരിധിനിയമത്തില്‍ നിന്ന് ഒഴിവാക്കിയതോടെ, യഥാര്‍ഥത്തില്‍ ഈ വാദം അപ്രസക്തമാവുന്നു. കൃഷിഭൂമിയുടെ അളവും കാര്‍ഷികോല്‍പാദനവും തമ്മിലുള്ള അനുപാതം വിപരീത ദിശയിലാകാനുള്ള കാരണം കുറഞ്ഞഭൂമിയില്‍ കൂടുതല്‍ വിളവുണ്ടാക്കാന്‍ ചെറുകിട-ഇടത്തര-നാമമാത്ര കര്‍ഷകര്‍ ശ്രമിക്കുന്നതുകൊണ്ടാണെന്നും വ്യക്തമാണ്. 1966-67ലെ കാര്‍ഷിക സെന്‍സസ് പ്രകാരം കേരളത്തിലെ കൃഷിഭൂമിയുടെ ശരാശരി വിസ്തീര്‍ണം 0.72 ഹെക്ടറായിരുന്നു. മൊത്തം കൃഷിയിടങ്ങളില്‍ 55 ശതമാനവും 0.4 ഹെക്ടറില്‍ താഴെയായിരുന്നു. കൃഷിഭൂമിയുടെ എണ്ണം 19.6 ലക്ഷവും. 1971-ല്‍ ഇത് 20.22 ലക്ഷമായി. 1990ല്‍ ഇത് 54.18 ലക്ഷമായി വര്‍ധിച്ചു. അതായത് കൃഷിഭൂമിയുടെ 84 ശതമാനവും അര ഹെക്ടറില്‍ താഴെ മാത്രമായിരുന്നു. പക്ഷേ, സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കുപ്രകാരം ഈ കാലയളവില്‍ 1975-76 കാലയളവുവരെ ഉല്‍പാദനനിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് ചെയതത്. എണ്‍പതുകളുടെ തുടക്കത്തിലാണ് കാര്‍ഷികോല്‍പാദന നിരക്ക് ക്രമേണ കുറയാന്‍ തുടങ്ങുന്നത്. അപ്പോള്‍, ഭൂപരിഷ്‌കരണം വഴി തുണ്ടുവല്‍ക്കരണം നടന്നിട്ടില്ലെന്നതും അത് കാര്‍ഷികോല്‍പാദനത്തെ ബാധിച്ചില്ലെന്നതും വസ്തുതയാണെന്നിരിക്കെ, യഥാര്‍ഥത്തില്‍ എങ്ങനെയാണ് എണ്‍പതുകളുടെ തുടക്കത്തില്‍ കേരളത്തിലെ കാര്‍ഷികമേഖല തകര്‍ച്ചയെ നേരിട്ടത് എന്ന അന്വേഷണം ഏറെ പ്രസക്തമാണ്. ആഗോള കാര്‍ഷികവിപണിയിലെ ഏറ്റക്കുറച്ചിലുകളും ദേശീയ ഭരണകൂടത്തിന്റെ നയപരമായ നടപടികളും കേരളത്തിന്റെ കാര്‍ഷിക മേഖലയെ ബാധിച്ചു എന്നത് വസ്തുത തന്നെയാണ്. എന്നാല്‍, എണ്‍പതുകളില്‍ ഈ മാറ്റം ആരംഭിക്കാന്‍ കാരണമാകുന്ന രീതിയില്‍ ഭൂബന്ധങ്ങളിലും കാര്‍ഷിക ബന്ധങ്ങളിലും വന്ന മാറ്റങ്ങള്‍ തന്നെയാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത്.
1970 മുതല്‍ മൊത്തം കൃഷി ഭൂമിയുടെ 37 ശതമാനം 1.3 ദശലക്ഷം കര്‍ഷകര്‍ക്ക് വിതരണം ചെയതതായി 1993ല്‍ നടന്ന ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇവരില്‍ 89 ശതമാനം പേര്‍ രണ്ടര ഏക്കര്‍ ഭൂമിയില്‍ താഴെയുള്ളവരും 67 ശതമാനം പേര്‍ 1.25 ഏക്കറില്‍ താഴെയുള്ളവരുമായിരുന്നു. ഇതിനര്‍ഥം ഭൂപരിഷ്‌കരണത്തിന് ശേഷവും വന്‍കിട കൃഷിഭൂമി ഒരു ന്യൂനപക്ഷത്തില്‍ അഥവാ, സവര്‍ണരില്‍ തന്നെ കേന്ദ്രീകരിച്ചുവെന്നാണ്. ഭൂപരിഷ്‌കരണം വഴി കൈമാറിയ ഭൂമിയുടെ 64 ശതമാനം ലഭിച്ചത് അഞ്ചേക്കറില്‍ കുടുതല്‍ കൈവശമുള്ള കാണക്കാര്‍ അഥവാ കുടിയാന്‍മാര്‍ക്കായിരുന്നു. 1968ലെ ഭൂപരിഷ്‌കരണ സര്‍വേ വ്യക്തമാക്കിയത് രണ്ടര ഏക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ കൃഷി ഭൂമി ലഭിച്ചവരില്‍ 76 ശതമാനം പേരും സ്വന്തമായി ഭൂമിയില്‍ അധ്വാനിക്കാത്തവരും കര്‍ഷകത്തൊഴിലാളികളെ ഉപയോഗിച്ചു മാത്രം കൃഷി ചെയ്യുന്നവരുമാണെന്നാണ്. 24 ശതമാനം ഭൂവുടമകള്‍ മാത്രമാണ് കുടുംബത്തിന്റെ കായികാധ്വാനം കൊണ്ട് കൃഷി നടത്തിപ്പോന്നത്. അഞ്ചേക്കറില്‍ കൂടുതല്‍ ഭൂമി ലഭിച്ചവര്‍ അല്ലെങ്കില്‍ ഭൂമി കൈവശത്തില്‍ തുടര്‍ന്നവര്‍ അവരുടെ കൃഷിഭൂമി ഭൂരിഭാഗവും വീണ്ടും പാട്ടത്തിന് നല്‍കിയതായും തെളിഞ്ഞു. ഭൂപരിഷ്‌കരണം വഴി ഭൂമി ലഭിച്ചവരുടെ പിന്‍തലമുറ വിദ്യാഭ്യാസപരമായി ഇക്കാലയളവില്‍ ഏറെ മുന്നോട്ടുപോയിരുന്നു. വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല, ആരോഗ്യമേഖലയിലും സംസ്ഥാനം ഇക്കാലയളവില്‍ ഏറെ പുരോഗതി പ്രാപിച്ചു. ഈ രംഗത്തുണ്ടായ കുതിപ്പാണ് യഥാര്‍ഥത്തില്‍ വിഖ്യാതമായ കേരള മോഡല്‍ ആയി വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍, എണ്‍പതുകളോടെ, കേരള മോഡലിന് ചില കോട്ടങ്ങളുണ്ടായതായി ഇടതുപക്ഷം തന്നെ വിലയിരുത്താന്‍ തുടങ്ങി.

ഉല്‍പാദനമേഖലയിലെ കീഴ്‌പ്പോട്ടുള്ള വളര്‍ച്ചയായിരുന്നു അതിന് കാരണം. ആദ്യം സൂചിപ്പിച്ച ഭൂപരിഷ്‌കരണത്തിലൂടെ ഭൂമി ലഭിച്ച കുടിയാന്‍മാരുടെ പിന്‍ തലമുറ കാര്‍ഷികരംഗത്തോട് വിടപറഞ്ഞതാണ് ഇതിന് കാരണം. ഇവരില്‍ പലരും വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ തൊഴില്‍ തേടിപ്പോയി. ചെറുകിട-ഇടത്തരം കര്‍ഷക കുടുംബങ്ങളിലെ ഈ പുതുതലമുറ കാര്‍ഷിക രംഗത്തുനിന്ന് വിടപറഞ്ഞതോടെ, കൃഷിഭൂമികള്‍ തരിശാവാന്‍ തുടങ്ങി. നെല്‍വയലുകളെയാണ് ഈ മാറ്റം ആദ്യമായി ബാധിച്ചത്. കൃഷിയില്ലാതായതോടെ, കര്‍ഷകത്തൊഴിലാളികളായിരുന്നവര്‍ നിര്‍മാണ മേഖലയിലേക്ക് തിരിഞ്ഞു. കൃഷിയുടെ തകര്‍ച്ച ഏറ്റവുമധികം ബാധിച്ചത് ദലിതുകളെ തന്നെയായിരുന്നു. കൂലിക്കായി കൃഷി ഭൂമിയില്‍ വിയര്‍പ്പൊഴുക്കിയ ദലിതുകള്‍ക്ക് തൊഴിലില്ലാതായതോടെ അവര്‍ക്ക് നിര്‍മാണ മേഖലയെത്തന്നെ ആശ്രയിക്കേണ്ട് ഗതികേടിലായി. യഥാര്‍ഥത്തില്‍ മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ഭൂമിയില്ലാത്ത അവസ്ഥയും ഭൂമിയുടെ ഉടമകള്‍ മണ്ണിലിറങ്ങാത്ത അവസ്ഥയും ചേര്‍ന്ന വൈരുധ്യമാണ് കേരളത്തിലെ കാര്‍ഷികമേഖലയെ തകര്‍ത്തത്. ഭക്ഷ്യവിളകളില്‍ നിന്നും നാണ്യവിളകളായ റബര്‍, കൊക്കോ തുടങ്ങിയവയിലേക്കുള്ള മാറ്റവും ഈ കാലഘട്ടത്തിലാണുണ്ടായത്. മരച്ചീനിയാണ് റബ്ബറിന് വഴിമാറിയ മുഖ്യ ഭക്ഷ്യവിള. കേരള രൂപീകരണത്തിന് മുമ്പ് മരച്ചീനിയാണ് അരിയേക്കാള്‍ നമ്മുടെ ഭക്ഷണത്തില്‍ സ്ഥാനം പടിച്ചതെങ്കില്‍ നെല്‍കൃഷി തകര്‍ന്ന എണ്‍പതുകള്‍ മുതല്‍ മരച്ചീനിയും മറ്റ് കിഴങ്ങുവര്‍ഗങ്ങളും നമ്മുടെ തീന്‍ മേശയില്‍ നിന്നകലുകയും അരി കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. കേരളത്തിലെ ഭക്ഷ്യസുരക്ഷയും തകരാന്‍ തുടങ്ങിയതോടെ പൂര്‍ണമായും അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് നാമെത്തിച്ചേര്‍ന്നു. കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞതോടെ ഭൂവിനിയോഗത്തിലും ഭൂസ്വഭാവങ്ങളിലും മാറ്റങ്ങളുണ്ടാവാന്‍ തുടങ്ങി. കാര്‍ഷിക മേഖല കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ സംഭാവന ചെയ്തിരുന്ന തോത് ക്രമേണ കുറയാന്‍ തുടങ്ങി. 1958-59 കാലത്ത് കേരളത്തില്‍ ആവശ്യമുള്ള അരിയുടെ അളവ് 16.5 ലക്ഷം ടണ്ണും ഉല്‍പാദനം 8.73 ലക്ഷം ടണ്ണുമായിരുന്നു. ആവശ്യമുള്ള മരച്ചീനിയുടെ അളവ് 14.90 ലക്ഷം ടണ്ണും ഉല്‍പാദനം 14.26 ലക്ഷം ടണ്ണുമായിരുന്നു. 1958-59 കാലത്ത് 18.99ലക്ഷം ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി നിലവിലുണ്ടായിരുന്നു. അന്നത്തെ മുഖ്യ രണ്ടാമത്തെ ഭക്ഷ്യ വിളയായ മരച്ചീനിയാകട്ടെ, 51.5 ലക്ഷം ഏക്കര്‍ സ്ഥലത്തായിരുന്നു കൃഷി ചെയ്തിരുന്നത്. 1972-73 ആകുമ്പോള്‍ 20 ലക്ഷം ഏക്കറിനടുത്തെത്തി കേരളത്തിലെ നെല്‍കൃഷി. ഉല്‍പാദനമാകട്ടെ, 13.5 ലക്ഷം മെട്രിക് ടണ്ണും. പിന്നീട് ഉല്‍പാദനം നേരിയ തോതില്‍ താണുവെങ്കിലും 1976 മുതല്‍ 85 വരെയുള്ള കാലയളവില്‍ ഏകദേശം കാര്യമായ വ്യതിയാനങ്ങളില്ലാതെ ഉല്‍പാദനം നടന്നു. ഈ സമയത്ത് മരച്ചീനി കൃഷി മറ്റ് നാണ്യവിളകള്‍ക്ക് വഴിമാറിക്കൊണ്ടിരിക്കുകയായിരുന്നു. 1985 മുതല്‍ നെല്ലുല്‍പാദനം കുത്തനെ കീഴോട്ടുപോയി. 2008-2009ലെത്തുമ്പോള്‍ കേവലം 5.78 ലക്ഷം ഹെക്ടറിലാണ് കേരളത്തിലെ നെല്‍കൃഷി. ഉല്‍പാദനമാകട്ടെ, 5.9ലക്ഷം മെട്രിക് ടണ്ണും. മരച്ചീനിയുടെ ഉല്‍പാദനം 20.75 ലക്ഷം ഏക്കറായി ചുരുങ്ങി. ഉല്‍പാദനം 27.1 ലക്ഷം മെട്രിക് ടണ്‍ എന്ന രീതിയില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതു തന്നെ നിത്യഭക്ഷ്യ വസ്തു എന്നതിനെക്കാള്‍ ചിപ്‌സ് നിര്‍മാണത്തിനും മറ്റുമുള്ള വാണിജ്യസാധ്യതകള്‍ പ്രകാരമാണ് കൃഷി ചെയ്തു പോരുന്നത്. നെല്ലുല്‍പാദനം ഈ സഹസ്രാബ്ദത്തിന്റെ തുടക്കത്തോടെ, ഭീകരമായ തോതില്‍ കുറഞ്ഞു വരികയാണ്. മൊത്തം ആഭ്യന്തര ഉപഭോഗത്തിന്റെ കാല്‍ ഭാഗം പോലും നെ്ല്ല് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇന്ന് കേരളം. മുപ്പതുലക്ഷം ടണ്‍ അരിയാണ് കേരളം പ്രതിവര്‍ഷം ഉപയോഗിക്കുന്നത്. ഈ ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് കേരളത്തെ നയിച്ച സാഹചര്യവും കാര്‍ഷികമേഖലയില്‍ നിന്നുള്ള ഭൂപരിഷ്‌കരണം വഴി ഭൂമി ലഭിച്ചവരുടെ പിന്‍മാറ്റവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഭൂപരിഷ്‌കരണശ്രമങ്ങള്‍ അവസാനിപ്പിച്ച എഴുപതുകള്‍ക്ക് ശേഷം എണ്‍പതുകള്‍ മുതല്‍ കേരളത്തിന്റെ കാര്‍ഷിക മേഖല തകര്‍ന്നു തുടങ്ങി. നാണ്യവിളകളായ റബ്ബര്‍ പോലുള്ളവയുടെ ഉല്‍പാദനവും കൃഷിയും വര്‍ധിച്ചെങ്കിലും അത് കര്‍ഷകത്തൊഴിലാളികള്‍ക്ക് ഗുണകരമായില്ല. ഇന്ന് കേരളത്തിലെ കാര്‍ഷിക രംഗത്തെ അല്‍പമെങ്കിലും പിടിച്ചു നിര്‍ത്തുന്നത് റബര്‍ കൃഷിയാണ്. പക്ഷേ, റബറാധിഷ്ഠിത വ്യവസായങ്ങള്‍ കേരളത്തില്‍ വര്‍ധിക്കാത്തതിനാല്‍ പലപ്പോഴും ആഭ്യന്തര കമ്പോളത്തിലെ ചൂഷണത്തിന് കര്‍ഷകര്‍ ഇരകളാവുന്നു. കാര്‍ഷിക മേഖലയുടെ മൊത്തം തകര്‍ച്ചക്ക് കേന്ദ്ര സര്‍ക്കാരുകളുടെ നയവൈകല്യങ്ങളും ആഗോളവല്‍ക്കരണവും കാരണമായിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്. പക്ഷേ, കാര്‍ഷികരംഗം ഇനി കരകയറിയാല്‍ പോലും ആ മേഖലയിലേക്ക് കര്‍ഷകര്‍ക്ക് കടന്നുവരാന്‍പറ്റാത്ത വണ്ണം കൃഷിഭൂമിയുടെ സ്വഭാവം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു.

കേരളത്തിലെ കാര്‍ഷികമേഖലയുടെ തകര്‍ച്ചയെ സംബന്ധിച്ച് മുഖ്യധാരാ ഇടതുപക്ഷം ജാഗരൂകരാണ് എന്നതില്‍ സംശയമില്ല. പക്ഷേ, ഇതിന് കാരണമായിത്തീര്‍ന്ന ഭൂപരിഷ്‌കരണത്തിലെ അട്ടിമറി അവര്‍ ഒരുകാലത്തും അംഗീകരിക്കുകയില്ല. ഭൂപരിഷ്‌കരണം വേണ്ട രീതിയില്‍ പൂര്‍ത്തിയാക്കാനോ ഭൂജന്മിത്വം അവസാനിപ്പിക്കാനോ കഴിഞ്ഞിട്ടില്ല എന്ന് സമ്മതിക്കുമ്പോള്‍ തന്നെ ഭൂപരിഷ്‌കരണത്തിന്റെ തുടര്‍ച്ചയോ രണ്ടാം ഭൂപരിഷ്‌കരണം തന്നെയോ അനാവശ്യവും തീവ്രവാദവുമാണെന്നാണ് അവരുടെ പക്ഷം. രണ്ടാം ഭൂപരിഷ്‌കരണം അവിടെ നില്‍ക്കട്ടെ, നിലവിലെ സാഹചര്യത്തില്‍ കാര്‍ഷികമേഖലയെ കരകയറ്റാന്‍ ഭൂബന്ധങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ, ഭൂവിനിയോഗത്തില്‍ എന്ത് പരിഷ്‌കാരങ്ങളാണ് വരുത്തേണ്ടത് എന്നിവ സംബന്ധിച്ച് മൗനം പാലിക്കുകയാണവര്‍. കാര്‍ഷികത്തകര്‍ച്ചയുടെ കാരണം കണ്ടെത്താന്‍ നടത്തുന്ന ശ്രമം അപഹാസ്യമാം വിധം അവരുടെ തന്നെ വാദങ്ങളെ തിരിഞ്ഞു കൊത്താനും തുടങ്ങിയിരിക്കുന്നു. അതെക്കുറിച്ച് വിശകലനം ചെയ്യും മുമ്പ് എന്താണ് കേരളത്തിലെ ഭൂബന്ധങ്ങളില്‍ സമീപകാലത്തുണ്ടായ മാറ്റമെന്നും കാര്‍ഷികമേഖലയുടെ തകര്‍ച്ച സൃഷ്ടിച്ച സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ എന്ത് എന്നും പരിശോധിക്കാം.
കേരളത്തിന്റെ പരിമിതമായ ഭൂവിഭവം, വളരുന്ന ജനസംഖ്യ, കാര്‍ഷികമേഖലയുടെ തകര്‍ച്ച എന്നിവ ഭൂസ്വഭാവങ്ങളില്‍ കാര്യമായ വ്യതിയാനം വരുത്തിക്കഴിഞ്ഞു. കൃഷിഭൂമികളുടെ തുണ്ടുവല്‍ക്കരണം ഇതെത്തുടര്‍ന്ന് വളരെ വേഗത്തില്‍ രൂപം കൊണ്ടു. കൃഷി ലാഭകരമല്ലാത്തതിനാല്‍ നാമമാത്ര-ചെറുകിട കര്‍ഷകര്‍ സാമ്പത്തിക പരാധീനതകളെത്തുടര്‍ന്ന് ഭൂമി വിറ്റൊഴിയുന്നതാണ് ഒരു കാരണം. ജനസംഖ്യപെരുപ്പം മൂലം കൃഷിഭൂമി വീട് വെക്കാനും മറ്റും ഉപയോഗപ്പെടുത്തുന്നതോടെ കൃഷിഭൂമിയുടെ അളവ് കുറയുന്നു. ഗ്രാമീണ ഭൂവുടമസ്ഥതയില്‍ ഇന്ത്യയില്‍ ഏറ്റവും പിന്നോക്കമാണ് ഇന്ന് കേരളം. ഗ്രാമീണ കുടുംബങ്ങളുടെ കൈവശമുള്ള ഭൂമിയുടെ ദേശീയ ശരാശരി 0.725 ഹെക്ടര്‍ ആണെങ്കില്‍ കേരളത്തിലിത് 0.234 ഹെക്ടര്‍ മാത്രമാണ്. ഇതു നാള്‍ക്ക് നാള്‍ കുറഞ്ഞു വരികയാണ്. കൃഷി കൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തവരാണ് ചെറുകിട-ഇടത്തരം കര്‍ഷകരില്‍ ഭൂരിഭാഗവും. ഇതുകൂടാതെ തുണ്ടുവല്‍ക്കരണം സൃഷ്ടിക്കുന്ന ഉല്‍പാദനച്ചെലവിലെ വര്‍ധന കൃഷി കൂടുതല്‍ ദുഷ്‌കരമാക്കുന്നു. കൃഷി ലാഭകരമല്ലാതാകുന്നതോടെ, കൃഷിഭൂമി വിറ്റൊഴിഞ്ഞാല്‍ തന്നെയും അത് കാര്‍ഷികേതരാവശ്യത്തിനാണുപയോഗപ്പെടുത്തുന്നത്. അതായത്, ഭൂമി ഒരു ഉല്‍പാദനോപാധിയെന്ന നിലയിലുള്ള അതിന്റെ പ്രസക്തി നഷ്ടമാവുന്നു. കൃഷി ഭൂമി വ്യാവസായകാവശ്യത്തിനു പോലും ഉപയോഗപ്പെടുന്നില്ലയെന്നതാണ് കേരളത്തിന്റെ സമീപകാല ചിത്രം. ഒരു നിക്ഷേപവസ്തുവായി ഭൂമിയുടെ സ്വഭാവം മാറിക്കഴിഞ്ഞു.

കൃഷിഭൂമിയില്‍ കാര്‍ഷികവൃത്തി നടത്താത്തവര്‍ പോലും സാമ്പത്തിക പരാധീനതകളില്ലെങ്കില്‍ അത് വിറ്റൊഴിയാന്‍ തയ്യാറാവുന്നില്ല. ഇതുമൂലം, കാര്‍ഷിക മേഖലയെ ആശ്രയിച്ച് കഴിയുന്ന നിരവധി പേര്‍ അരനൂറ്റാണ്ട് മുമ്പ് നിയമം മൂലം നിരോധിച്ച പാട്ട സമ്പ്രദായത്തിലേക്ക് തിരികെയെത്തുന്നു. സര്‍ക്കാര്‍ പോലും ഈ നിയമവിരുദ്ധ പാട്ട സമ്പ്രദായത്തെ പ്രോല്‍സാഹിപ്പിക്കുന്ന രീതിയിലേക്ക് സാഹചര്യം മാറിക്കഴിഞ്ഞു. കരാര്‍ കൃഷിയും താല്‍ക്കാലിക പാട്ടകൃഷിയും സര്‍ക്കാര്‍ പിന്തുണയോടെ തിരിച്ചുവന്നപ്പോള്‍, ഭൂപരിഷ്‌കരണത്തിനു മുമ്പുള്ള കാലഘട്ടത്തേക്കാള്‍ ഭയാനകമായ കുടിയാന്‍-ജന്മി വ്യവസ്ഥയിലേക്കാണ് കര്‍ഷകര്‍ തള്ളിയിടപ്പെടുന്നത്. ഭൂപരിഷ്‌കരണത്തിന് മുമ്പ് കുടിയാന് കൃഷിഭൂമിയില്‍ ദീര്‍ഘകാല അവകാശമുണ്ടായിരുന്നെങ്കില്‍ പുതിയ പാട്ടസമ്പ്രദായത്തില്‍ ഒന്നോ രണ്ടോ കൊല്ലമോ ഒരു വിളകാലയളവോ മാത്രമാണ് കൃഷി ചെയ്യുവാനുള്ള അവകാശം ലഭിക്കുന്നത്. പാട്ടത്തുകയാകട്ടെ, മിച്ചവിളവിന്റെ എഴുപതു ശതമാനം വരെയാണ് ഭൂവുടമ ഈടാക്കുന്നത്. കേരളത്തിലെ പൈനാപ്പിള്‍ കൃഷി നിലനില്‍ക്കുന്നതു തന്നെ പാട്ടവ്യവസ്ഥയിലാണ്. പൈനാപ്പിള്‍ കൃഷിക്ക് ഏക്കറിന് പതിനായിരം മുതല്‍ പതിനയ്യായിരം രൂപ വരെയാണ് പാട്ടം ഈടാക്കുന്നത്. പാട്ടകൃഷി നടക്കുമ്പോള്‍ ലഭിക്കുന്ന സര്‍ക്കാര്‍ സബ്‌സിഡിയും മറ്റും ഭൂവുടമക്കാണ് ലഭിക്കുക. നെല്‍കൃഷി പാട്ടവ്യവസ്ഥയിലോ കരാര്‍ വ്യവസ്ഥയിലോ നടക്കുമ്പോള്‍ വിളവിന്റെ പകുതി ഭൂവുടമ കൈക്കലാക്കുന്നു. ഇത്തരത്തില്‍ ജന്മി-കുടിയാന്‍ ബന്ധം നിലനിന്ന കാലത്തേക്കാള്‍ രൂക്ഷമായ പ്രശ്‌നങ്ങളാണ് കാര്‍ഷികമേഖലയില്‍ നിലനില്‍ക്കുന്നത്. ഇത്തരം പാട്ടകൃഷി നടത്തുന്നവര്‍ മൂലധനം കൈവശമുള്ള ഇടത്തര കര്‍ഷകരാണ്. കര്‍ഷകത്തൊഴിലാളികള്‍ പാട്ടകൃഷി നടത്തുന്നത് പ്രധാനമായും കുടുംബശ്രീകള്‍ വഴിയാണ്. മൂലധനം കൈവശമുള്ള കര്‍ഷകര്‍ പാട്ടവ്യവസ്ഥയില്‍ കൃഷിനടത്തുമ്പോള്‍ പരമാവധി വിളവിനായി അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ ഉപയോഗിക്കുകയും കീടനാശിനിയുടെയും രാസവളത്തിന്റെയും അമിത പ്രയോഗം നടത്തുകയും ചെയ്ത് പാട്ടത്തുകയുള്‍പ്പടെയുള്ള ചെലവുകളെ മറികടക്കുമ്പോള്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഉല്‍പാദനമിച്ചമുണ്ടാകുന്നില്ലെന്നതാണ് വസ്തുത.
(തുടരും)
ആദിവാസി ഭൂമി: പിടിച്ചുപറിയുടെയും ചൂഷണത്തിന്റെയും കഥ – അടുത്ത ലക്കത്തില്‍

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757