keralanewspress release

കേരളത്തിലെ അടിസ്ഥാന പ്രശ്‌നങ്ങളോട് നിസംഗത പുലര്‍ത്തുന്ന ബജറ്റ് – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം : കേരളത്തിലെ അടിസ്ഥാന പ്രശ്‌നങ്ങളോട് നിസംഗത പുലര്‍ത്തി പ്രഖ്യാപന ഗിമ്മിക്കുകള്‍ മാത്രമാണ് തോമസ് ഐസക് അവതരിപ്പിച്ച കേരളാ ബജറ്റെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള യാതൊരു പദ്ധതിയും നിര്‍ദ്ദേശവും ബജറ്റിലില്ല. തൊഴിലില്ലായ്മ നേരിടാനുതകുന്ന ഭാവനാ സമ്പന്നമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നതിനും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തിന്റെ മുഴുവന്‍ വികസന പ്രശ്‌നങ്ങളുടെയും ഉത്തരം കിഫ്ബി എന്ന പതിവ് പല്ലവി തന്നെ ബജറ്റ് ആവര്‍ത്തിക്കുന്നു. കിഫ്ബി ഒരിക്കലും ബജറ്റിന്റെ ഭാഗമല്ല അത് കഴിച്ചാല്‍ വികസന കാര്യത്തില്‍ ബജറ്റ് ശൂന്യമാകും. 50000 കോടി ചിലവഴിക്കും എന്ന് പറഞ്ഞ കിഫ്ബി ആകട്ടെ ആകെ 4000 കോടിയാണ് ഇത് വരെ ചിലവഴിച്ചത്. ആശ്രിതരെയെല്ലാം തൃപ്തിപ്പെടുത്തുന്നതിനായി നിരവധി ക്യാബിനറ്റ് തസ്തികള്‍ സൃഷ്ടിച്ച് മന്ത്രിമാരും പരിവാരങ്ങളും ഉന്നത ഉദ്യോഗസ്ഥരും നാലുവര്‍ഷം ധൂര്‍ത്തും ദുര്‍വ്യയുമായി കഴിഞ്ഞ ശേഷം അഞ്ചാം വര്‍ഷം ചെലവു ചുരുക്കുമെന്ന് പറയുന്നത് പരിഹാസ്യമാണ്. ഭൂമിയുടെ ന്യായവില വര്‍ദ്ധിപ്പിച്ചതും കെട്ടിട നികുതി വര്‍ദ്ധിപ്പിച്ചതും സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഭാരമാണ് സൃഷ്ടിക്കുക. ലക്ഷ്യം വെച്ച നികുതി ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ചെലവ് ചുരുക്കാന്‍ ബജറ്റിലൂടെ തൊഴില്‍ ലഭ്യതയെ ചുരുക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ ലക്ഷക്കണക്കിന് ഭൂരഹിതരുടെ കാര്യത്തില്‍ സമ്പൂര്‍ണ്ണ മൗനമാണ് ബജറ്റ് പുലര്‍ത്തുന്നത്. മുന്‍ വര്‍ഷത്തെ പ്രളയ പുനരധിവാസ പദ്ധതികളടക്കം പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികളുടെ ഗതിയെന്താകുമെന്ന് കണ്ടു തന്നെ അറിയണം. പഞ്ചായത്ത് തെരെഞ്ഞെടുപ്പും വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പും കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ് പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും. രാജ്യമാകെ സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സ്വാശ്രയത്വത്തിലേക്കുള്ള നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിച്ച കേരള ജനതയെ നിരാശപ്പെടുത്തുന്നതാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757