Opinion

ദലിതെന്ന വാക്കിന്റെ ജാതിയും രാഷ്ട്രീയവും – വിനീത വിജയന്‍

വാളയാര്‍ പെണ്‍കുട്ടികളെ ദലിത് പെണ്‍കുട്ടികള്‍ എന്നു വിളിക്കുമ്പോള്‍..
ദലിതെന്ന വാക്കിന്റെ ജാതിയും രാഷ്ട്രീയവും

ജിഷ കൊലക്കേസും, കെവിന്‍ വധക്കേസും ആദിവാസി പൊലീസ് ഉദ്യോഗസ്ഥന്‍ കുമാറിന്റെ ആത്മഹത്യയും ഏറ്റവും ഒടുവില്‍ വാളയാറിലെ പെണ്‍കുഞ്ഞുങ്ങളുടെ കേസും ഉള്‍പ്പെടെ മുഖ്യധാരാ/സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയങ്ങളായ ഒട്ടേറെ വിഷയങ്ങളില്‍ ഇരകളുടെ പേരിനോട് ദലിത് പെണ്‍കുട്ടി, ദലിത് യുവതി, ദലിത് യുവാവ് എന്നിങ്ങനെ ദലിത് സംജ്ഞ ചേര്‍ത്തുപയോഗിക്കുന്നതിനോട് വൈകാരികമായ എതിര്‍പ്പ് സമൂഹത്തിന്റെ പല തലങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നവരില്‍ നിന്നും സോദ്ദേശപരമായിത്തന്നെ ഉയര്‍ന്നു കേള്‍ക്കാറുണ്ട്. എന്തിനാണ് അത്തരം വേറിട്ടുപറച്ചിലുകള്‍, എല്ലാവരും മനുഷ്യരല്ലേ? എന്നൊക്കെ കേള്‍ക്കുന്ന മാത്രയില്‍ ‘അതു നേരാണല്ലോ ?’എന്ന് പൊതു സമൂഹത്തെക്കൊണ്ട് ചിന്തിപ്പിക്കും വിധം നിഷ്‌കളങ്കമാണ് ആ ചോദ്യങ്ങള്‍. ആ ചോദ്യങ്ങള്‍ പക്ഷേ, അത്ര നിസ്സാരമോ നിഷ്‌കളങ്കമോ അല്ല എന്ന് അവയുടെ ഗൗരവമായ രാഷ്ട്രീയ വായനകളില്‍ നിന്നു വ്യക്തമാണ്.

വാളയാറിലെ പെണ്‍കുഞ്ഞുങ്ങളുടെയോ കെവിന്റെയോ ജിഷയുടെയോ വിഷയങ്ങള്‍ മാനുഷിക ഇടങ്ങളില്‍ നിന്ന് മാറി, ദലിത് വിഷയമായി പരിണമിക്കുന്നതെവിടെ വെച്ചാണ്? എന്തുകൊണ്ടാണ്?

നിലനില്‍ക്കുന്ന ജാതി, ഉപജാതി സങ്കല്‍പ്പങ്ങള്‍ക്കപ്പുറം കേരളത്തിലോ ഇന്ത്യയിലോ എന്നല്ലാ ലോകത്തെവിടെയുമുള്ള വ്യക്തിയുടെയും കീഴാള ജീവിത സാഹചര്യത്തോട്/അവസ്ഥയോട് ഐക്യപ്പെടുവാന്‍ പ്രാപ്തമാക്കുന്ന സംജ്ഞയാണ് ദലിത്. ദില്ലിയിലോ മഹാരാഷ്ട്രയിലോ ഉത്തര്‍പ്രദേശിലോ ഒരു ദലിതന്‍ ആക്രമിക്കപ്പെടുന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിയുന്ന, മലയാളിക്കും കേരളത്തിന്റെ അതിര്‍ത്തി ദേശമായ വാളയാറില്‍ അട്ടപ്പള്ളമെന്ന ഗ്രാമത്തില്‍, ഒന്‍പതും പതിനൊന്നും വയസ്സുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങളെ മരണത്തിലേക്ക് തള്ളിവിട്ടവരെ വെറുതേ വിട്ടെന്ന കോടതി വിധി മാധ്യമ വാര്‍ത്തകളിലൂടെ അറിയുന്ന ഉത്തരേന്ത്യക്കാരനും ഒരേ മനോഭാവത്തോടെ ഒരേ രോഷത്തോടെ ഒരേ പ്രതികരണം സൃഷ്ടിക്കാന്‍ സാധിക്കുന്നത് ദലിത് എന്ന പദം അവയ്ക്കിടയില്‍ പാലമാവുന്നതിനാലാണ്. ഉത്തര്‍പ്രദേശിലോ മഹാരാഷ്ട്രയിലോ നടക്കുന്ന ഒരു ദലിത് പീഡനത്തെക്കുറിച്ചുള്ള വാര്‍ത്തയോ വിവരങ്ങളോ മാധ്യമങ്ങളില്‍ ചേര്‍ക്കുമ്പോള്‍ ദലിത് എന്നതിനു പകരം പ്രാദേശിക ഉപജാതി നാമമാണ് പരാമര്‍ശിക്കപ്പെടുന്നതെങ്കില്‍ ആ വാര്‍ത്തയുടെ പ്രസക്തി, ആ വാര്‍ത്ത ഉണ്ടാക്കേണ്ടുന്ന പ്രതികരണത്തിന്റെ ആക്കം ഇവയെല്ലാം ഒറ്റയടിക്ക് റദ്ദുചെയ്യപ്പെടും. ഇതുതന്നെയാണ് കേരളത്തില്‍ നിലവില്‍ ദലിത് പ്രശ്‌നങ്ങളെന്ന് വ്യവഹരിക്കപ്പെടുന്നവയ്ക്കുമേലെ മാനുഷികതയുടെ ആവരണം ഇട്ടുകൊടുക്കുമ്പോഴും സംഭവിക്കുക. ഇത്തരത്തില്‍ ദേശ നിര്‍മിതമായ അതിരുകള്‍ക്കപ്പുറം അവസ്ഥാപരമായ ഐക്യപ്പെടലിനും സാഹോദര്യ നിര്‍മിതിക്കും അവകാശ സംരക്ഷണങ്ങള്‍ക്കുമെല്ലാം രാസത്വരകമായി വര്‍ത്തിക്കുന്ന ഒന്നാണ് ദലിത് എന്ന വാക്ക്. അതുണര്‍ത്തുന്ന വൈകാരികത തന്നെയാണ് അതിന്റെ സംയോജന ശക്തിയും പ്രതിരോധശേഷിയും.

1990 കള്‍ക്കു ശേഷമാണ് ഇന്ത്യയില്‍ വൈജ്ഞാനിക സാഹിത്യ രംഗങ്ങളില്‍ ദലിത് സങ്കല്‍പ്പത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളും പ്രക്ഷോഭങ്ങളും സജീവമാകുന്നത്. ബാബാസാഹേബ് ഡോ. അംബേദ്കറുടെയും ജ്യോതി ബാ ഫൂലേയുടെയും മറ്റും ശ്രമഫലമായി ഉണ്ടായ ദലിത് അവബോധത്തിന്റെ തുടര്‍ച്ചയിലാണ് ഇതുണ്ടാവുന്നത്. തികച്ചും രാഷ്ട്രീയപരമായ ഒരു സങ്കല്‍പ്പമാണത്. സാമൂഹ്യ സമത്വവും രാഷ്ട്രീയാധികാരവുമാണ് ആ സങ്കല്‍പ്പത്തിന്റെ പ്രാണന്‍. ഒരുവന്‍/ഒരുവള്‍ ദലിതനാണെന്ന് സ്വത്വബോധത്തോടെ ഉറച്ചുപറയാന്‍ പ്രാപ്തനാവുന്നത്, തലമുറകളുടെ ദുരനുഭവങ്ങളെയും അവര്‍ നേരിട്ട കൊടുമകളെയും തിരിച്ചറിയുകയും അതിജീവിക്കുകയും ചെയ്യുമ്പോളാണ്. അവമതിപ്പിന്റെയോ അവഹേളനത്തിന്റെയോ ലവലേശമില്ലാതെ താന്‍ ദലിതാണ് എന്ന് സ്വത്വപ്രഖ്യാപനം നടത്തുന്ന ആര്‍ജവമുള്ള ഒരു നീക്കം നവസാമൂഹ്യ മാധ്യമങ്ങളില്‍, കേരളത്തില്‍ 2018ല്‍ ദലിത് പദ നിരോധന ഉത്തരവിനെത്തുടര്‍ന്നുണ്ടായതിനെ മലയാളി സൈബര്‍ ഇടപെടലുകളില്‍ കണ്ടറിഞ്ഞ ഏറ്റവും വിപ്ലവാത്മകമായ നീക്കം എന്നുവേണം വിലയിരുത്തേണ്ടത്. പൊതുസമൂഹത്തിന് സ്വീകാര്യമാം വിധം ഏതു തരത്തിലും പരുവപ്പെടുത്താനാവുന്ന വഴക്കമുള്ള രൂപഘടനയുള്ള ഫേസ്ബുക്ക് പോലെ ബഹുമുഖ രൂപങ്ങളുള്ള ഒരിടത്ത്, തന്റെ താല്‍പര്യത്തിനനുസരിച്ച് സൂക്ഷിക്കാനാവുന്ന ഐഡന്റിറ്റി മറച്ചുപിടിച്ചാല്‍ കിട്ടാവുന്ന ഇടങ്ങളുടെ സാധ്യതകള്‍ മുഴുവന്‍ വലിച്ചെറിഞ്ഞുകൊണ്ട് സ്വയം ദലിത് എന്ന് അടയാളപ്പെടുത്തുന്നവരോട്, നമ്മളൊക്കെ മനുഷ്യരല്ലേ, ദലിതെന്നു പറയേണ്ടതുണ്ടോ എന്ന് ഉദാരമനസ്‌കരാവുന്നവര്‍ സത്യത്തില്‍ ദലിത് പ്രശ്‌നങ്ങള്‍ പൊതുപ്രശ്‌നങ്ങളല്ലായെന്നും അടിസ്ഥാനപരമായി ദലിതത്വം മനുഷ്യത്വത്തിന്റെ പരിധിയില്‍ വരേണ്ടതില്ലാത്ത ഒന്നാണ് എന്നുമുള്ള സവര്‍ണ ചിന്താഗതിയുടെ തന്നെ വെളിപ്പെടുത്തലുകളാണ് നടത്തുന്നത്.

ജിഷ താമസിച്ചിരുന്ന വീട്

അങ്ങനെയാണെങ്കില്‍ ,കേരളത്തിലെ പൊതു സമൂഹത്തില്‍ വലിയ ഒരു വിഭാഗം ഒരു വിഭാഗം, ദലിതരില്‍ തന്നെ ചെറുതല്ലാത്ത ഒരു പങ്ക് ഈ പദത്തെ തങ്ങളെ ഇകഴ്ത്തുന്ന, അവഹേളിക്കുന്ന ഒന്നായി കാണുന്നത് എന്തുകൊണ്ടായിരിക്കാം..?

അതവരുടെ തെറ്റിദ്ധാരണ തന്നെയാണ്. പൊതുസമൂഹത്തിന്റെ തന്നെ ചെറുതല്ലാത്ത ഒരു വിഭാഗത്തിന്റെയും ഭരണകൂടത്തിന്റെയും കൂടി തെറ്റിദ്ധാരണയുമാണത്. ഹരിജന്‍ എന്ന വാക്കുപോലെ ഉള്ള ഒന്ന് എന്നാണ് പ്രസ്തുത പദ നിരോധനം സംബന്ധിച്ചിറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ ദലിത് പദം സൂചിപ്പിക്കപ്പെടുന്നത്. ഗാന്ധി ഹരിജന്‍ എന്നു പ്രയോഗിച്ചത് ‘ദൈവത്തിന്റെ മക്കള്‍’ എന്ന അര്‍ഥത്തിലായിരുന്നു. ദലിതര്‍ ദൈവത്തിന്റെ മക്കളാണ് എങ്കില്‍ മറ്റുള്ളവര്‍ ആരുടെ മക്കളാണ്! ചെകുത്താന്റെ മക്കളാണോ?’ എന്ന മറുചോദ്യത്തോടെ ആ സംബോധന എതിര്‍ക്കപ്പെട്ടു. ദൈവമെന്നാല്‍ ബ്രാഹ്മണ പുരോഹിതനാണ് എന്നും ഒളിഞ്ഞിരിക്കുന്ന അത്തരം ദൈവീക പിതൃത്വങ്ങളാണ് ദലിതര്‍ക്കുള്ളതെന്നും പരോക്ഷമായി പറയുന്ന ഹരിജന്‍ പ്രയോഗത്തെ എങ്ങനെയാണോ അട്ടിമറിച്ചത്, അതേ ആര്‍ജവത്തോടെ അതേ പ്രതികരണശേഷിയോടെ ദലിത് പദത്തെ നിരോധിക്കാനുള്ള ശ്രമങ്ങളെയും വിദ്യാസമ്പന്നരായ ദലിത് ജനത പ്രതിരോധിച്ചതിനെ തുടര്‍ന്നാണ് പത്തുവര്‍ഷങ്ങളായി ഇടതുപക്ഷം നടപ്പാക്കാന്‍ ശ്രമിച്ച ദലിത് പദ നിരോധന നീക്കത്തില്‍ നിന്ന് അവര്‍പിന്തിരിഞ്ഞത്. 2008 ഡിസംബര്‍ അഞ്ചിനാണ് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടത് ഗവണ്‍മെന്റ് ദലിത് പദത്തിന്റെ ഉപയോഗം ഒദ്യോഗികതലത്തില്‍ വിലക്കിക്കൊണ്ട് ഉത്തരവിറക്കുന്നത്. (22198/ഋ2 രെ ട േഉഉ) പ്രസ്തുത ഉത്തരവ് നടപ്പില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുനര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരുമാണ്. കേരളത്തില്‍ മാറി മാറിവന്ന ഒരു ഗവണ്‍മെന്റും ഒരു കാലഘട്ടത്തിലും എസ്.സി-എസ്.ടി വിഭാഗങ്ങളെ സൂചിപ്പിക്കാന്‍ ദലിത് സംജ്ഞ ഉപയോഗിച്ചിരുന്നില്ല. പ്രത്യക്ഷമോ പരോക്ഷമോ ആയി ഒരു തരത്തിലും ഉപയോഗിച്ചിരുന്നിട്ടില്ലാത്ത, ഉപയോഗിക്കാന്‍ ഇനിയും സാധ്യതയില്ലാത്ത ഒരു പദം നിരോധിക്കാന്‍ ഇടതുസര്‍ക്കാരുകളുടെ കാലത്താണ് ചരടുവലികള്‍ നടന്നത് എന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. ഇന്ത്യയിലെങ്ങും വിഷയമല്ലാത്ത ദലിത് പദം കേരളത്തില്‍ മാറി മാറിവരുന്ന ഇടതുസര്‍ക്കാരിന് മാത്രം തലവേദനയായത് ദലിത് പദത്തിന്റെ സംയോജന ശക്തിയെ, ഇടത് ബാഹ്യമായ ദലിത് ഐക്യപ്പെടലുകളെ അവര്‍ ഭയക്കുന്നതു കൊണ്ടാണ്. യഥാ രാജാ തഥാ പ്രജ എന്നോണം ഇടത് അനുകൂല ഇടങ്ങളില്‍ നിന്നാണ് യാഥാര്‍ഥ്യത്തെ മറച്ചുപിടിച്ചു കൊണ്ടുള്ള മാനുഷിക കാല്‍പ്പനികതകള്‍ വാളയാര്‍ വിഷയത്തിലും ഉയര്‍ന്നുകേള്‍ക്കുന്നത്

വാളയാര്‍ കുട്ടികളുടെ വീട്

ദലിത് ഒരു രാഷ്ട്രീയ സങ്കല്‍പ്പമാണ് എന്നു പറയുമ്പോള്‍ എന്താണ് അര്‍ഥമാക്കുന്നത്?
തങ്ങള്‍ വിഭവാധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ടവരാണ് എന്നും സാമൂഹ്യമായ ഉച്ചനീച വ്യവസ്ഥക്ക് അടിമപ്പെട്ടവരാണെന്നും ഇകഴ്ത്തിക്കൊണ്ടുള്ള സ്വത്വ പ്രകടനങ്ങള്‍ മാത്രമേ പൊതുസമൂഹത്തിനു മുന്‍പില്‍ ചെയ്യാവൂ എന്നുപോലുമുള്ള കര്‍ശന നിര്‍ദേശങ്ങളിലും സാമൂഹ്യാനുഷ്ഠാന രീതികളിലും നിര്‍മിച്ചെടുക്കപ്പെട്ടവരാണ് ചരിത്രപരമായി ഈ ജനവിഭാഗം. അത്തരത്തിലുള്ള മനോനിലയെ അപനിര്‍മിച്ചുകൊണ്ട് പുറത്തുകടക്കാന്‍ പ്രാപ്തരാക്കിയ പദമായിരുന്നു ദലിത് എന്നത്.

1980കളില്‍ കീഴാള പഠനങ്ങള്‍ സജീവമായപ്പോള്‍ അതിന് വലിയ സ്വീകാര്യത നേടിക്കൊടുത്ത ഘടകങ്ങളിലൊന്ന് ചരിത്രത്തെയും സമൂഹത്തെയും മാര്‍ക്‌സിസത്തിന്റെ മേല്‍ കീഴ്ബന്ധങ്ങള്‍, അടിത്തട്ട് കീഴ്ത്തട്ട് വ്യാഖ്യാനങ്ങളിലൂടെ (opposition binary) വിശദീകരിക്കാനാവുന്ന ഒരു വിശാല മാനം അതിനുണ്ട് എന്നതായിരുന്നു .എന്നാല്‍, സാംസ്‌കാരികമായും സാമൂഹ്യമായും അത്രയേറെ വ്യതിരിക്തതകളും വ്യത്യസ്തതകളും നിലനിന്നിരുന്ന ദലിത് സമൂഹങ്ങളെ, പലതരം തൊഴില്‍ ജീവിതങ്ങള്‍ നയിച്ചിരുന്ന ജനതിയെ, അവയുടെ വൈവിധ്യാത്മകമായ മൗലിക സത്തയില്‍ ഉള്‍ക്കൊള്ളാന്‍ കീഴാള പഠനങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. അവ പലപ്പോഴും ബൃഹദാഖ്യായികകള്‍ ആയി ചുരുങ്ങുകയാണുണ്ടായത്. ആ പരിമിതിയെ മറികടക്കുന്ന ഒന്നെന്ന നിലയില്‍ കൂടിയാണ് ദലിത് പഠനങ്ങള്‍ പകരംവെക്കപ്പെടുന്നത്. ദലിത് പഠനങ്ങളുടെ ഭാഗമായാണ് മഹാത്മാഅയ്യന്‍കാളിയുടെയും പൊയ്കയില്‍ അപ്പച്ചന്റെയും വ്യത്യസ്തങ്ങളായ ദലിത് പ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങളും ചരിത്രത്തിന്റെ ഭാഗമായി എഴുതപ്പെടുന്നത്. ദലിത് പഠനങ്ങളുടെ ഭാഗമായിത്തന്നെ രാഷ്ട്രീയ കേന്ദ്രിതമായ ഒരു ദലിത് അവബോധത്തിലേക്കും സാവധാനത്തിലെങ്കിലും കാലാനുസാരിയായ ഒരു പരിവര്‍ത്തനം സംഭവിക്കുകയുണ്ടായി. അത്തരത്തിലുണ്ടായ ഒരു അവബോധത്തിന്റെ ഫലമായാണ് അന്നുവരെ കര്‍ഷകത്തൊഴിലാളി പ്രശ്നങ്ങള്‍ എന്നു മാത്രം ഗണിക്കപ്പെട്ടിരുന്നവ യഥാര്‍ഥത്തില്‍ ദലിത് പ്രശ്‌നങ്ങളാണ് എന്ന തിരിച്ചറിവുണ്ടാകുന്നതും വിഭവാധികാരമില്ലായ്മയെ പ്രതിരോധിക്കാന്‍ ഉള്ള രാഷ്ട്രീയ സമരങ്ങളുടെ ഊര്‍ജമായി ദലിത് സംജ്ഞ രൂപാന്തരപ്പെടുന്നതും. ചെങ്ങറ സമരമുള്‍പ്പെടെ, കൃഷിഭൂമി ആവശ്യപ്പെട്ടുകൊണ്ടും കോളനികളില്‍ നിന്നും വിടുതലാവശ്യപ്പെട്ടുകൊണ്ടും നടത്തപ്പെട്ട സമരമുഖങ്ങളിലെല്ലാം ദലിത് സംജ്ഞ രാഷ്ട്രീയ വ്യാഖ്യാനങ്ങളുടെ മുഖ്യസ്ഥാനത്ത് അടയാളപ്പെടുകയാണ് ഉണ്ടായത്. കെ.എം.സലീംകുമാറിന്റെ ‘സാമുദായിക വല്‍ക്കരണം’ എന്ന, 1975ല്‍ ഇറങ്ങിയ പുസ്തകം ഉപജാതി സങ്കല്‍പ്പങ്ങളെയും ഉപജാതി സ്വത്വവാദങ്ങളെയും പുറന്തള്ളിക്കൊണ്ട് ഏകീകൃത ദലിത് സ്വത്വത്തില്‍ ലയിക്കുകയെന്ന ആശയത്തെ മുന്നോട്ടുവെക്കുന്ന ഒന്നായിരുന്നു. ആ ആശയത്തോട് ഐക്യപ്പെട്ടുകൊണ്ട് വലിയ ഒരു വിഭാഗം ചിന്തകരും സൈദ്ധാന്തികരും അക്കാലത്ത് തന്നെ മുന്നോട്ടുവരികയും ചെയ്തിരുന്നു.

എന്തുകൊണ്ട് കേരളത്തിലെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചിന്തകരും പൊതുസമൂഹത്തിലെ വലിയൊരു വിഭാഗവും ദലിത് എന്ന സംജ്ഞയെ ഭയക്കുകയും ആ പദം തന്നെ റദ്ദുചെയ്യാനാഗ്രഹിക്കുകയും ചെയ്യുന്നു?

വെങ്ങാനൂരുള്ള ഒരു പുലയനോ കാസര്‍കോഡോ കണ്ണുരോ ഉള്ള ഒരു മാവിലനോ വണ്ണാനോ ദലിത് എന്ന ഒറ്റ സങ്കല്‍പ്പത്തില്‍ രാഷ്ട്രീയപരമായി സംബോധന ചെയ്യപ്പെടുമ്പോള്‍ ഉപജാതി പ്രസ്ഥാനങ്ങളെ തങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പോഷക സംഘടനകളായി നിലനിര്‍ത്താനുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ചൂഷണ ശ്രമങ്ങളാണ് പാളിപ്പോവുന്നത്. അത്തരത്തിലുള്ള പോഷക സംഘടനകള്‍ക്ക് വര്‍ഷാവര്‍ഷം അവര്‍ അനുവദിച്ച് കൊടുത്തിരുന്ന ബോണസോ ഉപകാര സ്മരണയോ ആയിരുന്നു ഉപജാതി സംഘടനകളുടെ സംസ്ഥാന സമ്മേളനങ്ങളിലെ ദേശീയ നേതാക്കളുടെ വിമാനയിറക്കങ്ങള്‍. അത്തരത്തിലുപയോഗിക്കപ്പെട്ടിരുന്നവര്‍, ദലിത് ബഹുജനങ്ങള്‍ എന്ന വിശാല സ്വത്വത്തിലേക്ക് മാറുമ്പോള്‍, തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍, സ്വാധീനങ്ങള്‍ക്കുള്ള അവസരങ്ങള്‍, അതിനുള്ള സാധ്യതകള്‍ ഇല്ലായ്മ ചെയ്യപ്പെട്ടേക്കുമെന്ന ഭയമാണ് അവര്‍ക്ക് ദലിത് പദത്തോടുള്ളത്.

നിയമസഭ മന്ദിരത്തിനുമുന്നിലെ അംബേദ്‌റുടെ പ്രതിമയും വെള്ളയമ്പലത്തെ അയ്യന്‍കാളിയുടെ പ്രതിമയും, പ്രതിമകള്‍ എന്ന നിശ്ചേതനമായ അവസ്ഥയില്‍ നിന്നു മാറി ഇന്ത്യയിലെയും കേരളത്തിലെയും ദലിതരെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന ദൃശ്യ ബിംബമായി മാറിക്കൊണ്ടാണ് പ്രതീകാത്മകമായ വലിയ കാഴ്ചയായി മാറുന്നത്. (ഐക്കണോഗ്രഫി പോലുള്ള പഠനങ്ങള്‍ ഇത്തരത്തില്‍ വിനിമയം ചെയ്യപ്പെടുന്ന ആശയങ്ങളെക്കുറിച്ചുള്ളതാണ്) അതുപോലെ മുഴക്കമുള്ള ഒലികള്‍ സൃഷ്ടിക്കാന്‍ പ്രാപ്തമായ വലിയ ശബ്ദമായി മാറിയിരിക്കുന്നു ദലിത് എന്ന പദം എന്ന് തിരിച്ചറിയുന്ന അധികാര കേന്ദ്രങ്ങളുടെയും സവര്‍ണ സാമൂഹ്യബോധത്തിന്റെയും തന്ത്രപരമായ നീക്കമാണ് യഥാര്‍ഥത്തില്‍ ദലിത് എന്ന വാക്കിനെ മാനുഷികത കൊണ്ട് ചെറുക്കാനുള്ള ശ്രമങ്ങള്‍… അത് പൊളിച്ചെഴുതപ്പെടേണ്ടതുണ്ട്!

വാളയാറിലെ പെണ്‍കുഞ്ഞുങ്ങള്‍ക്കു നേരേ മനുഷ്യത്വരഹിതമാം വിധത്തിലുള്ള കുറ്റകൃത്യം നടന്നു എന്നതിന് യാതൊരു സംശയവുമില്ല. നടന്നു എന്നു സ്ഥാപിക്കുന്നതിലാണ് പരാജയപ്പെട്ടത്, അതിനാലാണ് നീതി നിഷേധിക്കപ്പെട്ടത്. അത് അംഗീകരിക്കുന്നതിനുപകരം അച്ചടക്കമില്ലാത്ത കുടുംബ ജീവിതത്തിന്റെ പേരിലും അസാന്മാര്‍ഗിക ജീവിതരീതിയുടെ പേരിലും കുട്ടികളെ വളര്‍ത്തുന്നതില്‍ വന്ന പാളിച്ചകളുടെ പേരിലും കുടുംബത്തെ വിചാരണ ചെയ്യാനാണ് ചിലരുടെ പുറപ്പാട്. ഭരണകൂടത്തെ ന്യായീകരിക്കാന്‍ കച്ചകെട്ടി ഇറങ്ങുന്നവര്‍ തന്നെയാണ് ഇത്തരം തീവ്ര ദലിത് വിരുദ്ധതകള്‍ പ്രചരിപ്പിക്കുന്നതും. കൊല ചെയ്യപ്പെട്ട, ആത്മഹത്യയിലേക്ക് വലിച്ചെറിയപ്പെട്ട ദലിതരായിട്ടുള്ള ഓരോരുത്തരുടെയും കുടുംബങ്ങളെപ്പറ്റിയും ഇത്തരം സദാചാര വിചാരണകളും പിതൃത്വ ശുദ്ധിസ്മാര്‍ത്തവിചാരങ്ങളും കാലാകാലങ്ങളായി നടന്നുവരാറുണ്ട്. രോഹിത് വെമുലയുടെ അമ്മ മുതല്‍ ജിഷയുടെ അമ്മ വരെ അതിന് വിധേയരായിട്ടുണ്ട്. ആര്‍ക്കും എപ്പോഴും കടന്നുചെല്ലാവുന്ന, ഉപയോഗിക്കാവുന്ന സാമൂഹ്യ ചുറ്റുപാടുകളും കുടുംബാന്തരീക്ഷവും അനീതിയെക്കുറിച്ചുള്ള അറിവില്ലായ്മയും പ്രതിരോധത്തേക്കുറിച്ചോ നിയമപരമായ സംരക്ഷണത്തെക്കുറിച്ചോ ഒക്കെയുള്ള ബോധ്യമില്ലായ്മയും ഒക്കെ കൂടിച്ചേര്‍ന്ന ദലിത് ജീവിത സാഹചര്യങ്ങളാണ് കുഞ്ഞുങ്ങള്‍ ഇല്ലായ്മ ചെയ്യപ്പെട്ടതിന് പശ്ചാത്തലമായത് എന്നിരിക്കെ വാളയാറിലെ പെണ്‍കുഞ്ഞുങ്ങളെ ദലിതരെന്ന് പറയരുത്, മനുഷ്യരല്ലേ അവര്‍ എന്ന് വിലക്കുന്നവരുടെ കാല്‍പ്പനികവല്‍ക്കരിക്കപ്പെട്ട മനുഷ്യത്വ പ്രകീര്‍ത്തനങ്ങള്‍ യഥാര്‍ഥത്തില്‍ കാപട്യത്തെ പൊതിഞ്ഞുപിടിക്കലാണ്. വാളയാറിലെ പെണ്‍കുഞ്ഞുങ്ങള്‍, സവര്‍ണ്ണരോ, സമ്പന്നരോ, രാഷ്ട്രീയ സ്വാധീനമുള്ളവരോ ആയ മാതാപിതാക്കളുടെ മക്കളായിരുന്നെങ്കില്‍ അവര്‍ക്കിത്തരമൊരു ദുരന്തം നേരിടേണ്ടി വരില്ലായിരുന്നു. നേരിട്ടാല്‍തന്നെ ഇത്തരമൊരവസ്ഥയില്‍ കേസ് എത്തിച്ചേരില്ലായിരുന്നു. അവര്‍ ദലിതരും ദരിദ്രരുമായതിനാലാണ് ഇത്രമേല്‍ അലംഭാവത്തോടെ വാളയാര്‍ കേസ് പൊലീസും നീതിപീഠവും ഭരണ സംവിധാനവും കൈകാര്യം ചെയ്തത്.

സമാനമായി, ഭൂമിയില്ലായ്മയും, അരികുവത്കരിക്കപ്പെട്ട ജീവിത സാഹചര്യവും സുരക്ഷിതമായ വാസസ്ഥാനമില്ലായ്മയും ദാരിദ്ര്യവും കൂടിച്ചേര്‍ന്നാണ് ജിഷ കൊലചെയ്യപ്പെടുന്നതിനുള്ള സാഹചര്യമൊരുങ്ങിയത്. ജാതീയമായ ഇകഴ്ചയും പൊതുസമൂഹത്തിന്റെ അവഗണനയും സ്ത്രീയെന്ന തരം താഴ്ത്തലും സമൂഹത്തിലെ ഇതര സ്ത്രീകളില്‍ നിന്നുള്ള ഒറ്റപ്പെടുത്തലും ഒരുപോലെ അനുഭവിച്ചിരുന്ന ജിഷ എന്ന പെണ്‍കുട്ടി ദലിത് അല്ലെങ്കില്‍ മറ്റെന്താണ്? പാലക്കാട് എ.ആര്‍ ക്യാമ്പിലെ കുമാര്‍ എന്ന യുവപോലീസ് ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥരാല്‍ മാനസികവും ശാരീരികവുമായ നിരന്തര പീഡനങ്ങള്‍ക്കിരയാക്കപ്പെട്ടത്, അവന്റെ ആദിവാസി സ്വത്വത്തെ മാത്രം ആയുധമാക്കിയാണ്. കൊലപാതകമെന്ന് കുടുംബം തെളിവുകള്‍ നിരത്തി ആവര്‍ത്തിച്ചു പറഞ്ഞിട്ടും അത് ആത്മഹത്യതന്നെയെന്ന് രേഖപ്പെടുത്തപ്പെടുന്നതും അതേ കാരണത്താലാണ്. ജീവിച്ചിരിക്കുമ്പോള്‍ അപമാനിക്കപ്പെടാനും ജീവനെടുക്കാനും മരണശേഷം നീതി നിഷേധിക്കാനും ഒരുവന്/ഒരുവള്‍ക്ക് അവളുടെ ദലിത് ജീവിത പശ്ചാത്തലവും സ്വത്വവും ആണ് കാരണമാവുന്നതെങ്കില്‍ അതിനെ മറച്ചുവെച്ചുകൊണ്ടുള്ള മനുഷ്യത്വ പ്രകീര്‍ത്തനങ്ങള്‍ മരണകാരണം മറച്ചുവെച്ചുകൊണ്ട് മരണം ജീവിത യാഥാര്‍ഥ്യമാണ് എന്ന തത്വചിന്ത എഴുതി വെക്കപ്പെടുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനേക്കാള്‍ അരോചകമാണ്. ‘പട്ടിക ജാതി/വര്‍ഗങ്ങള്‍ ഒഴികെ’ എന്നുള്ള വിവാഹാലോചനപ്പരസ്യങ്ങള്‍ പത്രക്കോളങ്ങളില്‍ ദിവസക്കാഴ്ചയാണ്. അതിനെ മറികടക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടവരാണ് ആതിരയും കെവിനും. വീട്ടുജോലിക്കും പ്രസവ ശുശ്രൂഷക്കും വരെ സ്വന്തം ജാതിയും മതവും പറഞ്ഞ് ആളെ ക്ഷണിക്കുന്ന പരസ്യങ്ങള്‍ പോലും അതി സ്വാഭാവികമാം വിധം ഉള്‍ക്കൊള്ളുന്ന ‘ജാതിയില്ലാക്കേരളത്തില്‍’ ആതിരയും കെവിനും ജാതിക്കൊലകള്‍ക്കിരയായപ്പോള്‍ അച്ഛന്റെ രോദനവും അമ്മയുടെ വേദനയുമൊക്കെയായി അത് വ്യാഖ്യാനിക്കപ്പെട്ടു. ജാതിയെന്ന മാനസിക രോഗം തനിക്കുണ്ട് എന്ന് അംഗീകരിക്കാന്‍ എല്ലാക്കാലത്തും കേരളത്തിന് മടിയാണ്, അതുകൊണ്ടാണത് ചികത്സിക്കപ്പെടാത്തതും!

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757