zero hour

ഗവര്‍ണര്‍ കം സംസ്ഥാന പ്രസിഡണ്ട് – ചാക്യാര്‍

ഒടുവില്‍ ചാക്യാര്‍ വിചാരിച്ചതു തന്നെ സംഭവിച്ചു. പൗരത്വനിയമ ഭേദഗതി നിയമത്തിന് സ്റ്റേയില്ല. പകരം വാദം കേള്‍ക്കുന്നത് പതിവുപോലെ അഞ്ചാഴ്ചയിലേക്ക് നീട്ടിവെച്ചു. സമരം നിര്‍ത്തിവന്നാല്‍ വാദം കേള്‍ക്കാമെന്നായിരുന്നല്ലോ ആദ്യമേ തന്നെ ബഹുമാനപ്പെട്ട ഏമാനന്മാര്‍ വ്യക്തമാക്കിയിരുന്നത്. അതുകൊണ്ടാണ് വാദം കേള്‍ക്കുന്ന ദിനത്തിന് കാര്യമായ പ്രാധാന്യം ചാക്യാര്‍ കല്‍പ്പിക്കാതിരുന്നത്. അല്ലെങ്കിലും ജനാധിപത്യരാജ്യത്തിപ്പോള്‍ ബി.ജെ.പിക്ക് ലഭിച്ചിരിക്കുന്നത് അവര്‍ അവകാശപ്പെടുംപോലെ മൃഗീയഭൂരിപക്ഷമല്ലേ. മൃഗീയ ഭൂരിപക്ഷം ലഭിച്ചാല്‍ മൃഗങ്ങളെപോലെ പെരുമാറാമെന്നല്ലേ പ്രമാണം. സംഘ്പരിവാറിന്റെ നിയമവ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കോടതിയില്‍ അമിത പ്രതീക്ഷ വെച്ചുപുലര്‍ത്തേണ്ടതില്ലെന്ന് ആഭ്യന്തരന്‍ അമിത് വാചകമടിക്കുകയും ചെയ്തിരുന്നു. ഏതായാലും വിധിക്ക് സ്റ്റേയില്ലാത്തതിനാല്‍ രാജ്യത്ത് ആസാദി മുദ്രാവാക്യം വിളിക്കുന്ന വിദ്യാര്‍ഥികളും പൗരന്മാരും ചേര്‍ന്ന് ഒരു ജനകീയ വിധി പുറപ്പെടുവിച്ചു. സമരത്തിനും സ്റ്റേയില്ല. അപ്രകാരം സ്റ്റേയില്ലാത്ത കോടതിവിധിക്ക് മറ്റൊരര്‍ഥം കൂടിയുണ്ടായി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അഞ്ചാഴ്ച്ച കൂടി വീട്ടിനകത്തിരിക്കേണ്ടിവരും. സമരക്കാര്‍ പ്രധാനമന്ത്രിയെ അസമിലേക്ക് ക്ഷണിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. സാധാരണ വിളിക്കുന്നതിന് മുന്നേ പറന്നുപോകുന്ന ആളാണ്. പക്ഷേ, ഇപ്രാവശ്യം സുരക്ഷാഭടന്മാര്‍ വിലക്കി. വെറുതെ റിസ്‌കെടുക്കേണ്ട എന്നാണ് അവരുടെ ഉപദേശം. ബംഗാളിലേക്ക് ടിയാന്‍ പോയത് വായുവിലൂടെയും വെള്ളത്തിലൂടേയുമാണ്. അമിതിനുമുണ്ടായിരുന്നു കേരളം സന്ദര്‍ശിക്കണമെന്നും കരിക്ക് തിന്നണമെന്നുമൊക്കെയൊരു മോഹം. വെറുതെ ഈ മോഹങ്ങളെന്നറിഞ്ഞിട്ടും വെറുതെ മോഹിക്കുകയാണ് ഇരുവരും. കരിയിലൂടെയുള്ള യാത്ര രണ്ടുപേര്‍ക്കും കഴിയുന്നില്ല ബില്ല് പാസാക്കിയതിനുശേഷം. കരിങ്കൊടിയും ഗോബാക് വിളികളും കൊണ്ട് ശബ്ദമുഖരിതമാണ് അന്തരീക്ഷം. ഗ്രഹസ്ഥാശ്രമമാണ് ഇനി നല്ല വഴി. മോദി പിന്നെ വീട്ടുകാരെ മേരാ പ്യാരാ ദേശ് വാസികള്‍ക്ക് വേണ്ടി വഴിയിലുപേക്ഷിച്ചതുകൊണ്ട് ഗ്രഹസ്ഥാശ്രമത്തിനും വഴിയില്ല.

ചാക്യാര്‍ക്ക് കുറച്ച് സമാധാനമായി. കേരളത്തില്‍ അങ്ങനെ പത്തു ജില്ലകളില്‍ കഴിഞ്ഞ ദിവസം ബി.ജെ.പിക്ക് ജില്ലാ പ്രസിഡണ്ടുമാരെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞു. ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളെ സംബന്ധിച്ച് ഇതൊന്നും ചെറിയ കാര്യമല്ല. അവര്‍ക്ക് ചിലപ്പോള്‍ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ എളുപ്പമായിരിക്കും. പക്ഷേ, പാര്‍ട്ടിക്കുള്ളിലെ തെരഞ്ഞെടുപ്പ് എന്നും ഒരു കീറാമുട്ടി തന്നെയാണ്. രാജ്യം മുഴുവന്‍ വിദ്യാര്‍ഥികളും സ്ത്രീകളും തെരുവിലിറങ്ങി പൗരത്വബില്ലിനെതിരെ രണ്ടാം സ്വാതന്ത്ര്യസമരം തന്നെ നടത്തുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖ്യചര്‍ച്ച നാലു വര്‍കിംഗ് പ്രസിഡണ്ടുമാരും 10 വൈസ് പ്രസിഡണ്ടുമാരും 20 ജനറല്‍ സെക്രട്ടറിമാരുമടങ്ങുന്ന ജംബോ ഭാരവാഹി പട്ടികയെ ചൊല്ലിയുള്ള പുകിലും പുക്കാറുമാണ്. ഒരു കൊച്ചു കേരളത്തിലാണ് ഇത്തരത്തിലുള്ള ജംബോ സര്‍ക്കസിന് അവര്‍ തയ്യാറെടുക്കുന്നത്. ഈ സമയത്താണ് അതി സാഹസികമായി പത്തു ജില്ലകളില്‍ പ്രസിഡണ്ടുമാരെ പ്രഖ്യാപിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞത്. പൗരത്വബില്ലിന്റെ പേരില്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ഒരു സമുദായത്തെ പുറത്താക്കുന്നതിനെതിരായി രാജ്യത്തെ പിടിച്ചുകുലുക്കികൊണ്ടിരിക്കുന്ന സമരങ്ങളൊന്നും ബി.ജെ.പിക്ക് വിഷയമല്ല. കേരളത്തില്‍ അവരാലോചിക്കുന്നത് പാര്‍ട്ടിയില്‍ ആരെ പൗരന്മാരാക്കണം ആരെ അപരന്മാരാക്കണമെന്ന കാര്യമാണ്. കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് ഗ്രൂപ്പുകളിയില്‍ ഗിന്നസ് ബുക്കില്‍ പേരുവരുത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷനില്ലാതെ മുന്നോട്ടുപോകുന്ന മഹാല്‍ഭുതമല്ലേ ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്നത്. ഉടന്‍ തെരഞ്ഞെടുക്കുമെന്ന് പറയാന്‍ തുടങ്ങിയിട്ട് കോഴിക്ക് മുല വരുമെന്ന് പറയുന്നത് കണക്കെയായി. നാലു പേരുള്ള പട്ടികയില്‍ നിന്ന് ഒരാളെ കണ്ടെത്താനുള്ള അന്തിമവാദം ജനുവരി പത്തിനകം കേന്ദ്രനേതാക്കള്‍ കേള്‍ക്കുമെന്നാണ് പ്രസിഡണ്ടാകാന്‍ കുപ്പായം തയിച്ചുവെച്ചവര്‍ പാര്‍ട്ടിക്കകത്തും പുറത്തും പറഞ്ഞുകൊണ്ടിരുന്നത്. എന്നിട്ടിപ്പോളവര്‍ കിളിപോയ അവസ്ഥയിലാണ്. അടുത്ത മിസോറാം ഗവര്‍ണറാകാന്‍ തയ്യാറെടുത്ത് മിസോ ഭാഷ പഠിക്കുകയും മിസോ ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ആ മഹാപുരുഷനാരാണെന്ന് ജനം ഉറ്റുനോക്കികൊണ്ടിരിക്കുകയാണ്. കേരളത്തില്‍ സംസ്ഥാന പ്രസിഡണ്ടായി പരാജയപ്പെടുത്തുന്നവരെ കുടിയിരുത്താനുള്ള സ്ഥലമാണല്ലോ മിസോറാം. പൗരത്വഭേദഗതി നിയമത്തെ ന്യായീകരിക്കാന്‍ നേതാക്കള്‍ വീടുകയറി നിരങ്ങിയപ്പോള്‍ ജനങ്ങള്‍ ബി.ജെ.പിയോട് ചോദിച്ചത് ഒരു പഴയ മുദ്രാവാക്യമാണ്. ആരാ നിങ്ങടെ നേതാവ്, എന്താ നിങ്ങടെ പരിപാടി. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് നിറവും കൂറും മാറുകയും അവിടെ നിന്നും മംഗലാപുരം വഴി ബി.ജെ.പിയിലേക്ക് പരിണമിക്കുകയും ചെയ്ത അല്‍ഭുതകുട്ടിയെ മുന്നില്‍ നിറുത്തുന്നത് കാണുമ്പോള്‍ ചാക്യര്‍ക്ക്, ചിരി വരാന്‍ ഇപ്പോള്‍ അധികകഥകളൊന്നും സദസിനോട് പറയേണ്ടിവരുന്നില്ല.

അപ്പോഴാണ് ബി.ജെ.പിയുടെ കലികാലം കഴിയുന്നത്. കുമ്മനം രാജശേഖരനും ടി.പി സെന്‍കുമാറിനും അടിക്കാത്ത ലോട്ടറി ആരിഫ് മുഹമ്മദ് ഖാന് കിട്ടിയത്. അല്‍ഭുതകുട്ടിയെ കടത്തിവെട്ടുന്ന വിധത്തില്‍, ഏതാണ്ട് ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളിലും പ്രവര്‍ത്തിച്ചു രാഷ്ട്രീയത്തഴക്കമുള്ള വ്യക്തിത്വമാണ് ആരിഫ്ജി. പതിവിന് വിപരീതമായി ടിയാന്‍ മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തതും. സംസ്ഥാനത്ത് ബി.ജെ.പിക്ക് അധ്യക്ഷനില്ലാത്ത കുറവ് ഗവര്‍ണര്‍ പരിഹരിക്കുമെന്ന പ്രതിജ്ഞയാണ് അതുവഴി നടത്തിയത്. വെറുതെയല്ല പുതിയ ഗവര്‍ണറെ നവോത്ഥാന നായകനാക്കി സ്ഥാനമൊഴിഞ്ഞ സംസ്ഥാന പ്രസിഡണ്ട് പ്രസ്താവനയിറക്കിയത്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ജനകീയ മുഖ്യമന്ത്രിയെ അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ വിളിച്ചുവരുത്തി വിരട്ടിക്കൊണ്ടാണ് ഗവര്‍ണര്‍ തന്റെ പണി തുടങ്ങിയത്. മുട്ടും ചങ്കും കരളും വിറച്ച ഇരട്ടചങ്കനെയാണ് ചാക്യാര്‍ക്ക് അന്നവിടെ കാണേണ്ടിവന്നത്. പൗരത്വബില്ലിനെതിരെ കേരളനിയമസഭ പ്രമേയം പാസാക്കിയതും സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തതും പാവം നമ്മുടെ ഗവര്‍ണര്‍ക്കിഷ്ടപ്പെട്ടിട്ടില്ല. ഒരേ സമയം ഗവര്‍ണറും ബി.ജെ.പി അധ്യക്ഷനും കേരളത്തിന്റെ ഭരണത്തലവനുമാകാനുള്ള അടവുകളും ചുവടുകളുമാണ് ഗവര്‍ണര്‍ നടത്തിവരുന്നത്. അതിനെ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിച്ചു തടയിടുകയാണ് വേണ്ടത്. സര്‍ സി.പി വാഴാത്തിടത്താണോ ഖാന്റെ കസര്‍ത്തുകള്‍.
ഏതു വീരശൂര പരാക്രമികള്‍ക്കും ചില പേടികളുണ്ടാകും. ചില വസ്തുക്കളോട്, ചില പ്രവര്‍ത്തികളോട്, ചില ജീവികളോട്, ചില മനുഷ്യരോട്. അപ്രകാരം തോന്നുന്ന ഭയത്തെയാണ് മനഃശാസ്ത്രം ഫോബിയ എന്ന് വിശദീകരിക്കുന്നത്. താഴെ പറയുന്ന ലക്ഷണങ്ങള്‍ അതിനുണ്ടാകും. ഭീതി ആവശ്യമില്ലാത്ത സാഹചര്യത്തിലും ഭീതി തോന്നുക. സാഹചര്യത്തിന് ആവശ്യമില്ലാത്ത അളവില്‍ യുക്തിക്ക് നിരക്കാത്ത വിധത്തിലാവുക ആ ഭീതി. ഭീതിതന് ഭീതിയുടെ മേല്‍ യാതൊരു നിയന്ത്രണവുമില്ലാതിരിക്കുക. വര്‍ധിച്ച ഹൃദയസ്പന്ദനവും വിറയലും അനുഭവപ്പെടുക. ഓടിയൊളിക്കാനുള്ള ത്വര, ശ്വാസം കിട്ടുവാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയും അടയാളങ്ങളാണ്. ലോകത്തെ വിറപ്പിച്ച ഹിറ്റ്‌ലര്‍ പോലും പാറ്റയെ കണ്ടാല്‍ പേടിച്ചു അലറിവിളിക്കുമായിരുന്നു. നമ്മുടെ ഇരട്ട ചങ്കനുമുണ്ട് രണ്ടു പേരേ പേടി. അതിലൊന്ന് കേരള ഗവര്‍ണറാണ്. മറ്റൊന്ന് സംസ്ഥാന പൊലീസ് മേധാവിയും. പാവം നമ്മുടെ കുട്ടികള്‍ അലനും ത്വഹയും. ഇരുമ്പഴിക്കുള്ളില്‍ തുരുമ്പെണ്ണാനാണല്ലോ ആ കൊച്ചുങ്ങളുടെ വിധി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757