Opinion

സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍: അടിസ്ഥാന ചോദ്യങ്ങള്‍

 

1. എന്താണ് പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമത്തിലെ ഭേദഗതി സി.എ.എ ?

1955-ല്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമമാണ് (Citizenship (Amendment) Act 2019), ആര്‍ക്കൊക്കെ ഇന്ത്യന്‍ പൗരത്വം നേടാന്‍/നല്‍കാന്‍ കഴിയുമെന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന അടിസ്ഥാന രേഖ. പിന്നീട് 1986, 1992, 2003, 2005, 2015, 2019 വര്‍ഷങ്ങളില്‍ ഈ നിയമം ഭേദഗതി ചെയ്തു. ഇപ്പോള്‍ നടപ്പാക്കിയ ഭേദഗതിയനുസരിച്ച് 2014 ഡിസംബര്‍ 31ന് മുമ്പ് അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി വന്ന ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ മതസമൂഹങ്ങളില്‍ നിന്നുള്ളവരെ ഇനി മുതല്‍ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കില്ല. ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ ഇന്ത്യയില്‍ താമസിക്കേണ്ട കുറഞ്ഞ കാലാവധി 11 വര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമായി ഈ വിഭാഗങ്ങള്‍ക്ക് കുറച്ചു നല്‍കി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ദേശീയ ജനസംഖ്യാ പട്ടിക (എന്‍.പി.ആര്‍), അസമില്‍ നടപ്പിലാക്കിയ ദേശീയ പൗരത്വ പട്ടിക (എന്‍.ആര്‍.സി) തുടങ്ങിയ നടപടികളിലൂടെ പൗരത്വം നഷ്ടപ്പെട്ട മുസ്‌ലിമേതര വിഭാഗങ്ങള്‍ക്ക് പുതിയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതോടെ പൗരത്വം ലഭിക്കുകയും മുസ്ലിം വിഭാഗത്തിന് മാത്രം പൗരത്വം നിഷേധിക്കപ്പെടുകയും ചെയ്യുന്നു.

2. ഈ ഭേദഗതി എങ്ങനെയാണ് ഭരണഘടനാവിരുദ്ധമാകുന്നത്?

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ഇന്ത്യയിലുള്ള എല്ലാവര്‍ക്കും നിയമത്തിന് മുന്നിലെ തുല്യതയും തുല്യ നിയമപരിരക്ഷയും ഉറപ്പുനല്‍കുന്നു. ആര്‍ട്ടിക്കിള്‍ 15 മത-വംശ-ജാതി-ലിംഗ-ജന്മദേശ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പൗരന്മാര്‍ക്കെതിരില്‍ വിവേചനങ്ങള്‍ അടിച്ചേല്‍പിക്കുന്നതില്‍ നിന്ന് ഭരണകൂടത്തെ വിലക്കുന്നു. മതാടിസ്ഥാനത്തില്‍ ഒരു വിഭാഗത്തോട് വിവേചനം കല്‍പിക്കുകയും പൗരത്വം പോലുള്ള അടിസ്ഥാന അവകാശം നിഷേധിക്കുകയും ചെയ്യുന്നതിലൂടെ പ്രത്യക്ഷമായ ഭരണഘടനാലംഘനമാണ് ഈ നിയമഭേദഗതിയിലൂടെ സംഘ്പരിവാര്‍ നടപ്പിലാക്കുന്നത്.

3. എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? പൗരത്വ നിയമ ഭേദഗതിയും എന്‍.ആര്‍.സിയും എന്‍.പി.ആറും തമ്മില്‍ എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു?

എന്‍.പി.ആര്‍ എന്നാല്‍ ദേശീയ ജനസംഖ്യ പട്ടിക (National Population Register) ആണ്. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും ജനസംഖ്യാ വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും അടങ്ങുന്ന ഡാറ്റാബേസ് ആണ് എന്‍.പി.ആര്‍. പ്രാദേശിക-ജില്ലാ-സംസ്ഥാന-ദേശീയ തലങ്ങളില്‍ ഇത് സൂക്ഷിക്കും. 2003 ലെ പൗരത്വ ചട്ടങ്ങള്‍ പ്രകാരമാണ് എന്‍.പി.ആര്‍ നടപ്പാക്കുന്നത്. 2010ലാണ് എന്‍.പി.ആര്‍ ആദ്യമായി നടപ്പാക്കിയത്. അസമില്‍ നടപ്പാക്കിയ എന്‍.ആര്‍.സിയുടെ അഖിലേന്ത്യാ പതിപ്പാണ് എന്‍.പി.ആര്‍. 2020 സെപ്തംബറോടെ രാജ്യവ്യാപകമായി ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണിത്.

അസമിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ നടപ്പാക്കിയതാണ് എന്‍.ആര്‍.സി (National Register of Citizens) അഥവാ ദേശീയ പൗരത്വ പട്ടിക. പക്ഷേ, ഇത് രാജ്യമെമ്പാടും നടപ്പാക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. 2019 ആഗസ്റ്റ് 31 ന് പുറത്തുവിട്ട എന്‍.ആര്‍.സി പ്രകാരം 3.09 കോടി വരുന്ന അസം ജനതയിലെ 19 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്താണ്. സുപ്രീം കോടതി അസമിന് വേണ്ടി പ്രത്യേകം നിര്‍ദേശിച്ച പദ്ധതി ആയതിനാല്‍ എന്‍.ആര്‍.സി മറ്റുസംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ സാധിക്കില്ല. എന്നാല്‍, പുതിയ നിയമ നിര്‍മാണം വഴി സാധിക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിത്തുടങ്ങിയ എന്‍.പി.ആര്‍ ദേശീയ പൗരത്വ പട്ടികയായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഈ രണ്ട് പട്ടികകളും പ്രകാരം പൗരത്വം എടുത്തുകളയപ്പെട്ടവരില്‍ മുസ്ലിംകള്‍ ഒഴികെയുള്ള ജനവിഭാഗങ്ങള്‍ക്ക് സി.എ.എ പ്രകാരം പൗരത്വം ലഭിക്കുകയും മുസ്ലിംകള്‍ ഇന്ത്യന്‍ പൗരന്‍മാരല്ലാതായിത്തീരുകയും ചെയ്യും എന്നതാണ് എന്‍.പി.ആര്‍-എന്‍.ആര്‍.സി-സി.എ.എ പാക്കേജിന്റെ അന്തിമഫലം.

4. സംഘ്പരിവാര്‍ യഥാര്‍ഥത്തില്‍ ഈ നിയമഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നതെന്താണ്?

ദേശീയ പൗരത്വ പട്ടികയും പൗരത്വ ഭേദഗതി നിയമവും ആത്യന്തികമായി ലക്ഷ്യം വെക്കുന്നത് രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്ലിംകളെയാണ്. എന്‍.പി.ആര്‍/എന്‍.ആര്‍.സി നടപടികളിലൂടെ പൗരത്വപ്പട്ടികയില്‍ നിന്ന് പുറന്തള്ളപ്പെടുന്ന മുസ്ലിമിതര ജനവിഭാഗങ്ങള്‍ക്ക് പൗരത്വ ഭേദഗതി നിയമത്തിലൂടെ പൗരത്വം സ്ഥാപിച്ചു കിട്ടും. ജനിച്ചുവളര്‍ന്ന മണ്ണില്‍ മുസ്‌ലിംകള്‍ക്ക് മാത്രം പൗരത്വം നിഷേധിക്കുകയും പട്ടികയില്‍ നിന്ന് പുറന്തള്ളപ്പെടുന്നവരെ അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തി ഡിറ്റന്‍ഷന്‍ ക്യാമ്പുകളിലേക്ക് അയക്കുകയും ചെയ്യും. അത്തരത്തിലുള്ള പടുകൂറ്റന്‍ തടങ്കല്‍ പാളയങ്ങള്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിര്‍മാണത്തിലാണ്. ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും അടങ്ങുന്ന പാക്കേജ് ഗോള്‍വാള്‍ക്കര്‍ ‘ആഭ്യന്തരഭീഷണി’യായി പ്രഖ്യാപിച്ചവരില്‍ ഒന്നാം സ്ഥാനത്തുള്ള മുസ്‌ലിം സമൂഹത്തെ തുടച്ചുനീക്കാനുള്ള സംഘ്പരിവാറിന്റെ വംശീയ ഉന്മൂലന പദ്ധതിയാണ്.

5. പൗരത്വം നിഷേധിക്കപ്പെടുന്നതിലൂടെ എന്താണ് സംഭവിക്കുക?
ആധുനിക ദേശരാഷ്ട്ര സംവിധാനത്തിനകത്ത് ഒരാള്‍ ഒരു മനുഷ്യനായി പരിഗണിക്കപ്പെടുന്നതിന്റെ മാനദണ്ഡം പൗരത്വമാണ്. പൗരന്‍ എന്ന അടിസ്ഥാന അവകാശം നിഷേധിക്കപ്പെടുന്നതോടെ പൗരാവകാശങ്ങള്‍ക്ക് പ്രസക്തി ഇല്ലാതാകുന്നു. പൗരത്വമില്ലാത്തവര്‍ക്ക് അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാനുള്ള അവകാശം പോലും ഇല്ല. അവര്‍ ദേശവും മേല്‍വിലാസങ്ങളും ഇല്ലാത്തവരാണ്. അവരുടെ ക്ഷേമവും സുരക്ഷിതത്വവും ഭരണകൂട സംവിധാനങ്ങളുടെ ബാധ്യതയല്ലാതായി മാറുന്നു. അയല്‍ രാജ്യങ്ങളിലേക്ക് കയറ്റിയയക്കപ്പെടുകയെന്ന അത്യധികം നിന്ദ്യമായ സാധ്യത പോലും അവര്‍ക്ക് മുന്നിലില്ല. പിന്നീട് അവരെ കാത്തിരിക്കുന്നത് തടങ്കല്‍ പാളയങ്ങളാണ്. തടവറകളില്‍ മൃഗങ്ങളെ പോലെ ജീവിച്ചു മരിക്കുകയെന്ന ദാരുണവിധിയായിരിക്കും പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുന്നവരെ കാത്തിരിക്കുന്നത്.

6. എന്‍.പി.ആര്‍-എന്‍.ആര്‍.സി-സി.എ.എ പദ്ധതികളെ നാം തുറന്നെതിര്‍ക്കുന്നതെന്ത് കൊണ്ട്?
ഈ പദ്ധതികള്‍ രാജ്യവ്യാപകമായി നടപ്പിലാക്കുന്നതോടെ രേഖകള്‍ തയ്യാറാക്കാനും പൗരത്വം സ്ഥാപിച്ചുകിട്ടാനും വേണ്ടി ഇന്ത്യയിലെ 130 കോടിയിലധികം വരുന്ന ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ വരിനില്‍ക്കേണ്ടി വരും. പൗരത്വം സംബന്ധിച്ച് അധികൃതര്‍ എതിര്‍പ്പുന്നയിച്ചാല്‍ വസ്തുത തെളിയിക്കാന്‍ നെട്ടോട്ടമോടേണ്ടി വരും. ഇതില്‍ എല്ലാ മതക്കാരും മതമില്ലാത്തവരും ഉണ്ടാകും. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമുള്ള അസമില്‍ നടപ്പിലാക്കിയ എന്‍.ആര്‍.സിക്ക് വേണ്ടി മാത്രം കോടികളുടെ ചിലവ് വന്നു. അമ്പതിനായിരം ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ആ ഉദ്യമത്തില്‍ പങ്കാളികളായി. നിരവധി വര്‍ഷങ്ങള്‍ അതിനായി നീക്കി വെച്ചു. എന്‍.ആര്‍.സിക്ക് ശേഷം പ്രയോഗിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിലൂടെ പുറന്തള്ളപ്പെടുന്ന മുസ്ലിം ജനവിഭാഗത്തെ കൂട്ടത്തോടെ വംശീയ ഉന്മൂലനത്തിന് വിധേയമാക്കും. ചാതുര്‍വര്‍ണ്യത്തിലും സവര്‍ണ്ണതയിലും അധിഷ്ഠിതമായ സംഘ്പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്ര നിര്‍മിതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഈ മുസ്ലിം ഉന്മൂലനമാണ്. ഇതര ന്യൂനപക്ഷങ്ങളും ദലിത്-ആദിവാസി വിഭാഗങ്ങളും ക്രമേണയായി ഈ ഉന്മൂലന പദ്ധതികള്‍ക്ക് ഇരയാക്കപ്പെടും.

തെരുവിലിറങ്ങി ഒറ്റക്കെട്ടായി നിന്ന് പോരാടുകയല്ലാതെ നമുക്ക് മുന്നില്‍ വേറെ വഴികളില്ല. ജാമിഅ മില്ലിയ-അലിഗഢ് വിദ്യാര്‍ഥികള്‍ കൊളുത്തിയ ഈ സമരാഗ്‌നി ഇപ്പോള്‍ രാജ്യവ്യാപകമായി അലയടിച്ചുകൊണ്ടിരിക്കുകയാണ്. ഈ പോരാട്ടത്തില്‍ രക്തസാക്ഷികളായ മുപ്പതിലധികം സഹോദരങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍! അവര്‍ ജീവന്‍ ത്യജിച്ചത് നമുക്ക് വേണ്ടിയാണ്. ചന്ദ്രശേഖര്‍ ആസാദിനെ പോലുള്ള നിരവധി പേരെ ഭരണകൂടം തടങ്കലിലിട്ടു. സമരത്തിന് നേതൃത്വം കൊടുത്ത വിദ്യാര്‍ഥികള്‍ക്കെതിരില്‍ യു.പിയിലും അലിഗഡിലും നിരവധി കേസുകളാണ് പൊലീസ് ചാര്‍ത്തിയിരിക്കുന്നത്. സംഘ് വംശീയതക്കെതിരായ പ്രക്ഷോഭങ്ങള്‍ നിലക്കാതെ മുന്നോട്ടുനയിക്കാന്‍ നമുക്ക് പരസ്പരം കൈകള്‍ കോര്‍ക്കാം.

(ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ലഘുലേഖ)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757