Opinion

സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍: എതിര്‍പ്പിന്റെ വസ്തുതകള്‍

സംഘ്പരിവാറിന്റെ വംശീയ വിഭജന പദ്ധതികള്‍ തെരുവില്‍ ചോദ്യംചെയ്യുന്ന സവിശേഷ സന്ദര്‍ഭത്തിലാണല്ലോ നാം ജീവിക്കുന്നത്. മുഴുവന്‍ ജനങ്ങള്‍ക്കും അന്തസ്സുള്ള ജീവിതം ഉറപ്പുനല്‍കുന്ന ഭരണഘടനയെ കൊലപ്പെടുത്തി, തല്‍സ്ഥാനത്ത് വംശീയ വിദ്വേഷത്തിന്റെ സംഘ്‌രാഷ്ട്രം നിര്‍മിക്കാനുള്ള പരിശ്രമത്തിലാണ് മോദി സര്‍ക്കാര്‍. വെറുപ്പ് ചുരത്തുന്ന ഗോള്‍വാള്‍ക്കറുടെ വിചാരധാരയാണ് അവരുടെ ആശയാടിത്തറ. സവര്‍ണ തമ്പുരാക്കന്‍മാര്‍ക്കുവേണ്ടി വിധേയരും അവകാശങ്ങളുമില്ലാത്ത ജനത വിടുപണി ചെയ്യുന്ന കാലം പുനരാനയിക്കാനാകുമെന്ന മോഹമാണ് പൗരത്വ ഭേദഗതി നിയമത്തിലും പൗരത്വ പുനഃപരിശോധന പദ്ധതിയിലും തെളിഞ്ഞു കിടക്കുന്നത്.

ജനങ്ങളെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമം (സി.എ.എ)
ഫാഷിസത്തിന്റെ ഏറ്റവും വലിയ മൂലധനം ‘നിഷ്‌കു’കളുടെ ആധിക്യമാണ്. നുണകള്‍ വിശ്വസിച്ചും വ്യാജം പ്രചരിപ്പിച്ചും വീരവാദങ്ങളില്‍ അഭിരമിച്ചും ഭരണകൂടത്തിന്റെ ചോദ്യങ്ങള്‍ ‘നിഷ്‌കളങ്ക’മായി അക്കൂട്ടര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മതപീഡനം സഹിക്കാനാകാതെ 2014 ഡിസംബര്‍ 31ന് മുമ്പ് രക്ഷതേടി വന്നവര്‍ക്ക് പൗരത്വം കൊടുക്കാന്‍ മാത്രമല്ലേ ഈ ഭേദഗതി കൊണ്ടുവന്നത്? മുസ്‌ലിംകളെ ഒഴിവാക്കിയതിന് കാരണം അവയെല്ലാം മുസ്‌ലിം രാഷ്ട്രങ്ങളായതുകൊണ്ടല്ലേ? ഈ നിയമം ഇന്ത്യയില്‍ ജീവിക്കുന്ന മുസ്‌ലിംകളുടെ പൗരത്വം റദ്ദ് ചെയ്യുന്നില്ലല്ലോ? പിന്നെന്തിനാണ് ഇത്രയും വലിയ കോലാഹലങ്ങളും പ്രക്ഷോഭങ്ങളും? ഇത്തരം യമണ്ടന്‍ ചോദ്യങ്ങളുടെ മണ്ടത്തരം മനസ്സി ലാക്കാന്‍ അമിത് ഷാ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് നിര്‍വഹിച്ച പ്രസംഗങ്ങള്‍ കേട്ടാല്‍ മതി, വിവാദങ്ങളില്ലാതെ നടന്നുകൊണ്ടിരുന്ന ജനസംഖ്യ കണക്കെടുപ്പ് ദേശീയ പൗരത്വപ്പട്ടികയുമായി ചേര്‍ത്ത് സങ്കീര്‍ണമാക്കിയതിന്റെ കാരണങ്ങള്‍ തേടിയാല്‍ മതി.

റദ്ദാക്കപ്പെടുന്നത് ഭരണഘടന തന്നെ
രാജ്യാതിര്‍ത്തിക്കകത്ത് ജീവിക്കുന്ന എല്ലാവര്‍ക്കും സമത്വവും തുല്യ നിയമ പരിരക്ഷയും ഉറപ്പുവരുത്തുന്ന ഭരണഘടന അനുച്ഛേദം 14,15 മത-ജാതി-ലിംഗ-ഭാഷ-വംശപരമായ എല്ലാ വിവേചനങ്ങളെയും തടയുന്നു. പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്തിരിക്കുന്നത് ഈ രണ്ട് ആര്‍ട്ടിക്കിളുകളിലൂടെയും വിഭാവനം ചെയ്യപ്പെടുന്ന, എല്ലാ മതവിശ്വാസികളും തുല്യര്‍ എന്ന ഭരണഘടനയുടെ ആത്മാവിനെയാണ്. മുസ്‌ലിമല്ല എന്ന കാരണത്താല്‍ പൗരത്വം ലഭിക്കാനും മുസ്‌ലിമാണ് എന്നതിന്റെ പേരില്‍ പൗരത്വം നിഷേധിക്കാനുമുള്ള നിയമ പ്രാബല്യത്തിന്റെ പേരാണ് സി.എ.എ. ഈ ഭേദഗതി പൗരത്വം വിശദീകരിക്കുന്ന ഭരണഘടനയുടെ അഞ്ച് മുതല്‍ 11 വരെയുള്ള അനുച്ഛേദങ്ങളുടെ ലംഘനം കൂടിയാണ്.

ഇന്ത്യന്‍ പൗരന്മാര്‍ ആരെന്ന് നിര്‍വചിക്കുന്നത് 1956-ലെ പൗരത്വ നിയമത്തിനനുസൃതമാണ്. പൗരത്വത്തിന്റെ അടിസ്ഥാനമായി ജനനത്തെ നിര്‍ണയിച്ചിട്ടുള്ള നമ്മുടെ രാജ്യം പല ഘട്ടങ്ങളിലായി (1986, 2003, 2005, 2015) നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. അതിലൊന്നും മതം ഒരടിസ്ഥാനമായിരുന്നില്ല. നിയമപരമായി 1986 ജൂലൈ ഒന്നിന് മുന്‍പ് ഇന്ത്യയില്‍ ജനിച്ചവര്‍ ജനനം വഴി പൗരന്‍മാരാണ്. 1986 ജൂലൈ ഒന്നിനും 2004 ഡിസംബര്‍ മൂന്നിനും ഇടയില്‍ ജനിച്ചവരുടെ മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യക്കാരനാണെങ്കില്‍ അവരും പൗരന്‍മാരാണ്. അതിനുശേഷം ജനിച്ചവരുടെ മാതാവും പിതാവും ഇന്ത്യന്‍ പൗരന്‍മാരാണെങ്കിലേ പൗരത്വം ലഭിക്കൂ. എന്നാല്‍, ബി.ജെ.പി പ്രസിഡണ്ട് അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്ത പൗരത്വ ഭേദഗതിയും വരാന്‍പോകുന്ന പൗരത്വപ്പട്ടികയും നുഴഞ്ഞുകയറ്റക്കാര്‍ എന്ന ചെല്ലപ്പേരില്‍ ഒരു വിഭാഗമാളുകള്‍ക്ക് ഈ നിയമ പരിരക്ഷ നിഷേധിക്കുന്നു. കൃത്യമായി മതവിദ്വേഷവും ദേശ വിവേചനവും അടങ്ങിയിരിക്കുന്ന പുതിയ ഭേദഗതി പ്രകാരം അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് വന്നുവെന്ന് തെളിയിക്കുന്ന മുസ്‌ലിമല്ലാത്തവര്‍ക്ക് പൗരത്വം ലഭിക്കും. മുസ്‌ലിംകള്‍ക്കും ഈ മൂന്ന് രാഷ്ട്രങ്ങളുടെ പുറത്ത് മതപീഡനം അനുഭവിക്കുന്ന അഭയാര്‍ഥികള്‍ക്കും നിയമ പരിരക്ഷക്ക് അര്‍ഹതയില്ല. മത, ദേശ വിവേചനം ഇത്രയും പ്രകടമായ ഒരു നിയമ നിര്‍മാണം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമാണ്.

ഈ ഭേദഗതി ഹിന്ദു സംരക്ഷണത്തിനോ?
സംഘ്പരിവാര്‍ മുസ്‌ലിംകളോട് പുലര്‍ത്തുന്ന വെറുപ്പല്ല, മതപീഡനങ്ങള്‍ക്ക് വിധേയരാകുന്ന ഹിന്ദുക്കളെ സംരക്ഷിക്കാനാണ് ഈ ഭേദഗതിയുടെ താല്‍പര്യമെങ്കില്‍ ശ്രീലങ്കയിലെ പീഡനത്തിനിരയാകുന്ന ഹിന്ദുക്കള്‍ക്ക് എന്തുകൊണ്ട് പൗരത്വം കൊടുക്കുന്നില്ല? (ലക്ഷക്കണക്കിന് ആളുകളാണ് അത്തരത്തില്‍ തമിഴ്‌നാട്ടിലും കേരളത്തിലുമുള്ളത്). നേപ്പാള്‍, ചൈന, മ്യാന്‍മാര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിയമപരിരക്ഷ നല്‍കാതിരിക്കുന്നതിന്റെ കാരണമെന്താണ്? ലളിതമാണ് ഉത്തരം. ഹിന്ദുകുഷ് മലനിരകളോളം പരന്നുകിടക്കുന്ന സവര്‍ണാധിപത്യ മോഹങ്ങളില്‍ നിന്നാണ് ഇത്തരം നിയമങ്ങള്‍ ഉയിരെടുക്കുന്നത്. ഗോള്‍വാള്‍ക്കറുടെ ഹിന്ദുത്വ രാഷ്ട്രത്തില്‍ ‘ശ്രീലങ്കയില്‍ നിന്നുള്ള അവര്‍ണ ഹിന്ദുക്കള്‍ക്കും’ ‘മ്ലേച്ഛരായ ബുദ്ധര്‍ക്കും’ വലിയ സ്ഥാനമൊന്നുമില്ല.

എന്‍.ആര്‍.സി എന്ന ഭൂതം
ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിലൂടെയാണ് സി.എ.എയുടെ ബീഭത്സത ബോധ്യമാകുക. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന രേഖകളില്ല എന്ന കാരണത്താല്‍ നൂറ്റാണ്ടുകളായി ഈ ദേശത്ത് ജീവിച്ചവരുടെ പിന്‍മുറക്കാരെ ഭൂമിയില്ലാത്തവരാക്കുന്ന ഭരണകൂട വഞ്ചനയാണ് പൗരത്വപ്പട്ടികയിലൂടെ നടപ്പാകുന്നത്. രാജ്യവ്യാപകമായി പൗരത്വം പുനഃപരിശോധനക്ക് വിധേയമാക്കപ്പെടുമ്പോള്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവരുടെ പൗരത്വം റദ്ദാക്കപ്പെടും. നുഴഞ്ഞുകയറ്റക്കാര്‍ മാത്രമേ പട്ടികയില്‍ നിന്ന് പുറത്താകൂ എന്ന ഫാഷിസ്റ്റ് സര്‍ക്കാര്‍ ഭാഷ്യം തൊണ്ടതൊടാതെ വിഴുങ്ങുന്നവര്‍ അസമിലേക്ക് നോക്കിയാലറിയാം അതിന്റെ ഭീകരത. പൗരത്വപ്പട്ടികയില്‍ സ്ഥാനം പിടിക്കാതെ പുറത്തുപോയവര്‍ക്ക് പൗരത്വത്തിലേക്ക് തിരിച്ചുവരാനുള്ള ഏകവഴി സി.എ.എയാണ്. മുസ്‌ലിംകള്‍ക്ക് അതിലൂടെ പ്രവേശനം സാധ്യമല്ല. മറ്റുള്ളവര്‍ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് മതപീഡനം സഹിക്കാനാകാതെ കുടിയേറിയതാണെന്ന് സത്യവാങ്മൂലം കൊടുത്താല്‍ ഒരു പക്ഷെ, സര്‍ക്കാര്‍ ദാക്ഷിണ്യത്തില്‍ പൗരത്വം തിരിച്ചുകിട്ടിയേക്കും. അതുകിട്ടാത്തവര്‍ക്ക് ഗോള്‍വാള്‍ക്കര്‍ സ്വപ്നംകണ്ട ഹിന്ദുരാഷ്ട്രത്തിന് കീഴൊതുങ്ങി ഒന്നും ചോദിക്കാതെ ഒരു അവകാശത്തിനും അര്‍ഹതയില്ലാതെ ജീവിക്കാം.

അസമിന്റെ അനുഭവ പാഠം
എന്‍.ആര്‍.സി എല്ലാ ഭീകരതയോടെയും നടപ്പാക്കിയ സംസ്ഥാനമാണ് അസം. 1971 മുതല്‍ അസമില്‍ സ്ഥിരതാമസക്കാരാണെന്നോ 1951 മുതല്‍ ഇന്ത്യന്‍ പൗരന്മാരായിരുന്ന വ്യക്തികളുടെ പിന്‍തലമുറയില്‍ പെട്ടവരാണെന്നോ രേഖാമൂലം തെളിയിച്ചവരാണ് പൗരത്വപ്പട്ടികയില്‍ ഇടംപിടിച്ചത്. രേഖകള്‍ സമര്‍പ്പിക്കാന്‍ മുന്നൂറ് കിലോമീറ്ററിലധികമുള്ള ക്യാമ്പുകളിലേക്ക് ദുരിതം താണ്ടി പലതവണ യാത്ര ചെയ്തിട്ടും ദിവസങ്ങളോളം കുടുംബ സമേതം വരിനിന്നിട്ടും 19 ലക്ഷം പേര്‍ പൗരത്വപ്പട്ടികയില്‍ നിന്ന് പുറംതള്ളപ്പെട്ടു. മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെയും നിരവധി ഇന്ത്യന്‍ സൈനികരുടെയും കുടുംബാംഗങ്ങള്‍ അങ്ങനെ പൗരന്‍മാരല്ലാതായി. 1971ന് മുന്‍പുള്ള ജനന-മരണ സര്‍ട്ടിഫിക്കറ്റുകളോ ഭൂമിയുടെ ആധാരമോ ഒന്നും കൈവശമില്ലാത്തവര്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ നിമിത്തം രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കും പൗരത്വം തെളിയിക്കാനായില്ല. നിലവിലെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട് എന്നിവയൊന്നും പൗരത്വ രേഖയായി അംഗീകരിച്ചതുമില്ല. അസമില്‍ എന്‍.ആര്‍.സി നടപ്പാക്കിയ പരാജയത്തില്‍ നിന്നാണ് പൗരത്വത്തില്‍ നിന്ന് പുറത്തുപോകുന്ന അമുസ്‌ലിംകള്‍ക്ക് തിരിച്ചുകയറാനുള്ള ഒരു വാതിലായി സി.എ.എ കൊണ്ടുവന്നത്.

കറന്‍സികള്‍ അസാധുവാക്കിയതുപോലെ നമ്മുടെ വ്യക്തിത്വത്തിന്റെ അടയാളവും മേല്‍വിലാസവുമായ പൗരത്വം താല്‍ക്കാലികമായിട്ടാണങ്കിലും റദ്ദാക്കപ്പെടുന്നതിന്റെ പേരാണ് പൗരത്വ പുനഃപരിശോധന. ഇതിലൂടെ പൗരത്വം തെളിയിക്കാനുള്ള ചുമതല ഒരോ വ്യക്തിയുടേയും ബാധ്യതയാക്കുന്നു. ജാതിവ്യവസ്ഥയും സാമൂഹ്യ ഉഛനീചത്വങ്ങളും കാരണം രാജ്യത്തെ 80 ശതമാനത്തിലധികം വരുന്ന ദലിത്, ആദിവാസികള്‍ക്കും പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും ഭൂവുടമസ്ഥാവകാശമോ അധികാരപങ്കാളിത്തമോ ഇല്ലാത്ത രാജ്യമാണ് നമ്മുടേത്. അത്തരം ജനവിഭാഗങ്ങളില്‍ ഭൂരിപക്ഷത്തിനും രേഖാപരമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അടിയാധാരങ്ങളും രേഖകളും യഥാവിധി നല്‍കാനാകാത്തവര്‍ പൗരത്വത്തില്‍ നിന്ന് പുറത്താകും. പൗരത്വം റദ്ദാക്കപ്പെട്ടതിന്റെ പേരില്‍ വരേണ്യനായ ഏതെങ്കിലുമൊരു മേല്‍ജാതിക്കാരന്റെ നിലവിളി അസമില്‍ നിന്ന് എപ്പോഴെങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടോ?! ഇവിടെയാണ് എന്‍.ആര്‍.സിയുടെ മതവും ജാതിയും വ്യക്തമാകുന്നത്.

പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും എന്‍.പി.ആറും തമ്മിലുള്ള ബന്ധം
എന്‍.പി.ആര്‍ (ചമശേീിമഹ ജീുൗഹമശേീി ഞലഴശേെലൃ). സാധാരണഗ തിയില്‍ പൗരത്വ പരിശോധനയല്ല. എന്നാല്‍, ഇത്തവണ ജനസംഖ്യാ കണക്കെടുപ്പില്‍ അസാധാരണമായ ചില ചോദ്യങ്ങളുണ്ട്. കുടുംബാംഗങ്ങളുടെ വ്യക്തി വിവരങ്ങള്‍ക്ക് പുറമേ അവരുടെ മാതാപിതാക്കളുടെ ജനനത്തിയതിയും ജനനസ്ഥലവും കൂടി ആവശ്യപ്പെട്ടിരിക്കുന്നു. തല്‍ക്കാലം രേഖകളൊന്നും സമര്‍പ്പിക്കേണ്ടതില്ലെന്ന് പറയുന്നുവെങ്കിലും ഉദ്യോഗസ്ഥന് സംശയമുണ്ടെങ്കില്‍ റിമാര്‍ക്‌സ് എഴുതിവെക്കണമെന്ന നിര്‍ദ്ദേശമുണ്ട്. മാതാപിതാക്കളുടെ ജനനത്തിയതിയും സ്ഥലവും മറ്റും രേഖാടിസ്ഥാനത്തില്‍ തെളിയിക്കുക എളുപ്പമല്ലാത്തതിനാല്‍ കോടിക്കണക്കിന് ജനങ്ങള്‍ സംശയാസ്പദ പൗരന്‍മാരുടെ പട്ടികയിലായിരിക്കും ഇടംപിടിക്കുക. ഇങ്ങനെ അടയാളപ്പെടുത്തുന്നവരുടെ പൗരത്വം പിന്നീട് ചോദ്യം ചെയ്യപ്പെടും.

എന്‍.പി.ആറും എന്‍.ആര്‍.സിയും തമ്മില്‍ ബന്ധമില്ലെന്ന അമിത് ഷായുടെയും മറ്റ് മന്ത്രിമാരുടെയും പ്രസ്താവന ശുദ്ധ കളവാണ്. എന്‍.ആര്‍.സിയുടെ ആദ്യപടിയാണ് എന്‍.പി.ആര്‍ എന്ന് 2017-18ലെ കേന്ദ്ര സര്‍ക്കാര്‍ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ 268-ാമത്തെ പേജില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2014 ജൂലൈ എട്ടിന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നത് എന്‍.പി.ആര്‍ പൂര്‍ത്തിയാക്കി വ്യക്തമായ നിഗമനത്തിലെത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ എന്‍.ആര്‍.സി നടപ്പാക്കുകയും ചെയ്യുമെന്നാണ്. 2014 ജൂലൈ 15നും 22നും 23നും മന്ത്രി ഇതേ മറുപടി ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.

തടങ്കല്‍ പാളയങ്ങള്‍ തയ്യാറാകുന്നു
പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്തായ മുസ്‌ലിംകളെ കാത്തിരിക്കുന്നത് പടുകൂറ്റന്‍ തടങ്കല്‍ പാളയങ്ങളാണ്. അസമിലെ ഗോല്‍പാറയില്‍ ഒന്നിന്റെ പണിപൂര്‍ത്തിയായി വരുന്നു. സമാനമായ തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍.ആര്‍.സി പൂര്‍ത്തിയായാല്‍ ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ നടപ്പാക്കിയതിനേക്കാള്‍ വലിയ വംശീയ ഉന്മൂലനമാകും ഇന്ത്യ സാക്ഷ്യംവഹിക്കേണ്ടി വരിക. ജാതിവ്യവസ്ഥയെ മഹത്വവല്‍ക്കരിക്കുന്ന, സ്ത്രീകളുടെ സാമൂഹിക പദവികള്‍ റദ്ദ് ചെയ്യുന്ന മനുസ്മൃതിയെ രാജ്യനിയമമാക്കാനുള്ള സംഘ്പരിവാര്‍ പദ്ധതിക്ക് വേഗം വര്‍ധിപ്പിക്കുന്നതാണ് മുസ്‌ലിംകളില്‍ നിന്നാരംഭിച്ചിട്ടുള്ള പൗരത്വ നിഷേധം.

ഏക മനസ്‌കരായി പോരാടാം
വൈവിധ്യങ്ങളില്‍ അധിഷ്ഠിതമായ ഇന്ത്യ എന്ന ആശയവും തുല്യതയും സാഹോദര്യവും സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന ഭരണഘടനാ മൂല്യങ്ങളും രാജ്യത്ത് നില നില്‍ക്കേണ്ടതുണ്ട്. പൗരത്വ നിയമ ഭേദഗതി ഒരേസമയം രാജ്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവും മുസ്‌ലിം വിരുദ്ധവുമാണ്. ഫാഷിസം നിഗൂഢതയിലും നുണകളിലുമാണ് വിശ്വസിക്കുന്നത്. കള്ളം പ്രചരിപ്പിച്ചുകൊണ്ടാണ് എന്‍.പി.ആറും എന്‍.ആര്‍.സിയും നടപ്പാക്കാന്‍ ബി.ജെ.പി തുനിയുന്നത്.

ബ്രിട്ടീഷ് പട്ടാളത്തിന്റെ മുന്നില്‍ നിര്‍ഭയരായി നിന്ന് സ്വാതന്ത്ര്യം ഞങ്ങളുടെ ജന്‍മാവകാശമാണെന്ന് ഗര്‍ജിച്ചവരുടെ പിന്‍ഗാമികളോട് പൗരത്വരേഖ ചോദിക്കാന്‍ സംഘ്പരിവാറിന് എന്തവകാശം? നമ്മുടെ പൂര്‍വികര്‍ ജീവന്‍ നല്‍കി അടരാടുമ്പോള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പാദസേവകരായി രാജ്യത്തെയും ജനങ്ങളെയും ഒറ്റുകൊടുത്തവരാണ് ഇന്ന് ഇന്ത്യയെ മതത്തിന്റെ പേരില്‍ മുറിച്ചുമാറ്റാന്‍ ശ്രമിക്കുന്നത്. പുതിയ നിയമഭേദഗതിയെ അനുസരിക്കുകയല്ല; തള്ളിക്കളയുകയാണ് വേണ്ടത്. ഇന്ത്യയെ വിഭജിച്ച് ഭരിക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തെ ചെറുത്തുതോല്‍പിക്കുക എന്നതാണ് വര്‍ത്തമാനകാല ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തനം.

ഇന്ത്യന്‍ തെരുവുകള്‍ സ്വാതന്ത്ര്യ മുദ്രാവാക്യത്താല്‍ പ്രകമ്പനം കൊള്ളുകയാണ്. എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും സംഘ്പരിവാര്‍ കീഴ്‌പ്പെടുത്തിയിരിക്കേ തെരുവുകള്‍ മാത്രമേ നമുക്ക് സ്വന്തമായുള്ളൂ. തെരുവില്‍ പൊരുതിയാണ് നമ്മുടെ പൂര്‍വികര്‍ സ്വാതന്ത്ര്യത്തിന്റെ പുതുപുലരിയിലേക്ക് നാടിനെ നയിച്ചത്. അവരുടെ പിന്മുറക്കാരെന്ന നിലയില്‍ തീവ്ര വംശീയ വാദികള്‍ക്കെതിരെ നമുക്ക് പോരാടി ജയിക്കേണ്ടതുണ്ട്. രാജ്യത്ത് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സമര പ്രവാഹത്തിലെ നിറസാന്നിദ്ധ്യമാണ് വെല്‍ഫെയര്‍ പാര്‍ട്ടി. ക്രൂരന്‍മാരായ എകാധിപതികള്‍ക്ക് നിന്ദ്യത സമ്മാനിച്ച് നീതിയുടെ ശക്തികള്‍ വിജയം നേടിയ ചരിത്രം നമുക്ക് കൂട്ടായുണ്ട്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുളള പോരാട്ടത്തില്‍ നിര്‍ഭയരായി അണിചേരുക.

(പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ലഘുലേഖ)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757