Opinion

എന്‍.ഐ.എ: ഫെഡറല്‍ താല്‍പര്യങ്ങളുടെ ലംഘനവും കേരള സിപിഎമ്മിന്റെ ഇരട്ടത്താപ്പും – സജീദ് ഖാലിദ്

കോണ്‍ഗ്രസ് നയിക്കുന്ന ചത്തീസ്ഗഢ് സര്‍ക്കാര്‍ നാഷ്ണല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി ആക്ട് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. 2020 ജനുവരി 15 ന് ഫയല്‍ ചെയ്ത സിവില്‍ സ്യൂട്ടില്‍ എന്‍.ഐ.എക്ക് സംസ്ഥാന പൊലീസിന്റെ അധികാര പരിധിയില്‍ കടന്നു കയറാനുള്ള അവകാശം അനുവദിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ആര്‍ട്ടിക്കില്‍ 131 ന്റെ പിന്‍ബലത്തില്‍ നിയമപോരാട്ടത്തിനൊരുങ്ങുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ സുപ്രീം കോടതിയെ സമീപിക്കാനുള്ള ഭരണഘടനാ പരമായ വ്യവസ്ഥയാണ് ആര്‍ട്ടിക്കിള്‍ 131.

സംസ്ഥാന പൊലീസിന്റെ അന്വേഷണ അധികാര പരിധിയില്‍ ഇടപെടാന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സിയെ അനുവദിക്കുന്നതാണ് എന്‍.ഐ.എ ആക്ട്. ഭീകരവാദവുമായി ബന്ധപ്പെട്ട് കേസുകളില്‍ എന്‍.ഐ.എ അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പായി സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ചു കൊണ്ടുള്ള ഒരു വ്യവസ്ഥയും നിയമം സാധുത ചെയ്യുന്നില്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥയെ ബാധിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. എന്‍.ഐ.എ ആക്ടിനെതിരെ ആദ്യമായി സുപ്രീം കോടതിയെ സമീപിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്.

അലന്റെയും താഹയുടെയും കുടുംബങ്ങള്‍ മനുഷ്യ ശ്രംഖലയില്‍ അണിനിരന്നപ്പോള്‍

മോദിസര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതിനു പിന്നാലെ നടന്ന ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കിയ എന്‍.ഐ.എ നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് കേരളത്തിലെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയല്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നിയമത്തിലെ 6(8) വകുപ്പു പ്രകാരം കേസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്യാന്‍ കേന്ദ്രത്തിന് എന്‍.ഐ.എയോട് ആവശ്യപ്പെടാം. വ്യക്തമായ നിര്‍വചനംപോലും ഭീകരതക്ക് നല്‍കിയിട്ടില്ല. നിയമത്തിലെ 1(2)(ഡി) വകുപ്പു പ്രകാരം വിദേശത്തെ ഇന്ത്യക്കാരനെതിരെയും ഭരണകൂടത്തിന് ബോധപൂര്‍വം എന്‍.എ.എയെ ഉപയോഗിച്ച് തടവിലിടാനാകും എന്നീ കാര്യങ്ങളും സോളിഡാരിറ്റി നല്‍കിയ ഹര്‍ജിയില്‍ ഉള്‍പ്പെടുന്നുണ്ട്.

ഈ രണ്ട് കോടതി വ്യവഹാരങ്ങള്‍ നടക്കുന്നതിനിടയിലാണ് പത്രദ്വാരാ കേരളത്തിലെ സി.പി.എം പ്രവര്‍ത്തകരായ അലന്‍, ത്വാഹ എന്നിവരുടെ മേല്‍ യു.എ.പിഎ ചുമത്തിയ കേസ് എന്‍.ഐ.എ ഏറ്റെടുത്തുകൊണ്ടുള്ള വിവരം നാം അറിയുന്നത്. പുതിയ ഭേദഗതി അനുസരിച്ച് സ്വമേധയാ എന്‍.ഐ.എ ഏറ്റെടുത്തതാണെന്ന് കേരളത്തിലെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.എം ആവര്‍ത്തിച്ച് പറയുന്നു എങ്കിലും പ്രതി ചേര്‍ക്കപ്പെട്ട അലന്റെ മാതാവ് ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് അവര്‍ക്ക് ലഭ്യമായ വിവരം അനുസരിച്ച് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് എന്‍.ഐ.എ ആ കേസ് ഏറ്റെടുത്തത് എന്നതാണ്. ഏതായാലും എന്‍.ഐ.എ നിയമത്തെയും യു.എ.പി.എയെയും എതിര്‍ക്കുന്നു എന്ന് ശക്തിയുക്തം ഗിരിപ്രഭാഷണം നടത്താറുള്ള കേരളത്തിലെ സി.പി.എമ്മും കേരളാ മുഖ്യമന്ത്രിയും സ്വന്തം പാര്‍ട്ടിക്കാരായ രണ്ട് ചെറുപ്പക്കാര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെ ന്യായീകരിക്കുകയാണ്. മുഖ്യമന്ത്രി പരിഹാസം കലര്‍ന്ന ക്രൂരമായ ചിരിയോടെയാണ് ചായകുടിക്കാന്‍ പോകുമ്പോഴല്ല അവരെ അറസ്റ്റ് ചെയ്തത് എന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, അവര്‍ എന്ത് കുറ്റമാണ് ചെയ്തത് എന്ന് മുഖ്യമന്ത്രിയോ അന്വേഷണ ഏജന്‍സികളോ മൂന്ന് മാസമായിട്ടും പറഞ്ഞിട്ടുമില്ല. സാധാരണ കുറ്റ പത്രം സമര്‍പ്പിക്കേണ്ട 90 ദിവസം പിന്നിട്ടിട്ടും യു.എ.പി.എ നിയമത്തിന്റെ വ്യവസ്ഥ ഉപയോഗിച്ച് കുറ്റപത്ര സമര്‍പ്പണം നീട്ടിക്കൊണ്ടു പോകുകയാണ്. അതേസമയം അലനും താഹയും നിരപരാധിത്വം തെളിയിക്കപ്പെട്ട് പുറത്തുവരുമെന്ന് സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന്‍ പ്രസ്താവിക്കുകയുണ്ടായി. ഇരുവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തേണ്ടിയിരുന്നില്ല എന്നും അലനും താഹയും മാവോയിസ്റ്റുകളാണെന്നത് പൊലീസ് ഭാഷ്യമാണെന്നും മോഹനന്‍ പ്രസ്താവിക്കുകയുണ്ടായി.

അലന്‍-താഹാ കേസ് കേരള സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. സംഘ്പരിവാര്‍ മുന്നോട്ടുയര്‍ത്തുന്ന സാമൂഹ്യഘടന സ്ഥാപിക്കാന്‍ ഭരണകൂടത്തിന് കൂടുതല്‍ അധികാരം ആവശ്യമാണ്. അതിന് മാര്‍ഗമൊരുക്കുന്ന നിയമമാണ് യു.എ.പി.എ. അതിനായുള്ള ഭരണകൂട ആയുധമാണ് എന്‍.ഐ.എയും എന്നിരിക്കെയാണ് ഇടതു സര്‍ക്കാരിന്റെ ഈ നിലപാട്. എന്നുമാത്രമല്ല, എന്‍.ഐ.എയെയും യു.എ.പി.എയും സംബന്ധിച്ച് കേരള സിപിഎമ്മിന്റെ നിലപാട് ഫെഡറല്‍ വ്യവസ്ഥയുടെ താത്പര്യങ്ങല്‍ ലംഘിക്കുന്നു എന്നതില്‍ പരിമിതവുമാണ്. ഇടതു സര്‍ക്കാരാണ് കേരളത്തില്‍ ആദ്യമായി യു.എ.പി.എ ചുമത്തി തുടങ്ങിയത്. അതവര്‍ തുടരുകയും ചെയ്യുന്നു എന്നു മാത്രം.

അലന്‍-താഹ കേസുകള്‍ക്ക് മുമ്പ് കേരളത്തിലെ ഹാദിയ കേസിലെ എന്‍.ഐ.എ ഇടപെടലും ദുരൂഹമായിരുന്നു. മതം മാറി വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കിയ 89 കേസുകളില്‍ നിന്ന് 11 കേസുകള്‍ തെരെഞ്ഞെടുത്ത് എന്‍.ഐ.എ അന്വേഷണം നടത്തിയതില്‍ ഒരു കേസാണ് ഹാദിയാ കേസ്. യഥാര്‍ഥത്തില്‍ കോടതിയില്‍ സ്വമേധയാ താന്‍ മത വിശ്വാസം മാറിയതാണെന്നും തന്റെ ഇഷ്ടത്തിനാണ് ഷെഫിന്‍ ജഹാന്‍ എന്ന ചെറുപ്പക്കാരനെ താന്‍ വിവാഹം ചെയ്തതെന്നും ഹൈക്കോടതിയലടക്കം ഹാദിയ എന്ന ഹോമിയോ മെഡിക്കല്‍ വിദ്യാര്‍ഥിനി വ്യക്തമാക്കിയിട്ടും ഹാദിയയെ വീട്ട് തടങ്കലിലാക്കാനും പുറം ലോകവുമായുള്ള എല്ലാ ബന്ധവും അടക്കാനും പിതാവിന് അനുവദിച്ച് നല്‍കിയ ഭരണകൂട സമീപനത്തിന്റെ ഭാഗം തന്നെയായിരന്നു എന്‍.ഐ.എ അന്വേഷണം. അതിനെതിരെയും കേരള സര്‍ക്കാരോ ഭരണപക്ഷമായ സി.പി.എമ്മോ ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. മേല്‍ പറഞ്ഞ ഹാദിയ കേസടക്കം 11 കേസുകളില്‍ മതം മാറ്റത്തിന് മുസ്‌ലിം സംഘടനകളുമായി ബന്ധമുള്ളവരോ വ്യക്തികളോ സഹായം നല്‍കിയിട്ടുണ്ടെങ്കിലും കുറ്റകരമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് എല്ലാ വിധത്തിലും വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യം സൃഷ്ടിച്ച ശേഷം അവസാനം എന്‍.ഐ.എ റിപ്പോര്‍ട്ട് നല്‍കിയത്. മതം മാറ്റത്തിന് ഭരണഘടനാപരമായ അനുമതിയുള്ളതിനാല്‍ അതിന് സഹായിക്കുന്നത് കുറ്റകൃത്യമല്ല എന്നാണത്രെ അവസാനം എന്‍.ഐ.എ കണ്ടെത്തിയത്.

ജനാധിപത്യത്തെ വേട്ടയാടുന്ന എന്‍.ഐ.എ
എന്‍.ഐഎ എന്ന അന്വേഷണ ഏജന്‍സി യാഥാര്‍ഥത്തില്‍ ജനാധിപത്യത്തെ വേട്ടയാടുന്ന ഭരണകൂട നിര്‍മിത വൈറസാണ്. കേന്ദ്ര സര്‍ക്കാരിന് തങ്ങളുടെ അധികാര പരിധി ലംഘിച്ച് സംസ്ഥാനങ്ങളില്‍ ഇടപെടാനുള്ള സൗകര്യം നല്‍കുന്നു എന്നത് മാത്രമല്ല എന്‍.ഐ.എ. നിയമത്തിന്റെ പ്രശ്‌നം. നവലിബറല്‍ വ്യവസ്ഥക്കനുസരിച്ച് ഭരണകൂടാധികാരത്തെ പുനഃക്രമീകരിക്കുന്നതിനും പുനഃസംഘടിപ്പിക്കുന്നതിനും സഹായകമായ ഉപാധി കൂടിയാണ് ദേശീയ അന്വേഷണ ഏജന്‍സി നിയമം (എന്‍.ഐ.എ. ആക്ട് ), യു.എ.പി.എ നിയമം മുതലായവ. നമ്മുടെ സവിശേഷമായ സാമൂഹ്യ സാഹചര്യത്തില്‍ ഹിന്ദുത്വ ഫാസിസത്തിന്റെ താല്പര്യങ്ങളെ സംരക്ഷിക്കുന്ന തരത്തിലാണ് ഇത്തരം സവിശേഷ അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ നടപ്പാക്കപ്പെടുന്നത്. കേവലമായി ഫെഡറല്‍ തത്വങ്ങളുടെ ലംഘനമെന്ന വിമര്‍ശനം ഉന്നയിക്കുന്നതിലൂടെ സി.പി.എം ഗൗരവതരമായ പരിശോധന ആവശ്യപ്പെടുന്ന മേല്‍പ്പറഞ്ഞ രാഷ്ട്രീയ പ്രശ്‌നങ്ങളെ അവഗണിക്കുകയാണ്.

നിലവിലെ നിയമ ഭേദഗതിക്കു മുമ്പേ തന്നെ കേരളത്തില്‍ എന്‍.ഐ.എ വ്യക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ട് എന്ന് കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ കെ.കെ രാഗേഷ് എന്ന സി.പി.എം എം.പിയുടെ ചോദ്യത്തിന് മറുപടിയായി 2016 ഫെബ്രുവരി 24 ന് ആഭ്യന്തര മന്ത്രാലയം നല്‍കിയ ഉത്തരത്തില്‍ വ്യക്തമാണ്. നാളിതുവരെ (2016 ഫെബ്രുവരി 24 വരെ) ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത യു.എ.പി.എ കേസുകളുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക്, യു.എ.പി.എ പ്രകാരം കുറ്റം ചുമത്തപ്പെട്ട് ജയിലുകളില്‍ കഴിയുന്നവരുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക്, യു.എ.പി.എ പ്രകാരം വിവിധ ജയിലുകളില്‍ കഴിയുന്ന മുസ്‌ലിംകളുടെ എണ്ണം എന്നിവ നല്‍കാനായിരുന്നു രാഗേഷ് എം.പി ആവശ്യപ്പെട്ടത്. യു.എ.പി.എ കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സിയും സംസ്ഥാന പൊലീസുമാണ് അന്വേഷിക്കാറുള്ളതെന്നും, സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി സൂക്ഷിക്കാറില്ലെന്നും മതാടിസ്ഥാനത്തില്‍ പ്രതികളുടെ പട്ടികയും സൂക്ഷിക്കാറില്ലെന്നും മറുപടി നല്‍കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പക്ഷേ, എന്‍.ഐ.എയുടെ അന്വേഷണത്തിലിരിക്കുന്ന യു.എ.പി.എ. കേസുകളുടെ പട്ടിക നല്‍കുകയുണ്ടായി. പട്ടികയനുസരിച്ച് ഏറ്റവുമധികം യു.എ.പി.എ കേസുകള്‍ എന്‍.ഐ.എയുടെ അന്വേഷണത്തിലിരിക്കുന്ന സംസ്ഥാനം കേരളമാണ്. കേരളത്തില്‍ ആകെ 14 യു.എ.പി.എ കേസുകള്‍ എന്‍.ഐ.എയുടെ അന്വേഷണത്തിലുണ്ടായിരുന്നത്. (2013 ല്‍ ലോക്സഭയില്‍ നല്‍കിയ കണക്കനുസരിച്ച് കേരളത്തില്‍ എന്‍. ഐ.എ. അന്വേഷിക്കുന്ന കേസുകളുടെ എണ്ണം 16 ആണ്. മൂന്ന് വര്‍ഷത്തിനിടെ രണ്ട് കേസുകള്‍ കുറഞ്ഞതെങ്ങനെ എന്നത് വ്യക്തമല്ല)

വിചിത്രമായ കാര്യം തീവ്രവാദ മേഖല എന്ന് പ്രത്യക്ഷ കാരണങ്ങളാല്‍ തന്നെ വിശേഷിപ്പിക്കപ്പെടാറുള്ള കാശ്മീരില്‍ 4, മണിപ്പൂരില്‍ 7, ഛത്തീസ്ഗഢ് 2, ആന്ധ്രാപ്രദേശ് 6, ജാര്‍ഖണ്ഡ് 2, ആസാം 13 എന്നിങ്ങനെയാണ് എന്‍.ഐ.എ അന്വേഷിക്കുന്ന കേസുകളുടെ കണക്കുകള്‍. കേരളത്തിനെതിരെ നിരന്തരമായി സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ഹേറ്റ് കമ്പയിനുകളെ സാധൂകരിക്കാനുതകുന്ന ഈ കണക്ക് വന്നിട്ടും കേരളത്തിലെ ഇടതുപക്ഷം നല്ല യു.എ.പി.എയും ചീത്ത യു.എ.പി.എയും ഉണ്ട് എന്ന നിലപാടിലാണ് ഉറച്ച് നില്‍ക്കുന്നത്. എന്തുകൊണ്ടാണ് കേരളം എന്‍.ഐ.എ അന്വേഷിക്കുന്ന കേസുകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് വന്നത് എന്ന് ചോദിക്കാനുള്ള രാഷ്ട്രീയ ആര്‍ജവം കേരളത്തില്‍ നിന്ന് പ്രഖ്യാപിത രാഷ്ട്രീയ കക്ഷികളാരും ഉയര്‍ത്തിയിട്ടില്ല. ഇന്ന് ഫെഡറല്‍ തത്വങ്ങളുടെ ലംഘനം എന്നുപറയുന്ന സി.പി.എം അന്ന് സ്വന്തം എം.പി ചോദിച്ച ചോദ്യത്തിന് ലഭിച്ച മറുപടി പ്രശ്‌നവത്കരിച്ച് ഫെഡറല്‍ തത്വങ്ങളുടെ ലംഘനം ചൂണ്ടി കാട്ടി എന്തെങ്കിലും പ്രതികരിച്ചതായോ അറിയില്ല. കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടാണ് എന്‍.ഐ.എ അന്വേഷണം ആരംഭിച്ചത് എന്ന അലന്റെ അമ്മ ഉന്നയിക്കുന്ന ആരോപണം ശരിയാണെങ്കില്‍ അത് തികച്ചും ഗൗരവമേറിയത് തന്നെയാണെങ്കിലും അത്ഭുതകരമായ കാര്യമല്ല. നാളിതുവരെ സി.പി.എം സ്വീകരിച്ച കപട സമീപനത്തിന്റെ തുടര്‍ച്ച മാത്രമാകും ഇത്.

പൗരത്വ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി സമരം നടക്കുന്നുണ്ട്. സമാനമായി പല ഭരണഘടനാ തത്വങ്ങള്‍ക്കും എതിരായ നിയമങ്ങള്‍ തന്നെയാണ് എന്‍.ഐ.എ ആക്ടും യു.എ.പി.എയും. അതിനെതിരെ നടക്കുന്ന കോടതി വ്യവഹാരങ്ങളെ തീര്‍ച്ചയായും നാം പിന്തുണക്കേണ്ടതു തന്നെയാണ്. പക്ഷേ, അന്തിമമായി കോടതി വഴി നീതി ലഭിക്കും എന്നതില്‍ വലിയ പ്രതീക്ഷ സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ വെക്കേണ്ടതില്ല. പോരാട്ടം തന്നെയാണ് പോംവഴി. അപ്പോഴും പോരാട്ട വഴിയിലെ ഇരട്ടത്താപ്പുകളെ നാം തിരിച്ചറിയുക തന്നെ വേണം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757