keralanewspress release

ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതുവരെ സെന്‍സസ് നടപടികള്‍ നിര്‍ത്തിവെക്കണം – വെല്‍ഫെയര്‍ പാര്‍ട്ടി

ആലുവ : എന്‍.പി.ആര്‍, എന്‍.ആര്‍.സി വിഷയങ്ങളില്‍ ജനങ്ങളുടെ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സെന്‍സസ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ.സി ആയിശ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ആലുവ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ.സി ആയിഷ. രാജ്യത്ത് സംഘ്പരിവാറിനെതിരെയുള്ള പ്രക്ഷോഭം ശക്തിപ്പെട്ടുവരികയാണ്. ഭരണകൂട സംവിധാനങ്ങള്‍ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ പോരാട്ടങ്ങള്‍ അനിവാര്യമാണ്. രാജ്യത്ത് നടക്കുന്ന പോരാട്ടങ്ങള്‍ക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാര്‍ എന്ന് മുഖ്യന്ത്രി പറയുമ്പോഴും കേരളത്തിലെ സമരങ്ങളോട് ജനാധിപത്യ വിരുദ്ധമായ സമീപനമാണ് കേരള പൊലീസ് സ്വീകരിക്കുന്നത്. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും അവരുടെ അക്രമങ്ങള്‍ക്കും ഒത്താശ ചെയ്യുന്ന നയമാണ് പൊലീസ് സ്വീകരിക്കുന്നത്. സമാധാനപരമായ സമരങ്ങള്‍ക്കു നേരെയും, പ്രതിഷേധക്കാര്‍ക്ക് നേരെയും പൊലീസ് സ്വമേധയാ കേസ് എടുക്കുകയാണ്. ടി.പി സെന്‍കുമാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ ആക്രമണത്തിലെ പൊലീസ് നടപടിയെ കുറിച്ചുള്ള പിണറായിയുടെ മറുപടി ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലല്ല എന്നതിന്റെ തെളിവാണെന്ന് ഇ.സി ആയിശ പറഞ്ഞു.

രാജ്യത്ത് പ്രക്ഷോഭങ്ങള്‍ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വ്യത്യസ്ത കോണുകളില്‍ നിന്നും രൂപപ്പെട്ടുവരുന്ന ഷാഹിന്‍ ബാഗുകള്‍ പൗരത്വ ഭേദഗതി നിയമങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ക്ക് പുതിയ ഊര്‍ജം പകര്‍ന്നുനല്‍കുന്നതാണ്. സമരങ്ങളിലെ വര്‍ധിച്ച സ്ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തം ആശാവഹമാണ്. പ്രക്ഷോഭങ്ങളുടെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും ലോങ് മാര്‍ച്ചുകള്‍ നടത്തും. ഫെബ്രുവരി 25, 26 തീയതികളില്‍ സംസ്ഥാനത്തെ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ‘Occupy Rajbhavan’ സംഘടിപ്പിക്കുമെന്ന് ഹമീദ് വാണിയമ്പലം നേതൃസംഗമത്തില്‍ പ്രഖ്യാപിച്ചു. പരിപാടിയില്‍ കെ.എ ഷഫീഖ്, റസാഖ് പാലേരി, പി.എ അബ്ദുല്‍ ഹക്കീം, എസ്. ഇര്‍ഷാദ്, ജോസഫ് ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീജ നെയ്യാറ്റിന്‍കര അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി മിര്‍സാദ് റഹ്മാന്‍ സ്വാഗതവും ജില്ല പ്രസിഡണ്ട് ജ്യോതിവാസ് പറവൂര്‍ നന്ദിയും പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757