featuredkeralanewspress release

സജീദ് ഖാലിദിനെതിരെ ചുമത്തിയ വ്യാജ കേസ് പിന്‍വലിക്കണം – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: തൃശൂര്‍ മണ്ണുത്തി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ മുല്ലക്കരയില്‍ വീട്ടമ്മയായ ജമീലയെ കഴിഞ്ഞ ദിവസം നടക്കാനിറങ്ങിയപ്പോല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജ്യം വിട്ടുപോകാനാവശ്യപ്പെട്ട് മര്‍ദ്ദിച്ച സംഭവം സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദിനെതിരെ മണ്ണുത്തി പോലീസ് ഐ.പി.സി 153, കേരള പോലീസ് ആക്ട് 120(0) എന്നിവ പ്രകാരം കേസെടുത്തിരിക്കുന്നു. കലാപാഹ്വാനം നടത്തി എന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ അവകാശപ്പെടുന്നത്. എന്നാല്‍, അത്തരത്തിലുള്ള ഒരു പരാമര്‍ശവും പോസ്റ്റിലില്ല. എന്നു മാത്രമല്ല വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്ത പ്രതിയെ മനോരോഗി എന്ന് പറഞ്ഞ് പോലീസ് വിട്ടയക്കുകയും ഇതേ സമയം വരെ എഫ്.ഐ.ആര്‍ ഇടുകയോ ചെയ്തിട്ടില്ല.

എന്നിരിക്കെയാണ് സംഭവം സംബന്ധിച്ച് വസ്തുത വിവരിച്ച സജീദ് ഖാലിദിനെതിരെ കേസെടുത്തിരിക്കുന്നത്. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സമൂഹ്യ മാധ്യമങ്ങളിലും പൊതു പരിപാടികളിലും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ സജീവമായി ഇടപെടുന്ന വ്യക്തിയാണ് സജീദ് ഖാലിദ്. കേരളത്തിലെ നിരവധി ജനകീയ സമരങ്ങളിലും പൊതുവായി ഇടപെടുന്ന വ്യക്തിക്കെതിരെ ഇത്തരത്തില്‍ കള്ളക്കേസെടുക്കുന്നത് സംഘ്പരിവാറിനോടുള്ള പോലീസിന്റെ വിധേയത്വമാണ് പ്രകടമാക്കുന്നത്. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമെതിരെ കേരളത്തില്‍ നിരവധി കേസുകളാണ് എടുത്തിരിക്കുന്നത്.

ഇതെല്ലാം കേരളാ പൊലീസ് സംഘ്പരിവാര്‍ വിധേയത്വമാണ് പ്രകടിപ്പിക്കുന്നത് എന്നതിന്റെ തെളിവാണ്. കേരളത്തിലെ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നിസ്സംഗതയാണ് ഈ വിഷയത്തില്‍ പോലീസിന് വളംവെച്ചുകൊടുക്കുന്നത്. കേരള സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പ്രകടമാകുന്നത്. സജീദ് ഖാലിദിനെതിരെ മണ്ണുത്തി പൊലീസ് ചുമത്തിയ എഫ്.ഐ.ആര്‍ റദ്ദാക്കുകയും ജമീലയെ അക്രമിച്ച ആര്‍എസ്.എസ് പ്രവര്‍ത്തകനെതിരെ കേസെടുക്കയും വേണം. പൊതുപ്രവര്‍ത്തകനെതിരെ കള്ളക്കേസെടുത്ത മണ്ണുത്തി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757