keralanews

പൗരത്വ പ്രക്ഷോഭം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എയര്‍പോര്‍ട്ട് ഉപരോധിച്ചു

രാജ്യവ്യാപകമായി നടന്നു വരുന്ന പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിച്ചു. ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ എയര്‍ പോര്‍ട്ടിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിച്ചു കൊണ്ടായിരുന്നു സമരം ആരംഭിച്ചത്. മേലങ്ങാടി, കുമ്മിണിപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്നും എയര്‍പോര്‍ട്ടിലേക്കുള്ള രണ്ട് റോഡുകളും കോഴിക്കോട്-പാലക്കാട് ഹൈവേയിലെ കുളത്തൂര്‍ റോഡും സമരക്കാര്‍ പൂര്‍ണമായി ഉപരോധിച്ചു. ഉപരോധം മൂന്ന് മണിക്കൂറിലേറെ നേരം നീണ്ടു നില്‍ക്കുകയും എയര്‍പോര്‍ട്ടി ലേക്കുള്ള ഗതാഗതം പൂര്‍ണമായി സ്തംഭിക്കുകയും ചെയ്തു. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു ഉപരോധം.

 

ഉപരോധസമരം പുരോഗമിക്കവെ എയര്‍പോര്‍ട്ട് സ്തംഭനം രൂക്ഷമായതിനെ തുടര്‍ന്ന് പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതേത്തുടര്‍ന്ന് പോലീസും സമര പ്രവര്‍ത്തകരുമായി ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്‌റാഹിം, ജനറല്‍ സെക്രട്ടറി മഹേഷ് തോന്നക്കല്‍, വൈസ് പ്രസിഡന്റുമാരായ നജ്ദ റൈഹാന്‍, അനീഷ് പാറമ്പുഴ, വിവിധ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റ് ചെയ്യപ്പെട്ടവരെ വിട്ടയക്കാന്‍ വൈകിയതോടെ പ്രവര്‍ത്തകര്‍ ഹൈവേ ഉപരോധിക്കുകയും തുടര്‍ന്ന് അറസ്റ്റിലായവര്‍ വിട്ടയക്കപ്പെടുകയുമായിരുന്നു.

ഉപരോധസമരം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ഏതാണ്ട് സമ്പൂര്‍ണമായി ആര്‍ എസ് എസ് വല്‍ക്കരിക്കപ്പെട്ട ഭരണകൂട സംവിധാനങ്ങളുടെ കാലത്ത് ഇത്തരം ജനകീയ സമരങ്ങളിലാണ് ഇനി പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്‌റാഹിം അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറി എസ്. ഇര്‍ഷാദ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മഹേഷ് തോന്നക്കല്‍, കെ.എം. ഷെഫ്രിന്‍, വൈസ് പ്രസിഡന്റുമാരായ നജ്ദ റൈഹാന്‍, അനീഷ് പാറമ്പുഴ, ഫസ്‌ന മിയാന്‍, ഫ്രറ്റേണിറ്റി ദേശീയ കമ്മിറ്റിയംഗവും ഇഫ്‌ളു വിദ്യാര്‍ത്ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ സമര്‍ അലി, വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ്, സെക്രട്ടറിയറ്റംഗം നഈം ഗഫൂര്‍, എന്നിവര്‍ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എസ് നിസാര്‍ സ്വാഗതവും മലപ്പുറം ജില്ലാ പ്രസിഡന്റ് കെ കെ അഷ്‌റഫ് നന്ദിയും പറഞ്ഞു.

മുദ്രാവാക്യങ്ങളും പ്രക്ഷോഭ ആവിഷ്‌കാരങ്ങളുമായി സമരക്കാര്‍ എയര്‍പോര്‍ട്ട് റോഡില്‍ കുത്തിയിരുന്നു. പതിനായിരത്തോളം പ്രവര്‍ത്തകര്‍ ഉപരോധത്തില്‍ പങ്കെടുത്തു. എസ് മുജീബ് റഹ്മാന്‍, തമന്ന സുല്‍ത്താന, നഈം ഗഫൂര്‍, ആദില്‍ തുടങ്ങി സംസ്ഥാന-ജില്ലാ നേതാക്കള്‍ ഉപരോധസമരത്തിന് നേതൃത്വം നല്‍കി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757