keralanews

പൗരത്വ പ്രക്ഷോഭം: ഫ്രറ്റേണിറ്റി കാലിക്കറ്റ് എയർപോർട്ട് ഉപരോധിക്കും

എൻ.ആർ.സി, സി.എ.എ, എൻ.പി.ആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് എയർപോർട്ട് ഉപരോധിക്കും.

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്‌റാഹീം ഉപരോധ സമരത്തെ കുറിച്ച് സംസാരിക്കുന്നു.

പ്രിയ സഹോദരങ്ങളെ, സമരാഭിവാദ്യങ്ങൾ.

രാജ്യത്തുടനീളം അലയടിക്കുന്ന പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയും പരിഗണിക്കാതെ പൗരത്വ ഭേദഗതി നിയമവുമായി മുന്നോട്ട് പോകുമെന്നാണ് അമിത്ഷായും നരേന്ദ്രമോദിയും ആവർത്തിക്കുന്നത്. ഈ നിയമം കൊണ്ട് സംഘ്പരിവാർ ഉദ്ദേശിക്കുന്നതെന്താണെന്നത് എല്ലാവർക്കും വ്യക്തമാണ്. മുസ്‌ലിം വിരുദ്ധവും രാജ്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഈ നിയമത്തെ നാം ഒറ്റക്കെട്ടായി തള്ളിക്കളയുന്നു. ഈ നിയമത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി നടപ്പാക്കാൻ പോകുന്ന എൻ ആർ സി – എൻ പി ആർ നടപടിക്രമങ്ങളോട് ഒരു തരത്തിലും സഹകരിക്കില്ലെന്നും നാം പ്രഖ്യാപിച്ചു കഴിഞ്ഞു.

ഈ നിയമത്തിനെതിരിൽ പ്രതിഷേധിച്ചവരെ ഭരണകൂടം നേരിട്ടതെങ്ങനെയാണെന്നു നമുക്ക് നന്നായറിയാം. പോലീസ് വെടി വെച്ച് കൊന്നവരുടെ എണ്ണം ഇനിയും കൃത്യമായറിയില്ല. മുപ്പതിലധികം പേർ ഈ പോരാട്ട മാർഗത്തിൽ രക്തസാക്ഷികളായി. നിരവധി വിദ്യാർത്ഥികൾക്കെതിരിൽ കള്ളക്കേസുകൾ ചുമത്തി വേട്ടയാടാനുള്ള പദ്ധതികൾ അണിയറയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഡൽഹിയിലെ പ്രക്ഷോഭകരെ ക്രൂരമായാണ് പോലീസ് തല്ലിച്ചതച്ചത്. ജാമിയ – അലിഗഢ് സർവകലാശാലകളിൽ പോലീസ് നടത്തിയ നരനായാട്ട് നാം മാധ്യമങ്ങളിലൂടെ കണ്ടതാണ്. ഇപ്പോഴും ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന സമര മാർഗത്തിൽ സമർപ്പിതരായ സഹോദരങ്ങളുണ്ട്. കൊടുംതണുപ്പിനെ പോലും വക വെക്കാതെ നിലനിൽപ്പിനും ആത്മാഭിമാന സംരക്ഷണത്തിനുമായി തെരുവിൽ സമരജീവിതം നയിക്കുന്ന ശാഹീൻബാഗിലെ സഹോദരിമാർ നമ്മെ അതിശയിപ്പിക്കുകയാണ്. ചന്ദ്രശേഖർ ആസാദിന്റെ ജീവനും ആരോഗ്യവും അപകടത്തിൽ ആണെന്ന മുറവിളി ഉയർന്നതിനു ശേഷമാണ് അദ്ദേഹത്തിന് കർശനമായ ഉപാധികളോടെ ജാമ്യം അനുവദിക്കപ്പെടുന്നത്. ഭരണകൂടം നീതി നിഷേധിക്കുമ്പോൾ നീതിയുടെ കാവലാൾ ആകേണ്ട കോടതി പോലും പ്രതിഷേധങ്ങൾ അവസാനിപ്പിച്ച ശേഷം നമുക്ക് കാര്യങ്ങളെ കുറിച്ച് സംസാരിക്കാമെന്ന നിലപാടാണ് വിളിച്ചു പറയുന്നത്. തെരുവുകളിൽ ഉള്ളവരോട് വീട്ടിലേക്ക് മടങ്ങാനാണ് കോടതി പറയുന്നത്. പ്രതിഷേധിക്കുന്നവർക്കെതിരിൽ കേസെടുക്കുമെന്ന ഭീഷണിയും അതിന്റെ പ്രയോഗവുമാണ് ഏതാണ്ട് എല്ലാ പോലീസ് സേനകളും പുറത്തെടുത്തു കൊണ്ടിരിക്കുന്നത്.

പ്രിയമുള്ളവരെ,
യഥാർത്ഥത്തിൽ എന്തിനാണ് ഈ സമരങ്ങൾ? നാട് സാധാരണയായി കണ്ടു വരുന്ന സമരങ്ങൾ പോലുള്ള ഒന്നല്ല ഇത്. സംഘ്പരിവാർ അവരുടെ വംശീയ രാഷ്ട്രീയം നേർക്ക് നേരെ ഈ നിയമത്തിലൂടെ വിളിച്ചു പറഞ്ഞിരിക്കുന്നു. മുസ്‌ലിം ഉന്മൂലനം അവരുടെ ലക്ഷ്യമാണ്. ഇന്ത്യയുടെ ഭരണഘടനയുടെ താല്പര്യങ്ങളെ അട്ടിമറിക്കാതെ വിചാരധാരയുടെ പ്രയോഗവത്കരണം സാധ്യമാകില്ല. എതിർപ്പുകളെ ഇല്ലായ്മ ചെയ്യാതെ സംഘ്‌രാഷ്ട്ര നിർമ്മിതി എളുപ്പമല്ല. വൈവിധ്യങ്ങൾ അവരുടെ ശത്രുവാണ്. നിയമ നിർമാണങ്ങളിലൂടെ, ഭേദഗതികളിലൂടെ, സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെ സംഘ്‌വത്കരിക്കുന്നതിലൂടെ, അവയുടെ അധികാരങ്ങൾ കവർന്നെടുക്കുന്നതിലൂടെ, ഭയവും വെറുപ്പും വംശീയ ബോധങ്ങളും പ്രചരിപ്പിക്കുന്നതിലൂടെ സംഘ്പരിവാർ തങ്ങളുടെ ലക്ഷ്യങ്ങൾ എളുപ്പം നേടിയെടുക്കാൻ വേണ്ടിയുള്ള തത്രപ്പാടിലാണ്.

അടുത്ത കാലത്തൊന്നും കാണാത്ത വിധം ജനങ്ങൾ തെരുവുകളിലാണ്. ഒരാൾ ഒറ്റയ്ക്ക് പ്രതിഷേധിച്ചാൽ പോലും അത് വിലമതിക്കപ്പെടണം. കാരണം ജനാധിപത്യ സംവിധാനത്തിനകത്തു തെരഞ്ഞെടുക്കപ്പെട്ട ഒരു ലെജിറ്റിമൈസ്ഡ് ഭരണകൂടത്തിന്റെ വംശീയ നിലപാടുകൾക്കൊപ്പം താനില്ലെന്ന ഒരു പ്രഖ്യാപനമാണത്. ആളെണ്ണം നോക്കിയല്ല, നമ്മൾ തെരുവിലാണോ എന്നതാണ് പ്രധാനം. ആരെങ്കിലും പ്രതിഷേധിച്ചു കൊള്ളും, അത് വഴി പ്രശ്നം പരിഹരിക്കപ്പെട്ടോളും എന്നതല്ല; ഞാൻ ഇറങ്ങിയില്ലെങ്കിൽ അത് സമരത്തെ ദുർബലപ്പെടുത്തും എന്ന രാഷ്ട്രീയ ബോധ്യമാണ് നമ്മെ നയിക്കേണ്ടത്. ഇത് തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് നാം ഇപ്പോൾ ശക്തമായ സമരമുഖം തുറന്നിരിക്കുന്നത്. പതിവ് സമര രീതികളും ശൈലികളും കൊണ്ട് പ്രതിഷേധം രേഖപ്പെടുത്തുന്നതിനപ്പുറത്തേക്കുള്ള ജനാധിപത്യ പ്രക്ഷോഭങ്ങളാണ് നിയമത്തിനെതിരിൽ നടക്കേണ്ടത്. പ്രതികരണ ചാരിതാർഥ്യങ്ങൾക്കപ്പുറം പരിഹാരങ്ങൾക്ക് വേണ്ടിയുള്ള സമരമാണ് ഇപ്പോൾ ആവശ്യം. ജാമിയ – അലിഗഢ് – യു പി – മംഗലാപുരം – ആസാം – ബീഹാർ – ഡൽഹി….. മാതൃക കാണിച്ച പ്രക്ഷോഭങ്ങളുടെ പട്ടിക വലുതാണ്. പ്രക്ഷോഭങ്ങളിലൂടെ മാത്രമാണ് ഭരണകൂടത്തെ നമുക്ക് തിരുത്താനാകുക.

കേരളത്തിലും വലിയ പ്രതിഷേധങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. സംസ്ഥാന സർക്കാർ അതിന് മുൻകൈയെടുത്തു എന്നത് ശരിയാണ്. പക്ഷെ എല്ലാവരെയും ഒന്നിച്ചു ചേർത്ത് നിറുത്തിയുള്ള സമരങ്ങൾ രൂപപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. തിരുവനന്തപുരത്തു നടന്ന സത്യാഗ്രഹ സമരം പോലും ഒരു ദിവസം കൊണ്ട് ശിഥിലമാക്കപ്പെട്ടു. മറ്റൊന്ന് കേരളത്തിലെ വിവിധ സംഘടനകളും സാമൂഹികപ്രവർത്തകരും ഒരുമിച്ചു ചേർന്ന് നടത്തിയ ഹർത്താലാണ്. ദക്ഷിണേന്ത്യയിൽ സംസ്ഥാനവ്യാപകമായി ജനങ്ങൾ സഹകരിച്ചു പങ്കെടുത്തു സി എ എ ക്കെതിരിൽ നടന്ന ശക്തമായ ഒരു പ്രക്ഷോഭം എന്ന നിലയിൽ ഹർത്താൽ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഹർത്താലിനെ പരാജയപ്പെടുത്താൻ പരമ്പരാഗത രാഷ്ട്രീയ സംഘടനകൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ജനവികാരം ഹർത്താലിനൊപ്പമായിരുന്നു.

ജനുവരി 22 ന് കോടതി സി എ എ വിഷയം വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. പ്രക്ഷോഭങ്ങൾ തണുത്തു പോകുകകയല്ല, കൂടുതൽ ശക്തിപ്പെടുത്തേണ്ട സന്ദർഭമാണിത്. സാമൂഹിക സമ്മർദ്ദങ്ങൾ പലപ്പോഴും കോടതിയുടെ നിരീക്ഷണങ്ങളെയും തീരുമാനങ്ങളെയും സ്വാധീനിക്കാറുണ്ട്. ഭരണകൂടത്തിന്റെയും കോടതിയുടെയും നിലപാടുകളെ സ്വാധീനിക്കും വിധം പ്രതിഷേധങ്ങൾ പ്രക്ഷോഭങ്ങളായി പരിവർത്തിക്കപ്പെടണം. ജനാധിപത്യ മാർഗങ്ങൾ ഉപയോഗിച്ച് നടക്കുന്ന മുഴുവൻ പ്രക്ഷോഭങ്ങളോടും ജനങ്ങൾ ഐക്യദാർഢ്യപ്പെടണം. പ്രതിഷേധവും പ്രക്ഷോഭവും നമുക്ക് താത്കാലികമായ പ്രയാസങ്ങളും വിഷമങ്ങളും ഉണ്ടാക്കും. സമരമാർഗ്ഗത്തിലെ അനിവാര്യതയും സ്വാഭാവികതയുമാണത്. സി എ എ വിരുദ്ധ പ്രക്ഷോഭങ്ങളിൽ നാം പലപ്പോഴും എടുത്തുദ്ധരിക്കാറുള്ള ചരിത്രത്തിൽ കഴിഞ്ഞു പോയ സമരാധ്യായങ്ങൾ  അലോസരങ്ങളും പ്രയാസങ്ങളും വിഷമങ്ങളും സൃഷ്ടിച്ചു കൊണ്ട് തന്നെയാണ് സമരലക്ഷ്യങ്ങളിലേക്ക് കുതിച്ചത്. സമരത്തിന്റെ രീതിക്കും ശൈലിക്കും സമരാവശ്യങ്ങൾക്കും ലക്ഷ്യങ്ങൾക്കുമനുസരിച്ചും ഇത്തരം സിവിൽ ഡിസ്കംഫർട്ടുകളുടെ അളവുകൾ മാറും. ഒരു ജനവിഭാഗത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമ്പോൾ അതിന്നെതിരായി നടക്കുന്ന സമരങ്ങളോട് പ്രയാസങ്ങൾ സഹിച്ചും ഐക്യപ്പെടാൻ നമുക്ക് സാധിക്കേണ്ടതുണ്ട്.

 

സി എ എ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ജനുവരി 19 ഞായറാഴ്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് അന്താരാഷ്‌ട്ര എയർപോർട്ട് ഉപരോധിക്കുകയാണ്. സംസ്ഥാനത്തുടനീളമുള്ള  വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമാണ് ഈ സമരവും. ഏതൊരു സർക്കാർ സ്ഥാപനവും ഉപരോധിക്കുന്നതിലൂടെ അതുമായി ബന്ധപ്പെടുന്ന ആളുകൾക്ക് പ്രയാസങ്ങൾ ഉണ്ടാകും. ഫ്രറ്റേണിറ്റിയുടെ പ്രതിഷേധത്തിന്റെ ഉന്നം എയർപോർട്ട് വഴി യാത്ര ചെയ്യുന്ന യാത്രക്കാരല്ല, കേന്ദ്ര സർക്കാരാണ്. വൈകീട്ട് 4 മണി മുതൽ ഉപരോധ സമരം ആരംഭിക്കും. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഇതിനനുസരിച്ചു സമയ ക്രമീകരണങ്ങളും യാത്രാ ക്രമീകരണങ്ങളും നടത്തി ഈ പ്രക്ഷോഭത്തോട് സഹകരിക്കുകയും പിന്തുണക്കുകയും വേണം. ഒരു പക്ഷെ താത്കാലികമായി അനുഭവിക്കുന്ന പ്രയാസങ്ങൾ നീതിക്കും നിലനിൽപ്പിനും വേണ്ടി നടക്കുന്ന ബൃഹത്തായ സമരങ്ങളുടെ ലക്ഷ്യങ്ങൾക്ക് വേണ്ടി നാം സഹിക്കണം. പോരാടുകയല്ലാതെ ഗത്യന്തരമില്ലെന്ന് നാമെല്ലാവരും തിരിച്ചറിയുക. നമുക്ക് വേണ്ടി മർദിക്കപ്പെട്ടവരെയും കൊല്ലപ്പെട്ടവരെയും നാം അനുസ്മരിക്കുക. അവരുടെ ജീവനും രക്തവും പാഴാകാതിരിക്കാൻ നമുക്ക് ഈ പോരാട്ടം വിജയിച്ചേ മതിയാകൂ. ഐക്യദാർഢ്യപ്പെടുക, പിന്തുണക്കുക

– അഭിവാദ്യങ്ങളോടെ
ഷംസീർ ഇബ്‌റാഹീം

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757