featuredpress release

തദ്ദേശ തെരഞ്ഞെടുപ്പ്: 2020 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി കരട് വോട്ടര്‍ പട്ടിക തയ്യാറാക്കണം – വെല്‍ഫെയര്‍ പാര്‍ട്ടി


തിരുവനന്തപുരം : 2020 ഒകേ്‌ടോബറില്‍ നടക്കാന്‍ പോകുന്ന തദ്ദേശ തെരെഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് കരട് വോട്ടേഴ്‌സ് ലിസ്റ്റ് തയ്യാറാക്കാനുള്ള സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ദൂരൂഹമാണെന്നും ഇത് വഴി ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്ക് ജനാധിപത്യാവകാശം നിഷേധിക്കപ്പെടുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ഈ തീരുമാനം പിന്‍വലിക്കണം. 2020 ഫെബ്രുവരി ഏഴിന് പ്രസിദ്ധികരിക്കാന്‍ പോകുന്ന കേന്ദ്ര തെരെഞ്ഞെടുപ്പ് കമീഷന്റെ വോട്ടര്‍ പട്ടിക അവലംബമാക്കി കരട് വോട്ടര്‍ പട്ടിക തയ്യാറാക്കണം. എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയ വോട്ടര്‍ പട്ടിക ലഭ്യമായിരിക്കെ അഞ്ച് വര്‍ഷം പിറകിലുള്ള വോട്ടര്‍ പട്ടികയെ അടിസ്ഥാനമാക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം കാണുമ്പോള്‍ തെരഞ്ഞെടുപ്പിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടി വരും. 2015 ല്‍ തദ്ദേശ തെരെഞ്ഞെടുപ്പിന് കരട് വോട്ടര്‍ പട്ടിക തയ്യാറാക്കാനുപയോഗിച്ചത് 2014 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിനായി കേന്ദ്ര തെരെഞ്ഞെടുപ്പ് കമീഷന്‍ തയ്യാറാക്കിയ പട്ടികയായിരുന്നു. പഞ്ചായത്ത് രാജ് നിയമം വന്നതിന് ശേഷം നടന്ന എല്ലാ തെരെഞ്ഞെടുപ്പുകളിലും സമാന രീതി ആണ് സ്വീകരിച്ചത്. 2016 ലും 2019 ലും നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവര്‍ വിണ്ടും വോട്ട് ചേര്‍ക്കണം എന്ന വാശി സാങ്കേതിക വിദ്യ കൂടുതല്‍ മെച്ചപ്പെട്ട ഈ കാലത്ത് അശാസ്ത്രിയമാണ്. 2015 ന് ശേഷം അഞ്ച് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടര്‍ പട്ടിക പുതുക്കിയിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെട്ടവരെ വീണ്ടും ചേര്‍ക്കാന്‍ വേണ്ടി ചിലവഴിക്കുന്ന മനുഷ്യാധ്വാനവും സമയവും പണവും സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാക്കും. വാര്‍ഡ് വിഭജന പ്രക്രിയ പൂര്‍ത്തിയായി വിജ്ഞാപനം വരാത്തതിനാല്‍ കരട് വോട്ടര്‍ പട്ടികക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. ഈ സാഹചര്യം കൂടി പരിഗണിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ തയ്യാറാക്കുന്ന 2020 ലെ വോട്ടര്‍ പട്ടിക മാനദണ്ഡമാക്കി കരട് വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ തയ്യാറാകണമെന്നും ഇതിന് ആവശ്യമായ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757