featuredOpinion

സംഘ്‌രാഷ്ട്ര നിര്‍മിതിയിലേക്കുള്ള നടവഴികള്‍ – എ. റശീദുദ്ദീന്‍

ഇന്ത്യ തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയ മൂന്ന് ദശാബ്ദങ്ങളാണ് നമുക്കു പിന്നിലുള്ളത്. 1990കള്‍ക്ക് മുമ്പുള്ള ഇന്ത്യയും 80കളിലെ ഇന്ത്യയും തമ്മില്‍ ഉണ്ടായിരുന്ന മാറ്റത്തേക്കാളും ഭയാനകമാണ് കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ക്കിടയില്‍ ഉണ്ടായ മാറ്റം. അടല്‍ ബിഹാരി വാജ്പേയിയില്‍ നിന്നും നരേന്ദ്ര മോദിയിലേക്കുള്ള ദൂരം മൂന്ന് മന്ത്രിസഭകളുടേതായിരുന്നില്ല. അടിസ്ഥാന സങ്കല്‍പ്പങ്ങളിലും മൂല്യങ്ങളിലും രാജ്യം ഏഴുപതിറ്റാണ്ടുകള്‍ക്ക് പിന്നിലേക്കാണ് എത്തിപ്പെട്ടത്. ജനങ്ങള്‍ക്ക് പരമമായ വികസനത്തെ കുറിച്ച വര്‍ണശബളമായ സ്വപ്നങ്ങള്‍ വിറ്റ് 2014ല്‍ അധികാരത്തിലേറുമ്പോള്‍ വരാനിരിക്കുന്ന നല്ല ദിനങ്ങളെ കുറിച്ചാണ് മോദി പറഞ്ഞുകൊണ്ടിരുന്നതെങ്കില്‍ 2019ലേക്ക് എത്തിയപ്പോഴേക്കും നല്ല ദിവസങ്ങളുടെ സ്‌കോര്‍ഷീറ്റ് അതിര്‍ത്തിക്കപ്പുറത്ത് ബാലക്കോട്ടില്‍ നടത്തിയെന്ന് അവകാശപ്പെട്ട ഒരു സൈനിക നീക്കവും അതിനും ഒരു വര്‍ഷം മുമ്പേ നടത്തിയെന്ന് അവകാശപ്പെടുന്ന സര്‍ജിക്കല്‍ സ്ട്രൈക്കും മാത്രമായി ചുരുങ്ങിപ്പോയിരുന്നു. ശുദ്ധമായ സാമ്പത്തിക വ്യവസ്ഥ, യുവാക്കള്‍ക്ക് തൊഴില്‍, അഴിമതി നിര്‍മാര്‍ജനം മുതലായവയൊക്കെ മാസങ്ങളുടെ ഇടവേള കൊണ്ടുതന്നെ പാഴ്ക്കിനാവുകളായി മാറി. തെരഞ്ഞെടുപ്പ് സമയത്ത് മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങള്‍ക്ക് ഒരു പ്രാധാന്യവും ഇല്ലെന്ന് പ്രധാനമന്ത്രി പൊതുജനത്തെ ബോധ്യപ്പെടുത്തി. എങ്കില്‍ പോലും 2014ല്‍ നിന്നും 19ലേക്കെത്തുമ്പോള്‍ ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ ബാഹ്യമായി കുറെയൊക്കെ മാറിയിരുന്നു. ലോകബാങ്കില്‍ നിന്നും 1.5 കോടി ബില്യണ്‍ ഡോളര്‍ വായ്പയെടുത്ത് നടപ്പാക്കിയ സ്വഛ് അഭിയാനും പാവപ്പെട്ടവര്‍ക്ക് വീടുവെക്കാന്‍ സഹായം നല്‍കുന്ന പ്രധാനമന്ത്രി ആവാസ് യോജനയും ദരിദ്ര ഭവനങ്ങള്‍ക്ക് ഗ്യാസ് നല്‍കുന്ന ഉജ്ജ്വല യോജനയുമൊക്കെ ഗ്രാമീണ ജീവിതത്തെ വലിയ അളവില്‍ മാറ്റിമറിച്ചിട്ടുണ്ട് എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. അതേസമയം ഇന്ത്യന്‍ ഗ്രാമങ്ങളിലെ ജീവിതം മുമ്പെന്നെത്തേക്കാളും ദരിദ്രമായി മാറിയിരുന്നു. വികസനത്തിന്റെ എല്ലാ അടിസ്ഥാന സൂചികകളിലും രാജ്യം താഴേക്കു പോയി. നോട്ട് നിരോധനവും ജി.എസ്.ടിയും അടിസ്ഥാന വളര്‍ച്ചയുടെ നട്ടെല്ലൊടിച്ചു. മറുഭാഗത്ത് സാമൂഹികമായ മേഖലകളില്‍ ഗതിവേഗവും ദിശാബോധവും നഷ്ടപ്പെട്ട് ഇന്ത്യ ഒരു ഇരുണ്ട തുരങ്കത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. 40 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തൊഴില്‍ ലഭ്യതയാണ് രാജ്യത്ത് നിലവിലുള്ളത്. വളര്‍ച്ചാ നിരക്ക് 2.5 ആണെന്ന് പോലും സാമ്പത്തിക ശാസ്ജ്ഞ്രന്‍മാര്‍ ആരോപിക്കുന്നുണ്ട്. സ്റ്റോന്‍ലി മോറഗനെ പോലുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ വിലയിരുത്തുന്നത് വളര്‍ച്ച നെഗറ്റീവ് നിരക്കില്‍ എത്തിയിട്ടുണ്ടെന്നാണ്. വിദേശനിക്ഷേപം ഭയപ്പെടുത്തുന്ന രീതിയില്‍ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇതൊന്നും പക്ഷേ, പൊതുബോധത്തെ സ്വാധീനിക്കുന്ന അടിസ്ഥാന വിഷയങ്ങള്‍ അല്ലാതായി മാറിയ മറുവശവും ഇന്ത്യയിലുണ്ട്. നമ്മുടെ സാമാന്യ ജനജീവിതത്തില്‍ വന്ന സുപ്രധാനമായ മാറ്റമായിരുന്നു ഇത്. ഓരോ വ്യക്തിയും പലതരം ഉന്മാദ രോഗങ്ങളുടെ പിടിയിലകപ്പെട്ട ചിത്രമാണ് ഇന്ന് ഇന്ത്യയിലുളളത്. അവനവന്റെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനേക്കാള്‍ പ്രധാനം അയല്‍പക്കത്തേക്ക് തൊടുക്കേണ്ട മിസൈലും രാജ്യത്തിനകത്തെ ശത്രുവിനെ കുത്തിമലര്‍ത്തലുമൊക്കെയായി മാറിയിരിക്കുന്നു.

സ്വാതന്ത്ര്യം പ്രാപിച്ചതിനു ശേഷം 17 തെരഞ്ഞെടുപ്പുകളിലൂടെ കടന്നുപോയിട്ടും ഇന്ത്യയുടെ ഭരണഘടനാപരമായ അടിസ്ഥാന തത്വങ്ങള്‍ ഒരു പ്രധാനമന്ത്രിയുടെ കാലത്തും മാറിയിരുന്നില്ല. എത്രയൊക്കെ ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തിയിട്ടും അടിസ്ഥാനങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ മുന്‍കാല ഗവണ്‍മെന്റുകള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍, മോദി കാലത്ത് ചിത്രം പൂര്‍ണമായും മാറി. ഇന്ത്യ ഹിന്ദുരാജ്യമാണെന്ന് ഗവണ്‍മെന്റിന്റെ ഓരോ നീക്കവും അടിവരയിട്ടു. 2014ലെ തെരഞ്ഞെടുപ്പിനു ശേഷം പൊടുന്നനെയാണ് രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്രയുടെ ദിശമാറിയത്. ആള്‍കൂട്ട കൊലപാതകങ്ങളും ഹിന്ദുത്വ ഭീകരാക്രമണങ്ങളും നിഗൂഢമായി ആഘോഷിക്കപ്പെടുകയും അതിലെ പ്രതികള്‍ രാഷ്ട്രീയമായി പുനരധിവസിപ്പിക്കപ്പെടുകയും ചെയ്തു. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങള്‍ക്കു പുറത്തും വേരുകളുള്ള രാഷ്ട്രീയ പ്രസ്ഥാനമായി ഇന്ന് ബി.ജെ.പി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയും ഇന്ന് ബി.ജെ.പിയാണ്. ദക്ഷിണേന്ത്യയെന്നോ ഉത്തരേന്ത്യയെന്നോ വ്യത്യാസമില്ലാതെ ഒ.ബി.സികള്‍, ആദിവാസികള്‍, ദലിതുകള്‍ മുതലായ എല്ലാ വിഭാഗം ജനങ്ങളിലും ഇന്ന് ബി.ജെ.പിക്ക് വേരുകളുണ്ട്. അതേസമയം നരേന്ദ്ര മോദി കാലത്ത് ബി.ജെ.പി അടിയുറച്ചു നിന്ന ഏറ്റവും സുപ്രധാനമായ രാഷ്ട്രീയ നിലപാട് മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ടതായിരുന്നു. മുസ്ലിം സമുദായം അംഗീകരിച്ച, അവര്‍ക്ക് അനുകൂലമെന്ന് വിലയിരുത്തിയ ഒരു പ്രസ്താവന പോലും മോദിയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. മുസ്ലിം പ്രാതിനിധ്യം നിയമസഭകളിലും പാര്‍ലമെന്റിലും അസാധാരണമായ തോതില്‍ കുറഞ്ഞു വന്നു. 2014ല്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ എണ്ണമായ 23ലേക്ക് ലോക്‌സഭയില്‍ അതെത്തി. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി ബി.ജെ.പിയിലെത്തിയ സൗമിത്രഖാന്‍ ആണ് 2019ല്‍ പാര്‍ലമെന്റില്‍ ബി.ജെ.പിയുടെ ഏക മുസ്ലിം മുഖം. വാജ്പേയി കാലത്തെ മുസ്ലിം നേതാക്കളായ മുക്താര്‍ അബ്ബാസ് നഖ്വിക്കും ഷാനവാസ് ഹുസൈനും ശേഷം ദേശീയതലത്തില്‍ ഒറ്റ മുസ്ലിം നേതാവിനെയും നരേന്ദ്ര മോദി വളര്‍ത്തിയെടുത്തിട്ടില്ല. മുസ്ലിം വിരുദ്ധത എല്ലാ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സുരക്ഷാ നീക്കങ്ങളുടെയും കാണാച്ചരടായി മാറുകയാണ് മോദി ഭരണകാലഘട്ടത്തിലുണ്ടായത്. മുസ്ലിമിനെ രാജ്യവുമായി ബന്ധപ്പെടുത്തുന്ന അടയാളങ്ങളെ സംശയിക്കാനും വെറുക്കാനും മോദി ഇന്ത്യയെ അഞ്ചു വര്‍ഷം കൊണ്ടു പഠിപ്പിച്ചു. സൈന്യാധിപ സ്ഥാനത്തേക്കു സ്വാഭാവികമായി വരേണ്ടിയിരുന്ന ഒരു മുസ്ലിം ജനറലിനെ തഴഞ്ഞ സംഭവം ഉദാഹരണം. അത് ദേശീയ മാധ്യമങ്ങളിലൊന്നില്‍ പോലും രാത്രി ചര്‍ച്ചയുടെ വിഷയമായില്ല. മുത്തലാഖ് ബില്‍ എന്ന പേരില്‍ മുസ്ലിംകള്‍ക്കിടയിലെ വിവാഹമോചനം തന്നെ കുറ്റകരമാക്കുന്ന നിയമം, മറ്റൊരു സമൂഹത്തിനും ബാധകമാക്കാത്ത രീതിയില്‍, കൊണ്ടുവന്നത് വേറൊരു ഉദാഹരണം.

ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വിജയിച്ചതിനു ശേഷം നടത്തിയ പ്രസംഗത്തില്‍ നരേന്ദ്ര മോദി ചൂണ്ടിക്കാണിച്ച സുപ്രധാനമായ ഒരു വസ്തുതയുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും 2019ല്‍ മതേതരത്വത്തിന്റെ പേരുപറഞ്ഞ് വോട്ടു ചോദിക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല എന്ന്. മാത്രവുമല്ല പ്രധാനമന്ത്രിയായതിനു ശേഷമുള്ള കാലത്ത് ഒരിക്കല്‍ പോലും താന്‍ രാജ്യത്തിന്റെ മതേതരത്വം ഇപ്പോഴത്തെ അതേ മട്ടില്‍ കാത്തുസൂക്ഷിക്കുമെന്ന് നരേന്ദ്ര മോദി എവിടെയും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എല്ലാ ഇന്ത്യക്കാരെയും രക്ഷിക്കും, ഒരുഇന്ത്യന്‍ പൗരനെയും നാടു കടത്തില്ല, എല്ലാവരോടും തുല്യനീതി എന്നും മറ്റുമുള്ള പൊള്ളയായ മുദ്രാവാക്യങ്ങളായിരുന്നു പകരം ഉയര്‍ത്താറുണ്ടായിരുന്നത്. മതേതരത്വം ഈ ആശയത്തോട് അദ്ദേഹം പ്രവൃത്തികളിലൂടെ എപ്പോഴും മുഖംതിരിച്ചു നിന്നു. മതേതരത്വമെന്നത് മുസ്ലിംകളെ സഹായിക്കാനുള്ളതാണെന്നും പാകിസ്ഥാനുമായി ബന്ധപ്പെട്ടതാണെന്നും പറയാതെ പറയാന്‍ മോദിക്കു കഴിഞ്ഞു. മുസ്ലിംകള്‍ മുമ്പൊരിക്കലും സ്വന്തം രാജ്യത്ത് ഇത്രയേറെ അന്യവല്‍ക്കരിക്കപ്പെട്ടിരുന്നില്ല. പൊതുബോധത്തെ അത്രമേല്‍ ബി.ജെ.പി അട്ടിമറിച്ചു കഴിഞ്ഞിരുന്നു. മതേതരത്വത്തിനെതിരെ സംസാരിക്കുന്നതാണ് ഹിന്ദുത്വം എന്ന രാഷ്ട്രീയ മുദ്രാവാക്യത്തിന്റെ അടിസ്ഥാനമെന്ന് മോദി കൃത്യമായി അടയാളപ്പെടുത്തി. തീവ്ര ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കിയവര്‍ക്കെല്ലാം പാര്‍ട്ടിക്കകത്ത് സ്ഥാനമാനങ്ങള്‍ നല്‍കി. രാജ്യ സുരക്ഷ പോലും ഹിന്ദു-മുസ്ലിം ദ്വന്ദമാക്കി മാറ്റിയെടുക്കാന്‍ മോദിക്കു കഴിഞ്ഞു. പൗരത്വ പട്ടികയും പൗരത്വ ഭേദഗതിയുമൊക്കെ സുരക്ഷയുമായാണ് ബന്ധപ്പെടുത്തുന്നത്. സൈന്യം, മീഡിയ, ജുഡീഷ്യറി, എക്സിക്യുട്ടീവ് എന്നിവയുടെ മേലുള്ള ഔദ്യോഗികവും അനൗദ്യോഗികവുമായ നിയന്ത്രണത്തിലൂടെയായിരുന്നു മോദി അത് സാധിച്ചെടുത്തത്. രാജ്യത്തെ വിരലിലെണ്ണാവുന്ന മാധ്യമ സ്ഥാപനങ്ങള്‍ ഒഴികെ ശേഷിച്ചവയെല്ലാം കോര്‍പറേറ്റുകളെ ഉപയോഗിച്ച് കയ്യടക്കി. അവയുടെ അധികാര സ്ഥാനങ്ങളില്‍ ആര്‍.എസ്.എസില്‍ നിന്നുള്ളവരെ നിയോഗിച്ചു. മന്‍മോഹന്‍ സിംഗിനെതിരെ 2014 വരെ ഉപയോഗിച്ച മാനദണ്ഡങ്ങള്‍ വെച്ച് മോദിയെ അളക്കുന്നതിനെ കുറിച്ച് ചിന്തിക്കാനുള്ള ധൈര്യം പോലും മാധ്യമങ്ങള്‍ക്ക് ഇല്ലാതായി. ജനങ്ങള്‍ക്കും ഭരണകൂടത്തിനുമിടയില്‍ നിശ്ചയിക്കപ്പെട്ട ചില തത്വങ്ങളുടെ അടിസ്ഥാനത്തില്‍ നിഷ്പക്ഷമായി നിലയുറപ്പിക്കുന്നതിനു പകരം സര്‍ക്കാറിന്റെ ഉച്ചഭാഷിണികളായി ദേശീയ മാധ്യമങ്ങള്‍ മാറി.

സമീപകാലത്തായി ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ പ്രസംഗങ്ങളില്‍ ചൂണ്ടിക്കാട്ടാറുള്ള ഇന്ത്യ 2 എന്ന ആശയം ഈ സാഹചര്യത്തിലാണ് ചര്‍ച്ച ചെയ്യേണ്ടത്. ഇന്ത്യ പുതിയൊരു റിപ്പബ്ളിക് ആവാന്‍ പോകുന്നുവെന്നാണ് സംഘ്പരിവാര്‍ അര്‍ഥം വെക്കുന്നത്. പഴയ മതേതര ഇന്ത്യയുടെ സ്ഥാനത്ത് പുതിയ ഹിന്ദുരാഷ്ട്രം നടപ്പിലാക്കുക എന്നതിന്റെ മറ്റൊരു വകഭേദമാണിത്. മോദിക്കു ശേഷമുള്ള പുതിയ മറ്റൊരു ഇന്ത്യ സ്ഥാപിക്കാനും പഴയ എല്ലാ ആശയങ്ങളെയും തള്ളിപ്പറയാനുമാണ് അവര്‍ തയ്യാറെടുക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതിരുന്ന കാരണങ്ങള്‍ ഒരാവര്‍ത്തി അവരുടെ ആചാര്യന്‍മാര്‍ എഴുതിവെച്ച അടിസ്ഥാന ഗ്രന്ഥങ്ങളില്‍ നിന്നും വായിച്ചു നോക്കുന്നതും ഇപ്പോള്‍ നരേന്ദ്ര മോദി- അമിത് ഷാ കൂട്ടുകെട്ട് ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെ അതിലേക്ക് ചേര്‍ത്തുവെക്കുകയും ചെയ്താല്‍ ഇതെളുപ്പം മനസ്സിലാകും. ഇന്ന് ബി.ജെ.പിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്നത് മറ്റൊരു സ്വാതന്ത്ര്യ സമരമായാണ് സംഘ്പരിവാര്‍ അവര്‍ക്കിടയില്‍ ആഘോഷിക്കുന്നത്. ആശയപരവും സാങ്കല്‍പ്പികവുമായ ആഭ്യന്തര ശത്രുക്കളെ, അതായത് മുസ്ലിംകള്‍, കമ്മ്യൂണിസ്റ്റുകാര്‍ മുതലായവര്‍ക്കെതിരെനടത്തുന്ന നീക്കങ്ങളാണ് പുതിയ കാലത്തെ സ്വാതന്ത്ര്യ സമരം. കമ്മ്യൂണിസ്റ്റുകാരെ കുറിച്ച് നിരന്തരമായ നുണ പ്രചാരണമാണ് ഉത്തരേന്ത്യയില്‍ ബി.ജെ.പി നടത്തിയത്. കേരളത്തെ കുറിച്ച് ഉത്തരേന്ത്യയിലെ പൊതുജനം എന്തു വിശ്വസിക്കുന്നു എന്നറിഞ്ഞാല്‍ അല്‍ഭുതപ്പെട്ടു പോകും. ഭീകരതയെ മുസ്ലിംകളിലേക്ക് ചേര്‍ത്തുവെച്ച് എല്‍.കെ അദ്വാനിയുടെ കാലം മുതല്‍ ആരംഭിച്ച പ്രചാരണവും അജണ്ടയുടെ അടിസ്ഥാനത്തിലാണ്.

ഭീകരതയെ സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി കൃത്യമായി അവരുപയോഗിച്ചു. അദ്വാനി ആഭ്യന്തരമന്ത്രിയായിരിക്കവെ ആരംഭിച്ച ദുരൂഹമായ ഭീകരാക്രമണങ്ങളാണ് മുസ്ലിംകളെ അപരവല്‍ക്കരിക്കുന്നതില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ സഹായകമായി മാറിയത്. മറുഭാഗത്ത് ഭീകരതയുടെ കാര്യത്തില്‍ അതിന് കൃത്യമായ മതമുണ്ടെന്നും ഭീകരരില്‍ നല്ലവരും രാജ്യസ്നേഹികളുമുണ്ടെന്നും സംഘ്പരിവാറും എന്‍.ഡി.എ സര്‍ക്കാരുകളും തെളിയിച്ചു. ആര്‍.എസ്.എസാണ് ഭീകരാക്രമണങ്ങള്‍ സംഘടിപ്പിച്ചതെന്ന് പുറത്തുകൊണ്ടുവന്ന ഒരുദ്യോഗസ്ഥന്‍ അങ്ങേയറ്റം ദുരൂഹമായ രീതിയില്‍ കൊല്ലപ്പെട്ടു. അതിശക്തമായി ഈ പ്രചാരണം നയിച്ച കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവിനെതിരെ പ്രഗ്യാസിംഗിനെ രംഗത്തിറക്കി മല്‍സരിപ്പിച്ചു. ഭീകരരില്‍ പോരാളികളുണ്ടെന്ന് പറയുന്ന പാകിസ്ഥാനെ എക്കാലത്തും വിമര്‍ശിക്കുകയാണ് നാം ചെയ്തിരുന്നതെന്ന് മറന്നു. പ്രഗ്യാസിംഗ് താക്കൂറിന് ബി.ജെ.പി ടിക്കറ്റില്‍ മല്‍സരിക്കാന്‍ അവസരമൊരുക്കിയത് പാകിസ്ഥാനില്‍ പോലും മാതൃകയില്ലാത്ത രീതിയിലായിരുന്നു. ഇപ്പോഴും ഭീകരാക്രമണ കേസുകളില്‍ വിചാരണ നേരിടുന്ന പ്രഗ്യാസിംഗിനൊപ്പമാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉറച്ചു നില്‍ക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രഗ്യാസിംഗ് ഗോഡ്സെയെ പരസ്യമായി ശ്ളാഘിച്ചത് ബി.ജെ.പി നിഗൂഡമായി ആഘോഷിക്കുകയാണ് ചെയ്തത്. പാര്‍ലമെന്റിലെ ഒരു സുപ്രധാന കമ്മിറ്റിയിലേക്ക് പ്രഗ്യയെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുമ്പോള്‍ പഴയ കേസുകളും പരാമര്‍ശങ്ങളുമൊന്നും സര്‍ക്കാരിന് തടസ്സമല്ലായിരുന്നു. പക്ഷേ, അതേ കാര്യം പാര്‍ലമെന്റിനകത്ത് ആവര്‍ത്തിച്ചതിനെ ചൊല്ലി പ്രഗ്യയെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. തികച്ചും കപടമായിരുന്ന ഒരു ഗാന്ധി സ്നേഹമായിരുന്നു മോദി സര്‍ക്കാര്‍ സഭയില്‍ സ്ഥാപിച്ചെടുത്തത്. ഇന്ത്യന്‍ ദേശീയതയുടെ സംരക്ഷക സ്ഥാനത്ത് ബി.ജെ.പി കോണ്‍ഗ്രസിനെക്കാളും വലിയ സംഘടനയായി മാറി. രാഷ്ട്രതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ നെഹ്റുവിനേക്കാളും മികച്ച പ്രധാനമന്ത്രി താനാണെന്ന് അവസരത്തിലും അനവസരത്തിലും മോദി സ്ഥാപിച്ചെടുക്കാന്‍ മെനക്കെട്ടു. മോദിയുടെ ഭരണം കൊള്ളില്ലെന്ന് പറയുന്നവര്‍ പോലും രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മോദിയാണ് കൂടുതല്‍ നല്ലതെന്ന് പറയുന്ന കാലമെത്തി.

ബാലക്കോട്ട് നാടകത്തിനു ശേഷം പ്രതിപക്ഷം മോദിക്കു മുമ്പില്‍ തെരഞ്ഞെടുപ്പിനു മുമ്പേ തന്നെ കീഴടങ്ങിയിരുന്നു. 300 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ബി.ജെ.പി അവകാശപ്പെട്ടു കൊണ്ടിരുന്ന ആ ദുരൂഹ സംഭവത്തെ യുക്തിയുടെയും ഭരണകൂട വീഴ്ചകളുടെയും ഭാഗത്തുനിന്നും ചോദ്യം ചെയ്യാന്‍ മാധ്യമങ്ങള്‍ക്കോ പ്രതിപക്ഷത്തിനോ കഴിഞ്ഞില്ല. കൊല്ലപ്പെട്ട ഇന്ത്യന്‍ പട്ടാളക്കാരുടെ പകുതിയെങ്കിലും ബാലക്കോട്ട് ആക്രമണത്തില്‍ മരിച്ചുവെന്ന് തെളിയിക്കാന്‍ ബി.ജെ.പിക്കായിട്ടില്ല. തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പി തന്നെയും അതെ കുറിച്ച് മിണ്ടാതായിട്ടും പൊതുമണ്ഡലത്തില്‍ അത് മോദിയുടെ നെഞ്ചൂക്കിന്റെയും ഇഛാശക്തിയുടെയും ഏറ്റവും മികച്ച ഉദാഹരണമായി ഇന്നും നിലനില്‍ക്കുന്നു. കശ്മീരിന്റെ പ്രത്യേകാധികാരങ്ങള്‍ എടുത്തുകളയുന്ന ബില്‍ സഭയില്‍ ചര്‍ച്ചക്കു വന്നപ്പോള്‍ ഒന്ന് കുതറാന്‍ പോലും മെനക്കെടാതെ പ്രതിപക്ഷം രണ്ട് സഭകളിലും കീഴടങ്ങി. എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന ബി.ജെ.പി പ്രചാരണത്തിന് മറുപടി പറയുന്നതിനേക്കാള്‍ രാഷ്ട്രീയമായി ഗുണം ചെയ്യുന്നത് പൊതുബോധത്തിന് കീഴടങ്ങുന്നതിന് തുല്യമായിരുന്നു അത്. ഭരണഘടനയുടെ എല്ലാ അടിസ്ഥാനവും കുറുക്കു വഴികളിലൂടെ മറികടന്നത് അതിലൂടെ രാജ്യത്തിന് അസാധാരണമായ എന്തെങ്കിലുമൊരു നേട്ടം സമ്മാനിക്കാനോ കശ്മീരിലെ നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് അന്തിമമായ സമാധാനം ഉണ്ടാക്കാനോ ആയിരുന്നില്ല. അങ്ങനെ ആയിരുന്നുവെങ്കില്‍ നിലവില്‍ 150 ദിവസം പിന്നിട്ട ഇപ്പോഴത്തെ അടച്ചുപൂട്ടലിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിച്ച് തദടിസ്ഥാനത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവരായ മുഖ്യമന്ത്രിമാരെയും പാര്‍ലമെന്റംഗങ്ങളെയും ദേശീയസുരക്ഷാ നിയമം പോലുള്ളവ ചുമത്തി തടവിലിടേണ്ട കാര്യമുണ്ടായിരുന്നില്ല. ഇന്ന് മോദി-ഷാ കൂട്ടുകെട്ടിനു മുമ്പില്‍ പ്രതിപക്ഷവും കോടതികളും മാധ്യമങ്ങളുമൊക്കെ കശ്മീരിനെ കുറിച്ച് മൗനം പാലിക്കാന്‍ പഠിച്ചു കഴിഞ്ഞു. ഒരുഭാഗത്ത് ആത്മരോഷം പ്രകടിപ്പിക്കുമെങ്കിലും കേസുകളെ കഴിയുന്നത്ര നീട്ടികൊണ്ടുപോയി സര്‍ക്കാരിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കുകയാണ് സുപ്രീംകോടതി ചെയ്യുന്നത്. ഈ കേസില്‍ മാത്രമായിരുന്നില്ല അത്. സുപ്രധാനമായ മിക്ക കേസുകളിലും സമീപകാലത്ത് നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങളെ പോലും കണ്ണടച്ചിരുട്ടാക്കുന്ന ഉത്തരവുകള്‍ രാജ്യത്തുണ്ടായി. റാഫേല്‍ കേസില്‍ പുറത്തുവന്ന രേഖകള്‍ 2018 ഡിസംബറില്‍ കേസ് ഡയറിയുടെ ഭാഗമാക്കിയ കോടതി ഈ രേഖകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നില്ല പക്ഷേ വിധി പറഞ്ഞത്. ഈ രേഖകള്‍ തെളിവായി അംഗീകരിച്ച ചീഫ് ജസ്റ്റിസിനെതിരെ മാധ്യമങ്ങളില്‍ ലൈംഗികാരോപണം പ്രത്യക്ഷപ്പെടുന്ന സാഹചര്യം പോലുമുണ്ടായി.

തെരഞ്ഞെടുപ്പു കമീഷന്‍ വെറും നോക്കുകുത്തിയായി മാറി. ഏറ്റവുമൊടുവില്‍ രാജ്യത്തെ 343 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന പരാതിയില്‍ സുപ്രീംകോടതി ഇക്കഴിഞ്ഞ 14ന് കമ്മീഷന് നോട്ടീസയച്ചു. വാര്‍ത്താ ഏജന്‍സികളും മോദി ഭക്തരായ മാധ്യമങ്ങളും കൂട്ടം ചേര്‍ന്ന് വാര്‍ത്ത മുക്കി. 2019ലെ തെരഞ്ഞെടുപ്പു കാലത്ത് രാജ്യത്തുടനീളം നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങളില്‍ ഹിന്ദു-മുസ്ലിം വിഭാഗീയതക്ക് ആക്കം കൂട്ടുന്ന എത്രയോ പരാമര്‍ശങ്ങളുണ്ടായിരുന്നു. ടി.ആര്‍ ശേഷന്‍, മിഖായേല്‍ ലിങ്ദോ പോലുള്ള കമീഷണര്‍മാരുടെ കാലമായിരുന്നെങ്കില്‍ മൊത്തം തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കപ്പെടുമായിരുന്നു. രണ്ട് തെരഞ്ഞെടുപ്പു കമീഷണര്‍മാര്‍ മോദിക്ക് വിനീതവിധേയരായി തലകുനിച്ചു നിന്നപ്പോള്‍ കമീഷനിലെ മൂന്നാമത്തെ അംഗം ഭരണഘടനയുടെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. അദ്ദേഹത്തെ കൃത്യമായി വേട്ടയാടുകയും എക്സിക്യുട്ടീവിന് ഗവണ്‍മെന്റിനെതിരെ നിന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് ശേഷിച്ചവര്‍ക്ക് സന്ദേശം നല്‍കുകയുമാണ് പിന്നീടുണ്ടായത്. സി.ബി.ഐയെയും എന്‍ഫോഴ്സ്മെന്റിനെയും ഉപയോഗിച്ച് രാജ്യസഭാംഗങ്ങളെ പോലും വിരട്ടി ബി.ജെ.പിയുടേയതാക്കുന്ന കാലമെത്തി. തോറ്റിട്ടും അപ്പൂറത്തുള്ളവനെ മെരുക്കി ഇപ്പുറത്തെത്തിക്കുന്നതിനെ ചാണക്യതന്ത്രമായി അതിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. അമിത്ഷാക്കെതിരെ പ്രമാദമായ ഒരു കേസില്‍ വിധി പറയാനിരുന്ന ജസ്റ്റിസ് ലോയ വധിക്കപ്പെട്ടതായിരുന്നുവെന്ന് കാരവന്‍ മാസിക തെളിവുകള്‍ സഹിതം കണ്ടെത്തിയപ്പോഴും നീതിപീഠം അതിനെ കുറിച്ച് ഭാവിയില്‍ പോലും ആരും അന്വേഷിക്കരുതെന്ന ഉത്തരവിറക്കി രാജ്യത്തെ അമ്പരപ്പിച്ചു. ജഡ്ജിമാരുടെ ചരിത്രപ്രധാനമായ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഒരാളായിരുന്നു ഈ ചീഫ് ജസ്റ്റിസ്. സര്‍ക്കാരിന്റെ പിണിയാളായിരുന്നെന്ന് രഞ്ജന്‍ ഗൊഗോയി കുറ്റപ്പെടുത്തിയ ദീപക് മിശ്രയുടെ കാലത്തേതിനേക്കാള്‍ മോശപ്പെട്ട മറ്റൊരു കാലഘട്ടമാണ് പിന്നീടുണ്ടായത്. സി.ബി.ഐ ഡയറക്ടര്‍ അലോക് സിന്‍ഹയെ രായ്ക്കുരാമാനം മാറ്റിയത് റാഫേല്‍ ഇടപാടിനെ ചൊല്ലിയാണെന്ന് പിന്നീട് സംശയമുയര്‍ന്നു. സി.വി.സി ഈ മാറ്റത്തില്‍ വഹിച്ച പങ്ക് ഭരണഘടനാ തത്വങ്ങളുടെ വെളിച്ചത്തില്‍ സംശയാസ്പദമായി മാറി. സി.എ.ജിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പ്രമാദമായ ഈ അഴിമതിയെ വെള്ളപൂശുന്നതായി മാറി. 730 കോടിയുടെ ബോഫോഴ്സ് ഇടപാടിനെ കുറിച്ച് ഇപ്പോഴും സംസാരിക്കുന്ന, ക്വത്റോച്ചിയും സോണിയാഗാന്ധിയും തമ്മിലുള്ള ബന്ധത്തെ എങ്ങനെ സ്ഥാപിച്ചെടുക്കുമെന്ന് സ്വപ്നം കാണുന്ന ബി.ജെ.പി റിലയന്‍സിന് മറിച്ചു കൊടുത്ത 30,000 കോടിയുടെ കാര്യത്തില്‍ മിണ്ടാട്ടമില്ലാതായി.

മറ്റൊന്ന് പണം വാരിയെറിഞ്ഞ് നടത്തിയ പരസ്യമായ നീക്കങ്ങളാണ്. നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് 12,000 കോടിരൂപ വരെ ചെലവു വന്നിട്ടുണ്ടാകാം എന്നു പോലും വിലയിരുത്തപ്പെടുന്നുണ്ട്. കോര്‍പറേറ്റുകളായിരുന്നു ഈ തുക മോദിക്കു നല്‍കിയത്. 1998ല്‍ ആദ്യത്തെ എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ജസ്വന്ത് സിംഗിനെ ധനമന്ത്രാലയം ഏല്‍പ്പിക്കരുതെന്ന് അന്ന് ആര്‍.എസ്.എസിന്റെ അധ്യക്ഷനായിരുന്ന സുദര്‍ശന്‍ വാജ്‌പേയിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്വകാര്യമേഖലയുമായി ആഴത്തില്‍ ബന്ധമുള്ള ജസ്വന്ത് സിംഗ് വരുന്നത് ആര്‍.എസ്.എസ് ആഗ്രഹിക്കുന്ന സ്വദേശി സാമ്പത്തിക വ്യവസ്ഥക്ക് തടസ്സമുണ്ടാക്കുമെന്നാണ് അവര്‍ ചിന്തിച്ചത്. എന്നാല്‍, മോദി കാലത്ത് ബി.ജെ.പിയെ നിലനിര്‍ത്തിയത് കോര്‍പറേറ്റുകള്‍ മാത്രമായി മാറി. വലിയ വില തന്നെയാണ് കോര്‍പറേറ്റുകള്‍ ഈടാക്കി കൊണ്ടിരുന്നത്. ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന് പകരം രാജ്യം തീറെഴുതി വാങ്ങുകയാണ് അദാനിയും അംബാനിയും ഇന്ന് ചെയ്യുന്നത്. പൊതുമേഖലയിലെ നവരത്ന കമ്പനികള്‍ പോലും ഇന്ന് തുഛമായ തുകക്ക് മോദി സര്‍ക്കാര്‍ എറിഞ്ഞുകൊടുക്കുകയാണ്. അതേസമയം ഇത് മോദികാലത്ത് മാത്രം സംഭവിച്ചു കൊണ്ടിരുുന്ന ദുരന്തമായിരുന്നില്ല. ആര്‍.എസ്.എസ് സ്വദേശിയെ കുറിച്ച് എന്തൊക്കെ പുറമെ പറയുമ്പോഴും വാജ്പേയിയുടെ കാലത്താണ് ഓഹരി വിറ്റഴിക്കല്‍ എന്ന പേരില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നീക്കം തുടങ്ങിയത്. അതിന് മുമ്പെയുള്ള ജനതാ പാര്‍ട്ടി കാലത്തും ജനസംഘത്തിന് ഇത്തരം ബന്ധങ്ങളുണ്ടായിരുന്നു. കോര്‍പറ്റേുകളുമായി ആര്‍.എസ്.എസിന് ആദ്യകാലം തൊട്ടേ ബന്ധമുണ്ടായിരുന്നു. നാനാജി ദേശ്മുഖിന്റെ അടുത്ത അനുയായി ആയിരുന്നു നുസ്ലി വാഡിയ. ജിന്നയുടെ മകള്‍ ദിന ആയിരുന്നു വാഡിയയുടെ അമ്മ. കോണ്‍ഗ്രസാകട്ടെ ഈ മേഖലയില്‍ എക്കാലത്തെയും ചാമ്പ്യന്‍മാരുമായിരുന്നു.

എറ്റവുമൊടുവില്‍ ജനങ്ങളെ പരസ്യമായി മതത്തിന്റെ പേരില്‍ വിഭജിക്കാനും ബി.ജെ.പി ധൈര്യം കാണിച്ചു തുടങ്ങി. മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ഇന്ത്യയെ വിഭജിച്ചതു കൊണ്ടാണ് പൗരത്വ നിയമത്തില്‍ മതാടിസ്ഥാനത്തില്‍ പുതിയ ഭേദഗതി അനിവാര്യമായി വന്നതെന്ന് ആഭ്യന്തരമന്ത്രി തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കി. സവര്‍ക്കര്‍ മുന്നോട്ടുവെച്ചതും പിന്നീട് മുഹമ്മദലി ജിന്ന ഏറ്റുപിടിച്ചതുമായ ദ്വിരാഷ്ട്ര വാദത്തിന്റെ ചരിത്രം സൗകര്യപ്രദമായി വളച്ചൊടിക്കുകയാണ് ബി.ജെ.പി ചെയ്തത്. മറുഭാഗത്ത് ഇതേ ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ പ്രായോഗിക രൂപമാണ് പൗരത്വ പട്ടികയിലൂടെയും പൗരത്വ ദേഗതി നിയമത്തിലൂടെയും അവര്‍ നടപ്പാക്കി കൊണ്ടിരിക്കുന്നതും. പഴയ ഇന്ത്യയുടെ ചരിത്രത്തില്‍ ബി.ജെ.പിക്കോ അവരുടെ ആദ്യരൂപമായ ജനസംഘത്തിനോ ഒന്നും അവകാശപ്പെടാനുണ്ടായിരുന്നില്ല. കോണ്‍ഗ്രസിനെ സ്വാതന്ത്ര്യ സമരത്തിലെ നായകരായി ചരിത്രം വിലയിരുത്തുമ്പോള്‍ ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിനിടയില്‍ വിലങ്ങുതടിയായി നിന്ന വില്ലനായാണ് ബി.ജെ.പി നോക്കിക്കാണുന്നത്. ജവഹര്‍ലാല്‍ നെഹ്റു സ്ഥാപിച്ച അടിസ്ഥാനങ്ങളെ തള്ളിപ്പറയുന്നതും അതുകൊണ്ടാണ്. ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്ന പ്രഖ്യാപനം താല്‍ക്കാലിക സൗകര്യങ്ങളെ ചൊല്ലി വൈകിപ്പിക്കുന്നു എന്നു മാത്രം. കോണ്‍ഗ്രസിന്റെ നേതാക്കളെ ക്രമേണ അവരുടേതാക്കി മാറ്റാനായിരുന്നു 2014നു ശേഷം ആദ്യം നടത്തിയ നീക്കം. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഒരു ഹിന്ദുത്വ ഐക്കണ്‍ ആയി മാറി. പട്ടേലിന്റെ 1800 കോടി രൂപ ചെലവിട്ട പ്രതിമ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രമാക്കി മാറ്റിയെടുക്കുകയാണ് ഗുജറാത്തില്‍. ആര്‍.എസ്.എസ് നേതാക്കള്‍ വിജയദശമി പ്രഭാഷണങ്ങളില്‍ മഹാത്മാ ഗാന്ധിയെ കുറിച്ച അപദാനങ്ങള്‍ വാഴ്ത്താനാരംഭിച്ചു. ഗാന്ധിജിയുടെ 150-ാം ജന്‍മദിനവുമായി ബന്ധിപ്പിച്ച് സ്വഛ് അഭിയാന്‍ പദ്ധതിയെ വലിയ ആഘോഷമായി ബി.ജെ.പി രാജ്യത്തുടനീളം ഏറ്റെടുത്തു നടത്താനാരംഭിച്ചു. മറുഭാഗത്ത് ഗോഡ്സെയെ വാഴ്ത്തുന്നതും തുടര്‍ന്നു. ഗാന്ധിജി പ്രതിനിധാനം ചെയ്ത ഇന്ത്യ ഹനിക്കപ്പെടേണ്ടിയിരുന്ന ഒരു ആശയമാണെന്ന സന്ദേശം രാജ്യത്തുടനീളം ഇന്ന് സംഘ്പരിവാറിലൂടെ പ്രചരിപ്പിക്കപ്പെടുന്നുമുണ്ട്. അതിനെതിരെ ബി.ജെ.പി ഒരു ഭരണകൂടം എന്ന നിലയില്‍ ചെറുവിരല്‍ പോലും അനക്കുന്നുമില്ല.

കോണ്‍ഗ്രസിന്‍േറത് ഒരു കാലത്ത് സമഗ്രാധിപത്യമായിരുന്നുവെന്നും ഇന്ദിരാ ഗാന്ധിയില്‍ നിന്നും അതാണ് മോദി പകര്‍ത്തുന്നതെന്നും നിരീക്ഷിക്കുന്നവരുണ്ട്. എന്നാല്‍, അടിയന്തരാവസ്ഥ കാലത്തുപോലും രാജ്യത്ത് നിരവധി സേഫ്റ്റിവാല്‍വുകള്‍ ഇന്ദിര അനുവദിച്ചിരുന്നു. അവരുടെ മുമ്പില്‍ വെച്ച് അടിയന്തരാവസ്ഥക്കെതിരെ അന്ന് ജെ.എന്‍.യുവില്‍ വിദ്യാര്‍ഥി ആയിരുന്ന സീതാറാം യെച്ചൂരി പ്രമേയം വായിച്ചു കേള്‍പ്പിച്ചു. കോണ്‍ഗ്രസിന് ഇടതിനെയും വലതിനെയുമൊക്കെ രാജ്യത്തിനകത്ത് ഉള്‍ക്കൊള്ളാനുള്ള ശേഷി കൂടുതലായിരുന്നു. ഇന്ന് പ്രതിഷേധക്കാരെ കേന്ദ്രമന്ത്രിമാര്‍ തന്നെ അര്‍ബന്‍ മാവോയിസ്റ്റ് എന്നും തുക്കടാ ഗ്യാംഗ് എന്നും വിളിക്കുന്ന കാലമെത്തി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആദ്യത്തെ ആ രണ്ട് പതിറ്റാണ്ടിനു ശേഷം കോണ്‍ഗ്രസ് ദുര്‍ബലമായിട്ടുണ്ടാകാം. ജനാധിപത്യ സ്ഥാപനങ്ങളെ വലിയൊരളവില്‍ ദുര്‍ബലമാക്കിയിട്ടുണ്ടാകാം. പക്ഷേ, ബി.ജെ.പി അഞ്ചു വര്‍ഷംകൊണ്ടു തകര്‍ത്തതു പോലെ കോണ്‍ഗ്രസ് അഞ്ച് പതിറ്റാണ്ടുകള്‍ കൊണ്ടു പോലും ചെയ്തിട്ടില്ല. കോണ്‍ഗ്രസിനകത്ത് ഇപ്പോഴും വിമത ശബ്ദമുണ്ട്. പക്ഷേ, ബി.ജെ.പിയില്‍ അങ്ങനെയൊന്ന് ചിന്തിക്കാന്‍ പോലുമാവില്ല. സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ ആദ്യകാല കോണ്‍ഗ്രസിനെ പോലെ നിലപാടുകളുള്ള പാര്‍ട്ടിയായിരുന്നു വാജ്പേയിയുടെ കാലം വരെയുള്ള ബി.ജെ.പിയും. അധികാരത്തിലേക്ക് കടന്നതു മുതല്‍ കോണ്‍ഗ്രസിനേക്കാള്‍ വേഗത്തിലായിരുന്നു ബി.ജെ.പിയുടെ പതനം. പെട്രോള്‍ പമ്പ് കുംഭകോണം പോലെയുള്ള അഴിമതി കഥകള്‍ ഓര്‍ക്കുക. പുതിയ കാലത്ത് അങ്ങനെയല്ലാത്ത ലൈസന്‍സുകള്‍ ലഭിക്കുന്നതാണ് കുറെക്കൂടി പ്രധാനപ്പെട്ട വാര്‍ത്ത. സര്‍ക്കാരുമായും പാര്‍ട്ടിയുമായും അടുപ്പമുള്ള വ്യക്തികള്‍ക്ക് നേട്ടം ലഭിക്കുന്ന കാലത്തില്‍ നിന്നും അങ്ങനെ അടുപ്പമില്ലാത്ത സംസ്ഥാനങ്ങളുടെ ഫണ്ടുകള്‍ തടഞ്ഞുവെക്കുന്ന ഒരു കാലത്തേക്കാണ് പിന്നീട് ഇന്ത്യ മാറിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന (ഭൂരിപക്ഷം തെളിയിക്കാനാവില്ല എന്നറിഞ്ഞ് രാജിവെക്കുന്നതിന് തൊട്ടു മുമ്പ്) ഫട്നാവിസ് തിരിച്ചയച്ച 48,000 കോടിയെ കുറിച്ച റിപ്പോര്‍ട്ടുകള്‍ ഉദാഹരണം. ഗവണ്‍മെന്റും പാര്‍ട്ടിയും ഒന്നായതു മുതല്‍ക്കാണ് കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചതെന്ന് പൊതുവെ വിലയിരുത്താറുണ്ട്. പക്ഷേ, രാജ്യവും അതിന്റെ ഘടനയും തകര്‍ക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും തുനിഞ്ഞിറങ്ങിയിട്ടില്ല. കോണ്‍ഗ്രസിനെ തിരുത്താനുള്ള ഇടം മാധ്യമങ്ങള്‍ക്ക് എക്കാലത്തും ഉണ്ടായിരുന്നു. ബി.ജെ.പിയില്‍ പക്ഷേ, അത്തരം തത്വങ്ങളൊന്നുമില്ല. മോദി-ഷാ കൂട്ടുകെട്ടാണ് ഇന്ന് പാര്‍ട്ടിയുടെ ആദ്യത്തെയും അവസാനത്തെയും വാക്ക്. സംഘടന വെറുമൊരു നോക്കുകുത്തി മാത്രമാണ്. അതിന് വര്‍ക്കിംഗ് പ്രസിഡണ്ട് ഉണ്ടെങ്കിലും അദ്ദേഹത്തിന് ഒരു പ്രാധാന്യവും പാര്‍ട്ടിക്കകത്ത് ഉള്ളതായി അനുഭവപ്പെടുന്നില്ല. എല്ലാ അര്‍ഥത്തിലുമുള്ള ഏകാധിപത്യവും സമഗ്രധധിപത്യവുമാണ് നിലവില്‍ രാജ്യത്തുള്ളത്.

ഒരു കാലത്ത് അവര്‍ അവകാശപ്പെട്ടു കൊണ്ടിരുന്ന എല്ലാ വ്യത്യസ്തതയും നഷ്ടപ്പെട്ട പാര്‍ട്ടിയാണ് ഇന്നത്തെ ബി.ജെ.പി. 1951ല്‍ ആര്‍.എസ്.എസിന്റെ ആദ്യ രാഷ്ട്രീയ മുഖമായ ജനസംഘത്തിന് രൂപം നല്‍കിയത് ശ്യാമ പ്രസാദ് മുഖര്‍ജി ആയിരുന്നു. പിന്നീട് അടിയന്തരാവസ്ഥ കാലത്ത് ജനസംഘം ഇടതുപക്ഷ, സോഷ്യലിസ്റ്റ് ചേരിയോടൊപ്പം നിന്ന് ഇന്ദിരാ ഗാന്ധിക്കെതിരെ മുന്നണിയുണ്ടാക്കി. കോണ്‍ഗ്രസ് വിരോധമായിരുന്നു ഇവരെ ഒരുമിച്ചു നിര്‍ത്തിയ ഘടകം. അങ്ങനെയാണ് ജനതാ പാര്‍ട്ടി രൂപീകരിക്കപ്പെടുന്നത്. ആര്‍.എസ്.എസ് അംഗത്വം തുടര്‍ന്ന ജനസംഘം അംഗങ്ങളെ ചൊല്ലി ജനതാ പാര്‍ട്ടിക്കകത്ത് ഇരട്ട അംഗത്വ തര്‍ക്കം രൂപപ്പെടുകയും ബി.ജെ.പി രൂപീകരിക്കപ്പെടുകയും ചെയ്തു. ബി.ജെ.പിയുടെ സ്ഥാപക യോഗത്തില്‍ അടല്‍ ബിഹാരി വാജ്പേയി പറഞ്ഞത് ജനസംഘം പുനഃസംഘടിപ്പിക്കുമെന്നല്ല. സോഷ്യലിസ്റ്റ് ആശയങ്ങളിലൂന്നി ബി.ജെ.പി മുന്നോട്ടു പോകുമെന്നാണ്. പക്ഷേ, ജനസംഘത്തിനും മുമ്പുള്ള കാലത്തെ ഹിന്ദു മഹാസഭയുടെ ആശയങ്ങളിലേക്കാണ് പുതിയ കാലത്ത് ബി.ജെ.പി തിരിച്ചു പോകുന്നത്. മൈ കണ്‍ട്രി, മൈ ലൈഫ് എന്ന ആത്മകഥയില്‍ എല്‍.കെ അദ്വാനി ഇക്കാര്യം പറയുന്നുണ്ട്. ”നാം ജനസംഘത്തെ പുനസ്ഥാപിക്കാനല്ല പോകുന്നത്. ജനതാ പാര്‍ട്ടിയോടൊപ്പം നിന്ന കാലത്തെ അനുഭവങ്ങള്‍ നമ്മുടെ മുന്നോട്ടുള്ള കാലത്തെ യാത്രയില്‍ മുതല്‍ കൂട്ടായിരിക്കും” രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കവെ ആര്‍.എസ്.എസുമായുള്ള ബന്ധത്തെ അടല്‍ ബിഹാരി വാജ്പേയി നിര്‍ത്തേണ്ടിടത്ത് നിര്‍ത്തുകയും ചെയ്തു. രാമക്ഷേത്ര പ്രസ്ഥാനത്തില്‍ നിന്നും അകലം പാലിക്കാനും വാജ്പേയി ശ്രദ്ധിച്ചിരുന്നു. ലഖ്നൗവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൈബിളിന്റെ അവധ് ഭാഷയിലുള്ള വിവര്‍ത്തനം പ്രകാശനം ചെയ്യാനും മുസ്ലിംകളോടൊപ്പം ഇഫ്താറില്‍ പങ്കെടുക്കാനുമൊക്കെ അദ്ദേഹം സമയം കണ്ടെത്തി. പ്രധാനമന്ത്രി ആയിരിക്കവെ വാജ്പേയി സ്വന്തം വസതിയില്‍ ഇഫ്താര്‍ നടത്തിയതും ശ്രദ്ധേയമായിരുന്നു. വാജ്പേയി ഇന്ത്യയുടെ മതേതര പാരമ്പര്യത്തിലൂടെ സ്വയം രൂപപ്പെട്ട നേതാവായിരുന്നു. സ്വാസ്ഥ്യ, ശിക്ഷ, സുരക്ഷ എന്നീ ആശയങ്ങളിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. രാമക്ഷേത്രം, ഏക സിവില്‍ കോഡ് മുതലായവയില്‍ അടിയുറച്ച് വിശ്വസിച്ചപ്പോഴും പ്രത്യക്ഷത്തില്‍ ഇത്തരം വിഷയങ്ങളില്‍ നിന്നെല്ലാം അകലം പാലിക്കാന്‍ വാജ്പേയി ശ്രദ്ധിച്ചു. അയോധ്യയില്‍ നിയമ നിര്‍മണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി ആയിരിക്കവെ അദ്ദേഹം പരസ്യമായി പ്രതികരിച്ചിരുന്നില്ല. എന്നല്ല, ചര്‍ച്ചകള്‍ക്കായി മുസ്ലിം സംഘടനകളുടെ ആസ്ഥാനത്തേക്കു പോലും അദ്ദേഹം ദൂതന്‍മാരെ അയക്കാറുണ്ടായിരുന്നു. ചില വി.എച്ച്.പി നേതാക്കള്‍ വാജ്പേയിയെ പകുതി കോണ്‍ഗ്രസുകാരനായ ആര്‍.എസ്.എസുകാരന്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നതും.

മോദി എന്ന വ്യാജ വിഗ്രഹം ഇന്ത്യയിലുണ്ടാക്കിയ സാമൂഹിക ആഘാതങ്ങളുടെ തുടര്‍ച്ചയെന്ന നിലയില്‍ മാത്രമേ വലിയൊരളവോളം കാലം ഇന്ത്യ മുന്നോട്ടു പോകുകയുള്ളൂ. ദേശീയതയെ രാജ്യത്തിനകത്തും പുറത്തുമുള്ള സമൂഹങ്ങളുമായി ചേര്‍ത്തുവെച്ച് മോദി നടത്തിയ പ്രചാരണം പൗരത്വ ഭേദഗതി നിയമത്തിനു ശേഷം പൊതുജനം തള്ളിപ്പറയുന്നുണ്ടാവാം. പക്ഷേ, അതിന്റെ മുമ്പില്‍ പരസ്യമായി നല്‍ക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ മടിച്ചു നില്‍ക്കുകയാണ് ചെയ്യുന്നത്. കാരണങ്ങളില്‍ നല്ലതും ചീത്തയുമായ നിരവധി വശങ്ങളുണ്ടാവാം. പക്ഷേ, ബി.ജെ.പിക്ക് എളൂപ്പം മലീമസമാക്കാന്‍ കഴിയുന്ന പൊതുതെരഞ്ഞെടുപ്പുകള്‍ തന്നെയാണ് മറ്റുള്ളവരെ ഭയപ്പെടുത്തുന്നത്. ജനാധിപത്യവുമായി ബന്ധമുള്ള ഒരേയൊരു നടപടിക്രമം ഇനിയുള്ള കാലത്ത് തെരഞ്ഞെടുപ്പുകള്‍ മാത്രമായിരിക്കും. അതിനെ കുറിച്ച മറുവശം എന്തായിരുന്നാലും അത് ചടങ്ങുപോലെ രാജ്യത്ത് ബാക്കിയുണ്ടാകും. ഈജിപ്തിലും മറ്റും നടക്കുന്നതു പോലെ ബാഹ്യലോകത്തെ തൃപ്തിപ്പെടുത്താനുള്ള ഈ നാടകം വരും വര്‍ഷങ്ങളിലും തുടരും. സ്വയംകൃതാനര്‍ഥങ്ങള്‍ക്ക് രാജ്യത്തിനകത്ത് പൗരന്‍മാരെ തമ്മിലടിപ്പിച്ചും ബാഹ്യശക്തികളെ കുറ്റക്കാരായി ചിത്രീകരിച്ചും ഒരു വലിയ കാലഘട്ടം കൂടി നാം മുമ്പോട്ടു നടക്കേണ്ടി വരും.

ജനാധിപത്യത്തില്‍ നിന്നും പണാധിപത്യത്തെ എങ്ങനെ മാറ്റി നിര്‍ത്താം എന്ന് ഗൗരവപൂര്‍വം ആലോചിക്കേണ്ടിയിരിക്കുന്നു. നിലവില്‍ 20 കോടി രൂപ വരെയാണ് സാധാരണക്കാരായ എം.പിമാര്‍ ലോക്സഭയിലേക്ക് മല്‍സരിക്കാന്‍ ചെലവിടുന്നതെന്നാാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിനെ പോലുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് നിയന്ത്രിക്കാനായാല്‍ സ്വാഭാവികമായും കോര്‍പറേറ്റുകളുടെ പിടി അയഞ്ഞു തുടങ്ങും. ജനാധിപത്യത്തിന്റെ ശത്രുക്കള്‍ക്ക് കൃത്യമായ ആശയവും അജണ്ടയുമുണ്ട്. അതിനെ എതിര്‍ക്കുന്നവരുടെ അടിസ്ഥാനം ഒന്നാണെങ്കിലും ശബ്ദം പലതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ കുറെക്കൂടി പക്വത കാണിക്കേണ്ടിയിരിക്കുന്നു. മാധ്യമങ്ങളെ ശക്തിപ്പെടുത്തുക എന്ന് പറയുന്നതില്‍ വലിയൊരളവവോളം ഇനി അര്‍ഥമില്ല. രാജ്യത്തെ പ്രതിപക്ഷം അവരുടേതായ ഒരു ബദല്‍ ഇടം മാധ്യമലോകത്ത് കണ്ടെത്തുകയും അതിനെ ശക്തിപ്പെടുത്തുകയുമാണ് ഒരേയൊരു പോംവഴി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757