Uncategorizedzero hour

കൂത്ത്: ജുറാസിക് പാര്‍ക്കിലെ രണ്ടു ദിനോസറുകള്‍ – ചാക്യാര്‍

 

1947 ആഗസ്റ്റ് 14 ന് അര്‍ധരാത്രിയിലാണ് നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിലേക്ക് കാലെടുത്തുവെച്ചത് എന്ന് ചാക്യാര്‍ ചരിത്രത്തില്‍ വായിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന പുസ്തകം തന്നെ രചിക്കപ്പെട്ടിട്ടുള്ളതും ചാക്യാരത് വായിച്ചിട്ടുള്ളതുമാണ്. അന്ന് മുതലേ ചാക്യാരുടെ ഉള്ളിലുള്ള ഒരു ശങ്കയായിരുന്നു ഇത്; സ്വാതന്ത്ര്യം പോലെ മഹത്തായ കാര്യങ്ങള്‍ എന്തേ ഇങ്ങിനെ അര്‍ധരാത്രിയില്‍ സംഭവിക്കുന്നുവെന്നുള്ളത്. ഇപ്പഴാണ് അതിനുള്ള ഉത്തരം അല്‍പ്പാല്‍പ്പമായി ലഭിച്ചുകൊണ്ടിരിക്കുന്നത്; നെറികെട്ട പലകാര്യങ്ങളും രാജ്യത്ത് പട്ടാപകല്‍ നടക്കുന്നതുകൊണ്ടാണ് മഹാത്തായ കാര്യങ്ങള്‍ അര്‍ധരാത്രിയിലേക്ക്മാറുന്നത്.

ഒരു കൂട്ടം കാപാലികര്‍ ഒരു പള്ളിയുടെ താഴിക്കുടങ്ങള്‍ തല്ലി തകര്‍ക്കുന്നു. കാലങ്ങളായി മുസ്‌ലിംകള്‍ ആരാധിച്ചിരുന്ന പള്ളി അന്യായമായി കൈക്കലാക്കുന്നു. അനധികൃതമായി വിഗ്രഹം സ്ഥാപിക്കുന്നു. കേസ് രാജ്യത്തെ പരമോന്നത കോടതിയില്‍ ദീര്‍ഘകാലം വാദം കേള്‍ക്കലും തെളിവെടുപ്പുമായി മുന്നോട്ടു പോകുന്നു. മല എലിയെ പ്രസവിക്കുമോ എലി മലയെ പ്രസവിക്കുമോയെന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. പക്ഷേ, പുറത്തുവന്നതാകട്ടെ വാതം ബാധിച്ച വിധിയായി പോയി. നീതി എവിടേയും കാണാനില്ല. ചെയ്തത് അന്യായമാണെങ്കിലും പക്ഷേ, ഭരണത്തില്‍ സംഘ്പരിവാരമായതിനാല്‍ പള്ളി നിന്നിരുന്ന സ്ഥലം രാമക്ഷേത്രത്തിന് വിട്ടുകൊടുക്കണമെന്നായിരുന്നു ഉത്തരവ്. മുസ്‌ലിംകള്‍ക്ക് വേണമെങ്കില്‍ അയോധ്യക്ക് പുറത്ത് പുറമ്പോക്കിലെവിടെയോ ആരാധനാലയം നിര്‍മിക്കുവാന്‍ ആവശ്യമായ സ്ഥലം നല്‍കാമെന്ന്. വിധി വായിച്ച ചാക്യാര്‍ക്ക് ചിരിയോടൊപ്പം കലശലായ കരച്ചിലും വന്നു, ഇതിനെയൊക്കെയാണല്ലോ നമ്മള്‍ നീതിപീഠമെന്ന് വിളിക്കുന്നതെന്നോര്‍ത്ത്. എണ്ണബലവും തിണ്ണമിടുക്കും കൊണ്ടാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ മുസ്‌ലിം നേതാക്കള്‍ക്ക് കോടതിവരാന്തയില്‍ ഇത്രയും കാലം നിരങ്ങേണ്ടതുണ്ടായിരുന്നില്ല. ഇതെല്ലാം പണ്ട് ചാക്യാര്‍ ജന്തുസ്ഥാന്‍ കഥകളില്‍ വായിച്ചിട്ടുണ്ട്. മൃഗാധിപത്യം വന്നാല്‍ എന്നാണ് അതിന്റെ തലക്കെട്ട്. സിംഹവും പുലിയും കരടിയും ചേര്‍ന്ന് പാവം കഴുതകളെ കൊന്നു തിന്നുതാണ് കഥ. ഇതിന്റെ തുടര്‍കഥകളാണ് ഇന്ന് രാജ്യത്ത് അരങ്ങേറുന്നത്. പശുവുമായി താടിവെച്ച ഒരു ക്ഷീരകര്‍ഷകന്‍ പുറത്തിറങ്ങിയാല്‍ അവനെ തല്ലിക്കൊല്ലുന്നു. തലയില്‍ തൊപ്പിയിട്ട ഒരാള്‍ നിരത്തിലിറങ്ങിയാല്‍ തരം കിട്ടിയാല്‍ അവനെ കെട്ടിതൂക്കുന്നു. കാബേജും വെണ്ടക്കയും മുരിങ്ങക്കയും തിന്നുന്ന പ്യൂര്‍ പച്ചക്കറിയന്മാരാണ് കത്തിയും കഠാരയുമായി തെരുവിലറങ്ങി കശാപ്പുകാരായി ആര്‍ത്തട്ടഹസിക്കുന്നത്. ഇതിനിടയിലാണ് ബാബരി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 19 ഹര്‍ജികള്‍, അത് നല്‍കിയവര്‍ ചായ കുടിച്ചു തീരും മുമ്പ് തള്ളി ബഹുമാനപ്പെട്ട കോടതി ഉത്തരവായത്. ഇതു വെറുമൊരു വിധിയല്ല, മതേതരത്വത്തിന്റെ തലവിധിയാണ്. ഈ വിധിയുടെ പുറത്ത് ചാക്യാര്‍ ഇപ്രകാരം കൊത്തിവെക്കട്ടെ. ഹമാരാ ജന്തുസ്ഥാന്‍ മഹാന്‍.

ജന്തുസ്ഥാനില്‍ നിന്നും വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. മഹാത്മാവിനെ വധിച്ച സംഘ്പാരമ്പര്യം ഇപ്പോള്‍ ഭരണഘടനയുടെ താഴികക്കുടങ്ങളാണ് തകര്‍ത്തുകൊണ്ടിരിക്കുന്നത്. കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ് ഭൂമിയിലെ സ്വര്‍ഗത്തെ നരകമാക്കുകയാണ് ഭരണവര്‍ഗം. പിന്നെ പൗരത്വരജിസ്റ്ററുമായി അസമിലേക്ക്. ഇപ്പോഴിതാ രാജ്യത്താകമാനം അമിത് ഷാ പൗരത്വപ്പട്ടിക ഉയര്‍ത്തി ഒരു പ്രത്യേകസമുദായത്തെ ഭീഷണപ്പെടുത്തികൊണ്ടിരിക്കുന്നു. പക്ഷേ, വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നാണ് ചാക്യാര്‍ക്ക് മനസ്സിലാകുന്നത്. പ്രതിഷേധം കൂടുതല്‍ ശക്തമായത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലായത് ബി.ജെ.പിയുടെ കണക്കുകൂട്ടലുകളെയൊക്കെ തെറ്റിച്ചിരിക്കുകയാണ്. പൗരത്വപട്ടികക്കെതിരെ ഇപ്പോള്‍ രാജ്യത്താകമാനം പ്രതിഷേധാഗ്‌നി കത്തിപ്പടരുന്നു. ഭരണവര്‍ഗമാകട്ടെ ലാത്തിയും ബൂട്ടും ഉപയോഗിച്ച് പ്രതിഷേധത്തെ തല്ലിച്ചതക്കുന്നു. രാജ്യസഭയിലെ ചര്‍ച്ചകളില്‍ കപില്‍ സിബല്‍ പറഞ്ഞത് എത്രയോ ശരിയാണ്. ജുറാസിക് പാര്‍ക്കിലെ രണ്ടു ദിനോസറുകളാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തം. ഉത്തരവാദപ്പെട്ട പൗരന്മാര്‍ക്ക് ഭയം, ഭരണഘടനയെകുറിച്ച് മാത്രമാണെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു.

ഇതിനിടയിലാണ് ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ രാഹുല്‍ഗാന്ധി, മോദിയുടെ നാട്ടിലിപ്പോള്‍ നടക്കുന്നത് മേക് ഇന്‍ ഇന്ത്യയല്ല, റേപ്പ് ഇന്‍ ഇന്ത്യയാണെന്ന് പരിഹസിച്ചത്. രാഹുല്‍ മാപ്പുപറയണമെന്ന് ബി.ജെ.പി നേതാക്കള്‍ മുറവിളി കൂട്ടികൊണ്ടിരിക്കുകയാണ്. തെറ്റുചെയ്യുന്നവര്‍ മാപ്പുപറയുവാന്‍ അല്ലെങ്കിലും ബാധ്യസ്ഥരാണ്. ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞതിന് ഗലീലിയോയെ പീഢിപ്പിച്ചതിനും, കുട്ടികളുടെ നേര്‍ക്ക് പുരോഹിതര്‍ നടത്തിയ ലൈംഗികാതിക്രമത്തിനും അടുത്ത പ്രതികരണത്തില്‍ ചാക്യാര്‍ ചങ്കൂറ്റപ്പെടുകയാണ്. മാപ്പു പറയുവാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ അല്ലാ എന്നാണ് രാഹുല്‍ പ്രഖ്യാപിച്ചത്. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് തടവറയില്‍ നിന്നും രക്ഷപ്പെട്ട സവര്‍ക്കരുടെ ചരിത്രം നാട്ടുകാരറിഞ്ഞതിന്റെ ജാള്യതയിലാണ് രണ്ടു ദിനോസറുകളും. 2016 നവംബറിലെ നോട്ടുനിരോധനം രാജ്യത്ത് വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധികളെ പരാമര്‍ശിച്ച്, മണ്ടന്‍രാജാവിനാല്‍ ഇരുട്ടിലായ രാജ്യമാണെന്ന് ഇന്ത്യയെന്ന് വിമര്‍ശിച്ച് സോണിയാ ഗാന്ധിയും ചാക്യാരോട് ഐക്യദാര്‍ഢ്യപ്പെടുകയാണ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757