zero hour

പൊന്നാനിയിലെ ചെറുപ്പക്കാര്‍ പൗരത്വ പ്രക്ഷോഭങ്ങളുടെ ഊര്‍ജമാണ് – അഡ്വ. അമീന്‍ ഹസന്‍

ഒന്നും കാണാഞ്ഞിട്ടോ കേള്‍ക്കാഞ്ഞിട്ടോ അല്ലായിരുന്നു. അവര്‍ക്ക് ജാമ്യം കിട്ടുന്നത് വരെ പറയേണ്ടതില്ലെന്ന് കരുതിയതാണ്. കേരളത്തില്‍ പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളില്‍ പതിനാറ് ദിവസം ജയില്‍വാസം അനുഭവിച്ച ആ ആറ് ചെറുപ്പക്കാര്‍ ചരിത്രത്തില്‍ തന്നെ ഇടമുള്ളവരാണ്. അവരെ കുറിച്ച് നടത്തിയ നുണപ്രചാരണങ്ങളുമായി ബന്ധപ്പെട്ടാണ് ഈ കുറിപ്പ്.

പൊന്നാനിയിലെ മാറഞ്ചേരി ഗവ.സ്‌കൂളില്‍ പരീക്ഷ നടത്തരുത് എന്ന് അധ്യാപകരോട് സമരക്കാര്‍ അഭ്യര്‍ഥിക്കുന്നു. ഉള്ള കുട്ടികളെ വെച്ച് പരീക്ഷ നടത്താന്‍ കര്‍ശന നിര്‍ദ്ദേശം ഉണ്ടെന്ന് അധ്യാപകര്‍ അറിയിക്കുന്നു. സമരക്കാര്‍ തിരിച്ചുപോരുന്നു. സ്‌കൂള്‍ പരിസരത്ത് റോഡിലായി ഉണ്ടായിരുന്ന പ്രവര്‍ത്തകരോട് ഇവിടെ എന്താണ് പരിപാടി എന്ന് ചോദിച്ച് രണ്ട് പൊലീസുകാര്‍ വരുന്നു. ഞങ്ങള്‍ ഈ നാട്ടുകാരാണ് എന്നവര്‍ മറുപടി പറയുന്നു. പൊലീസ് അവരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നു. അവര്‍ അതിലുള്ള പ്രതിഷേധം എന്ന രീതിയില്‍ ഫോട്ടോക്ക് കളിയായി പോസ് ചെയ്യുന്നു. ഉടനെ ഒരു ജീപ്പ് പൊലീസ് വരുന്നു. ഇവരെ അറസ്റ്റ് ചെയ്യുന്നു. അനാവശ്യമായി അറസ്റ്റ് ചെയ്യുന്നത് എന്തിനാണ് എന്നവര്‍ ചോദിക്കുന്നു. അതൊരു ചെറിയ തര്‍ക്കവും സംഘര്‍ഷവുമായി, നാട്ടുകാരും ഇടപെടുന്നു. പൊലീസ് അഞ്ച് പേരെ ജീപ്പില്‍ കയറ്റി കൊണ്ടു പോകുന്നു. നാട്ടുകാരെ പിരിച്ചുവിടാന്‍ എന്ന പേരില്‍ പൊലീസ് അവിടെ തിരിച്ചു വരുന്നു. നഈം പൊന്നാനിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദിക്കുന്നു. വൈകുന്നേരം വിട്ടയക്കാവുന്നതേയുള്ളൂ. എന്നാല്‍, മുകളില്‍ നിന്നും കര്‍ശന നിര്‍ദ്ദേശം ഉണ്ടെന്ന് പറഞ്ഞു IPC 332,353 വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുന്നു. രാവിലെ അറസ്റ്റ് ചെയ്‌തേ എഫ്.ഐ.ആര്‍ ഇട്ടിട്ട് രാത്രി വരെ സ്റ്റേറ്റഷനില്‍ നിര്‍ത്തി പത്ത് മണിയോടെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുന്നു. വൈദ്യപരിശോധനയിലും മജിസ്‌ട്രേറ്റിനോടും പോലീസ് മര്‍ദ്ദിച്ച വിവരം അവര്‍ പറയുന്നു. ഒരാളുടെ ദേഹത്ത് മര്‍ദ്ദനത്തിന്റെ പാടുകള്‍ ഉള്ളതായി ഡോക്ടര്‍ രേഖപെടുത്തി.

രാത്രി തന്നെ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. പൊന്നാനിയില്‍ സാമാന്യം പ്രാക്ടീസ് ഉള്ള അഭിഭാഷകനെ തന്നെയാണ് ചുമതലപ്പെടുത്തിയത്. ആ കോടതിയിലെ മുഴുവന്‍ അഭിഭാഷകരെയും വക്കാലത്ത് ഏല്‍പ്പിച്ചാലും സുപ്രീം കോടതിയില്‍ നിന്നോ കോഴിക്കോട് നിന്നോ ആളെ കൊണ്ടുവന്നാലും ആ കോടതി ജാമ്യം തരില്ലായിരുന്നു. ഒരോ കോടതിയും ‘നീതി’ നിര്‍വഹിക്കുന്നത് അതിന്റെ ബോധ്യങ്ങള്‍ക്ക് അനുസരിച്ചാണല്ലോ. നുണകള്‍ പറഞ്ഞു പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷ ഗൗരവത്തില്‍ എതിര്‍ക്കുന്നു. 23 ഉം 29 ഉം വയസ്സുള്ളവര്‍ എങ്ങനെ വിദ്യാര്‍ഥികളാവാനാണ് എന്ന പ്രോസിക്യൂട്ടറുടെ വിഢി ചോദ്യം വരെ മജിസ്‌ട്രേറ്റ് ജാമ്യം നിഷേധിച്ച ഓര്‍ഡറില്‍ എഴുതി വെച്ചിട്ടുണ്ട്. മൂന്ന് ദിവസം കഴിഞ്ഞ് ജാമ്യാപേക്ഷ കോടതി തളളി. അന്ന് തന്നെ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഡിസംബര്‍ 24, 27, 31, ജനുവരി 1 തിയ്യതികളില്‍ കോടതി ജാമ്യാപേക്ഷയില്‍ വാദം കേട്ടു. പ്രോസിക്യൂഷന്‍ പൊലീസുകാര്‍ക്ക് ഗുരുതര പരിക്കുണ്ട് എന്ന വാദത്തില്‍ ഊന്നി ജാമ്യാപേക്ഷ എതിര്‍ത്തു. കേസ് ഡയറില്‍ ഉള്ള വൂണ്ട് സര്‍ട്ടിഫിക്കറ്റ് പ്രകാരം അങ്ങനെ പരിക്കില്ലെന്നും പൊലീസിനെതിരെ വിദ്യാര്‍ഥികള്‍ പരാതി കൊടുക്കും എന്നത് മുന്‍കൂട്ടി കണ്ട് പൊലിസ് കള്ളക്കേസ് എടുത്തതാണ് എന്ന് പ്രതിഭാഗം വാദിച്ചു. വൂണ്ട് സര്‍ട്ടിഫിക്കറ്റ് പ്രകാരം അങ്ങനെ കാര്യമായ പരിക്കും പൊലീസിനു ഉണ്ടായിരുന്നില്ല. ഹര്‍ത്താല്‍ ദിവസം അറസ്റ്റ് ചെയ്തു ക്രൂരമായി മര്‍ദ്ദിച്ച് വിട്ടയച്ച മറ്റൊരാളുടെ പേരിലും പൊലീസ് സമാനമായി ഇപ്പോള്‍ 332, 353 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതാണ് സംഭവം. പൊലീസ് സംവിധാനം വളരെ ബോധപൂര്‍വം സൃഷ്ടിച്ച കള്ളക്കേസിലാണ് ആ ആറു ചെറുപ്പക്കാര്‍ 16 ദിവസം ജയിലില്‍ കിടന്നത്. പതിനാല് ദിവസം റിമാന്‍ഡ് ചെയ്യും തുടങ്ങിയ ബാലപാഠങ്ങള്‍ പഠിപ്പിക്കാന്‍ ഇറങ്ങിയവരോടും പാര്‍ട്ടിയുടെ വീഴ്ച്ച, കേസ് നടത്തിയവരുടെ വീഴ്ച തുടങ്ങിയ നുണകള്‍ പ്രചരിപ്പിക്കുന്നവരോടും ഞങ്ങളീ പണി ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്ന് മാത്രമേ പറയാനുള്ളൂ. ഒരു മജിസ്‌ട്രേറ്റ് കോടതി ഇമ്മാതിരി ഒരു സാധാരണ കേസില്‍ മൂന്ന് ദിവസം കഴിഞ്ഞ് ജാമ്യം നിഷേധിക്കുന്നത് കുറച്ചു അസ്വാഭികമായി തോന്നാം. പ്രോസിക്യൂഷന്റെ എതിര്‍പ്പ് ഒരു പ്രധാന കാരണമാണ്. അതിനപ്പുറം കോടതിയുടെ ‘ബോധ്യങ്ങള്‍’ പ്രധാനമാണ്. ഇതുപോലെ ഒരു കേസില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ അനുവദിക്കുന്നതിലും തള്ളുന്നതിലും വക്കീലിന്റെ മിടുക്ക് എന്നതൊക്കെ സാധാരണക്കാരെ പറ്റിക്കാന്‍ പറയാം എന്നതല്ലാതെ.. ഞാനതില്‍ കൂടുതല്‍ ഒന്നും പറയുന്നില്ല.

ആ ആറ് ചെറുപ്പക്കാര്‍ കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ മുന്നണി പോരാളികളാണ്. ജാമിഅയിലെ പോരാളികളെ പോലും അംഗീകരിക്കാന്‍ തയ്യാറില്ലാത്തവര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും, പൊലീസ് നടപടിയെ വെള്ളപൂശാന്‍ ഇറങ്ങിയവര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും, അവര്‍ തുടര്‍ പ്രക്ഷോഭങ്ങളുടെ ഊര്‍ജമാണ്.
(അമീന്‍ ഹസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757