zero hour

വിചിത്രമാണ് ഇടത് (പൊതു) വാദങ്ങൾ ; 17 ലെ ജനകീയ ഹർത്താൽ വിജയിക്കട്ടെ – കെ.കെ ബാബുരാജ്

ഹിന്ദുത്വ ഭരണം ബ്രാഹ്മണിക് വംശീയത ഉൾക്കൊള്ളുന്ന രാഷ്ട്രീയസ്ഥാപനമാണ് എന്ന കാര്യമാണ് പലരും തിരിച്ചറിയാൻ വൈകുന്നത് .അതായത് പഴയ മുസ്ലീം വിരുദ്ധപൊതുബോധം തുടർന്നു നടത്തുകയല്ല മറിച്ചു ലക്ഷ്യബോധത്തോടെയുള്ള ഒറ്റതിരിക്കൽ ,പുറംതള്ളൽ ,ഉന്മൂലനം എന്നിങ്ങനെയുള്ള പദ്ധിതികളുടെ വ്യക്താക്കളാണവർ .

അവർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ദേശീയ പൗരത്വ പട്ടികയിലും ,പൗരത്വ ഭേദഗതി നിയമത്തിലും പുറന്തള്ളലിന്റെയും വംശഹത്യയുടേയും രാഷ്ട്രീയം ഒളിച്ചിരിക്കുന്നു എന്നു മുൻകൂട്ടി കാണാൻ കഴിയുന്നത് മുസ്ലീം സംഘടനകൾക്ക് തന്നെയാണ് .അവർക്കൊപ്പം ദലിത് ബഹുജൻ മുന്നണികളും സിവിൽ സമൂഹവും ഉണ്ടെങ്കിലും അടിസ്ഥാന സമരം മുസ്‌ലീങ്ങളുടെ മുൻകൈയിലാണ് നടക്കുന്നത് .

ഇതിന്റെ ഭാഗമായി വിവിധ മുസ്‌ലീം സംഘടനകളും ദലിത്പ്രസ്ഥാനങ്ങളും സിവിൽ സമുദായ പ്രതിനിധികളും പ്രഖ്യാപിച്ച 17 -ലെ ജനകീയ ജനകീയ ഹർത്താലിനെപ്പറ്റി പലതരത്തിലുള്ള സംശയങ്ങളും ആശങ്കകളുമാണ് ഉണ്ടായിട്ടുള്ളത് .

അവയിൽ പ്രധാനമായിട്ടുള്ളത് ചില” പ്രത്യേക മുസ്ലീം സംഘടനകൾ ” അതിൽ പങ്കെടുക്കുന്നു എന്നതാണ് .കേരളത്തിലെ ഹൈന്ദവ പൊതുമണ്ഡലം പോലെ തന്നെ പുരോഗമനസമൂഹവും സ്വതന്ത്ര കർത്തൃത്വമുള്ള ഏതൊരു മുസ്‌ലീം സംഘടനയെയും അഗീകരിക്കുന്നില്ല എന്നതാണ് വസ്തുത .ഈ സംഘടനകളെയെല്ലാം ‘വർഗീയവാദി ‘തീവ്രവാദി ,മതമൗലിക വാദി ‘മുതലായ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത് .ഇതിനർത്ഥം ,സെക്കുലർ പ്ലാറ്റുഫോമിൽ നിൽക്കാൻ യോഗ്യരായി ഒരു മുസ്ലീം സംഘടനയെയും പൊതുബോധം അംഗീകരിച്ചിട്ടില്ലെന്നാണ് .അതിനാൽ ചില പ്രത്യേക മുസ്ലീം സംഘടനകൾ പുറത്തുനിന്നാലോ അകത്തു കയറിയാലോ ഹിന്ദുത്വ -സെക്കുലർ കുറ്റപ്പെടുത്തൽ ഒഴിവാകാൻ പോകുന്നില്ല .

യു .എൻ പോലുള്ള അന്താരാഷ്ട്ര സമിതികളും ചില രാജ്യങ്ങളും മോദി ഭരണകൂടത്തിന്റെ വംശഹത്യാ നയങ്ങളെ പറ്റിയുള്ള ആശങ്ക അറിയിച്ചുകഴിഞ്ഞു .ഈ അവസരത്തിൽ ഉണ്ടാവുന്ന മുസ്ലീം പ്രതിരോധത്തിനിടയിൽ സംഘടനകൾ തമ്മിലുള്ള തർക്ക പ്രശ്നങ്ങൾ ഉന്നയിക്കുന്നത് നല്ലതാണെന്നു തോന്നുന്നില്ല.

ബന്ദ്‌ നടത്തുന്നവർക്ക്’ പക്വതയും’ വിവേകവും ‘ ഉണ്ടോ എന്നു സംശയിക്കുക മാത്രമല്ല , അവർ സമരത്തിൽ നിന്നും പിന്തിരിഞ്ഞു ഇടതുപക്ഷത്തോട് ചേർന്നു നിൽക്കണമെന്നും ഒരു പ്രമുഖ സാംസ്‌കാരിക വ്യക്തി ആവിശ്യപ്പെടുന്നു .

പക്വതയും വിവേകവും മറ്റും വെള്ളക്കാരായ ആണുങ്ങൾക്ക് മാത്രമായുള്ള ‘ ഗുണ’ങ്ങളായിട്ടാണ് മുൻപ് കണ്ടിരുന്നത് .ഇന്ത്യയിൽ സവർണർക്കു മാത്രവും .ഗാന്ധിയുടെയും ദേശീയ പ്രസ്ഥാന നേതാക്കളുടെയും കണ്ണിൽ ഡോ .അംബേദ്‌കർ പക്വതയും വിവേകവും ഉള്ള ആളായിരുന്നില്ല .എന്നാൽ അദ്ദേഹത്തിൽ ഇതേ കാര്യങ്ങൾ ഉണ്ടെന്നു കരുതിയ ആയിരങ്ങളും ഉണ്ടായിരുന്നു .അദ്ദേഹം ഉയർത്തിയ സങ്കൽപങ്ങളെ പിൻപറ്റുന്ന പുതുകാല ദലിത് -മുസ്ലീം -സ്ത്രീവാദങ്ങൾക്ക് രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാൻ വിവേകവും പാകതയുമുണ്ടോയെന്നു സംശയിക്കുന്ന ആൾ ആരുടെ സ്വരത്തിലാണ് സംസാരിക്കുന്നതെന്ന് തിരിച്ചും സംശയിക്കാമല്ലോ .

കേരളത്തിൽ ഇടതുപക്ഷം മറ്റൊരുസമരം പ്രഖ്യാപിച്ചിട്ടുണ്ട് .അതിനോടു ചേർന്നു ”പൊതുവായി” മാറുക എന്നതാണ് ചിലരുടെ വാദം .ഇന്ത്യയിലെ മുസ്ലീങ്ങളിലും ദലിതരിലും വളരെ ചെറിയ ന്യൂനപക്ഷം ഒഴിച്ചാൽ ബാക്കിയുള്ളവരെല്ലാം ‘ അരികുവത്കരിക്കപ്പെട്ടവർ’ എന്ന കാറ്റഗറിയിൽ ഉൾപ്പെടുന്നവരാണ് .ഇത്തരം കാറ്റഗറികളോട് ഇടതുപക്ഷം എങ്ങനെയാണ് ഐക്യപ്പെടുക ? എന്ത് സംവാദമാണ് ഇവരോട് ഇടതുപക്ഷം നടത്തിയിട്ടുള്ളത് ? ഇത്തരം പ്രശ്നങ്ങൾ ഒന്നും കാണാതെ പൊതുവിനായി വേണ്ടി പറയുന്നത് മറ്റൊരുതരം ഹിന്ദുത്വമാണെന്നു പറയാതെ വയ്യ .ഇടതുപക്ഷം സമരം ചെയ്യട്ടെ .അതിനെ സ്വാഗതം ചെയ്യുന്നതിനൊപ്പം പിന്തുണക്കേണ്ട കാര്യങ്ങളിൽ അതും ചെയ്യാമല്ലോ .പക്ഷെ ആ പേരുപറഞ്ഞു അവരുടെ സംവാദ മേഖലക്ക് പുറത്തുള്ളവർ തങ്ങളുടെ സമരങ്ങൾ നിറുത്തണമെന്നു പറയുന്നത് വിചിത്രമാണ് .

17 ലെ ജനകീയ ഹർത്താൽ വിജയിക്കട്ടെ .

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757