zero hour

ജനകീയ ഹർത്താൽ : സിവിക് ചന്ദ്രന് ജെ. ദേവികയുടെ മറുപടി

ഡോ ജെ ദേവിക എഴുതുന്നു.

മുസ്ലിം ജനങ്ങളിൽ ചില വിഭാഗങ്ങളും ദലിത് സംഘങ്ങളും
മുതലാളിത്തവിരുദ്ധസംഘങ്ങളും ഹർത്താൽ നടത്തുന്നത് വിഭാഗീയതയാണ്, മതേതരപക്ഷം ഒരുമിച്ച് നിൽക്കണം, അതിന്റെ നേതൃത്വം പിണറായി വിജയന് ആയിരിക്കണം എന്നു വാദിക്കുന്ന ഒരു കുറിപ്പ് കണ്ടു. രാഷ്ട്രീയ പാർട്ടികൾ ഒന്നിക്കാൻ തീരുമാനിച്ചതും ഇതിനെ നിയമപ്രശ്നമായല്ല, രാഷ്ട്രീയ പ്രശ്നമായി നേരിടാൻ ഒരുങ്ങുന്നതും ആശ്വാസം തന്നെ. പക്ഷേ അതുകൊണ്ട് ഔപചാരിക രാഷ്ട്രീയത്തിൻറെ ഇടമല്ലാതെ മറ്റൊന്നുമില്ലെന്ന് കരുതേണ്ട കാര്യം തീരെയില്ല.

കേരളത്തിൽ മുഖ്യധാരാ ഇടതിന്റെ കടുത്ത എതിർപ്പും പ്രത്യക്ഷ ഹിംസയും നേരിട്ടുകൊണ്ട് ഇപ്പോഴും പിടിച്ചു നിൽക്കുന്ന ഇടമാണ് ഇവിടുത്തെ സിവിൽ സമൂഹ ഇടതു ധാരകളുടേത്. ഇന്ന് കേരളത്തിൽ മുതലാളിത്തവിരുദ്ധ ചിന്ത ബാക്കി നിൽക്കുന്നുണ്ടെങ്കിൽ, ഇസ്ലാംഭീതിയ്ക്കെതിരെ ശബ്ദം ഇന്നും ഉയരുന്നുണ്ടെങ്കിൽ, നവജാതീയതയെപ്പറ്റിയുള്ള ശക്തമായ വിമർശനം പുതിയ ഇടതവബോധത്തെ നിർമ്മിച്ചിട്ടുണ്ടെങ്കിൽ, അതെല്ലാം നടന്നത് സിവിൽ സമൂഹ രാഷ്ട്രീയ ധാരകളിലൂടെത്തന്നെയാണ്. അതുകൊണ്ട് അവർക്ക് വേറെ സമരം ചെയ്യാൻ അവകാശമുണ്ട്.

എങ്കിലും എല്ലാവരും ഒറ്റക്കെട്ടായി സമരം ചെയ്യുന്നതല്ലേ നല്ലത് എന്ന ചോദ്യം ഉണ്ട്. ആ ചോദ്യം ആദ്യം എൻറെ മനസ്സിലും തോന്നി. പക്ഷേ ഇന്നലെ വരെ മാവോയിസ്റ്റ് വേട്ടയിൽ അറുമാദിച്ച, ഇസ്ലാം ഭീതിയെ ആവോളം വളർത്തിയ, നവോത്ഥാന വാചകമടിയിലൂടെ നാട്ടിലുള്ള സകലപുരോഗമനക്കാരികളെയും പാട്ടിലാക്കി മതിലൊക്കെ പണിഞ്ഞ ശേഷം ശബരിമല വിഷയത്തിൽ അവരെ കറിവേപ്പില പോലെ കളഞ്ഞ നേതാവിനെയും പ്രസ്ഥാനത്തെയും പെട്ടെന്നങ്ങു വാരിപ്പുണരാൻ സിവിൽ സമൂഹ ഇടതു സംഘങ്ങൾക്കു കഴിഞ്ഞില്ലെങ്കിൽ അതവരുടെ കുറ്റമല്ല.

എല്ലാവരും മഹാദുഷ്ടതയെ പ്രതിരോധിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യധാരാ ഇടതിനു കീഴിൽ അണിചേർന്നില്ലെങ്കിൽ അത് വിഭാഗീയതയാണെന്നതിന് പ്രത്യേകിച്ച് മൂർത്തമായ തെളിവൊന്നും ഇല്ല. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ നിങ്ങളുടെ മുൻകൈയ്ക്കു വഴങ്ങാത്തവർ എന്തു ചെയ്താലും അത് നിങ്ങൾക്കെതിരായിരിക്കും എന്ന അഹന്താജന്യമായ ഭീതി മാത്രമാണ്. ഈ രണ്ടു പ്രതിഷേധങ്ങൾ പരസ്പരവിരുദ്ധ ങ്ങളല്ല. രണ്ടിനെയും പിന്തുണയ്ക്കാൻ ആർക്കും വിഷമമുണ്ടാകേണ്ട കാര്യവുമില്ല.

എങ്കിലും ഈ ശീലം മുഖ്യധാരാ ഇടത് ഉപേക്ഷിക്കേണ്ട കാലമായി. ഏതു പ്രശ്നവും അവരിലൂടെ മാത്രമേ പരിഹരിക്കാൻ പാടുള്ളൂ എന്ന ശാഠ്യം. കഴിഞ്ഞ മാസം കണ്ണൂരിലെ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിലെ ഫിസിക്സ് അദ്ധ്യാപകനും സിപിഐ പ്രവർത്തകനുമായ ലനീഷ് പി എന്ന വ്യക്തിയുടെ താണതരം ആരോപണങ്ങളും ലിംഗാഭിമാനഘോഷണവും മറ്റും സഹിക്കേണ്ടി വന്നപ്പോൾ ഞാൻ അയാളുടെ പാർട്ടി നേതാവ് സഖാവ് കാനം രാജേന്ദ്രന് ഒരു കത്തയച്ചു. ആ വിഷയം മാദ്ധ്യമങ്ങളിൽ ചർച്ചയായതുകൊണ്ട് ഇനി അതിന്മേൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന മട്ടിൽ തറവാട്ടുകാരണവരെ വെല്ലുന്ന മറുപടിയാണ് കിട്ടിയത്.

എന്തും ഏതും അവരിലൂടെ മാത്രമെന്ന ഈ വിചാരം മൂത്തുമൂത്ത് മുഖ്യധാരാ ഇടത് വന്നുവന്ന് ലിംഗാഭിമാനപ്രഘോഷകരുടെയും ലിംഗം കൊണ്ട് ചിന്തിക്കുന്നവരുടെയും കൂടാരമാണ് ഇന്ന്. ഇംഗ്ലീഷിൽ dickheads എന്നു പറയും. എല്ലാവരും അല്ല, വലിയ ഒരു ശതമാനം. അപ്പോൾ ഈ കൂട്ടർക്ക് കീഴിൽ അണിനിരക്കൂ എന്ന ആഹ്വാനം പെട്ടെന്ന് സ്വീകരിക്കാൻ എന്നെപ്പോലുള്ളവർക്ക് പ്രയാസമാണ്. പ്രിയ സുഹൃത്ത് സിവിക് ചന്ദ്രൻ ക്ഷമിക്കുമല്ലോ.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757