Opinion

വാളയാര്‍: തൂക്കിലേറ്റപ്പെട്ട നീതി – വിനീത വിജയന്‍

സൂര്യനെല്ലി, വിതുര, കവിയൂര്‍, കിളിരൂര്‍, പറവൂര്‍, തോപ്പുംപടി, വടക്കാഞ്ചേരി, പന്തിരിക്കര, പൂവരണി, പെരുമ്പാവൂര്‍.. കൊല ചെയ്യപ്പെടുകയും ക്രൂരബലാത്സംഗത്തിന് ഇരയാവുകയും ചെയ്ത പെണ്‍കുഞ്ഞുങ്ങളുടെ പേരുകള്‍ക്ക് പകരം അവരുണ്ടായിരുന്ന ദേശനാമങ്ങള്‍ കൊണ്ടവരെ അടയാളപ്പെടുത്തുന്ന നമ്മുടെ നാടിന്റെ അതിര്‍ത്തിയില്‍ അവസാനം ചേര്‍ക്കപ്പെട്ട ദേശമാണ് വാളയാര്‍.

വാളയാര്‍ കേസ്, രണ്ട് പെണ്‍കുട്ടികളുടെ കേവല ആത്മഹത്യക്കേസല്ലെന്നും നിരന്തരമായ ലൈംഗിക ദുരുപയോഗത്തിനും മാനസിക പീഡനത്തിനും ഏറെക്കാലമായി ആ കുഞ്ഞുങ്ങള്‍ ഇരയാക്കപ്പെട്ടിട്ടുണ്ടെന്നും, അതിന്റെ അവസാനമാണ് വീടു നിര്‍മാണത്തിനായി കെട്ടിയ ഷെഡ്ഡില്‍ തൂക്കിയിടപ്പെട്ട രീതിയില്‍ അവരുടെ ശരീരങ്ങള്‍ കാണപ്പെട്ടതെന്നും വാദി, പ്രതി വ്യത്യാസം കൂടാതെ നിയമപാലകര്‍ക്കും രാഷ്ട്രീയ ഭേദമില്ലാതെ കേരളത്തിലെ പൊതുസമൂഹത്തിനും വളരെ വ്യക്തമായി ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് കേരളം മുഴുവന്‍ പ്രതിഷേധ സൂചകമായി ചുവപ്പു പുരണ്ട കുഞ്ഞുടുപ്പുകള്‍ കെട്ടിത്തൂക്കപ്പെട്ടത്. ഓര്‍ക്കണം, വാളയാര്‍ പെണ്‍കുഞ്ഞുങ്ങളുടെ മരണവാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോള്‍, ഇത്തരമൊരു പ്രതിഷേധമുണ്ടായിരുന്നില്ല. ഇരകള്‍ക്ക് നീതിയും പ്രതികള്‍ക്കു ശിക്ഷയും എന്ന് മുഖ്യമന്ത്രിയുള്‍പ്പെടെ നീതിയെക്കുറിച്ചു നല്‍കിയ സകല വാഗ്ദാനങ്ങളും പ്രതീക്ഷകളും അട്ടിമറിക്കപ്പെട്ടതിലുള്ള പ്രതിഷേധമാണ് യഥാര്‍ഥത്തില്‍ പ്രതീകാത്മകമായി ഒരു നാട് ഏറ്റെടുത്തത്.

പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകുന്നു

അടിസ്ഥാന ജനവിഭാഗത്തില്‍ പെടുന്നവരാണ്, ഇരകളുമവരുടെ കുടുംബവും. കമ്യൂണിസ്റ്റ് ഭാഷയില്‍ പറഞ്ഞാല്‍ തൊഴിലാളി വര്‍ഗത്തില്‍ പെടുന്നവര്‍ പ്രത്യേക സംരക്ഷണ നിയമങ്ങള്‍ ഭരണഘടനാപരമായി നിലനില്‍ക്കുന്ന പട്ടിക വിഭാഗത്തില്‍ പെടുന്നവര്‍ അവര്‍ക്ക് നീതി വാങ്ങിക്കൊടുക്കുന്നതില്‍ ഇടതുപക്ഷത്തിന്റെ നീതിസമത്വ സങ്കല്‍പം പരാജയപ്പെട്ടുവെങ്കില്‍, അങ്ങിനെയൊന്നില്ലാതായിരിക്കുന്നു എന്നു തന്നെയാണ് പറയേണ്ടത്. നീതിയുടെ വിതരണമെന്ന അടിസ്ഥാന ജനാധിപത്യ വാഗ്ദാനത്തില്‍ പോലും സമത്വം സാധ്യമാവുന്നില്ലെങ്കില്‍ സോഷ്യലിസമെന്ന സങ്കല്‍പത്തിനെന്തു പ്രസക്തിയാണുള്ളത്? ഒരു കാലത്ത്, ആദര്‍ശവാന്മാരും, ധാര്‍മിക ബോധമുള്ളവരുമായി വിദ്യാര്‍ഥികളെ രൂപപ്പെടുത്താന്‍ ഇടയാക്കിയ ഒരു വിദ്യാര്‍ഥി പ്രസ്ഥാനം, സര്‍ക്കാര്‍ ജോലിക്കു പരീക്ഷയെഴുതുമ്പോള്‍ ഉത്തര കീ വേര്‍ഡുകള്‍ മെസേജായി അയച്ചു കിട്ടാനും, ഉന്നത ബോര്‍ഡ് മെമ്പര്‍ സ്ഥാനങ്ങളിലേക്ക് കയറിച്ചെല്ലാനും ഉള്ള ഇടത്താവളങ്ങള്‍ മാത്രമായാണ് ഇന്ന് വിദ്യാര്‍ഥി സമൂഹം കാണുന്നത്. ഇതേറ്റവും ദൃശ്യമായിട്ടുള്ളത് കോടതിയുമായി ബന്ധപ്പെട്ടാണ് എന്നതാണ് ഏറെ ശ്രദ്ധേയം.

പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് പീഡനത്തിനിരയായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ വീടിന്റെ അകം.

നിലവില്‍ കേരളത്തിലുടനീളമുള്ള കേസുകളില്‍ സിവില്‍ കേസുകളില്‍ സര്‍ക്കാര്‍ വാദിയായും ക്രിമിനല്‍ കേസുകളില്‍ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിക്കപ്പെട്ടവരെല്ലാം അതാതു കാലങ്ങളില്‍ ഭരണകക്ഷികളുമായി നേരിട്ടു ബന്ധപ്പെട്ടവരോ അവരവരുടെ വിദ്യാര്‍ഥി സംഘടനകളുടെ പൂര്‍വകാല പ്രവര്‍ത്തകരോ ആണ്. വനിതാ കമീഷന്‍, യുവജന ശിശുക്ഷേമ ബോര്‍ഡുകള്‍ തുടങ്ങി സര്‍ക്കാര്‍ പണം മുടക്കി ജനക്ഷേമ താല്‍പര്യര്‍ഥം മുന്നോട്ടുവെക്കപ്പെട്ട ബോര്‍ഡുകളിലും അങ്ങനെ തന്നെയാണ്. അവരവര്‍ വഹിക്കുന്ന പദവിയുടെ അര്‍ഥമെങ്കിലും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നവരെ വേണം അവിടങ്ങളില്‍ നിയമിക്കാന്‍. അങ്ങനെയല്ലാത്തതിനാലാണല്ലോ പോക്‌സോ ചുമത്തപ്പെട്ട വാളയാര്‍ കേസില്‍, ശിശു പീഡകരായ പ്രതികള്‍ക്കുവേണ്ടി പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാനും സി.പി.എം നേതാവുമായ അഡ്വ.എന്‍ രാജേഷ് വാദിച്ചതും എല്ലാം കഴിഞ്ഞ് പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ധാര്‍മികതയുടെ പേരില്‍ ശിശുക്ഷേമ സമിതിയുടെ ചുമതലയില്‍ നിന്നും ഒഴിവാക്കേണ്ടി വന്നതും!

സാമൂഹികവും സാമ്പത്തികവുമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തില്‍പ്പെട്ട രണ്ടു കുഞ്ഞുങ്ങള്‍ക്ക് ലഭിക്കേണ്ടുന്ന സ്വാഭാവിക നീതിയെ നിഷേധിക്കാന്‍ കൂട്ടുനില്‍ക്കുകയും നിയമ സംവിധാനത്തിന്റെ വിശ്വാസ്യതയെത്തെത്തന്നെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി നിലകൊള്ളുകയും ചെയ്ത പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിഭാഷകയെന്ന നിലയില്‍ അവരുടെ തൊഴിലിന്റെ നൈതികതയെയും താന്‍ പങ്കാളിയായിരുന്ന പ്രസ്ഥാനത്തിന്റെ മുദ്രാവാക്യങ്ങളെയും ഒരേ പോലെ റദ്ദുചെയ്തു കൊണ്ടാണത് ചെയ്തിരിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടര്‍ തന്റെ ജോലിയില്‍, ഉത്തരവാദിത്തത്തില്‍ കാണിച്ച അലംഭാവമാണ് പരമമായ നീതി നിഷേധത്തിന് വഴിവെച്ചത്, പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന വാദത്തെ ഒരു തവണ പോലും കോടതിയില്‍ ചോദ്യം ചെയ്യാത്ത പ്രോസിക്യൂഷന്‍ കേസ് തെളിയിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് വിധിയില്‍ തന്നെ പറയുന്നു. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു എന്ന് പ്രോസിക്യൂട്ടറും പറയുന്നു. പ്രതികളെ സഹായിച്ചത് ഇടതു രാഷ്ട്രീയ പ്രസ്ഥാനമെന്ന് കുടുംബവും പറയുന്നു.

വാളയാര്‍ വിഷയത്തില്‍ വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് നടത്തിയ പ്രതിഷേധം

അട്ട്രോസിറ്റി ചുമത്തപ്പെട്ട കേസുകളില്‍ ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ വേണം അന്വേഷിക്കാന്‍ എന്നിരിക്കേ, വാളയാര്‍ പെണ്‍കുഞ്ഞുങ്ങളുടെ കേസ് തുടക്കം മുതല്‍ അന്വേഷിച്ച് തെളിവ് നശിപ്പിച്ചവര്‍ എസ്.ഐ.യും സി.ഐയും ആണ്. പെണ്‍കുഞ്ഞുങ്ങള്‍ കൊല ചെയ്യപ്പെട്ടതാകാം എന്ന സൂചനകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിട്ടുപോലും അതേക്കുറിച്ച് ഒരന്വേഷണവും നടത്താതെ കേസ് അട്ടിമറിച്ച സോജന്‍ എന്ന ഉദ്യോഗസ്ഥന്‍ ജിഷ കേസിലും കലാഭവന്‍ മണിയുടെ അസ്വാഭാവിക മരണക്കേസിലും സമാനമായ കൃത്യവിലോപം കാണിച്ചതായി പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. ദലിതര്‍ ഇരകളാക്കപ്പെടുന്ന കേസുകള്‍ അന്വേഷിക്കാന്‍ പോലീസിലെ ക്രിമിനലുകളെത്തന്നെ നിയോഗിക്കുന്നത് ഭരണകൂടം ദലിതര്‍ക്ക് ലഭിക്കേണ്ട നീതിക്കൊപ്പമല്ല എന്നതിനു തെളിവാണ്. അനീതികള്‍ക്ക് വഴിയൊരുക്കുന്നതും അതിന് കൂട്ടുനില്‍ക്കുന്നതും നിയമ സംവിധാനത്തെ അതിനുപയോഗിക്കുന്നതും ഭരണകൂടമാണിവിടെ, സാഹചര്യത്തെളിവുകള്‍ വച്ച് സംശയലേശമന്യേ പറയാം, വാളയാര്‍ കേസില്‍ യഥാര്‍ഥ അട്ടിമറി നടത്തിയത്, ഒത്താശ ചെയ്തത് ഇടത് സര്‍ക്കാരാണ്.

കേരള സമൂഹത്തെ ജനാധിപത്യപരമാക്കുന്നതില്‍ വലിയ ഇടപെടല്‍ നടത്തിയെന്നവകാശപ്പെടുന്ന, പാവപ്പെട്ടവന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും പ്രസ്ഥാനം എന്നറിയപ്പെടുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം സ്വജനപക്ഷപാതവും അധികാര രാഷ്ട്രീയവും അധികാര വിനിയോഗത്തിന്റെ ധാര്‍ഷ്ട്യവും കൊണ്ട് തകര്‍ത്തുകളയുന്നത് നിയമത്തിന് മുന്നിലെ സമത്വം എന്ന ഭരണഘടനാ വാഗ്ദാനത്തെയും മാനുഷിക നൈതികതയുടെ കേവല പ്രതീക്ഷകളെയും കൂടിയായതുകൊണ്ടാണ് കേവലമൊരു ക്രിമിനല്‍ കേസിലെ കോടതി വിധി എന്നതിനപ്പുറം വാളയാര്‍ പ്രതിക്കൂട്ടില്‍ ഇന്ന് ഇടതുഭരണകൂടം ജനകീയ വിചാരണ ചെയ്യപ്പെടുന്നതും, ഇടത് സംസ്‌കാരിക അപചയത്തിന്റെ, ധാര്‍മിക പതനത്തിന്റെ നേര്‍ച്ചിത്രമായി വാളയാര്‍ വിലയിരുത്തപ്പെടുന്നതും. വര്‍ഗ രാഷ്ട്രീയവും അതിലധിഷ്ഠിതമായ രാഷ്ട്രീയ സംവിധാനങ്ങളും കൊണ്ട് ജാതിവ്യവസ്ഥയുടെ ശ്രേണീഘടനയ്ക്കനുസൃതമായി ക്രമീകരിക്കപ്പെട്ടിരിക്കുന്ന ഒരു സമൂഹത്തിലെ അടിത്തട്ടുജനതയുടെ ഉന്നമനമോ, തുല്യനീതിയുടെ വിതരണമോ സാധ്യമാവും എന്ന ഇടതുപക്ഷ മൂഢസങ്കല്‍പത്തിനേറ്റ പ്രഹരമാണ് അട്ടിമറിക്കപ്പെട്ട വാളയാര്‍ കേസ്. അനീതിയാണ് നടന്നിരിക്കുന്നത്. അത് അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. പാളിച്ച പറ്റിയത് ഭരണകൂടത്തിനും പോലീസിനും പ്രോസിക്യൂഷനും ഒന്നടങ്കമാണ്. കുറ്റകരമായ പിന്തുണ എവിടെ നിന്നെല്ലാം കുറ്റവാളികള്‍ക്ക് ലഭിച്ചിട്ടുണ്ടോ, അതെല്ലാം പരിശോധിക്കുന്ന തരത്തില്‍ പഴുതടച്ച അന്വേഷണമാണ് പരിഹാരം. മറക്കരുത്, നീതി തൂങ്ങി നില്‍പ്പാണ്, ഇനിയും മരവിച്ചിട്ടില്ലാത്ത കേരളത്തിന്റെ മനസാക്ഷിക്കു മുന്നില്‍!

വാളയാര്‍ വിഷയത്തില്‍ ഇന്‍സ്റ്റാഗ്രാം കൂട്ടായ്മ എറണാകുളം മറൈന്‍ഡ്രൈവില്‍ നടത്തിയ പ്രതിഷേധം

ആര്‍ക്കും എപ്പോഴും കടന്നു ചെല്ലാവുന്ന, ഉപയോഗിക്കാവുന്ന സാമൂഹിക ചുറ്റുപാടുകളും കുടുംബാന്തരീക്ഷവും അനീതിയെക്കുറിച്ചുള്ള അറിവില്ലായ്മയും പ്രതിരോധത്തെക്കുറിച്ചോ നിയമപരമായ സംരക്ഷണത്തെക്കുറിച്ചോ ഒക്കെയുള്ള ബോധ്യമില്ലായ്മയും ഒക്കെ കൂടിച്ചേര്‍ന്ന ദലിത് ജീവിത സാഹചര്യങ്ങളാണ് കുഞ്ഞുങ്ങള്‍ ഇല്ലായ്മ ചെയ്യപ്പെട്ടതിന് പശ്ചാത്തലമായത് എന്നിരിക്കെ വാളയാറിലെ പെണ്‍കുഞ്ഞുങ്ങളെ ദലിതരെന്ന് പറയരുത്, മനുഷ്യരല്ലേ അവര്‍ എന്ന് ഇനിയും ചിലര്‍. അവരുടെ ദലിത് ജീവിത പശ്ചാത്തലമാണ് അവരെ ഇല്ലായ്മ ചെയ്യാന്‍ ഇടമൊരുക്കിയതും, നീതി ലഭ്യതയെ തടസ്സപ്പെടുത്തിയതും എന്നിരിക്കേ കാല്‍പനികവല്‍ക്കരിക്കപ്പെട്ട മനുഷ്യത്വ പ്രകീര്‍ത്തനങ്ങള്‍ കൊണ്ട് എന്താണ് പ്രയോജനം? വാളയാറിലെ പെണ്‍കുഞ്ഞുങ്ങള്‍ സവര്‍ണരോ, സമ്പന്നരോ, രാഷ്ട്രീയ സ്വാധീനമുള്ളവരോ ആയ മാതാപിതാക്കളുടെ മക്കളായിരുന്നെങ്കില്‍ അവര്‍ക്കിത്തരമൊരു ദുരന്തം നേരിടേണ്ടി വരില്ലായിരുന്നു. നേരിട്ടാല്‍ തന്നെ ഇത്തരമൊരവസ്ഥയില്‍ കേസ് എത്തിച്ചേരില്ലായിരുന്നു. അവര്‍ ദലിതരും ദരിദ്രരുമായതിനാലാണ് ഇത്രമേല്‍ അലംഭാവത്തോടെ വാളയാര്‍ കേസ് പോലീസും നീതിപീഠവും ഭരണ സംവിധാനവും മാധ്യമങ്ങളും കൈകാര്യം ചെയ്തത്.

ദൗര്‍ഭാഗ്യകരമായ ഒരു ദുരന്തം; ഏതൊരു സമൂഹത്തിലും വേദനയും രോഷവും ഉണ്ടാക്കുന്ന ഒരു സംഭവം, ഭരണകൂടം സൃഷ്ടിച്ചതാണെന്ന തരത്തിലുള്ള അന്ധമായ ആരോപണങ്ങള്‍ക്ക് പ്രസക്തിയില്ല. സ്വാഭാവികമായും സംഭവം ഉണ്ടായതിനു ശേഷം മാത്രമാവും, അത് ഭരണകൂടത്തിന്റെയും നിയമ പരിപാലന സംവിധാനങ്ങളുടെയും ശ്രദ്ധയിലും എത്തിയിരിക്കുക. ആ ഘട്ടത്തിനു ശേഷം വാളയാര്‍ കേസില്‍ ഉണ്ടായിട്ടുള്ള ഭരണകൂട, രാഷ്ട്രീയ ഇടപെടലുകളും, പോലീസ്, നിയമ സംവിധാനങ്ങളുടെ കാര്യക്ഷമതാ രാഹിത്യവും, അലംഭാവവും, ചേര്‍ന്ന് ഇരകളാക്കപ്പെട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിച്ചു എന്നിടത്താണ്, കമ്യൂണിസത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന സമത്വമെന്ന താത്വികാടിത്തറ അടിത്തറ വാളയാര്‍ വിഷയത്തില്‍ തകര്‍ന്നു പോയി എന്നു പറയേണ്ടി വരുന്നത്. നീതിയുടെ വിതരണത്തില്‍ വാഗ്ദാനം ചെയ്യപ്പെടുന്ന സമത ജാതിയുടേയോ സാമൂഹ്യ അന്തസിന്റെയോ സമ്പത്തിന്റെയോ അടിസ്ഥാനത്തില്‍ നിഷേധിക്കപ്പെടുന്നു എങ്കില്‍, പാവപ്പെട്ടവന്റെ പാര്‍ട്ടി എന്ന പറച്ചിലിന് ഇനിയുമെന്താണ് പ്രസക്തി?

 

 

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757