Opinion

യു.എ.പി.എ: നിയമവിധേയമായ ഭീകരത – ഫായിസ് എ.എച്ച്

സ്വതന്ത്രമായി ചിന്തിക്കുന്നവരെയും അഭിപ്രായം പറയുന്നവരെയും ഇല്ലായ്മ ചെയ്യാനുള്ള പണി ഭരണകൂടം തന്നെ എടുക്കുന്നതിന്റെ ഉദാഹരണങ്ങള്‍ ചരിത്രത്തിലും വര്‍ത്തമാനത്തിലും കാണാന്‍ സാധിക്കുന്നതാണ്. അതുപോലെത്തന്നെ ഭരണകൂടത്തെ കയ്യാളുന്ന അധീശവംശത്തിന്റെ അധികാരത്തെ വെല്ലുവിളിക്കുന്ന വിവിധ സമൂഹങ്ങളെയും സമുദായങ്ങളെയും അടക്കിനിര്‍ത്താന്‍ ഭരണകൂടം തന്നെ ശ്രമിക്കും. ഇത്തരത്തിലുള്ള ഒരു അടിച്ചമര്‍ത്തല്‍/അടക്കിനിര്‍ത്തല്‍ പ്രക്രിയയുടെ ഭാഗമായിട്ടാണ് ത്വാഹാ ഫസലിനെയും അലന്‍ ശുഐബിനെയും മാവോയിസ്റ്റ് അനുകൂലികളാണെന്ന പേരില്‍ യു.എ.പി.എ ചാര്‍ത്തി അറസ്റ്റ്് ചെയ്തിരിക്കുന്നത്.

ഈ അറസ്റ്റുമായി ബന്ധപ്പെട്ട്, യു.എ.പി.എ അടക്കമുള്ള ഭീകരനിയമങ്ങളെ കുറിച്ച് മലയാളി പൗരസമൂഹം ഏറെ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ ദേശവ്യാപകമായി നിലനില്‍ക്കുന്ന നിയമങ്ങളില്‍ ഏറെ വിമര്‍ശിക്കപ്പെട്ട ഒന്നാണ് UAPA അഥവാ Unlawful Activities Prevention Act ,2008. സ്വതന്ത്ര ഇന്ത്യയില്‍ പല കാലങ്ങളിലായി വ്യത്യസ്ത ഭീകര നിയമങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ആദ്യം TADA ( Terrorist and Disruptive Activities (Prevention) Act ), അതിനു ശേഷം POTA ( Prevention of Terrorism Act, 2002) എന്നിങ്ങനെ തീവ്രവാദ വിരുദ്ധതയുടെ പേരില്‍ ഭീകരനിയമങ്ങള്‍ നിലവില്‍ വന്നു. പിന്നീട് പൗരസമൂഹത്തില്‍ നിന്നുണ്ടായ പ്രതിഷേധങ്ങള്‍ മൂലം അവ പിന്‍വലിക്കുകയാണുണ്ടായത്.

1967-ല്‍ നിലവില്‍ വന്ന ഒരു ഭീകരനിയമമാണ് (draconian law) യു.എ.പി.എ. തുടര്‍ന്ന് 2004-ല്‍ ഭേദഗതിവരുത്തി. ബോംബെ ഭീകരാക്രമണത്തിന്റെ മറപിടിച്ച് കൊണ്ട് മുഴുവന്‍ സഭയെയും ‘ഭീകരവാദത്തിനെതിരെ’ അണിനിരത്തി കൂടുതല്‍ കര്‍ക്കശ വ്യവസ്ഥകളോടും നേരത്തെ പിന്‍വലിച്ച POTA യുടെ അടക്കം വകുപ്പുകള്‍ ചേര്‍ത്ത് കൊണ്ട് യു.പി.എ സര്‍ക്കാര്‍ ചുട്ടെടുത്തതാണ് ഇന്ന് നമ്മള്‍ കാണുന്ന ഈ ഭീകരനിയമം.

യു.എ.പി.എ പ്രയോഗിക്കുമ്പോള്‍ ‘പിഴവും’, ‘ജാഗ്രതക്കുറവും’ എല്ലാം
സംഭവിക്കുന്നുവെന്നാണ് പൊതുവെ നിലനില്‍ക്കുന്ന ഒരു ഭാഷ്യം. പ ക്ഷേ, നിയമം തന്നെ നീതിയെ അട്ടിമറിക്കുകയും ഭരണഘടനാധിഷ്ഠിതമായ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നുമുണ്ട്. ക്രിമിനല്‍ നടപടി ക്രമത്തിലെ കസ്റ്റഡി 15 ദിവസവും
അധിക കസ്റ്റഡി 30 ദിവസവുമാകുമ്പോള്‍ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടാല്‍ 30 ദിവസം കസ്റ്റഡിയും 90 ദിവസം അധിക കസ്റ്റഡിയുമായി നീളും. ഇങ്ങനെ കുറ്റപത്രം പോലും സമര്‍പ്പിക്കാതെ 180 ദിവസം വരെ കുറ്റാരോപിതരെ ജയിലിലിടാന്‍ കഴിയും. ഇനി കുറ്റപത്രം സമര്‍പ്പിച്ചാലോ, അനിശ്ചിതമായി വിചാരണയില്ലാതെ ജയില്‍ വാസം നീളും. ജാമ്യം എന്ന അടിസ്ഥാന അവകാശത്തെ പോലും ഈ നിയമം റദ്ദ് ചെയ്യുന്നു. സാധാരണ, ജാമ്യം നിയമം ആകുന്നിടത്ത് ഇവിടെ ജയില്‍ നിയമവും ജാമ്യം അപസര്‍ഗവുമായി (exception) മാറുന്നു.

അബ്ദുന്നാസര്‍ മഅ്ദനിയും (സാങ്കേതികമായി അല്ലെങ്കിലും ജയില്‍ തന്നെയാണ്) സക്കരിയ്യയുമൊക്കെ ഈ നിയമം മൂലം ഇരകളാക്കപ്പെട്ടവരാണ്. യഹിയ കമ്മുക്കുട്ടി അടക്കം 17ഓളം മുസ്ലിം യുവാക്കള്‍ക്ക് തങ്ങളുടെ ജീവിതത്തിലെ 7 വര്‍ഷം ജയിലില്‍ ജീവിച്ച് തീര്‍ക്കേണ്ടി വന്നു .ബോംബയില്‍ നിന്നുള്ള വാഹിദ് ഷെയ്ഖിന് ജീവിതത്തിലെ 9 വര്‍ഷമാണ് നഷ്ടപ്പെട്ടത്. ഇങ്ങനെ ആയിരങ്ങള്‍ ജീവിതത്തിലെ യൗവനം ജയിലറകളില്‍ ജീവിച്ച് തീര്‍ക്കുന്നു. കുറ്റം തെളിയിക്കുക എന്നത് പ്രോസിക്യൂഷന്റെ പണിയാണ്. പ്രസ്തുത നിയമത്തിലെ 43ഇ വകുപ്പ് പ്രകാരം കുറ്റാരോപിതന്‍ മുഴുവന്‍ ഭരണകൂട മെഷിനറിക്കെതിരെ നിന്നുകൊണ്ട് നിരപരാധിത്വം ‘തെളിയിക്കേണ്ടി’ വരുന്നു. അല്ലാത്ത പക്ഷം കുറ്റാരോപിതന്‍ നിഷ്‌കളങ്കര്‍ തന്നെയാണെന്ന മുന്‍വിധിയിലൂടെ മുന്‍പോട്ട് പോകും. സാക്ഷി വിസ്താരം ‘in-camera’ യില്‍ നടത്താനും സാക്ഷിയുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കി വെക്കാനും 44-ാം വകുപ്പ് പ്രകാരം സാധിക്കും. ഗവണ്‍മെന്റിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരുവിധ നിയമനടപടിയും സ്വീകരിക്കാന്‍ കഴിയില്ല. ഇത് പൊലീസിനും അന്വേഷണ ഏജന്‍സികള്‍ക്കും നല്‍കുന്ന പരിരക്ഷ നീതീകരിക്കാവതല്ല. തങ്ങളുടെ എല്ലാ മുന്‍വിധിയും വംശീയബോധവും പ്രകടമാക്കാന്‍ ഈ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതിലും മികച്ച ഒരു പരിരക്ഷ ഇല്ല.

നിയമവിരുദ്ധ പ്രവര്‍ത്തനത്തെയും ഭീകരവാദ പ്രവര്‍ത്തനത്തെയും വളരെ അമൂര്‍ത്തമായും ക്ലിപ്തപ്പെടുത്താതെയുമാണ് നിയമത്തില്‍ വിശദീകരിച്ചിട്ടുള്ളത്. വലിച്ച് നീട്ടാന്‍ (elastic nature) സാധിക്കുംവിധമുള്ള നിയമനിര്‍മാണമാണ് യു.എ.പി.എയുടേത്. പൊലീസ് അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇത് കൃത്യമായി ദുരുപയോഗപ്പെടുത്തും. അതുകൊണ്ടാണ് പോസ്റ്റര്‍ ഒട്ടിച്ചതിനും, ലഘുലേഖ കൈവശം വെച്ചതിനും വിതരണം ചെയ്തതിനും ഒക്കെ യു.എ.പി.എ ചുമത്തുന്നത്.

കബീര്‍ കലാമഞ്ച് എന്ന രാഷ്ട്രീയ കലാസംഘത്തെ മഹാരാഷ്ട്രയില്‍ 2011-ല്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. അവര്‍ മൂന്ന് വര്‍ഷം അഴികള്‍ക്കകത്തായിരുന്നു. ഭൂരിപക്ഷവും ആദിവാസി ബഹുജന്‍ സ്വത്വം പേറുന്നവരായിരുന്നു അവര്‍. ജി. എന്‍ സായിബാബ എന്ന വികലാംഗനായ ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറും യു.എ.പി.എ ചാര്‍ത്തപ്പെട്ട് അറസ്റ്റിലായവരില്‍ പ്രധാനിയാണ്. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടുമായി ബന്ധപ്പെട്ട് നിരവധി ആദിവാസികളെ ഈ നിയമം ജയിലിലടച്ചിട്ടുണ്ട്. പ്രത്യേക ജനസമൂഹങ്ങളെ പോലെ തന്നെ മനുഷ്യാവകാശ സംഘടനകള്‍, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ (മുഖ്യധാരാ പാര്‍ട്ടികള്‍ അല്ല) അടക്കമുള്ള സംഘടനകളെ വേട്ടയാടാന്‍ ഈ നിയമം ഉപയോഗിച്ചിട്ടുണ്ട്. അരുണ്‍ ഫെരേര, വെര്‍നോള്‍ ഗോണ്‍സാല്‍വേസ്, റോണാ വില്‍സണ്‍, സുധിര്‍ ദാവ്ലെ തുടങ്ങിയ ഒട്ടനേകം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് ഇടപെട്ട ഒരുപാട് സാമൂഹ്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് തിരുമുരുഗന്‍ ഗാന്ധിയെ പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ യു.എ.പി.എ മൂലം വേട്ടയാടപ്പെട്ടിട്ടുണ്ട്. ഭോപ്പാല്‍ ജയിലില്‍ നിരവധി യുവാക്കള്‍ യു.എ.പി.എ ചാര്‍ത്തിയത് മൂലം ജയിലിലടക്കപ്പെട്ടിട്ടുണ്ട്. 2016-ലെ ഭോപ്പാല്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരും യു.എ.പി.എ പ്രകാരം വിചാരണ നേരിടുന്നവരായിരുന്നു. കൊബാദ് ഗാന്ധി, ബിനായക് സെന്‍, എം.എം ബിശ്വാസ് തുടങ്ങിയവര്‍ യു.എ.പി.എ പ്രകാരം അറസ്റ്റിലായ പ്രമുഖ സാമൂഹിക പ്രവര്‍ത്തകരാണ്. എന്നാല്‍, ഹിന്ദുത്വവാദികള്‍ പ്രതികളാകുന്ന ഒരു ഭീകരപ്രവര്‍ത്തനത്തിനും ഈ നിയമമൊന്നും ബാധിക്കാറില്ല.

കേരളവും മുന്നില്‍ തന്നെ
കേരളത്തിലെ ”പുരോഗമന-രാ ഷ്ട്രീയം” നിലനില്‍ക്കുമ്പോള്‍ ത്വാഹാ-അലന്‍ സംഭവം ‘ഒറ്റപ്പെട്ട’ സംഭവമാണെന്ന് കുറച്ച് പേരെങ്കിലും കരുതുന്നുണ്ടാകും. എന്നാല്‍, കേരളത്തിലെ അവസ്ഥ ഒട്ടും ആശാവഹമല്ല. 2016-ല്‍ രമേശ് ചെന്നിത്തല നിയമസഭയില്‍ നല്‍കിയ കണക്ക് പ്രകാരം 134 കേസുകള്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍, യു.എ.പി.എ അടക്കമുള്ള മനുഷ്യത്വവിരുദ്ധ നിയമങ്ങള്‍ക്കെതിരെ നിലപാടുകള്‍ പറഞ്ഞുകൊണ്ടാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. 27.06.2019 വരെ വെറും 5 കേസുകളില്‍ മാത്രമാണ് സര്‍ക്കാര്‍ യു.എ.പി.എ വേണ്ടെന്ന് വെച്ചത്. കിട്ടുന്ന അവസരങ്ങളിലെല്ലാം യു.എ.പി.എക്കെതിരെ ഗിരിപ്രഭാഷണം നടത്തുന്നവരാണ് പിണറായി അടക്കമുള്ള ഇടത് നേതാക്കള്‍. യു.എ.പി.എ ചാര്‍ത്തിയ കേസുകള്‍ പുനഃപരിശോധിക്കാന്‍ സമിതിയെ നിയോഗിക്കും എന്നതായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. അത്തരത്തിലൊരു സമിതിയും സ്ഥാപിച്ചിട്ടില്ല. ഗോപിനാഥന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സമിതി പ്രതികള്‍ക്കെതിരെ വിചാരണ നടത്തണമോ എന്ന നിര്‍ദേശം നല്‍കാനുള്ളതാണ്. ആ സമിതിയെ പുനഃപരിശോധനാ സമിതി എന്ന് പറഞ്ഞ് പറ്റിക്കുക കൂടി ചെയ്യുന്നു ഇടതുപക്ഷം. മുന്‍ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി സമിതി അധ്യക്ഷത റിട്ടയേര്‍ഡ് ജഡ്ജിക്ക് കൊടുത്തു എന്ന മാറ്റം മാത്രമാണ് അതിലുള്ളത്. ആ സമിതിക്ക് ഒരു ഉപദേശക അധികാരം മാത്രമേ ഉള്ളൂ.

പി. ജയരാജന് യു.എ.പി.എ ചാര്‍ത്തിയപ്പോള്‍ ഉണ്ടായ വികാരവിക്ഷോഭങ്ങളൊന്നും യു.എ.പി.എക്കെതിരെയുള്ള രാഷ്ട്രീയ നിലപാടായിരുന്നില്ല, മറിച്ച് സ്വന്തം പാര്‍ട്ടിയിലെ ഒരു പ്രിവിലേജ്ഡായ നേതാവിന് വേണ്ടിയുള്ള സമരം മാത്രമാണ്. ഉന്നത ഉദ്യോഗസ്ഥരുടെയൊക്കെ അനുമതിയോടെയാണ് യു.എ.പി.എ പോലുള്ള വകുപ്പുകള്‍ പൊതുവെ കേസില്‍ ഉള്‍പ്പെടുത്തുന്നത്. അതുകൊണ്ട് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം അവര്‍ക്ക് അറിയില്ല എന്നൊന്നും പറഞ്ഞ് ഒഴിയാന്‍ സര്‍ക്കാരിനാവില്ല. സര്‍ക്കാര്‍ അത്തരത്തിലുള്ള നയം പ്രാവര്‍ത്തികമാക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നത് വ്യക്തമാണ്. കേരളത്തില്‍ ആദ്യമായി യു.എ.പി.എ ചുമത്തിയത് വി. എസ് അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരാണ്.

ഈ സര്‍ക്കാര്‍ ഇതുവരെ ഇരുപതോളം യു.എ.പി.എ കേസുകള്‍ എടുത്തിട്ടുണ്ട്. എം.എന്‍ രാവുണ്ണി, രജീഷ് കൊല്ലംകണ്ടി, സി.എ അജിതന്‍, ഷാന്റോലാല്‍ തുടങ്ങിയവര്‍ക്കെതിരെ കേസ് എടുത്തിരുന്നു. രാവുണ്ണിയെ മാവോയിസ്റ്റ്് എന്ന പേരിലും അദ്ദേഹത്തെ ആശുപത്രിയില്‍ കൂട്ടിരുന്നതിന് രാജേഷിനെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. കോഴിക്കോട്ടെ നദി, എഴുത്തുകാരന്‍ കമല്‍ സി എന്നിവര്‍ക്കെതിരെ കേസ് എടുത്തു. ഈ കേസുകള്‍ കോടതിയില്‍ തള്ളി പോകുകയോ കോടതി പ്രസ്തുത നിയമം എടുത്ത് മാറ്റുകയോ ചെയ്തു എന്നുള്ളതും ചേര്‍ത്ത് വായിക്കണം. നാറാത്ത് യോഗം ചേര്‍ന്നതിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ 5 വര്‍ഷം ജയിലില്‍ കിടന്ന് നിരപരാധിത്വം തെളിയിക്കേണ്ടി വന്നു. പാനായിക്കുളം കേസിലും മറിച്ചല്ല സംഭവിച്ചത്. ഇതേ ഗണത്തിലേക്കാണ് ശുഐബിനെയും ത്വാഹാ ഫസലിനെയും സര്‍ക്കാര്‍ കുടുക്കിയിരിക്കുന്നത്. സംഘ്പരിവാറിന് പ്രത്യേക താല്പര്യമുള്ള കേസുകളില്‍ പോലീസ് കര്‍ക്കശ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേസുകള്‍ ചാര്‍ത്തുന്നുണ്ടെന്ന് മാധ്യമം എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ കേസിലും സംഘ്പരിവാറിന്റെ ശുഷ്‌കാന്തി പിണറായി വിജയന് നല്‍കുന്ന
അഭിനന്ദനങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാകും. ജന്മഭൂമിയിലടക്കം മാവോയിസ്റ്റ്് വേട്ടയിലും യു.എ.പി.എ ചാര്‍ത്തിയ വിഷയത്തിലും ഇടത് പക്ഷത്തിനു അഭിനന്ദനങ്ങളുടെ പൂച്ചെണ്ട് കിട്ടിക്കൊണ്ടിരിക്കുകയാണ്.

സംഘടനാ അംഗത്വമോ, ആശയപ്രചാരണമോ, ലഘുലേഖകള്‍ കയ്യില്‍ വെക്കുന്നതോ വിതരണം ചെയ്യുന്നതോ ഒന്നും ഒരു ക്രൈം അല്ല എന്ന് കോടതികള്‍ പറഞ്ഞിട്ടുണ്ട്. Anup Bhuyan vs State of Assam എന്ന കേസില്‍ മാര്‍ക്കണ്ഡേയ കട്ജു അടക്കമുള്ള ബെഞ്ച് പറഞ്ഞത് Guilty by Association എന്ന തത്വമൊന്നും നിയമത്തില്‍ നിലനില്‍ക്കുന്നില്ല. അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചാല്‍ മാത്രമേ പ്രസംഗങ്ങള്‍, ലഘുലേഖകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഒരു കേസിന് തന്നെ സാധ്യതയുള്ളൂ എന്നാണ്.

ഇനി ശ്യാം ബാലകൃഷ്ണന്‍ കേസിലെ വിധി കൂടി പരിശോധിക്കാം. ഭരണഘടനാ തത്വങ്ങളോട് മാവോയിസ്റ്റ്് പ്രത്യയശാസ്ത്രം ഒത്തുപോകില്ലെങ്കിലും മാവോയിസ്റ്റ്് ആകുക എന്നുള്ളത് കൊണ്ട് കുറ്റവാളി ആകുന്നില്ല എന്ന് കേരള ഹൈക്കോടതി വ്യക്തമാക്കുന്നു. സുപ്രീം കോടതിയും സമാനമായ വിധിതന്നെ അപ്പീലില്‍ വിധിക്കുന്നു. സിമി പ്രവര്‍ത്തകര്‍ എന്ന ഒറ്റ(അ )ന്യായം മുന്‍നിര്‍ത്തി ജയിലില്‍ അടക്കപ്പെട്ടവര്‍ നിരവധിയാണ്. വിമത ശബ്ദങ്ങളെയും അപരസ്വതങ്ങളെയും ഈ നിയമമനുസരിച്ച് തുറുങ്കിലിടുകയാണ് ഭരണകൂടം.

അനീതിയില്‍ ഒറ്റക്കെട്ട്
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം തന്നെ യു.എ.പി.എ നിയമനിര്‍മാണ സഭയില്‍ അവതരിപ്പിച്ചപ്പോള്‍ പിന്തുണച്ചവരാണ്. 2008ല്‍ ബി.ജെ.പിയുടെ ആശീര്‍വാദത്തോടെ കോണ്‍ഗ്രസ് ‘ദേശസുരക്ഷക്കൊപ്പം’ ആരുണ്ട് എന്ന് ചോദിച്ച് പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇന്ന് 2019ല്‍ കോണ്‍ഗ്രസ് അടക്കമുള്ളവരോട് അമിത് ഷാ പറഞ്ഞത് ‘ തീവ്രവാദത്തിന്റെ കൂടെ’ ആരൊക്കെ ഉണ്ടെന്ന് കാണട്ടെ എന്നാണ്. ആ വര്‍ത്തമാനത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ളവര്‍ വീണുപോയി. ഞങ്ങള്‍ ഒരിക്കലും ഭീകരനിയമങ്ങള്‍ക്ക് കൂട്ടുനിന്നില്ല എന്ന് വീമ്പ് പറയുന്ന ഇടതുപക്ഷം 2008ല്‍ പാര്‍ലമെന്റില്‍ യു.എ.പി.എ ഭേദഗതി ബില്ലിന് അനുകൂലിച്ച് വോട്ട്കുത്തിയവരാണ്. സെബാസ്റ്റ്യന്‍ പോളെന്ന വിപ് ബാധകമല്ലാത്ത സ്വതന്ത്ര എം.പിയുടെ വിയോജിപ്പിനെ തങ്ങളുടെ പെട്ടിയിലാക്കാന്‍ കള്ളം പറയുന്ന പിണറായി വിജയന്റെയും ഇടതുപക്ഷത്തിന്റെയും കാപട്യം നമ്മള്‍ തിരിച്ചറിയാതെ പോകരുത്.
2019-ലെ NIA, UAPA ഭേദഗതിയില്‍ വ്യക്തികളെ അടക്കം തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ കഴിയുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. ഇതുവരെ ഇരയായവരുടെ കണക്കുകളില്‍ മുസ്ലിംകള്‍ ഒന്നാം സ്ഥാനത്തുണ്ട്. ദലിതരും പിന്നാക്കക്കാരും മനുഷ്യാവകാശപ്രവര്‍ത്തകരും തൊട്ടുപിന്നിലുണ്ട്്. നിയമവിധേയമായ ഒരു വംശഹത്യയാണ് ഇന്ത്യന്‍ സവര്‍ണ്ണ മൂല്യവ്യവസ്ഥ ഇത്തരം നിയമങ്ങളിലൂടെ ലക്ഷ്യംവെക്കുന്നത്. ഇരകളുടെ ലിസ്റ്റ് ത്വാഹാ-അലനില്‍ തുടങ്ങി അവസാനിച്ചതല്ല എന്ന് മുഖ്യധാര സമൂഹം തിരിച്ചറിയണം. റാസിഖ് റഹീമും മഅ്ദനിയും സക്കരിയയും ഷിബിലിയും ശാദുലിയും ഗൗരിയും എം.എന്‍ രാവുണ്ണിയും അടക്കമുളളവരുടെ ജീവിതങ്ങളോടും മനുഷ്യാവകാശ പോരാട്ടങ്ങളോടും ഐക്യപ്പെട്ട് പോരാടിയാല്‍ മാത്രമേ ഭീകരനിയമങ്ങള്‍ക്കെതിരെയുള്ള പോരാട്ടം വിജയിപ്പിക്കാന്‍ കഴിയൂ.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757