Opinion

ഭീകരമുദ്രയുടെ സാമൂഹിക മാനം – ഫൗസിയ ഷംസ്

മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയതും രണ്ട് വിദ്യാര്‍ഥികളെ യു.എ.പി.എ നിയമം ചുമത്തി അറസ്റ്റ് ചെയ്തതുമാണ് ഇപ്പോള്‍ വാര്‍ത്ത. പൗരന്റെ അവകാശത്തിനുമേല്‍ ഭരണകൂട മര്‍ദനങ്ങള്‍ പ്രയോഗിക്കുന്നതിന് പൊലീസിന് എല്ലാ അധികാരങ്ങളും നല്‍കുന്ന 1967-ല്‍ പാസാക്കിയ ഈ നിയമം 2008-ലെ ഭേദഗതിക്ക് ശേഷമാണ് കൂടുതലായി പ്രായോഗിക തലത്തിലേക്കെത്തിയത്്. യു.എ.പി.എയുടെ ആദ്യ കേസോ പ്രതികളെന്ന് ആക്ഷേപിക്കപ്പെട്ടവരോ അല്ല കേരളത്തിലിപ്പോഴത്തേത്. അവസാനത്തേതുമായിരിക്കാന്‍ തരമില്ല. പക്ഷേ, രാഷ്ട്രീയം എന്നതിലുപരി ഒട്ടേറെ സാമൂഹിക മാനങ്ങള്‍ കൂടി ഇത്തരം നിയമങ്ങളും കേസുകളും അറസ്റ്റുകളും നല്‍കുന്നുണ്ട്.

രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തു സൂക്ഷിക്കേണ്ടതും ദേശീയോദ്ഗ്രഥനം സാധ്യമാക്കേണ്ടതും ഏതൊരു ഭരണകൂടത്തിന്റെയും ബാധ്യതയാണ്. രാജ്യതാല്‍പര്യത്തിനെതിരായി നീങ്ങുന്നവരെയും അഖണ്ഡതയെ ചോദ്യം ചെയ്യുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ശിക്ഷിക്കാനുമുള്ള ഭരണകൂടത്തിന്റെ അവകാശത്തെ ആരും ചോദ്യം ചെയ്യുകയില്ല. ഏത് ജനതയും, സംഘടനയും വ്യക്തിയും രാജ്യത്തിനും വ്യവസ്ഥാപിത നിയമങ്ങള്‍ക്കും ഹിതമല്ലാത്തത് പ്രവര്‍ത്തിക്കുമ്പോള്‍ അവരെ രാജ്യത്തിന്റെ നിലവിലുള്ള നിയമമുപയോഗിച്ചോ അത് അപര്യാപ്തമാണെങ്കില്‍ പുതിയതുണ്ടാക്കിയോ അടിച്ചമര്‍ത്തേണ്ടത് ഭദ്രമായ രാഷ്ട്രസങ്കല്‍പത്തിന്ന് അനിവാര്യമാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. അത് നീതിയുടെ നേട്ടമാണ്. പക്ഷേ, നമ്മുടെ ഭരണകൂടങ്ങള്‍ ഇവിടെ ഉണ്ടാക്കിയെടുത്ത നിയമങ്ങള്‍ യഥാര്‍ഥ ഭീകരരെയും തീവ്രവാദികളെയും ലക്ഷ്യം വെച്ചുള്ളതുമാത്രമാണോ? ഭീകര വിരുദ്ധ നിയമമായ ടാഡ, പോട്ട, യു.എ.പി.എ തുടങ്ങിയ നിയമങ്ങളാല്‍ കുറ്റവാളികളാക്കപ്പെട്ടവരും ജയിലിടക്കപ്പെട്ടവരുമായി വിചാരണ പോലും ഇല്ലാതെ ലക്ഷക്കണക്കിന് യുവാക്കള്‍ ഇന്ത്യന്‍ ജയിലിനകത്തുണ്ട്. ഈ യുവാക്കളിലധികവും മുസ്്‌ലിം ദലിത് പിന്നോക്ക വിഭാഗമാണ്. ഇസ്്‌ലാമിക തീവ്രവാദവും തീവ്ര ഇടതുപക്ഷ മാവോ ബന്ധങ്ങളുമാണ് ആരോപിക്കപ്പെട്ട കുറ്റങ്ങള്‍. ഈ വസ്തതയാണ് ഇത്തരം നിയമങ്ങള്‍ സംശയക്കപ്പിക്കപ്പെടുന്നതിന് കാരണം. രാഷ്ട്രീയ പകപോക്കലും വംശീയ വിദ്വേഷവും മാത്രമാണ് ഇതിനുപിന്നിലെന്ന് ഭരണകൂടം ജയിലിടക്കുകയും പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്ത പ്രമാദമായ പല കേസുകളില്‍ നിന്നും മനസ്സിലാക്കാം. ഭരണ വിമര്‍ശനങ്ങളെ ദേശീയതയും രാജ്യസുരക്ഷയുമായും വ്യാജമായി കൂട്ടിച്ചേര്‍ത്താണ് പലരെയും അകത്തായിരിക്കുന്നത്.

യു.എ.പി.എ (Unlawful Activities Prevention Act – UAPA) നിയമപ്രകാരം ഏതൊരു വ്യക്തിയെയും കേന്ദ്ര ഗവണ്‍മെന്റിന്റെ പൊലീസിന് തീവ്രവാദ ഭീകര ബന്ധം ആരോപിച്ച് അറസ്റ്റുചെയ്യാം. യു.എ.പി.എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ ജാമ്യം ലഭ്യമല്ല. ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ അറിയിക്കാതെ തന്നെ അറസ്റ്റു ചെയ്യാം. ഇത്തരം കുറ്റം ആരോപിക്കപ്പെട്ടവരുടെ സ്വത്തുക്കള്‍ ബന്ധപ്പെട്ട സംസ്ഥാന ഭരണകൂടത്തെ അറിയിക്കാതെ തന്നെ കണ്ടുകെട്ടാനുളള അനുവാദം നല്‍കുന്നു. അതിനെക്കാള്‍ ഭീകരമായ മറ്റൊരു കാര്യമാണ് പ്രതിചേര്‍ക്കപ്പെട്ടവനിലാണ് താന്‍ തിരപരാധിയാണ് എന്ന് തെളിയിക്കേണ്ട ബാധ്യത (Burden of proof) എന്നത്. പ്രതിയാക്കപ്പെട്ടവര്‍ ജയിലില്‍ കിടന്ന് താന്‍ നിരപരാധിയാണെന്ന് തെളിയിക്കണം. യഥാര്‍ഥ കുറ്റവാളിയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനാണോ, അതല്ല ഇഷ്ടമില്ലാത്തവരെ കുറ്റവാളിയായി സമൂഹമധ്യേ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണോ ഇതെന്ന് പൗരബോധമുള്ള ജനം ആശങ്കിച്ചത് ഈയൊരു പശ്ചാത്തലത്തിലാണ്.

തീവ്രവാദവും ഭീകരതയും ഏതെങ്കിലും രാജ്യത്തോ ജനതയിലോ സംഘടനയിലോ പരിമിതമായ ഒന്നല്ല. മതപരം എന്നതിനെക്കാളേറെ അധികാര രാഷ്ട്രീയത്തോടാണത് ബന്ധപ്പെട്ട് കിടക്കുന്നത് എന്ന് ലോക ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കുന്ന എല്ലാ സംഘര്‍ഷങ്ങളെയും പഠനവിധേയമാക്കിയാല്‍ മനസ്സിലാവും. പക്ഷേ, തൊണ്ണൂറുകള്‍ക്ക് ശേഷമുണ്ടായ മാറിയ ലോക കാലാവസ്ഥയില്‍ മുസ്്‌ലിംകളുടെയും കറുത്തവന്റെയും മേല്‍ ആ പാപഭാരം ചുമത്തപ്പെട്ടതിന് ഒട്ടേറെ കാരണങ്ങളുണ്ട്. ശീത യുദ്ധം അവസാനിക്കുകയും സോവിയറ്റ് റഷ്യയുടെ അഭാവത്തില്‍ പ്രതിസ്ഥാനത്ത് ഒരു ഇരയെ പ്രതിഷ്ഠിക്കാതെ പിടിച്ചുനില്‍ക്കാനാവില്ലെന്നു മനസ്സിലാക്കിയ ആയുധ വിപണിയും സംസ്‌കാരങ്ങളുടെ സംഘട്ടനമെന്ന തത്വത്തിലൂടെ അധീശത്വമുറപ്പിക്കാന്‍ ശ്രമിച്ച വെള്ള ഫാസിസവും പൊലീസ് രഹസ്യന്വേഷണ വിഭാഗത്തില്‍ പെട്ടവരുടെ അധികാര നേട്ടമോഹവും തുടങ്ങി ലോക സാമ്പത്തിക ശക്തികളുടെ ചൂഷണാത്മതക സാമ്പത്തിക നയവുമെല്ലാം രൂപപ്പെടുത്തിയ തീവ്രവാദവേട്ട ലോകത്ത് വ്യാപിച്ച കാലത്തുതന്നെയാണ് ഇന്ത്യയിലും ഈ നിയമങ്ങള്‍ കൂടുതല്‍ പ്രയോഗവല്‍ക്കരിക്കപ്പെട്ടത്.

മുസ്്‌ലിംകളില്‍നിന്ന് ഒരാളും തീവ്രവാദിയായിട്ടില്ല എന്നല്ല; മുസ്്‌ലിംകള്‍ പെട്ടെന്നു പ്രകോപിതരാകുന്നവരാണെന്ന് വരുത്തിത്തീര്‍ക്കാന്‍, വികാരജീവികളാണെന്ന പരിവേശം നല്‍കാന്‍ സയണിസവും ഫാസിസവും ഒരുക്കുന്ന കെണികളില്‍ മുസ്്‌ലിം ചെറുപ്പക്കാര്‍ വീണുപോയിട്ടുണ്ടാവാം. അവരെ രാഷ്ട്രീയ മുഖ്യധാരയില്‍ കൊണ്ടുവരാനും അനുസരിക്കാത്തവരെ ശിക്ഷിക്കാനുമുള്ള ഭരണകൂടത്തിന്റെ അവകാശങ്ങളെ ആരും ചോദ്യം ചെയ്യുകയില്ല. പക്ഷേ, നിരപരാധികളായ ഒരുപറ്റം ചെറുപ്പക്കാരെയാണ് ഭരണകൂടം മാധ്യമങ്ങളെയും പൊലീസിനെയും ഉപയോഗിച്ച് നടത്തിയ തീവ്രവാദ ലേബലില്‍ കുടുക്കി ജീവനും ജീവിതവും ഇല്ലാതാക്കിയത് എന്ന കാര്യം മറന്നുകൂടാ. നിരപരാധികളാണെന്നു കണ്ടെത്തി നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം വിട്ടയക്കപ്പെട്ടവരുടെ കഥകള്‍ അതാണ് നമ്മോട് പറഞ്ഞുതരുന്നത്.

മതേതരത്തവും ജനാധിപത്യവും സൂക്ഷിപ്പുമുതലായ ഇന്ത്യന്‍ ഭരണ വ്യവസ്ഥക്ക് കീഴിലെ ജയിലിനകത്ത് ഇരുണ്ട തണുപ്പില്‍ കിടന്ന് അലറി, ഞാന്‍ നിരപരാധിയാണെന്ന് വിളിച്ചുപറയുന്ന ഒട്ടേറെ യുവത്വമുണ്ട്. അത്ര പെട്ടെന്നൊന്നും മറന്നുപോകാത്ത പേരുകള്‍ നമ്മുടെ പത്രങ്ങളുടെ മുന്‍പേജിലെ വായനയില്‍ നിന്നും വാര്‍ത്താ ചാനലുകളിലെ പ്രൈം െൈടം ന്യൂസുകളില്‍ നിന്നും നാം മനഃപാഠമാക്കിവെച്ചിട്ടുണ്ട്. അവരെയോര്‍ത്ത് നീതിപീഢത്തിനുമുന്നില്‍ ആരാലും തുണയില്ലാതെ കോടതി വരാന്തയില്‍ ജീവിതം ഹോമിക്കാന്‍ വിധിക്കപ്പെട്ട കുടുംബങ്ങളുണ്ട്. ഈ യുവാക്കളെ ആശ്രയിച്ചു കഴിയുന്ന ജീവിതങ്ങളുണ്ട്. ഇവിടെയാണ് ഇതിന്റെ സാമൂഹിക മാനവും. ആയിരം കുറ്റവാളികള്‍ ശിക്ഷക്കപ്പെട്ടാലും ഒരൊറ്റ നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന നിയമ തത്വം രാജ്യത്തിന് കാവലായി ഉള്ളപ്പോള്‍ തന്നെയാണ് ഒട്ടേറ യുവാക്കളെ തീവ്രവാദ ഭീകരമുദ്ര ചാര്‍ത്തി നമ്മുടെ ഭരണകൂടം നശിപ്പിച്ചത്. നീതിന്യായ സംവിധാനങ്ങള്‍ കുറ്റവാളിയെന്ന് കണ്ടെത്തുംമുമ്പ് പൊലീസ്, മീഡിയ, രഹസ്യാന്വേഷണ സംവിധാനങ്ങള്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ജീവിതം പിടിവിട്ടുപോയ ഒട്ടേറെ യുവാക്കളും കുടുംബവും ഇന്നീ രാജ്യത്തുണ്ട്. വിദ്യാഭ്യാസവും ആഗ്രഹിച്ച തൊഴിലും കുടുംബജീവിതവും സാമൂഹിക ജീവിതവും ഇരുള്‍മുറ്റിയ ജയിലറകളുടെ ഏകാന്തതയില്‍ നശിപ്പിച്ച് കുടുംബത്തിന് തീരാവേദന നല്‍കി, അവസാനം നീ നിരപരാധിയാണ് എന്ന് പറഞ്ഞ് വിട്ടയച്ചവര്‍.

ഉന്നത പഠനവും ഉന്നതജോലിയും അന്വേഷിച്ച് പോയവരാണ് സമൂഹമധ്യേ സംശയിക്കപ്പെട്ട് പിന്നീട് ഒന്നുമല്ലാതായി ഇയ്യാംപാറ്റ പോലെ കൊഴിഞ്ഞുവീണുപോയത്്. മക്കാ മസ്ജിദ് സ്‌ഫോടനത്തിന്റെ പേരില്‍ 18 മാസത്തോളം ജയിലിലടച്ച് യുവാക്കള്‍ നിരപരാധികളെന്നു വിധിപറഞ്ഞു വിട്ടയക്കപ്പെട്ടപ്പോഴേക്കും അവരുടെ എഞ്ചീനീയറിംഗ് പഠനം നിലച്ചിരുന്നു. തീവ്രവാദ മുദ്രകുത്തി ജീവിതം തുലച്ച ഈ കൂട്ടര്‍ക്ക് ഓട്ടോറിക്ഷ വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് സമാധാനിപ്പിച്ചാണ്് നീതി പുനഃസ്ഥാപിക്കാന്‍ ഭരണകൂടം ശ്രമിച്ചത്. ഐ.ടി രംഗത്തെ ഉന്നതജോലിയിലിരിക്കെയാണ് കോഴിക്കോട് മുക്കം സ്വദേശി യ ഹിയ കമ്മുക്കുട്ടി തടങ്കലിലായത്. ഫാര്‍മസി പഠനം പൂര്‍ത്തിയാക്കാനാവാതെയാണ് നിസാര്‍ എന്ന ചെറുപ്പക്കാരന് ജയിലില്‍ നിന്നിറങ്ങേണ്ടി വന്നത്. മുസ്്‌ലിംകളും പിന്നോക്ക ജാതിക്കാരും വിദ്യാഭ്യാസ സാമൂഹിക രംഗത്ത് കുതിച്ചുചാട്ടം നടത്താന്‍ ശ്രമിക്കുമ്പോള്‍, നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ തിരിച്ചുവാങ്ങാന്‍ ശ്രമിക്കുമ്പോള്‍ രാഷ്ട്രീയ കൂട്ടായ്മ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോഴെക്കെയാണ് തീവ്രവാദ മുദ്രയടിച്ചു ജയിലിലടക്കപ്പെടുന്നത് എന്നത് യാഥാര്‍ഥ്യമാണ്. ഇതിനുവേണ്ടി ആഗോളതലത്തില്‍ സാമ്രാജ്യത്വം പയറ്റിയ തന്ത്രം തന്നെയാണ് ഇവിടെയും ഫാസിസം നടപ്പാക്കിയത്. 2006-ലെ മാലേഗാവ് സ്‌ഫോടനം 2001-ലെ സംഝോത എക്‌സ്പ്രസ,് 2002-ലെ മക്കാ മസ്ജിദ,് 2001-ലെ അജ്മീര്‍, 2006-ലെ നന്ദേഡ് തുടങ്ങിയവ സംഭവങ്ങള്‍ ഭരണകൂട സ്‌പോണ്‍സേര്‍ഡ് ആയിരുന്നു എന്ന് സാമാന്യ പത്രവായനക്കാര്‍ക്ക് മനസ്സിലാക്കാം. എന്നിട്ടും ഇതിലെ പ്രതികള്‍ നിരപരാധികളാണെന്നു തെളിഞ്ഞപ്പോള്‍ അത് വേണ്ടവിധം ചര്‍ച്ച ചെയ്യാനേ ശ്രമിച്ചിരുന്നില്ലായെന്നത് ഇതെല്ലാം ഉദ്ദേശപൂര്‍വം ഭരണകൂടത്തിനുവേണ്ടി മാധ്യമസഹായത്തോട പൊലീസ് കല്‍പ്പിച്ചുകൂട്ടി നടത്തിയതാണെന്ന തിന്റെ തെളിവാണ്. കേരളത്തില്‍ മുഹ്‌സിന്‍ എന്ന ചെറുപ്പക്കാരനെ ആരും മറന്നു കാണില്ല. തീവ്രവാദിയായി മുദ്രകുത്തി സമൂഹമധ്യേ അപഹാസിതനായ ശേഷം നിരപരാധിയായി വിട്ടയക്കപ്പെട്ടവന്‍. ഇനിയുമുണ്ട് പേരുകള്‍; വിചാരണകാത്തു കിടക്കുന്ന സകരിയയെന്ന ചെറുപ്പക്കാരന്‍. അടുത്തിടെ അവന്‍ രോഗിയായ മാതാവിനെ സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ പ്രമുഖ പത്രം വാര്‍ത്തഎഴുതിയത് തീവ്രവാദ കേസിലെ പ്രതി എന്നാണ്. പാനായിക്കുളം സിമി കേസ് പ്രതികളെ വിട്ടയച്ചത് അടുത്തിടെയാണ്. ഹുബ്ലി സ്‌ഫോടനക്കേസിലെ പ്രതിയാക്കപ്പെട്ട യഹ്‌യ എന്ന ചെറുപ്പക്കാരനെ തടങ്കല്‍ പാളയത്തില്‍നിന്നും വര്‍ഷങ്ങല്‍ക്കു ശേഷം മോചിപ്പിച്ചത് നിരപരാധിയാണെ് പറഞ്ഞാണ്. അബ്്ദുന്നാസര്‍ മഅ്ദനി മറ്റൊരു കുറ്റമാരോപിക്കപ്പെട്ട് വിചാരണ പോലുമില്ലാതെ ഇപ്പോഴും ജയിലിലാണ്. ആദ്യത്തെ തവണ വിട്ടയച്ചത് നിരപരാധിയാണെന്നു പറഞ്ഞാണ്. ഒന്‍പതര വര്‍ഷം വേണ്ടി വന്നു അന്നദ്ദേഹം നിരപരാധിയാണെന്നു കോടതിക്കു ബോധ്യപ്പെടാന്‍. നിയമം നിയമത്തിന്റെ വഴിയേ ഇഴഞ്ഞുനീങ്ങുമ്പോള്‍ ഇങ്ങനെ ജീവിതം പിടിവിട്ടുപോയ ഒരുപാട് ചെറുപ്പക്കാരെ ഇന്ത്യന്‍ ഭരണകൂട വ്യവസ്ഥ അനേകം കുടുംബത്തിനു നല്‍കിയിട്ടുണ്ട്. തീവ്രവാദിയായി വേട്ടയാടപ്പെട്ടവന്‍ മാത്രമല്ല അവന്റെ കുടുംബത്തിലെ ഓരോ അംഗവും രോഗിയായതും മരിച്ചുതീര്‍ന്നതും അവനെയോര്‍ത്താണ്. മക്കള്‍ നിരപരാധിയയി തിരിച്ചുവരുന്നതുകാണാന്‍ ഭാഗ്യമില്ലാത്തവരായി മരിച്ചുപോയ എത്രയോ ഉമ്മയുടെയും ബാപ്പയുടെയും കൂടിയാണ് ഇന്ത്യയെന്ന മഹാരാജ്യം.

ഫാസിസത്തിന് സാധാരണ ജനങ്ങളില്‍ വല്ലാതെ വേരിറക്കാന്‍ കഴിയാതെപോയ കേരളത്തില്‍ കൂടെക്കൂടെ ഇത്തരം വേട്ടകളും കൊലപാതകങ്ങളും പ്രതികളും എന്തുകൊണ്ട് ഉണ്ടാവുന്നു എന്നതുകൂടി ചര്‍ച്ച ചെയ്യണം. തീവ്ര ഫാസിസം ശത്രുപക്ഷത്തു നിര്‍ത്തിയിരിക്കുന്നത് ഇസ്്‌ലാമിനെയും ഇടതുപക്ഷത്തെയുമാണ് എന്ന വലിയ യാഥാര്‍ഥ്യം ഇടതുപക്ഷ ഭരണകൂടങ്ങള്‍ വോട്ടുബാങ്ക് പ്രീണനത്തിനു വേണ്ടി മറന്നുപോകരുത്. കേരള ജനതയുടെ മനസ്സ് മതേതരമാണെങ്കിലും നമ്മുടെ സര്‍വീസ് മേഖലകളില്‍ തലപ്പത്തുള്ളവര്‍ പലരും റിട്ടയര്‍മെന്റിനു ശേഷമുള്ളൊരു അധികാരക്കഷണത്തിനു വേണ്ടി മനസ്സ് ഫാസിസ്റ്റ് ലൈനിലേക്ക് പാകപ്പെടുത്തിയവരാണ് എന്ന് ഓര്‍മ വേണം യു.എ.പി.എ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാരിന്. അതുപോലെ തന്നെ എന്തുകൊണ്ട് തങ്ങളുടെ അനുയായികള്‍ തീവ്രചിന്താഗതിക്കാരായും ഫാസിസ്റ്റ് മനോഭവക്കാരായും പരിണമിക്കുന്നു എന്ന് അഗാതമായി വിലയിരുത്തണം.

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം, അതിനു ജാതിയോ മതമോ രാഷ്ട്രീയമോ തടസ്സമായിക്കൂടാ എന്നതുപോലെ തന്നെ പ്രധാനമാണ് നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നതും. കൊന്നുതീര്‍ത്ത കണക്കില്‍ നെഞ്ചില്‍ സര്‍ക്കാരിന്റെ അഭിമാന മുദ്ര അണിയാനും വീര പതക്കങ്ങള്‍ വാങ്ങിക്കൂട്ടാനും ധൃതി കാണിക്കുന്ന കേരള-കേന്ദ്ര പൊലീസ്-രഹസ്യാന്വേഷണ വിഭാഗത്തിലുള്ളവര്‍ ശക്തിപ്രാപിക്കുമ്പോള്‍ നിരപരാധികള്‍ ശിക്ഷിക്കപ്പടാരിക്കാന്‍ ഇത്തരം കിരാത നിയമങ്ങള്‍ക്കെതിരെ നിതാന്ത ജാഗ്രതടോടെയിരിക്കേണ്ടത് പൗരധര്‍മമായി മാറുന്ന ഇത്തരം സാമൂഹിക മാനം അതിനുള്ളതുകൊണ്ടാണ്. സംശയത്തിന്റെ നിഴലില്‍ പിടിക്കപ്പെട്ടവനും ദീര്‍ഘഷകാലം ജയിലിടച്ച് പിന്നീട് നിരപരാധിയാണെന്നു പറഞ്ഞു വിട്ടയക്കപ്പെട്ടവനും അവന്‍ മുസ്്‌ലിമോ ദലിതനോ ആരുമായി ക്കൊള്ളട്ടെ, അവന്‍ ഓരോ വീട്ടിലെയും മകനാണ്, ഭര്‍ത്താവാണ്, ആങ്ങളയാണ്, പിതാവാണ്. നൊന്തുപെറ്റ ഒരൊറ്റ മാതാവും മുലപ്പാലിനോടൊപ്പം ദേശവിരുദ്ധതയുടെ പാഠങ്ങള്‍ അവന് പറഞ്ഞു കൊടുത്തിട്ടില്ല. കൂടെകിടക്കുന്ന ഒരൊറ്റ ഭാര്യയും തീവ്രവാദത്തിന്റെ തലയിണ മന്ത്രം കേള്‍പ്പിച്ചിട്ടില്ല. മക്കളും പെങ്ങളും ഒരൊറ്റ ആണിനെയും തീവ്രവാദത്തിലേക്കോ രാജ്യത്തോട് ദ്രോഹം ചെയ്യാനോ പറഞ്ഞയച്ചിട്ടില്ല. എന്നിട്ടും സമൂഹത്താല്‍ അപഹസിക്കപ്പെട്ടതും ഒറ്റപ്പെട്ടതു മായ വൃദ്ധമാതാപിതാക്കളും പിതാവുണ്ടായിരിക്കെ അനാഥ ബാല്യം പേറേണ്ടിവന്ന പിഞ്ചുകുഞ്ഞുങ്ങളും ഭത്താവുണ്ടായിരിക്കേ വൈധവ്യം അനുഭവിച്ചുതീര്‍ത്ത ഭാര്യമാരുമൊക്കെയാണ്. ഈ നിസ്സഹയായ സ്ത്രീയുടെ വീടകങ്ങളിലേക്കും പാദം മുതല്‍ തലവരെ അവര്‍ ധരിച്ച വസ്ത്രത്തിലേക്കും ചാനല്‍ കാമറ തിരിച്ചുവെച്ചായിരുന്നു മുമ്പേ പറഞ്ഞവരെയൊക്കെ തീവ്രവാദിയായി വാര്‍ത്താ മാധ്യമങ്ങളും പൊലീസ് സംവിധാനവും നമുക്ക് പരിചയപ്പെടുത്തിയത്. നിരപരാധിയാണെന്ന് പറഞ്ഞു വിട്ടയക്കുമ്പോള്‍ കൈവിട്ടുപോകുന്ന രോഗവും ദുരിതവും ബാക്കിയാക്കുന്ന ജീവിതങ്ങളോട് ഒരിക്കല്‍ പോലും ഈ വാര്‍ത്താവതാരകരോ പൊലീസുദ്യോഗസ്ഥരോ മാപ്പുപറഞ്ഞിട്ടില്ല. ഇപ്പോഴും ഓടുകയാണ് ഓരോ ഭാര്യയും മാതാവും മക്കളും തങ്ങളുടെ വീടകങ്ങളിലെ ആണിനുവേണ്ടി; നിങ്ങള്‍ക്കും മക്കളില്ലേയെന്ന്, നിങ്ങളും പിതാക്കന്മാരല്ലേയെന്ന് നെഞ്ചുപൊട്ടി ചോദിച്ചുകൊണ്ട്. അതുകൊണ്ടുതന്നെ ഒരൊറ്റ നിരപരാധി പോലും നിയമത്താല്‍ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് എത്തിപ്പെടുന്നതില്‍ നിന്നും സമൂഹത്തിന്റെ നിതാന്ത ജാഗ്രത ഉണ്ടാവണം.

മറ്റൊന്നു കൂടിയുണ്ട്്, പൊലീസ് സംവിധാനത്തിന് കുറ്റവാളിയെ നിയമ വ്യവസ്ഥക്കു കീഴില്‍ കൊണ്ടുവരേണ്ട ബാധ്യതയുണ്ട്. അതേ സമയം ക്രമാനുഗതമായി ഒരു കുറ്റവാളിയെ വളര്‍ത്തിയെടുക്കേണ്ട ഉത്തരവാദിത്വമുണ്ടോ . ഇപ്പോള്‍ പിടിയിലായ അലന്‍ എന്ന യുവാവിനെകുറിച്ച് തെളിവുകള്‍ക്ക് ബലം നല്‍കുന്നതെന്നു പൊലീസ് പറയുന്ന പല കാര്യങ്ങളിലൊന്ന് ആ കുട്ടിയെ പതിനഞ്ചു വയസ്സുമുതല്‍ നിരീക്ഷിക്കുന്നുണ്ട് എന്നാണ്. ആ പറച്ചിലിലേക്ക് കോഴിക്കോട് പൊലീസിനു മുമ്പാകെ വെക്കാന്‍ ഒരപേക്ഷയുണ്ട്; എന്തുകൊണ്ട് ആ കുട്ടിയെ ഇങ്ങനെ വളര്‍ത്തുന്നതിനുപകരം ഉത്തരവാദപ്പെട്ട രക്ഷിതാക്കള്‍, സ്‌കൂള്‍ അധികൃതര്‍ സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ നിരീക്ഷണത്തിലേക്ക് ഇത്തരം കാര്യം എത്തിച്ചില്ല. നിരോധിത അക്രമാധിഷ്ഠിത മാവോയിസത്തിലേക്ക് വഴിതെറ്റിപ്പോയവരെ കീടഴടങ്ങാനും സമൂഹ മുഖ്യധാരയിലേക്ക് അടുപ്പിക്കാനും ഗവണ്‍മെന്റു തലത്തില്‍ സംവിധാനമുണ്ടാക്കാന്‍ ശ്രമിക്കുകയും അതിനു മോവോയിസ്റ്റുകള്‍ തയ്യാറാവുകയും ചെയ്്തുകൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തിലെങ്കിലും ഒരു കുട്ടിയെ ക്രിമിനലിസത്തിലേക്കു പോവുന്നതില്‍ നിന്നും തടയേണ്ട ബാധ്യത ഉത്തരവാദപ്പെട്ട പൊലീസ് സേനക്കുണ്ടാകേണ്ടതല്ലേ? ഇവിടെയാണ് സംശയങ്ങള്‍ ബാക്കിയാവുന്നത്. ജനാധിപത്യ സംവിധാനത്തിനു കീഴില്‍ ആശയങ്ങല്‍ പ്രചരിപ്പിക്കാനും വിശ്വസിക്കാനും സംവാദത്തിനും വേദിയുണ്ടായിരിക്കെ പ്രത്യേകിച്ചും.

കുറ്റകൃത്യത്തില്‍ പ്രതിചേര്‍ത്തവനെയൊക്കെ തൊട്ടവനെയും കണ്ടവനെയും വിളിച്ചവനെയും ഉപദേശിച്ചവനെയുമൊക്കെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന വര്‍ത്തമാനകാലത്ത് കുടുംബബന്ധങ്ങളം രക്തബന്ധങ്ങളും സുഹൃദ് ബന്ധങ്ങളുമൊക്കെ സംശയത്തിന്റെ നിഴലിലാകുമ്പോള്‍ ഇത്തരം കേസുകളും ശിക്ഷയുമൊക്കെ രാഷ്ട്രീയമാനം എന്നതിനപ്പുറത്തേക്ക് വിപല്‍ സാധ്യതയുള്ള സാമൂഹിക മാനം കൈവരികയാണ്. ആശയങ്ങളെ ആശയങ്ങല്‍ കൊണ്ടുനേരിടാനും അതിനുള്ള സംവാദന വേദികള്‍ ഒരുക്കാനും കഴിയുന്ന ജനാധിപത്യത്തിന്റെ അടയാളങ്ങളെ ശക്തിപ്പെടുത്തുക മാത്രമാണ് ഇത്തരം കിരാതനിയമങ്ങള്‍ നലനില്‍ക്കാതിരിക്കാനുള്ള പ്രതിവിധി.

(ആരാമം മാസിക സബ് എഡിറ്ററാണ് ലേഖിക)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757