Opinion

ഇരയല്ല, പോരാളിയാണ് ഗീലാനി – സി.കെ അബ്ദുല്‍ അസീസ്

മരണമെന്നത് തടുക്കാനാവാത്ത ഒരു യാഥാര്‍ഥ്യമാണ്. അതാര്‍ക്കും തടയാനാകില്ല. എന്നാല്‍, മനുഷ്യരില്‍ ചിലര്‍ അവരുടെ മരണത്തെ മഹാസംഭവമാക്കും. അതിലൂടെ എന്നെന്നും ഓര്‍ക്കപ്പെടുന്നവരായി അവര്‍ തങ്ങളെ രേഖപ്പെടുത്തും. അത്തരത്തിലുള്ളൊരു മരണമായിരുന്നു എസ്.എ.ആര്‍ ഗീലാനിയുടേത്. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മരണം വലിയ നഷ്ടം തന്നെയാണ്. രാജ്യത്തെ ആധിപത്യവിരുദ്ധ പോരാട്ടങ്ങളില്‍ വലിയ ആവേശമായിരുന്ന ധീരനായകനെയാണ് നമുക്ക് നഷ്ടമായത്. പ്രഫസര്‍ എസ്.എ.ആര്‍ ഗീലാനിയെ ഞാന്‍ ആദ്യമായി കാണുന്നത് ഡല്‍ഹിയില്‍ നിന്നാണ്. 2004-ല്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ജയില്‍ മോചനത്തിനായി പാര്‍ലമെന്റ് മാര്‍ച്ചും സെമിനാറും സംഘടിപ്പിച്ചിരുന്നു. പരിപാടിയില്‍ ഞാന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് വെള്ളവസ്ത്രമണിഞ്ഞ് ഗീലാനി വേദിയിലേക്ക് കയറിവന്നത്. കൂടെ സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. സലാം പറഞ്ഞ് എന്നോട് പ്രസംഗം തുടരാന്‍ പറഞ്ഞു. ഇരുപത് മിനുറ്റോളം പ്രസംഗം ശ്രവിച്ച് അദ്ദേഹം പോയി. ഇതായിരുന്നു ആദ്യ സംഗമം. പിന്നീട് പല തവണ പല സ്ഥലത്തുവെച്ചും ഞങ്ങള്‍ കണ്ടുമുട്ടുകയും സംസാരിക്കുകയുമെല്ലാം ചെയ്തിരുന്നു.

ഗീലാനിയുടെ ജീവിതത്തില്‍ ഭരണകൂടവും അതിന്റെ വേട്ടയുമെല്ലാം കടന്നുവരാന്‍ പ്രധാന കാരണം, അദ്ദേഹം കശ്മീരിയായിരുന്നു എന്നതുതന്നെയാണ്. മാത്രമല്ല, കശ്മീരിന്റെ സ്വയംനിര്‍ണയാവകാശത്തിനായി അദ്ദേഹം ശക്തമായി വാദിച്ചു. അതിനായി ഡല്‍ഹിയും മറ്റും കേന്ദ്രീകരിച്ച് അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതാണ് അദ്ദേഹം ചെയ്ത തെറ്റ്. അതിന്റെ പേരിലാണ് അദ്ദേഹം വേട്ടയാടപ്പെട്ടത്. കശ്മീരികളെയും മറ്റു പീഡിപ്പിക്കപ്പെടുന്നവരെയും ഭരണകൂട ഇരകളെയും സഹായിക്കുന്ന ബുദ്ധിജീവികള്‍ക്കും അക്കാദമിസ്റ്റുകള്‍ക്കുമെതിരായ ഭരണകൂട വേട്ടയുടെയും അത്തരക്കാരെ ഉന്‍മൂലനം ചെയ്യുന്നതിന്റെയും ഭാഗമായായിരുന്നു ഗീലാനിയും വേട്ടയാടപ്പെട്ടത്. കശ്മീരിന്റെ പ്രശ്നം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കശ്മീരില്‍ ഇപ്പോള്‍ രാഷ്ട്രീയ നേതാക്കളെല്ലാം വീട്ടുതടവിലാണെന്ന് നാം പറയുന്നുണ്ട്. എന്നാല്‍, കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ തടവിലാക്കുന്ന പരിപാടി 1952-ല്‍ തുടങ്ങിയതാണ്. അന്നത്തെ കശ്മീരികളുടെ സമുന്നത നേതാവായിരുന്ന ശൈഖ് അബ്ദുല്ലയെ തടവിലാക്കി നെഹ്റുവാണ് ഈ പതിവിന് തുടക്കമിട്ടത്. കശ്മീരില്‍ സ്വയം നിര്‍ണയാവകാശത്തിനായുള്ള റഫറണ്ടം നടക്കുന്നതിന് മുന്നത്തെ ദിവസം നെഹ്റു റേഡിയോ പ്രഭാഷണത്തില്‍ പറഞ്ഞത്, കശ്മീരികള്‍ക്ക് മാത്രമല്ല ലോകത്തിന് മൊത്തമായി ഞാന്‍ ഉറപ്പുനല്‍കുകയാണ്, കശ്മീരികള്‍ എന്ത് തീരുമാനിക്കുന്നുവോ അത് അവിടെ നടപ്പാക്കുമെന്ന്. എന്നാല്‍, റഫറണ്ടത്തില്‍ കശ്മീരികള്‍ സ്വതന്ത്രരായി നില്‍ക്കുന്നതിനെയാണ് പിന്തുണച്ചതെന്നറിഞ്ഞപ്പോള്‍ രാത്രിക്ക് രാത്രി ശൈഖ് അബ്ദുല്ലയെ ജയിലിലടക്കുകയാണ് നെഹ്റു ചെയ്തത്. അതുവരെ നെഹ്റുവിന്റെ ഉറ്റതോഴനെന്നും ഇരട്ടപെറ്റ സഹോദരനെന്നും വിശേഷിപ്പിക്കപ്പെട്ടയാളായിരുന്നു ശൈഖ് അബ്ദുല്ലയെന്ന് ഓര്‍ക്കണം. കശ്മീരില്‍ ആളുകളെ അന്യായമായി തടവിലാക്കുക, ഇല്ലാതാക്കുക തുടങ്ങിയവയെല്ലാം ഇന്ത്യയില്‍ തുടക്കം മുതലേയുള്ള ഭരണകൂട സംസ്‌കാരമാണെന്ന് നാം മനസ്സിലാക്കണം. അതുതന്നെയാണ് നെഹ്റുമുതല്‍ നിലവിലെ ഭരണകൂടം വരെ തുടരുന്ന നിലപാട്. അതിന്റെ കാഠിന്യത്തിന് ഏറ്റക്കുറവുകളുണ്ടായി എന്നുമാത്രം. രാഷ്ട്രീയവും സാമ്പത്തികവും മറ്റുമായ പലകാരണങ്ങളും അതിനുണ്ടായിരുന്നു.

കശ്മീരിലെ പ്രശ്നത്തിന് മറ്റൊരു പ്രധാന കാരണം നവലിബറല്‍ സാമ്പത്തിക നയം തന്നെയാണ്. കശ്മീരിലെ സുപ്രധാന വരുമാന മാര്‍ഗമാണ് ടൂറിസം. ആര്‍ട്ടിക്ള്‍ 370 എടുത്തുകളഞ്ഞ ഉടനെ കശ്മീരില്‍ മഹാരാഷ്ട്ര സര്‍ക്കാറും മറ്റും ഭൂമിവാങ്ങിക്കൂട്ടിയെന്നുള്ള റിപ്പോര്‍ട്ട് ഇതിന്റെ കൃത്യമായ തെളിവാണ്. കശ്മീരികളുടെ കൃഷി, പഴവ്യാപാരം ഇതെല്ലാം തീവ്രവാദത്തിന് ഫണ്ടുകിട്ടുമെന്ന പേരുപറഞ്ഞ് കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന നടപടിയാണ് ഉണ്ടാകുന്നത്. ഇത് മോദി സര്‍ക്കാരിന്റെ മാത്രം നയമല്ല. ലോകത്തുള്ള എല്ലാ നവലിബറല്‍ ഭരണകൂടങ്ങളും കൃഷിക്കാരോടും ചെറുകിട വ്യാപാരികളോടും പുലര്‍ത്തുന്ന സമീപനം തന്നെയാണിത്. അതിജീവിക്കാനും പോരാടാനുമുള്ള അവസരങ്ങള്‍പോലും നിഷേധിക്കുകയെന്നതാണ് ഇത്തരം ആധിപത്യ ശക്തികള്‍ നടപ്പാക്കുന്ന പദ്ധതി. ഇതുപോലുള്ള ഭരണകൂട ഭീകരത ശക്തിപ്പെട്ട കാലത്ത് ഭയമാണ് ആളുകളെ ഭരിക്കുന്ന പ്രധാന ശക്തി. ഓരോരുത്തരും അവരവര്‍ ഇരയാക്കപ്പെടുമോ എന്ന പേടിയിലാകും ജീവിക്കുക. ഇവിടെ മനുഷ്യന്റെ പ്രതിരോധിക്കാനും പ്രതികരിക്കാനുമുള്ള ജൈവിക ഗുണത്തിന്റെ ഭാഗമായി അവന്റെയുള്ളില്‍ ഒരു പോരാട്ടമുണ്ടാകും. സാഹചര്യങ്ങളുണ്ടാക്കിയ പേടിക്ക് കീഴ്പ്പെടണോ, അതല്ല ജൈവികമായ പോരാടാനുള്ള ധീരത പുലര്‍ത്തണോ? ഈ പോരാട്ടം ഏതൊരാളുടെയും ഉള്ളില്‍ ശക്തമായി നിലനില്‍ക്കും. അതൊരു ജൈവിക യാഥാര്‍ഥ്യമാണ്. ഈയൊരു പോരാട്ടത്തില്‍ ധീരതക്ക് മുന്‍ഗണന നല്‍കുകയും പേടിയെ തോല്‍പിക്കുകയും ചെയ്ത വലിയ ധൈര്യശാലിയായിരുന്നു ഗീലാനിയെന്ന് ഉറപ്പിച്ച് പറയാനാകും. താന്‍ ഇരയാക്കപ്പെട്ടാലും തന്റെ ജീവിതം അരികുവല്‍കരിക്കപ്പെട്ട ജനതയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് ഇന്ധനമാക്കണമെന്ന് ഉറപ്പിച്ച് തീരുമാനിച്ച മഹാനായിരുന്നു ഗീലാനി. വര്‍ത്തമാന കാലത്ത് രാജ്യത്ത് വലിയ ആവശ്യമുള്ളൊരു തീരുമാനവും ത്യാഗമനസ്ഥിതിയുമാണിത്. ധീരമായി ആ ദൗത്യം നിര്‍വഹിച്ച് നമുക്കെല്ലാവര്‍ക്കും മാതൃകയാകുകയാണ് ഗീലാനി ചെയ്തത്. ഇന്ന് രാജ്യത്ത് ഏറ്റവുംവലിയ ന്യൂനപക്ഷമായ മുസ്ലിംകളുടെ കാര്യത്തില്‍ ഗീലാനി പുലര്‍ത്തിയ ഈ ധീരതക്ക് വലിയ പ്രാധാന്യമുണ്ട്. ഉദാഹരണത്തിന്, 1992-ന് ശേഷം രാജ്യത്ത് ടാഡ നിയമപ്രകാരം ഒന്നേക്കാല്‍ ലക്ഷം ആളുകളെയാണ് തടവിലാക്കിയത്. മുസ്ലിംകളെ മാത്രം തിരഞ്ഞുപിടിച്ചുള്ള ഭീകരനിയമത്തിന്റെ പ്രയോഗമായിട്ടുപോലും മുസ്ലിംകളെ അതിനെതിരെ അണിനിരത്താനാകാതിരുന്നത് എന്തുകൊണ്ടാണ്? അതിന് സാധിക്കാത്ത തരത്തില്‍ നമ്മള്‍ ഭയത്തിന് അടിമപ്പെട്ടിരുന്നു എന്നതല്ലേ സത്യം. യഥാര്‍ഥത്തില്‍ ഭരണകൂടവും ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരില്‍ നിന്നും ആവശ്യപ്പെടുന്നതും ആഗ്രഹിക്കുന്നതും ഇത്തരത്തിലുള്ള വിധേയത്വമാണ്. അതിന് അടിമപ്പെടുകയല്ലേ നമ്മള്‍ ചെയ്യുന്നത്. ധീരതയെന്ന ജൈവികമായ പ്രേരണയെ നാം മനഃപൂര്‍വം അടിച്ചൊതുക്കുകയും ചെയ്തു.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. ബാബരി യഥാസ്ഥാനത്ത് പുനസ്ഥാപിക്കണമെന്ന് മുസ്ലിംകള്‍ ഒന്നിച്ച് ഇവിടെ ആവശ്യമുന്നയിച്ചിട്ടില്ല. ഒറ്റപ്പെട്ട ചില ആവശ്യങ്ങള്‍ മാത്രമാണുണ്ടായത്. ഇവിടെ നീതിക്കും ന്യായത്തിനും വേണ്ടി നിലനില്‍ക്കാനുള്ള ധൈര്യമാണ് നമുക്കുണ്ടാവേണ്ടത്. അത് പ്രകടിപ്പിക്കാന്‍ സാധിക്കാതിരുന്നാല്‍ പിന്നെ ഒരു കാര്യവുമുണ്ടാകില്ല. ഭരണകൂടം അനീതി നടപ്പാക്കുകയാണെങ്കില്‍ അതിനെ എന്ത് വിലകൊടുത്തും തടയുമെന്ന കൂട്ടായ ശക്തിയാണ്, രാഷ്ട്രീയ ബോധമാണ് നമ്മെ രക്ഷിക്കുക. ഡല്‍ഹിയില്‍ കഴിഞ്ഞ ആഗസ്റ്റില്‍ ദലിതരുടെ രവിമന്ദിര്‍ തകര്‍ക്കപ്പെട്ടു. കോടതിവിധിയുടെ പിന്തുണയോടെയാണ് പൊളിച്ചത്. എന്നാല്‍, ഉടനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ലക്ഷകണക്കിന് ദലിതര്‍ ഡല്‍ഹിയലെത്തി പ്രതിരോധം തീര്‍ത്തു. അവരുടെ നേതാവായിരുന്ന ചന്ദ്രശേഖറിനെ ജയിലിലടച്ചു. അതുകൊണ്ട് അദ്ദേഹം പിന്മാറിയില്ല. പുറത്തുവന്ന് വീണ്ടും സമരം നയിച്ചു. പേടിക്കാതെയുള്ള ഈ പോരാട്ടത്തിന്റെ ഭാഗമായി അതേ കോടതി രവിമന്ദിര്‍ അതേ സ്ഥലത്ത് പുനഃസ്ഥാപിക്കാന്‍ അടുത്ത ദിവസം വിധിച്ചു. ഇതാണ് രാഷ്ട്രീമായ ബോധത്തോടെ പേടിയെ അതിജീവിച്ചുള്ള പോരാട്ടത്തിന്റെ ഫലം.

ബാബരി പ്രശ്നമുണ്ടായപ്പോള്‍ പല സംഘടനകളെയും അഖിലേന്ത്യാ തലത്തില്‍ തന്നെ പലരും സമീപിച്ചിരുന്നു. എന്നാല്‍, അവരെല്ലാവരും കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്, അതിനാല്‍ വിധിക്കായി കാത്തിരിക്കാമെന്നാണ് പറഞ്ഞത്. കോടതി ഇത് ഹിന്ദു-മുസ്ലിം പ്രശ്നമായാണ് കണ്ടത്. എന്നാല്‍, ഇത് അത്തരമൊരു പ്രശ്നമായിരുന്നില്ല; രാഷ്ട്രീയമായി പരിഹരിക്കപ്പെടേണ്ട കാര്യമായിരുന്നു. എന്നാല്‍, രാഷ്ട്രീയമായി ഈ പ്രശ്നത്തെ ഉന്നയിക്കാന്‍ ആരും തയ്യാറായില്ല. രാഷ്ട്രീയ പ്രശ്നങ്ങളെ മറ്റു പലതുമാക്കാനുള്ള വിദഗ്ധമായ കഴിവ് അടിച്ചമര്‍ത്തല്‍ ഭരണകൂടങ്ങള്‍ക്കെല്ലാമുണ്ട്. അപ്പോള്‍ ഭരണകൂടം അടിച്ചേല്‍പ്പിക്കുന്ന സ്വത്വമായിരിക്കരുത് നമ്മുടേത്. സ്വത്വരാഷ്ട്രീയത്തെയും നിര്‍ണയിക്കുന്നത് ഭരണകൂടമല്ലെന്ന് നാം ഉറപ്പാക്കണം. ഇത്തരമൊരു രാഷ്ട്രീയ ബോധമില്ലാതെ ധീരതയില്ലാതെ നമുക്കൊന്നും ഇവിടെ ചെയ്യാനില്ല. ജനാധിപത്യ വ്യവസ്ഥയില്‍ എന്തെങ്കിലും ഇടപെടലുകള്‍ നടത്താന്‍ ഇത്തരം രാഷ്ട്രീയ ബോധത്തിലൂടെ മാത്രമേ സാധിക്കൂ. തോല്‍ക്കാന്‍ സ്വയം തീരുമാനിച്ചവര്‍ക്ക് ജനാധിപത്യത്തില്‍ വലിയ സ്ഥാനമില്ല. അവര്‍ക്ക് ഏകാധിപത്യവും സ്വേഛാധിപത്യവുമാണ് ചേരുക. അവര്‍ അവിടെ അടിമകളായി കഴിയും. എന്നാല്‍, ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ ബോധമുള്ളവര്‍ക്ക് മാത്രമാണ് പ്രസക്തിയുള്ളത്. ഇത്തരത്തില്‍ ഞാനൊരു ജനാധിപത്യ വ്യക്തിത്വമാണെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ച മഹാനായിരുന്നു എസ്.എ.ആര്‍ ഗീലാനി. അത് കൃത്യമായി ബോധ്യപ്പെടാന്‍ അദ്ദേഹം അന്യായമായി വേട്ടയാടപ്പെട്ട കേസുകളുടെ ചരിത്രം മാത്രം പഠിച്ചാല്‍ മതി. അദ്ദേഹം, അന്യായമായി ചുമത്തപ്പെട്ട കേസുകളിലും കെട്ടിച്ചമച്ച തെളിവുകളിലും വീണുപോകാതെ നിരന്തരം ചോദ്യങ്ങളുന്നയിച്ചു. ആ കേസുകളില്‍ കോടതികളില്‍ നിന്നുണ്ടായ വിധികളുടെ പകര്‍പ്പുകള്‍ വായിച്ചാല്‍ ഈ യാഥാര്‍ഥ്യം വളരെ കൃത്യമായി തിരിച്ചറിയാനാകും. 164 (എ) യുടെ ഭാഗമായുള്ള മൊഴികള്‍ പ്രൊസിക്യൂഷനും പാലീസും ചേര്‍ന്ന് എങ്ങനെയാണ് ചുട്ടെടുക്കുന്നതെന്ന് ഈ കേസുകള്‍ വ്യക്തമാക്കുന്നുണ്ട്. പല മൊഴികളും തിരുത്തിയും മറ്റുമാണ് കോടതയിലെത്തിയത്. അതുവരെയില്ലാത്ത മൊഴികള്‍ കോടതിയിലുണ്ടാവുകയും ചെയ്തു. നീതി നടപ്പാക്കുന്നതിന് പകരം കള്ളത്തെളിവുകളും മൊഴികളുമുണ്ടാക്കുന്ന പണിയാണ് അധികാരികള്‍ ഈ കേസുകളിലെല്ലാം ചെയ്തത്. സി.ബി.ഐയുടെ കേസന്വേഷണ രീതിയെ കുറിച്ച് മുന്‍ നാഷ്ണല്‍ സെക്യൂരിറ്റി ചെയര്‍മാനായിരു ഒരാള്‍ തന്നെ എഴുതിയ ലേഖനത്തില്‍ കടുത്ത വിമര്‍ശനങ്ങളുന്നയിക്കുന്നുണ്ട്. ആദ്യമൊരു മൊഴിയുണ്ടാക്കുകയും തുടര്‍ന്ന് ബാക്കി കഥകളുണ്ടാക്കുകയുമാണ് സി.ബി.ഐ ചെയ്യുകയെന്നാണ് അദ്ദേഹം സമര്‍ഥിക്കുന്നത്.

ഗീലാനിയുടെ കേസില്‍ മേല്‍പറഞ്ഞതുപോലുള്ള മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ ഒരു തെളിവുമില്ലാതെ കീഴ്കോടതി വധശിക്ഷ വിധിക്കുകയാണ് ചെയ്തത്. പിന്നീട് സുപ്രീം കോടതി ഒരു തെളിവുമില്ലെന്ന് പറഞ്ഞ് കേസ് തള്ളുകയും ഗീലാനിയെ നിരപരാധിയായി പ്രഖ്യാപിക്കുകയുമാണ് ചെയ്തത്. ഇങ്ങനെ ഭരണകൂടം ഭയപ്പെടുത്തിയിട്ടും തൂക്കുകയറില്‍ നിന്ന് രക്ഷപ്പെട്ട ശേഷം വെറുതെയിരിക്കാന്‍ ഗീലാനി തീരുമാനിച്ചില്ലെന്നതാണ് അദ്ദേഹത്തെ കൂടുതല്‍ പ്രസക്തനാക്കുന്നത്. നീതിക്കായുള്ള പോരാട്ടത്തില്‍ ധീരമായി മുന്നോട്ടുപോകാനാണ് അതിന് ശേഷവും അദ്ദേഹം തീരുമാനിച്ചത്. താന്‍ ഇരയല്ല, പോരാളിയാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഖ്യാപിക്കുകയാണ് ഗീലാനിയിവിടെ ചെയ്തത്. ഇതിന്റെയൊക്കെ ഫലമായി വീണ്ടും ഭരണകൂടം അദ്ദേഹത്തിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. അതിന്റെ പേരിലും അദ്ദേഹം നിശബ്ദനായിട്ടില്ല. തുടര്‍ന്നും അദ്ദേഹം പോരാടി. തന്റെ രാഷ്ട്രീയബോധത്തെ അങ്ങനെ വീണ്ടും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. ഭരണകൂടത്തിന്റെ മുന്നില്‍ മാന്യനാകാന്‍ എന്തെങ്കിലുമൊരു നിലപാട് അദ്ദേഹമെടുത്തിട്ടില്ല. കശ്മീരികളുടെയോ കശ്മീരിന്റെയോ അവകാശങ്ങള്‍ക്കായി ശബ്ദിച്ച ഒരാളെന്ന നിലയില്‍ മാത്രമല്ല ഗീലാനിയെ നാം മനസ്സിലാക്കേണ്ടത്. ഇന്ത്യയിലെയും ലോകത്തെയും ഏതൊരു മര്‍ദിത ഭരണകൂടവും നടപ്പാക്കുന്ന പേടിപ്പിച്ച് കീഴടക്കുകയെന്ന നയത്തിനെതിരെ ശക്തമായി നിലയുറപ്പിക്കുകയും തന്റെ രാഷ്ട്രീയ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത മഹാനായ വിപ്ലവകാരിയും പോരാളിയുമാണ് ഗീലാനി. അങ്ങനൊയാണ് അദ്ദേഹത്തെ നാം അനുസ്മരിക്കേണ്ടത്. ഗീലാനിയില്‍ നിന്ന് നമുക്ക് പഠിക്കാനുള്ളത് അദ്ദേഹത്തിന്റെ ജീവിത സമര്‍പണം തന്നെയാണ്. പേടിയെ അതിജീവിച്ച് ധീരരാകുന്ന ഒരാളെയും ആര്‍ക്കും കീഴടക്കാനാകില്ലെന്നാണ് ഗീലാനി നമ്മെ പഠിപ്പിക്കുന്നത്. ഇതാണ് അദ്ദേഹം നമുക്കും വരും തലമുറക്കും നല്‍കുന്ന സന്ദേശം. പോരാളികളൊരിക്കലും മരിക്കാറില്ല. അവരുടെ ഖബറിടത്തില്‍ വീഴുന്ന ഓരോ മണ്‍തരികളും പുതിയ വിപ്ലവകാരികള്‍ക്ക് ജന്മം നല്‍കുകയാണ് ചെയ്യുക. അതാണ് ഗീലാനിയുടെ മരണത്തിലൂടെയും ഉണ്ടാവുക.

(‘നീതിയുടെ ശബ്ദം, മറുചോദ്യങ്ങളുടെ രാഷ്ട്രീയം’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ഗീലാനി അനുസ്മരണ സംഗമത്തില്‍ നടത്തിയ പ്രഭാഷണം)
തയ്യാറാക്കിയത്- ജന്ന പി.പി

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757