culturalOpinion

രാം കെ നാം പ്രസ്‌കതാമാകുന്നത്; ബാബ്‌രി വിധിയുടെ പശ്ചാത്തലത്തില്‍ – അമിത്രജിത്ത്

ബാബ്റി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ചും വിശ്വഹിന്ദു പരിഷത്തിന്റെ ഇടപെടലിനെക്കുറിച്ചും പ്രതിപാദിക്കുന്നതാണ് ‘രാം കെ നാം’ എന്ന ഡോകുമെന്ററി ചിത്രം. വിശ്വ പ്രസിദ്ധ ഡോകുമെന്ററി സംവിധായകനായ ആനന്ദ് പട്‌വര്‍ധന്‍ സംവിധാനം ചെയ്ത രാം കെ നാം രാമജന്മഭൂമി പ്രശ്നത്തിന്റെ നാള്‍വഴികള്‍ അന്നാട്ടിലെ ആളുകളുടെ സാക്ഷ്യങ്ങളിലൂടെയും പള്ളിയിലേയും ക്ഷേത്രത്തിലേയും കാര്‍മികരുടെ അനുഭവത്തിലൂടെയും അടയാളപ്പെടുത്തുന്നു. ഒരു സ്ഥലത്തിനെ രാഷ്ട്രീയമായി മുതലെടുക്കുന്നതിനെയും അതില്‍ ഭാഗമാകുന്ന കര്‍സേവകരുടെ മാനസികാവസ്ഥകളേയും തുറന്നിടുകയാണ് ‘രാം കേ നാം’ എന്ന ഡോകുമെന്ററി.

ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് ഒരു വര്‍ഷം മുമ്പായിരുന്നു ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര നടക്കുന്നത്. അദ്വാനിയുടെ രഥയാത്രയെ പിന്തുടര്‍ന്ന ആനന്ദ്, ഇന്ത്യന്‍ വര്‍ഗീയതയുടെ ഭീകരമുഖങ്ങളെ തുറന്നുകാട്ടി. ഒരു ജനത എങ്ങനെ വര്‍ഗീയവത്കരിക്കപ്പെടുന്നു എന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു ‘രാം കെ നാം’. ബാബരി മസ്ജിദ് തകര്‍ച്ചക്ക് പിന്നിലുള്ള രാഷ്ട്രീയത്തെക്കുറിച്ചും മസ്ജിദ് പൊളിക്കുന്നതിനെ ഹിന്ദുസന്യാസിമാര്‍ തന്നെ രൂക്ഷമായി എതിര്‍ക്കുന്നതിനെക്കുറിച്ചുമെല്ലാം ഡോകുമെന്ററിയില്‍ പറയുന്നു. പക്ഷേ, രാജ്യത്തെ കലാപഭൂമിയാക്കാനുളള ശ്രമങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുക എളുപ്പമായിരുന്നില്ല.

ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രീംകോടതി വിധിവന്ന സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടേണ്ട ഡോക്യുമെന്ററിയാണ് രാം കെ നാം. ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് മുമ്പുള്ള അയോധ്യയുടേയും ഇന്ത്യയുടേയും രാഷ്ട്രീയ സാഹചര്യവും സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തി എങ്ങനെ സംഘപരിവാര്‍ പിടിമുറുക്കുന്നു എന്നുമാണ് ഡോകുമെന്ററി പറയുന്നത്. ആരൊക്കെയാണ് ഈ ഹിന്ദുത്വ ഫാഷിസത്തിന്റെ വരവിനെ ചെറുക്കാന്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രമിച്ചത് എന്നും ഇതില്‍ വ്യക്തമാക്കുന്നു.

അയോധ്യയിലെ മുഖ്യ പൂജാരി മഹന്ത് ലാല്‍ദാസ്, സാമുദായിക ധ്രുവീകരണവും വര്‍ഗീയ കലാപങ്ങളുമുണ്ടാക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയെ തുറന്നുകാട്ടുന്നുണ്ട്. സംഘ്പപരിവാറിന്റെ വര്‍ഗീയ അജണ്ടക്കെതിരെ ഇതില്‍ ആനന്ദ് പട്‌വര്‍ധനുമായി മഹന്ത് ലാല്‍ സംസാരിക്കുന്നു. രാമജന്മഭൂമി പ്രശ്‌നം ഉയര്‍ത്തിയും അയോധ്യയില്‍ ബാബറി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപപ്പെട്ടും 1990ല്‍ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്ര രാജ്യത്തുടനീളം വര്‍ഗീയ വിഷം പടര്‍ത്തുകയും കലാപങ്ങള്‍ അഴിച്ചുവിടുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ മധ്യവര്‍ഗത്തെ എങ്ങനെയാണ് അയോധ്യ രാമജന്മഭൂമി വിവാദം സ്വാധീനിച്ചതെന്ന് ആനന്ദ് പട്‌വര്‍ധന്റെ ചിത്രം പറയുന്നു. സംഘ്പരിവാര്‍ സംഘടനകള്‍ ബാബറി മസ്ജിദ് ധ്വംസനത്തിലേക്ക് എങ്ങനെയൊക്കെ കരുനീക്കിയെന്നും ഡോകുമെന്ററി വ്യക്തമാക്കുന്നു. അതിനാല്‍ ഡോകുമെന്ററിയുടെ പ്രദര്‍ശനങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ തടസ്സപ്പെടുത്തി.

‘രാം കെ നാം’ കാണുമ്പോള്‍ അന്ന് നടന്നതിന്റെ ചില ആവര്‍ത്തനങ്ങള്‍ ഇന്നും സമൂഹത്തില്‍ ഉണ്ടെന്ന് തോന്നിയാല്‍ അതിനെ യാദൃച്ഛികം എന്ന് പറഞ്ഞ് തളളിക്കളയാന്‍ കഴിയില്ല. സമാധാനപൂര്‍ണമായ ഒരു വ്യവസ്ഥിതിയെ രാഷ്ട്രീയ ലക്ഷ്യത്തിനായി മതത്തെ മുന്‍നിര്‍ത്തി വെല്ലുവിളിക്കുന്നത് മുതല്‍, മുന്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ വിശ്വഹിന്ദു പരിഷത്തിന്റെ വൈസ് പ്രസിഡണ്ട് എസ്.ഇ ദീക്ഷിത്, പൊലീസിന്റെ മൈക്ക് ഉപയോഗിച്ച് കര്‍സേവകരെ അഭിസംബോധന ചെയ്യുന്ന വിശദാംശങ്ങളില്‍ പോലും അമ്പരിപ്പിക്കുന്ന സാദൃശ്യങ്ങളുണ്ട്.

91ല്‍ പൂര്‍ത്തിയാക്കിയ ഡോകുമെന്ററി വെളിച്ചം കാണാന്‍ 97 വരെ കാത്തിരിക്കേണ്ടി വന്നു. ‘യു’ സര്‍ട്ടിഫിക്കറ്റ് ലഭിച്ച രാം കെ നാമിന് ദേശീയ അവാര്‍ഡ് ലഭിക്കുകയും 1996ല്‍ കോടതി ഉത്തരവനുസരിച്ച് ദൂരദര്‍ശനില്‍ പ്രൈം ടൈമില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇരുപത്തെട്ട് വര്‍ഷത്തിന് ശേഷം പ്രായപരിധി വെച്ചുകൊണ്ട് ‘എ’ സര്‍ട്ടിഫിക്കറ്റോടുകൂടിയാണ് യൂട്യൂബില്‍ ഡോകുമെന്ററി ലഭ്യമാക്കിയിരിക്കുന്നത്. 2018 ഫെബ്രുവരി 11 വരെ ‘യു’ സര്‍ട്ടിഫിക്കറ്റായിരുന്ന രാംകെ നാമിന് ഇപ്പോള്‍ ‘എ’ സര്‍ട്ടിഫിക്കറ്റാണ്. തീവ്രഹിന്ദുത്വ സംഘടനകളുടെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു ഈ മാറ്റം.

വേവ്‌സ് ഓഫ് റവലൂഷന്‍, എ ടൈം ടു റൈസ്, ബോംബെ ഔര്‍ സിറ്റി, എ നര്‍മദ ഡയറി, ജയ്ഭീം കോമ്രേഡ്, റീസണ്‍ തുടങ്ങിയ ഡോകുമെന്ററി ചിത്രങ്ങളും ആന്റി ന്യൂക്ലിയര്‍ കാമ്പയിനിന്റെ ഭാഗമായി ചിത്രീകരിച്ച എ റിബണ്‍ ഫോര്‍ പീസ് എന്ന മ്യൂസിക് വീഡിയോയും ഉള്‍പ്പെടെ ഇരുപതോളം ചിത്രങ്ങള്‍ പട്‌വര്‍ധന്റെതായുണ്ട്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757