Opinion

മാവോവേട്ടയുടെ പിന്നാമ്പുറങ്ങള്‍ – എസ്.എ അജിംസ്

എന്തുകൊണ്ടാണ് കേരളത്തിലെ മൂന്ന് ജില്ലകള്‍ പാലക്കാട്, വയനാട്, മലപ്പുറം ഇവ മാവോയിസ്റ്റ് ബാധിത ജില്ലകളായി പ്രഖ്യാപിച്ചത്? എന്തിനാണ് കേരളത്തില്‍ തണ്ടര്‍ബോള്‍ട്ട് എന്ന പേരില്‍ മാവോയിസ്റ്റ് വിരുദ്ധ സേന തമ്പടിച്ചിട്ടുള്ളത്? എന്തുകൊണ്ടാണ് കഴിഞ്ഞ കുറെ നാളുകളായി കേരളത്തില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നത്? മനുഷ്യാവകാശ പ്രവര്‍ത്തകരെയും ജനകീയ സമരനായകരെയും മാവോയസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ്‌ചെയ്ത് യു.എ.പി.എ ചുമത്തുന്നത്? ഏറ്റവുമൊടുവില്‍, ഭരണകക്ഷിയായ സി.പി.എമ്മിന്റെ തന്നെ രണ്ട് പ്രവര്‍ത്തകരെ മാവോയിസ്റ്റുകള്‍ എന്നാരോപിച്ച് അറസ്റ്റ് ചെയ്തത്.

” കേരളം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന മികച്ച സാമൂഹിക പുരോഗതി നേടിയ ഒരു സംസ്ഥാനമാണ്. സാമ്പത്തികവും സാമൂഹികവുമായ അന്തരം ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറവാണ്. അതുകൊണ്ട് തന്നെ കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്ക് സായുധമായി ഭരണകൂടത്തെ നേരിടേണ്ട കാര്യമൊന്നുമില്ല. ഇപ്പോള്‍ മാവോയിസ്റ്റുകള്‍ പശ്ചിമഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അതിന് കാരണം, പശ്ചിമഘട്ടത്തിലെ കോര്‍പ്പറേറ്റ് ചൂഷണവും പരിസ്ഥിതി നാശവും സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ്”

ഇന്ത്യയില്‍ ഇന്ന് ജീവിക്കുന്നവരില്‍ പ്രമുഖനായ മാവോയിസ്റ്റ് സൈദ്ധാന്തികനും കവിയുമായ വരവരറാവു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഹൈദരാബാദിലെ സ്വന്തം വസതിയില്‍ നടത്തിയ ഒരു കൂടിക്കാഴ്ചയില്‍ ഇതെഴുതുന്നയാളോട് പറഞ്ഞതാണിത്. കേരളം മാവോയിസ്റ്റുകളെ സംബന്ധിച്ച് ഒരിക്കലും അത്ര പ്രാധാന്യമുള്ള പ്രവര്‍ത്തന കേന്ദ്രമല്ലെന്നാണ് ഇത് തെളിയിക്കുന്നത്.

പിന്നെ എന്തുകൊണ്ടാണ് കേരളത്തിലെ മൂന്ന് ജില്ലകള്‍ പാലക്കാട്, വയനാട്, മലപ്പുറം ഇവ മാവോയിസ്റ്റ് ബാധിത ജില്ലകളായി പ്രഖ്യാപിച്ചത്? എന്തിനാണ് കേരളത്തില്‍ തണ്ടര്‍ബോള്‍ട്ട് എന്ന പേരില്‍ മാവോയിസ്റ്റ് വിരുദ്ധ സേന തമ്പടിച്ചിട്ടുള്ളത്? എന്തുകൊണ്ടാണ് കഴിഞ്ഞ കുറെ നാളുകളായി കേരളത്തില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നത്? മനുഷ്യാവകാശ പ്രവര്‍ത്തകരെയും ജനകീയ സമരനായകരെയും മാവോയസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ്‌ചെയ്ത് യു.എ.പി.എ ചുമത്തുന്നത്? ഏറ്റവുമൊടുവില്‍, ഭരണകക്ഷിയായ സി.പി.എമ്മിന്റെ തന്നെ രണ്ട് പ്രവര്‍ത്തകരെ മാവോയിസ്റ്റുകള്‍ എന്നാരോപിച്ച് അറസ്റ്റ് ചെയ്തിരിക്കുന്നു.

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ട
അട്ടപ്പാടിയിലെ മഞ്ചിക്കണ്ടി വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് കഴിഞ്ഞ ഒക്‌ടോബര്‍ 28ന് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടി മൂന്നുപേരെ കൊലപ്പെടുത്തിയെന്നാണ് അവകാശപ്പെട്ടത്. പിറ്റേന്ന് കൊല്ലപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് തയ്യാറാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിവെച്ചപ്പോള്‍ ഒരാളെ കൂടി വധിച്ചുവെന്ന് പൊലീസ് അവകാശപ്പെട്ടു. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് സമീപത്തുള്ള ആദിവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞതോടെ, ഭരണകക്ഷിയായ സി.പി.ഐ പോലും പൊലീസിനെതിരെ രംഗത്തെത്തി. രോഗബാധിതരായ മാവോയിസ്റ്റുകളെ പിടികൂടി വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് സി.പി.ഐ ആരോപിച്ചു. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടല്‍ കൊലയാണിത്. നക്സല്‍ പ്രസ്ഥാനം സജീവമായിരുന്ന കാലത്ത് വര്‍ഗീസിനെ പൊലീസ് പിടികൂടി വധിച്ച ശേഷം അത് കേരളത്തില്‍ നിര്‍ജീവമായിരുന്നു. 2011ലാണ്് മാവോയിസ്റ്റ് വേട്ടക്കെന്ന പേരില്‍ കേരളത്തില്‍ തണ്ടര്‍ബോള്‍ട്ട് രൂപീകൃതമാകുന്നത്. തമിഴ്നാട്, കര്‍ണാടക, കേരള സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പശ്ചിമഘട്ടത്തില്‍ മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. എന്നാല്‍, ഈ മൂന്ന് സംസ്ഥാനങ്ങളിലെവിടെയും മാവോയിസ്റ്റുകള്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുമില്ല. ഛത്തീസ്ഗഢിലും മറ്റുമുള്ളതുപോലെ പൊലീസിനോ സുരക്ഷാ സൈന്യത്തിനോ നേരെ ഇവിടെ ആക്രമണവുമുണ്ടായിട്ടില്ല. എന്നാല്‍, കേരളത്തിലെ അട്ടപ്പാടി, വയനാട്, മലപ്പുറത്തെ നിലമ്പൂര്‍ പ്രദേശങ്ങളില്‍ തണ്ടര്‍ബോള്‍ട്ട് സാന്നിധ്യമുണ്ട് ഇന്ന്.

ഇന്ത്യന്‍ അവസ്ഥ
2004ല്‍ പീപ്പിള്‍സ് വാര്‍ഗ്രൂപ്പുമായി ലയിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റായി രൂപാന്തരപ്പെട്ട കമ്യൂണിസ്റ്റ് മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ ഓഫ് ഇന്ത്യയാണ് ഇന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന മാവോയിസ്റ്റ് സംഘടന. 2004ല്‍ തന്നെ ഈ സംഘടനയും അവയുടെ അനുബന്ധ സംഘടനകളും ഇന്ത്യയില്‍ യു.എ.പി.എ പ്രകാരം നിരോധിക്കപ്പെട്ടിട്ടുണ്ട്. പീപ്പ്ള്‍സ് വാര്‍ ഗ്രൂപ്പിനെതിരെ നിരപരാധികളായ സിവിലിയന്മാരെ കൊല്ലുന്നു എന്ന ആരോപണം നിലനിന്നിരുന്നു. സി.പി.ഐ മാവോയിസ്റ്റുകളുടെ പ്രധാന ലക്ഷ്യം ഭരണകൂടമാണ്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പി. ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് വഴി ഛത്തീസ്ഗഢിലും മറ്റും വനമേഖലയില്‍ ആദിവാസികളെ സംഘടിപ്പിച്ച് പോന്ന മാവോയിസ്റ്റുകളെ വ്യാപകമായി വേട്ടയാടിയിരുന്നു. ഇവിടെ രക്ഷയില്ലാതായ മാവോയിസ്റ്റുകളാണ് പിന്നീട്, പശ്ചിമഘട്ട മേഖലയില്‍ പ്രവര്‍ത്തിച്ചു പോരുന്നതെന്നാണ് പൊലീസിന്റെ നിഗമനം. നാടുകാണി ദളം (നിലമ്പൂര്‍), ഭവാനി ദളം (അട്ടപ്പാടി) കബനീ ദളം (വയനാട്) എന്നിങ്ങനെയാണ് അവയുടെ ഘടന. ഈ മൂന്ന് ദളങ്ങളുള്‍ക്കൊളളുന്ന പശ്ചിമഘട്ടമേഖലാ കമ്മിറ്റിയുടെ നേതാവായ രൂപേഷും ഭാര്യ ഷൈനയും 2015ല്‍ കോയമ്പത്തൂരില്‍ വെച്ച് ആന്ധ്ര പൊലീസിന്റെ പിടിയിലായിരുന്നു. ഇരുവര്‍ക്കുമെതിരെ യു.എ.പി.എ പ്രകാരം നിരവധി കേസുകള്‍ എടുത്ത് ജയിലിലടക്കുകയായിരുന്നു. രൂപേഷ് അറസ്റ്റിലാവുന്നതിന് മുമ്പ് മാവോയിസം പ്രമേയമായ രണ്ട് നോവലുകളെഴുതിയിരുന്നു. ഇത് കൂടാതെ, പശ്ചിമഘട്ടത്തില്‍ മാവോയിസ്റ്റ് സായുധ സാന്നിധ്യമുണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോയും രൂപേഷിന്റേതായി പുറത്തുവന്നിരുന്നു. കേരളത്തില്‍ സായുധ വിപ്ലവത്തിന് വേണ്ടി പരസ്യമായി ആഹ്വാനം ചെയ്യുന്ന ഒരേയൊരു മാവോയിസ്റ്റാണ് രൂപേഷ്. പുറത്തുവന്ന വീഡിയോയില്‍ കാക്കി യൂനിഫോമും തോക്കുമെല്ലാമണിഞ്ഞ രൂപേഷിനെയാണ് കാണാന്‍ കഴിയുന്നത്. രൂപേഷും ഷൈനയും അറസ്റ്റിലായ ശേഷം കഴിഞ്ഞ വര്‍ഷം ഷൈനക്ക് ജാമ്യം ലഭിച്ചിരുന്നു. അവര്‍ക്കെതിരെ 17 യു.എ.പി.എ കേസുകളാണ് നിലവിലുള്ളത്.

നിലവിലെ അവസ്ഥ
ഇന്ത്യയില്‍ മാവോയിസ്റ്റ് സ്വാധീനം കുറഞ്ഞുവരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2018 ഏപ്രിലില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ മാവോയിസ്റ്റ് ബാധിതമായ 44 ജില്ലകളില്‍ ഇന്നവരുടെ സാന്നിധ്യമില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. അതേസമയം, മാവോയിസ്റ്റ് സാന്നിധ്യമുള്ള എട്ട് ജില്ലകള്‍ കൂടി പട്ടികയില്‍ ഇടം നേടി. ഇവയില്‍ മൂന്നെണ്ണം കേരളത്തില്‍ നിന്നായിരുന്നു. മൊത്തം മാവോയിസ്റ്റ് ബാധിത ജില്ലകള്‍ 90, ഇവയില്‍ 32 ജില്ലകളില്‍ മാവോയിസ്റ്റുകളുടെ ഒരാക്രമണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 2017ലെ കണക്ക് പ്രകാരം രാജ്യത്ത് 52 ജില്ലകളില്‍ മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള മാവോയിസ്റ്റ് അക്രമണങ്ങളുണ്ടാവുന്നത്. കേരളത്തില്‍ നിന്നുള്‍പ്പെടുത്തിയ ജില്ലകളില്‍, അതായത്, പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളില്‍ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുന്നില്ല എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തന്നെ സമ്മതിക്കുന്നുണ്ട്. എങ്കിലും കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ സംഗമസ്ഥാനമെന്ന നിലയില്‍ ഈ ജില്ലകളെ മാവോയിസ്റ്റ് ബാധിത ജില്ലകളുടെ പട്ടികയിലുള്‍പ്പെടുത്തിയത് അവരെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യം വെച്ചാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. കരുളായി വനത്തില്‍ കുപ്പു ദേവരാജിനെയും അജിതയെയും ഏറ്റുമുട്ടലില്‍ വധിച്ച തണ്ടര്‍ബോള്‍ട്ട്, 2018 മാര്‍ച്ച് ആറിന് സി.പി ജലീലിനെ വയനാട് വൈത്തിരിയിലെ ഒരു റിസോര്‍ട്ടില്‍ വെടിവെച്ച് കൊന്നതിന് ഒരു മാസത്തിന് ശേഷമാണ് കേരളത്തിലെ മൂന്ന് ജില്ലകളെ മാവോയിസ്റ്റ് ബാധിത ജില്ലകളായി പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയമാണ്. രണ്ട് ഏറ്റുമുട്ടലുകളിലുമായി മൂന്നുപേരെ കൊന്ന ഈ സര്‍ക്കാര്‍ കരുളായി സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. രാജ്യസുരക്ഷയെ ബാധിക്കുമെന്നായിരുന്നു പറഞ്ഞ ന്യായം. ജലീലിനെ വധിച്ച സംഭവത്തില്‍ ഇനിയും മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് പുറംലോകം കണ്ടിട്ടില്ല.

എന്തിനായിരുന്നു അട്ടപ്പാടിയിലെ കൊല?
കരുളായി, വൈത്തിരി കൊലകളില്‍ ഈ സര്‍ക്കാരിലെ ഘടകകക്ഷിയായ സി.പി.ഐ അത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണമുന്നയിച്ചിരുന്നു. അട്ടപ്പാടിയില്‍ നാലുപേരെ വധിച്ച സംഭവത്തില്‍ ആദ്യം പ്രതികരിച്ചതും സി.പി.ഐ ആയിരുന്നു. വാളയാര്‍ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടത് അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും പിടിപ്പുകേടാണെന്ന ആരോപണമുയര്‍ന്ന ദിവസമായിരുന്നു ഈ ഏറ്റുമുട്ടല്‍ നടന്നതെന്നത് ശ്രദ്ധേയമാണ്. ഇക്കാര്യം പ്രതിപക്ഷവും നിയമസഭയില്‍ ആരോപണമായി ഉന്നയിച്ചിരുന്നു. സി.പി.ഐ നേതാവും മുന്‍ എം.പിയുമായ സി.എന്‍ ജയദേവന്റെ ആരോപണം, ഇത്തരം ഏറ്റുമുട്ടല്‍ കൊലകള്‍, മാവോയിസ്റ്റ് വേട്ടക്ക് വേണ്ടിയുള്ള ഓഡിറ്റ്് ആവശ്യമില്ലാത്ത കേന്ദ്ര ഫണ്ട് കൈക്കലാക്കാന്‍ വേണ്ടിയാണെന്നാണ്. ഒരു മാവോയിസ്റ്റ്് ബാധിത ജില്ലകള്‍ക്ക്് ഇന്റഗ്രേറ്റഡ് ആക്ഷന്‍ പ്ലാന്‍ എന്ന പേരില്‍ ആയിരം കോടി രൂപയാണ് പൂര്‍ണ ഗ്രാന്റായി അനുവദിക്കുന്നത്. മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് മാത്രമല്ല, ആ ജില്ലയുടെ വികസനത്തിന് എന്ന പേരില്‍ വളരെ അയഞ്ഞ രീതിയില്‍ ആ ഫണ്ട് ചെലവഴിക്കാനും സാധിക്കും.

എന്നാല്‍, മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുകയെന്ന കേന്ദ്രസര്‍ക്കാരിന്റെ നയം തന്നെയാണ് പിണറായി വിജയന്‍ സര്‍ക്കാരിനുമുള്ളതെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം നേതാവ് അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി ചൂണ്ടിക്കാട്ടുന്നു. മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നത് കൊണ്ട് മാത്രം കേരളത്തിലെ മൂന്ന് ജില്ലകളെ മാവോയിസ്റ്റ് ബാധിത ജില്ലകളുടെ പട്ടികയില്‍ പെടുത്തിയത് അതുകൊണ്ടാണെന്നാണ് തുഷാറിന്റെ വാദം. മാവോയിസ്റ്റുകള്‍ ആട്ടിന്‍കുട്ടികളല്ലെന്നും അവര്‍ ഭീകരരാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവിച്ചതും ശ്രദ്ധേയമാണ്. മാവോയിസ്റ്റുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വേണ്ടി ഈ സര്‍ക്കാര്‍ അവര്‍ക്ക് കീഴടങ്ങാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇത്തരം പദ്ധതികള്‍ക്കായി ആദിവാസികള്‍ വഴി ചര്‍ച്ച നടത്തിയ ശേഷം സര്‍ക്കാര്‍ അവരെ പിടികൂടുകയോ വധിക്കുകയോ ആണ് ചെയ്യുന്നതെന്ന് ആദിവാസികള്‍ തന്നെ ആരോപിക്കുന്നു.

സി.പി.എമ്മിലും മാവോയിസ്റ്റുകള്‍?
അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടക്കെതിരെ സി.പി.ഐ തന്നെ രംഗത്തെത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏറെ പ്രതിരോധത്തിലായിരുന്നു. ഇതിനിടെയാണ്, കോഴിക്കോട് നഗരത്തിലെ പന്തീരങ്കാവില്‍ രണ്ട് വിദ്യാര്‍ഥികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. രാത്രി മൂന്ന് പേര്‍ സംസാരിക്കുന്നത് കണ്ട പൊലീസ് പെട്രോള്‍ സംഘം അടുത്തെത്തിയപ്പോള്‍ ഒരാള്‍ എന്തോ വലിച്ചെറിഞ്ഞ് ഓടിയെന്നും മറ്റ് രണ്ടുപേരെ പിടികൂടിയെന്നുമായിരുന്നു ആദ്യം പൊലീസിന്റെ വിശദീകരണം. അലന്‍ ഷുഹൈബ്, ത്വാഹ എന്നീ രണ്ടു വിദ്യാര്‍ഥികളെയാണ് പൊലീസ് പിടികൂടിയത്. രണ്ടുപേരും സി.പി.എം പ്രവര്‍ത്തകര്‍; ഒരാള്‍ നിയമവിദ്യാര്‍ഥി, മറ്റെയാള്‍ ജേണലിസം വിദ്യാര്‍ഥി. ഇരുവരുടെയും വീടുകളില്‍ നിന്ന് പൊലീസ് നടത്തിയ റെയ്ഡില്‍ ലഘുലേഖ, പുസ്തകങ്ങള്‍ എന്നിവ പിടികൂടിയെന്നാണ് പൊലീസ് പറയുന്നത്. ത്വാഹയുടെ വീട്ടില്‍ നിന്നാണ് പുസ്തകങ്ങള്‍ കണ്ടെടുത്തത്. എന്നാല്‍, ഈ പുസ്തകങ്ങള്‍ പൊലീസ് തന്നെ കൊണ്ടുവന്നതാണെന്നാണ് ത്വാഹയുടെ വീട്ടുകാര്‍ പറയുന്നത്. പൊലീസ് ഭീഷണിപ്പെടുത്തി മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചതായി വീട്ടുകാര്‍ പറയുന്നു. അലന്റെ കുടുംബം കോഴിക്കോട്ടെ അറിയപ്പെടുന്ന സി.പി.എം കുടുംബമാണ്. ഇവര്‍ക്ക് മാവോയിസ്റ്റ് അനുഭാവമുണ്ടെന്നാണ് സി.പി.എം നിയോഗിച്ച അന്വേഷണ കമീഷന്‍ കണ്ടെത്തിയത്. മാവോയിസ്റ്റ് അനുഭാവമെന്നതിന്റെ നിര്‍വചനം ഇനിയും ലഭ്യമായിട്ടില്ല. മാവോയിസത്തെ അനുകൂലിക്കുന്നതിന് തെളിവായി കോടതിയില്‍ പൊലീസ് ഹാജരാക്കിയ പുസ്തകങ്ങളിലൊന്ന് മാവോയിസത്തെ എതിര്‍ക്കുന്ന ഒന്നാണെന്നതും ശ്രദ്ധേയമാണ്.

എന്തൊക്കെയാണ് സംഭവിക്കുന്നത്?
മാവോയിസം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു പ്രത്യയശാസ്ത്രമല്ലെന്ന് ഇന്ത്യയില്‍ പല ജനാധിപത്യ വാദികളും ചൂണ്ടിക്കാട്ടിയതാണ്. മാവോയിസത്തില്‍ ഉള്‍ക്കൊണ്ടിട്ടുള്ള ജനാധിപത്യ വിരുദ്ധതയാണ് ഒന്നാമത്തെ പ്രശ്നം. മാവോയിസ്റ്റുകള്‍ മുന്നോട്ടുവെക്കുന്ന പ്രശ്നങ്ങള്‍ ശരിയാണെങ്കിലും അവര്‍ മുന്നോട്ടുവെക്കുന്ന പരിഹാരം ഹിംസാത്മകവും ജനാധിപത്യ വിരുദ്ധവുമാണെന്ന്് ജനാധിപത്യ വിശ്വാസികള്‍ ചൂണ്ടിക്കാട്ടുന്നു. മാവോയിസത്തിന്റെ ആദ്യത്തെ ഇരകള്‍ മാവോയിസ്റ്റുകള്‍ ആര്‍ക്ക് വേണ്ടി പോരാടുന്നുവെന്ന് പറയുന്നുവോ അതേ ആദിവാസികളാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തായാലും, ഒരു സംഘടന നിരോധിക്കപ്പെട്ടുകഴിഞ്ഞാല്‍ അവര്‍ അണ്ടര്‍ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത്തരം സംഘടനകളെയും പ്രവര്‍ത്തകരെയും വേട്ടയാടിപ്പിടിക്കാന്‍ ഭരണകൂടത്തിന് എളുപ്പമാണ്. ഈ സാധ്യത നിലനില്‍ക്കെ, ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം പ്രഖ്യാപിച്ച ഒരു സംഘടനയെ വേട്ടയാടാന്‍ ആ ഒറ്റക്കാരണം മുന്‍നിര്‍ത്തി പൊതുജനപിന്തുണ നേടാന്‍ ഭരണകൂടത്തിന് കഴിയും. ചെയ്തതും ചെയ്യാത്തതുമായ കാര്യങ്ങള്‍ അവര്‍ക്കുമേല്‍ ചാര്‍ത്താന്‍ ഭരണകൂടത്തിന് കഴിയും. തീവ്രവദ വേട്ടയുടെ സമീപകാല ഉദാരഹരണങ്ങള്‍ ധാരാളമുണ്ട് നമുക്ക് മുന്നില്‍.

ഇതിന്റെ മറ്റൊരു പ്രത്യാഘാതമാണ്, വിസമ്മതം മുഴക്കുന്നവരെ മാവോയിസ്റ്റുകളോ തീവ്രവാദികളോ ആക്കുകയെന്ന ഭരണകൂടരീതി. അര്‍ബന്‍ നക്സലൈറ്റുകള്‍ എന്ന പേരില്‍ മോദി സര്‍ക്കാര്‍ ഇന്ത്യയിലെമ്പാടും ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും തുറുങ്കിലടക്കുകയാണ്. ഭീമ-കോറേഗാവ് സ്മാരകദിനത്തോടനുബന്ധിച്ച് ദലിതുകള്‍ക്ക് നേരെയുണ്ടായ സവര്‍ണ ആക്രമണത്തിന്റെ പേരില്‍ കേന്ദ്രം പിടികൂടിയത് ഇത്തരക്കാരെയാണ്. മോദി സര്‍ക്കാര്‍ വിമര്‍ശകരെയാണ് ഇങ്ങനെ വേട്ടയാടുന്നതെങ്കില്‍ ഇവിടെ, കേരളത്തില്‍ ഈ സര്‍ക്കാരിനെ പിന്തുണക്കുന്ന, ഭരണകക്ഷി പ്രവര്‍ത്തകരായ രണ്ടുപേരെയാണ് അര്‍ബന്‍ നക്സല്‍ എന്ന വിശേഷണത്തോടെ പിടികൂടി യു.എ.പി.എ ചാര്‍ത്തിയിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ യഥാര്‍ഥ നയമെന്താണ്?
മാവോയിസ്റ്റ് സാഹിത്യമോ ലഘുലേഖയോ കൈവശം വെക്കുന്നതോ മാവോയിസ്റ്റ് ആവുന്നത് തന്നെയോ യു.എ.പി.എ ചാര്‍ത്താനുള്ളതിന് തെളിവാകുന്നില്ലെന്ന് ബിനായക് സെന്‍ കേസില്‍ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഗാന്ധിയുടെ ആത്മകഥ കൈവശമുണ്ടായാല്‍ ഒരാള്‍ ഗാന്ധിയനാകുമോയെന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍, മാവോയിസ്റ്റ് അനുഭാവിയാകുന്നത് തന്നെ യു.എ.പി.എ ചുമത്താന്‍ മതിയായ കാരണമാണെന്ന നിലപാടാണ് ഈ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. മാവോയിസ്റ്റ് അനുഭാവിയെന്ന് ആരോപിച്ച് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ യു.എ.പി.എ ചാര്‍ത്തി അറസ്റ്റ് ചെയ്ത ശ്യാം ബാലകൃഷ്ണന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയായ സി.പി.എമ്മിന്റെ നിലപാട് യു.എ.പി.എ കരിനിയമമാണെന്നാണ്. അതേ പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിലെ രണ്ട് പ്രവര്‍ത്തകരെ മാവോയിസ്റ്റ് അനുഭാവികളെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്തിട്ടും അവര്‍ക്ക് എതിരഭിപ്രായമൊന്നുമില്ലെന്ന് മാത്രമല്ല, അറസ്റ്റിന് ശേഷം അവര്‍ മാവോയിസ്റ്റ് അനുഭാവികളാണെന്ന് കണ്ടെത്തി പുറത്താക്കാനൊരുങ്ങുകയാണ്. 19 വയസ് മാത്രമുളള വിദ്യാര്‍ഥികള്‍ ഇനി മാവോയിസ്റ്റ് അനുഭാവികളായെങ്കില്‍ ഇതുവരെ പാര്‍ട്ടിക്ക് അത് തിരിച്ചറിയാന്‍ കഴിയാഞ്ഞതെന്ത് എന്ന ചോദ്യം ഒരു വശത്ത്. അഞ്ചുവര്‍ഷമായി പിടിയിലായവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അവരെ അഞ്ചുവര്‍ഷമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്നും പറയുന്നു. പതിനാല് വയസുള്ളയാള്‍ മാവോയിസ്റ്റ് അനുഭാവം പ്രകടിപ്പിച്ചാല്‍ അയാള്‍ ആയുധം കയ്യിലെടുക്കാന്‍ കാത്തിരിക്കുകയായിരുന്നോ പൊലീസ്?

ഈ ചോദ്യത്തിനുള്ള ഉത്തരം അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട കാര്‍ത്തിയുടെ അമ്മയും സഹോദരനും പറയും. പൊലീസാണ് മാവോയിസ്റ്റുകളെ സൃഷ് ടിക്കുന്നത്. ഒഡീഷയില്‍ ജോലി ചെയ്യുകയായിരുന്ന കാര്‍ത്തി, അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കാര്‍ത്തിയെ പാതിരാത്രി അറസ്റ്റ് ചെയ്തുകൊണ്ടുപോവുകയായിരുന്നുവത്രേ. കാര്‍ത്തിയില്‍ നിന്ന് തോക്ക് കണ്ടെടുത്തുവെന്ന കള്ളക്കേസെടുത്ത് ജയിലിലടച്ചു. ഈ കേസില്‍ ജാമ്യം കിട്ടിയപ്പോള്‍ എന്‍.എസ്.എ പ്രകാരം കേസ് ചുമത്തി ജയിലിലിട്ടു. പിന്നെ കാര്‍ത്തിയെ വീട്ടുകാര്‍ കണ്ടിട്ടില്ല. പന്തീരങ്കാവില്‍ പിടിയിലായ യുവാക്കള്‍ ജീവനോടെ ജയിലിലുണ്ടല്ലോ എന്നെങ്കിലും ആശ്വസിക്കാം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757