Opinion

ഭൂപരിഷ്‌കരണത്തിലേക്ക് നയിച്ച സാമൂഹ്യഘടകങ്ങള്‍ (പഠനം ഭാഗം 05)  – എസ്.എ അജിംസ്

ജാതിവ്യവസ്ഥയില്‍ അധിഷ്ഠിതമായ ഭൂബന്ധങ്ങളുള്ള മധ്യകാല കേരളത്തില്‍ ജാതിയെ അപ്രസക്തമാക്കിക്കൊണ്ടുള്ള ഒരു നടപടി ആദ്യമായുണ്ടാകുന്നത് ടിപ്പുവിന്റെ മലബാര്‍ അധിനിവേശകാലത്താണ്. ഫ്യൂഡല്‍ വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടുതന്നെ, ടിപ്പുവിന്റെ റവന്യൂ ഉദ്യോഗസ്ഥനായിരുന്ന മീര്‍ ഇബ്രാഹീം1784-ല്‍ നടത്തിയ നികുതി-കാര്‍ഷിക പരിഷ്‌കാരങ്ങള്‍ ജന്മിമാരില്‍ കാര്യമായ പ്രതിഷേധമുയര്‍ത്തി. മലബാര്‍ കുരിക്കളെപ്പോലുള്ള ജന്മിമാര്‍ ടിപ്പുവിനെതിരെ കലാപമുയര്‍ത്താന്‍ കാരണം ഇത്തരത്തിലുള്ള നികുതി പരിഷ്‌കാരങ്ങളായിരുന്നുവെന്ന് ചരിത്രകാരനായ കെ.എം പണിക്കര്‍ നിരീക്ഷിക്കുന്നു.സാമൂതിരി കുടുംബത്തില്‍പ്പെട്ട രവിവര്‍മയുടെ നേതൃത്വത്തില്‍ ഏറനാട്ടെ മുസ്‌ലീം പടയാളികളും കോഴിക്കോട്ടെ നായര്‍ പടയാളികളും സംയുക്തമായി നടത്തിയ സൈനീകനീക്കങ്ങള്‍ ടിപ്പുവിന് മലബാറില്‍ കനത്ത വെല്ലുവിളിയുയര്‍ത്തി. മലബാര്‍ ഉപേക്ഷിച്ച് തിരുവിതാംകൂറിലേക്ക് രക്ഷപ്പെട്ട ബ്രാഹ്മണജന്മിമാരുടെ ഭൂമി കുടിയാന്‍മാര്‍ക്ക് സ്ഥിരാവകാശമായി നല്‍കിക്കൊണ്ട് ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള ഭൂബന്ധങ്ങള്‍ക്ക് ആദ്യമായി തിരുത്തല്‍ കുറിച്ച ഭരണാധികാരിയായിരുന്നു ടിപ്പു. ടിപ്പുവിന്റെ പിതാവ് ഹൈദറിന്റെ കാലത്ത് ക്ഷേത്രങ്ങളുടെയും ബ്രാഹ്മണരുടെയും ഭൂമിക്ക് നികുതി ഈടാക്കിയിരുന്നില്ല. ഈ സമ്പ്രദായത്തിന് ടിപ്പു അറുതി വരുത്തിയതോടെ ബ്രാഹ്മണമേധാവിത്തത്തിന് സാമൂഹ്യ-സാമ്പത്തിക മണ്ഡലങ്ങളില്‍ കാര്യമായ ഉലച്ചില്‍ തട്ടി. നായര്‍ വിഭാഗത്തിന് ഭരണരംഗത്തുണ്ടായിരുന്ന മേധാവിത്വം അവസാനിച്ചതോടെ, ഈ വിഭാഗം ടിപ്പുവിന്റെ കടുത്ത എതിരാളികളായി മാറുകയും ജന്മിമാരോടൊപ്പം ചേര്‍ന്ന് ടിപ്പുവിനെതിരെ കലാപമുയര്‍ത്തുകയും ചെയ്തു. നമ്പൂതിരി-നായര്‍ വിഭാഗങ്ങള്‍ക്ക് ഉണ്ടായിരുന്ന സാമൂഹിക മേധാവിത്തം ടിപ്പു തകര്‍ത്തതോടെ, ജാതി മേധാവിത്തമെന്ന മിഥ്യാബോധത്തിന് സമൂഹത്തില്‍ ഉലച്ചില്‍ തട്ടി. ഇത്, കീഴ്ജാതിക്കാരില്‍ സ്വന്തം അന്തസ്സിനെക്കുറിച്ചും പദവിയെക്കുറിച്ചുമുള്ള അഭിമാനം ജനിപ്പിച്ചു. മലബാറില്‍ നിലനിന്ന ബഹുഭര്‍തൃത്വം അവസാനിപ്പിക്കാനും സ്ത്രീകളോട് മാറു മറക്കാന്‍ കല്‍പ്പിച്ചുകൊണ്ടുമുള്ള ഉത്തരവ് 1788-ല്‍ വിളംബരമായി പുറത്തിറക്കി. ഈ ഉത്തരവുകള്‍ സമൂഹത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കിയില്ലെങ്കിലും ഇതെല്ലാം സമൂഹമനസ്സാക്ഷിയില്‍ ജാതി മേധാവിത്തത്തിനെതിരായ അവബോധം വളര്‍ത്തിയെടുത്തുവെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ, കേരളത്തില്‍ ജാതി വ്യവസ്ഥക്കും അതിന്റെ അടിസ്ഥാനത്തിലുള്ള ഫ്യൂഡല്‍ ഭൂബന്ധത്തിനും സമീപഭാവിയില്‍ ഉലച്ചില്‍ തട്ടുമെന്ന പ്രതീക്ഷ കീഴ്ജാതിക്കാരില്‍ സൃഷ്ടിക്കാന്‍ ടിപ്പുവിന് കഴിഞ്ഞു എന്നു പറയാം. ജാതിക്കെതിരായി നവോത്ഥാന നായകരുയര്‍ത്തിയ ചിന്താപരമായ കലാപത്തിന് അടിസ്ഥാന വര്‍ഗത്തില്‍ വിശ്വാസം ജനിപ്പിക്കാനും അതിനെ പിന്തുണക്കാനും വളരെ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തില്‍ അടിസ്ഥാനവര്‍ഗത്തിന്റെ അവകാശപ്പോരാട്ടം ആരംഭിക്കാനും കഴിഞ്ഞത് ഈ ആത്മവിശ്വാസം കൊണ്ടുകൂടിയാണ്. കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ച സ്വാമി വിവേകാനന്ദന്‍ തന്റെ 39-ാമത്തെ വയസ്സില്‍ ഇഹലോകവാസം വെടിയുമ്പോല്‍ കേരളത്തില്‍ ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, എസ്.എന്‍.ഡി.പി പ്രവര്‍ത്തിച്ചു തുടങ്ങിയെന്നു പറയുമ്പോള്‍ അത്തരം സാമൂഹ്യമാറ്റത്തിന് വേണ്ടിവന്ന കാലയളവ് എത്ര ചുരുങ്ങിയതായിരുന്നുവെന്ന് കാണാന്‍ കഴിയും. അങ്ങനെ ആധുനീകതയിലേക്ക് ചുവടുവെച്ച കേരള സമൂഹത്തിന് ആധുനികതയുടെ അനന്തരഫലങ്ങള്‍ അനുഭവിച്ചറിയുന്നതിനും മുമ്പ്തന്നെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെയും പരിചയപ്പെടാന്‍ കഴിഞ്ഞു. തൊഴിലാളികളെയും കര്‍ഷകത്തൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ടുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ മുന്നേറ്റം ജാതിയെ കേരളീയ സാംസ്‌കാരിക പശ്ചാത്തലത്തില്‍ അപ്രസക്തമാക്കും വിധം വര്‍ഗരാഷ്ട്രീയത്തെ ഉയര്‍ത്തിക്കൊണ്ടുവന്നു. കേരളത്തിലെ അടിസ്ഥാന ജനവിഭാഗമായിരുന്ന കീഴ്ജാതികള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കീഴില്‍ അണിനിരന്നു. പക്ഷേ, ടിപ്പു തുടങ്ങിവെച്ച ജാതിയെ വെല്ലുവിളിക്കുന്ന ഭൂപരിഷ്‌കരണത്തിന്റെ തുടര്‍ച്ച അട്ടിമറിക്കപ്പെടുകയാണ് വര്‍ഗരാഷ്ട്രീയം കേരളത്തില്‍ വേരുപിടിക്കുന്നതിലൂടെ സംഭവിച്ചത്.

യഥാര്‍ഥത്തില്‍ ഫ്യൂഡലിസത്തെ നിലനിര്‍ത്തിയെങ്കിലും ജാതിക്ക് വിധേയമായുള്ള ഭൂബന്ധങ്ങളെ ആദ്യമായി വെല്ലുവിളിച്ചത് ടിപ്പുവിന്റെ കാലത്തായിരുന്നെന്ന് നാം കണ്ടു. ടിപ്പുവിന്റെ പിന്‍വാങ്ങലോടെ, ബ്രിട്ടീഷ് ഭരണം കൂടുതല്‍ രൗദ്രഭാവത്തോടെ തിരികെയെത്തി. മലബാര്‍ കീഴടക്കിയ ബ്രിട്ടീഷുകാര്‍ അതിനുമുമ്പ് തന്നെ തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങളിലും കരാറുകള്‍ വഴി ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിവ പൂര്‍ണമായും ബ്രിട്ടീഷ് ഭരണത്തിന് കീഴിലായി. പിന്നീടുള്ള കാലത്ത് കേരളം ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നുവെങ്കിലും ഭൂനിയമങ്ങളുടെ കാര്യത്തില്‍ തിരുവിതാംകൂറും കൊച്ചിയും മലബാറുമായി സമാനത പുലര്‍ത്തിയിരുന്നില്ല. മലബാറിലെ ജന്മി-കുടിയാന്‍ ബന്ധങ്ങള്‍ പരമ്പരാഗതമായി ഉരുത്തിരിഞ്ഞു വന്നതായിരുന്നു. ബ്രിട്ടീഷുകാര്‍ ജന്മിമാര്‍ക്ക് ഭൂമിയില്‍ പൂര്‍ണമായ ഉടമാവകാശം നല്‍കുകയും മൈസൂര്‍ ഭരണകാലത്ത് നിലനിന്ന കര്‍ഷകര്‍ക്കുള്ള അവകാശങ്ങളെ ഇല്ലാതാക്കുകയും ചെയ്തു. കാണക്കാരനും വെറും പാട്ടക്കാരനും ജന്മിയുടെ ദയാദാക്ഷിണ്യത്തിനനുസരിച്ച് ഏതു സമയവും ഒഴിപ്പിക്കപ്പെടുമെന്ന ഭീതിയില്‍ കഴിഞ്ഞു. കൃഷി ഭൂമിയില്‍ നിന്നും ഒഴിപ്പിക്കുന്നതിനെതിരെ നടന്ന സമരങ്ങളാണ് പിന്നീട് മലബാറില്‍ വിവിധ രാഷ്ട്രീയ രൂപങ്ങള്‍ പ്രാപിച്ചത്. ജന്മിമാരുടെ അതിക്രമങ്ങള്‍ക്കെതിരെ, പത്തൊമ്പതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ദക്ഷിണമലബാറില്‍ കുടിയാന്‍മാര്‍ നിരന്തരം കലാപമുയര്‍ത്തി. യഥാര്‍ഥത്തില്‍ ജന്മിത്തത്തിനെതിരെ കേരളത്തില്‍ ഉയര്‍ന്നുവന്ന ആദ്യത്തേതും ശക്തവുമായ കലാപങ്ങളാണ് മലബാര്‍ കാര്‍ഷിക കലാപങ്ങള്‍. 1921-ലെ മലബാര്‍ കലാപത്തിന്റെ പേരില്‍ കേരള ചരിത്ര വിശകലനത്തില്‍ അവഗണിക്കപ്പെട്ടുകിടക്കുന്ന ഏടുകളാണ് ഈ കാലഘട്ടത്തിലേത്. ഈ കലാപങ്ങളെ സാമുദായിക കലാപങ്ങളായി ചിത്രീകരിച്ച് അവഗണിക്കുകയായിരുന്നു ബ്രീട്ടീഷുകാര്‍ ചെയ്തത്. 1880-ല്‍ മലബാര്‍ കളക്ടറായിരുന്ന ലോഗന്‍ നടത്തിയ പഠനങ്ങളില്‍ കാര്‍ഷികരംഗത്തെ അസ്വസ്ഥതകള്‍ക്ക് കാരണം ജന്മിമാരുടെ അനിയന്ത്രിതമായ അധികാരങ്ങളാണെന്ന് കണ്ടെത്തുകയും ആധികാരികമായ ആ റിപ്പോര്‍ട്ട് പ്രകാരം, രാഷ്ട്രീയമായ കാരണങ്ങളാല്‍ ജന്മിമാരെ പിന്തുണച്ചുപോന്ന ബ്രിട്ടീഷുകാര്‍ ഭൂനിയമത്തില്‍ ചെറിയ ഭേദഗതികള്‍ വരുത്താന്‍ നിര്‍ബന്ധിതരായി. 1887-ല്‍ പാസ്സാക്കപ്പെട്ട നിയമപ്രകാരം കുടിയാനെ ഒഴിപ്പിക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വ്യവസ്ഥ ചെയ്തു. നിയമത്തിന്റെ പഴുതുകളിലൂടെ ജന്മിമാര്‍ നഷ്ടപരിഹാരം നല്‍കാതെ രക്ഷപ്പെട്ടുകൊണ്ടിരുന്നതിനെത്തുടര്‍ന്ന് 1990-ല്‍ ഈ നിയമം പരിഷ്‌കരിച്ചെങ്കിലും ഫലമുണ്ടായില്ല. 1920-ലെ മലബാര്‍ കലാപത്തെയും മലബാറിലെമ്പാടുമുയര്‍ന്നുവന്ന രാഷ്ട്രീയ ചലനങ്ങളെയും തുടര്‍ന്ന് 1929-ല്‍ മലബാര്‍ കുടിയായ്മ നിയമം ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്നു. വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന പാട്ടക്കുടിയാന്‍മാരെ തക്കതായ കാരണങ്ങളില്ലാതെ ഒഴിപ്പിക്കാന്‍ പാടില്ലെന്ന് നിയമം മൂലം വ്യവസ്ഥ വെച്ചു. സ്വന്തം ആവശ്യങ്ങള്‍ക്കോ, കെട്ടിടം നിര്‍മിക്കാന്‍ വേണ്ടിയോ ജന്മിക്ക് കുടിയാനെ ഒഴിപ്പിക്കാമെന്ന് വ്യവസ്ഥ വെച്ചു. ഈ നിയമവും കൂടുതല്‍ സങ്കീര്‍ണവും കുടിയാന് കൂടുതല്‍ ദുരിതം നല്‍കുകയും ചെയ്തു. യഥാര്‍ഥത്തില്‍ മലബാറില്‍ നിലനിന്ന ഫ്യൂഡലിസം ബ്രിട്ടീഷുകാര്‍ക്ക് ബാധ്യതയായി മാറി. എന്നാല്‍, ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളില്‍ ജന്മി വിരുദ്ധരായവരാണ് കൂടുതലായി അണിനിരന്നത് എന്നതിനാല്‍ നിലനിന്ന ജന്മി വ്യവസ്ഥ പരിഷ്‌കരണങ്ങളോടെ നിലനിര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിതരായി. എന്തായാലും 1929-ലെ നിയമത്തിന് 1954 വരെ ഭേദഗതികള്‍ കൊണ്ടുവരേണ്ടി വന്നത്, ഒരു സമ്പൂര്‍ണ ഭൂപരിഷ്‌കരണത്തിലേക്കാണ് ഭരണകൂടങ്ങളെ നയിച്ചതെന്നതില്‍ സംശയമില്ല.

തിരുവിതാംകൂറിലെ ഭൂബന്ധങ്ങള്‍ ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. തിരുവിതാംകൂറിലെ മൂന്നില്‍ രണ്ട് ഭാഗം ഭൂമിയും പണ്ടാരവക ( ശ്രീപത്മനാഭന്റേത് അഥവാ, ഭരണകൂടത്തിന്റേത്) ആയിരുന്നെങ്കിലും കുടിയാന്‍മാര്‍ക്ക് ജന്മാവകാശം ഉണ്ടായിരുന്നില്ല. പണ്ടാരവക ഭൂമിയിലെ കുടിയാന്‍മാര്‍ക്ക് അവര്‍ കൃഷി ചെയ്യുന്ന ഭൂമിയില്‍ ജന്മാവകാശം നല്‍കിക്കൊണ്ട് 1865-ല്‍ പുറപ്പെടുവിച്ച പണ്ടാരപ്പാട്ടം വിളംബരത്തിലൂടെ കൃഷിഭൂമിയില്‍ നിന്ന് കുടിയാനെ ഒഴിപ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തിരുവിതാംകൂര്‍ ഭരണകൂടത്തിന് കഴിഞ്ഞു. എന്നാല്‍, പണ്ടാരം വകയല്ലാത്ത ഭൂമിയിലെ കുടിയാന് മലബാറിലേത് പോലെയുള്ള ദുരിതം അനുഭവിക്കാനായിരുന്നു വിധി. 1896-ല്‍ പാസ്സാക്കപ്പെട്ട ജന്മി -കുടിയാന്‍ നിയമത്തലൂടെ ജന്മിക്കരം കൊടുക്കുന്ന കുടിയാന് ഭൂമിയില്‍ ഉടമാവകാശം നല്‍കുകയും ഒഴിപ്പിക്കലില്‍ നിന്നും സംരക്ഷണം നല്‍കുകയും ചെയ്തു. എന്നാല്‍, ജന്മിമാരുടെ കരംപിരിവുകള്‍ ക്രമപ്പെടുത്താന്‍ ഈ നിയമത്തിന് കഴിയാത്തതുകൊണ്ട് 1932-ല്‍ അനുബന്ധ നിയമം പാസ്സാക്കി. ജന്മിക്കരം നിശ്ചയിക്കപ്പെടുകയും കരം പുതുക്കുമ്പോള്‍ പത്തുശതമാനത്തില്‍ കൂടുതല്‍ വര്‍ധനവ് പാടില്ലെന്ന് വ്യവസ്ഥ ചെയ്യപ്പെടുകയും ചെയ്തു. അടിസ്ഥാന നികുതി നിശ്ചയിച്ചു മറ്റൊരു നിയമം 1946-ല്‍ ഗവണ്‍മെന്റ് പാസ്സാക്കി.

സമാനമായി, ജന്മികുടിയാന്‍ ബന്ധങ്ങളെ കേന്ദ്രീകരിച്ച്, ക്രമേണ സമ്പൂര്‍ണ ഭൂപരിഷ്‌കരണത്തിലേക്ക് നയിക്കുന്ന ഭൂപരിഷ്‌കരണങ്ങളാണ് കൊച്ചിയിലും നടന്നത്. തിരുവിതാംകൂറില്‍ 1896-ല്‍ പാസ്സാക്കിയ നിയമം കൊച്ചി രാജ്യത്തും കുടിയാന്‍മാര്‍ക്ക് ആവേശമായി മാറി. തുടര്‍ന്ന് നിശ്ചയിക്കപ്പെട്ട കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1914-ല്‍ കൊച്ചി കുടിയായ്മ നിയമം പാസ്സാക്കി. ഇതുവഴി 1885-നു മുമ്പ് കാണക്കുടിയാന്‍മാരായിരുന്നവര്‍ക്ക് ജന്മാവകാശം നല്‍കുകയും കുടിയാന്മാരെ ഒഴിപ്പിക്കുമ്പോള്‍ പരിഹാരം നല്‍കേണ്ടതാണെന്ന് വ്യവസ്ഥ ചെയ്യുകയും ചെയ്തു. ഈ നിയമത്തെ പരിഷ്‌കരിച്ചുകൊണ്ട് 1938-ല്‍ വീണ്ടുമൊരു കുടിയാന്‍ നിയമം കൂടി പാസ്സാക്കി. ഈ നിയമത്തില്‍ കുടിയാന്‍മാരെ ഒഴിപ്പിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കി. 1943-ലെ വെറുംപാട്ട നിയമം വെറും പാട്ടക്കാരായ കുടിയാന്‍മാര്‍ക്കും സംരക്ഷണം നല്‍കി. തിരു-കൊച്ചി സംയോജനത്തിനുശേഷം ഒഴിപ്പിക്കലിനെതിരെയും ഭൂനികുതി നിശ്ചയിച്ചുകൊണ്ടും കാണക്കുടിയാന്‍ വ്യവസ്ഥകള്‍ സമാനമാക്കിക്കൊണ്ടും 1955-ല്‍ സംയുക്തമായ നിയമങ്ങള്‍ നിര്‍മിക്കപ്പെട്ടു.

കാര്‍ഷിക ബന്ധങ്ങളില്‍ സംസ്ഥാന രൂപീകരണത്തിനു മുമ്പുതന്നെ, കേരളം മുന്നോട്ടുള്ള പാതയിലായിരുന്നുവെന്ന് മേല്‍ സൂചിപ്പിച്ച വസ്തുതകള്‍ തെളിയിക്കുന്നു. നിലവിലുള്ള നിയമപ്രകാരമുള്ള കുടിയാന്‍മാര്‍ക്ക് ഉടമസ്ഥാവകാശം നല്‍കുന്ന പ്രക്രിയയാണ് യഥാര്‍ഥത്തില്‍ ഒന്നാം കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്ത് നടന്നതും പിന്നീട് ഇടതു സൈദ്ധാന്തികരും ബുദ്ധിജീവികളും സംഭവം എന്നു കൊട്ടിഘോഷിക്കുന്നതുമായ കേരളത്തിലെ ഭൂപരിഷ്‌കരണം എന്നുപറയുന്നത്. ഇക്കാര്യത്തില്‍ കമ്യുണിസ്റ്റ് സര്‍ക്കാര്‍ സ്വീകരിച്ച പുതിയ നടപടിയെന്നു പറയാവുന്നത് ഭൂപരിധി നിര്‍ണയമാണ്. അതുതന്നെയും ഭൂമിയുടെ പരിധിയെന്നത് വ്യക്തിയേക്കാള്‍ കുടുംബം എന്ന യൂണിറ്റിനെ അടിസ്ഥാനമാക്കിയായിരുന്നുവെന്നതും, മിച്ചഭൂമി കുടിയാന് ലഭ്യമാക്കിയത് നഷ്ടപരിഹാരം നല്‍കിയാണെന്നതും പരിശോധിക്കുമ്പോള്‍ മേല്‍പറഞ്ഞ കുടിയായ്മ പരിഷ്‌കരണം വിപ്ലവാത്മകമായ ഒരു കാര്‍ഷികബന്ധ പരിഷ്‌കരണമായിരുന്നുവെന്ന് പറയാന്‍ സാധിക്കില്ല. കുടിയായ്മ പരിഷ്‌കരണത്തിന്റെ ഈ ബൂര്‍ഷ്വാ സ്വഭാവം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അന്നുതന്നെ രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ക്ക് വഴിവെച്ചിരുന്നു. കുടിയായ്മ പരിഷ്‌കരണവും ഭൂപരിധി നിര്‍ണയത്തിന്റെ സ്വഭാവവും തിരുവിതാംകൂറില്‍ പതിനഞ്ചേക്കറില്‍ താഴെ ഭൂമി പാട്ടത്തിനെടുക്കുകയും അതില്‍ കര്‍ഷത്തൊഴിലാളികള്‍ വഴി കൃഷി നടത്തുകയും ചെയ്യുന്ന നായര്‍ സമുദായത്തിന് ഗുണകരമാകുന്ന തരത്തലായിരുന്നു. 1957-ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ എന്‍.എസ്.എസ് പിന്താങ്ങിയിരുന്നു. ഭൂപരിഷ്‌കരണ ശ്രമങ്ങള്‍ ചര്‍ച്ച ചെയ്ത 1958-ലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലുവ പ്ലീനത്തില്‍ ഇത് രൂക്ഷമായ വാഗ്വാദങ്ങള്‍ക്ക് ഇടയാക്കി. കെ. ദാമോദരന്റെ നേതൃത്വത്തിലുള്ള മലബാര്‍ ഭാഗത്തുനിന്നുള്ള നേതാക്കളും എന്‍.എസ്.എസ് നേതാവ് കൂടിയായിരുന്ന എം.എന്‍ ഗോവിന്ദന്‍ നായരുമായി ഇത് ഭിന്നതയുണ്ടാക്കി. അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയ് ഘോഷ് എം.എന്‍ ഗോവിന്ദന്‍ നായരെ പിന്തുണച്ചുകൊണ്ട് പറഞ്ഞത് തിരുവിതാംകൂറില്‍ ശക്തമായ നായര്‍ സമുദായത്തെ പിണക്കേണ്ടതില്ല എന്നായിരുന്നു. (പേജ് നമ്പര്‍ 106-107, പി.എം മാമ്മന്‍, കമ്യൂണിസം വേഴ്‌സസ് കമ്യൂണലിസം, 1981) വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി ഭൂജന്മിമാരെ പിന്തുണച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി അന്ന് എത്രമാത്രം അയഞ്ഞ സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ഈ നിലപാട് പിന്തുടര്‍ന്നുകൊണ്ട് 1959-ല്‍ കാര്‍ഷികബന്ധ ബില്‍ അവതരിപ്പിക്കുമ്പോള്‍ ഭൂരഹിതരായ ദലിതുകള്‍ക്ക് ഭൂമി നല്‍കുക എന്ന ലക്ഷ്യം അവര്‍ക്കുണ്ടായിരുന്നു എന്ന വാദം അതിശയോക്തി മാത്രമാണ്.

ജാതിയെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുമ്പോള്‍, ടിപ്പു സുല്‍ത്താന്റെ കാലത്തുനിന്നും ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ ജനാധിപത്യ സര്‍ക്കാരിന് കഴിഞ്ഞില്ല എന്നുള്ളതാണ് വസ്തുത. മലബാറിലെ കുടിയാന്‍മാര്‍ക്ക് രണ്ട് നൂറ്റാണ്ടുമുമ്പ് ലഭിച്ച അവകാശത്തിന്റെ പൂര്‍ണതയെന്നു പറയാവുന്ന തരത്തില്‍ ഉടമസ്ഥാവകാശം ലഭിച്ചുവെന്നതും ഭൂപരിധി നിര്‍ണയിച്ചതും മാറ്റി നിര്‍ത്തിയാല്‍, ചരിത്രപരമായി ജാതിവ്യവസ്ഥയാല്‍ ഭൂമിയില്‍ നിന്നൊഴിവാക്കപ്പെട്ടവര്‍ക്ക് ഭൂമി ലഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഭീകരമായ മൗനം തന്നെയാണ് ഭൂപരിഷ്‌കരണത്തിന്റെ കൈകാര്യകര്‍ത്താക്കള്‍ പാലിച്ചതെന്നു കാണാം. കോണ്‍ഗ്രസ്സില്‍ നിന്ന് വ്യത്യസ്തമായി ഭൂമിയുടെ കാര്യത്തില്‍ കമ്യൂണിസ്റ്റുകള്‍ക്കുണ്ട് എന്ന് ദലിതുകള്‍ തെറ്റിധരിച്ച നിലപാട്, മണ്ണില്‍ പണിയെടുക്കുന്നവന് ഭൂമിക്കുമേലുള്ള അവകാശമാണ്. നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന ഗാനം യഥാര്‍ഥത്തില്‍ ദലിതുകള്‍ വിമോചന സ്വപ്നമായി കണ്ടു. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ അണിനിരന്നത് ഏതു പ്രസ്ഥാനത്തിന്റെ കീഴിലാണോ അവര്‍തന്നെ, ദലിതുകള്‍ സ്വപ്നംകണ്ട വിമോചനത്തില്‍ നിന്ന് ഇംഗ്ലീഷ് കവിതയിലെ കുഴലൂത്തുകാരനെപ്പോലെ, ഭൂമിയെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് കൂലിയെന്ന പിന്നീട് മിഥ്യായായി മാറിയ മോഹനസ്വപ്നത്തിലേക്ക് ആട്ടിത്തെളിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി ആരുടെ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണോ ബൂര്‍ഷ്വാ കാര്‍ഷിക ബന്ധ പരിഷ്‌കരണം നടത്തിയത് ആ വിഭാഗങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് ബില്‍ നിയമമായതിന്റെ പിറ്റേന്ന് വിമോചന സമരമാരംഭിച്ചുവെന്നും ഇതോടൊപ്പം കൂട്ടിവായിക്കുക.

ദലിതുകളോട് കാട്ടിയ വഞ്ചനക്ക് കേരളം കൊടുക്കേണ്ടിവന്ന വില വലുതായിരുന്നുവെന്ന് എഴുപതുകള്‍ക്ക് ശേഷമുള്ള കേരളത്തിന്റെ കാര്‍ഷിക സാമ്പത്തിക മേഖല തെളിയിച്ചു. എണ്‍പതുകളുടെ തുടക്കം മുതലേയാരംഭിച്ച കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് ആഗോള വിപണിയെയും കേന്ദ്ര സര്‍ക്കാരിന്റെ നയവൈകല്യങ്ങളെയും മാത്രം കുറ്റപ്പെടുത്തി മുന്നോട്ടുപോയ മുഖ്യധാരാ ഇടതുപക്ഷം ഇന്ന് പ്രതിക്കൂട്ടിലാവുക മാത്രമല്ല ചെയ്യുന്നത്. ജന്മിത്ത കാലത്തുനിന്നും ഭൂമിസംബന്ധമായ വിഷയത്തില്‍ മുന്നോട്ടുപോകാത്ത സാമ്പ്രദായിക വലതു കക്ഷികള്‍ മാത്രം എതിരാളികളായുള്ള കേരളത്തില്‍, ഉത്തരവാദിത്തം ചുമലിലേറ്റേണ്ട ഇടതുപക്ഷത്തെ, ഭൂപരിഷ്‌കരണത്തിന്റെ ഇരകള്‍ വേട്ടയാടുന്ന കാഴ്ചയാണ് നാം കാണുന്നത്. മൂന്നാറിലും ചെങ്ങറയിലും കിനാലൂരിലും മൂലമ്പിള്ളിയിലും ഉയര്‍ന്നു വന്നത് ഭൂമിയുടെ രോദനമാണ്, ഭൂമിയില്‍ നിന്ന് പിഴുതുമാറ്റപ്പെടുന്ന ജൈവമനുഷ്യന്റെ രോദനമാണ്, സഹസ്രാബ്ദങ്ങളായി തങ്ങളുടെ ഭൂമിയില്‍ കാലുകുത്താന്‍ കഴിയാത്തവന്റെ, ദലിതന്റെ രോദനമാണ്.
തുടരും
(ഭൂപരിഷ്‌കരണത്തിന്റെ അനന്തര ഫലങ്ങള്‍-അടുത്ത ലക്കത്തില്‍)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757