Opinion

കിര്‍ത്താഡ്‌സ് വെള്ളാനയായി മാറുമ്പോള്‍ – കെ.ആര്‍ ധന്യ

കേരളത്തില്‍ പട്ടിക വിഭാഗക്കാരുടെ ഉന്നമനത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പഠന ഗവേഷണ കേന്ദ്രമായി സ്ഥാപിതമായ കിര്‍താഡ്സിന്റെ (KIRTADS : Kerala Institute for Research Training & Development Studies of Scheduled Castes and Scheduled Tribes) പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിരന്തരം പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഫണ്ട് ദുര്‍വിനിയോഗം, അനധികൃത നിയമനം, കെടുകാര്യസ്ഥത തുടങ്ങിയവയിലൂടെ മറ്റൊരു വെള്ളാനയായി കിര്‍താഡ്സ് മാറിയിരിക്കുന്നു.

കിര്‍താഡ്സ് പ്രവര്‍ത്തനത്തില്‍ വന്‍ ക്രമക്കേടുകളെന്ന് അക്കൗണ്ടന്റ് ജനറല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്. 17 വര്‍ഷങ്ങള്‍ക്ക് ശേഷം അക്കൗണ്ടന്റ് ജനറല്‍ നടത്തിയ പരിശോധനകളിലാണ് സ്ഥാപനത്തിന്റെ നടത്തിപ്പിലടക്കം വലിയ ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്. വിവിധ പദ്ധതി നടത്തിപ്പുകളിലടക്കം ക്രമക്കേടുകള്‍ ഉണ്ടായതായും സ്ഥാപനത്തിലെ ഭരണസംവിധാനത്തില്‍ വന്‍ വീഴ്ചകള്‍ സംഭവിച്ചതായും ഓഡിറ്റ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. സ്ഥാപനം തുടങ്ങിയതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ ഇതുവരെയായും പൂര്‍ത്തീകരിച്ചില്ല. സര്‍ക്കാര്‍ ഫണ്ട് വിനയോഗിക്കുന്നതില്‍ പോലും പാളിച്ചകള്‍. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മറികടന്ന് പദ്ധതികള്‍ ആവിഷ്‌ക്കരിക്കല്‍. വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ നല്‍കിയ തുക വഴിമാറ്റി ചെലവഴിക്കല്‍. 2018-19 വര്‍ഷത്തെ കിര്‍താഡ്സുമായി ബന്ധപ്പെട്ട എ.ജി റിപ്പോര്‍ട്ടില്‍ നിറയുന്നത് ക്രമക്കേടുകളുടേയും അലംഭാവങ്ങളുടേയും നീണ്ട നിര. ക്രമക്കേടുകള്‍ കണ്ടെത്തിയതിന് ശേഷം പ്രത്യേകം ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി.

പട്ടിക വിഭാഗക്കാരുടെ ഉന്നമനത്തിനും അവര്‍ക്കായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പഠന ഗവേഷണ കേന്ദ്രമായാണ് കിര്‍താഡ്സ് എന്ന സര്‍ക്കാര്‍ സ്ഥാപനം തുടങ്ങുന്നത്. എന്നാല്‍, അതിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സ്ഥാപനത്തിന് വീഴ്ചയുണ്ടായി. പട്ടിക വിഭാഗങ്ങള്‍ക്കായുള്ള വികസന പ്രവര്‍ത്തനങ്ങളും നയങ്ങളും ചിട്ടപ്പെടുത്തുന്നതിന് സഹായകമായ തോതില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ് കിര്‍താഡ്സ്. എന്നാല്‍, ഇത്തരത്തില്‍ സര്‍ക്കാര്‍ നയം ചിട്ടപ്പെടുത്തുന്ന തരത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സ്ഥാപനത്തില്‍ നിന്നുണ്ടായില്ല. ചിലത് ഉണ്ടായിട്ടുണ്ടെങ്കിലും അത് പബ്ലിഷ് ചെയ്യാത്തതിനാല്‍ സ്ഥാപനം ആരംഭിച്ചത് വഴി സര്‍ക്കാര്‍ ഉദ്ദേശിച്ച ലക്ഷ്യം നടപ്പായില്ല എന്ന് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. കിര്‍താഡ്സ് പലവിധ പ്രോജക്ടുകള്‍ തുടങ്ങിയെങ്കിലും അവയൊന്നും സമയബന്ധിതമായി പൂര്‍ത്തീകരിച്ചില്ല. പ്രോജക്ടുകള്‍ക്ക് കാലാവധി നിശ്ചയിക്കാതെ അനന്തമായി നീളുന്നതിനാല്‍ അത് വഴി സര്‍ക്കാരിന് നഷ്ടമുണ്ടാവുന്നു.

സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ പല പദ്ധതികള്‍ക്കായി നല്‍കിയ ഫണ്ടുകള്‍ ചെലവഴിച്ചില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിച്ച പണം പോലും ചെലവഴിക്കാതെ കിടക്കുന്നു. 17 വര്‍ഷം മുമ്പ് പ്രാക്തന ഗോത്ര വിഭാഗങ്ങളെക്കുറിച്ച് പഠിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മൂന്ന ലക്ഷം രൂപ ഇപ്പോഴും ചെലവഴിച്ചിട്ടില്ല. ആ പഠനവും നടന്നില്ല. സ്ഥാപനം നടത്തുന്ന പരിശീലന പരിപാടികള്‍ക്കായി സര്‍ക്കാരില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു. സ്ഥാപനത്തിന്റേതായ ഫയലുകള്‍ സര്‍ക്കാര്‍ ഓഫീസിലെ നടപടി ക്രമമനുസരിച്ചല്ല ഡയറക്ടറിലേക്കെത്തുന്നത്. സ്ഥാപനത്തിന്റെ ഭരണ സംവിധാനത്തില്‍ പാളിച്ചകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വ്യക്തികളുടേയോ സമൂഹത്തിന്റെയോ ജാതി നിര്‍ണയിക്കുന്നതിനുള്ള ഔദ്യോഗിക അംഗീകൃത ഏജന്‍സിയാണ് കിര്‍താഡ്സ്. ജാതി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടതും ജാതി നിര്‍ണയത്തില്‍ സംശയമേര്‍പ്പെട്ടാല്‍ അത് പരിഹരിക്കേണ്ടതും കിര്‍താഡ്സ് ആണ്. എന്നാല്‍, ജാതി നിര്‍ണയവും തര്‍ക്കങ്ങളുമായി എത്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നോ എത്രയെണ്ണം തീര്‍പ്പാക്കിയിട്ടുണ്ടെന്നോ സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ കിര്‍താഡ്സില്‍ ഇല്ലെന്നും ഓഡിറ്റില്‍ വ്യക്തമായി. ജാതിനിര്‍ണയം നടത്തേണ്ട വിഭാഗത്തിന്റെ തലവന് വേണ്ടത്ര യോഗ്യതകളുണ്ടോ എന്ന സംശയവും ഉന്നയിക്കുന്നു. നിയമനങ്ങളിലും പ്രമോഷന്‍ നല്‍കുന്നതിലും പാളിച്ചകളുണ്ട്. പ്രമോഷന്‍ നല്‍കുന്നതില്‍ ഭരണഘടനാ ലംഘനം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടു എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കിര്‍ത്ഡ്സ് ഫയലുകള്‍ പരിശോധിച്ചതില്‍ നിന്ന് അടിമുടി ക്രമക്കേടുകള്‍ ശ്രദ്ധയില്‍പെട്ടതായും റിപ്പോര്‍ട്ട് പറയുന്നു.

മ്യൂസിയത്തിനായുള്ള ഫണ്ട് വകമാറ്റി കെഎല്‍എഫിന്
ആദിവാസി സ്വാതന്ത്ര്യ സമര പോരാളികള്‍ക്കായുള്ള മ്യൂസിയം സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പണം വകമാറ്റി ചെലവഴിച്ചു. കേരളത്തിലെ പ്രധാന പുസ്തക പ്രസാധക സംഘമായ ഡി.സിയുടെ നേതൃത്വത്തില്‍ നടത്തുന്ന കേരള ലിറ്റററി ഫെസ്റ്റില്‍ ഗോത്ര എഴുത്ത് സംഗമം നടത്തുന്നതിനായി അഞ്ചര ലക്ഷത്തിലേറെ (5,57,592 രൂപ) സംഖ്യ കിര്‍താഡ്സ് ഈ ഫണ്ടില്‍ നിന്ന് നല്‍കി എന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. സര്‍ക്കാര്‍ പരിപാടിയല്ലെന്നിരിക്കെ അതില്‍ സംഘടിപ്പിച്ച ഗോത്ര എഴുത്ത് സംഗമത്തിന് കിര്‍താഡ്സ് എന്തിന് പണം നല്‍കി എന്നതിന് വിശദീകരണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘കേരള ലിറ്റററി ഫെസ്റ്റ് സംഘടിപ്പിക്കുന്നതിന് ചെലവായ തുക’ എന്ന പേരിലാണ് കിര്‍താഡ്സ് ബില്ലുകള്‍ പാസ്സാക്കാനായി കൈമാറിയിരിക്കുന്നത്. കെ.എല്‍.എഫ് കോര്‍ഡിനേറ്ററായിരുന്ന സാഹിത്യകാരന് പോലും പരിപാടിയില്‍ പങ്കെടുത്തതിന് പ്രത്യേകം പണം നല്‍കിയിരിക്കുന്നതിന്റെ ബില്ലുകള്‍ ഇതില്‍ പെടും. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള ബുക്ക് വിതരണം ചെയ്യുന്നതിന് 65,000 രൂപയിലധികം പ്രസാധക സംഘത്തിന് നല്‍കി. ഇതിന് പുറമെ ഡെലിഗേറ്റ് ഫീയും യാത്രാ കൂലിയും വിമാന യാത്രക്കുള്ള ചെലവുമുള്‍പ്പെടെ രണ്ടര ലക്ഷത്തിലധികം രൂപ സംഘാടകര്‍ക്ക് നല്‍കിയതായാണ് രേഖകള്‍. കിര്‍താഡ്സ് സ്വന്തം നിലയ്ക്ക് സംഘടിപ്പിക്കുന്ന പരിപാടിയല്ലെന്നിരിക്കെ കേരളത്തില്‍ നടക്കുന്ന ഇത്രയും വലിയ പരിപാടിയുടെ ചെലവ് വഹിക്കാന്‍ കിര്‍താഡ്സ് എടുത്ത തീരുമാനത്തെ റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നു. ഏതെല്ലാം കാര്യങ്ങള്‍ക്കാണ് കിര്‍താഡ്സ് പണം ചെലവഴിച്ചതെന്നതില്‍ വേര്‍തിരിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. സെക്രട്ടറിയുടെ അനുമതി തേടാതെ മ്യൂസിയത്തിനായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ചെലവഴിച്ചത് സംബന്ധിച്ച് സെക്രട്ടറി കിര്‍താഡ്സിനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍, അനുമതി തേടിക്കൊണ്ടുള്ള കത്താണ് ഇതിന് മറുപടിയായി കിര്‍താഡ്‌സില്‍ നിന്ന് സെക്രട്ടറിക്ക് സമര്‍പ്പിച്ചത്. മ്യൂസിയം പദ്ധതിക്കായുള്ള കേന്ദ്ര ഫണ്ട് ചെലവഴിക്കുന്നതില്‍ സ്ഥാപനത്തിന്റെ ഭരണതലത്തില്‍ യാതൊരു വിധ നിയന്ത്രണങ്ങളുമില്ല എന്ന് ഈ കിര്‍താഡ്സിന്റെ മറുപടി തന്നെ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

കിര്‍താഡ്സില്‍ നിര്‍മാണം ആരംഭിക്കാനിരിക്കുന്ന ആദിവാസി സ്വാതന്ത്യ സമര സേനാനികള്‍ക്കായുള്ള മ്യൂസിയവുമായി ബന്ധപ്പെട്ട ക്രമക്കേടുകളും പദ്ധതി തയ്യാറാക്കിയതിലെ പാളിച്ചകളും ഗൗരവത്തോടെ കണക്കാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. കിര്‍താഡ്സില്‍ മ്യൂസിയം നിര്‍മിക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടെ പ്രസംഗത്തെയും ട്രൈബല്‍ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളേയും മറികടന്നായിരുന്നു. പഴശിയുടെ പടത്തലവനായിരുന്ന ആദിവാസി പോരാളി തലക്കല്‍ ചന്തുവിന്റെ പേരില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന മ്യൂസിയം ആദിവാസി മേഖലകളിലേക്ക് മാറ്റുന്ന കാര്യം പുനരാലോചിക്കാന്‍ ട്രൈബല്‍ അഫയേഴ്സ് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യം ആലോചിക്കാതെ കിര്‍താഡ്സ് കാമ്പിസിനുള്ളില്‍ തന്നെ മ്യൂസിയം നിര്‍മിക്കാനുള്ള നടപടികളുമായി കിര്‍താഡ്സ് മുന്നോട്ട് പോവുന്നതിനേയും എ.ജി വിമര്‍ശിക്കുന്നു.

ഓഡിറ്റ് നിരീക്ഷണങ്ങള്‍ ഇങ്ങനെ: ആദിവാസി സ്വാതന്ത്ര്യ സമര സേനാനികള്‍ ജീവിച്ചിരുന്നതോ വലിയ മുന്നേറ്റങ്ങളുണ്ടായതോ ആയ സ്ഥലം കണ്ടെത്തി അവിടെ മ്യൂസിയം സ്ഥാപിക്കണമെന്നായിരുന്നു 2017 ജനുവരി 25ന് മോട്ട സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ നിര്‍ദേശിച്ചിരുന്നത്. ഇതിന് മറുപടിയായി കിര്‍താഡ്സ് ഡയറക്ടര്‍ നല്‍കിയ കത്തില്‍ പഴശിരാജയുടെ പടത്തലവനായിരുന്ന തലക്കല്‍ ചന്തുവിനെ എടുത്ത് പറയുകയും മ്യൂസിയം കിര്‍താഡ്സില്‍ നിര്‍മിക്കാം എന്ന നിര്‍ദേശം വക്കുകയും ചെയ്തു. വയനാട്ടിലെ ആദിവാസി പടത്തലവന് കിര്‍താഡ്സില്‍ മ്യൂസിയം നിര്‍മിക്കാം എന്നായിരുന്നു പ്രൊപ്പോസല്‍. വൈദേശികര്‍ക്കെതിരെ വലിയ പ്രക്ഷോഭങ്ങളുണ്ടായ വയനാടിനോട് അടുത്ത് നില്‍ക്കുന്ന സ്ഥലമാണ് കോഴിക്കോടെന്ന് കാണിച്ചായിരുന്നു കിര്‍താഡ്സില്‍ മ്യൂസിയം സ്ഥാപിക്കാമെന്ന് ശുപാര്‍ശ ചെയ്തത്. പഴശിരാജ ജീവിച്ചിരുന്ന, വലിയ കലാപങ്ങളുണ്ടായ വയനാട്ടില്‍ ഈ മ്യൂസിയം സ്ഥാപിക്കാമെന്ന കാര്യം കിര്‍താഡ്സ് പറഞ്ഞതേയില്ല. തലക്കല്‍ ചന്തു ജീവിച്ചിരുന്നയിടത്ത് മ്യൂസയം നിര്‍മിച്ച് ആദിവാസികള്‍ക്ക് അഭിമാനമാവുന്ന ഒന്ന് ചെയ്തില്ല എന്ന് മാത്രമല്ല ട്രൈബല്‍ മന്ത്രാലയം സ്ഥലം മാറ്റുന്നത് പരിഗണിക്കണമെന്ന നിര്‍ദേശം വീണ്ടും വച്ചെങ്കിലും കാര്യമുണ്ടായില്ല. 2019 ഫെബ്രുവരിയില്‍ നടന്ന യോഗത്തില്‍ പദ്ധതി നടപ്പാക്കുനുദ്ദേശിക്കുന്ന സ്ഥലം മാറ്റുന്നത് പരിഗണിക്കണമെന്ന് ട്രൈബല്‍ മിനിസ്ട്രി ആവശ്യപ്പെട്ടിരുന്നു. ആദിവാസി സംസ്‌കാരവും ചരിത്രവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വയനാട്, അട്ടപ്പാടി, ഇടുക്കി പോലുള്ള സ്ഥലങ്ങളോ അല്ലെങ്കില്‍ ഏതെങ്കിലും വിനോദ സഞ്ചാര കേന്ദ്രമോ ഇതിനായി പരിഗണക്കാനാണ് മന്ത്രാലയം ആവശ്യപ്പെട്ടത്. മലയോര പ്രദേശങ്ങളിലോ വനപ്രദേശങ്ങളിലോ അതിനുതകുന്ന തരത്തിലുള്ള നിര്‍മാണ ശൈലിയാവും നല്ലത് എന്നും അത്തരമൊരു സ്ട്രക്ചര്‍ കിര്‍താഡ്സില്‍ ലഭ്യമായ സ്ഥലത്ത് നിര്‍മിക്കുക അത്ര എളുപ്പമല്ലെന്നും മനസ്സിലാക്കി കൂടിയാണ് ഈ നിര്‍ദേശം മന്ത്രാലയം മുന്നോട്ടുവെച്ചത്. കിര്‍താഡ്സില്‍ അവരുടെ എക്സിബിഷനും മറ്റ് പ്രവര്‍ത്തനങ്ങളും നടത്താനുള്ള സ്ഥലം പരിമിതമാണ്. സാഹചര്യം വിലയിരുത്തി, ദീര്‍ഘ വീക്ഷണത്തോടെയുള്ള നിര്‍ദേശം മന്ത്രാലയം മുന്നോട്ടുവെച്ചെങ്കിലും കിര്‍താഡ്സ് പ്രതിനിധികള്‍ ഇക്കാര്യം പരിഗണിച്ചതേയില്ല.

പദ്ധതിയുടെ ആദ്യ പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നത് മുതല്‍ ക്രമക്കേടുകള്‍ നടന്നതായി ശ്രദ്ധയില്‍ പെട്ടു. 2017 ഏപ്രില്‍ 18ന് ഇത് സംബന്ധിച്ച് നടന്ന യോഗത്തില്‍ ഒരാഴ്ചക്കുള്ളില്‍ പ്രൊപ്പോസല്‍ തയ്യാറാക്കി നല്‍കാന്‍ മന്ത്രാലയം കിര്‍താഡ്സിനോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രാലയം ആവശ്യപ്പെട്ടത് വിശദമായ പ്രൊപ്പോസല്‍ ആണെങ്കിലും കിര്‍താഡ്സ് എട്ട് മാസങ്ങള്‍ക്ക് ശേഷം ഡീറ്റെയ്ല്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുകയായിരുന്നു. ഡി.പി.ആര്‍ തയ്യാറാക്കുന്നതിനായി സ്വകാര്യ വ്യക്തിയെ ഏല്‍പ്പിച്ചതിന്റെ അടിസ്ഥാനവും എ.ജി ചോദ്യം ചെയ്യുന്നു. ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് അഞ്ച് ലക്ഷം രൂപ കണ്ണൂരിലെ എം.കുമാര്‍ ആര്‍ക്കിടെക്ട്സിലെ ടി.വി മധുകുമാര്‍ എന്ന് വ്യക്തിക്ക് നല്‍കി. ആദിവാസി സ്വാതന്ത്ര്യ സമര പോരാളികള്‍ക്കായുള്ള മ്യൂസിയമാണ് മോട്ട ഉദ്ദേശിച്ചിരുന്നതെങ്കിലും കിര്‍താഡ്സ് അഞ്ച് ലക്ഷം രൂപ ചെലവിട്ട് തയ്യാറാക്കിയ ഡി.പി.ആറില്‍ ടിപ്പു സുല്‍ത്താന്റെയും, പഴശിരാജയുടോയും, മേജര്‍ കാമറോണിന്റേയും മ്യൂസിയവും കിര്‍താഡ്സ് കോംപ്ലക്സിന്റെ നവീകരണവും ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചിരുന്നു. ഇത് കൂടാതെ സ്വകാര്യ വ്യക്തിയെക്കൊണ്ട് തയ്യാറാക്കിയ പദ്ധതി രേഖയോട് യോഗം വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. തിടുക്കത്തില്‍, ദീര്‍ഘ വീക്ഷണമില്ലാതെ ലക്ഷങ്ങള്‍ ചെലവഴിച്ച് തയ്യാറാക്കിയ പദ്ധതി രേഖ പിന്നീട് പദ്ധതിയുടെ മുന്നോട്ട് പോക്കില്‍ ഉപയോഗിക്കാന്‍ കഴിയാത്തതായിരുന്നു. മ്യൂസിയം നിര്‍മാണത്തിനുള്ള പ്ലാന്‍, ഡിസൈന്‍, നിര്‍മാണ രീതി, സാങ്കേതിക വിവരങ്ങള്‍ എന്നിവയെല്ലാം തയ്യാറാക്കാന്‍ സിഡിറ്റിനേയും കേരള മ്യൂസിയത്തേയും ചുമതലപ്പെടുത്തേണ്ട നിലവന്നു എന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

പദ്ധതി രേഖയോ ഡിസൈനോ ഒന്നും അന്തിമ തീരുമാനമെത്താതെ നില്‍ക്കുമ്പോള്‍ തന്നെ മ്യൂസിയവുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കുകയും തുക ചെലവഴിക്കുകയും ചെയ്യുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പലവിധ പരിപാടികള്‍ക്കും നിയമനങ്ങള്‍ക്കുമായി തുക ചെലവഴിക്കുന്നത് കാണാനായി. പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള അനുമതി പോലും വാങ്ങാതെയാണ് ഇത് നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ക്രമക്കേടിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും പരാമര്‍ശിക്കുന്നു.

16 കോടി രൂപയുടെ പദ്ധതിയാണ് നിയുക്ത ആദിവാസി സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള മ്യൂസിയം. ഇതില്‍ 7.19 കോടി രൂപ അനുവദിച്ച് ഉത്തരവായിരുന്നു. ഇതില്‍ മ്യൂസിയം നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ വര്‍ക്ക് ഷോപ്പുകള്‍ക്ക് മാത്രം ഏഴ് ലക്ഷം രൂപയിലധികം ഇതേവരെ ചെലവായി. കെ.എല്‍.എഫിനും ഇന്റര്‍നാഷണല്‍ മ്യൂസിയം ഡേ ചിലവുകളും ചേര്‍ന്ന് മറ്റ് പലവിധ ചിലവുകളും ചേര്‍ത്ത് ആകെ 17,26,201 രൂപയും രേഖപ്പെടുത്തിയിരിക്കുന്നു. പ്രാരംഭ ഘട്ടം പോലുമാവാത്ത പദ്ധതിക്കായി ഇത്രയും തുക ചെലവഴിച്ചതെങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757