editorialfeatured

പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന കോടതികള്‍

ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ട് കാലമായി സംഘ്പരിവാര്‍ ആസൂത്രിതമായി രൂപപ്പെടുത്തിയ പദ്ധതിയാണ് സുപ്രീംകോടതി വിധിയോടെ യാഥാര്‍ഥ്യമായിരിക്കുന്നത്. പള്ളിയില്‍ വിഗ്രഹം സ്ഥാപിച്ചതും പള്ളി തകര്‍ത്തതും കയ്യേറിയതും കുറ്റകൃത്യമാണെന്ന് പറയുന്ന വിധിന്യായം അപഹരിച്ചവര്‍ക്ക് തന്നെ തൊണ്ടിമുതല്‍ ദാനം നല്‍കുന്ന വിചിത്രമായ നടപടിയാണ് സ്വീകരി ച്ചത്. രേഖാപരമായ തെളിവുകളും വസ്തുതകളും അടിസ്ഥാനമാക്കി വിധിപ്രസ്താവിക്കേണ്ട കോടതി നീതിയെയും വസ്തുതകളെയും അവഗണിച്ച് പൊതുബോധത്തിനനുസരിച്ചാണ് വിധിയിലെത്തിയത്. നിയമപരമായ നീതിയെന്നതിനപ്പുറത്ത് രാഷ്ട്രീയ പ്രേരണകളുള്ള പ്രശ്ന പരിഹാരമാണ് കോടതി നടത്തിയിരിക്കുന്നത്. എല്ലാ മതവിശ്വാസികളെയും പരിഗണിക്കണമെന്ന് പറഞ്ഞ കോടതി, നഷ്ടപരിഹാരമെന്ന നിലയിലാണ് മുസ്ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി കൊടുക്കാന്‍ ഉത്തരവിട്ടത്. കേസില്‍ ഒരു കക്ഷിയും ആവശ്യപ്പെടാത്തതും കേസുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരമൊരു ദാനം വിധിയിലുണ്ടാക്കുകയും ചെയ്തത് കോടതി ബാബരി പ്രശ്നത്തില്‍ നടപ്പാക്കിയ അനീതിയുടെ വ്യക്തമായ അടയാളമാണ്.

കോടതി വിധി തന്നെ ക്രിമിനല്‍ കുറ്റമായി പറയുന്ന, സംഭവങ്ങളില്‍ പങ്കുണ്ടെന്ന് ലിബര്‍ഹാന്‍ കമീഷനും അന്വേഷണ സംഘവും കണ്ടെത്തിയ സംഘ്നേതാക്കള്‍ ഇപ്പോഴും ശിക്ഷിക്കപ്പെട്ടിട്ടില്ല. രാജ്യത്ത് നടന്ന വളരെ വ്യക്തമായ നിയമലംഘന കേസില്‍ 27 വര്‍ഷമായി വിധിപറയാത്ത സുപ്രീംകോടതി സംഘ്പരിവാറിന് രാഷ്ട്രീയ നേട്ടമുണ്ടാകുന്ന വിധി തട്ടിക്കൂട്ടുകയാണ് ചെയ്തിരിക്കുന്നത്. ബാബരി വിധിയിലുള്ള അനീതിക്ക് പുറമേ വിധിയുടെ മുന്നോടിയായി സര്‍ക്കാരുകളും നിയമപാലകരും രാജ്യ ത്തുണ്ടാക്കിയ അപ്രഖ്യാപിത അടിയന്തരാവസ്ഥയും ചോദ്യം ചെയ്യപ്പെടണം. ജനാധിപത്യത്തിന്റെ ജീവാത്മാവായ വിയോജിക്കാനുള്ള അവകാശത്തെയാണ് അധികാരമുപയോഗി ച്ച് തടഞ്ഞുവെച്ചത്. കോടതിവിധിയിലെ അനീതി ചൂണ്ടിക്കാണിച്ച മുസ്ലിം ചെറുപ്പക്കാര്‍ക്കെതിരെയും ഇടതുപക്ഷ എം.എല്‍.എക്കെതിരെയും ഐ.പി.സി 153 എ വകുപ്പ് പ്രകാരം കേസെടുത്ത കേരളത്തിലെ ഇടതുസര്‍ക്കാര്‍ സംഘ്പദ്ധതികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്. യു.എ.പി.എയുമായി ബന്ധപ്പെട്ട് അടുത്ത കാലത്തുണ്ടായ സംഭവങ്ങളും ഇടത് മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പൊലീസിന്റെ സംഘ്പരിവാര്‍ മഖം വ്യക്തമാക്കുന്നുണ്ട്. കോടതികള്‍ പൊതുബോധത്തെയും സാമൂഹികാധിപത്യമുള്ളവര്‍ ഉണ്ടാക്കിയെടുത്ത ഐതിഹ്യങ്ങളെയും തെളിവുകളായി സ്വീകരിക്കുന്നത് നിയമവ്യവസ്ഥയെയും ജനാധിപത്യത്തെയും ദുര്‍ബലപ്പെടുത്തും. ഇപ്പോള്‍ ബാബരി വിധിയിലും മുമ്പ് അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റാനും സുപ്രീംകോടതി ഇതേ ന്യായം പറഞ്ഞിട്ടുണ്ട്. പൊതുബോധത്തെ തൃപ്തിപ്പെടുത്തുകയെന്നത് കോടതികളുടെ വിധികളുടെ അടിസ്ഥാനമാകുമ്പോള്‍ നീതിയും ന്യായവുമാണ് ഇവിടെ റദ്ദ് ചെയ്യപ്പെടുന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757