Opinionzero hour

കൊല്ലുന്ന രാജാവിന് തിന്നുന്ന മുഖ്യമന്ത്രി – ചാക്യാര്‍

കേരളത്തിന്റെ അതിര്‍ത്തിപ്രദേശമായ വാളയാറില്‍ പതിമൂന്നുവയസുകാരിയായ ദലിത് പെണ്‍കുട്ടിയെ, 2017 ജനുവരി 13ന് ഉത്തരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പത്തിയാറ് ദിവസങ്ങള്‍ക്കുശേഷം മാര്‍ച്ച് 4ന്, അതേ ഉത്തരത്തില്‍ ഒന്‍പത് വയസുകാരിയായ അവളുടെ സഹോദരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രണ്ടുപെണ്‍കുട്ടികളും ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയമായരായിരുന്നു. രണ്ടുപെണ്‍കുട്ടികള്‍ക്കും ആത്മഹത്യ ചെയ്യാനുള്ള പ്രായം പോലുമായിരുന്നില്ല. മച്ചില്‍ കയറി കുരുക്കിടാനുള്ള ഉയരം അവര്‍ക്കുണ്ടായിരുന്നില്ല. ഏഴുപേരാണ് ഈ കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. അവരില്‍ ചിലര്‍ മകളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടതായി മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കുകയും ചെയ്തിരുന്നു. പെണ്‍കുട്ടികള്‍ പക്ഷേ, ഉഭയസമ്മതപ്രകാരം ലൈംഗികവേഴ്ച്ചക്ക് വിധേയമായതായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടുപിടുത്തം. കൊലപാതകത്തെ ആത്മഹത്യയാക്കി പൊലീസ് വേഗം കൈകഴുകുകയും ചെയ്തു. കേസ് സംശയാതീതമായി തെളിയിക്കുന്നതില്‍ പൊലീസിനും പ്രോസിക്യൂഷനും സാധിച്ചില്ലായെന്നായിരുന്നു കോടതി, വിധിന്യായത്തില്‍ വ്യക്തമാക്കിയത്. കാരണം മറ്റൊന്നുമായിരുന്നുമില്ല; എല്ലാം ശരിയാക്കിത്തരാമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരായിരുന്നു വാളയാര്‍ കേസില്‍ അകത്തായിരുന്നത്. പൊലീസിനും പ്രോസികൃൂഷനും നേതൃത്വം നല്‍കുന്നതോ ഇരട്ടചങ്കന്‍ സഖാവ് പിണറായിയും. ബലേ ഭേഷ് ബലേ ഭേഷ് എന്നല്ലാതെ ചാക്യാര് ഇതിനെപറ്റി എന്തുപറയും. അതിര്‍ത്തി പ്രദേശമായ വാളയാറില്‍ നിന്നും വാര്‍ത്തകള്‍ വരാന്‍ വൈകി. കേസിലുള്ള പാര്‍ട്ടിയുടേയും പൊലീസിന്റേയും പ്രോസിക്യൂഷന്റേയും ഒത്തുകളി പിന്നീട് വെളിവായി. സാമൂഹ്യമാധ്യമങ്ങള്‍ സംഭവമേറ്റെടുത്തു. പട്ടിണിപ്പാവങ്ങളുടേയും പണിയെടുക്കുന്നവരുടേയും പക്ഷത്തിനെന്തുപറ്റിയെന്ന് ഇടതുസഹയാത്രികര്‍ തന്നെ ചോദിച്ചുതുടങ്ങി. ഉത്തരത്തില്‍ പിഞ്ചുകുഞ്ഞുങ്ങളെങ്ങിനെ കുരുക്കിടുമെന്ന ചോദ്യത്തിനുമുന്നില്‍ ഉത്തരം കിട്ടാതെ പിണറായി വിയര്‍ത്തു.

ചാക്യാര്‍ ചെറുപ്പത്തില്‍ ബാലമാസികകള്‍ വായിച്ചിട്ടുണ്ട്. അന്ന് ചാക്യാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ശിക്കാരി ശംഭുവായിരുന്നു. ശംഭു ഒരു വേട്ടക്കാരനാണ്, പക്ഷേ ഭീരുവാണ്. പുലിപിടുത്തമായിരുന്നു പ്രധാന ഹോബി. മനസില്ലാ മനസോടെയാണ് പുറപ്പെടുക. പുലിയെ കൊല്ലാനുള്ള പാങ്ങോ പക്വതയോ ഇഷ്ടനുണ്ടായിരുന്നില്ല. വല്ലാത്ത പങ്കപ്പാടിലും അങ്കലാപ്പിലുമായിരിക്കും അയാള്‍ വേട്ടക്ക് പോകുന്നത്. അബദ്ധത്തില്‍ പക്ഷേ, പുലിപ്പിടുത്തം സംഭവിക്കുകയും ചെയ്യും. പിണറായിയുടെ പൊലീസ് വനാന്തരത്തില്‍ മാവോകളെ പിടിക്കാനായി വേട്ടക്കിറങ്ങുമ്പോള്‍ ചാക്യാര്‍ക്ക് എന്താണെന്നറിയില്ല ഓര്‍മ വരുന്നത് ശിക്കാരി ശംഭുവിനെയാണ്. ചാക്യാര്‍ക്ക് ഈ അസുഖം പാര്‍ട്ടിക്ലാസുകളില്‍ സ്ഥിരമായി പങ്കെടുക്കാത്തതുകൊണ്ട് സംഭവിക്കുന്നതാണെന്നാണ് സഖാക്കള്‍ പറയുന്നത്. വാളയാര്‍ പോലെ തന്നെ കേള്‍ക്കാന്‍ രസമുള്ള കഥകളാണ് മാവോ വേട്ട എന്ന പേരില്‍ അരിയാഹാരം കഴിക്കുന്ന മലയാളികളുടെ മനസ്സിലേക്ക് പോലീസ് സമ്മാനിക്കുന്നത്. സസ്‌പെന്‍സ് ത്രില്ലറായ തിരക്കഥകള്‍ രചിക്കാന്‍ ഇരട്ടചങ്കന്റെ പൊലീസിന് വിരുത് കൂടുതലാണ്. രാജാക്കന്മാരോട് ആരെങ്കിലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുന്നയിച്ചാല്‍ പിന്നീടവരുടെ തല കാണാറില്ല. രാജാക്കന്മാര്‍ക്ക് അത്തരം സന്ദര്‍ഭങ്ങളില്‍ ഉപദേശം നല്‍കിയിരുന്നത് മന്ത്രിമാരായിരുന്നുവല്ലോ. അതേ മന്ത്രിമാര്‍ അധികാരക്കസേരയിലെത്തിയപ്പോള്‍ ചോദ്യങ്ങളുന്നയിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് പിടികൂടിയതിനുശേഷം ഏറ്റുമുട്ടല്‍ എന്ന പേരില്‍ കൊലപ്പെടുത്താന്‍ തുടങ്ങി. ഉത്തരേന്ത്യയിലായിരുന്നു ഈ അസുഖം കൂടുതലായി നടന്നിരുന്നത്. പ്രത്യേകിച്ചും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍. ഇവയില്‍ ഭൂരിഭാഗവും വ്യാജഏറ്റുമുട്ടലുകളായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. മണിപ്പൂരില്‍ മാത്രം 1528 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഒന്നാം മോദി ഭരണകാലത്തും രണ്ടാം അമിത് ഷാ ഭരണകാലത്തും ഈ അസുഖം കൂടിക്കൂടി വരികയാണ്.

ഇത്തരം വ്യാജ ഏറ്റുമുട്ടലുകള്‍ക്കെതിരെ വാതോരാതെ വിമര്‍ശിച്ചു നടന്നവരാണ് ഇടതുപക്ഷത്ത് നിലയുറപ്പിച്ചവര്‍. ഇന്ത്യാ രാജ്യത്താണെങ്കില്‍, ഭരണ സിരാകേന്ദ്രത്തിലിരിക്കുന്നവര്‍ ചെങ്കൊടിയേന്തുന്നതും ഇങ്ക്വിലാബ് വിളിക്കുന്നതും ഇപ്പോള്‍ കേരളത്തില്‍ മാത്രമാണ്. ഇടതുപക്ഷത്തിനെന്നും പ്രതിപക്ഷത്തിരിക്കാന്‍ മാത്രമേ അറിയുകയുള്ളൂ. വിജയകരമായി ഒരു ഭരണത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള പാടവം അവര്‍ക്കില്ല. ബംഗാള്‍, ത്രിപുര എന്നതൊക്കെ വെറും ഗ്രൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകള്‍ മാത്രമായി മാറിയത് വെറുതെയൊന്നുമല്ല, ഭരണത്തിലേറിയവരുടെ കയ്യിലിരിപ്പ് കൊണ്ടാണ്. ഭരണം അധികം മുന്നോട്ടുപോയാല്‍ തലപ്പത്തിരിക്കുന്നവര്‍ ഏകാധിപതികളായി മാറുന്നതും ഇടതുപക്ഷത്തിന്റെ മാത്രം പ്രത്യേകതകളില്‍പ്പെട്ടതാണ്. ഈ പ്രവണതകളുടെ ആള്‍രൂപമാണ് സാക്ഷാല്‍ പിണറായി വിജയന്‍.

മാവോ മഹാനായ കമ്യൂണിസ്റ്റെന്നാണ് പാര്‍ട്ടി ക്ലാസുകളില്‍ പണ്ട് പഠിപ്പിച്ചുരുന്നത്. ഇപ്പോള്‍ എതിരാളികളെ കൊല്ലാനും കയ്യാമം വെക്കാനുമുള്ള മഹത്തായ നാമമായി അത് പരിണമിച്ചിരിക്കുന്നു. 1970 കളിലാണ് കേരളത്തില്‍ വര്‍ഗീസ് കൊല്ലപ്പെടുന്നത്. തിരുനെല്ലിക്കാട്ടില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നുവല്ലോ അന്നത്തെ ഭരണകൂടഭാഷ്യം. എന്നാല്‍, മേലുദ്യോഗസ്ഥരുടെ ഉത്തരവുപ്രകാരം, വര്‍ഗീസിനെ പൊലീസ് കസ്റ്റഡിയില്‍ വെടിവെച്ചുകൊന്നതാണെന്ന് റിട്ടയേര്‍ഡ് പൊലീസ് കോണ്‍സ്റ്റബിളായ രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കിയതോടെയാണ് കള്ളക്കളി പുറത്തായത്. സമാനമായ സംഭവം പിന്ന നടക്കുന്നത് 2016 നവംബറിലാണ്. നിലമ്പൂരിലെ കരുളായി വനത്തില്‍ വെച്ച് മാവോനേതാവ് അജിതയേയും കുപ്പുദേവരാജിനേയും പിണറായിയുടെ പൊലീസ് ഏറ്റുമുട്ടിലില്‍ അതിസാഹിസികമായി വധിച്ചു. അജിത എന്ന സ്ത്രീയുടെ ദേഹത്ത് 19 വെടിയുണ്ടകളും കുപ്പുദേവരാജിന്റെ ദേഹത്ത് ഏഴ് വെടിയുണ്ടകളുമാണ് തണ്ടര്‍ബോള്‍ട്ട് തുളച്ചുകയറ്റിയത്. എ.കെ 47 പോലെയുള്ള തോക്കുകളുപയോഗിച്ച് കടുത്ത ആക്രമണമാണ് പൊലീസിനുനേരേ മാവോവാദികള്‍ നടത്തിയത്. ഭാഗ്യത്തിനാണ് കേരള പൊലീസ് ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെട്ടത്. സാഹസികമായ പോരാട്ടമായിട്ടും തെലുങ്ക് സിനിമയിലെ മുഖത്തെ മേക്കപ്പ് പോലും വിയര്‍ത്തുപോകാത്ത നായകനെപോലെ കേരള പൊലീസ് തല ( തടിയല്ല) യുയര്‍ത്തി നിന്നുവത്രെ. 2019 മാര്‍ച്ചില്‍ പിന്നീട് വൈത്തിരിക്കടുത്ത് ലക്കിടിയില്‍ വെച്ച് സി.പി ജലീലിനേയും ഇടതുപക്ഷ പൊലീസ് വെടിവെച്ചുകൊന്നു. ഇപ്പോള്‍ പാലക്കാട് അട്ടപ്പാടി വനമേഖലയിലെ മഞ്ചക്കണ്ടിയില്‍ നാല് മാവോയിസ്റ്റുകളെ വീണ്ടും വെടിവെച്ചുകൊന്നതിന്റെ ഉത്സവലഹരിയില്‍ ബലീകുടീരങ്ങളെ എന്ന വിപ്ലവഗാനം തൊണ്ടപൊട്ടുമാറുച്ചത്തില്‍ ആലപിച്ചുകൊണ്ടിരിക്കുകയാണ് പിണറായിയും കൊടിയേരിയും പാര്‍ട്ടി സഖാക്കളും. മാവോവാദികളെല്ലാവരും വെടിയേറ്റുമരിക്കുന്നത് പുറകില്‍ വെടികൊണ്ടിട്ടാണ്. എന്തുകൊണ്ടാണ് അപ്രകാരം സംഭവിക്കുന്നതെന്ന് ചാക്യാര്‍ക്കറിയാം. വീരശൂരപരാക്രമികളായ പൊലീസുകാര്‍ക്ക് വെടിയുണ്ടയേറ്റിട്ടോ, ഓടുമ്പോള്‍ വീണിട്ടോ ഒരു പരിക്കുപോലും പറ്റാത്തത് എന്തുകൊണ്ടാണെന്നും അറിയാം. വരുംനാളുകളില്‍ മനസാക്ഷിയുള്ള ഏതെങ്കിലും പൊലീസുകാരന്‍ അതു വെളിപ്പെടുത്തുന്നതുവരേ നമുക്ക് കാത്തിരിക്കാം. സഖാവേ, ഇനിയും തുടരണം കേട്ടോ ശിക്കാരി ശംഭു മോഡല്‍ മാവോ വേട്ട. വേട്ടയെ ന്യായീകരിച്ചുകൊണ്ട് നിയമസഭയില്‍ താങ്കള്‍ പറഞ്ഞ ഒരു വാചകത്തിലും വസ്തുതയില്ലെന്ന് താങ്കളുടെ ശരീരഭാഷ കൊണ്ടുതന്നെ വ്യക്തമായിരുന്നു. ഇടതുഭാഗത്തിരിക്കുന്ന കാനത്തിന്റെ സഖാക്കളെപ്പോലും വിശ്വസിപ്പിക്കാന്‍ ആ വാക്കുകള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ പിന്നെയത് ആരു വിശ്വസിക്കുമെന്നാണ് സഖാവ് കരുതുന്നത്.

തീര്‍ന്നില്ല പൊലീസ് നാടകങ്ങള്‍. കേരളത്തില്‍ മാവോസാന്നിധ്യം മണത്തുകണ്ടുപിടിച്ചു ന്യായീകരിക്കേണ്ട സാഹചര്യം വന്നു ആഭ്യന്തരം കയ്യാളുന്ന മന്ത്രിമുഖ്യന്. മുടിനീട്ടിയവരേയും മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവരേയും മാവോ പുസ്തകം വായിക്കുന്നവരേയും മാവോയുടെ പടം വീട്ടില്‍ സൂക്ഷിക്കുന്നവരേയും നിരീക്ഷിച്ചു മാവോ പട്ടം നല്‍കാനുള്ള ഉത്തരവ് രഹസ്യമായി പൊലീസിന് സഖാവ് നല്‍കി. ഇത്തവണം പട്ടം പൊലീസ് ചാര്‍ത്തിനല്‍കിയതില്‍ വലിയ പിശക് സംഭവിച്ചു. മുസ്‌ലിം പേരുകാരായ രണ്ടു വിദ്യാര്‍ഥികളെ പിടിച്ച് യു.എ.പി.എ അങ്ങ് ചാര്‍ത്തികൊടുത്തു. പാവം പിളേളര് എസ്.എഫ്.ഐക്കാരായിരുന്നുവെന്ന് തിരച്ചറിയാനുള്ള സാവകാശം ശിക്കാരി പൊലിസിന് ലഭിച്ചില്ല. തങ്ങളുടേത് എന്നും ദാസ് കാപ്പിറ്റല്‍ ഓതാറുള്ള പാര്‍ട്ടി കുടുംബമാണെന്നും മക്കള്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ചെല്ലുവിളിയില്‍ വളര്‍ന്നവരാണെന്നും മാതാപിതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും നിലവിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറി, സഖാക്കളുടെ വീട്ടിലെത്തി പിന്തുണയറിയിച്ചു. പഞ്ചായത്തംഗം മുതല്‍ പോളിറ്റ്ബ്യൂറോ വരേയുള്ളവരും പാവം ബേബിയും, തങ്ങള്‍ യു.എ.പി.എക്കെതിരാണെന്ന് ചാനലിലും ചടങ്ങുകളിലും നാല്‍പ്പതുവട്ടം ആവര്‍ത്തിച്ചു. പക്ഷേ, കോഴി കൂകിയതും പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ പിണറായി കണ്ണുതുറുപ്പിച്ചു. പാവം സഖാക്കളുടെ നാവിറങ്ങി. ഇപ്പോള്‍ വിഘടനാവാദികളും പ്രതിക്രിയാവാദികളും പ്രഥമാദൃഷ്ട്യാ അകല്‍ച്ചയായിരിന്നുവെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നുവെന്ന താത്വികമായ അവലോകന പതിവുപല്ലവിയുമായി അണികളേയും ജനങ്ങളേയും വിശ്വസിപ്പിക്കുകയാണ് പാവം സഖാക്കള്‍. യു.എ.പി.എ മുര്‍ദാബാദ് എന്ന് ഇടതുചേര്‍ന്നും, പൊലീസ് സിന്ദാബാദ് വലത്തുമാറിയും ഉച്ചത്തില്‍ വിളിച്ചോളൂ കേട്ടോ. സിദ്ധാന്തവാശികള്‍ ദ്രവച്ചില്ലാതായിപോകട്ടെ.

പിണറായിയേയും മോദിയേയും താരതമ്യം ചെയ്യുന്ന പഠനങ്ങളും നിരീക്ഷണങ്ങളും പുറത്തുവരുന്നത് പാര്‍ട്ടി ബുദ്ധിജീവികള്‍ ശ്രദ്ധിക്കുന്നുണ്ടാകുമല്ലോ അല്ലേ. മോദി ചെയ്യുന്നതൊന്നും ചെയ്യാനല്ല ഇടതുപക്ഷ സര്‍ക്കാര്‍, എന്ന് കാനം പറഞ്ഞതിന്റെ സൂചന മനസ്സിലായിക്കാണുമല്ലോ. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്നും വിമര്‍ശനമുയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ചാക്യാരതങ്ങ് തിരുത്തിപ്പറയുകയാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മുഖ്യമന്ത്രി.
യു.എ.പി.എയൊന്നും ചുമത്തപ്പെട്ടില്ലെങ്കില്‍ അടുത്ത ലക്കത്തില്‍ വീണ്ടും കാണാം. ലാല്‍സലാം.

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757