Opinion

ബാബരി മസ്ജിദ് വിധി; വിചാരണ ചെയ്യേണ്ട രാഷ്ട്രീയ വിധി – കെ.ടി ഹുസൈന്‍

ബാബരി മസ്ജിദ് പ്രശ്നത്തില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായത് തികച്ചും അന്യായമായ വിധിയാണെങ്കിലും ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതീക്ഷിച്ചത് തന്നെയാണ്. കയ്യൂക്കുള്ളവന്‍ കാര്യക്കാരനാകുന്ന കാട്ടിലെ, ഇപ്പോള്‍ നമ്മുടെ നാട്ടിലെയും നിയമത്തിന് സുപ്രീം കോടതിയും മേലൊപ്പ് ചാര്‍ത്തുക മാത്രമാണ് ചരിത്രപരം എന്ന് കൊട്ടിഘോഷിക്കപ്പെട്ട ബാബരി മസ്ജിദ് വിധിയിലൂടെ കോടതി ചെയ്തിരിക്കുന്നത്.
1949-ല്‍ ബാബരി മസ്ജിദില്‍ വിഗ്രഹം കൊണ്ടിട്ടത് കുറ്റകരമായ പ്രവൃത്തിയാണ്. 1992-ല്‍ ബാബരി മസ്ജിദ് പൊളിച്ചത് അതിലേറെ കുറ്റകരം. ബാബരി മസ്ജിദ് സ്ഥിതിചെയ്യുന്ന തര്‍ക്കഭൂമി ഏതെങ്കിലും കാലത്ത് ഹിന്ദുക്കള്‍ കൈവശം വെച്ചതിനും തെളിവില്ല. ബാബരി മസ്ജിദിന് താഴെ ഹൈന്ദ ക്ഷേത്രമുണ്ടായിരുന്നതിനും തെളിവില്ല. എന്നാല്‍, ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലം അടക്കമുള്ള തര്‍ക്ക ഭൂമി മുഴുവനായും കയ്യേ റ്റക്കാര്‍ക്ക് രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുക്കണം. പകരം അയോധ്യയിലെവിടെയോ മുസ്ലിംകള്‍ക്ക് പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി ദാനമായി നല്‍കണം ഇതാണ് ആയിരത്തിന് മുകളില്‍ പേജ് വരുന്ന സുപ്രീം കോടതി വിധിയുടെ കാതല്‍.

ഈ വിധിയെ നീതി എന്ന് പറയുന്നത് പോയിട്ട് സമവായം എന്ന് പോലും പറയാന്‍ കഴിയില്ല. കയ്യേ റ്റത്തിന് അംഗീകാരം നല്‍കുന്ന അക്രമപരമായ വിധി എന്നേ ഇതിനെ കുറിച്ച് പറയാനാകൂ. ഈ അന്യായമായ വിധിയിലെത്താന്‍ വിചിത്രമായ വാദങ്ങളും തെളിവുകളുമാണ് സുപ്രീം കോടതി മുന്നോട്ട് വെക്കുന്നത്. ചരിത്രാതീത കാലത്ത് ജനിച്ചതായി പറയപ്പെടുന്ന രാമന്റെ ജന്മസ്ഥലം ബാബരി മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമിയാണെന്ന കാര്യത്തില്‍ കോടതിക്ക് യാതൊരു സംശയവുമില്ല. ബാബരി മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമിക്ക് താഴെ ഇസ്ലാമികമല്ലാത്ത കെട്ടിട്ടങ്ങളുടെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഖനനത്തിലൂടെ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇത്രയുമാണ് കയ്യറ്റ ഭൂമി കയ്യേറ്റക്കാര്‍ക്ക് തന്നെ വിട്ടുകൊടുക്കാന്‍ കോടതി കണ്ടെത്തിയ ന്യായം. മുസ്ലിംകള്‍ക്ക് അവരുടെ അവകാശം നിഷേധിക്കാനുള്ള ന്യായം അതിലേറെ വിചിത്രമാണ്. 1528-ല്‍ മീര്‍ബാഖി പണിതതാണ് പള്ളി എന്നതിന് തെളിവുണ്ട്. 1949 ഡിസംബറില്‍ പള്ളിയില്‍ വിഗ്രഹം കൊണ്ടിടുന്നതുവരെ മുസ്ലിംകള്‍ നമസ്‌കരിച്ചതിനും തെളിവുണ്ട്. പക്ഷേ, 1857ന് മുമ്പ് ബാബരി മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമി മുസ്ലിംകളുടെ കൈവശത്തിലായിരുന്നുവെന്ന് തെളിയിക്കാന്‍ മുസ്ലിംകള്‍ക്ക് സാധിച്ചില്ല എന്ന് പറഞ്ഞുകൊണ്ടാണ് കോടതി, ബാബരി മസ്ജിദിന് മേലുള്ള അവകാശം മുസ്ലിംകള്‍ക്ക് നിഷേധിച്ചത്. ഇവിടെ 1857 എന്ന തിയതി തെരെഞ്ഞടുത്തതിന് പ്രത്യകം ഉദ്ദേശ്യമുണ്ട് എന്ന് വേണം കരുതാന്‍. രണ്ട് നൂറ്റാണ്ട് മുമ്പ് ജീവിച്ചവരാരും ഇന്ന് ജീവിച്ചിരിപ്പില്ല എന്ന് കോടതിക്കറിയാം. മറ്റൊന്ന് ബാബരി മസ്ജിദ് സ്ഥിതിചെയ്യുന്ന ഫൈസാബാദ്, 1857ലെ ഒന്നാം സ്വാതന്ത്ര സമരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. ആ സമരം ബ്രട്ടീഷുകാര്‍ അടിച്ചമര്‍ത്തിയപ്പോള്‍ അതിന്റെ ഭാഗമായി പല രേഖകളും അവര്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. മീര്‍ബാഖി പണിതു എന്നതിനും അവിടെ നമസ്‌കാരം നടന്നു എന്നതും അല്ലാതെ കൈവശാവകാശത്തിന്റെ വല്ല രേഖയും ഉണ്ടായിരുന്നുവെങ്കില്‍ തന്നെ അത് നശിപ്പിക്കപ്പെട്ടിരിക്കാം എന്ന് കോടതി കൃത്യമായും ഊഹിച്ചതിന്റെ അടിസ്ഥനത്തിലാണ് 1857 എന്ന തിയതിയെ അടിസ്ഥാനമാക്കിയത് എന്ന് വേണം കരുതാന്‍.

കോടതി ഒരു വസ്തുവിന്റെ മേലുള്ള അവകാശത്തര്‍ക്കത്തില്‍ സാധാരണ സിവില്‍ കേസിനെ പോലെ വസ്തുതകളെയും തെളിവുകളെയുമാണ് ആധാരമാക്കിയിരുന്നത് എങ്കില്‍ 1949ല്‍ തല്‍പരകക്ഷികള്‍ വിഗ്രഹം സൂത്രത്തില്‍ കൊണ്ടിടുന്നതുവരെ മുസ്‌ലിംകള്‍ ആരാധന നടത്തിയിരുന്നുവെന്ന ഒറ്റത്തെളിവിന്റെ അടിസഥാനത്തില്‍ തന്നെ ബാബരി മസ്ജിദിന് മേലുള്ള മുസ്ലിംകളുടെ അവകാശം കോടതി സ്ഥാപിക്കുമായിരുന്നു. ഇനി അല്ല, സമവായമാണ് കോടതിയുടെ ലക്ഷ്യമെങ്കില്‍ നീതിയല്ലെങ്കില്‍ പോലും അലഹബാദ് ഹൈക്കോടതി ചെയ്തത് പോലെ തര്‍ക്കഭൂമി കക്ഷികള്‍ക്കിടയില്‍ വീതം വെക്കുകയെങ്കിലും ചെയ്യുമായിരുന്നു. ഇത് രണ്ടുമല്ല പരമോന്നത കോടതി ചെയ്തത്, മറിച്ച് കയ്യേറ്റക്കാര്‍ക്ക് അവര്‍ ബലാല്‍ക്കാരം കയ്യടക്കിയ വസ്തുവിന് മേലുള്ള അവകാശം അന്യായമായി അംഗീകരിച്ച് കൊടുക്കുകയായിരുന്നു. അതിനാല്‍ ഈ വിധിയെ ഒരു നിയമ വിധിയായി ഒരിക്കലും കാണാന്‍ കഴിയില്ല, മറിച്ച് ഒരു രാഷ്ട്രീയ വിധി മാത്രമാണിത്. അതായത് ഭരണകൂടത്തിന്റെ ഇംഗിതം അനുസരിച്ചുള്ള വിധി. കാരണം, രാമക്ഷേത്രം മുഖ്യ ആയുധമാക്കി പ്രക്ഷോഭം ആരംഭിക്കുകയും ആ പ്രക്ഷോഭത്തിന്റെ ഒരു ഘട്ടത്തില്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയേയും നിയമ വാഴ്ചയേയും പരസ്യമായി വെല്ലുവിളിച്ച് ബാബരി മസ്ജിദ് തകര്‍ക്കുകയും ചെയ്ത വര്‍ഗീയ ക്ഷുദ്ര ശക്തികളാണ് ഇന്ന് അധികാരത്തിലുള്ളത്. അവരാകട്ട ഇപ്പോള്‍ നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിന്റെ രണ്ട് നെടുംതൂണുകളായ ലജിസ്ലേറ്റീവിനെയും എക്സിക്യൂട്ടീവിനേയും പൂര്‍ണമായും വരുതിയിലാക്കി രാജ്യത്ത് അക്ഷരാര്‍ഥത്തി ല്‍ ഒരു ഫാസിസ്റ്റ് ഭരണം നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭവുമാണ്. ജൂഡിഷ്യറി മാത്രം അതില്‍ നിന്ന് വഴിമാറി സഞ്ചരിക്കുമെന്ന് നമ്മളാരെങ്കിലും കരുതിയെങ്കില്‍ അതില്‍ യാതൊരര്‍ഥവുമില്ലെന്നാണ് സുപ്രീം കോടതി സംശയ ലേശമന്യേ ഈ വിധിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഇംഗിതമാണ് ബാബരി മസ്ജിദ് പ്രശ്നത്തില്‍ സുപ്രീം കോടതി വിധിയായി പുറത്ത് വന്നിരിക്കുന്നത്. അതിനാല്‍ നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ ഭരണകൂട ഇടപെടലുകളെ ജനാധിപത്യപരമായി ചോദ്യം ചെയ്യാമെങ്കില്‍ അവരുടെ ഇംഗിതം നടപ്പാക്കുന്ന കോടതി വിധിയും ചോദ്യം ചെയ്തേ പറ്റൂ.

കോടതി വിധി മറിച്ചാണെങ്കില്‍ അത് ഇന്നത്തെ സാഹചര്യത്തില്‍ നടപ്പിലാക്കുക പ്രയാസമായിരിക്കുമെന്നും കോടതി കണക്ക് കൂട്ടിയിട്ടുണ്ടാകും. കാരണം, രാമക്ഷേത്ര പ്രശ്‌നത്തെ അധികാരത്തിലേക്ക് ചവിട്ടുപടിയാക്കിയവരാണല്ലോ ഇന്ന് കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലുള്ളത്. മാത്രമല്ല, രാമജന്മഭൂമി പ്രശ്നത്തിന് കോടതിക്ക് യാതൊരു കാര്യവുമില്ലെന്നും അത് വിശ്വാസത്തിന്റെ പ്രശ്നം മാത്രമാണെന്നും തുടക്കത്തിലേ പറഞ്ഞവരാണ് ഹിന്ദുത്വ കക്ഷികള്‍. അതിനാല്‍ കോടതി വിധി അവര്‍ക്കെതിരാണെങ്കില്‍ അവര്‍ അതംഗീകരിക്കുകയില്ലെന്ന് മാത്രമല്ല അതിനെ അക്രമാസക്തമായ നേരിടുമെന്നും കോടതി ചിന്തിച്ചിട്ടുണ്ടാകും. മുസ്ലിം പക്ഷമാകട്ടെ കോടതിയില്‍ തുടക്കം മുതലെ വിശ്വാസമര്‍പ്പിച്ചവരായതിനാല്‍ തങ്ങള്‍ ആ വിശ്വാസത്തെ വഞ്ചിച്ചാല്‍ പോലും അവര്‍ സ്വാഭാവികമായും അതിനെ എതിര്‍ക്കുകയില്ലെന്നും അവര്‍ കണക്ക്കൂട്ടി. അങ്ങനെയാണ് സുപ്രീം കോടതിയിലെ അഞ്ച് ജഡ്ജിമാരും ഏകകണ്ഠമായി കയ്യൂക്കുള്ളവന്റെ കൂടെ നില്‍ക്കാന്‍ തീരുമാനിച്ചത്. ശബരിമല വിഷയത്തില്‍ വിശ്വാസം പ്രശ്‌നമായി കാണാതെ തുല്യാവകാശത്തോടപ്പം നിന്ന പരമോന്നത കോടതി തന്നെയാണ് ഇവിടെ ഒരു വിഭാഗത്തിന്റെ വിശ്വാസം മാത്രം കണക്കിലെടുത്ത് മറുഭാഗത്തിന്റെ മുഴുവന്‍ അവകാശങ്ങളും റദ്ദ് ചെയ്ത് സ്വാതന്ത്ര ഇന്ത്യകണ്ട ഏറ്റവും വലിയ കയ്യേറ്റത്തിന് അംഗീകാരം നല്‍കിയത്. പക്ഷേ, അതിലൂടെ നമ്മുടെ നീതിന്യായ സംവിധാനത്തിന് പറ്റിയ കളങ്കം അടുത്തകാലത്തൊന്നും നീങ്ങിപ്പോകുമെന്ന് തോന്നുന്നില്ല. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ രണ്ട് നെടുംതൂണുകളായ ലജിസ്ലേറ്റീവിനും എക്സിക്യൂട്ടീവിനും ഏറ്റ തീരാകളങ്കമായിരുന്നെങ്കില്‍ അതിന്റെ മൂന്നാം തൂണായ ജൂഡീഷ്യറിക്കേറ്റ തീരാകളങ്കമാണ് സുപ്രീം കോടതിയുടെ ബാബരി മസ്ജിദ് വിധി. കാരണം, ഇന്ത്യയെ ജനാധിപത്യ മതേതര ഘടനയില്‍ നില നിര്‍ത്തുന്നതിന് ജനങ്ങളുടെ അവസാന പ്രതീക്ഷ പരമോന്നത കോടതിയിലായിരുന്നു. എന്നാല്‍, ഒരു ഫാസിസ്റ്റ് ഭരണത്തില്‍ ജൂഡീഷ്യറിക്ക് മാത്രം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നത് വെറും മൂഢവിശ്വാസമാണെന്നതിനാണ് ഈ കോടതി വിധി അടിവരയിട്ടിരിക്കുന്നത്. അതിനാല്‍ കോടതി വിധി മാനിക്കുമ്പോഴും നമ്മുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം അര്‍ഥപൂര്‍ണമാകണമെങ്കില്‍ ഈ വിധിയെ വിചാരണ ചെയ്തേ് പറ്റൂ.

ആരാധനാലയങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും അക്രമാസക്തരായ ജനക്കൂട്ടത്താല്‍ തകര്‍ക്കപ്പെട്ടിരിക്കാം. പക്ഷേ, ഭരണകൂടങ്ങള്‍ അത് പുതുക്കിപ്പണിത് പ്രായശ്ചിത്തം ചെയ്തതാണ് ചരിത്രത്തിലെയും വര്‍ത്തമാനത്തിലെയും അനുഭവം. നമ്മുടെ അയല്‍ രാജ്യമായ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും വരെ അപ്രകാരം തകര്‍ക്കപെട്ട ഹിന്ദു-സിക്ക് ക്ഷേത്രങ്ങള്‍ ഭരണകൂടം ഇടപെട്ട് പുതുക്കിപ്പണിത് കൊടുത്ത് അനുഭവമുണ്ടായിട്ടുണ്ട്. എന്നാല്‍, ജനാധിപത്യത്തിന്റെയും മതേതരത്വേത്തിന്റെയും പേരില്‍ മേനിനടിക്കുന്ന ഇന്ത്യയില്‍ ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ ജനക്കൂട്ടം ഒരു പള്ളി തകര്‍ക്കുകയും നീണ്ട ഇരുപത്തിയേഴ് വര്‍ഷത്തിനുശേഷം ആ കയ്യേറ്റത്തിന് നമ്മുടെ പരമോന്നത കോടതി തന്നെ അംഗീകാരം നല്‍കുകയും ചെയ്തിരിക്കുകയാണ്. എന്നിട്ടും നമ്മുടെ രാജ്യത്തിന് മതേര ജനാധിപത്യ രാജ്യമാണ് എന്ന് ഇനിയും അവകാശപ്പെടാന്‍ വല്ല അര്‍ഹതയുമുണ്ടാകണമെങ്കില്‍ ജനങ്ങല്‍ ഈ കോടതി വിധിയെ ചോദ്യം ചെയ്തേ പറ്റൂ.

പാര്‍ലമെന്റ് ആക്രമണത്തില്‍ നിരപരാധിയാണെന്ന് കോടതിക്ക് തന്നെ ബോധ്യം വന്ന അഫ്‌സല്‍ ഗുരുവെന്ന കാശ്മീരി യുവാവിനെ സുപ്രീം കോടതി പൊതുബോധത്തെ ത്യപ്തിപ്പെടുത്താന്‍ കഴുമരത്തിലേറ്റിയതുപോലെ ഇപ്പോള്‍ അതേ പൊതുബോധത്തെ ത്യപ്തിപ്പെടുത്താന്‍ വേണ്ടി സുപ്രീം കോടതി ബാബരി മസ്ജിദിന്റെ സ്ഥലവും ഭൂമിയും കയ്യേറ്റക്കാര്‍ക്ക് നിയമാനുസൃതം വിട്ടുകൊടുത്തിരിക്കുന്നുവെന്നതിലപ്പുറം യാതൊരു പവിത്രതയും ഈ കോടതി വിധിക്കില്ല. കയ്യൂക്കുള്ളവന്‍ കാര്യക്കാര്‍ എന്ന കാട്ടിലെ നിയമം തന്നെയാണ് ഫസിസ്റ്റ് ഭരണത്തില്‍ നാട്ടിലും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757