Opinion

നീതിയും വസ്തുതകളും പുറത്താക്കപ്പെട്ട വിധിന്യായം – ഹമീദ് വാണിയമ്പലം

അയോധ്യയിലെ ബാബരി മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമിയില്‍ ക്ഷേത്രം പണിയാന്‍ അനുമതി നല്‍കികൊണ്ടുള്ള നവംബര്‍ ഒമ്പതിലെ സുപ്രീം കോടതി വിധി ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികളെ അമ്പരപ്പിച്ചിരിക്കുക്കയാണ്. ഭരണഘടനയിലും അത് മുന്നോട്ടുവെക്കുന്ന മൂല്യങ്ങളിലും ജനാധിപത്യ അവകാശങ്ങളിലും വിശ്വാസമര്‍പ്പിച്ച ജനകോടികളെ നിരാശയില്‍ ആഴ്ത്തുന്ന വിധിയാണ് ദൗര്‍ഭാഗ്യവശാല്‍ രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ക്ഷേത്രം പൊളിച്ചല്ല പള്ളി നിര്‍മിച്ചതെന്നും ഹിന്ദുത്വ തീവ്രവാദികള്‍ പള്ളി പൊളിച്ചത് നിയമവിരുദ്ധമാണെന്നും കണ്ടെത്തിയ കോടതി പക്ഷേ, ഈ രണ്ട് നിര്‍ണായക വസ്തുതകള്‍ പരിഗണിക്കാതെയാണ് അന്തിമ വിധിയായി പ്രസ്താവിച്ചിരിക്കുന്നത്.

1949 ഡിസംബറില്‍ അയോധ്യയിലെ ബാബരി മസ്ജിദില്‍ അതിക്രമിച്ചുകയറി വിഗ്രഹം സ്ഥാപിച്ചതും 1992 ഡിസംബര്‍ ആറിന് സംഘ്പരിവാര്‍ പള്ളിതന്നെ പൊളിച്ചുകളഞ്ഞതും നിയമവിരുദ്ധമെന്നായിരുന്നു ഇന്ത്യയുടെ പരമോന്നത നീതിപീഠം കണ്ടെത്തിയത്. അയോധ്യയില്‍ ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന 2.77 ഏക്കര്‍ ഭൂമി രാമക്ഷേത്ര നിര്‍മാണത്തിന് നല്‍കണമെന്നും പകരം പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചത്. തര്‍ക്ക ഭൂമിയെ മൂന്നായി വിഭജിച്ച 2010ലെ അലഹാബാദ് ഹൈകോടതിയുടെ വിധി തെറ്റെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ േെഗാഗായി അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരാണുള്ളത്. ബാബരി മസ്ജിദ് നിര്‍മിക്കപ്പെട്ടത് ഒഴിഞ്ഞ സ്ഥലത്തായിരുന്നില്ല. മറ്റൊരു നിര്‍മിതിയുടെ മുകളിലായിരുന്നു. പള്ളിക്കു കീഴിലുണ്ടെന്ന് കണ്ടെത്തിയ ആ നിര്‍മിതി ക്ഷേത്രമാണെന്ന് തെളിവില്ല. പള്ളി പണിതത് ഹിന്ദുക്ഷേത്രം തകര്‍ത്തിട്ടാണോ എന്ന കാര്യം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) രേഖപ്പെടുത്തിയിട്ടില്ല. 1215 നൂറ്റാണ്ടുകള്‍ക്കിടയില്‍ നടന്ന നിര്‍മിതികളെ കുറിച്ച് വ്യക്തമായ തെളിവുകളില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
1949 ഡിസംബറില്‍ ബാബരി മസ്ജിദില്‍ മുസ്‌ലിംകളെ നമസ്‌കരിക്കാന്‍ അനുവദിക്കാതെ തടസ്സപ്പെടുത്തിയെന്ന വഖഫ് ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് വിധിയില്‍ സുപ്രീംകോടതി എടുത്തുപറയുകയും ചെയ്തു. 1949 ഡിസംബര്‍ 16 വരെയാണ് പള്ളിയില്‍ നമസ്‌കാരം നടന്നത്. 1949 ഡിസംബര്‍ 22നും 23നും ഇടയിലുള്ള അര്‍ധരാത്രി ഹിന്ദു വിഗ്രഹങ്ങള്‍ സ്ഥാപിച്ചാണ് മുസ്‌ലിംകളെ പള്ളിയില്‍നിന്നും പള്ളി കൈവശം വെക്കുന്നതില്‍നിന്നും പുറത്താക്കിയത്. നിയമപരമായ നടപടിയിലൂടെയായിരുന്നില്ല ആ പുറത്താക്കല്‍, മറിച്ച് അവരുടെ ആരാധനസ്ഥലത്തുനിന്ന് ഒഴിവാക്കാനുള്ള ആസൂത്രണം ചെയ്ത പ്രവൃത്തിയായിരുന്നു. ക്രിമിനല്‍ നടപടിക്രമം 145 പ്രകാരം തുടര്‍ന്ന് കൈക്കൊണ്ട നിയമനടപടിയില്‍ പള്ളിയുടെ നടുമുറ്റവും പള്ളിയും റിസീവര്‍ക്ക് കീഴിലാക്കി. അതേസമയം പ്രതിഷ്ഠിച്ച വിഗ്രഹങ്ങളെ പൂജിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കുകയും ചെയ്തു.

ഈ കേസ് കോടതിയില്‍ നിലനില്‍ക്കേ പള്ളിയുടെ മുഴുവന്‍ കെട്ടിടവും തകര്‍ത്തത് ഒരു പൊതു ആരാധാനാ സ്ഥലം തകര്‍ക്കണമെന്ന ഉദ്ദേശത്തോടുകൂടിയാണ്.450 വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച ഒരു പള്ളിയില്‍നിന്ന് തെറ്റായ രീതിയിലാണ് അവരെ പുറത്താക്കിയതെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. വിധിയില്‍ ഇതൊക്കെ എടുത്ത് പറഞ്ഞിട്ടും, മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും അനീതിക്ക് ഇരയാക്കപ്പെടുകയും ചെയ്തവര്‍ക്ക് നീതി ലഭ്യമാകുന്നതായിരുന്നില്ല വിധി.
ജനാധിപത്യ നീതിശാസ്ത്രത്തിന്റെ ചരിത്രത്തില്‍ നിയമത്തിനും ചരിത്രാധിഷ്ഠിതമായ തെളിവുകള്‍ക്കും അപ്പുറം മതവിശ്വാസത്തെ മാത്രം പരിഗണിക്കുന്നതാണ് കോടതിയില്‍ കണ്ടത്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ നീതി വിധിക്കുന്ന പരമോന്നത കോടതിയുടെ നീതിന്യായ വ്യവഹാരത്തിലെ കീഴ്‌വഴക്കങ്ങളാണിവിടെ അട്ടിമറിക്കപ്പെട്ടത്. മതേതരത്വവും ജനാധിപത്യവും നീതിയും പരിഗണിക്കുന്നതാകണം കോടതി വിധികളുടെ അടിസ്ഥാനം. ഒരു സമൂഹത്തിന്റെ മൗലികമായ അവകാശങ്ങളും അന്യായമായി നിഷേധിക്കപ്പെടുകയാണുണ്ടായത്. രാജ്യത്തിന്റെ പരമോന്നതമായ ഭരണഘടനയില്‍ വിശ്വസിച്ചവര്‍ക്കിവിടെ നീതിയും വസ്തുതകളും ബലികഴിക്കപ്പെട്ടു എന്ന തോന്നലുകളാണുള്ളത്.
ബാബരി മസ്ജിദ് പൊളിച്ചത് തെറ്റ് എന്ന് പറഞ്ഞ കോടതി തന്നെയാണ് പള്ളി ഇരുന്ന സ്ഥലത്ത് ക്ഷേത്രം പണിയാന്‍ അനുവാദം നല്‍കിയതും. സംഘ്പരിവാറിന് ഇതൊരു പാരിതോഷികല്ലാതെ മറ്റെന്താണ്, ബി.ജെ.പിക്കും സംഘ്പരിവാറിനും ഈ വിധി നല്‍കുന്ന ആഹ്ലാദം ചെറുതല്ല, ഒരു ചരിത്രസ്മാരകത്തെയും ഒരു സമുഹത്തിന്റെ മൗലിക സ്വാതന്ത്ര്യവും ആരാധന ഇടവും തകര്‍ത്തവരുടെ ക്രിമിനല്‍ കുറ്റകൃത്യങ്ങളെ ജുഡീഷ്യറി സാധുവാക്കിയെന്ന തരത്തിലായിരുന്നു ഫാസിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നുവന്ന പ്രതികരണങ്ങള്‍. അതിനവസരം കൊടുക്കുന്ന നിലപാടുകള്‍ പരമോന്നത നീതിപീഠത്തില്‍ നിന്നുതന്നെ വന്നുവെന്നത് ജനാധിപത്യ മതേതര സമൂഹത്തിനും, വിവേകമതികളായ ജനങ്ങള്‍ക്കും ആശങ്കയും വേദനയുമാണ് നല്‍കുന്നത്. ഒപ്പം ജുഡീഷ്യറിയുടെ നിഷ്പക്ഷതയിലും നീതിനിഷ്ഠയിലും അവര്‍ക്കുള്ളില്‍ സംശയം ജനിപ്പിക്കുകയും ചെയ്യും.

ഇത് രാജ്യത്തെ മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല, മറിച്ച് ഭരണഘടന അവകാശങ്ങളുടെ പ്രശ്‌നമാണ് എന്ന തിരിച്ചറിവിലേക്ക് പൊതുസമൂഹം എത്തേണ്ടതുണ്ട്. അതിന്റെ തുടര്‍ച്ചയായി, ഈ വിഷയത്തില്‍ രാജ്യത്തെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികളുടെ മുന്‍കൈയില്‍ പുനഃപരിശോധന ഹരജി ഉള്‍പ്പെടെയുള്ള തുടര്‍ നീക്കങ്ങള്‍ അനിവാര്യമായും ഉണ്ടാകേണ്ടതുണ്ട്. ഇപ്പോള്‍ പുറത്ത് വന്ന വിധി ഭരണഘടന ബെഞ്ചിന്റെ അന്തിമ വിധി ആണെങ്കിലും നിയമപരമായ സാധ്യതകള്‍ ഇനിയും ബാക്കിയുണ്ട്. ശബരിമല വിഷയത്തില്‍ ഭരണഘടന ബെഞ്ചിന്റെ അഞ്ചംഗ വിധിക്കെതിരായ പുനഃപരിശോധന ഹരജികള്‍ സുപ്രീംകോടതി പരിഗണിച്ച സാഹചര്യത്തില്‍ വിശേഷിച്ചും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757