keralanewszero hour

മുഖ്യമന്ത്രി കൂടുതല്‍ മൂലധന നിക്ഷേപത്തിന് ക്ഷണിച്ചത് ചാലക്കുടി പുഴയെ മലിനമാക്കുന്ന എന്‍.ജി.ഐ.എല്‍ കമ്പനിയെ

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്തുന്നതിനുവേണ്ടി ജപ്പാന്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നിക്ഷേപം സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നത് കേരളത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന, ചാലക്കുടി പുഴയെ മലിനമാക്കുന്ന നിറ്റ ജലാറ്റിന്‍ കമ്പനിയില്‍നിന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ജപ്പാനിലെ ഒസാക്കയില്‍ സംഘടിപ്പിച്ച നിക്ഷേപ സെമിനാറില്‍ നിറ്റ ജലാറ്റിന്‍ കമ്പനി 200 കോടിയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിറ്റ ജലാറ്റിന്‍ കമ്പനി ഡയറക്ടര്‍ ഹിരോഷി നിറ്റയാണ് പ്രഖ്യാപനം നടത്തിയത്. ചാലക്കുടി പുഴയെ മലിനമാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് നിറ്റ ജലാറ്റിന്‍. ഇതിനെതിരെ നാട്ടുകാര്‍ ഒന്നടങ്കം സമരത്തിലാണ്. പലഘട്ടത്തിലും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം പ്രവര്‍ത്തനം നിര്‍ത്തിവെച്ച കമ്പനി കോടതികളില്‍നിന്ന് പ്രത്യേക അനുകൂല വിധി സമ്പാദിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. കമ്പനി സ്ഥിതിചെയ്യുന്ന കാടുകുറ്റി പഞ്ചായത്ത് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.

കാതിക്കുടത്ത് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഐ.ല്‍ കമ്പനി

നിറ്റ ജലാറ്റിന്‍ കമ്പനിയില്‍നിന്ന് കൂടുതല്‍ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തിനെതിരെ ഇടത് സഹയാത്രികര്‍ അടക്കം നിരവധിപേര്‍ ഇതിനകം രംഗത്തു വന്നിട്ടുണ്ട്. വിഷയത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഇടത് സഹയാത്രികനുമായ എന്‍.മാധവന്‍കുട്ടി പ്രതികരച്ചു. ‘കേരളത്തില്‍ കൂടുതല്‍ മൂലധനം ഇറക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച ജാപ്പനീസ് കമ്പനികളില്‍ ഒന്ന് നിറ്റാ ജലാറ്റിന്‍ എന്ന കമ്പനിയാണെന്ന് കണ്ടു. കേരളത്തില്‍ ഇപ്പൊള്‍ ഉള്ള അവരുടെ ജലാറ്റിന്‍ കമ്പനി ചാലക്കുടി പുഴയെ മലിനികരിക്കുന്നതിന്റെ പേരില്‍ നിരന്തരം ജനങ്ങളുടെ എതിര്‍പ്പ് നേരിടുന്ന ഒരു കമ്പനിയാണ്. അവരുടെ മുതല്‍മുടക്ക് ഇതേ രംഗത്താണനെങ്കില്‍ അതു സ്‌നേഹപൂര്‍വം നിരസിക്കണം’ എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്.

നിറ്റ ജലാറ്റിന്‍ കമ്പനിക്ക് വീണ്ടും കേരളത്തില്‍ കൂടുതല്‍ വ്യവസായങ്ങള്‍ തുടങ്ങാന്‍ അവസരമൊരുക്കുന്നത് കേരളത്തിലെ ജനങ്ങളോട് ചെയ്യുന്ന ചതിയായിരിക്കുമെന്ന് കാതിക്കുടം സമര സമിതിനേതാവ് അനില്‍ കാതിക്കുടം പ്രതികരിച്ചു. നിറ്റ ജലാറ്റിന്‍ കമ്പനിയില്‍നിന്ന് കൂടുതല്‍ നിക്ഷേപം സ്വീകരിക്കുകയാണെങ്കില്‍ അത് കമ്പനി കാതിക്കുടത്ത് നിയവിരുദ്ധമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ സാധൂകരിക്കലാകുമെന്നും എന്‍.ജി.ഐ.എല്‍ കമ്പനിക്ക് അനുകൂലമായ സമീപനം സ്വീകരിക്കാന്‍ വേണ്ടി സര്‍ക്കാരിനെ സ്വാധീകരിക്കാനുള്ള ശ്രമമാണ് ഇതിനുപിന്നിലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി തൃശൂര്‍ ജില്ല പ്രസിഡണ്ട് എം.കെ അസ്‌ലം പ്രതികരിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757