featuredOpinion

രാമേക്ഷത്രത്തിനായുള്ള പിന്‍വാതില്‍ നീക്കങ്ങള്‍ – ഹസനുല്‍ ബന്ന

ജീവനുള്ള മനുഷ്യര്‍ രണ്ട് പക്ഷമായി നിന്ന് ഒരു ഭൂമിക്കായി നടത്തിയ നിയമയുദ്ധത്തിനൊടുവില്‍ ഇരുഭാഗത്തും നിന്ന മനുഷ്യര്‍ക്ക് നല്‍കാതെ അചേതനമായ രാം ലല്ല വിരാജ്മാന്‍ എന്ന രാമ പ്രതിഷ്ഠക്ക് നല്‍കിയ വിധി ലോകത്തെ നീതിന്യായ കോടതികളുടെ ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്തതാണ്. ബാബരി മസ്ജിദിനുള്ളില്‍ രാമവിഗ്രഹം കൊണ്ടിട്ടത് പോലെ തന്നെ നടന്ന ഒരു ആസൂത്രിത നീക്കത്തിലൂടെയാണ് രാമ വിഗ്രഹം ബാബരി ഭൂമി കേസില്‍ കക്ഷിയായി പ്രത്യക്ഷപ്പെടുന്നതും ഒടുവില്‍ 2.77ഏക്കര്‍ ഭൂമിയുടെ കൈശാവകാശവുമായി പോകുന്നതും. ഗോപാല്‍ സിംഗ് വിശാരദ് എന്ന രാമ ഭക്തന്‍ 1949ല്‍ ബാബരി ഭുമിക്ക് മേല്‍ അവകാശവാദമുന്നയിച്ച് കേസ് ഫയല്‍ ചെയ്യുമ്പോള്‍ ചിത്രത്തിലില്ലാതിരുന്ന രാമ വിഗ്രഹം എന്ന ഒരു കക്ഷി നാല് പതിറ്റാണ്ട് കഴിഞ്ഞ് ബാബരി ഭൂമി കേസില്‍ പ്രത്യക്ഷപ്പെടുന്നത് പിന്നില്‍ നടന്ന നീക്കങ്ങള്‍ കൂടിയറിയുമ്പോഴാണ് ഇപ്പോള്‍ പുറപ്പെടുവിച്ച വിധിയിലെ നിയമവശങ്ങള്‍ ചികയുന്നത് അര്‍ഥശൂന്യാമണെന്ന് നമുക്ക് ബോധ്യമാകുക.

തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്തെ ദലിതുകള്‍ അയിത്തം സഹിക്കവയ്യാതെ കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് മത പരിവര്‍ത്തനം നടത്തിയതിന് തിരിച്ചടി നല്‍കാന്‍ വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) ഏറ്റെടുത്ത് നടപ്പാക്കിയ അജണ്ടയായിരുന്നു രാമക്ഷേത്ര പ്രസ്ഥാനം. ബി.ജെ.പിയുടെ പ്രഥമ പ്രസിഡണ്ടും ഇന്ത്യയുടെ പ്രഥമ ബി.ജെ.പി പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്‌പേയി തൊട്ട് സംഘ്പരിവാറിന്റെ ഒട്ടുമിക്ക നേതാക്കളും മീനാക്ഷിപുരത്ത് പോയി വന്ന ശേഷം ഹിന്ദുക്കളെ ഏകോപിപിക്കാന്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമായയിരുന്നു ഇത്. ദലിതുകളുടെ മത പരിവര്‍ത്തനം ഇസ്‌ലാമിന്റെ ഭീഷണിയായി കണ്ട് അത് തടയാന്‍ ഹിന്ദുക്കളുടെ ഏകീകരണമാണ് പരിഹാരമെന്ന് ഡല്‍ഹിയിലെ വിജഞാന്‍ ഭവനില്‍ നടന്ന ധരം സന്‍സദ് തീര്‍പ്പിലെത്തി. അശോക് സിംഗാളായിരുന്നു മുഖ്യ സംഘാടകന്‍.

ഹിന്ദുസമൂഹത്തെ ഏകോപിപ്പിക്കുന്നതിനുള്ള പെരുമാറ്റ ചട്ടം ഉണ്ടാക്കാന്‍ തീരുമാനിച്ച ധരം സന്‍സദ് ഹിന്ദുക്കളുടെ മുന്ന് വിശുദ്ധ സ്ഥലങ്ങള്‍ക്കായി അവകാശവാദമുന്നയിക്കാന്‍ തീരുമാനിച്ചു. അതിലൊന്നാമത്തേതായി രാമജന്മഭൂമി. അതോടെയാണ് ബാബരി ഭുമിയില്‍ ആരാധനാ സ്വാതന്ത്ര്യത്തിനായി മാത്രം ഹിന്ദുപക്ഷം തുടങ്ങിയ നിയമ യുദ്ധം രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ ഭാഗമാക്കാന്‍ വിശ്വ ഹിന്ദു പരിഷത്ത് എന്ന ഹിന്ദുത്വ തീവ്രവാദ സംഘടന രാം ലല്ല വിരാജ്മാന്‍ എന്ന കക്ഷിയെ രംഗത്തിറക്കുന്നത്. അലഹാബാദ് ഹൈകോടതി ജഡ്ജിയായിരുന്ന ദേവകി നന്ദന്‍ അഗര്‍വാള്‍ വിശ്വ ഹിന്ദു പരിഷത്ത് ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡണ്ടായിരിക്കേ നടത്തിയ നീക്കമായിരുന്നു ഇത്. ഹരജി നല്‍കിയത് വി.എച്ച്്.പി പ്രസിഡണ്ടാണെങ്കിലും അന്ന് മുതല്‍ കക്ഷി രാമവിഗ്രഹമായി.

കേസിന്റെ ഗതി മാറ്റിയ കക്ഷിയായി രാമ വിഗ്രഹം
ഒരു വിഗ്രഹത്തിന് ഇന്ത്യയിലെ ഏതൊരു പൗരനുമുള്ള ഭരണഘടനാപരമായ എല്ലാ അവകാശങ്ങളുമുണ്ടെന്ന നിയമോപദേശത്തില്‍ മുന്‍ അലഹാബാദ് ഹൈകോടതി ജഡ്ജിയായ ദേവകി നന്ദന്‍ അഗര്‍വാളിന്റെ ബുദ്ധിയിലുദിച്ച ആശയമായിരുന്നു ഇത്. പരമ്പരാഗതമായി ബാബരി മസ്ജിദിനകത്ത് പൂജ നടത്തി വന്നിരുന്ന നിര്‍മോഹി അഖാഡയെ സംഘ്പരിവാറിന്റെ ചൊല്‍പടിക്ക് കിട്ടില്ലെന്നും ഭൂമിക്ക് മേലുള്ള കൈവശാവകാശം അവര്‍ക്ക് കിട്ടിയാലും അത് കൊണ്ട് രാജ്യത്തെ ഹിന്ദു ഏകീകരണത്തിന് കഴിയില്ലെന്നുമുള്ള തിരിച്ചറിവില്‍ നിന്നുടലെടുത്ത ആശയം. ഇപ്പോള്‍ കേന്ദ്ര മന്ത്രിയായ രവി ശങ്കര്‍ പ്രസാദായിരുന്നു അലഹാബാദ് ഹൈകോടതിയില്‍ രാമ വിഗ്രഹത്തിന് വേണ്ടി ഹാജരായിരുന്നത്. അലഹാബാദ് ഹൈകോടതിയില്‍ നിന്ന് സേവനം കഴിഞ്ഞിറങ്ങിയ ന്യായാധിപെന്റെ ഹരജിയില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികളായി വന്ന ജഡ്ജമാരില്‍ നിന്ന് പ്രതീക്ഷിച്ച അനുകൂല ഫലം ലക്‌നോ ബെഞ്ചിന്റെ വിധിയായി പുറത്തുവന്നു. ഭൂമി കൈവശമുള്ള സുന്നി വഖഫ് ബോര്‍ഡിനും പൂജ നടത്തി വന്ന നിര്‍മോഹി അഖാാഡക്കും പുറമെ രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ രാമ വിഗ്രഹത്തിനും മൂന്നിലൊരു ഓഹരി കിട്ടി.

ആ വിധിക്കെതിരെ സുപ്രീംകോടതിയില്‍ സുന്നി വഖഫ് ബോര്‍ഡും നിര്‍മോഹി അഖാഡയും അപ്പീല്‍ സമര്‍പ്പിച്ച പോലെ രാമ വിഗ്രഹത്തിന് വേണ്ടി സംഘ് പരിവാറും അപ്പീലുമായി വന്നു. രാമമ വിഗ്രഹ പക്ഷക്കാരനായി കേസില്‍ നിന്ന വി.എച്ച്.പി നേതാവ് ദേവകി നന്ദന്‍ അഗര്‍വാള്‍ മരിച്ചപ്പോള്‍ ആ സ്ഥാനത്ത് തന്നെ കക്ഷിയാക്കണമെന്ന് ആവശ്യമുയര്‍ത്തി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കേസില്‍ ഇടപെട്ടു തുടങ്ങി. മോദി സര്‍ക്കാര്‍ സുപ്രീംകോടതി ജഡ്ജിയാക്കിയ ജസ്റ്റിസ് യു.യു ലളിത് അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ദേവകി നന്ദന്‍ അഗര്‍വാളിന് പകരം സ്വാമിയെ കക്ഷിയാക്കി. ബാബരി ഭൂമി കേസില്‍ സംഘ്പരിവാര്‍ അഭിഭാഷകനായിരുന്നു ജഡ്ജിയാകും മുമ്പ് യു.യു ലളിത്. അതിന് ശേഷം ബാബരി മസ്ജിദുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും കക്ഷിയെന്ന നിലയില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി. ബാബരി ഭുമി കേസ് അന്തിമ വിചാരണക്ക് വെച്ച ജഡ്ജിമാരുടെ പട്ടികയില്‍ ജസ്റ്റിസ് യു.യു ലളിതുമണ്ടായിരുന്നു. താല്‍പര്യങ്ങളുടെ ഏറ്റുമുട്ടലുണ്ടാകുമെന്നറിഞ്ഞിട്ടും ജസ്റ്റിസ് യു.യു ലളിതിനെ ബാബരി ഭുമി കേസില്‍ ബെഞ്ചിലിട്ടത് സുന്നി വഖഫ് ബോര്‍ഡ് ചോദ്യം ചെയ്തപ്പോള്‍ മാത്രമാണ് അദ്ദേഹം അതില്‍ നിന്ന് പിന്മാറിയത്. ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബി.ജെ.പി, വി.എച്ച്.പി നേതാക്കള്‍ക്കെതിരായ കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ചില്‍ നിന്ന് നേതൃത്വം നല്‍കുന്ന ജഡ്ജി തന്നെ പിന്മാറിയിരുന്നു. കാരണമൊന്നും വ്യക്തമാക്കാതെയായിരുന്നു ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ഗോപാല ഗൗഡയുടെ പിന്മാറ്റം.
ഇതിനിടയില്‍ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂറിന്റെ മുന്നില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി ഹരജിയുമായെത്തിയിരുന്നു. തകര്‍ത്ത ബാബരി മസ്ജിദ് മറ്റെവിടേക്കെങ്കിലും മാറ്റി സ്ഥാപിച്ച് തല്‍സ്ഥാനത്ത് രാമക്ഷേത്രം തന്നെ നിര്‍മിക്കാന്‍ അനുവദിക്കണമെന്ന് സ്വാമി ഈ ഹരജിയിലാണ് ആവശ്യപ്പെട്ടത്. സരയൂ നദീതീരത്ത് മറ്റെവിടെയും ബാബരി മസ്ജിദ് നിര്‍മിക്കാമെന്നാണ് സ്വാമി ഹരജിയില്‍ ബോധിപ്പിച്ചത്. ബാബരിമസ്ജിദുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീംകോടതിയില്‍ അഞ്ചര വര്‍ഷമായി കെട്ടിക്കിടക്കുകയാണെന്നും അതിനാല്‍ നിത്യേന വാദം കേള്‍ക്കണമെന്നും സ്വാമി ബോധിപ്പിച്ചു. അതാണ് അക്ഷരം പ്രതി ചീഫ് ജസ്റ്റിസ് കസേരയില്‍ രഞ്ജന്‍ ഗോഗോയി എത്തിയപ്പോള്‍ നിറവേറ്റിയത്.

പള്ളി പൊളിച്ച് തല്‍സ്ഥാനത്ത് കര്‍സേവകര്‍ സ്ഥാപിച്ച അയോധ്യയിലെ താല്‍ക്കാലിക ക്ഷേത്രത്തിന്റെ അറ്റകുറ്റപണി നടത്താന്‍ സ്വാമി സമര്‍പ്പിച്ച അപേക്ഷ അംഗീകരിച്ച് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ക്ഷേത്രത്തിലത്തെുന്ന തീര്‍ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയതിന് പിറകെയായിരുന്നു ജസ്റ്റിസ് അനില്‍ ആര്‍ ദവെയുടെ ഈ ഉത്തരവ്. താല്‍ക്കാലിക ക്ഷേത്രത്തിന്റെ അറ്റകുറ്റപണിക്ക് ഫൈസാബാദ് ജില്ലാ മജിസ്‌ട്രേട്ട് നേതൃത്വം വഹിക്കണമെന്നും മേല്‍നോട്ടത്തിനായി രണ്ട് സ്വതന്ത്ര നിരീക്ഷകരെ വെക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കുടിവെള്ളവും കക്കൂസുകളും പോലുള്ള അടിസ്ഥാന സൗകര്യങ്ങളും പോലുമില്ലാതെ രാമഭക്തര്‍ പ്രയാസപ്പെടുകയാണെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ മതിയായ സൗകര്യങ്ങള്‍ ചെയ്യാത്തതുകൊണ്ടാണിതെന്നും സ്വാമി വാദിച്ചു.

സംഘ്പരിവാറിന്റെ
ഒത്തുതീര്‍പ്പ് നാടകങ്ങള്‍

ബാബരി ഭൂമി കേസില്‍ ആദ്യ ഘട്ടത്തില്‍ ഒത്തു തീര്‍പ്പ് നാടകങ്ങള്‍ക്ക് പിന്നിലും സ്വാമിയായിരുന്നു. ശ്രീ ശ്രീ രവിശങ്കറിനെ ഇറക്കി നടത്തിയ ആ ഒത്തുതീര്‍പ്പ് നീക്കത്തില്‍ ഭൂമി വിട്ടു നല്‍കാന്‍ മുസ്‌ലിം പക്ഷത്തെ നേതാക്കള്‍ക്ക് രവിശങ്കര്‍ കോടികള്‍വാഗ്ദാനം ചെയ്തത് പുറത്തുവന്നപ്പോഴാണ് ആ മധ്യസ്ഥ നീക്കം പൊളിഞ്ഞത്. പിന്നീട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി മധ്യസ്ഥതക്ക് ഉത്തരവിട്ടേപ്പാഴും ശ്രീ ശ്രീ രവിശങ്കര്‍ അതില്‍ അംഗമായി വന്നത് സംഘ്പരിവാറിന് വേണ്ടി നിരന്തരം മധ്യസ്ഥം നടത്തുന്ന വ്യക്തി എന്ന നിലയിലായിരുന്നു. ജസ്റ്റിസ് ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ മൂന്നംഗ മധ്യസ്ഥ സമിതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചുവായിരുന്നു മൂന്നാമന്‍. ചെയര്‍മാന്‍ മാപ്പു സാക്ഷിയായി നിന്നപ്പോള്‍ മറ്റു രണ്ട് അംഗങ്ങളും സംഘ്പരിവാറിനായി ഇറങ്ങിക്കളിച്ചു. സമിതിയുടെ മധ്യസ്ഥ നീക്കം പരാജയപ്പെട്ടപ്പോഴാണ് സുപ്രീംകോടതി അന്തിമവാദത്തിലേക്ക് കടന്നത്. എന്നാല്‍, വാദം പകുതിയായ ശേഷം രണ്ടാമത്തെ മധ്യസ്ഥത്തിന് മുന്നംഗ സമിതി പഞ്ചു മുഖേന വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി അനുമതി നല്‍കിയെങ്കിലും കേസില്‍ കക്ഷികളായ സുന്നീ വഖഫ് ബോര്‍ഡും നിര്‍മോഹി അഖാഡയും രാം ലല്ലയും ചര്‍ച്ചക്ക് തയാറായില്ല. അതോടെ മുസ്‌ലിം പക്ഷത്ത് ഭിന്നതയുണ്ടാക്കാനായി നീക്കങ്ങള്‍.

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകെന്റെ മേല്‍നോട്ടത്തില്‍ വഖഫ് ബോര്‍ഡ് ഭൂമി വിട്ടുകൊടുത്ത് കേസില്‍ നിന്ന് പിന്മാറാന്‍ ചെയര്‍പേഴ്‌സണ്‍ നടത്തിയ നാടകം അതിന്റെ ഭാഗമായിരുന്നു. ബാബരി ഭൂമി കേസില്‍ അന്തിമ വാദത്തിന്റെ അവസാന ദിവസമായിരുന്നു അത്. ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിനെ അറിയിക്കാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയും ബാബരി ഭൂമി ഹിന്ദു പക്ഷത്തിന് വിട്ടുകൊടുത്ത് കേസില്‍ നിന്ന് പിന്മാറാന്‍ ചെയര്‍പേഴ്‌സണ്‍ സഫര്‍ അഹ്മദ് ഫാറൂഖി നടത്തിയ ആ നീക്കം ഫലം കണ്ടില്ല. ബാബരി ഭൂമി കേസില്‍ സുപ്രീംകോടതി മധ്യസ്ഥനായി നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചുവാണ് സഫര്‍ ഫാറൂഖിയെ ഉപയോഗിച്ച് ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് കേസില്‍ നിന്ന് പിന്മാറാനും മധ്യസ്ഥതക്ക് സുന്നികളെ തയാറാക്കാനുമുള്ള നീക്കം നടത്തിയത്. ഇതിനായി ചെയര്‍പേഴ്‌സണ് സംരക്ഷണം ഉറപ്പാക്കുന്നതിന് രണ്ട് ദിവസം മുെമ്പ ശ്രീറാം പഞ്ചു സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ചെയര്‍പേഴ്‌സണ് സംരക്ഷണം ഉറപ്പുവരുത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തു. സര്‍ക്കാരും സംഘ്പരിവാറും ചേര്‍ന്ന് കളിച്ച ഇത്തരം കളികളാണ് 1980കള്‍ വരെ ചിത്രത്തിലില്ലാത്ത രാമ വിഗ്രഹം എന്ന സാങ്കല്‍പിക കക്ഷിക്ക് ഒരു മസ്ജിദിന്റെ ഭൂമിയുടെ വൈവശാകാശം പതിച്ചു കൊടുക്കാനുള്ള നീതിയും ന്യായവുമില്ലാത്ത ഒരു വിധിയിലേക്ക് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പരോമന്നത നീതിപീഠത്തെ നയിച്ചത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757