newspravasi

വെല്‍ഫെയര്‍ കേരള കുവൈത്ത് വാര്‍ഷിക സമ്മേളനത്തിന് പ്രൗഢോജ്വല പരിസമാപ്തി

കുവൈത്ത് സിറ്റി: വെല്‍ഫെയര്‍ കേരള കുവൈത്ത് ആറാം വാര്‍ഷിക സമ്മേളനത്തിന് പ്രൗഡോജ്വലമായ പരിസമാപ്തി. കുവൈത്ത് സിറ്റി മംഗഫ് നജാത്ത് സ്‌കൂളില്‍ സംഘടിപ്പിച്ച സമ്മേളനം കവി സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടന വിഭാവനം ചെയ്യുന്ന സാംസ്‌കാരിക മൂല്യങ്ങളെയും വൈവിധ്യങ്ങളെയും തകര്‍ക്കുന്നതോടെ ആര്‍ഷ ഭാരതം എന്ന സങ്കല്‍പം തന്നെയാണ് ഇല്ലാതാകുന്നതെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. വൈവിധ്യമാര്‍ന്ന ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ ഫാഷിസ്റ്റ് ശക്തികള്‍ ഒന്നൊന്നായി തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഉച്ചത്തില്‍ തുറന്നു സംസാരിക്കുക എന്നതാണ് ഏറ്റവും വലിയ ജനാധിപത്യം. തെരഞ്ഞെടുപ്പില്‍ ജയിച്ചതു കൊണ്ടുമാത്രം ഒരാള്‍ ജനങ്ങളുടെ യഥാര്‍ഥ പ്രതിനിധിയാകുന്നില്ല. എത്രകണ്ട് ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്നുവോ അത്രത്തോളം മാത്രമേ ജനപ്രതിനിധിയെന്ന സ്ഥാനത്തിന് അര്‍ഹതയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡണ്ട് റസീന മുഹ്‌യുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. മാവോവാദി വേട്ടയുടെ പേരില്‍ കേരളത്തില്‍ നടന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൊലപാതകങ്ങളാണെന്നും യു.എ.പി.എ പോലുള്ള ഭീകരനിയമങ്ങള്‍ ഉപയോഗിച്ച് നടത്തിയ അറസ്റ്റുകള്‍ സൂചിപ്പിക്കുന്നത് കേരള പൊലീസില്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലെന്നും പൊലീസ് നടപ്പാക്കുന്നത് സംഘ്പരിവാര്‍ അജണ്ടകളാളെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ കേരളയുടെ സേവന വിഭാഗമായ ടീം വെല്‍ഫെയര്‍ തീം അവതരണവും ഔദ്യോഗിക പ്രഖ്യാപനവും വേദിയില്‍വെച്ച് നടന്നു. തുച്ഛവരുമാനക്കാരായ പ്രവാസികള്‍ക്ക് വ്യവസ്ഥാപിതമായി നിക്ഷേപ സൗകര്യമൊരുക്കുന്ന പ്രവാസി സഞ്ചയിക പദ്ധതിയുടെ ഫ്‌ളെയര്‍ പ്രകാശനവും വെല്‍ഫെയര്‍ കേരള കുവൈറ്റ് ആറാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സാല്‍മിയ മേഖല നടത്തുന്ന മെഗാ പെയിന്റിംഗ് മത്സരത്തിന്റെ ഫ്‌ളയര്‍ പ്രകാശനവും സച്ചിദാനന്ദന്‍ നിര്‍വഹിച്ചു. സഞ്ചയിക ചെയര്‍മാന്‍ കെ. അബ്ദുറഹ്മാന്‍ പദ്ധതി വിശദീകരിച്ചു. ദീര്‍ഘ കാലമായി പ്രവാസിയായിരുന്നിട്ടും വീട് പണിയാന്‍ സാധിക്കാത്ത പ്രവാസികള്‍ക്കായുള്ള ഭവന നിര്‍മാണ പദ്ധതി ‘ വെല്‍ഫെയര്‍ ഹോം’ ഫ്‌ളയര്‍ പ്രകാശനം കെ.എ ശഫീഖ് നിര്‍വഹിച്ചു. ഖലീല്‍ റഹ്മാന്‍ പദ്ധതി വിശദീകരിച്ചു. കേന്ദ്ര ജനറല്‍ സെക്രട്ടറി ഗിരീഷ് വയനാട്, ട്രഷറര്‍ വിഷ്ണു നടേശ് എന്നിവര്‍ അതിഥികള്‍ക്ക് ഉപഹാരം നല്‍കി.

തെരഞ്ഞെടുക്കപ്പെട്ട പ്രവാസി വനിത സംരംഭകരായ മുംതസ് ജമാല്‍, മൈമൂന ഫിറോസ് എന്നിവരെ ഗ്രാന്‍ഡ് ഹൈപ്പര്‍ എം.ഡി അയൂബ് കച്ചേരി, സുനീര്‍ കാന്‍ഡി എന്നിവര്‍ ഉപഹാരം നല്‍കി ആദരിച്ചു. മണി കോഴിക്കോടിന്റെ സംവിധാനത്തില്‍ സംഗീത ശില്‍പം അവതരിപ്പിച്ചു. സെക്രട്ടറി സ്മിതയുടെ നേതൃത്വത്തില്‍ മുഖ്‌സിത്, റാഹിദ്, ജോയി ഫ്രാന്‍സിസ്, അജിത്ത് കോഴിക്കോട്, നബാസ ഖാദര്‍, ഗീതാ പ്രശാന്ത്, ഗിരിജ, സീനത്ത്, ലാലി, വിജയകുമാരി, ജെസി, നൈറ ഫാത്തിമ, ലുജൈന്‍ എന്നിവര്‍ സംഗീത ശില്‍പത്തില്‍ അണിനിരന്നു. വെല്‍ഫെയര്‍ കേരള കുവൈത്ത് ജനറല്‍ സെക്രട്ടറി അന്‍വര്‍ ഷാജി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അന്‍വര്‍ സഈദ് നന്ദിയും പറഞ്ഞു. നേരത്തേ, സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച വനിത സംരഭകത്വ ശില്‍പശാല ഏറെ ശ്രദ്ധയാകര്‍ഷിച്ചു. നിരവധി വനിതകള്‍ പങ്കെടുത്ത ശില്‍പശാല കുവൈത്തിലെ സന്നദ്ധ സംഘടനയായ എന്‍വിയുടെ റിലേഷന്‍ഷിപ് ആന്‍ഡ് ട്രൈനിങ് മാനേജര്‍ അലനോര്‍ ബര്‍ട്ടന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രവാസം സോഷ്യല്‍ ഓഡിറ്റിങും ശ്രദ്ദേയമായിരുന്നു. പ്രവാസം: ചരിത്രം, വര്‍ത്തമാനം, ഭാവി എന്ന തലക്കെട്ടില്‍ നടന്ന സോഷ്യല്‍ ഓഡിറ്റിങ് എട്ടോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757