keralanews

പ്രളയാനന്തര പ്രവര്‍ത്തനങ്ങളിലെ അനാസ്ഥ: പോത്തുകല്‍ പഞ്ചായത്ത് ഓഫീസിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി ബഹുജന മാര്‍ച്ച്

നിലമ്പൂര്‍/എടക്കര: പ്രളയം കഴിഞ്ഞ് നാലുമാസമായിട്ടും കുടിവെള്ള പ്രശ്‌നത്തിന് പോലും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിനിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോത്തുകല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. രാവിലെ പോത്തുകല്‍ ടൗണില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ഞെട്ടിക്കുളം അങ്ങാടി ചുറ്റി പഞ്ചായത്ത് ഓഫീസ് പടിക്കലില്‍ സംഗമിച്ചു. വീട്ടമ്മമാരടക്കം നിരവധിപേര്‍ പങ്കാളികളായി. പ്രളയത്തില്‍ മണ്ണും ചളിയും അടിഞ്ഞ് കിണറുകള്‍ മലിനമായതിനാല്‍ നൂറുകണക്കിന് ആളുകള്‍ കുടിവെള്ളത്തിനായി വലയുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. സാന്ത്വനം, പോപ്പി തുടങ്ങിയ സന്നദ്ധ സംഘടനകള്‍ വാഹനങ്ങളിലെത്തിച്ച് വിതരണം ചെയ്യുന്ന വെള്ളമാണ് ഇപ്പോള്‍ ആശ്രയം. വന്‍ സാമ്പത്തിക ബാധ്യതയുള്ളതിനാല്‍ ഈ സേവനം എത്രനാള്‍ കൂടിയുണ്ടാവുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. കിണറുകള്‍ ഉപയോഗയോഗ്യമാക്കാന്‍ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കുക, ടൗണിലെ ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കുക, ദുരിതബധിതര്‍ക്കുള്ള നഷ്ടപരിഹാര വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു. വീട്ടമ്മമാരും വ്യാപാരികളും അടക്കമുള്ള ജനങ്ങള്‍ ഒപ്പിട്ട നിവേദനം പഞ്ചായത്ത് പ്രസിഡണ്ട്, തഹസില്‍ദാര്‍, കലക്ടര്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ചു.

വെല്‍ഫഎയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മൊയ്തീന്‍ അന്‍സാരി അധ്യക്ഷതവഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട് മുനീബ് കാരക്കുന്ന് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ജില്ല കമ്മിറ്റി അംഗം ആരിഫ് ചൂണ്ടയില്‍, സിഎന്‍ സലാഹുദ്ദീന്‍, സൈനുദ്ദീന്‍, വി.സി അബ്ദുസ്സലാം, വി.സി ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. ഫിറോസ് എടപ്പറ്റ, നാസിര്‍ കോട്ടക്കത്ത്, എം. മെഹബൂബ്, എ.എം സാബിര്‍, പി.വി അബ്ദുല്‍ ഹമീദ് എന്നിവര്‍ നേതൃത്വം നല്‍കി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757