Opinionzero hour

ഭാരതീയ സംസ്‌കാരം ഉള്‍ക്കൊള്ളലുകളുടേതാണ് – പ്രഭാഷണം / വി.ഡി സതീശന്‍ എം.എല്‍.എ

 

ഹിന്ദുരാഷ്്ട്ര നിര്‍മിതിയല്ല; സംഘ്‌രാഷ്ട്ര നിര്‍മിതിതന്നെയാണ് രാജ്യത്ത് നടക്കുന്നത്. ഹിന്ദുക്കളെയാണ് സംഘ്പരിവാര്‍ ഏറ്റവും കൂടുതല്‍ കബളിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും തെറ്റായ വഴിയിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത്. ഭാരതീയ സംസ്‌കാരത്തേയും ഇന്ത്യന്‍ സംസ്‌കാരത്തേയും കുറിച്ച് പറഞ്ഞുകൊണ്ടാണ് അവര്‍ അത് ചെയ്യുന്നത്.
യഥാര്‍ഥത്തില്‍ എന്താണ് ഭാരതീയ സംസ്‌കാരം? അയ്യായിരം വര്‍ഷത്തെ പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിനുള്ളത്. ഈ അയ്യായിരം വര്‍ഷക്കാലത്തില്‍ എല്ലാവിഭാഗത്തില്‍പെട്ടവരും ഇന്ത്യ ഭരിച്ചിട്ടുണ്ട്. ഹിന്ദുക്കളും രജപുത്രന്‍മാരും മുസ്‌ലിംകളും ഇന്ത്യ ഭരിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ഇന്ത്യയിലേക്ക് കടന്നുവന്ന വ്യത്യസ്ത ജനങ്ങളെ, മതവിഭാഗങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതാണ് ഇന്ത്യയിലെ സംസ്‌കാരം; ഭാരതീയ സംസ്‌കാരം. അയ്യായിരം വര്‍ഷത്തിനിടയിലെ ഒരു ഭരണാധികാരിയും ഏതെങ്കിലും മതവിഭാഗത്തില്‍പെട്ടവരോടോ സംസ്‌കാരത്തില്‍പെട്ടവരോടോ ഇന്ത്യവിട്ടുപോകണമെന്ന് പറഞ്ഞിട്ടില്ല. അതാണ് ഭാരതീയ സംസ്‌കാരത്തിന്റെ ഏറ്റവും വലിയ സവിശേഷത. അതിന്റെ തുടര്‍ച്ചയായിരുന്നു സ്വാതന്ത്ര സമരം. സ്വാതന്ത്ര സമരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇന്‍ക്ലൂസീവ്‌നെസ്സ് ആണ്.

മഗാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനം നാം ഇപ്പോള്‍ ആഘോഷിക്കുകയാണ്. വിമാനമില്ലാത്ത കാലഘട്ടത്തില്‍ മൂന്നാംക്ലാസ്സ് കംപാര്‍ട്ട്‌മെന്റില്‍ യാത്രചെയ്ത് കേരളത്തിലെ മുപ്പത്തിമൂന്ന് സ്ഥലങ്ങളിലാണ് ഗാന്ധിജി സന്ദര്‍ശിച്ചത്. സാമൂഹിക നവോത്ഥാനത്തിന് നേതൃത്വം കൊടുത്ത ശ്രീനാരയണ ഗുരുദേവനെ അദ്ദേഹത്തിന്റെ വസതിയില്‍ പോയി ഗാന്ധിജി സന്ദര്‍ശിച്ചിട്ടുണ്ട്. അധഃസ്ഥിത വിഭാഗത്തിന്റെ പടത്തലവനായ മഹാത്മ അയ്യന്‍കാളിയുടെ വെങ്ങാനൂരിലെ വസതിയില്‍ പോയി സന്ദര്‍ശിച്ചിട്ടുണ്ട്. വൈക്കം സത്യഗ്രഹത്തിനും ഗുരുവായൂര്‍ സത്യഗ്രഹത്തിനും പിന്തുണയായി അവിടങ്ങളില്‍ എത്തി. മധുര മീനാക്ഷി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് ദലിത് മൂവ്‌മെന്റ് ഉണ്ടായ സ്ഥലങ്ങളിലും ഗാന്ധിജി എത്തി. ശ്രീനാരായണ ഗുരുവിനേയും അയ്യന്‍കാളിയേയും സന്ദര്‍ശിച്ചതിന് ശേഷം, ഇത് നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ ദിശക്ക് തന്നെ മാറ്റമുണ്ടാകുമെന്നും ഇനിമുതല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം കേവലമായ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമായിരിക്കില്ല; അത് സാമൂഹിക നീതിക്ക് വേണ്ടി നടത്തുന്ന സമരം കൂടിയായിരിക്കും എന്നും നൂറ്റാണ്ടുകളോളം പിന്നാമ്പുറങ്ങളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ജനസമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിന്നതിനുവേണ്ടി കൂടിയായിരിക്കും ഇനി സ്വാതന്ത്ര്യ സമരം എന്നും അദ്ദേഹം എഴുതി. കേരളം പോലുള്ള ഒരു സംസ്ഥാനത്തുണ്ടായിരുന്ന വ്യത്യസ്തമായ വിചാരധാരയെ, അതുപോലെത്തന്നെ ഈ രാജ്യത്തിന്റെ വ്യത്യസ്തങ്ങളായ പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന ചിന്താധാരകളേയും ചേര്‍ത്തുനിര്‍ത്താന്‍ മഹാത്മാ ഗാന്ധിക്കും ദേശീയ പ്രസ്ഥാനത്തിനും കഴിഞ്ഞിരുന്നു. ഇതാണ് ഇന്‍ക്ലൂസീവ്‌നെസ്സ്. അത് ഭാരതീയ സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ്. അതിനുശേഷമുണ്ടായ ഭരണഘടനയും ഇതേ ഭാരതീയ സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ്.

ഭരണഘടനയില്‍ എല്ലാവര്‍ക്കും തുല്യത (ആര്‍ട്ടിക്കിള്‍ 14) അഥവാ ലിംഗ-വര്‍ണ, ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും നിയമത്തിന്റെ മുന്നില്‍ തുല്യര്‍ എന്നത് കൊണ്ടുവന്നു. ഒപ്പം സംവരണവും കൊണ്ടുവന്നു. ഒരുവശത്ത് എല്ലാവര്‍ക്കും തുല്യത പറയുകയും മറുവശത്ത് ഒരു കൂട്ടര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് കോണ്‍സ്റ്റിറ്റിയൂഷന്‍ ഡ്രാഫ്റ്റിങ് അസംബ്ലിയില്‍വെച്ച് ജവഹര്‍ലാല്‍ നെഹ്‌റുവിനോട് ചോദിക്കുകയുണ്ടായി. നൂറ്റാണ്ടുകളോളം പരാര്‍ശ്വവല്‍കരിക്കപ്പെട്ട വിദ്യാഭ്യാസം നേടാനും കച്ചവടം നടത്താനും വഴിയില്‍ നടക്കാനും അനുവാദമില്ലാതിരുന്ന ഒരു സമൂഹമുണ്ട് ഇവിടെ. അവരെക്കൂടി മുഖ്യധാരയിലേക്ക് കൊണ്ടുവരുമ്പോള്‍ മാത്രമാണ് ആര്‍ട്ടിക്കിള്‍ 14 നടപ്പിലാവുകയുള്ളൂ, അപ്പോള്‍ മാത്രമാണ് നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാകുന്നത് എന്നായിരുന്നു അതിന് നെഹ്‌റു നല്‍കിയ മറുപടി. ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 14 നിലനില്‍ക്കുമ്പോള്‍തന്നെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശം നല്‍കുന്നതിനെയും ചോദ്യം ചെയ്യപ്പെട്ടു. ന്യൂനപക്ഷങ്ങളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണം. ഭാവിയില്‍ ഒരു കാലഘട്ടത്തിലും ഭൂരിപക്ഷത്തിന്റെ മൃഗീയത ന്യൂനപക്ഷത്തിന്റെ മേല്‍ അടിച്ചേല്‍പിക്കപ്പെടരുത്. അതിനുവേണ്ടി ഈ മഹാരാജ്യം നല്‍കുന്ന സംരക്ഷണമാണ് ഭരണഘടനയില്‍ മൗലികാവകാശങ്ങളുടെ ഭാഗമായി നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ എന്നായിരുന്നു നെഹ്‌റു അതിന് നല്‍കിയ മറുപടി.

ഇന്ന് കാര്യങ്ങളാകെ മാറ്റിമറിക്കപ്പെട്ടിരിക്കുന്നു. ജനങ്ങളെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വളരെ കൗശലത്തോടുകൂടി ഒരു വശത്തേക്ക് മാറ്റിവെക്കുകയും വൈകാരികമായ കാര്യങ്ങളെ ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്ന പോസ്റ്റ്ട്രൂത്ത് എന്ന് വിളിക്കുന്ന സത്യാനന്തര കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപില്‍നിന്നാണ് ഇതിന് തുടക്കമുണ്ടാകുന്നത്. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ അമേരിക്കയിലെ ബാങ്കിങ് മേഖലയേകുറിച്ചും ഇന്‍ഷൂറന്‍സ് മേഖലയിലെ പ്രശ്‌നങ്ങളെകുറിച്ചും മിഡില്‍ ഈസ്റ്റ് പോളിസിയെകുറിച്ചും ലാറ്റിന്‍ അമേരിക്കക്കാരോട് സ്വീകരിക്കുന്ന നയങ്ങളെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങളായിരുന്നു പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥികള്‍ക്കുനേരെ ഉയര്‍ന്നുവരാറുള്ളത്. എന്നാല്‍, ട്രംപ് അമേരിക്കയുടെ അത്തരം സാമ്പ്രദായിക ക്രമങ്ങളേയെല്ലാം മാറ്റിമറിച്ചു. അദ്ദേഹം പറഞ്ഞത് ഞാന്‍ മെക്‌സിക്കന്‍ ബോര്‍ഡറില്‍ ഒരു മതില്‍ പണിയും. കാരണം, എല്ലാ മെക്‌സിക്കന്‍കാരും റേപ്പിസ്റ്റുകളാണ് എന്നാണ്. ഞാന്‍ എല്ലാ മുസ്‌ലിംകളേയും അതിര്‍ത്തിയില്‍ തടഞ്ഞുനിര്‍ത്തും. കാരണം, എല്ലാ മുസ്‌ലിംകളും ഭീകരവാദികളാണ് എന്നാണ്. ഇത്തരത്തിലുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. യഥാര്‍ഥത്തില്‍ അമേരിക്ക നേരിടുന്ന വിഷയങ്ങളൊന്നും ചര്‍ച്ചചെയ്യപ്പെട്ടില്ല. ഇന്ത്യയിലും സംഭവിച്ചത് അതാണ്. രാജ്യത്തെ സാമ്പത്തിക സ്ഥിതി അതിഗുരുതരമായ തകര്‍ച്ചയിലെത്തിയിട്ടും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടില്ല. നോട്ട് പിന്‍വലിച്ചതിലൂടെ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ താറുമാറായത് ചര്‍ച്ചയായില്ല. ജി.എസ്.ടിയിലൂടെ വികലമായ നികുതി സമ്പ്രദായം കൊണ്ടുവന്ന് ചെറുകിട വ്യവസായ സംരംഭങ്ങളെ തകര്‍ത്തത് ചര്‍ച്ചയായില്ല. കര്‍ഷകരുടെ കൂട്ട ആത്മഹത്യ ചര്‍ച്ചയായില്ല. ചര്‍ച്ചയായത് ബാലാക്കോട്ട് ആക്രമണവും അതിന് ശേഷമുണ്ടായ പാക്കിസ്ഥാന്‍ വിരുദ്ധ വികാരവുമായിരുന്നു. ഗുജറാത്തില്‍ ഒരു റൗണ്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍, കോണ്‍ഗ്രസ് ജയിക്കും എന്നായപ്പോള്‍ മോദി ഗുജറാത്തിലെത്തി പ്രസംഗിച്ചത് കോണ്‍ഗ്രസ് ഗുജറാത്തില്‍ വിജയിച്ചാല്‍ പാക്കിസ്ഥന്റെ പിന്തുണയോടുകൂടി അഹമ്മദ് പട്ടേല്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിയാകുമെന്നായിരുന്നു.

ഈ സത്യാനന്തര യുഗത്തിലെ നായകനാണ് നരേന്ദ്ര മോദി. രാജ്യത്തിന്റെ എല്ലാ പ്രധാനപ്പെട്ട വിഷയങ്ങളേയും അദ്ദേഹം വിസ്മരിക്കുന്നു. നീതി ആയോഗിന്റെ വൈസ് ചെയര്‍മാന്‍ പറഞ്ഞു, സ്വാതന്ത്ര്യാനന്തരം നമ്മുടെ രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക ദുരന്തത്തിലേക്കാണ് നമ്മള്‍ കൂപ്പുകുത്തുന്നത് എന്ന്. ഇന്ന് ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമുണ്ടാകുമ്പോള്‍ അതുപോലും വിഷയമാക്കാതെ ആര്‍ട്ടിക്കിള്‍ 370, പൗരത്വ രജിസ്റ്റര്‍, മുത്തലാഖ് നിയമം തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രധാനപ്പെട്ട വിഷയങ്ങളെയെല്ലാം വിസ്മരിച്ചുകൊണ്ടാണ് മോദി മുന്നോട്ടുപോകുന്നത്. ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളിലും ദലിത് പീഡനങ്ങളിലും ജയ്ശ്രീറാം വിളി കൊലവിളിയായി മാറുന്നതിലും പ്രതിഷേധിച്ചുകൊണ്ട് അന്‍പത് പ്രമുഖരായ വ്യക്തികള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിന്റെ പേരില്‍ ബീഹാറിലെ കോടതി അവര്‍ക്കെതിരായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ലോകത്തെ സ്വേഛാധിപധികള്‍ ഭരിച്ച കാലത്ത് പോലും കേട്ടുകേള്‍വിയില്ലാത്ത നടപടികളാണ് രാജ്യത്ത് വരുന്നത്. ഇലക്ഷന്‍ കമീഷന്‍, പ്ലാനിങ് കമീഷന്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡക്ടറേറ്റ് തുടങ്ങിയ ഗവണ്‍മെന്റിന്റെ എല്ലാ പ്രധാനപ്പെട്ട സ്ഥാപനങ്ങളേയും ചൊല്‍പ്പടിയിലാക്കി തങ്ങളുടെ ഉപകരണമാക്കി മാറ്റിയിരിക്കുന്നു. രാഷ്ട്രീയ എതിരാളികളെ ജയിലിലടക്കുമെന്ന ഭീഷണി അവര്‍ ഉയര്‍ത്തുന്നു. അവര്‍ക്കെതിരായി ആര് ശബ്ദമുയര്‍ത്തിയാലും എഴുതിയാലും ഒന്നുകില്‍ കൊല്ലും അല്ലെങ്കില്‍ ജയിലിലടക്കും എന്ന് പറയുന്നു. കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശിലെ നാല് ടി.ഡി.പി രാജ്യസഭ എം.പിമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. അതില്‍ ഒരാളെ വ്യക്തിപരമായി എനിക്കറിയാം. എന്തുകൊണ്ടാണ് താങ്കളേപ്പെലുള്ള വളരെ സെക്യുലറായ നേതാക്കള്‍ ഈ തീരുമാനമെടുത്തത് എന്ന് ചേദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി, ഞാന്‍ കോടിക്കണക്കിന് രൂപയുടെ ബിസിനസസ് ചെയ്യുന്നയാളാണ്. എന്നെ ഈ ഗവണ്‍മെന്റ് നിരന്തരം പീഡിപ്പിക്കുന്നു. എനിക്ക് ഒന്നുകില്‍ ആത്മഹത്യ ചെയ്യേണ്ടിവരും അല്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരും. അതുകൊണ്ട് നിവൃത്തിയില്ലാതെയാണ് ഞാന്‍ ഈ തീരുമാനമെടുത്തത് എന്നാണ്. എല്ലാ ഭരണകൂട ഏജന്‍സികളും കൈകോര്‍ത്തുകൊണ്ട് അവരെ തകര്‍ക്കാന്‍ വേണ്ടി ശ്രമിക്കുന്നു. ഇതിന്റെയെല്ലാം രണ്ടാഘട്ടം സംഘ്‌രാഷ്ട്ര നിര്‍മിതിയാണ്. എന്നാല്‍, ഇത് ജനാധിപത്യ രാജ്യമാണ്. അയ്യായിരം വര്‍ഷത്തെ പാരമ്പര്യമുള്ള നാടാണ്. സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ കൊടുത്ത അറിയുന്നവരും അറിയപ്പെടാത്തവരുമായ പതിനായിരക്കണക്കിന് സ്വാതന്ത്ര്യ സമര ഭടന്‍മാരുടെ ചോരയൊഴുകിയ നാടാണ്. ഈ ജനാധിപത്യ രാജ്യത്തില്‍ സംഘ്‌രാഷ്ട്ര നിര്‍മിതിക്കെതിരായുള്ള ജനാധിപത്യ ചേരിയുടെ ചെറുത്തുനില്‍പ് ഉയര്‍ന്നുവരും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757