Opinion

ജനാധിപത്യമാണ് ഭാഷ – സുഫീറ എരമംഗലം

ഭാഷയെക്കുറിച്ച് ചിന്തിക്കുക എന്നത് മനുഷ്യജീവിതത്തിന്റെ സമഗ്രതലങ്ങളുടെ ചിന്തയാണ്. അതിന്റെ വൈജ്ഞാനിക-സാഹിത്യാദി മേഖലകളേക്കാള്‍ രാഷ്ട്രീയ മാനങ്ങളെയാണ് ഇക്കാലത്തെ ചര്‍ച്ചകള്‍ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 14ന് ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു രാജ്യം ഒരു ഭാഷ എന്ന കാഴ്ചപ്പാട് അവതരിപ്പിക്കുകയുണ്ടായി. രാജ്യത്തെ ഒരുമിപ്പിക്കാന്‍ ഒറ്റ ഭാഷ അനിവാര്യമാണെന്നും എല്ലാവരും മാതൃഭാഷക്ക് പുറമെ ഹിന്ദികൂടി പഠിച്ചിരിക്കണം എന്നുമാണ് അമിത് ഷാ ട്വീറ്റിയത്. സംഘ്പരിവാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഏകാത്മക ദേശീയതയുടെ ഭാഗമായ ഭാഷാ സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നതിനായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. പ്രതിഷേധത്തെ തുടര്‍ന്ന് അമിത് ഷാ പ്രഭൃതികള്‍ക്ക് മുട്ടു മടക്കേണ്ടി വന്നു. 122 ഭാഷകളും 19500 വാമൊഴികളുമുള്ള ഇന്ത്യയില്‍ ഹിന്ദി മാത്രമാണ് ഐക്യത്തിന്റെ ഭാഷ എന്നാണ് ബി.ജെ.പിയുടെ ഭാഷ്യം.

1949 സെപ്റ്റംബര്‍ 14ന് ഹിന്ദിക്ക് ഔദ്യോഗിക ഭാഷാപദവി നല്‍കാന്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി തീരുമാനിച്ചതിന്റെ ഓര്‍മദിനമായാണ് 1953 മുതല്‍ പ്രസ്തുത ദിവസം ഹിന്ദി ദിനമായി ആചരിക്കുന്നത്. ദേവനാഗരി ലിപിയിലെഴുതപ്പെടുന്ന ഹിന്ദിയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പെടുത്തുകയും ഇംഗ്ലീഷിനൊപ്പം ഔദ്യോഗിക ഭാഷയായി അംഗീകരിക്കുകയും ചെയ്തു. ഭരണഘടന പട്ടികയില്‍ ആദ്യം 14 ഭാഷകളായിരുന്നു. 1967, 1992, 2003 വര്‍ഷങ്ങളിലെ ഭേദഗതിയിലൂടെ അവ 22 ആയി. എട്ടാം ഷെഡ്യൂളില്‍ ഇടത്തിനായി ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ 44 അപേക്ഷകള്‍ ബാക്കിയുണ്ട്. കൂടാതെ സമ്പന്നമായ പൈതൃകവും സ്വയംനിര്‍ണയ സ്വഭാവവും കണക്കിലെടുത്ത് ക്ലാസിക് പദവിയിലേക്ക് ചില ഭാഷകളെ ഇന്ത്യ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. കന്നട, മലയാളം, സംസ്‌കൃതം, തമിഴ്, ഒഡിയ, തെലുഗു ഭാഷകള്‍ക്കാണ് ഈ പദവിയുള്ളത്.

യഥാര്‍ഥത്തില്‍ ഹിന്ദിയോടുള്ള അഗാധപ്രണയമൊന്നുമല്ല സംഘ്പരിവാറുകാരെ നയിക്കുന്നത്. നിരവധി ഭാഷകളും സംസ്‌കൃതികളുമുള്ള ഇന്ത്യയില്‍ ഏക രാജ്യം, ഏക ഭാഷ, ഏക ഗവണ്‍മെന്റെ്, ഏക നികുതി, ഏക തെരഞ്ഞെടുപ്പ്, ഏക ഭരണഘടന, ഏക നിയമം തുടങ്ങി ഉട്ടോപ്യനെന്ന് തോന്നിക്കുന്ന ഡിസ്റ്റോപ്യന്‍ ആശയങ്ങള്‍ നടപ്പില്‍ വരുത്തുക എന്നത് പ്രായോഗിക മൂല്യങ്ങളെ ചിന്തിക്കേണ്ടതില്ലാത്ത സംഘ് അജണ്ടയാണ്. പൊതുഭാഷയുടെ പദവി സംസ്‌കൃതം ഏറ്റെടുക്കുന്നതുവരെ അതില്‍ നിന്ന് രൂപംകൊണ്ടതും ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്നതുമായ ഹിന്ദിക്ക് മുന്‍ഗണന നല്‍കേണ്ടതാണെന്ന് ആര്‍.എസ്.എസ് താത്ത്വികന്‍ ഗോള്‍വാള്‍കര്‍ വിചാരധാരയില്‍ വ്യക്തമാക്കുന്നുണ്ട്. ഹിന്ദി മാത്രമാണ് ഏറ്റവും പഴക്കം ചെന്നതും സമ്പന്നവുമായ ഭാഷ എന്ന് ഇതിനര്‍ഥമില്ലെന്നും പ്രതിപാദിക്കുന്നുണ്ട്. ഹിന്ദിയെ അതിജയിക്കുന്ന തമിഴിന്റെ പഴമയും പാരമ്പര്യവും ഗോള്‍വാള്‍കര്‍ തന്നെ അംഗീകരിക്കുന്നുണ്ട്.

നാനാത്വത്തില്‍ ഏകത്വം എന്നതിലെ ഏകത്വം സംഘ്പരിവാറിന്റെ രാഷ്ട്രീയ ഏകത്വവും ജനാധിപത്യവിരുദ്ധതയുടെ സ്വേഛാധിപത്യവുമായി വിശദീകരിക്കുന്ന നയങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഭാഷയില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള അധികാരബന്ധങ്ങളെ ചരിത്രപരമായും അല്ലാതെയും വീക്ഷിച്ചാല്‍ മനസിലാവുന്നതിന്റെ തുടര്‍ച്ച തന്നെയാണ് നിലവിലെ ഏകഭാഷാവാദം. പ്രാദേശികഭാഷകള്‍ക്കുമേല്‍ അധികാരപരമായ ഇടപെടല്‍ നടത്തിയതിന്റെ ചരിത്രം അധിനിവേശത്തിന്റെ ചരിത്രം തന്നെയാണ്. ഭാഷകള്‍ മനസിലാക്കപ്പെടുന്നത് അവയുടെ കേവലതകളിലല്ല. സാമൂഹികവും സാംസ്‌കാരികവുമായ അടയാളങ്ങളും പ്രതിഫലനങ്ങളുമാണവ; സ്ഥല-കാലബന്ധിയായ ജീവിത വ്യവഹാരങ്ങളുടെ കണ്ണാടി.

ഭാരതേന്ദു ഹരിശ്ചന്ദ്ര എന്ന ഹിന്ദു പൈതൃകവും പശ്ചാത്തലവുമുള്ള കവിയാണ് 19ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ നാഗരിലിപിയിലുള്ള ഹിന്ദിക്കുവേണ്ടി താത്വികമായി വാദിച്ചത്. ഇതിനായി വാരാണസിയില്‍ അദ്ദേഹം ഹിന്ദി വര്‍ഷിണിസഭ സ്ഥാപിച്ചു. തുടര്‍ന്ന് 1893ല്‍ നാഗരി പ്രചാരിണി സഭ വന്നു. 1910ല്‍ അലഹാബാദില്‍ ഹിന്ദി സാഹിത്യ സമ്മേളന്‍ രൂപംകൊണ്ടു. 1897ല്‍ മദന്‍മോഹന്‍ മാളവ്യയുടെ നേതൃത്വത്തില്‍ നോര്‍ത്ത് വെസ്റ്റേണ്‍ പ്രോവിന്‍സ് ആന്‍ഡ് ഔധിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായ ആന്റണി മക്‌ഡോണലിന് 60000 പേര്‍ ഒപ്പിട്ട ഒരു ഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി. കോടതി രേഖകള്‍, സര്‍ക്കാര്‍ രേഖകള്‍, പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയവ നാഗരിലിപിയിലും കൂടിവേണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. പ്രസ്തുത ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു. ഉര്‍ദുലിപിക്കൊപ്പം ദേവനാഗരി ലിപിക്കുകൂടി ഔദ്യോഗിക പദവി ലഭിച്ച ഈ സംഭവം ഉര്‍ദു ഭാഷ അതിന്റെ പ്രൗഡിയിലേക്ക് ഉയരാതിരുന്നതിന്റെ രാഷ്ട്രീയ പ്രഹരമാണെന്ന് ‘ഗീതാപ്രസും ഹിന്ദുത്വത്തിന്റെ സംസ്ഥാപന ചരിത്രവും എന്ന പുസ്തകത്തില്‍ അക്ഷയ് മുകുള്‍ നിരീക്ഷിക്കുന്നുണ്ട്. ക്രമേണ മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ദേവനാഗരി ലിപി സ്വീകരിക്കുകയും ഉര്‍ദു മുസ്‌ലിംകളുടെ ഭാഷ എന്ന രണ്ടാംസ്ഥാനത്തേക്ക് പിന്‍തള്ളപ്പെടുകയും ചെയ്തു. ഇന്ന് ഇന്ത്യയിലെ 44ശതമാനം പേരുടെ ഭാഷയായി നാഗരി ഹിന്ദുസ്ഥാനി (ഹിന്ദി ഭാഷകള്‍) മാറിയത് സരസ്വതി സാഹിത്യ വാരിക, ഗീതാപ്രസ് എന്നിങ്ങനെയുള്ള ആനുകാലികങ്ങളുടെയും അതുപോലുള്ള സംഘടനകളുടെയും പരിശ്രമഫലമാണ്. 1918ല്‍ ദക്ഷിണേന്ത്യന്‍ പ്രവിശ്യകളിലെ ഹിന്ദി ഭാഷകളുടെ പ്രചരണത്തിനായി മഹാത്മാഗാന്ധി സ്ഥാപിച്ച ‘ദക്ഷിണഭാരത ഹിന്ദി പ്രചാര സഭ’ ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. ഹിന്ദി, ഉര്‍ദു മത്സരങ്ങള്‍ക്ക് തടയിടാന്‍ വാര്‍ധയില്‍ മഹാത്മാഗാന്ധി ഹിന്ദുസ്ഥാനി പ്രചാരസഭ സ്ഥാപിച്ചെങ്കിലും ഹിന്ദി തീവ്രവാദികള്‍ വഴങ്ങിയില്ല. ഹിന്ദി മാത്രം പരിശോധിക്കുകയാണെങ്കില്‍ രാജ്യത്തെ 25 ശതമാനം മാത്രമാണ് അത് സംസാരിക്കുന്നത്. ഹിന്ദുസ്ഥാനിയുടെ മറ്റു ഡയലക്റ്റുകള്‍ കൂടിച്ചേര്‍ന്നാല്‍ മാത്രമേ 44 ശതമാനം എന്ന ഭൂരിപക്ഷത്തിലേക്ക് വരികയുള്ളു. ഉര്‍ദു, ഹിന്ദി, ഹിന്ദുസ്ഥാനി എന്നിവയെല്ലാം പര്യായപദങ്ങളായി ഉപയോഗിച്ചിരുന്നു. അതിനും മുന്‍പ് ഈ ഭാഷ ഗഡീബോലി മാത്രമായിരുന്നു. ഈ ഭാഷാനാമങ്ങളെല്ലാം അറബികളോ പേര്‍ഷ്യക്കാരോ ഇന്ത്യന്‍ ഭാഷകളെ വിളിച്ചവയാണ്.

ഇന്ത്യ-പാക് വിഭജനവും ഭാഷാ സംസ്ഥാനങ്ങള്‍ക്കായ സമരങ്ങളും ഹിന്ദി ആധിപത്യത്തിനെതിരായ തമിഴ്‌നാട്ടിലെ സമരങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ-മധ്യ പാദങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയ ദിശയെ നിര്‍ണയിക്കുന്നതില്‍ ഭാഷയുടെ പങ്ക് വ്യക്തമാക്കുന്നതാണ്. പല ലിപികളിലും എഴുതപ്പെട്ടിരുന്ന സംസ്‌കൃതത്തെ ദേവനാഗരി എന്ന ഒറ്റലിപിയിലേക്ക് കുടിയിരുത്തിയത് നാഗരിപ്രചാരണ സഭയും അനുബന്ധ സംഘടനകളുമാണ്. 1893ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സംഘടനകള്‍ ഒന്നേകാല്‍ നൂറ്റാണ്ടിനിപ്പുറവും തുടരുകയാണ്.

വേദഭാഷ, ദേവഭാഷ എന്നിങ്ങനെ പുണ്യവല്‍കരിക്കപ്പെട്ട സംസ്‌കൃതം അധികാരഘടനയുടെ ഉന്നതശ്രേണിയിലാണ് വിരാജിച്ചത്. എന്നാല്‍, ജാതിവിവേചനത്തിന്റെ ഉപകരണമായ ഈ ഭാഷ ഗ്രന്ഥഭാഷ മാത്രമായി പരിമിതപ്പെട്ടതു കാരണം ജനഭാഷകളില്‍ നിന്ന് അപ്രത്യക്ഷമായി. കീഴ്ജാതിയില്‍പെട്ടവര്‍ക്ക് ഉച്ചരിക്കാന്‍ പാടില്ലാതിരുന്ന ഭാഷ ഉന്നതജാതര്‍ മാത്രമാണ് പഠിച്ചത്. അറിവുനേടുന്നതില്‍ നിന്ന് അകറ്റപ്പെട്ട കീഴാളരെ സംബന്ധിച്ച് മേലാളന്റെ ഭാഷയും തീണ്ടാപ്പാടകലെ നിന്നു. കേരളത്തിലടക്കം നവോത്ഥാനം സാധിച്ചെടുത്ത വിപ്ലവം കൊണ്ട് ജനകീയ ഭാഷയുടെ വീണ്ടെടുപ്പും സാധ്യമായി. വരേണ്യമായ ഭാവുകത്വങ്ങള്‍ മാത്രം നിറഞ്ഞാടിയ ഒരുകാലത്തെയാണ് കുമാരനാശാനെപ്പോലുള്ള എഴുത്തുകാര്‍ പ്രഹരിച്ചത്.

സംസ്‌കൃതമല്ലാത്ത ഭാഷകളെല്ലാം അസംസ്‌കൃതവും അപരിഷ്‌കൃതവുമായ ഒരു കാലത്ത് കീഴ്ജാതിപ്പേര് പോലും തെറിപ്പദങ്ങളായി ഗണിക്കപ്പെടുകയുണ്ടായി. ഭാഷയും ജാതിയും വിവേചനത്തിന്റെ ഉപകരണങ്ങളായി പരസ്പരം പൂരിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ ചരിത്രത്തിലും സാഹിത്യത്തിലും നിരവധിയാണ്. സവര്‍ണമേല്‍ക്കോയ്മ അരികുവല്‍ക്കരിച്ചതും ആട്ടിയകറ്റിയവരുമായ വിഭാഗങ്ങള്‍ വാക്കുകളുടെ വികലപ്രയോഗങ്ങളാല്‍ മുറിവേറ്റവരാണ്. ആധിപത്യത്തിന്റെ തമ്പ്രാക്കന്‍മാര്‍ ‘എഴുന്നള്ളിച്ച’ ആജ്ഞാപദങ്ങള്‍ ഉത്തരവുകളായി. വിധേയത്വത്തിന്റെ ‘അടിയാന്‍’മാരെ അടിമകളാക്കി. എന്നാല്‍, കീഴാളന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന സാഹിത്യസൃഷ്ടികള്‍ ആധുനികതയുടെ കാലത്ത് മലയാളഭാവുകത്വത്തെയും മാറ്റിമറിച്ചു. ശൈലികളെയും പ്രയോഗങ്ങളെ സംബന്ധിച്ച ഔന്നിത്യബോധം എല്ലായ്‌പോഴും തങ്ങളുടേതല്ലാത്തവയെ നികൃഷ്ടമായിക്കണ്ട കാലത്തില്‍ നിന്ന് മലയാളഭാഷ മോചനം നേടി. നാട്ടുഭാഷയുടെ പ്രാദേശികരൂപങ്ങള്‍ പല സന്ദര്‍ഭങ്ങളിലായി ആഘോഷിക്കപ്പെട്ടു. വൈക്കം മുഹമ്മദ് ബഷീര്‍, തകഴി എന്നിവര്‍ വരേണ്യതയുടെ വ്യവസ്ഥാപിത ഭാഷാസങ്കല്‍പങ്ങളെയാണ് മാറ്റിമറിച്ചത്. ഇ.എം.എസ് നമ്പൂതിരിപ്പാടും ഭാഷയുടെ രാഷ്ട്രീയത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയും അപഗ്രഥിക്കുകയും ചെയ്തിട്ടുണ്ട്. ഭാഷയുടെ രാഷ്ട്രീയവും ചരിത്രവും നിരന്തര അന്വേഷണം ആവശ്യപ്പെടുന്ന ഒരു ബൃഹത്തായ പഠനപദ്ധതിയാണ്. നേരത്തെ സൂചിപ്പിച്ച ആര്യസമാജം അടക്കമുള്ളവയുടെ ഇടപെടല്‍ ഭാഷയുടെ ആധിപത്യം സ്ഥാപിച്ച സംഭവങ്ങളും തുടര്‍ന്നുള്ള പ്രവണതകളും വരേണ്യമേല്‍ക്കോയ്മയും ഫാഷിസവും ഒളിച്ചുകടത്തുന്നവയെക്കുറിച്ച ജാഗ്രതയാണ് ആവശ്യപ്പെടുന്നത്.

ഭാഷയിലും ഭക്ഷണത്തിലും വരെ തീര്‍പ്പ് കല്‍പിക്കുന്ന ഫാഷിസം ജീവിതത്തിനുതന്നെ തീര്‍പ്പ് കല്‍പിക്കുന്നു. സാമ്പത്തിക അടിക്കല്ലുകള്‍ തകിടം മറിയുമ്പോള്‍ പൊതു ശ്രദ്ധയെ വഴിതിരിച്ചുവിടുന്ന വൈകാരികഭീതിയില്‍ വ്യവഹാരങ്ങളെ തളച്ചിടുക എന്നത് ആര്‍.എസ്.എസിന്റെ രാഷ്ട്രീയമാണ്. പ്രതിശബ്ദങ്ങളെ ഭയപ്പെടുന്ന ഭരണകൂടം ശബ്ദങ്ങളുടെ ജനാധിപത്യസങ്കല്‍പങ്ങളെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, വിവരവിവിനമ യുഗത്തിലെ വിവരസാങ്കേതികതകള്‍ പ്രാദേശിക ഭാഷകളെ സൗകര്യവല്‍കരിക്കുകയും പരിഭാഷകളെ തല്‍സമയമാക്കുകയും ചെയ്യുന്ന അഭൂതവളര്‍ച്ചയിലേക്ക് ലോകഭാഷകളെ ഏകീകരിച്ചിരിക്കുകയാണ്. ഈയൊരു വിനിമയ വിപ്ലവകാലത്ത് സംസ്‌കൃതത്തിന്റെ പുനരുത്ഥാനം എളുപ്പത്തില്‍ സംഭവിക്കുകയില്ലായിരിക്കാം. പ്രാദേശിക ശൈലികള്‍ സിനിമകളില്‍ വരെ ജനകീയമായിക്കൊണ്ടിരിക്കുന്ന കാലത്ത് ജനപക്ഷ രാഷ്ട്രീയത്തിന്റെ ജീവിതഗന്ധിയായ ഭാഷകളെ അവഗണിക്കുന്നു എന്നത് സംഘ്പരിവാറിന്റെ ജനവിരുദ്ധതയുടെ ഉദാഹരണമാണ്.

മണ്ണിന്റെ മണമുള്ള ഭാഷക്കുവേണ്ടിയുള്ള സമരങ്ങള്‍ കേരളത്തിലും ശക്തമാണ്. ആഢ്യഭാഷക്ക് പകരം അവനവന്റെ ഭാഷയെ അപകര്‍ഷംകൂടാതെ സ്വീകരിക്കുന്നത് സ്വയം അടയാളപ്പെടുത്തുന്നതിനെ സുഗമമാക്കുന്നു. കേരള പി.എസ്.സി നടത്തുന്ന തൊഴില്‍ പരീക്ഷകള്‍ മലയാളത്തില്‍ നടത്തുക എന്ന മുദ്രാവാക്യമുയര്‍ത്തി ഐക്യമലയാള പ്രസ്ഥാനം കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി നടത്തിവരുന്ന സമരങ്ങളുടെ തുടര്‍ച്ചയാണ് ഈയിടെ നടന്ന അനിശ്ചിതകാല സമരം. കേരളത്തില്‍ ആദ്യമായി നടക്കാനിരിക്കുന്ന കേരള അഡ്മിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷകള്‍ ഇംഗ്ലീഷില്‍ മാത്രം നടത്തുമെന്ന പി.എസ്.സിയുടെ തീരുമാനത്തെ ഈ സമരം പൊളിച്ചെഴുതി. തിരുവോണനാളില്‍ കേരളത്തിലെ പ്രമുഖരായ എഴുത്തുകാരും കലാ- സാംസ്‌കാരിക പ്രവര്‍ത്തകരും, സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരും ഒരുമിച്ച് അണിയായ ഉപവാസ സമരം കേരളത്തിലെ 17 കേന്ദ്രങ്ങളിലാണ് നടന്നത്.

ഭാഷാബോധം എന്നത് സ്വത്വബോധം തന്നെയാണ്. ആധിപത്യത്തിന്റെ ഫാഷിസറ്റ് ഭാഷകളെ ആട്ടിയകറ്റുന്ന ജനാധിപത്യ പ്രതികരണങ്ങളെ മാതൃഭാഷയാക്കി നമുക്ക് ‘കേരളപ്പിറവികളെ’ വരവേല്‍ക്കാം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757