Opinionzero hour

സംഘ്പരിവാര്‍ ഭരണഘടനയെ ആത്മാവ് ചോര്‍ന്ന അസ്ഥിക്കൂടമാക്കി മാറ്റി – പ്രഭാഷണം – ഡോ. എസ്.ക്യു.ആര്‍ ഇല്യാസ്

ഇന്ത്യ ഇന്ന് സംഘ്പരിവാര്‍ സമഗ്രാധിപത്യത്തിലാണ്. ഇത്തവണ കേന്ദ്രത്തില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന സര്‍ക്കാരിനെ സാധാരാണ തെരഞ്ഞെടുപ്പുകളിലൂടെ അധികാരം നേടിയെടുത്ത സര്‍ക്കാരുകളെപ്പോലെ കണക്കാക്കാനാകില്ല. രാജ്യത്ത് തെക്കേ ഇന്ത്യ മാത്രമാണ് (കര്‍ണാടക അപവാദമാണ്) സംഘ്പരിവാറിന്റെ ആധിപത്യത്തിലല്ലാത്ത ഭൂപ്രദേശം. കിഴക്കും പടിഞ്ഞാറും മധ്യ ഇന്ത്യയും വടക്കും എല്ലാം അവരുടെ കൈപിടിയിലായി. ഇതെല്ലാം ഒരു പ്രത്യേക പാര്‍ട്ടി ഭരിക്കുന്നു എന്നതല്ല പ്രശ്‌നം. ഏതാണ് ആ പാര്‍ട്ടി എന്നും അവരുടെ നിലപാട് എന്താണ് എന്നതുമാണ് പ്രശ്‌നം. നമ്മുടെ രാജ്യത്ത് സുശക്തമായ നിര്‍ദേശങ്ങളുള്ള ഭരണഘടനയുണ്ട്. അത് ഈ രാജ്യം മതേതര ജനാധിപത്യ രാജ്യമാണ് എന്ന് വ്യക്തമാക്കുന്നു. അതനുസരിച്ച് രാജ്യത്തെ എല്ലാ സാംസ്‌കാരിക വ്യതിരിക്തതകള്‍ക്കും ഭാഷകള്‍ക്കും മത വിശ്വാസങ്ങള്‍ക്കുമെല്ലാം തുല്യമായ പദവി നല്‍കുന്നുണ്ട്. പക്ഷേ, അധികാരത്തിലിരിക്കുന്ന പാര്‍ട്ടി, അവരുടെ ചാലകശക്തിയായ ആര്‍.എസ്.എസ് ഭരണഘടനയുടെ ഈ അടിസ്ഥാന മൂല്യങ്ങളുടെ എതിര്‍ പക്ഷത്ത് നില്‍ക്കുന്നവരാണ്. ആര്‍.എസ്.എസിനാകട്ടെ രാജ്യത്തെ സംസ്‌കാരങ്ങളെ കെട്ടിപ്പടുത്തതിലോ രാജ്യത്തിലെ സ്വാതന്ത്ര്യ പ്രക്ഷോഭത്തിലോ യാതൊരു പങ്കും ഉള്ളവരല്ല എന്നു മാത്രമല്ല സ്വാതന്ത്ര്യ പ്രക്ഷോഭത്തെ ഒറ്റുകൊടുത്ത പാരമ്പര്യമാണ് അവരുടേത്. രാജ്യം ത്യാഗപൂര്‍ണമായ സമരങ്ങളിലൂടെ നേടിയ സ്വാതന്ത്ര്യം അശേഷം ഇഷ്ടപ്പെട്ടവരല്ല ആര്‍.എസ്.എസ്. അവര്‍ രാജ്യത്തിലെ ഭരണഘടനയെ അംഗീകരിക്കുന്നവരുമല്ല. മുസോളിനിയേയും ഹിറ്റ്‌ലറേയും പോലുള്ളവര്‍ ലോകത്ത് കാട്ടിയ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ആശയങ്ങളുടെ പ്രചോദനമാണ് ആര്‍.എസ്.എസിന്റെ ആദര്‍ശപ്രമാണം.

ആര്‍.എസ്.എസിന്റെ സുവിശേഷമായ വിചാരധാര കൃത്യമായി ഈ രാജ്യം ഹിന്ദുക്കളുടേത് മാത്രമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഒരു സംസ്‌കാരം, ഒരുഭാഷ, ഒരു മതം എന്നൊക്കെയാണ് അവരുടെ ആപ്തവാക്യം. ദൗര്‍ഭാഗ്യവശാല്‍ അവരാണ് രാജ്യം ഭരിക്കുന്നത്. 2014ല്‍ മോദിയുടെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് അവരുടെ ആശയം മുന്നില്‍ വെച്ചല്ല. സബ്കാ സാഥ് സബ് കാ വികാസ് എന്നതായിരുന്നു അവരുടെ അത്തവണത്തെ പ്രചാരണ മുദ്രാവാക്യം. പ്രതിവര്‍ഷം രണ്ട് കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും കര്‍ഷകര്‍ക്ക് സഹായങ്ങള്‍ നല്‍കുമെന്നുമൊക്കെയായിരുന്നു അവരുടെ വാഗ്ദാനങ്ങള്‍. അധികാരത്തിലെത്തിയതോടെ അവര്‍ ചുവട് മാറ്റി. ജനങ്ങള്‍ വോട്ട് ചെയ്തത് ആര്‍.എസ്.എസിന്റെ ആശയത്തിനായിരുന്നില്ല. വികസത്തിനായിരുന്നു. തൊഴിലിനും കര്‍ഷക ക്ഷേമത്തിനും വേണ്ടിയായിരുന്നു ജനങ്ങള്‍ വോട്ട് ചെയ്തത്. പക്ഷേ, സര്‍ക്കാര്‍ സമ്പൂര്‍ണ വഞ്ചനയാണ് കാട്ടിയത്. എന്നുമാത്രമല്ല ബി.ജെ.പിയുടെ അധ്യക്ഷനായ അമിത് ഷാ തന്നെ പറഞ്ഞു അത് വെറും പ്രചരണ ജുംലകളായിരുന്നു എന്ന്.

നമ്മുടെ ഭരണഘടനാ സംവിധാനത്തെ താങ്ങി നിര്‍ത്തുന്ന മൂന്ന് നെടുംതൂണുകളുണ്ട്. നാലമതായി മീഡിയയുണ്ട്. ഇതെല്ലാം ആര്‍.എസ്.എസ് നിയന്ത്രണത്തിലായി. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലും അവര്‍ അവരുടെ സ്വന്തം വിധേയരെ തിരുകിക്കയറ്റി. കഴിഞ്ഞ കുറച്ച് നാളുകളായി നമ്മുടെ ദേശീയ മാധ്യമങ്ങളുടെ നിലപാടൊന്ന് പരിശോധിച്ചു നോക്കുക. അവര്‍ ഭരണത്തിന്റെ മെഗാഫോണുകള്‍ മാത്രമാണ്. മോദിക്ക് വേണ്ടി പാട്ടുപാടുകയാണ് അവര്‍. നിയമ നിര്‍മാണത്തിലോ നടത്തിപ്പിലോ എന്തെങ്കിലംു അപാകത ഉണ്ടെങ്കില്‍ അത് നിയമപരമായി പരിഹരിക്കുന്നതിന് ജനങ്ങള്‍ ആശ്രയിക്കുന്നത് ജുഡീഷ്യറിയെയാണ്. അതുപോലും ഇന്ന് വിശ്വസനീയമല്ലാതായിത്തീര്‍ന്നിരിക്കുന്നു. സുപ്രീം കോടതിയിലെ നാല് ജഡ്ജിമാര്‍ തങ്ങള്‍ സമ്മര്‍ദത്തിലാണെന്ന് പത്രസമ്മേളനം നടത്തി വിളിച്ചുപറയുന്ന സാഹചര്യം വരെ ഉണ്ടായി. തമിഴ്‌നാട് ചീഫ് ജസ്റ്റിസ് താഹില്‍ പി.രമണിയെ മേഘാലയത്തിലേക്ക് സ്ഥലം മാറ്റിയതും അവര്‍ സ്ഥാനമൊഴിഞ്ഞതുമെല്ലാം ജുഡീഷ്യറിക്കുമേലുള്ള പ്രതീക്ഷകള്‍ അസ്തമിക്കുന്നതിന് ഇടയാക്കുന്നതാണ്. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സുപ്രീംകോടതി കൊളീജിയം ഇപ്പോളങ്ങനെയല്ല എന്നതാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഡോ.അംബേദ്കര്‍ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ ഭരണഘടനയെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സ്വതന്ത്രമാക്കി സംരക്ഷിക്കാനാണ് തീരുമാനിച്ചത്. അതനുസരിച്ചാണ് ഭരണഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനയെ സംരക്ഷിക്കാനായി സൃഷ്ടിച്ച സംവിധാനങ്ങളൊന്നും ഇന്ന് സ്വതന്ത്രമല്ല. സുതാര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തേണ്ട തെരഞ്ഞെടുപ്പ് കമീഷന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കളിപ്പാവയെപ്പോലെ പ്രവര്‍ത്തിക്കുന്നു. ഇ.വി.എം സംബന്ധിച്ച് വലിയ പരാതികളാണ് നാടെങ്ങും. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്ന് തെരഞ്ഞടുപ്പ് കമീഷനെ സമീപിച്ച് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബാലറ്റിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, കമീഷന്‍ ഭരണകക്ഷിയുടെ ആവശ്യംമാത്രമാണ് കേട്ടത്.

ആര്‍ട്ടിക്കില്‍ 370 ഉം ആര്‍ട്ടിക്കില്‍ 35എ യും പാര്‍ലമെന്റിനെ മുഖവിലക്കെടുക്കാതെയാണ് എടുത്തുമാറ്റിയത്. 370-ാം വകുപ്പില്‍ മാറ്റം വരുത്താന്‍ കശ്മീര്‍ നിയമസഭയുടെ അഭിപ്രായം ആവശ്യമായിരുന്നു. അസംബ്ലി പിരിച്ചുവിട്ട് സംഘ്പരിവാര്‍ പറഞ്ഞാല്‍ അനുസരിക്കുന്ന വിധേയനായ ഒരു വ്യക്തിയെ ഗവര്‍ണറായി നിയമിച്ചു. എന്നിട്ട് ആ ഗവര്‍ണറുടെ അഭിപ്രായം നിയമസഭയുടെ അഭിപ്രായമായി കണക്കാക്കിയാണ് 370-ാം വകുപ്പ് റദ്ദാക്കിയത്. കശ്മീരിനെ ഇന്ത്യയുമായി ചേര്‍ത്തുനിര്‍ത്തിയിരുന്ന കണ്ണിയാണ് 370-ാം വകുപ്പ്. ഇന്ന് കശ്മീരികള്‍ തടവറയിലേതുപോലെയാണ് കഴിയുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഉന്നതതല പ്രതിനിധി സംഘം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കശ്മീരിലെ സ്ഥതിഗതികള്‍ നേരിട്ട് മനസ്സിലാക്കാനായി പോയിരുന്നു. സന്ദര്‍ശനത്തിനിടെ കശ്മീരിലെ ഒരു പ്രയാമായ മനുഷ്യനോട് ഞാന്‍ പറഞ്ഞു സഹോദരാ നിങ്ങളിപ്പോള്‍ സമ്പൂര്‍ണമായി ഞങ്ങളുടെ ആളായില്ലേ എന്ന്. ആ മനുഷ്യന്‍ മറുപടി പറഞ്ഞത് ഇപ്രകാരമാണ് ”ഞങ്ങളും നിങ്ങളും തമ്മിലുള്ള ബന്ധമായിരുന്നു 370-ാം വകുപ്പ്, അത് ഇല്ലാതായി എന്നാണ്”. ഇത്തരത്തില്‍ കശ്മീരികളെ രാജ്യത്തുനിന്ന് അകറ്റുന്ന രീതിയാണ് മോദി സര്‍ക്കാര്‍ പ്രയോഗിക്കുന്നത്. ഇത് മോദി സര്‍ക്കാരിന്റെ ചരിത്രപരമായ വിഡ്ഢിത്തമാണ്. ഭരണഘടന ഇപ്പോഴുമുണ്ട്. പക്ഷേ, ഭരണഘടനയുടെ ആത്മാവ് ഇന്നില്ല. കേവലം അസ്ഥികൂടം മാത്രമാണ് ഇപ്പോഴുള്ളത്.

19 ലക്ഷത്തിലധികം പേരാണ് എന്‍.ആര്‍.സി ഇംപ്ലിമെന്റ് ചെയ്തതോടെ രാജ്യമില്ലാത്തവരായത്തീര്‍ന്നത്. കഴിഞ്ഞ ദിവസം ബംഗാളിലെ ഒരു പ്രസംഗത്തില്‍ അമിത്ഷാ പറഞ്ഞത് പൗരത്വ രജിസ്റ്ററില്‍ പേരില്ലാത്ത ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രൈസ്തവ മതക്കാര്‍ ഭയക്കേണ്ടതില്ല എന്നാണ്. അതായത് മുസ്‌ലിംകള്‍ക്ക് മാത്രമാണ് പൗരത്വ പ്രശ്‌നമുള്ളത് എന്ന്. രാജ്യത്തിന്റെ ഭരണഘടന ഉറപ്പാക്കുന്ന വിവേചനമില്ലാത്ത രാജ്യം എന്നതിന്റെ ആത്മാവ് ചോര്‍ത്തുകയാണ് ഇവര്‍.

സൈനികരെക്കുറിച്ച് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. സൈനികര്‍ക്ക് എന്ത് സുരക്ഷയാണ് മോദി സര്‍ക്കാര്‍ നല്‍കുന്നത്. കനത്ത സെക്യൂരിറ്റി ഉണ്ടെന്ന് പറയപ്പെടുന്ന മേഖലയില്‍ വെച്ചാണ് നമ്മുടെ 42 സൈനികര്‍ രക്തസാക്ഷികളായ പുല്‍വാമ ആക്രമണം നടന്നത്. സൈനിക സുരക്ഷയൊരുക്കുന്നതില്‍ മോദി സര്‍ക്കാരിന്റെ വലിയ പരാജയമായിരുന്നു അത്. ദൗര്‍ഭാഗ്യവശാല്‍ ആ വിഷയത്തില്‍ സര്‍ക്കാരിനെ വേണ്ട വിധത്തില്‍ നേരിടാന്‍ പ്രതിപക്ഷത്തിനായില്ല. പകരം ബി.ജെ.പിയാകട്ടെ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ച് ദേശീയ വികാരം ഉണര്‍ത്തി ഭരണപരാജയം സമര്‍ഥമായി ജനങ്ങളില്‍ നിന്ന് മറച്ചു. ഇത്തരം നാടകമാണ് നിരന്തരം നടക്കുന്നത്. കാശ്മീരിന്റെ പേരില്‍ ദേശീയ വികാരം ആളിക്കത്തിക്കുന്നു, എന്‍.ആര്‍.സി രാജ്യത്തില്‍ മുഴുവന്‍ നടപ്പാക്കും എന്ന് പറയുന്നു. ഈ സാഹചര്യത്തെ ഒത്തുചേര്‍ന്ന് നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യം ബാക്കിയുണ്ടാകില്ല. മതേതര ജനാധിപത്യ ശക്തികളും പൗരസമൂഹവും കൈകോര്‍ത്ത് നിന്ന് സംഘ്പരിവാര്‍ സമഗ്രാധിപത്യത്തെ ചെറുത്ത് സംഘ്‌രാഷ്ട്ര നിര്‍മാണത്തിന് തടയിടണം. അതിന് അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി നിര്‍ത്തി ഒന്നിക്കണം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757