Opinion

ആര്‍സിഇപി കരാറും ക്ഷീരകര്‍ഷകരുടെ ആശങ്കകളും – എസ്.എ അജിംസ്

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പാലക്കാട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്തിലെ ചില ക്ഷീരകര്‍ഷകര്‍ ഗുജറാത്തില്‍ നിന്ന് ഗീര്‍ ഇനത്തില്‍ പെട്ട നൂറോളം പശുക്കളെ കേരളത്തിലെത്തിച്ചു. ഇന്ത്യ ഉള്‍പ്പടെയുളള രാജ്യങ്ങള്‍ ഒപ്പിടാന്‍ പോകുന്ന ഒരു പുതിയ വ്യാപാര കരാറിന്റെ പ്രത്യാഘാതം ഭയന്നായിരുന്നു അവരത് ചെയ്തത്. ആര്‍സിഇപി ( റീജിയണല്‍ കോംപ്രഹന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് എന്നാണ് ആ കരാറിന്റെപേര്. കേരളത്തിലോ ഇന്ത്യയില്‍ പോലുമോ കാര്യമായി ചര്‍ച്ച ചെയ്യാത്ത ഒന്നാണ് ഈ കരാര്‍. ഈ ഈ വര്‍ഷമവസാനത്തോടെ ഈ വ്യാപാരകരാറിന് അന്തിമ രൂപമാവും. കരാറിനെ കുറിച്ച് കേട്ടറിഞ്ഞ ഇന്നത്തെ മന്ത്രിയും ചിറ്റൂര്‍ എംഎല്‍എയുമായ കെ. കൃഷ്ണന്‍കുട്ടിയാണ് അന്ന് ഗീര്‍ പശുക്കളെ കൊണ്ടു വരാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ ക്ഷീരോല്‍പാദകരായ ഇന്ത്യയിലെ പാവപ്പെട്ട ക്ഷീരകര്‍ഷകരെ വഴിയാധാരമാക്കുന്നതാണ് ഈ കരാര്‍ എന്ന ഉത്തമബോധ്യത്തിലായിരുന്നു അത്. ഇനിയും ഈ കരാറിനെ കുറിച്ച് കര്‍ഷക സംഘടനകള്‍ വേണ്ടത്ര ബോധവാന്മാരാണോ എന്ന കാര്യം സംശയമാണ്.

എന്താണ് ആര്‍സിഇപി?
ആസിയാന്‍ രാഷ്ട്രങ്ങളും അവരുമായി സ്വതന്ത്ര വ്യാപാര കരാറുകളുള്ള ഇന്ത്യ , തെക്കന്‍ കൊറിയ, ചൈന, ന്യൂസീലാന്‍ഡ്, ആസ്‌ട്രേലിയ. ജപ്പാന്‍ എന്നീ രാജ്യങ്ങളുമാണ് ആര്‍സിപിയില്‍ പങ്കാളികളാവുന്നത്. ആസിയാന്‍ കരാര്‍ ഇന്ത്യയിലെ കാര്‍ഷിക മേഖലയെ എങ്ങനെ ബാധിച്ചുവെന്നതിന് ഇന്ത്യയിലെ കാര്‍ഷികരംഗം തെളിവാണ്. കഴിഞ്ഞ ആഗസ്തില്‍ ചൈനയില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കേണ്ടിയിരുന്നത് വാണിജ്യമന്ത്രി പിയൂഷ് ഗോയലായിരുന്നു. എന്നാല്‍ അദ്ദേഹം പങ്കെടുത്തില്ല. പകരം പങ്കെടുത്തത് വാണിജ്യ സെക്രട്ടറി അനൂപ് വാധവാന്‍ ആണ്. ഇന്ത്യയിലെ വ്യവസായ സമൂഹം ഈ കരാറിനെ കുറിച്ച് ഉന്നയിച്ച ആശങ്കകളാണ് വാധവാന്‍ ചര്‍ച്ചയില്‍ പ്രധാനമായും ഉന്നയിച്ചത്. ചൈനയുടെ വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകി നിലവില്‍ തന്നെ ഊര്‍ധശ്വാസം വലിക്കുന്ന ഇന്ത്യന്‍ വ്യവസായ രംഗത്തെ അത് മുച്ചൂടും തകര്‍ക്കുമെന്ന ആശങ്കയായിരുന്നു ഇന്ത്യന്‍ വ്യവസായ ലോകം ഉയര്‍ത്തിയത്. കര്‍ഷക സംഘടനകള്‍ ഉന്നയിച്ചത് മറ്റൊരു വിഷയമാണ്. നിലവിലെ സ്വതന്ത്ര വ്യാപാര കരാറുകള്‍ കൊണ്ട് മുച്ചൂടും തകര്‍ന്ന ഇന്ത്യന്‍ കര്‍ഷക മേഖലയിലെ പ്രധാന ഇനമായ ക്ഷീരമേഖലയെ കുറിച്ചുള്ള ആശങ്കയാണത്. ഇന്ത്യയിലെ ക്ഷീരമേഖലയും വിപണിയും ലോകത്തെ ഏറ്റവും വലുതാണ്. സ്വയം പര്യാപ്തവുമാണ്. ആര്‍സിഇപി ക്ഷീരമേഖലയെ തകര്‍ത്തു തരിപ്പിണമാക്കുമെന്നും അതുകൊണ്ട് ഇന്ത്യ ഈ കരാറില്‍ നിന്ന് പിന്മാറണമെന്നുമാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടത്.

എവണ്‍ പാല്‍- എടു പാല്‍
ഇന്ത്യയില്‍ നടന്ന ധവളവിപ്ലവം ലോകത്തിന് തന്നെ മാതൃകയായിരുന്നു. ഉല്‍പാദന ശേഷി കൂടിയ സങ്കരയിനം പശുക്കളെ ഉപയോഗിച്ചായിരുന്നു ആ വിപ്ലവം. ഇന്ത്യയിലെ തദ്ദേശീയമായ പശുക്കള്‍ക്ക് പകരം, ഹോള്‍സ്റ്റീന്‍ ഫ്രീഷര്‍ , ജേഴ്‌സി തുടങ്ങിയ വിദേശ സങ്കരയിനങ്ങള്‍ ഇന്ത്യന്‍ ഗ്രാമങ്ങളെ കീഴടക്കി. എന്നാല്‍, അതേ സമയം തന്നെ, ഇന്ത്യന്‍ ഇനങ്ങളില്‍ ഉല്‍പാദന ശേഷി കൂടിയ ഗീര്‍ പശുക്കളെ ബ്രസീല്‍ ഇന്ത്യയില്‍ നിന്ന് കൊണ്ടു പോയി ആ രാജ്യത്ത് സങ്കരയിനങ്ങളെ വികസിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ ഭൂരിഭാഗവും ഇന്ന് യൂറോപ്യന്‍ സങ്കരയിനങ്ങളാണുള്ളത്. ഇതിനിടയൊണ് ഇന്ത്യന്‍ ഇനങ്ങളുടെയും സങ്കരയിനങ്ങളുടെയും പാലുകളുടെ ഒരു താരതമ്യ പഠനം പുറത്തു വരുന്നത്. സങ്കരയിനങ്ങളുടെ പാല്‍ എവണ്‍ മില്‍ക് എന്നും ഇന്ത്യന്‍- തദ്ദേശീയ ഇനങ്ങളുടേത് എടു മില്‍ക് എന്നുമാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ പാലുകളിലടങ്ങിയിട്ടുള്ള എവണ്‍, എടു ബീറ്റാ കസീനുകളുടെ സാന്നിധ്യമാണ് ഇങ്ങനെ പേര് വരാനുള്ള കാരണം. ചില പഠനങ്ങളില്‍ എവണ്‍ പാല്‍ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും മറ്റും ദോഷകരമാണെന്ന പഠനം പുറത്ത് വന്നു. ഇതോടെ, എടു മില്‍കിന് ന്യൂസീലാന്‍ഡിലെ ഒരു കന്പനി പേറ്റന്റ് എടുക്കുകയും ചെയ്തു. നമ്മുടെ തദ്ദേശീയ ഇനങ്ങളായ ഗീര്‍, സഹിവാള്‍, വെച്ചൂര്‍ തുടങ്ങിയ പശുക്കളുടെ പാലാണ് ഈ എടു മില്‍ക് എന്നോര്‍ക്കണം. എവണ്‍ പാല്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് വന്നാല്‍, സ്വാഭാവികമായും അതിന്റെ വിപണിയെ ബാധിക്കും. എടു മില്‍കിന് ഡിമാന്‍ഡ് കൂടുകയും ചെയ്യും.
ആര്‍സിഇപിയും എടു മില്‍കും
ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളും ന്യൂസീലാന്‍ഡും ആസ്‌ട്രേലിയയുമൊക്കെയാണ് ഏറ്റവും വലിയ എടു മില്‍ക് ഉല്‍പാദകര്‍. നിലവില്‍ ന്യൂസീലാന്‍ഡുമായോ ആസ്‌ട്രേലിയയുമായോ ഇന്ത്യക്ക് വാണിജ്യ കരാറുകളില്ല. ആര്‍സിഇപിയില്‍ പങ്കാളിയാവുന്നതോടെ ന്യൂസീലാന്‍ഡില്‍ നിന്നുളള പാലും പാലുല്‍പ്പന്നങ്ങളും ഇന്ത്യന്‍ വിപണി കീഴടക്കുമെന്നുറപ്പാണ്. ഇതാണ് കര്‍ഷര്‍ ഉയര്‍ത്തുന്ന ആശങ്ക. സ്വാഭാവികമായും തദ്ദേശീയ ഇനങ്ങളുടെ പാലിന് ഡിമാന്‍ഡ് കൂടും. ഇത് മറികടക്കാന്‍ ഇന്ത്യന്‍ കര്‍ഷകരുടെ മുന്പിലുള്ള ഒരേയൊരു മാര്‍ഗം നിലവിലെ സങ്കരയിനങ്ങളെ കയ്യൊഴിഞ്ഞ് തദ്ദേശീയ ഇനങ്ങളിലേക്കുള്ള മടങ്ങിപ്പോക്കാണ്. ഒരു സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വന്നാല്‍ ഇന്ത്യയിലേക്കൊഴുകാന്‍ പോകുന്ന ന്യൂസീലാന്‍ഡിന്റെ പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും മുന്പില്‍ പിടിച്ചു നില്‍ക്കാന്‍ പോലും അവര്‍ക്കാവില്ല. ആ സാഹചര്യത്തില്‍ പൂര്‍ണമായും ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, സ്ത്രീകള്‍ കൂടുതല്‍ പങ്കാളികളായ ഇന്ത്യന്‍ ക്ഷീരമേഖല എങ്ങനെ നിലവിലെ പശുക്കളെ കയ്യൊഴിഞ്ഞ് തദ്ദേശീയ ഇനങ്ങളിലേക്ക് മാറും? മാറിയാല്‍ തന്നെ എങ്ങനെ പിടിച്ചു നില്‍ക്കും?

ജനാധിപത്യ വിരുദ്ധം
ആര്‍സിഇപി വാണിജ്യ കരാറിനായുള്ള ചര്‍ച്ചകള്‍ ഭൂരിഭാഗവും നടത്തിയത് മോദി സര്‍ക്കാരാണ്. കൃഷിയും ക്ഷീരോല്‍പാദനവുമെല്ലാം സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന കാര്യമായിട്ടും ഈ കരാറിനെ കുറിച്ചോ അതിലുന്നയിക്കേണ്ട പ്രശ്‌നങ്ങളെ കുറിച്ചോ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ക്ഷീരോല്‍പ്പന്നങ്ങളെ നെഗറ്റീവ് ലിസ്റ്റിലുള്‍പ്പെടുത്തുമെന്ന് തുടക്കത്തില്‍ ആശങ്കയറിയിച്ച കാര്‍ഷിക സംഘടനകളെ കേന്ദ്രം അറിയിച്ചിരുന്നെങ്കിലും ചര്‍ച്ചകളില്‍ അതൊന്നുമുണ്ടായിട്ടില്ല. മാത്രമല്ല, കരാറില്‍ പങ്കെടുക്കുന്ന ഇന്ത്യ അതിലുന്നയിക്കുന്ന വിഷയങ്ങളെ കുറിച്ച് കരാര്‍ ബാധിക്കാന് പോകുന്നവരില്‍ നിന്ന് ഒരു അഭിപ്രായ ശേഖരണവും വനടത്തിയിട്ടില്ല.

സ്വതന്ത്ര കരാറുകളും വാണിജ്യമേഖലയും
ഇന്ത്യ ഇതിന് മുന്പ് ഒപ്പിട്ട ആസിയാന്‍ കരാര്‍ ഇന്ത്യന്‍ വാണിജ്യ മേഖലയെ എങ്ങനെയാണ് ബാധിച്ചതെന്ന കാര്യം ശ്രദ്ധേയമാണ്. പതിനാറ് രാജ്യങ്ങളാണ് ആസിയാന്‍ കൂട്ടായ്മയിലുള്ളത്. 2010-11ല്‍ ആസിയാന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വാണിജ്യ കമ്മി 4.98 ബില്യണ്‍ ഡോളറായിരുന്നെങ്കില്‍ 2016-17ല്‍ അത് 9.56 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഈ കരാര്‍ കൊണ്ടു വരുന്ന മറ്റൊരു ദുരിതം ജപ്പാനും ദക്ഷിണ കൊറിയയും ചില വിത്തിനങ്ങളുടെ മേല്‍ ഉന്നയിക്കുന്ന പേറ്റന്റ് അവകാശവാദമാണ്. ഠഞകജട ജഘഡട എന്നറിയപ്പെടുന്ന ഈ പേറ്റന്റ് അവകാശവാദം കരാറിലുണ്ടെങ്കില്‍ 1991ലെ ഇന്റര്‍നാഷണല്‍ യൂനിയന്‍ ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് ന്യൂ പ്ലാന്റ് വറൈറ്റീസ് (യുപിഓവി) നിര്‍ദേശങ്ങളനുസരിക്കാന്‍ ഇന്ത്യ ബാധ്യസ്ഥമാവും. വിത്തിനങ്ങളെ മാത്രമല്ല, വളം, കീടനാശിനി, കന്നുകാലി വാക്‌സിനുകള്‍ തുടങ്ങി പലതിനും പേറ്റന്റുണ്ടാകും. ഇത് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണത്തെ പോലും നട്ടെല്ലൊടിക്കുന്ന നടപടിയായി മാറും.

ഇന്ത്യയുടെ ക്ഷീരകര്‍ഷകന്‍- അവരുടെയും
15 കോടി ക്ഷീരകര്‍ഷകരാണ് ഇന്ത്യയിലുള്ളത്. ന്യൂസീലാന്‍ഡിലുള്ളതാകട്ടെ, കേവലം,പന്തീരായിരവും ആസ്‌ട്രേയിലയില്‍ 6300ഉം. ഇതിനര്‍ത്ഥം ഈ രണ്ടു രാജ്യങ്ങളുടെയും ഏറ്റവും വലിയ കയറ്റുമതി ഇനമായ ക്ഷീരോല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത് കോര്‍പ്പറേറ്റുകളാണെന്ന് വ്യക്തം. 156 മെട്രിക് ടണ്ണാണ് ഇന്ത്യയുടെ ഉല്‍പാദനം. അതിന്റെ ഭൂരിഭാഗവും ആഭ്യന്തര ഉപയോഗമാണ്. അതായത്, ഇന്ത്യ പോലെ വലിയ ഒരു ക്ഷീരവിപണിയെ ലക്ഷ്യം വെച്ചുള്ളതാണ് കരാറെന്ന് വ്യക്തം. ന്യൂസീലാന്‍ഡ് ഉല്‍പാദിപ്പിക്കുന്ന 22 മെട്രിക് ടണ്‍ പാലുല്‍പ്പന്നങ്ങളില്‍ 19 മെട്രിക് ടണ്ണും കയറ്റുമതി ചെയ്യുകയാണ്. ആസ്‌ട്രേലിയ ഉല്‍പാദിപ്പിക്കുന്ന 15 മെട്രിക് ടണ്ണില്‍ നാല് മെട്രിക് ടണ്ണും കയറ്റുമതി ചെയ്യുന്നു. ന്യൂസീലാന്‍ഡ് പാല്‍ കോര്‍പ്പറേറ്റായ ഫോണ്ടെറ, ആസ്‌ട്രേലിയന്‍ കന്പനിയായ സാപ്പുട്ടോ എന്നിവ ഇന്ത്യന്‍ വിപണിയെ ലക്ഷ്യം വെക്കുന്നുണ്ട്. അതാണ് കരാറിന് പിന്നിലെ രസതന്ത്രവും.

അമേരിക്ക പോലും പിന്‍വാങ്ങുന്നു
സ്വതന്ത്ര വ്യാപാര കരാറുകളുടെ ഏറ്റവും വലിയ പ്രയോക്താക്കളും പ്രായോജകരുമായിരുന്ന അമേരിക്ക അവയില്‍ നിന്ന് ട്രംപിന്റെ കാലത്ത് യൂ ടേണ്‍ അടിക്കുകയാണ്. ട്രംപിന്റെ വാണിജ്യ യുദ്ധങ്ങളെല്ലാം സ്വതന്ത്ര വ്യാപാര കരാറുകള്‍ വഴി അമേരിക്കന്‍ സാന്പത്തിക രംഗത്തിനേറ്റ തിരിച്ചടികള്‍ ചൂണ്ടിക്കാട്ടിയാണ്. വ്യാപാര കരാറുകളേ വേണ്ട എന്ന നിലപാടു പോലെ തന്നെ അപകടകരമാണ് സ്വന്തം വാണിജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കാതെ അന്ധമായി കരാറില്‍ ഏര്‍പ്പെടുന്നതും . നിലവിലുള്ള വ്യാപാര കരാറുകള്‍ പുനപ്പരിശോധിക്കാനും പുതിയ കരാറുകളിലേര്‍പ്പെടുന്‌പോള്‍ ഇന്ത്യന്‍ താല്‍പര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും കേന്ദ്രസര്‍ക്കാര്‍ ഇനിയും തയ്യാറാവുന്നില്ല. സംഘ്പരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് പോലും ആര്‍സിഇപിയുടെ അപകടത്തെ കുറിച്ച് ചൂണ്ടിക്കാണിച്ചിട്ടും അതൊന്നും മോദിയും കൂട്ടരും കേട്ടമട്ടില്ല. എന്താണ് ആര്‍സിഇപിയില്‍ ഇന്ത്യ ചര്‍ച്ച ചെയ്യുന്നത് എന്നു പോലും ആര്‍ക്കുമറിയില്ല. ഒരു വിവരവും പൊതുമണ്ഡലത്തില്‍ ലഭ്യവുമല്ല. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ മാതൃകയുള്ളതിനാല്‍ വാണിജ്യ കരാറുകള്‍ പാര്‍ലമെന്റിലും ചര്‍ച്ച ചെയ്യാറില്ല. എല്ലാറ്റിലുമുപരി, രാജ്യത്ത് വിസമ്മതത്തിന്റെ സാധ്യതകള്‍ അസ്തമിച്ചു കൊണ്ടിരിക്കെ, ആരും സമരവും ചെയ്യുന്നില്ല. ഇതൊക്കെ നടക്കുന്‌പോഴാണ് ഈ കരാറിലെ വലിയ ഗുണഭോക്താക്കളിലൊരാളായ ചൈനയുടെ പ്രസിഡന്റ് ഷീ ജിന് പിങുമായി മോദി മഹാബലിപുരത്ത് ക്യാമറക്ക് മുന്നില്‍ നാടകം കളിക്കുന്നതെന്നും ശ്രദ്ധേയമാണ്. വ്യാപാരകരാറുകളെ എതിര്‍ക്കുന്ന ട്രംപുമായി ഹൌഡി മോഡി കളിക്കുന്നതും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757