zero hour

സംഘ്പരിവാര്‍ ബന്ധമുള്ള സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്നത് കേരള സര്‍ക്കാര്‍ നിര്‍ത്തിവെക്കണം – പ്രഭാഷണം / രവിനായര്‍

രാജ്യത്താകമാനം ആര്‍.എസ്.എസ് പിടിമുറുക്കിയിരിക്കുന്ന ഭീകരമായ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മുഴുവന്‍ സ്റ്റേറ്റ് മിഷിനറികളേയും സംഘ്പരിവാര്‍ കവര്‍ന്നെടുത്തിരി ക്കുന്നു. ജനാധിപത്യ രാജ്യമാണെന്നാണ് നാം ഇന്ത്യ രാജ്യത്തെക്കുറിച്ച് പറയാറുള്ളത്. എന്നാല്‍, ഇന്ന് ഇന്ത്യ രാജ്യം ഒരു ജനാധിപത്യ രാജ്യമാണ് എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നില്ല. പാര്‍ലമെന്റിന്റെ യാതൊരു നിയന്ത്രണവുമില്ലാത്ത ഒരു സംവിധാനമായി ഇന്റലിജന്‍സ് ബ്യൂറോ മാറിയിരിക്കുന്നു. ബ്രിട്ടീഷുകാര്‍ അവശേഷിപ്പിച്ചുപോയ നിയമങ്ങള്‍ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും നടപ്പിലാക്കിയതിനെ പിന്‍പറ്റി നമ്മുടെ രാജ്യത്തും നടപ്പാക്കാനുള്ള ശ്രമമാണ് രാജ്യം ഭരിക്കുന്നവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

പുരോഗമന പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനമാണ് കേരളം എന്നറിയുന്നതില്‍ സന്തോഷമുണ്ട്. അതുകൊണ്ടുതന്നെ കേരളത്തില്‍ സംഘ്പരിവാറിനെ ചെറുക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നും ഞാന്‍ വിശ്വസിക്കുകയാണ്. അതിന് ഒന്നാമതായി കേരളത്തിലെ മുഴുവന്‍ അധികാരികളോടും പറയുവാനുള്ളത് സംസ്ഥാനത്തെ പൊതുസ്ഥലത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആര്‍.എസ്.എസിന്റെ മുഴുവന്‍ ശാഖകളും നിയന്ത്രിക്കണമെന്നും നിരോധിക്കണമെന്നുമാണ്. മതേതരത്വത്തെ വെല്ലുവിളിച്ചുകൊണ്ട്, വര്‍ഗീയ-വംശീയ മുദ്രാവാക്യങ്ങള്‍ വിളിച്ച് കുറുവടിയും തൃശൂലങ്ങളുമായി കവാത്ത് നടത്തുന്ന ആര്‍.എസ്.എസിനെ നിരോധിക്കണം. സംഘ്ബന്ധമുള്ള സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതും സര്‍ക്കാര്‍ നിര്‍ത്തിവെക്കേണ്ടതുണ്ട്. പ്രത്യേകിച്ചും വിവേകാനന്ദ സ്‌കൂള്‍ പോലെയുള്ള, വനവാസി കല്യാണ്‍ പോലെയുള്ള സംഘപരിവാര്‍ ബന്ധമുള്ള ഓര്‍ഗനൈസേഷനുകള്‍ക്ക് ഫണ്ട് നല്‍കാതിരിക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണം.

സംഘ്പരിവാറിന്റെ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമവും വകുപ്പുകളും ശരിയായി ഉപയോഗിക്കണം. പ്രതിദിനം ഈ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും എതിരെ നടന്നുകൊണ്ടിരിക്കുന്ന ഭീകരമായ ആക്രമണങ്ങള്‍ നടത്തുന്ന കുറ്റവാളികളെ വിചാരണ ചെയ്യാനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കണം. 153 (എ) പോലെയുള്ള വകുപ്പുകള്‍ സംഘ്പരിവാര്‍ കുറ്റവാളികള്‍ക്കെതിരെ ചുമത്തുവാനും അവരെ ജയിലിലടക്കുവാനുമുള്ള തന്റേടം കേരള സര്‍ക്കാര്‍ കാണിക്കണം. രാജ്യം ഭരിക്കുന്നവരുടെ അനീതിക്കെതിരെ കത്തെഴുതിയ അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കുമ്പോള്‍ കേരളം ഭരിക്കുന്നവര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഇവിടത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ, ദലിതര്‍ക്കെതിരെ, ആദിവാസികള്‍ക്കെതിരെ സംസാരിക്കുന്ന, അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ വിദ്വേഷ പ്രചരണത്തിന്റെ വകുപ്പുകള്‍ ചുമത്തി കേസെടുക്കുക എന്നതാണ്.

സംഘ്പരിവാറിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ അവരെ അനുവദിക്കരുത്. ആര്‍.എസ്.എസിന്റെ ആസ്ഥാനമായ നാഗ്പൂരിലേക്കുള്ള മടക്ക ടിക്കറ്റ് നല്‍കിക്കൊണ്ടായിരിക്കണം ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കേണ്ടത്. രാജ്യത്തെ ജനാധിപത്യത്തിന്റേയും മതേതരത്തത്തിന്റേയും ഭരണഘടനയുടേയും രക്തമൂറ്റിക്കുടിച്ചുകൊണ്ടിരിക്കുന്ന ഭീകരനായ അട്ടയാണ് സംഘ്പരിവാര്‍. ഗാന്ധിജിയെപോലും അവര്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു. ബുദ്ധിപരമായ ചോദ്യങ്ങളെ നേരിടാന്‍ അവര്‍ക്ക് കഴിയുന്നില്ല. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ഒളിച്ചോടുകയാണ് അവര്‍. ബ്രാഹ്മണിക്കല്‍ ആധിപത്യമുള്ള ഫാഷിസ്റ്റ് ഭരണമാണ് ഇവിടെയുള്ളത്. ദലിതുകളെയും മുസ്‌ലിംകളെയും സിഖുകാരെയും ഇവിടെനിന്ന് നിര്‍മാര്‍ജനം ചെയ്യുക എന്ന അജണ്ട നടപ്പിലാക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഹിറ്റ്‌ലറിന് കിട്ടിയ വോട്ടും മോദിക്ക് കിട്ടിയ വോട്ടും ചേര്‍ത്തുവെച്ച് നോക്കിയാല്‍ ഇവ രണ്ടും തമ്മിലുള്ള സാമ്യം കാണാന്‍ കഴിയും. ഈ രാജ്യത്തെ അറുപത് ശതമാനത്തിലധികം ആളുകളും മനസ്സുകൊണ്ട് സംഘ്പരിവാറിനെ വെറുക്കുന്നവരാണ്. തെരഞ്ഞെടുപ്പുകളില്‍ സംഘ്പരിവാറിനെ ചെറുക്കുന്നതിന് ജനപിന്തുണയുള്ള, ജനപക്ഷത്തുനില്‍ക്കുന്ന സ്ഥാനാര്‍ഥികളെ പിന്തുണക്കണം. ഇല്ലെങ്കില്‍ ലോകത്തെ ഫാഷിസ്റ്റ് രാജ്യങ്ങളില്‍ എന്താണോ സംഭവിച്ചത് അതുതന്നെയായിരിക്കും ഇന്ത്യ രാജ്യത്തും സംഭവിക്കാന്‍ പോകുന്നത്. ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന്റേയോ തീവ്രവാദ-ഭീകരവാദ പ്രവര്‍ത്തനത്തിന്റേയോ ശൈലിയല്ല ഉയര്‍ന്നുവരേണ്ടത്. നിസ്സഹകരണത്തിന്റേയും സത്യഗ്രഹത്തിന്റേയും ഒരു സമര സംസ്‌കാരമാണ് ഇവിടെ ഉയര്‍ന്നുവരേണ്ടത്. അത്തരം സമരങ്ങളിലൂടെ രാജ്യത്തെ ജയിലുകള്‍ സംഘ്പരിവാറിനെതിരെ ശബ്ദിക്കുന്നവരെക്കൊണ്ട് നിറഞ്ഞുകവിയട്ടെ. അനീതി സമൂഹത്തില്‍ ഭൂരിപക്ഷമാവുമ്പോള്‍ നീതിയുള്ളവരുടെ സ്ഥാനം ജയിലുകളിലാണ്.
(സംഘ്‌രാഷ്ട്ര നിര്‍മിതിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി എറണാകുളത്ത് സംഘടിപ്പിച്ച ജനകീയ കണ്‍വന്‍ഷനില്‍ നടത്തിയ പ്രഭാഷണത്തില്‍നിന്ന്)
സൗത്ത് ഏഷ്യ ഹ്യൂമന്‍ റൈറ്റ്‌സ് ഡോക്യുമെന്റേഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്ററാണ് രവി നായര്‍.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757