zero hour

കുപ്പിയും പാട്ടയും ചാക്കും 56 ഇഞ്ച് നെഞ്ചളവും – കൂത്ത്/ ചാക്യാര്‍

 

ചാക്യാരിനി കൂത്ത് നിര്‍ത്തുകയാണ്. രാജ്യചക്രം കറക്കുന്നവര്‍ തന്നെ കൂത്തില്‍ അഗ്രഗണ്യരാകുമ്പോള്‍ ചാക്യാരെന്തിനാ വെറുതെ സമയം കളയുന്നതെന്ന് ആലോചിച്ചുപോവുകയാ. ചൈനീസ് പ്രസിഡണ്ട് ഷീ ജിങ് പിങുമായി മഹാബലിപുരത്ത് നടത്തിയ ഉച്ചകോടിക്ക് ശേഷം അവിടത്തെ കടപ്പുറത്ത് കുപ്പിയും പാട്ടയും പെറുക്കിനടക്കുന്ന പ്രധാനമന്ത്രിയുടെ പടം സാമൂഹ്യമാധ്യമങ്ങളില്‍ കണ്ടപ്പോഴാണ് ചാക്യാര്‍ക്ക് കൂത്ത് അവസാനിപ്പിക്കണമെന്ന് ആദ്യമായി തോന്നിത്തുടങ്ങുന്നത്. മഹാബലിപുരത്തെ പ്രഭാതസവാരിക്കിടെയാണ് മോദിക്ക് കടപ്പുറം വൃത്തിയാക്കണമെന്ന ചിന്തയുദിച്ചത്. അരമണിക്കൂറോളം അതിസാഹസികമായി പ്രധാനമന്ത്രി ഈ പ്രവൃത്തി ചെയ്തു. കൂടെ ആരുമില്ലാതിരിക്കുവാനും, ഉണ്ടെങ്കില്‍തന്നെ ആരുടേയും ചിത്രം തന്റെ കൂടെ വരാതിരിക്കാനും മോദി ശ്രദ്ധിച്ചു. ക്യാമറക്ക് അദ്ദേഹം നന്നായി പോസ് ചെയ്തു. അല്ലെങ്കിലും ആ കാര്യത്തില്‍ പ്രധാനമന്ത്രി നേരത്തെയും കഴിവ് തെളിയിച്ചിട്ടുണ്ട്. കയ്യില്‍ പിടിച്ചതാകട്ടെ പക്ഷേ, പ്ലാസ്റ്റിക്കിന്റെ ചാക്കായിപ്പോയി. ബോധവല്‍ക്കരണം പ്ലാസ്റ്റിക്കിനെതിരായിട്ടാണുപോലും. പറ്റിയത് അബദ്ധമായിരുന്നു. എന്തു ചെയ്യാം, ട്രോളന്‍മാരതങ്ങ് ആഘോഷിച്ചു.

സാധാരണ ഉത്സവം കഴിഞ്ഞാല്‍ അമ്പലപ്പറമ്പ്, ആഘോഷകമ്മിറ്റിക്കാര്‍ ആര്‍ഭാടത്തിലും ആഡംബരത്തിലും വൃത്തിയാക്കുന്നത് കണ്ടിട്ടുണ്ട്. അടുത്തവര്‍ഷം ഉത്സവം നടത്താന്‍ ഈ കമ്മിറ്റിയെ തന്നെ ഏല്‍പ്പിക്കണമെന്നതാണ് അതിന്റെ താല്‍പര്യം. വില പിടിപ്പുള്ള ആഭരണങ്ങളും മറ്റും തിരക്കിനിടയില്‍ കളഞ്ഞുപോയാല്‍ അതും ഈ വൃത്തിയാക്കലില്‍ ലാഭമാകാറുണ്ട്. മോദി പക്ഷേ, മഹാബലിപുരത്തെ നാട്യം കൊണ്ടുദ്ദേശിച്ചത് തമിഴ്‌നാട്ടുകാരുടെ മനം കവരലാണ്. തമിഴ്‌നാട് ഉച്ചകോടിക്കായി തെരഞ്ഞെടുത്തത് ഇന്ത്യയുടെ സാംസ്‌കാരികത്തനിമ വിദേശഭരണാധികാരികളെ കാണിക്കാനാണെന്നാണ് ബി.ജെ.പി വീരവാദം മുഴക്കിയത്. പക്ഷേ, സ്ഥലം തെരഞ്ഞെടുത്തത് ചൈനയുടെ താല്‍പര്യപ്രകാരമാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ അവര്‍ മൗനികളായി. ഉച്ചകോടി വിജയമാണെന്നാണ് ഭരണപക്ഷം അവകാശപ്പെടുന്നത്. ആര്‍ക്കാണ് വിജയമെന്നത് ഇനിയും വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. കളിക്കുന്നത് ചൈനയോടാണ് എന്നോര്‍ക്കുന്നത് നല്ലതാ. എല്ലാറ്റിന്റേയും ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റിറക്കാന്‍ അവര്‍ക്കധികസമയമൊന്നും ആവശ്യമില്ല. ഉച്ചകോടി ചൈനക്ക് ഗുണമായെന്ന വാര്‍ത്തകളാണ് അവിടെ പ്രചരിക്കുന്നത്. അങ്ങനെയാണെങ്കില്‍ നമ്മള്‍ ഉഛിഷ്ടം വാരിയത് തന്നെ മെച്ചം. കടല്‍ത്തീരം വൃത്തിയാക്കുന്നതിന്റെ ചിത്രങ്ങള്‍ അതിഗംഭീരമായിട്ടുണ്ട്. അതിന്റെ ക്യാമറമാന്‍ ആരാണെന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. ബഹുമാനപ്പെട്ട മോദിജി അതും കൂടി ട്വിറ്ററിലൂടെ ഒന്ന് പങ്കുവെച്ചാല്‍ കൊള്ളാം. അതിനിടയില്‍ രസകരമായ ഒരു കാര്യമുണ്ടായി. ചെന്നൈയില്‍ നിന്നും മഹാബലിപുരത്തേക്ക് 55 കിലോമീറ്റര്‍ യാത്ര മോദി നടത്തിയത് ഹെലികോപ്റ്ററില്‍. പാവം നമ്മുടെ ചൈനീസ് പ്രസിഡണ്ടാകട്ടെ കാറിലും. ഇതെന്താ ഇങ്ങിനെ എന്ന കുണ്ഠിതം ചാക്യാര്‍ക്കുണ്ടായി. അതിഥി കാറില്‍. ആതിഥേയന്‍ വിമാനത്തില്‍. ചോദിച്ചപ്പോള്‍ പറഞ്ഞത് ചൈനീസ് നേതാക്കള്‍ ഹെലികോപ്റ്ററില്‍ പോകുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സമ്മതമല്ലത്രെ. ഈ പാര്‍ട്ടി ഏതേതു കാലത്താണാവോ ജീവിക്കുന്നത്. ചൈനീസ് പ്രസിഡണ്ടിനോട് നമ്മുടെ പിണറായി സഖാവിനെ കണ്ടുപഠിക്കാന്‍ പറയൂട്ടോ.

ചന്ദ്രയാന്റെ കാലമായതിനാലാകാം എന്തു വന്നാലും ചന്ദ്രനിലേക്ക് നോക്കൂവെന്നാണ് ബി.ജെ.പി മന്ത്രിമാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. രാജ്യം പുരോഗതിയുടെ പടവുകള്‍ ഓരോന്നോരോന്നായി ചവിട്ടിമുന്നേറുകയാണത്രെ. മുന്നില്‍ നിന്നും നയിക്കുന്നത് മോദിജി. അരികത്തിരിക്കുന്നത് അമിഠ് ജി. പക്ഷേ, സമ്പദ്‌വ്യവസ്ഥ അതിവേഗം താഴേക്ക് പതിക്കുന്നതായിട്ട് അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്ന് നിര്‍മലസീതാരാമനു പോലും മനസിലായിട്ടില്ല. പട്ടില്‍ പൊതിഞ്ഞുകൊണ്ടുവന്നാണ് അന്ന് ബജറ്റ് അവതരിപ്പിച്ചത്. ഇപ്പോ സ്വന്തം ഭര്‍ത്താവിന്റെ ഗുഡ് ബുക്കില്‍പോലും കയറാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രളയകാലത്തെ ഓടിച്ചാടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രശംസ പിടിച്ചുപറ്റിയ ആളാണ്. ധനമന്ത്രികസേരയാല്‍ തിളങ്ങാന്‍ അമിത് ഷാ സമ്മതിച്ചുകൊടുക്കുന്നില്ല. നിര്‍മലയുടെ ഭര്‍ത്താവും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ പ്രഭാകര്‍ രാജ്യത്തിന്റെ സാമ്പത്തിക അധഃപതനത്തിനെതിരെ പരസ്യമായി രംഗത്തുവന്നുകഴിഞ്ഞു. നീതി ആയോഗും ഇപ്പോള്‍ ബി.ജെ.പിയെ കയ്യൊഴിയുന്ന ലക്ഷണമാണ്. ചാക്യാര്‍ക്ക് ചിരിവന്നത് കേന്ദ്രനിയമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞ പ്രസ്താവന വായിച്ചിട്ടാണ്. അടുത്തിടെ ബോളിവുഡിലെ മൂന്ന് സിനിമകള്‍ വന്‍ഹിറ്റാവുകയും 120 കോടി നേടുകയും ചെയ്തത് രാജ്യം സാമ്പത്തികമായി ഭദ്രമായതിന്റെ തെളിവാണത്രെ. സാമ്പത്തികശാസ്ത്രത്തിന് നോബേല്‍ സമ്മാനം പ്രഖ്യാപിച്ചതിനുശേഷമാണ് മന്ത്രി ഈ പ്രസ്താവന നടത്തിയത്. അല്ലെങ്കില്‍ നോബേല്‍ അദ്ദേഹത്തിന് സമ്മാനിക്കാമായിരുന്നു.

ബി.ജെ.പി അവതരിപ്പിക്കുന്നത് ഒരു ഹിന്ദുരാജ് ആയിരിക്കുമെന്നാണ് ചാക്യാര്‍ ആദ്യം വിചാരിച്ചിരുന്നത്. ഗോരക്ഷ, ചാണകത്തിന്റെ പ്രാധാന്യം, ഗോമൂത്രം ഇത്യാദി കാര്യങ്ങളെ കുറിച്ചുള്ള ഗവേഷണ പര്യവേക്ഷണ ഫലങ്ങള്‍ റോക്കറ്റ് വേഗതയിലല്ലേ പുറത്തുവന്നുകൊണ്ടിരുന്നത്. ഹനുമാന്‍ ഗിയര്‍, പുഷ്പക വിമാനം തുടങ്ങിയവയും സാങ്കേതിവികാസത്തിന്റെ ആദ്യചുവടുവെപ്പുകളായി അവതരിപ്പിക്കപ്പെടുന്നുണ്ട്. അതിനിടയിലാണ് അമിത് ഷാ ഒരു കാര്യം ശ്രദ്ധയില്‍ പെടുത്തിയത്. അത് പ്രധാനമന്ത്രിയുടെ നെഞ്ചളവിനെക്കുറിച്ചായിരുന്നു. നേരത്തെയുള്ള പ്രധാനമന്ത്രിമാരെല്ലാം ചെയ്യാന്‍ മടിച്ചിരുന്ന കാര്യങ്ങളാണത്രെ 56 ഇഞ്ച് നെഞ്ചളവുള്ള മോദി നടപ്പില്‍വരുത്തുന്നത്. ആള്‍കൂട്ടകൊലപാതകങ്ങളും കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കലും ദേശീയ പൗരത്വരജിസ്റ്ററുമൊക്ക മുന്നോട്ടുവെച്ച മോദിയുടെ നെഞ്ചളവിനെകുറിച്ച് കൂടി സംസാരിക്കുമ്പോള്‍ അതിലൊരു ഭീഷണി മണക്കുന്നുണ്ട്. പക്ഷേ, അത് തീകൊള്ളികൊണ്ട് തല ചൊറിയുന്നതിലേ കലാശിക്കൂവെന്ന് ഓര്‍ക്കുന്നത് നന്ന്.

ചാക്യര്‍ക്ക് വീണ്ടും ചിരി വന്നത് റഫേല്‍ വിമാനങ്ങള്‍ ഏറ്റുവാങ്ങാന്‍ ഫ്രാന്‍സിലേക്ക് പറന്ന രാജ്‌നാഥ് സിങിനെ കണ്ടപ്പോഴാണ്. മഹാനവമി ആഘോഷങ്ങള്‍ക്ക് ശേഷമുള്ള ദിവസമാണ് അതിനായി തെരഞ്ഞെടുത്തത്. ലഗേജില്‍ കരുതിയതാകട്ടെ നാളികേരവും നാലു ചെറുനാരങ്ങയും. റഫാല്‍ വിമാനങ്ങളുടെ നെറുകെയില്‍ നാളികേരമുടച്ചുതളിക്കുകയും ചക്രങ്ങള്‍ നാലു ചെറുനാരങ്ങയുടെ മുകളിലൂടെ കയറ്റുകയും ചെയ്തതായാണ് വിവരങ്ങള്‍. എത്ര വിചിത്രമായ ആചാരങ്ങള്‍ എന്ന മട്ടിലായിരുന്നുവത്രെ ഫ്രഞ്ചുകാര്‍ പ്രതികരിച്ചത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757