Opinion

കേരള ബാങ്ക് പ്രതീക്ഷകളും ആശങ്കകളും – സജീദ് ഖാലിദ്

 

‘കേരളത്തിന്റെ സ്വന്തം ബാങ്ക്’ എന്ന വിശേഷണത്തോടെ, കേരള സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ആരംഭിക്കുന്ന ധനകാര്യ സംരംഭമാണ് കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് അഥവാ കേരള ബാങ്ക്. 14 ജില്ല സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള അനുമതി റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ചു കഴിഞ്ഞു. എസ്.ബി.ടി ലയനത്തോടെ കേരളത്തിലെ സ്വന്തം സമ്പദ്ഘടനയെ സഹായിക്കുന്ന ഒരു ബാങ്കിന്റെ അഭാവം കേരളാ ബാങ്കിന്റെ സാധ്യതയെ പ്രബലമാക്കുന്നുണ്ട്. എസ്.ബി.ഐ-എസ്.ബി.ടി ലയന ശേഷം കേരളത്തില്‍ നല്‍കിപ്പോന്ന വായ്പകളില്‍ 70 ശതമാനം കുറവാണ് എസ്.ബി.ഐ വരുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയിരുന്നത് എസ്.ബി.ടി ആയിരുന്നു. കൃഷി, ചെറുകിട വ്യവസായം, സ്വയം തൊഴില്‍ സംരഭങ്ങള്‍ക്ക് എസ്.ബി.ടിയില്‍ നിന്ന് വായ്പകള്‍ ധാരാളമായി നല്‍കിയിരുന്നു. എന്നാല്‍, ലയനത്തിനുശേഷം കേരളത്തെ അവഗണിക്കുകയാണ് എസ്.ബി.ഐ ചെയ്തത്.

കേരളത്തിന്റെ സാമ്പത്തിക സംവിധാനത്തിന്റെ നെടുംതൂണുകളിലൊന്നാണ് സഹകരണ പ്രസ്ഥാനം. പ്രാദേശിക സാമ്പത്തിക സ്വാശ്രയത്വത്തിന്റെ മുഖ്യ ചാലകശക്തിയായി സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില ആഴത്തിലുള്ള കക്ഷിരാഷ്ട്രീയ മാത്സര്യത്തിലും ഇടതുപക്ഷത്തിന്റെ സമഗ്രാധിപത്യ പ്രവണതയിലും പെട്ട് പ്രതിലോമകരമായ പല കാര്യങ്ങളും സഹകരണമേഖലയില്‍ ചൂണ്ടിക്കാട്ടാനാവുമെങ്കിലും പ്രാദേശിക സ്വാശ്രയത്വത്തില്‍ അവയുടെ നേട്ടം എഴുതിത്തള്ളാനാവില്ല. ലോകമാകെ നടമാടിയ 2008-09 ലെ സാമ്പത്തിക മാന്ദ്യം ഇന്ത്യയെ വലിയതോതില്‍ ബാധിക്കാതിരുന്നതിന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും സഹകരണ പ്രസ്ഥാനങ്ങളും കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സഹകരണ ബാങ്കും ജില്ല സഹകരണ ബാങ്കുകളും സംയോജിപ്പിച്ചുകൊണ്ടാണ് പൂതിയ ബാങ്കിന്റെ രൂപീകരണം നടക്കാന്‍ പോകുന്നത്. 804 ബ്രാഞ്ചുകളുടെ ലയനമാണ് പൂര്‍ത്തികരിക്കേണ്ടത്. സംസ്ഥാന സഹകരണ ബാങ്കിന് ഏകദേശം 7000 കോടി രൂപയും ജില്ല ബാങ്കുകളില്‍ 47,047 കോടിരൂപയും നിക്ഷേപമുണ്ട്. അതായത് രൂപവത്കരിക്കാന്‍ പോകുന്ന പുതിയ ബാങ്കിന് ആ നിലക്ക് 54,000 കോടിയലധികം രൂപയുടെ നിക്ഷേപം ആദ്യം തന്നെയുണ്ടാകും. തീര്‍ച്ചയായും ഇത് സുശക്തമായ ബാങ്കിംഗ് അടിത്തറയാണ്.

കേരള ബാങ്കിന്റെ നിര്‍ദിഷ്ട 804 ബാഞ്ചുകളില്‍ എല്ലാം റിസര്‍വ് ബാങ്കിന്റെ മാനദണ്ഡം അനുസരിച്ച് നിലനില്‍ക്കുന്നതല്ല. അതുകൊണ്ട് ചിലതെങ്കിലും പൂട്ടിപ്പോകാനോ മറ്റുചില ബ്രാഞ്ചുകളുമായി ലയിക്കാനോ നിര്‍ബന്ധിതമാകും. എങ്കിലും പ്രവാസി നിക്ഷേപം ആകര്‍ഷിക്കാനായാല്‍ നിരവധി സാധ്യതകള്‍ വേറെയുമുണ്ട്. നിലവിലെ ജില്ലാ സഹകരണ ബാങ്കുകളില്‍ ഇടുക്കിയും കോഴിക്കോടും ഒഴികെ മറ്റൊന്നിലും എന്‍.ആര്‍.ഐ നിക്ഷേപത്തിനുള്ള അനുമതിയില്ല. കേരള ബാങ്ക് യാഥാര്‍ഥ്യമായാല്‍ അതിന്റെ സാധ്യതയും ഉണ്ടാകും. നിലവിലെ മാനദണ്ഡമനുസരിച്ച് പ്രവാസി നിക്ഷേപത്തിന് റിസര്‍വ് ബാങ്ക് അനുമതി ലഭിക്കാന്‍ പ്രവര്‍ത്തനം ആരംഭിച്ച് രണ്ടു വര്‍ഷം കാത്തിരിക്കേണ്ടി വരും.

നിലവില്‍ ജില്ലാ ബാങ്കുകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത സേവനങ്ങള്‍ ഏകീകരിക്കപ്പെടും. ചില സേവനങ്ങള്‍ ഇല്ലാതാകുകയും മറ്റുചിലത് പുതുതായി ലഭ്യമാവുകയും ചെയ്യും എന്നതാണ് ഇതിലൂടെ സംഭവിക്കുന്നത്. ഏതൊക്കെ സേവനങ്ങളാണ് ലഭ്യമാക്കുക ഏതൊക്കെയാണ് ഒഴിവാക്കുക എന്നത് മൊത്തം ഭരണസമിതിയുടെ താല്‍പര്യമനുസരിച്ചാകും. നബാര്‍ഡില്‍ നിന്ന് കുടുതല്‍ വായ്പ ലഭിക്കാനുള്ള സാധ്യതയുള്ളതിനാല്‍ സഹകരണ ബാങ്കുകളിലേതുപോലെ ഉയര്‍ന്ന പലിശ വായ്പകള്‍ക്കുണ്ടാവില്ലെന്ന വലിയ ഗുണമുണ്ട്. എന്നാല്‍, സഹകരണ മേഖല ആദായ നികുതി പരിധിയില്‍ നിന്ന് ഒഴിവായതിനാല്‍ നിക്ഷേപങ്ങളുടെ പലിശക്ക് ലഭിക്കുന്ന ആദായ നികുതി ഇളവ് ഇല്ലാതാകും. കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊമേഴ്‌സ്യല്‍ ബാങ്ക് എന്ന നിലയില്‍ മറ്റുബാങ്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന തരത്തിലുള്ള ഒളിഞ്ഞ ചാര്‍ജുകളും സര്‍വീസ് ചാര്‍ജും ഉണ്ടാകുകയില്ല എന്ന് ന്യായമായും പ്രതീക്ഷിക്കാം. അത്തരത്തിലുള്ള ഉറപ്പുകളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ ബാങ്കിങ് മേഖലയിലും കൂടി കൈവെക്കുന്നതോടെ എല്ലാത്തരം നിക്ഷേപകരേയും ആകര്‍ഷിക്കാനാവും. കേരളത്തിലെ ഔദ്യോഗിക ക്രയവിക്രയങ്ങള്‍ കേരള ബാങ്കിലൂടെ ആകുന്നതോടെ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിന് കൂടുതല്‍ എളുപ്പമാകുകയും ചെയ്യും.

ഇതൊക്കെ ഗുണവശങ്ങളാണെങ്കിലും പ്രായോഗികമായി പല ദോഷഫലങ്ങളുമുണ്ട്. അതില്‍ പ്രധാനം ഖജനാവില്‍ നിന്ന് ഇനിയും ചോര്‍ച്ചയുണ്ടാകും എന്നതാണ്. കിട്ടാക്കടങ്ങള്‍ കൂടുതല്‍ കാലം നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് വ്യവസ്ഥകള്‍ പ്രകാരം സാധ്യമാകില്ല. അതിനാല്‍, പൊതുമേഖല സംരംഭങ്ങളും സഹകരണ മേഖല സംരഭങ്ങളും എടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ അത് ഖജനാവിലെ പണം കൊടുത്ത് എഴുതിത്തള്ളേണ്ടി വരും. റബ്‌കോയുടെ 307 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയത് ഇത്തരത്തിലാണ്. നിരവധി സംഘങ്ങള്‍ വലിയ തുക തിരിച്ചടക്കാനുണ്ട്. ഇതെല്ലാം സര്‍ക്കാര്‍ തിരിച്ചടക്കേണ്ടിവരും. കേരളാ ബാങ്കിന് വരാനിരിക്കുന്ന ഒരു അധിക ബാധ്യതയാണ് കിഫ്ബി. സമാനമായി കെ.എസ്.ആര്‍.ടി.സി, സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍, പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്ക് നല്‍കാനുള്ള തുകകള്‍ പലപ്പോഴും സഹകരണ സംഘങ്ങളില്‍ നിന്നാണ് സര്‍ക്കാര്‍ കണ്ടെത്താറുള്ളത്. അതും കേരളാ ബാങ്കിന് വലിയ ബാധ്യതയാകും.

നിലവില്‍ 54 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് ജില്ല സഹകണ ബാങ്കുകള്‍ക്കുള്ളത്. ഇതിലെ എല്ലാ ഇടപാടുകാരെയും പിടിച്ചു നിര്‍ത്താനായാലാണ് കേരള ബാങ്കിന് 54,000 കോടി രൂപയുടെ ഇനീഷ്യല്‍ നിക്ഷേപം ഉണ്ടാകൂ. അത് എത്രത്തോളം സാധ്യമാകും എന്നതാണ് പ്രശ്‌നം. നിക്ഷേപകരില്‍ നല്ലൊരു ഭാഗം സഹകരണ മേഖലയിലെ ആദായ നികുതിയിളവില്‍ പ്രതീക്ഷ വെച്ചാണ് തങ്ങളുടെ ഇടപാടിന് ജില്ല സഹകരണ ബാങ്കുകളെ തെരഞ്ഞെടുത്തിട്ടുള്ളത്. വാണിജ്യ ബാങ്കായി രൂപപ്പെടുന്നതോടെ ഈ സാധ്യത ഇല്ലാതാകും. നല്ലതോതിലുള്ള കൊഴിഞ്ഞുപോക്കിന് ഇത് ഇടവരുത്തിയേക്കാം. ഇപ്പോള്‍ തന്നെ വലിയ നഷ്ടത്തിലുള്ള സംസ്ഥാന സഹകരണ ബാങ്ക് ലാഭത്തിലുള്ള ജില്ല സഹകരണ ബാങ്കില്‍ ലയിക്കുന്നതോടെ ആ നഷ്ടം പൊതുനഷ്ടമായി മാറും. കേരള ബാങ്കിന്റെ ഭരണസമിതിയില്‍ പ്രാഥമിക കാര്‍ഷിക വായ്പാസഹകരണ സംഘങ്ങളുടെ പ്രതിനിധികള്‍ക്കാണ് കൂടുതല്‍ പ്രാതിനിധ്യം. നിലവിലെ സംഘങ്ങളില്‍ 65 ശതമാനവും സി.പി.എമ്മിന്റെ കൈവശമാണ്. ഇവര്‍ക്ക് പുറമേ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന വിവിധ മേഖലയിലുള്ളവരുമുണ്ടാകും. അതെല്ലാം പാര്‍ട്ടി സംഘടനാ നേതാക്കളായിരിക്കുമെന്ന കാര്യം ഉറപ്പാണ്. കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ സി.പി.എം നിയന്ത്രണത്തിലുള്ള ഒരു ബാങ്ക് എന്ന സാഹചര്യമാണ് ഉണ്ടാകുന്നത്.

പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ മാത്രം കേരള ബാങ്കിന്റെ ഭാഗമാക്കുന്നത് പിണറായി സര്‍ക്കാര്‍ നടത്തിയ തന്ത്രപരമായ നീക്കമാണ്. കേരളത്തിലെ 12,000 ത്തിലധികം പ്രാഥമിക സഹകരണ സംഘങ്ങളെ ബാങ്കിന്റെ ഭാഗമാക്കിയിട്ടില്ല. ഇവയാകട്ടെ ഭൂരിപക്ഷം യു.ഡി.ഫ് നിയന്ത്രണത്തിലാണ്. ഇതോടെ സി.പി.എം നിയന്ത്രണത്തിലേക്ക് കാര്യങ്ങളെ എത്തിക്കാന്‍ കഴിഞ്ഞു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിന്റെ പ്രധാന ഘടകവും ഇതാണ്. കേരള ബാങ്ക് വരുന്നതോടെ കേരളത്തിലെ സഹകരണ മേഖല പൂര്‍ണമായും റിസര്‍വ് ബാങ്കിന്റ നിയന്ത്രണത്തിന്‍ കീഴില്‍ വരും. ഇതോടെ സഹകരണ സംഘങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാകും. സ്വാശ്രയത്വമുള്ള പ്രാദേശിക സാമ്പത്തിക വ്യവസ്ഥക്കാണ് ഇത് ക്ഷതമേല്‍പ്പിക്കുക. സംസ്ഥാന സര്‍ക്കാരും റിസര്‍വ് ബാങ്കും നബാര്‍ഡും കക്ഷിയായ 21 കേസുകള്‍ കേരള ബാങ്ക് സംബന്ധിച്ച് ഇപ്പോള്‍ ഹൈക്കോടതിയിലുണ്ട്. പ്രാരംഭ വാദം പോലും തുടങ്ങാത്ത ഈ കേസുകള്‍ കേരള ബാങ്കിന്റെ രൂപീകരണ വേഗതയെ എത്രകണ്ട് സ്വാധീനിക്കുമെന്ന് കണ്ടറിയാനിരിക്കുന്നതേയുള്ളൂ.

സഹകരണ മേഖലയെ വികസനത്തിന്റെ ചാലക ശക്തിയാക്കുന്നതിനും കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന 1.5 ലക്ഷം കോടി രൂപയോളം വരുന്ന പ്രവാസി നിക്ഷേപം കേരളത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിനുമുള്ള ജനപക്ഷ വികസന ബദലാണ് കേരള ബാങ്ക് ലക്ഷ്യം വെക്കുന്നതെന്നുമാണ് കേരളാ ബാങ്ക് സംബന്ധിച്ച് ഇടതുപക്ഷം ആദ്യം പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. എന്നാല്‍, ഉയര്‍ന്ന പലിശ നിരക്കില്‍ മറ്റു ബാങ്കുകള്‍ നല്‍കുന്ന ചെറുകിട വായ്പകള്‍ക്ക് കുറഞ്ഞ പലിശയും ചെറുകിട-കാര്‍ഷിക വായ്പക്ക് മുന്‍ഗണനയും നല്‍കിയും നൂതന ബാങ്കിങ് സേവനങ്ങള്‍ സാധാരണക്കാര്‍ക്കും ലഭ്യമാക്കിയും സഹകരണ മേഖലയെ വികസനത്തിന്റെ ചാലകശക്തിയാക്കും എന്ന പ്രതീക്ഷയെ അസ്ഥാനത്താക്കുന്ന പരാമര്‍ശങ്ങളാണ് റിസര്‍വ് ബാങ്ക് അനുമതി ലഭിച്ച ശേഷം ഇടതുനേതാക്കളില്‍ നിന്നുണ്ടാകുന്നത്. അതേസമയം, കിഫ്ബി തുടക്കമിട്ട അടിസ്ഥാന വികസന പദ്ധതികള്‍ കേരള ബാങ്ക് വഴി വേഗത കൈവരുത്തും എന്ന പുതിയ നിലപാട് സൂചിപ്പിക്കുന്നത് കേരള ബാങ്ക് മറ്റു വാണിജ്യ ബാങ്കുകളെപ്പോലെ തന്നെ കാര്‍ഷിക, വിദ്യാഭ്യാസ, അടിസ്ഥാനാവശ്യ വായ്പകളെ പ്രോത്സാഹിപ്പിക്കാതെ ചങ്ങാത്ത മുതലാളിത്ത പക്ഷത്ത് നില്‍ക്കുന്ന കോര്‍പറേറ്റ് പണമൂറ്റ് സ്ഥാപനമാകും എന്നതാണ്. ഈ ആശങ്കയെ കൃത്യമായി അഡ്രസ്സ് ചെയ്യുന്നതിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നത് സംശയം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757