culturalOpinion

വന്യാസക്തികളുടെ കിതപ്പുകള്‍ – സിനിമ – മുഹമ്മദ് ശമീം

 

മൃഗമനുഷ്യരെയും മനുഷ്യമൃഗങ്ങളെയും കുറിച്ചുള്ള ധാരാളം ആഖ്യാനങ്ങള്‍ പുരാവൃത്തങ്ങളിലും നാടോടിക്കഥകളിലും വന്നിട്ടുണ്ട്. ഫോന്‍ (faun), സാറ്റിര്‍ (satyr) തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന, കൂര്‍ത്ത കൊമ്പും കുളമ്പുള്ള കാലുകളുമുള്ള ഇരുകാലികള്‍.

ഒരുപക്ഷേ, മനുഷ്യനില്‍ത്തന്നെയുള്ള മൃഗഭാവത്തെയാവാം ഇതിലൂടെ പ്രതീകവല്‍ക്കരിക്കുന്നത്. കുതറിയോടിയ ഒരു വെട്ടുപോത്തും-കശാപ്പുകാരന്‍ കാലന്‍ വര്‍ക്കിയുടെ (ചെമ്പന്‍ വിനോദ് ജോസ്) പോത്ത്-അതിന്റെ പിന്നാലെ ഓടിയ മനുഷ്യരും, പക്ഷേ മനുഷ്യ-മൃഗങ്ങള്‍ തമ്മിലുള്ള വേര്‍തിരിവിനെയാണ് അപ്രസക്തമാക്കുന്നത്. മറ്റൊരു കോണില്‍, അത് മൃഗമേത് മനുഷ്യനേത് എന്ന ഒരു ഭ്രമവും സൃഷ്ടിക്കുന്നു.

ഒരു ഗ്രാമത്തിലെ ആണുങ്ങളെ മുഴുവനായും തന്റെ പിന്നാലെ ഓടിക്കാന്‍ ഒരു പോത്തിന് കഴിയുന്നുവെന്നത് ചെറിയൊരു കാര്യമല്ല. അതിനെക്കാള്‍ പ്രധാനമാണ് നിശ്വാസം പോലും മറന്നുകൊണ്ട്, ഒരിമവെട്ടലില്ലാതെ പ്രേക്ഷകരെയൊന്നടങ്കം ഒന്നര മണിക്കൂര്‍ നേരം സ്തബ്ധരാക്കാന്‍ ഒരു ചലച്ചിത്രകാരന് സാധിക്കുന്നുവെന്നത്.

മലയാളസിനിമയുടെ ഭാവുകത്വപരിസരങ്ങളെത്തന്നെ കെട്ടുപൊട്ടിച്ചോടിയ വെട്ടുപോത്ത് കുത്തിമറിച്ചിടുന്നു. ഒരു സമൂഹത്തിന്റെ അടക്കിപ്പിടിച്ച ആസക്തികളെ മുഴുവന്‍ അത് വെളിക്ക് കൊണ്ടുവരുന്നു. അപ്പന്‍ മരിച്ച ദുഃഖത്തില്‍ മാറിലേക്ക് തല ചായ്ച്ച കാമുകിയില്‍ കാമാവേശമുണരുന്ന ഒരു കാമുകന്റെ ചിത്രമുണ്ട് ഈ.മ.യൗവില്‍. അയാളുടെ സ്പര്‍ശത്തിന്റെ സ്വഭാവം മാറിയത് മനസ്സിലാക്കിയ ആഗ്‌നിസ പെട്ടെന്ന് തന്നെ അയാളെ തള്ളിമാറ്റുന്നതും കാണാം.

കെട്ടുപൊട്ടിച്ചോടുന്ന ഇത്തരം തൃഷ്ണകളെ അതിവന്യമായ നിറങ്ങളിലും രൗദ്രമായ താളത്തിലുമാണ് ഈ.മ.യൗവില്‍ അവതരിപ്പിക്കുന്നതെങ്കില്‍ ജല്ലിക്കട്ട് അതിന്റെ തന്നെ ഉത്തുംഗതയിലെത്തി നില്‍ക്കുന്നു. ഏതാണ്ട് പൂര്‍ണമായും ഒരു ഡാര്‍ക് മൂവിയാണ് ഈ.മ.യൗവെങ്കില്‍ ജല്ലിക്കട്ടിലെയും പല സംഭവങ്ങളും നാം കാണുന്നത് ഇരുട്ടത്താണ്. ഗിരീഷ് ഗംഗാധരന്റെ ദൃശ്യപരിചരണം അത്യാകര്‍ഷകമായിട്ടുണ്ട്. കാതടപ്പിക്കുന്ന ശബ്ദമാണ് ജല്ലിക്കട്ടിന്. ദൃശ്യപരിചരണം പോലെ ഗംഭീരമാണ് ശബ്ദപരിചരണവും. എഫെക്ടും ഫോളി റെകോഡിങ്ങും മിശ്രണവും ഡിസൈനിങ്ങുമെല്ലാം ഒന്നിനൊന്ന് മെച്ചം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകള്‍ക്ക് പൊതുവെ ഒച്ച കൂടുതലാണെന്ന് തോന്നുന്നു. കൂടുതല്‍ എന്ന് ഇവിടെപ്പറയുന്നത് ആവശ്യത്തില്‍ക്കൂടുതല്‍ എന്ന അര്‍ഥത്തിലല്ല. കൂടുതലുച്ചത്തില്‍ പറയേണ്ടതെല്ലാം അങ്ങനെത്തന്നെ വേണമല്ലോ പറയാന്‍.

അതിനോട് യോജിച്ചു പോകുന്നതാണ് പശ്ചാത്തലസംഗീതം. ഉപകരണങ്ങളെക്കാളധികം പ്രശാന്ത് പിള്ള ആശ്രയിക്കുന്നത് മനുഷ്യശബ്ദങ്ങളെത്തന്നെയാണ്. തൊണ്ട കൊണ്ടുണ്ടാക്കുന്നതാണ് ജല്ലിക്കട്ടിലെ സംഗീതം. തുടക്കം തൊട്ടേ മരണക്കിടക്ക മേല്‍ കാണുന്ന ഒരാളുടെ ഊര്‍ധ്വനിലാണ് ശബ്ദബഹളം അല്‍പം കുറഞ്ഞിരിക്കുന്നത്. ആ ഫ്രെയിമിലും കാണാം ഒരു പോത്തിനെ. തികച്ചും ശാന്തനായ ഒരു പോത്ത്. മരണദേവന്റെ വാഹനമാണല്ലോ ഇന്ത്യന്‍ മിത്തുകളില്‍ പോത്ത്.

അധികാരത്തോടും കാമത്തോടുമുള്ള ആര്‍ത്തമായ തൃഷ്ണയാണ് ഒച്ച വെച്ചുകൊണ്ടോടുന്ന മനുഷ്യരുടെ പൊതുവായ വികാരം. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയില്‍ നിന്നാണ് ലിജോ ജോസ്, ജല്ലിക്കട്ടിന്റെ പ്രമേയം വികസിപ്പിക്കുന്നത്. പെരും നുണകളിലും സങ്കല്‍പങ്ങളിലും മായക്കാഴ്ചകളിലും ഭ്രാന്തിലും ജീവിച്ച് കഥകളുടെ കെണിയില്‍പ്പെട്ട് കഴിയുന്ന മനുഷ്യരാണ് തന്റെ ഊര്‍ജവും അസംസ്‌കൃതപദാര്‍ഥവുമെന്ന് കഥാകൃത്തായ ഹരീഷ് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. കഥയില്‍ നിന്ന് പ്രമേയം ഉള്‍ക്കൊണ്ടിട്ടുണ്ടെങ്കിലും ആര്‍ ജയകുമാറുമായി ഹരീഷ് തന്നെ പങ്കുചേര്‍ന്നൊരുക്കിയ ലിജോ ജോസിന്റെ സിനിമയുടെ തിരക്കഥ പക്ഷേ, ആ കഥയെയോ അതിലെ സംഭവങ്ങളെയോ വല്ലാതെയൊന്നും പിന്തുടരുന്നില്ല.

അല്ലെങ്കില്‍, എടുത്തുപറയാവുന്ന ഒരു കഥ ജല്ലിക്കട്ടിനില്ല എന്നതാണ് ശരി. പറഞ്ഞു തീര്‍ക്കാവുന്നതോ പറഞ്ഞുകേട്ടാല്‍ മതിയാവുന്നതോ അതോടെ ആകാംക്ഷ അവസാനിക്കുന്നതോ ആയ ഒരു കഥയെ ചുറ്റിപ്പറ്റിയല്ല യഥാര്‍ഥത്തില്‍ സിനിമ എന്ന ആവിഷ്‌കാരം വികാസം പ്രാപിക്കുന്നത്, പ്രാപിക്കേണ്ടത് എന്ന സന്ദേശം കൂടിയാണത്. സാധാരണ ആസ്വാദനശീലങ്ങള്‍ക്ക് മേല്‍ ഏല്‍പിക്കുന്ന ഒരു പ്രഹരം തന്നെയാണ് ഇതും.

‘അക്രമാസക്ത’നായ, ‘നാടിന്റെ സമാധാനം കെടുത്തു’ന്ന പോത്തിന്റെ പിറകെ ഓടുമ്പോഴും അധികാര-കാമ തൃഷ്ണകളുടെ പേരില്‍ പരസ്പരമുള്ള അങ്കംവെട്ട് തുടരുന്നു. ആന്റണിയും (ആന്റണി വര്‍ഗീസ്-പെപ്പെ) കുട്ടച്ചനും (സാബുമോന്‍- അബ്ദുസ്സമദ്) തമ്മിലുള്ള കൊടുംപകയുടെയും പ്രതികാരവാഞ്ചയുടെയും അടിസ്ഥാനം സോഫി (ശാന്തി ബാലചന്ദ്രന്‍) എന്ന പെണ്ണാണ്.

പക്ഷേ, അതൊരു ദിവ്യപ്രണയമായല്ല അനുവാചകന്‍ അനുഭവിക്കുന്നത്. കേവലമായ ഭോഗേഛ. പ്രണയമില്ലാതെ പ്രാപിക്കുകയും വിനയമില്ലാതെ പ്രാര്‍ഥിക്കുകയും തിന്നാനല്ലാതെ കൊല്ലുകയും ചെയ്യുന്ന മൃഗത്തെ സൃഷ്ടിച്ച ആ ദിവസം, ആറാം ദിവസം, ആണ് ദൈവത്തിന് കൈയബദ്ധം പിണഞ്ഞത് എന്നെഴുതിയത് സച്ചിദാനന്ദനാണ്. ഒരര്‍ഥത്തില്‍ ഈ കൈയബദ്ധത്തിന്റെ കഥയുമാണ് ജല്ലിക്കട്ട്. ചിത്രത്തിലുടനീളം കാമം നിറഞ്ഞുകത്തിനില്‍ക്കുന്നുണ്ട് എന്ന് പറയാം. സോഫിയെപ്പറ്റി പെണ്ണുങ്ങള്‍ പറഞ്ഞു രസിക്കുന്ന ‘കെട്ടു’കഥകളിലുമുണ്ട്, പൂര്‍ത്തീകരിക്കപ്പെടാതെ പോകുന്ന കാമതൃഷ്ണകള്‍.

ഇതേ തലത്തില്‍ ആള്‍ക്കൂട്ടത്തിന്റെ കപടമായ സദാചാരജാഗ്രതകളെയും ലിജോ ജോസ് പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. ഈ ബഹളങ്ങള്‍ക്കിടയിലും കുര്യച്ചനെയും (ജാഫര്‍ ഇടുക്കി) മകളെയും നാം കണ്ടെത്തുന്നത് ഈ അതിജാഗ്രതയില്‍ കെണിഞ്ഞുപോകുന്നവരായാണ്. അതേസമയം കാമവും അധികാരവും പോലെ പ്രാകൃതവും പ്രാഥമികവുമായ മറ്റൊരു തൃഷ്ണയുടെ അടയാളവുമാണ് കുര്യച്ചന്‍. ആഹാരത്തെപ്പറ്റി മാത്രമാണ് അയാള്‍ എപ്പോഴും ചിന്തിക്കുന്നതും പറയുന്നതും.

വന്യത, മൃഗീയത തുടങ്ങിയവ ഇവിടെ ഉപയോഗിക്കുന്നത് അതിന്റെ പരമ്പരാഗതമായ അര്‍ഥകല്‍പനയില്‍ നിന്നുകൊണ്ടാണ്. യഥാര്‍ഥത്തില്‍ മനുഷ്യന്റെ അതിരുവിട്ട ആര്‍ത്തികളെ മൃഗത്തോട് ചേര്‍ത്തുകെട്ടുന്നത് നീതിയല്ല. അതേസമയം മൃഗം എന്നത് മനുഷ്യഭാഷയില്‍ ആര്‍ത്തിയുടെ അടയാളമാണ്. അങ്ങനെ വരുമ്പോള്‍ ഇവിടെ യഥാര്‍ഥത്തില്‍ മൃഗം ആരാണ്.

ഇതിനുള്ള ഉത്തരം കണ്ടെത്തുന്നത് പോത്ത് തന്നെയാണ്. കിണറ്റില്‍ വീണുകിടക്കുന്ന പോത്ത് തന്റെ തലക്ക് മുകളില്‍ കാണുന്ന വൃത്തത്തിലെ ആള്‍ക്കൂട്ടത്തെയും അവരുടെ അലര്‍ച്ചകളെയും നോക്കിക്കാണുന്ന ഒരു ദൃശ്യമുണ്ട് സിനിമയില്‍. അതിന് ശേഷം ദേശത്തിന്റെ ഇതിഹാസം പറയുന്ന ഒരാള്‍ ആള്‍ക്കൂട്ടത്തെപ്പറ്റി പറയുന്നത് ‘രണ്ട് കാലില്‍ നടക്കുന്നുവെന്നേയുള്ളൂ, മൃഗങ്ങളാ എല്ലാം, മൃഗങ്ങള്‍’ എന്ന് പറയുകയും ചെയ്യുന്നു. ഇപ്രകാരം ഹിംസാത്മകവും തൃഷ്ണാധിഷ്ഠിതവുമായ മനുഷ്യജീവിതത്തിന്റെ അലിഗറിയാണ് ജല്ലിക്കട്ട്. കൊല്ലാനും തിന്നാനുമുള്ള ത്വരയോടെ ആര്‍പ്പു വിളിച്ചലറിയോടുന്ന ജനക്കൂട്ടം ആള്‍ക്കൂട്ടക്കൊല വരെയെത്തി നില്‍ക്കുന്ന മോബ് വയലന്‍സിനെ അടയാളപ്പെടുത്തുന്നു.

മറ്റൊരാംഗിളില്‍ നോക്കുമ്പോള്‍ കെട്ടഴിച്ചുവിട്ട ദുരയുടെ പ്രതീകവുമാകാം പോത്ത്. അതിനെ ബന്ധിക്കാനുള്ള പരിശ്രമങ്ങളാകട്ടെ, കൂടുതല്‍ ആര്‍ത്തിയിലേക്കും ദുരയിലേക്കും മത്സരങ്ങളിലേക്കും നയിക്കുകയും ചെയ്യുന്നു. കിതച്ചോടുന്ന കുതിരയെ സംബന്ധിച്ച ഒരുപമയുണ്ട് ഖുര്‍ആനില്‍. കുളമ്പുകളുരസി തീപ്പൊരി ചിതറിക്കുകയും പുലര്‍കാലങ്ങളില്‍ പൊടിപടലമിളക്കിവിട്ടുകൊണ്ട് പോര്‍മുഖത്തേക്ക് കുതിക്കുകയും ചെയ്യുന്ന കുതിരകള്‍. എത്രത്തോളം നിന്ദ്യമാം വിധം മനുഷ്യന്‍ ദുരയില്‍ വീണുപോയിരിക്കുന്നു എന്നതിന് ഉദാഹരണമായാണ് ഇത് പറയുന്നത്. ഇതുപോലൊരു പാച്ചിലാണ് ജല്ലിക്കെട്ടിലെ കഥാപാത്രങ്ങളുടേത്.

പ്രാചീനമായ ജീവിതശീലങ്ങളില്‍ നിന്ന് മനുഷ്യന്‍ ഒട്ടും പുരോഗമിച്ചിട്ടില്ലെന്നും സംസ്‌കാരത്തെയും പുരോഗതിയെയും കുറിച്ച എല്ലാ അവകാശവാദങ്ങളും കപടമാണെന്നുമുള്ള പ്രസ്താവനയാണ് അവസാനദൃശ്യം. മിഡില്‍, അപ്പര്‍ പാലിയോലിതിക് ജീവിതത്തിലേക്ക് ചുരുങ്ങുകയാണ് ആധുനികമനുഷ്യന്‍. ചില അവകാശവാദങ്ങള്‍ക്കും അഹങ്കാരങ്ങള്‍ക്കും മേല്‍ കെട്ടിപ്പടുത്ത കുമിളകള്‍ മാത്രമാണ് പുരോഗതിയെക്കുറിച്ച, മനുഷ്യന്റെ അവകാശവാദങ്ങള്‍. പരിണാമത്തെക്കുറിച്ച ഡാര്‍വിന്റെ വ്യാഖ്യാനവും തന്റെ മനഃശാസ്ത്രസിദ്ധാന്തവും മനുഷ്യവംശത്തിന്റെ അഹങ്കാരത്തെ പരസ്യമായി കളിയാക്കുന്നു എന്ന് പ്രസ്താവിച്ചിട്ടുണ്ട് ഫ്രോയ്ഡ്. നിലനില്‍പിനായുള്ള സമരത്തിന്റെ ഒരുതരം വികാരരഹിത ഉല്‍പന്നമാണ് ഡാര്‍വിന്റെ മനുഷ്യന്‍. പരിണാമചക്രത്തിലെ പുരോഗമിച്ച ഒരു സ്പീഷീസ് മാത്രമായിത്തീരുമ്പോള്‍, ക്രൂരതയിലും സ്വാര്‍ഥതയിലും ഏറ്റവും മികവ് പ്രകടിപ്പിക്കുന്ന ജന്തു മാത്രമായി അവന്‍ മാറുന്നു.

അങ്ങനെയൊരിരുകാലിമൃഗക്കൂട്ടമായി നിലകൊള്ളുന്നതില്‍ നിന്ന് സ്വയം രക്ഷിക്കാന്‍ വേണ്ടിയാണ് മതങ്ങളും പ്രത്യയശാസ്ത്രങ്ങളുമൊക്കെ മനുഷ്യന്‍ ആവിഷ്‌കരിച്ചതും പ്രയോഗവല്‍ക്കരിച്ചതും. എന്നാല്‍, പലപ്പോഴും അവയും പുതിയ തരം പകക്കും ആസക്തികള്‍ക്കും നിമിത്തമായിത്തീരുന്നതാണ് ചരിത്രം. ഇതാകട്ടെ, മറ്റ് മൃഗങ്ങളിലും ചുറ്റുപാടുകളിലും ഏല്‍പിച്ചു കൊണ്ടിരിക്കുന്ന ആഘാതങ്ങള്‍ വളരെ വലുതാണ്. ഇത് സംബന്ധമായ കുറ്റസമ്മതമായും കൂടി മാറുന്നുണ്ട് ലിജോ ജോസിന്റെ സിനിമ. നിര്‍മാണചാതുരിയുടെ കാര്യത്തില്‍ അനുവാചകനെ അമ്പരപ്പിക്കും ജല്ലിക്കട്ട്. മലയാള സിനിമ ഇന്നുവരെ കാണാത്ത തരത്തിലുള്ള ഒരു മെയ്കിങ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757