interview

ഹേറ്റ് ക്രൈമുകള്‍ യാദൃശ്ചികമല്ല – സംഭാഷണം – ഹര്‍ഷ് മന്ദര്‍/യാസര്‍ ഖുതുബ്

 

ഇന്ത്യയിലെ മുന്‍നിര ആക്ടിവിസ്റ്റുകളില്‍ ഉള്‍പ്പെടുന്ന ഹര്‍ഷ് മന്ദര്‍, തന്റെ ശക്തമായ ഇടപെടലുകള്‍ കൊണ്ട് സമകാലിക രാഷ്ട്രീയ ഇന്ത്യയിലെ നിറസാന്നിധ്യമാണ്. സാമൂഹ്യ സേവനത്തിന് വേണ്ടി ബ്യൂറോക്രസിയുടെ കുപ്പായം അഴിച്ചുവെച്ച ഐ.എ.എസുകാരന്‍. കലാപങ്ങളിലും ഭരണകൂട ഭീകരതയിലും ഇരകളാക്കപ്പെടുന്നവര്‍ക്ക് സാന്ത്വനമായി ഇദ്ദേഹം ഓടിയെത്തുന്നു. മോദി ഭരണകാലത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ഇരയായ എല്ലാ കുടുംബങ്ങളെയും ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് രണ്ട് അന്വേഷണാത്മക ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെ വിശകലനം ചെയ്തുകൊണ്ട് നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. മാറാട് കടപ്പുറത്ത് കലാപമുണ്ടായ സമയത്ത് അദ്ദേഹം കേരളത്തിലെത്തിയിരുന്നു. ഹര്‍ഷ് മന്ദര്‍ ജനപക്ഷം പ്രതിനിധിയുമായി സംസാരിക്കുന്നു.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെയും ദലിത്-ആദിവാസി വിഭാഗങ്ങളുടെയും അരക്ഷിതാവസ്ഥയെ കുറിച്ച് താങ്കള്‍ നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്നു. അവരുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ഐക്യപ്പെടുന്നു. ഐ.എ.എസി ന്റെ വഴികളില്‍ നിന്നും ഇത്തരം ഒരു സോഷ്യല്‍ ആക്ടിവിസം തെരഞ്ഞെടുക്കാന്‍ എന്തായിരുന്നു കാരണം?

ഒരു യുവാവ് എന്ന നിലക്ക് ഞാന്‍ സിവില്‍ സര്‍വീസ് ഇഷ്ടപ്പെട്ടിരുന്നു. 18 വര്‍ഷത്തോളം ഞാന്‍ സര്‍വീസില്‍ ഉണ്ടായിരുന്നു. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ഗുജറാത്തിലും സര്‍വീസിന്റെ ഭാഗമായി എനിക്ക് ധാരാളം പട്ടികജാതി-പട്ടികവര്‍ഗ മാര്‍ജിനലൈസ്ഡ് വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഗ്രൗണ്ട് ലെവലില്‍ തന്നെ അവര്‍ക്ക് വേണ്ടി സേവനമനുഷ്ഠിക്കാനും അവരെ സഹായിക്കാനും സംരക്ഷിക്കാനും കഴിയും. കലക്ടര്‍ പദവി എന്നത് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഒരു ലെഗസി ആണെങ്കിലും കലാപ സമയത്തും മറ്റും ജനങ്ങളെ നിയന്ത്രിക്കാനുള്ള സവിശേഷ അധികാരവും കഴിവും ഇവര്‍ക്കുണ്ട്. എന്റെ അനുഭവം പറഞ്ഞാല്‍, 1984ല്‍ ഇന്‍ഡോറില്‍ വെച്ച് വലിയ ഒരു വര്‍ഗീയ കലാപത്തെ ഞാന്‍ നേരിട്ടിട്ടുണ്ട്. അക്രമികളെ കണ്ടാല്‍ വെടിവെക്കാന്‍ ഉത്തരവിട്ടു. ആര്‍മിയെ വിളിച്ചു. ആറ് മണിക്കൂറുകള്‍കൊണ്ട് പൂര്‍ണമായി നിയന്ത്രണാതീതമായി. എന്നാല്‍, ഗുജറാത്തില്‍ കലാപമുണ്ടായപ്പോള്‍ നാല് ആഴ്ചകളിലധികമാണ് ശക്തമായ ആക്രമണങ്ങള്‍ നിറഞ്ഞാടിയത്. ആരും അതിനെ പ്രതിരോധിച്ചില്ല. അധികാരികള്‍ക്ക് വേണമെങ്കില്‍ അത് മണിക്കൂറുകള്‍കൊണ്ട് തടയാമായിരുന്നു. അതിനുകഴിയാതെ പോയത്, അത് സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്ത കലാപമായതുകൊണ്ടായിരുന്നു.

ഗുജറാത്ത് കലാപം ആയിരുന്നോ താങ്കള്‍ ഐ.എ.എസില്‍ നിന്നും രാജി വെക്കാന്‍ പെട്ടെന്നുണ്ടായ കാരണം?

ഞാന്‍ സര്‍വീസിലുള്ള സമയത്താണ് ഗുജറാത്തില്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. അത് കലാപം ആയിരുന്നില്ല. മുസ്‌ലിം വംശഹത്യ തന്നെ ആയിരുന്നു. ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത വംശഹത്യ. ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന വേളയില്‍ തന്നെ ഞാന്‍ അതിന്റെ ഭീകരത വിവരിച്ചുകൊണ്ട് ഒരു ലേഖനം എഴുതി -‘കേഴുക പ്രിയനാടേ (Cry my beloved country) ‘ എന്ന തലക്കെട്ടില്‍. ഇതില്‍ നിന്നും ഒരു ഭാഗം ടൈംസ് ഓഫ് ഇന്ത്യ പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിച്ചു. ആക്രമണത്തിന്റെ വ്യാപ്തി പുറംലോകമറിയാന്‍ അത് കാരണമായി. ആയിരക്കണക്കിന് ആളുകള്‍ അത് ഷെയര്‍ ചെയ്തു. ലോക തലത്തിലുള്ള പല മീഡിയകളും അത് ഷെയര്‍ ചെയ്തു. സര്‍വീസില്‍ ഉള്ള ഒരാള്‍ ഇത്തരം ഒരു കുറിപ്പ് എഴുതിയത് വലിയ വിവാദവുമായി. എന്റെ തന്നെ ബാച്ചില്‍പ്പെട്ട പല ഐ.എ.എസുകാരും ഭരണകൂടത്തോടൊപ്പം നിന്ന് അവരെ സേവിച്ച സമയത്തായിരുന്നു ഞാന്‍ സ്റ്റേറ്റിന് എതിരെ ഇങ്ങനെ ഒരു ലേഖനം എഴുതിയത്. എല്ലാ മനുഷ്യരുടെയും നന്മക്കും നീതിക്കും വേണ്ടി പ്രവര്‍ത്തിക്കുക, അതിന് ഗവണ്‍മെന്റ് സേവനം തടസ്സമാണെങ്കില്‍ അത് ത്യജിക്കാന്‍ തീരുമാനിച്ചു തന്നെയായിരുന്നു ഇത്തരം ഒരു ലേഖനം ഞാന്‍ എഴുതിയത്. തുടര്‍ന്ന് സര്‍വീസില്‍ നിന്നും രാജിവെച്ച് ഞാന്‍ മുഴുസമയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുകയായിരുന്നു. സമൂഹത്തിന് വേണ്ടി, നീതിക്കും സമത്വത്തിനും വേണ്ടി പ്രവര്‍ത്തിച്ച് നല്ല ഒരു ഇന്ത്യ നിര്‍മിക്കുക എന്നതായിരുന്നു സര്‍വീസില്‍ ഉണ്ടായിരുന്നപ്പോള്‍ എന്റെ ലക്ഷ്യം. ഇത്തരം പ്രവര്‍ത്തികള്‍ സര്‍വീസില്‍ നിന്ന് പുറത്തു കടന്നും കൂടുതല്‍ നല്ല രീതിയില്‍ ചെയ്യാന്‍ കഴിയുമെന്ന ഘട്ടത്തില്‍, ഗവണ്‍മെന്റ് ഉദ്യോഗത്തോട് ഞാന്‍ വിടപറയുകയായിരുന്നു.
സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
ഇന്ത്യ അതിന്റെ ഏറ്റവും മോശമായ കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഗാന്ധി വധത്തിന് ശേഷം ജനങ്ങള്‍ക്കിടയില്‍ ഏറ്റവും അധികം വിഭാഗീയത കാണപ്പെടുകയും അനുഭവപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. ഇതിനുമുമ്പ് ഇത്തരമൊരു അവസ്ഥ ഉണ്ടായിട്ടില്ല. മുസ്‌ലിം സഹോദരന്മാര്‍ ഭയത്തിലും ഒറ്റപ്പെടലിലും ആണ് ജീവിക്കുന്നത്. രാഷ്ട്രീയവും സാമൂഹികവുമായ പ്രാന്തവല്‍ക്കരണത്തിനും അവര്‍ ഇരയാകുന്നു. ദലിതുകളും രാജ്യത്തിന്റെ പലഭാഗങ്ങളിലും ആക്രമണങ്ങള്‍ക്കിരയാകുന്നു. അത്ര വ്യാപകമല്ലെങ്കിലും ക്രിസ്ത്യാനികളും ആക്രമണങ്ങള്‍ക്ക് ഇരയാകുന്നpïv. എല്ലാവര്‍ക്കും സമത്വവും തുല്യാവകാശങ്ങളും ഉള്ള രാജ്യമായിട്ടായിരുന്നു ഇന്ത്യ ഇതുവരെ നിലനിന്നിരുന്നത്. എന്നാല്‍, ഇന്ന് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ കടുത്ത വംശീയ വിവേചനം നേരിട്ടുകൊണ്ടിരിക്കുകയാണ്. അതേ സമയം ഭൂരിപക്ഷ സമൂഹത്തിന് എല്ലാ തരത്തിലും മേല്‍കൈ ലഭിച്ചുകൊണ്ടിരിക്കുന്നു. ഇവ രണ്ടും തമ്മിലുള്ള ഏറ്റവും ബീഭല്‍സമായ ഒരു യുദ്ധത്തിലൂടെയാണ് ഇപ്പോള്‍ ഇന്ത്യ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. യഥാര്‍ഥത്തില്‍ ഈ യുദ്ധം തുടങ്ങിയിട്ട് ഏകദേശം 100 വര്‍ഷമായി. ഹിന്ദു മഹാസഭ രൂപീകരിച്ചിട്ട് ഇപ്പോള്‍ 100 വര്‍ഷം തികയുന്നു. ആര്‍.എസ്.എസ് രൂപീകരിച്ചത് 1925ലാണ്. സ്വാതന്ത്ര്യ സമരകാലത്ത് തന്നെ മത ന്യൂനപക്ഷ മുക്തമായ സ്വതന്ത്ര ഇന്ത്യ എന്ന സങ്കല്‍പമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍, അംബേദ്കറുടെ ഭരണഘടനയും ഗാന്ധിജിയുടെ നേതൃത്വവും വിഭാവനം ചെയ്തത് എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങളും സമത്വവുമുള്ള ഇന്ത്യ എന്നായിരുന്നു. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അടയാളമാണ് ബാബരി മസ്ജിദ് തകര്‍ക്കല്‍. ആര്‍.എസ്.എസ് ഐഡിയോളജിയുടെ ഏറ്റവും വലിയ വിജയമായിരുന്നു അത്. അതിനുശേഷം കഴിഞ്ഞ 25 വര്‍ഷം ഈ ഐഡിയോളജിയുടെ പ്രയോഗത്തിലേക്ക് ഇന്ത്യ പടിപടിയായി കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയായിരുന്നു. അതാണ് മോദി ഇന്ത്യ.

കഴിഞ്ഞ നാലു വര്‍ഷമായി ഉയര്‍ന്നുവന്ന മറ്റൊരു പ്രതിഭാസമാണ് ലിഞ്ചിങ് അഥവാ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍. ബീഫ്, പശു എന്നിവയുടെ പേരില്‍ ഐഡന്റിറ്റി അടിസ്ഥാനമാക്കി ആള്‍ക്കൂട്ടങ്ങള്‍ മനുഷ്യരെ കൊല്ലുന്ന അവസ്ഥ. ഇന്ത്യയില്‍ മുന്‍പ് പല കലാപങ്ങളും ഉണ്ടായിട്ടുണ്ട്. 1984ലും പിന്നീട് 2002ലെ ഗുജറാത്ത് വംശഹത്യയും ആയിരങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പലരും വളരെ നിഷ്‌കളങ്കമായി ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത്രയും ആളുകള്‍ കൊല്ലപ്പെട്ട കലാപങ്ങളേക്കാള്‍ വലുതാണോ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നടക്കുന്ന ലിഞ്ചിങ് എന്ന്. ഇത് യഥാര്‍ഥത്തില്‍ ലിഞ്ചിങിന്റെ ഭവിഷ്യത്ത് മനസ്സിലാക്കാത്തത് കൊണ്ടുള്ള ഒരു ചോദ്യമാണ്. കലാപം എന്നത് പ്രാദേശികമായ പ്രശ്‌നങ്ങളാല്‍ ഉണ്ടാകുന്ന സംഭവങ്ങളായിരുന്നു. അത് ആ പ്രദേശത്ത് തന്നെ അവസാനിക്കുകയും ചെയ്യും. അതിന് സമയപരിധിയും ഉണ്ടായിരുന്നു. അത് സ്വാഭാവികമായി കെട്ടടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, ലിഞ്ചിങ്് അങ്ങനെയല്ല, രാജ്യവ്യാപകമായുള്ള ഒരു പ്രതിഭാസമാണ്. അതിന് ഭൂപരിധികളില്ല. രാജ്യത്ത് എവിടെയും എപ്പോഴും സംഭവിക്കാം. റോഡിലോ പൊതുസ്ഥലത്തോ പാര്‍ക്കിലോ ജോലി സ്ഥലത്തോ വെച്ച് ലിഞ്ചിങിന്് ഇരയാകാം. ഇത് രാജ്യത്തെ മുസ്‌ലിംകള്‍ക്ക് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇതിനെതിരെ പ്രതികരിക്കുക എന്നത് എല്ലാ പൗരന്മാരുടെയും സിവില്‍ സൊസൈറ്റികളുടെയും ബാധ്യതയാണ്. നരേന്ദ്ര മോദി ഭരണത്തില്‍ വന്നതോടു കൂടി മുസ്‌ലിം ഐഡന്റിറ്റി ഉണ്ടെങ്കില്‍ നിങ്ങള്‍ എപ്പോഴും ആക്രമിക്കപ്പെട്ടേക്കാം എന്ന അവസ്ഥയാണ്.

താങ്കളുടെ ‘പാര്‍ട്ടീഷന്‍ ഓഫ് ഹാര്‍ട്ട്: അണ്‍ മേക്കിങ് ദ ഐഡിയ ഓഫ് ഇന്ത്യ’ (Partitios of Heart: Unmaking the Idea of India) ‘ Fear and Forgiveness, the aftermath of massacre’ എന്നീ പുസത്കങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. എന്താണ് ഇവ മുന്നോട്ടുവെക്കുന്നത്?

ഗുജറാത്ത് കലാപസമയത്ത് ഞാന്‍ പലതിനും ദൃക്‌സാക്ഷിയായിരുന്നു. കലാപം കഴിഞ്ഞ് ഉടനെ പല സിവില്‍ റൈറ്റ്‌സ് കമ്മിറ്റികളുടെകൂടെ ആക്രമണങ്ങള്‍ നടന്ന എല്ലാ സ്ഥലങ്ങളും സന്ദര്‍ശിച്ചു. ഇരകള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും പകരുക എന്നത് കൂടി ആ യാത്രകളുടെ ലക്ഷ്യമായിരുന്നു. അന്നത്തെ അനുഭവങ്ങളാണ് ‘ഫിയര്‍ ആന്‍ഡ് ഫോര്‍ഗീവ്‌നെസി’ന്റെ ഉള്ളടക്കം. മാത്രമല്ല കൂട്ട വംശഹത്യകളും നശീകരണങ്ങളും നടത്തിയ എല്ലാ ഗ്രാമങ്ങളും 2002 മുതല്‍ 2007 വരെ എല്ലാ വര്‍ഷവും ഞാന്‍ സന്ദര്‍ശിച്ച് അവിടത്തെ മാറ്റങ്ങള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. അഞ്ചുവര്‍ഷത്തെ അനുഭവങ്ങള്‍ കൂടി ഈ ബുക്കില്‍ ഉള്‍പ്പെടുന്നു. യഥാര്‍ഥത്തില്‍ ഒരിടത്തും ജനങ്ങള്‍ പഴയ അവസ്ഥയിലേക്ക് എത്തിയിട്ടില്ല. പലരും നാടും വീടും ഉപേക്ഷിച്ച് പോയി. സമുദായങ്ങള്‍ കൂടുതല്‍ വ്യത്യസ്ത കോളനികളായി പിരിഞ്ഞു. മുസ്‌ലിം ഗെറ്റോകളും ഹിന്ദു ഗെറ്റോക്കളും വര്‍ധിച്ചു.

പാര്‍ട്ടീഷന്‍ ഓഫ് ഹാര്‍ട്ട്: അണ്‍ മേക്കിങ് ദ ഐഡിയ ഓഫ് ഇന്ത്യ’ എന്ന പുതിയ പുസ്തകം, കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങള്‍ക്കുളളില്‍ ജനങ്ങള്‍ക്ക് സംഭവിച്ച ഭീതിജനകമായ മാറ്റങ്ങള്‍ കൂടി ചര്‍ച്ച ചെയ്യുന്നു. ചരിത്രം മുന്നോട്ട് പോകുമ്പോള്‍, ആ കാലഘട്ടത്തില്‍ നിങ്ങള്‍ എന്താണ് ചെയ്തത് എന്ന് ഇനി വരുന്ന തലമുറ നമ്മളെ കുറിച്ച് അന്ന് ചോദിക്കും. അത്തരം ഒരു ദശാസന്ധിയിലൂടെയാണ് നാം കടന്നു പോകുന്നത്. 1930കളില്‍ യൂറോപ്പില്‍ ജൂതന്മാര്‍ക്കെതിരെ നടന്ന ആക്രമണം പോലെയുള്ള അവസ്ഥയാണ് ഇപ്പോള്‍. അന്ന് ആരും അതേക്കുറിച്ച് ശ്രദ്ധിച്ചിരുന്നില്ല. ഇത്തരം ക്രൂരതകള്‍ക്ക് എതിരെയുള്ള നമ്മുടെ നിശബ്ദതയാണ് അവരെ ഈ ക്രൂരത തുടരാന്‍ പ്രേരിപ്പിക്കുന്നതും അവസരമൊരുക്കുന്നതും. ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷം ഇന്ത്യയില്‍ പുതിയ ഐഡിയോളജിക്ക് വേണ്ടി സംജാതമാക്കിയ അന്തരീക്ഷത്തെ കുറിച്ചും ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നു. മോദി ഭരണത്തില്‍ ഏറ്റവും കൂടുതല്‍ ഹേറ്റ് ക്രൈം എന്നത് യാദൃശ്ചികമായി സംഭവിച്ചതല്ല. രാജ്യത്തെ നിയമവ്യവസ്ഥകളെ പുച്ഛിക്കുന്ന ഹേറ്റ് ക്രൈമുകള്‍ മുകളില്‍നിന്നും നിയന്ത്രിക്കപ്പെടുന്ന ഒരു പ്രതിഭാസമാണ്. ഞാനിതിനെ command ഹെയ്റ്റ് ക്രൈം എന്ന് പറയുന്നു. ഇതിനര്‍ഥം നരേന്ദ്ര മോദിയും അമിത് ഷായും നിങ്ങള്‍ ഇന്ന ഇന്ന സ്ഥലത്ത് ആക്രമണം നടത്തണം നാളെ ഇന്ന സ്ഥലത്ത് ആളുകളെ കൊല്ലണം എന്ന് പറയുന്നു എന്നല്ല. ഇതിന് അനുകൂലമായ ഒരു സാഹചര്യം സംജാതമായിരിക്കുന്നു എന്നാണ് ഞാനുദ്ദേശിച്ചത്.

ഹെയ്റ്റ് സ്പീച്ചുകള്‍ കാഠിന്യത്തിലാണ് നടക്കുന്നത്. വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിച്ചു നടക്കുന്നതിനാല്‍ അതിന് സ്വാഭാവികത കൈവരുന്നു. ആളുകള്‍ക്ക് പ്രസംഗങ്ങളില്‍ ആഹ്വാനം ചെയ്യുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ ഒരു മടിയും ഉണ്ടാകുന്നില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഒരു രാജ്യത്തെ പോലെയാണ് ആ സംസ്ഥാനത്തെ വളര്‍ത്തുന്നത്. സ്വന്തമായി മിലിഷ്യ നടത്തുന്ന ആളാണ് അദ്ദേഹം. ഏറ്റവും വൃത്തികെട്ട ക്രിമിനലുകളായ വിദ്വേഷ പ്രസംഗകരെ അദ്ദേഹം വളര്‍ത്തിയെടുക്കുന്നു. സംസ്ഥാനത്തിലെ എല്ലാ റാലികളിലേക്കും അവരെ പ്രാസംഗികരായി വിളിക്കുന്നു. ഇങ്ങനെ ഹെയ്റ്റ് നോര്‍മലൈസ് ചെയ്യപ്പെടുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. അവര്‍ക്ക് മൂല്യം കല്‍പിക്കപ്പെടുന്നു. ഇവരാണ് ദേശത്തിന്റെ ഹീറോകള്‍. സ്‌നേഹത്തെയും സാഹോദര്യത്തെയും കുറിച്ച് പറയുന്നവര്‍ ദേശദ്രോഹികള്‍ ആക്കപ്പെടുന്നു. ഇത്തരം സാഹചര്യത്തില്‍ ആളുകള്‍ക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള പ്രചോദനം നല്‍കുന്നു. അവരുടെ മനസ്സിലെ വെറുപ്പ് ഇതര സമൂഹത്തോടുള്ള ക്രൂരതകളായി പുറത്തേക്ക് ഒഴുകുന്നു. അവരെ ആക്രമിക്കുന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് മുന്‍പുള്ള സ്വതന്ത്ര ഇന്ത്യയില്‍ എല്ലാ ജനങ്ങള്‍ക്കും ഏകദേശം തുല്യനീതി ലഭ്യമായിരുന്നു; പൂര്‍ണാര്‍ഥത്തില്‍ അല്ലെങ്കില്‍ കൂടി. ഇതെല്ലാം ഈ പുസ്തകത്തില്‍ വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. മുമ്പ് നമ്മുടെ രാജ്യത്തെയാണ് വിഭജിച്ചത് എങ്കില്‍ ഇപ്പോള്‍, നമ്മുടെ ഹൃദയങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. വളരെ ആഴത്തിലുള്ള വിഭജനമാണ് രാജ്യത്തിനുള്ളില്‍ സംഭവിച്ചിരിക്കുന്നത്. ഒരു രാജ്യത്തിനുള്ളില്‍ മറ്റൊരു രാജ്യം എന്ന പ്രതീതി ഉണ്ടാക്കുന്നു.

 

താങ്കള്‍ ഇടപെട്ട രണ്ടു പ്രധാന കേസുകളാണ് ഇഹ്‌സാന്‍ ജഫ്രി, കത്‌വ പെണ്‍കുട്ടി എന്നിവരുടെ വിഷയങ്ങള്‍. ഇതേക്കുറിച്ച് എന്ത് പറയുന്നു?

കോണ്‍ഗ്രസ് എം.പിയായിരുന്ന ഇഹ്‌സാന്‍ ജഫ്രി അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ ഹൗസിങ് സൊസൈറ്റിയില്‍ 2002ലെ കലാപത്തില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. എസ്.ഐ.റ്റി ജഡ്ജി പി.ബി ദേശായി യഥാര്‍ഥത്തില്‍ അക്രമികള്‍ക്ക് എതിരെയുള്ള തെളിവുകള്‍ പരിശോധിക്കാതെ കണ്ണടക്കുകയാണ് ചെയ്തത്. ജിഫ്രി തന്റെ കൂട്ടുകാരനായ കുല്‍ദീപ് നയ്യാരെ വിളിച്ചിരുന്നു, അക്രമികള്‍ അദ്ദേഹത്തിന്റെ വീട് വളഞ്ഞപ്പോള്‍ സഹായമഭ്യര്‍ത്ഥിച്ചായിരുന്നു അത്. കുല്‍ദീപ് നയ്യാര്‍ സംഭവത്തിന്റെ ഗൗരവം ആഭ്യന്തരമന്ത്രിയെ വിളിച്ചു പറയുകയും ചെയ്തിരുന്നു. എന്നാല്‍, ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പരിഗണിക്കാത്ത ഗുജറാത്ത് സ്റ്റേറ്റ് ഗവണ്‍മെന്റ്്, ഇത് ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണെന്നാണ് പറഞ്ഞത്. മോദി ജിഫ്രിയെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു. ഇതിനെക്കുറിച്ച് വിശദമായി എന്റെ പാര്‍ട്ടീഷന്‍ ഓഫ് ഹാര്‍ട്ട് എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.

ഇഹ്‌സാന്‍ ജാഫ്രിയും കുടുംബവും

കത്‌വ (Kathua) സംഭവം, ‘വെറുപ്പ്’ ഉല്പാദിപ്പിക്കുന്ന അക്രമണോത്സുകത എത്രമാത്രം അതിഭീകരമാണ് എന്നു വരച്ചുകാണിക്കുന്നു. കത്‌വ ബാലിക ചെയ്ത കുറ്റം അവള്‍ മുസ്‌ലിം ആയിരുന്നു എന്നത് മാത്രമാണ്. പലപ്പോഴും പ്രാദേശികമായി സമുദായത്തിന് അകത്തുനിന്നും അനീതികളെ ചെറുക്കുന്നതിന് ശക്തമായ പിന്തുണ ലഭിക്കുന്നില്ല. തങ്ങളെ വീണ്ടും മറ്റു കേസുകളില്‍ ഉള്‍പ്പെടുത്തും എന്ന ഭയമുള്ളതിനാല്‍, വലിയ പ്രശ്‌നങ്ങളില്‍ പോലും കേസ് പിന്‍വലിക്കാന്‍ മുസ്‌ലിം സമുദായത്തിലുള്ളവര്‍ ശ്രമിക്കുന്നു. ഇതിന് അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, കാരണം പലപ്പോഴും ഭീകരവാദ കുറ്റങ്ങള്‍ ചാര്‍ത്തുന്ന മുസ്‌ലിംകള്‍ കാലാകാലങ്ങളായി ജയിലുകളില്‍ കഴിയേണ്ടിവരുന്നു എന്നത് ഇന്ത്യയിലെ ഒരു വസ്തുതയാണല്ലോ. അതിനാല്‍ പോലീസിനെയും നീതിന്യായത്തെയും അവര്‍ ഭയപ്പെടുന്നു.

ആദിവാസികള്‍, ദലിതുകള്‍, മുസ്‌ലിംകള്‍ എന്നിവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഒന്നു തന്നെയാണോ? അവ തമ്മിലുള്ള താരതമ്യം സാധ്യമാണോ? ആരാണ് കൂടുതല്‍ വിവേചനം അനുഭവിക്കുന്നത്?

ആദിവാസികള്‍ ദലിതുകള്‍ എന്നിവരുടെ പ്രശ്‌നം ദാരിദ്യം, വീടുകളുടെ അഭാവം, സാമൂഹിക പിന്നാക്കാവസ്ഥ, ജാതി-ജാതിവിവേചനം എന്നിവയാണ്. എന്നാല്‍, മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ ഇതില്‍ നിന്ന് വിഭിന്നമാണ്. സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥ ഉള്ളതോടൊപ്പം തന്നെ മതപരമായ വിവേചനം കൂടി മുസ്‌ലിംകള്‍ക്ക് നേരിടേണ്ടിവരുന്നു. അതിനാല്‍ ഈ വിഭാഗത്തിന്റെ ജീവിതം കൂടുതല്‍ ക്ലേശപൂര്‍ണമാണ്. മുസ്‌ലിം സമൂഹത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ രണ്ടാംതരം പൗരന്മാരാണെന്ന തോന്നല്‍ അവരില്‍ രൂപം പ്രാപിച്ചിരിക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങളാണ് ഭരണകൂടവും പോലീസും അവര്‍ക്കെതിരെ അനുവര്‍ത്തിക്കുന്നത്. തങ്ങളും ഈ രാജ്യത്തിന്റെ ഭാഗമാണെന്നും ഇതിന് തുല്യ അവകാശികള്‍ ആണെന്നും പറഞ്ഞ് മുസ്‌ലിംകള്‍ക്ക് ധൈര്യം കൊടുക്കുകയാണ് സിവില്‍ സമൂഹം ചെയ്യേണ്ടത്. ദലിതുകള്‍ അധഃസ്ഥിതരാണെങ്കില്‍പോലും തങ്ങള്‍ ഇന്ത്യയില്‍ രണ്ടാംതരം പൗരന്മാരാണെന്ന ഒരു തോന്നല്‍ അവര്‍ക്കില്ല. ദലിതുകള്‍ കൂടുതല്‍ ആത്മവിശ്വാസം ഉള്ളവരാണ്. അവര്‍ പലയിടങ്ങളിലും പ്രതികരിക്കുന്നു. പീഡനങ്ങളും അവഹേളനങ്ങളും പരിധിവിടുമ്പോള്‍ ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കുന്ന അവസ്ഥയും ഉണ്ട്.

ആദിവാസികള്‍, ദലിതുകള്‍, മറ്റ് പിന്നാക്ക ഹിന്ദുക്കള്‍ എന്നിവരെ ബി.ജെ.പി ഉപയോഗപ്പെടുത്തുന്നു. ഈ സമൂഹങ്ങളില്‍ നിന്നുള്ള ധാരാളമാളുകള്‍ ആര്‍.എസ്.എസിലും ഉണ്ട്. ഇതേക്കുറിച്ച് എന്ത് പറയുന്നു?

ഭൂരിപക്ഷ മതത്തിന്റെ രാഷ്ട്രം എന്ന് പറയുമ്പോള്‍ വെറും മുന്നോക്ക വിഭാഗത്തെ കൊണ്ട് മാത്രം ഭൂരിപക്ഷം ആവുകയില്ലല്ലോ. പ്രത്യേകിച്ചും ഇലക്ഷന്‍ രാഷ്ട്രീയത്തില്‍ ആളുകളുടെ എണ്ണമാണ് പ്രധാനം എന്നിരിക്കെ. സെന്‍സസ് പ്രകാരമുള്ള യഥാര്‍ഥ എണ്ണം പരിഗണിച്ചാല്‍ ഇക്കാര്യത്തിലും രസാവഹമായ വസ്തുതകളുണ്ട്. ആരും ഒറ്റക്ക് ഭൂരിപക്ഷമോ ന്യൂനപക്ഷമോ അല്ല. എസ്.സി-എസ്.ടി വിഭാഗക്കാര്‍ 23 ശതമാനമാണ് ഇന്ത്യയിലുള്ളത്. മുന്നോക്ക വിഭാഗം 15 ശതമാനം. മുസ്‌ലിംകള്‍ 14 ശതമാനം. മറ്റു പിന്നാക്കവിഭാഗങ്ങള്‍ 35 ശതമാനവുമാണ്. ഒ.ബി.സിയുടെ വ്യക്തമായ കണക്ക് ഔദ്യോഗികമായി നമുക്ക് ലഭ്യമല്ല. അതൊരുപക്ഷേ 45 ശതമാനം വരെ വന്നേക്കാം. ബി.ജെ.പി, ഹിന്ദു പിന്നാക്ക വിഭാഗങ്ങളെ തങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുവേണ്ടി കൂടെ കൂട്ടുന്നു. അവര്‍ പ്രത്യക്ഷത്തില്‍ പിന്നാക്ക ഹിന്ദുക്കള്‍ക്കെതിരെ ലിഞ്ചിങ് പ്രഖ്യാപിച്ചിട്ടില്ല. എന്നിട്ട് പൊതുശത്രുവായി മുസ്ലിംകളെ അപരസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം കുത്തിവെക്കുന്നു. ലോകത്ത് തന്നെ മുസ്‌ലിം ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍, തങ്ങളുടെ പാര്‍ട്ടിക്ക് ഈ സമുദായത്തില്‍ നിന്നും ലോക്‌സഭയിലും രാജ്യസഭയിലും എം.പിമാരും നിയമസഭകളില്‍ എം.എല്‍.എമാരും ഇല്ലെന്ന് ചില ബി.ജെ.പി നേതാക്കള്‍ ആവേശം കൊള്ളുന്നു. അതുപറഞ്ഞ് അണികളെ ഉന്മാദരാക്കുന്നു. മനസുകള്‍ വെറുപ്പിനാല്‍ വിഷലിപ്തമാകുമ്പോള്‍ ജനങ്ങള്‍ അക്രമണോത്സുകരായി മാറുക സ്വാഭാവികം. ഇവരെ ചിലപ്പോള്‍ നേതൃത്വത്തിന് തന്നെ നിയന്ത്രിക്കാന്‍ കഴിയണമെന്നില്ല. അതാണ് വെറുപ്പിന്റെ രാഷ്ട്രീയത്തിലെ ഒരു പ്രതിപ്രവര്‍ത്തനം. അതിനാല്‍ ഒരു ജാതി വിഭാഗത്തില്‍പ്പെടുന്ന അവര്‍ മറ്റു ജാതി വിഭാഗത്തോട് വിദ്വേഷം പ്രകടിപ്പിക്കുന്നു. ഉന സംഭവം ഇതിന് ഒരു ഉദാഹരണമാണ്. ചിലഘട്ടങ്ങളില്‍ സവര്‍ണര്‍, അവര്‍ണരോട് പക്ഷപാതിത്വം കാണിക്കും. അതേസമയം നീതി നിഷേധിക്കാനും ശ്രമിക്കുന്നു. ഞങ്ങള്‍ കാര്‍വാന്റെ ഭാഗമായി യു.പിയിലെ സഹാറന്‍പൂരില്‍ പോയപ്പോള്‍ ഒരു സംഭവത്തിന് സാക്ഷികളായി. യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയി ചുമതലയേറ്റ സമയത്തായിരുന്നു അത്. ദലിതുകള്‍ പണപ്പിരിവ് നടത്തുകയും അതുപയോഗിച്ച് അംബേദ്കറുടെ ഒരു പ്രതിമ പണിയുകയും ചെയ്തു. ഒരു കൈയില്‍ ഭരണഘടനയും മറു കൈയിലെ ചൂണ്ടുവിരല്‍ മുന്നോട്ട് ഉയര്‍ത്തിക്കൊണ്ടുള്ള പ്രതിമയായിരുന്നു അത്. ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും നാം കാണുന്ന പ്രതിമ. എന്നാല്‍, കൈകള്‍ ചൂണ്ടിയത് റോഡിലേക്ക് ആയതിനാല്‍, ഒരു ദലിതന്റെ കൈവിരലിനു താഴെയുള്ള റോഡിലൂടെ തങ്ങള്‍ക്ക് നടക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ആ നാട്ടിലെ രജപുത്ര വിഭാഗം രംഗത്ത് വന്നു. ഇത് ദലിത് വിഭാഗങ്ങളെ പ്രകോപിതരാക്കി. അവര്‍ തങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചിരുന്ന എല്ലാ ഹിന്ദു പ്രതിമകളും നദിയിലൊഴുക്കി. എല്ലാവരും കൂട്ടമായി ജയ് ഭീം മുഴക്കി ബുദ്ധമതം സ്വീകരിച്ചു. ഞങ്ങള്‍ക്കിനി ഹിന്ദുമതത്തോട് ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടതാണെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും ഇങ്ങനെയും നടക്കുന്നുണ്ട് എന്ന് അര്‍ഥം.
താങ്കള്‍ നീതി നിഷേധത്തിനെതിരെയുള്ള, പ്രത്യേകിച്ചും മുസ്‌ലിംകളുടെ പ്രശ്‌നങ്ങളില്‍ നിര്‍ഭയമായി ഇടപെടുമ്പോള്‍ ഉള്ള അനുഭവമെന്താണ്?
എന്റെ അനുഭവങ്ങളല്ല പ്രധാനം. വര്‍ത്തമാന ഇന്ത്യയിലെ ഒരു സമുദായത്തിന്റെ ദുരനുഭവങ്ങളാണ് എന്നെ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. മതേതരത്വത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എല്ലാവര്‍ക്കും ഇന്ത്യയില്‍ തുല്യ അവകാശങ്ങളാണുള്ളത്. ജാതി, മതം, ലിംഗം, ഭാഷ, ആചാരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വിഭജനം പാടില്ല. എല്ലാവര്‍ക്കും തങ്ങളുടെ വിശ്വാസങ്ങള്‍ ആചരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. അത് ആരുടെയും ദയാദാക്ഷിണ്യമല്ല. ചിലര്‍ക്ക് മറ്റു ചിലരെക്കാള്‍ ഔന്നിത്യം കല്‍പിക്കുന്ന ഹിന്ദുത്വ ബ്രാഹ്മണ്യ വ്യവസ്ഥിതിക്കും ഞാന്‍ ശക്തമായിത്തന്നെ എതിര് നില്‍ക്കുന്നു.

ഇന്ന് ട്രെയിനില്‍ യാത്ര പോകുന്ന ഒരു മുസ്‌ലിമിന് ടെലിഫോണിലൂടെ മറുഭാഗത്തു നിന്നും ഒരാള്‍ ‘അസ്സലാമു അലൈക്കും’ എന്ന് പറഞ്ഞാല്‍ ട്രെയിനിലെ ആളുകളുടെ ഇടയില്‍ വെച്ച് ‘ വ അലൈക്കും സലാം ‘ എന്ന ഉത്തരം പറയാന്‍ മടിക്കുന്നു. പലരും അത് പതുക്കെ പറയുന്നു. ചിലര്‍ ഉത്തരം പറയാതെ ഇരിക്കുന്നു. ഇത് ഭയം മൂലമാണ് സംഭവിക്കുന്നത്. ആള്‍ക്കൂട്ടത്തില്‍ വെച്ച് ഇത് പറയാതിരിക്കുന്നത് ഒരു സമൂഹം നേരിടുന്ന ഏറ്റവും വലിയ ദുരവസ്ഥയുടെ ആഴത്തിന്റെ ഒരു പ്രത്യക്ഷ ഉദാഹരണമാണ്. താടി വെക്കുക, തൊപ്പി ധരിക്കുക തുടങ്ങിയ അവരുടെ മതകീയ ഐഡന്റിറ്റി അനുഷ്ഠിക്കാന്‍ അവരില്‍ പലര്‍ക്കും പേടിയാണ്. മക്കളോട് താടി വടിച്ചുകളയാന്‍ പറഞ്ഞ ധാരാളം മാതാപിതാക്കളെ എന്റെ യാത്രകളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതായത് വൈവിധ്യത്തെ അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്ന ഒരു സാമുദായിക അന്തരീക്ഷമല്ല ഇന്ന് ഇന്ത്യയിലെ പലയിടങ്ങളിലും നിലനില്‍ക്കുന്നത്. അതുതന്നെയാണ് ഏറ്റവും ഭീതിജനകമായ അനുഭവം.

താങ്കളുടെ ‘കാര്‍വാനെ മുഹബ്ബത്ത് ‘നെകുറിച്ച് വിശദീകരിക്കാമോ. ഇന്ത്യയിലെ എല്ലാ വിദ്വേഷ കൊലപാതകങ്ങള്‍ നടന്ന ഇടങ്ങളും അവരുടെ ബന്ധുക്കളെയും താങ്കള്‍ സന്ദര്‍ശിക്കുക ഉണ്ടായല്ലോ. കാരവാനെ മുഹബ്ബത്ത് നടത്താന്‍ ഉണ്ടായ കാരണം?

അത് മുറിവേറ്റ ഇന്ത്യയിലൂടെ ഉള്ള ഒരു യാത്രയായിരുന്നു. ആസാം, ജാര്‍ഖണ്ഡ്, കോസ്റ്റല്‍ കര്‍ണാടക, ഡല്‍ഹി, വെസ്റ്റേണ്‍ ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് പര്യടനം നടത്തിയത്. കാര്‍വാന് വലിയ ലക്ഷ്യങ്ങളുണ്ടായിരുന്നു. ഇരകളുടെ ബന്ധുക്കള്‍ക്ക് ആത്മവിശ്വാസം പകരുക. പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിന്. യാത്രയുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം നിങ്ങള്‍ ഒറ്റക്കല്ല ഞങ്ങളും കൂടെയുണ്ട് എന്ന് മുസ്‌ലിംകള്‍ക്ക് ഉറപ്പുനല്‍കുക എന്നതായിരുന്നു. രണ്ടാമതായി രാജ്യവും രാജ്യത്തെ അക്രമികളും അവരോടു ചെയ്ത ക്രൂരതകള്‍ക്ക് മാപ്പു ചോദിക്കുക എന്നതായിരുന്നു. അവരുടെ നിയമപോരാട്ടങ്ങള്‍ക്ക് സഹായിക്കുക എന്നതായിരുന്നു മൂന്നാമത്തെ ലക്ഷ്യം. നാലാമതായി അവരുടെ കഥകള്‍ നാം ശേഖരിച്ച് വെക്കുക, അവ മനസ്സിലാക്കുക, അവരോട് പൂര്‍ണാര്‍ഥത്തില്‍ തന്നെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക, മറ്റു സ്ഥലങ്ങളില്‍ ആ കഥകള്‍ പങ്കുവെക്കുക, ജനങ്ങളെ ബോധവാന്മാരാക്കുക, നമ്മുടെ രാജ്യത്തിന്റെ മതേതര പൈതൃകം കാത്തുസൂക്ഷിക്കുക എന്നിവയായിരുന്നു.

രാജ്യത്തെ പ്രമുഖരായ പത്തിലധികം ആളുകളാണ് സംഘത്തിലുണ്ടായിരുന്നത്. കൂടാതെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള ആക്ടിവിസ്റ്റുകളും അതാതിടങ്ങളില്‍ ഞങ്ങളുടെ കൂടെ വന്നിരുന്നു. ഇതില്‍ യുവാക്കളും വിദ്യാര്‍ഥികളുമെല്ലാമുണ്ടായിരുന്നു. എല്ലായിടത്തും ജനങ്ങള്‍ നല്ല സ്വീകരണമാണ് നല്‍കിയത്. സാമ്പത്തിക സഹായവും അവര്‍ ചെയ്തു. ഹിന്ദുക്കളും മുസ്‌ലിംകളും എല്ലാവരുമുണ്ടായിരുന്നു. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് മാത്രമാണ് അനിഷ്ടം തോന്നുന്ന സംഭാഷണങ്ങള്‍ ഉണ്ടായത്. വേറെ ആരും അതിനെ മുടക്കാന്‍ ശ്രമിച്ചിട്ടില്ല. ഭരണകൂടം ഇത് തടയാന്‍ പല രീതിയിലും ശ്രമിച്ചിരുന്നു.

ലിഞ്ചിങ് നടന്ന ഇടങ്ങളിലെല്ലാം ആ ആക്രമണങ്ങളില്‍ സാദൃശ്യമുണ്ടായിരുന്നു. ഒരേ രീതിയിലാണ് എല്ലാ സ്ഥലത്തെയും ആളുകള്‍ മുറിവേല്‍പ്പിക്കപ്പെട്ടത്. പലയിടത്തും ഇരകളെ പൊതുജനങ്ങള്‍ സഹായിക്കാന്‍ എത്തിയില്ല എന്നതും ശ്രദ്ധേയമാണ്. ആക്രമണങ്ങള്‍ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യുന്നു. പണ്ട് കറുത്ത വര്‍ഗക്കാര്‍ക്കെതിരെ അമേരിക്കയില്‍ നടന്ന സിവില്‍ വാറിന് സമാനമാണിത്. അക്കാലത്ത് കറുത്തവരെ ആക്രമിക്കുന്നത് ഒരു പിക്‌നിക് പോലെ വെള്ളക്കാര്‍ ആസ്വദിക്കുമായിരുന്നു. അതിന് തുല്യമാണ് ഇത്തരം പ്രവര്‍ത്തികള്‍. പോലീസ് അക്രമികളെ സംരക്ഷിക്കുന്ന കാഴ്ചയാണ് പലയിടത്തും കണ്ടത്. ഗുണ്ടകള്‍ക്ക് പോലീസും രാഷ്ട്രീയക്കാരും അഭയം നല്‍കുന്നു. ഇതിനെതിരെ ഭൂരിപക്ഷ സമുദായം പ്രതികരിക്കുകയും മുസ്‌ലിംകളോട് അനുഭാവവും സ്‌നേഹവും ബഹുമാനവും പ്രകടിപ്പിക്കുകയും ചെയ്യണം. എന്നാലേ നമുക്ക് നമ്മുടെ രാജ്യത്തിന്റെ ഗുണങ്ങള്‍ നിലനിര്‍ത്താന്‍ കഴിയൂ. അല്ലാതെ ഹിന്ദു പാക്കിസ്ഥാനും മുസ്‌ലിം പാക്കിസ്ഥാനും ഉണ്ടാക്കുക എന്നാവരുത് നമ്മുടെ ലക്ഷ്യം. പെഹ്‌ലുഖാന്‍, ജുനൈദ്, അഫ്‌റസൂല്‍, അഖ്‌ലാക്ക്, യാക്കൂബ് അലി തുടങ്ങി അന്‍പതിലധികം ഇരകളുടെ വീടുകള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു.

എന്തായിരുന്നു യാത്രയില്‍ ജനങ്ങളുടെ പ്രതികരണം?

വോട്ടിന് വേണ്ടി നടക്കുന്ന രാഷ്ട്രീയക്കാരാണ് എല്ലായിടത്തും പ്രധാന പ്രശ്‌നക്കാര്‍. യഥാര്‍ഥത്തില്‍ അവര്‍ അധികാര രാഷ്ട്രീയത്തിന് വേണ്ടി വര്‍ഗീയത കളിക്കുകയാണ്. ഇന്ത്യയിലെ മോദിയും അമേരിക്കയിലെ ട്രംപും ഒരേ തൂവല്‍ പക്ഷികളാണ് ഇക്കാര്യത്തില്‍. ജനങ്ങള്‍ സാമുദായിക സൗഹാര്‍ദത്തെയും സ്‌നേഹത്തെയും പിന്തുണക്കുന്നവരാണ്. അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ വന്ന ഉടനെ തന്നെ മുസ്‌ലിം രാജ്യങ്ങള്‍ക്കെതിരെ ബില്ലുകളും നിയമങ്ങളും കൊണ്ടുവരികയുണ്ടായി. വര്‍ഗീയ വാദികളെയും വംശീയവാദികളെയും സന്തോഷിപ്പിക്കുന്നതിനും വോട്ടുലഭിക്കുന്നതിനും വേണ്ടിയാണിത്. എന്നാല്‍, ആ സമയത്ത് നമ്മള്‍ കണ്ട ഒരു വസ്തുത, എയര്‍പോര്‍ട്ടുകളിലും റെയില്‍വേ സ്റ്റേഷനുകളിലും യൂണിവേഴ്‌സിറ്റികളിലും ‘ഞങ്ങളും മുസ്‌ലിംകളാണ് ‘ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി സഹോദര സമുദായങ്ങള്‍ അവരോടൊപ്പം ചേരുന്നതാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ലോകത്തെല്ലായിടത്തും നടക്കുന്നത് വളരെ സന്തോഷദായകമാണ്. ഞങ്ങള്‍ വെറും കയ്യോടെ ആയിരുന്നു യാത്ര ആരംഭിച്ചത്. എന്നാല്‍, ആ ചെറിയ ദിവസത്തിനുള്ളില്‍ 20 ലക്ഷം രൂപയും സാധാരണക്കാരില്‍ നിന്നായി ഫണ്ട് റൈസ് ചെയ്യാന്‍ കഴിഞ്ഞു.


ലിഞ്ചിങ് ഉണ്ടായ സ്ഥലങ്ങളാണല്ലോ കാര്‍വാനെ മുഹബ്ബത്തില്‍ പ്രധാനമായും സന്ദര്‍ശിച്ചത്. ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ച് എന്ത് തോന്നുന്നു?

വെറുപ്പ് ഉല്‍പാദിപ്പിക്കുക, പരിപോഷിപ്പിക്കുക, അതിന് നിയമ സാധൂകരണം നല്‍കുക എന്നിവയുടെ ഉച്ചസ്ഥായിലൂടെയാണ് ഇപ്പോള്‍ ഇന്ത്യ കടന്നുപോകുന്നത്. മോദി ഗവണ്‍മെന്റ് അധികാരത്തിലേറിയതോടു കൂടിയാണ് രാജ്യത്തെ ലിഞ്ചിങ്ങ് വര്‍ധിച്ചത്. വെറുപ്പ്, പശു തുടങ്ങിയവയിലധിഷ്ഠിതമായ ആക്രമണങ്ങള്‍ 97 ശതമാനവും സംഭവിച്ചത് മോദി കാലം മുതലാണെന്ന് സര്‍വേകള്‍ കാണിക്കുന്നു. 86 ശതമാനവും മുസ്‌ലിംകള്‍ക്ക് എതിരെയായിരുന്നു ആക്രമണങ്ങള്‍. എട്ട് ശതമാനം ദലിതുകള്‍ക്ക് എതിരെയും. മുന്‍വിധികളുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീത്തിലൂടെ ആര്‍.എസ്.എസും അതിന്റെ പോഷക സംഘടനകളും സമൂഹത്തെ പിന്നോട്ട് നയിക്കുന്നു. ഒരിക്കലും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കാത്ത വിധത്തില്‍ സമൂഹങ്ങളെ ഭിന്നിപ്പിക്കുന്നു. ഹൃദയങ്ങളെ അത് വേര്‍തിരിക്കുന്നു. ഇത്തരം വെറുപ്പ് രാഷ്ട്രീയത്തിലൂടെ ഇന്ത്യക്ക് അതിന്റെ ആത്മാവിനെ നഷ്ടപ്പടുകയാണ്.

ലിഞ്ചിങ് ഒരിടത്തും ഒറ്റപ്പെട്ടതായിരുന്നില്ല. എല്ലായിടത്തും അവ തമ്മില്‍ സാമ്യതകളുണ്ട്. ഇവ പ്രാദേശിക സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെയും വാട്‌സ്അപ്പ് ഗ്രൂപ്പുകളിലൂടെയും ആളുകള്‍ ആഘോഷിക്കുന്നു. സ്ഥിരമായി ഹേറ്റ് സ്പീച്ച് വീഡിയോകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഇവര്‍ക്ക്, മുസ്‌ലിം സമൂഹത്തോട് എന്തെന്നില്ലാത്ത വൈര്യം സൃഷ്ടിക്കപ്പെടുന്നു. ഇവരാണ് ഇത്തരം ആള്‍ക്കൂട്ട അക്രമങ്ങള്‍ക്ക് പിന്നില്‍ ഉള്ളത്. ലിഞ്ചിങ് കേസുകളില്‍ പ്രാദേശികമായി അക്രമികളുടെ കൂടെയായിരുന്നു പോലീസും ആ നാട്ടിലെ ഹിന്ദുത്വ രാഷ്ട്രീയ പ്രവര്‍ത്തകരും. അഫ്‌റസൂലിനെ വധിച്ച ശംഭുലാല്‍ സ്ഥിരമായി ഇത്തരം വീഡിയോകള്‍ കാണുന്ന ആളായിരുന്നു. മാത്രമല്ല, അഫ്‌റസൂലിനെ ആക്രമിക്കു ന്നത് ബന്ധുവായ ഒരു കൗമാരക്കാരന്‍ വളരെ നിസ്സങ്കോചം വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. പിന്നീട് അത് അവര്‍ വൈറലായി ആഘോഷിക്കുന്നു. ഇവിടെ പ്രതിയായ ശംഭുലാല്‍, നോട്ട് നിരോധനവും ജി.എസ്.ടിയും എല്ലാം കാരണം മാര്‍ബിള്‍ കച്ചവടം കുറഞ്ഞ് തൊഴില്‍ ഇല്ലാതായ ഒരു യുവാവായിരുന്നു എന്നതും പ്രസ്താവ്യമാണ്. ക്രിയാത്മകമായി ഒന്നും ചെയ്യാനില്ലാത്തതിനാലാണ് ലൗജിഹാദിന്റെയും മറ്റും പേരുപറഞ്ഞ് യുവാക്കള്‍ ഇത്തരം അക്രമങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെടുന്നത്. പെഹ്‌ലുഖാന്‍ വധിക്കപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ മക്കള്‍ പശു കടത്തിനെതിരെ മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ വേണ്ടി ഓടിനടക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. ഇരകളെ കുറ്റവാളികള്‍ ആക്കപ്പെടുന്ന അവസ്ഥയാണ് എല്ലാ പശു അനുബന്ധ കേസുകളിലും ഉണ്ടായത്. അതുകൊണ്ട് തന്നെയാകും, സ്വന്തം ബന്ധുക്കള്‍ ഇങ്ങനെ കൊല്ലപ്പെട്ടാല്‍ പോലും മുസ്‌ലിംകള്‍ പോലീസില്‍ പരാതിപ്പെടാന്‍ പോലും തയ്യാറാകാത്തതും.

അസമിലെ പൗരത്വ പ്രശ്‌നവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷന്‍ (NHR-C) നിയോഗിച്ച കമ്മിറ്റിയില്‍ അംഗമായിരുന്നു താങ്കള്‍. എന്തായിരുന്നു അതിന്റെ ഫലങ്ങള്‍?
അസമിലെ മുസ്‌ലിംകളെ ബംഗാളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് എന്ന സംശയത്തിന്റെ പേരില്‍ വ്യാപകമായി അറസ്റ്റ് ചെയ്ത് പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കുന്നു. പോലീസ് യഥാര്‍ഥത്തില്‍ ഇതിന് യാതൊരു മാനദണ്ഡവും പാലിക്കുന്നില്ല എന്നതാണ് വസ്തുത. വെറും സംശയത്തിന്റെ പേരിലാണ് പൗരന്മാരുടെ ജീവിതം ഹനിക്കുന്നത്. അവര്‍ക്ക് ജയിലുകളില്‍ മനുഷ്യാവകാശങ്ങളോ പരോളോ അനുവദിച്ചിരുന്നില്ല. അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും അടങ്ങുന്ന 39 പേജുള്ള വിശദമായ റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിക്കുകയുണ്ടായി.
ഇപ്പോള്‍ എന്‍.ആര്‍.സി പ്രയോഗത്തില്‍ കൊണ്ടുവന്നിരിക്കുന്നു?
ഇലക്ഷന്‍ കാലത്ത് പ്രകോപനം സൃഷ്ടിക്കാനും അതുവഴി കൂടുതല്‍ വോട്ടുകള്‍ നേടാനുമാകും എന്‍.ആര്‍.സി എന്നായിരുന്നു പലരും പ്രതീക്ഷിച്ചത്. എന്നാല്‍, അത് അസമിന് പുറത്തേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ഗവണ്‍മെന്റ് ഇപ്പോള്‍ ചെയ്യുന്നത്.
ഭരണകക്ഷിയുടെ മസ്തിഷ്‌കമായ ആര്‍.എസ്.എസ്, തങ്ങളുടെ രാഷ്ട്രീയ കാര്യസാധ്യത്തിനായി, CAB ( Citizenship Amendment Bill), NRC (National Register of Citizenship) എന്നിവ പ്രയോഗത്തില്‍ വരുത്തുകയാണ് ചെയ്യുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനങ്ങളോടു ആഹ്വാനം ചെയ്യുന്നത്, നുഴഞ്ഞുകയറ്റക്കാരായ വിദേശികള്‍ക്ക് വേണ്ടി എല്ലാ സംസ്ഥാനങ്ങളും തടങ്കല്‍ ക്യാമ്പുകള്‍ ആരംഭിക്കണമെന്നാണ്. ബി.ജെ.പി മുഖ്യ മന്ത്രിമാരും നേതാക്കളും തങ്ങളുടെ സംസ്ഥാനത്ത് കൂടി എന്‍.ആര്‍.സി നടപ്പിലാക്കണമെന്ന് മുറവിളി കൂട്ടുന്നു. ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്, എന്‍.ആര്‍.സി പ്രയോഗവല്‍കരണം ഒരുനിലക്കും ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഉപദ്രവകരമായി തീരില്ല എന്ന ഉറപ്പും നല്‍കുന്നു.

പുതിയ നീക്കങ്ങള്‍ മുസ്‌ലിം ജനവിഭാഗങ്ങളില്‍ വര്‍ധിതമായ തോതില്‍ അരക്ഷിതാവസ്ഥയും ഉല്‍ക്കണ്ഠയും സൃഷ്ടിക്കുന്നു. ബംഗാള്‍, ബിഹാര്‍, യു.പി എന്നീ സംസ്ഥാനങ്ങളിലെയും, മറ്റു മെട്രോ നഗരങ്ങളിലെയും മുസ്‌ലിംകള്‍ ഭയവിഹ്വലരാണ്. തങ്ങളുടെ പൗരത്വം തെളിയിക്കാന്‍ ഏത് വര്‍ഷമാണ് ‘കട്ട് ഓഫ് ഡേറ്റ് ‘ എന്ന് അവര്‍ ചോദിക്കുന്നു. 1971, 1947,1951, 1987.. എന്നിങ്ങനെ. അധികാരികള്‍ക്കും പലപ്പോഴും ഇതിന് വ്യക്തമായ ഒരു ഉത്തരം ഇല്ല.
വീടുകള്‍ പോലും ഇല്ലാത്ത ഡല്‍ഹിയിലെ മുസ്‌ലിംകള്‍ ചോദിക്കുന്നു ‘ഞങ്ങള്‍ ഏത് ഡോക്യുമെന്റുകള്‍ കൊടുക്കും? ‘.

സിറ്റിസണ്‍ഷിപ്പ് ആക്ടിലെ 2003 ലെ അമന്‍മെന്റ് പ്രകാരം മുസ്‌ലിംകള്‍ക്കും അവരുടെ മക്കള്‍ക്കും തങ്ങളുടെ പൗരത്വ രേഖകള്‍ തെളിയിക്കുക ശ്രമകരമാണ്. അവര്‍ക്കൊന്നും ഇന്ത്യന്‍ പൗരത്വം ലഭിക്കുകയില്ല. അതേസമയം, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ മുസ്‌ലിംകളല്ലാത്തവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയും ചെയ്യും. മുസ്‌ലിം ഇതരര്‍ക്ക് രേഖകള്‍ ഇല്ലെങ്കില്‍ പോലും അവരെ എന്‍.ആര്‍.സി ബാധിക്കുകയില്ല എന്നതാണ് ഈ അമന്‍മെന്റ് വ്യക്തമാക്കുന്നത്. അവരെല്ലാം ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹരാണ്.

മുസ്‌ലിംകള്‍ക്ക് മാത്രമാണ് തങ്ങള്‍ക്ക് പൗരത്വം ലഭിക്കുന്നതിന്, അവരുടെ പൂര്‍വ പിതാക്കള്‍ ഇന്ത്യയില്‍ നിയമാനുസൃത താമസക്കാരന്‍ ആയിരുന്നു എന്ന് തെളിയിക്കേണ്ട ആവശ്യകതയുള്ളൂ. മറ്റു മതവിഭാഗങ്ങള്‍ അത് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടാലും അവര്‍ക്ക് പൗരത്വം ലഭിക്കും. പൗരത്വം തെളിയിക്കുന്ന രേഖകളെ കുറിച്ചുള്ള ആശങ്ക സുപ്രീംകോടതി മുന്‍പേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രവര്‍ത്തികള്‍ ഇതെല്ലാം കൂടുതല്‍ വഷളാക്കുന്നു. ജില്ല മജിസ്‌ട്രേറ്റിന് പോലും പോലും ‘ഫോറിന്‍ ട്രൈബ്യൂണല്‍’ രൂപീകരിക്കുന്നതിനും പ്രൂഫുകളുടെ സ്റ്റാന്‍ഡേര്‍ഡുകള്‍ നിര്‍മിക്കുന്നതിനും ആഭ്യന്തര മന്ത്രാലയം അനുവാദം നല്‍കുന്നു.

പൗരത്വ ബില്‍ രാജ്യസഭയില്‍ പാസാക്കുമ്പോള്‍ ആശയപരമായി നേരിടുന്നതിന് വേണ്ട കരുക്കള്‍ ഒരുക്കിയിരുന്നു. ‘മുസ്‌ലിം ഇതരര്‍’ എന്ന് നേര്‍ക്കുനേരെ പറയുന്നതിന് പകരം ‘അനധികൃത കുടിയേറ്റക്കാര്‍ അല്ലാത്തവര്‍’ എന്നാണ് ഉപയോഗിച്ചത്. 2015ലെ നോട്ടിഫിക്കേഷന്‍ പ്രകാരം മുസ്‌ലിംകള്‍ അല്ലാത്ത സമീപ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാമെന്ന് നേര്‍ക്കുനേരെ പറഞ്ഞുവെച്ചു. 2018ല്‍ പൗരത്വ പ്രശ്‌നങ്ങള്‍ക്ക് ബി.ജെ.പി ഗവണ്‍മെന്റ് ആക്കം കൂട്ടി. പൗരത്വ ബില്‍ യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ കാറ്റില്‍ പറത്തുന്നു. രാജ്യത്ത് മതപരമായ സ്വത്വങ്ങളുടെ അടിസ്ഥാനത്തിലായിരുന്നില്ല ഇതുവരെ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. ഗാന്ധി, അംബേദ്കര്‍, നെഹ്‌റു, ആസാദ് എന്നിവര്‍ സൃഷ്ടിച്ച ഇന്ത്യയുടെ അടിസ്ഥാനം സമത്വം ആയിരുന്നു. അല്ലാതെ അവരവരുടെ വ്യക്തിപരമായ മതവിശ്വാസങ്ങള്‍ ആയിരുന്നില്ല.

ഹിന്ദുമഹാസഭയും ആര്‍.എസ്.എസും 1925 മുതല്‍ സ്വപ്നം കാണുന്നത്, ഇന്ത്യ എന്നത് ഹിന്ദുക്കള്‍ക്ക് മേല്‍ക്കോയ്മയുള്ള രാജ്യവും അതില്‍ മുസ്‌ലിംകള്‍ രണ്ടാംകിട പൗരന്മാരുമാണ്. ഏകദേശം നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ അത് പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരുന്നു. രാജ്യവ്യാപകമായി മുസ്‌ലിംകള്‍ക്ക് മാത്രം പ്രത്യാഘാതങ്ങളുണ്ടാക്കുന്ന എന്‍.ആര്‍.സിയും സി.എ.ബിയും ഇതിനുള്ള ശ്രമഫലങ്ങളാണ്. മുസ്‌ലിംകളെ ബാധിക്കുന്ന ഇത്തരം നിയമങ്ങളില്‍ മൗനം അവലംബിക്കുന്ന മറ്റുള്ളവര്‍ ഗുരുതരമായ കൃത്യവിലോപം കൂടിയാണ് കാണിക്കുന്നത്. പൗരത്വ ബില്ലും എന്‍.ആര്‍.സിയും അടയാളപ്പെടുത്തുന്നത് സെക്കുലര്‍ ഇന്ത്യയുടെ മരണമാണ്.
മോദി ഗവണ്‍മെന്റ് മാറുന്നതോടുകൂടി hate crime കള്‍ക്ക് അന്ത്യമാകുമെന്ന് കരുതുന്നുണ്ടോ?
ഇല്ല; ഒരിക്കലും ഇല്ല. അത് രാജ്യത്തെ പൗരന്മാരെ ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നു. വിദ്വേഷം രക്തത്തില്‍ കലര്‍ന്നിരിക്കുന്നു. ഒരു തരം ഹെറോയിന്‍ കുത്തിവെച്ചത് പോലെ. ആളുകള്‍ hatred ന്റെ ഉന്മാദത്തിലാണ്, ആക്രമണങ്ങളുടെ ഭ്രമത്തിലാണ്. ഒരു ഇലക്ഷനോടുകൂടി ഇതിന്റെ ജീനുകള്‍ ആളുകളില്‍നിന്ന് മാറുകയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ രാഹുല്‍ ഗാന്ധി തന്റെ പ്രസംഗത്തില്‍ തൊഴിലില്ലായ്മ, കര്‍ഷക പ്രശ്‌നങ്ങള്‍, ക്രോണി ക്യാപിറ്റലിസം (ബിസിനസ് ക്ലാസും രാഷ്ട്രീയക്കാരും തമ്മിലുള്ള മൈത്രീ മുതലാളിത്തം) തുടങ്ങിയ രാജ്യത്തിന്റെ പ്രധാനപ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ഈ മൂന്ന് പ്രധാന പ്രശ്‌നങ്ങളെയും അഡ്രസ് ചെയ്യാനുള്ള കരുത്തോ ധൈര്യമോ പോലും മോദിക്ക് ഇല്ല. അതിനൊരു കാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ മൂന്നു പ്രശ്‌നങ്ങളും ഇത്ര രൂക്ഷമാകാന്‍ കാരണം മോദിയുടെ പിടിപ്പുകേട് തന്നെയായിരുന്നു. ഹെയ്റ്റ് വയലന്‍സ് പ്രസംഗങ്ങള്‍ മാത്രമാണ് ഇവിടെ നടന്നത്. അല്ലാതെ ക്രിയാത്മക ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ല. Equality & Poverty എന്നിവയാണ് നാം അഡ്രസ് ചെയ്യേണ്ട അടിസ്ഥാന കാര്യങ്ങള്‍. അതിനുവേണ്ടി നാം വ്യത്യസ്തമായി എന്ത് ചെയ്യുന്നു എന്നതാണ് പരിഗണനീയം. ഇവര്‍ ഇതിനെ കുറിച്ച് ഒന്നും സംസാരിക്കുന്നില്ല എന്നതാണ് ഏറ്റവും ദുഃഖകരം. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് മനസ്സിലാക്കാനും തിരുത്താനും മോദിയും കൂട്ടരും സന്നദ്ധരുമല്ല.

പൊതുസമൂഹവും ജനങ്ങളും, പ്രത്യേകിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന മൗനത്തെക്കുറിച്ച് താങ്കള്‍ ധാരാളം സംസാരിക്കുന്നു?

ഇന്ത്യ നാനാത്വങ്ങളെയും വൈവിധ്യങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു സ്വാതന്ത്ര്യത്തിലേക്ക് കാലെടുത്തുവെച്ചത്. ജാതി, മതം, ദേശം, ഭാഷ തുടങ്ങിയവക്ക് അതീതമായി എല്ലാവര്‍ക്കും സമത്വവും സാഹോദര്യവും തുല്യനീതിയും വാഗ്ദാനം ചെയ്യുന്ന ഭരണഘടനയാണ് നിലവില്‍ വന്നത്. ഈ ഇന്ത്യക്കെതിരെയുള്ള ആദ്യ വെടിയുണ്ടയായിരുന്നു രാഷ്ട്രപിതാവിന്റെ നെഞ്ചത്ത് തറച്ചത്. നമ്മുടെ പല വ്യവസ്ഥിതികളിലും തകരാറുകള്‍ ഉണ്ടായിരുന്നെങ്കില്‍ പോലും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ മൂന്ന് ദശകങ്ങള്‍ വലിയ പ്രശ്‌നങ്ങളില്ലാതെ കടന്നുപോയി. അയിത്തം, ലിംഗസമത്വം, വര്‍ഗീയകലാപങ്ങള്‍ തുടങ്ങിയവ രാജ്യത്ത് ഉണ്ടായിരുന്നെങ്കിലും ഗുജറാത്ത് കലാപത്തോടെയാണ് ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളുടെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നത്.

ഇന്ത്യയില്‍ വിദ്വേഷം അതിന്റെ ഏറ്റവും കൊടുമുടിയിലാണ് ഇപ്പോള്‍. ദുഷ്പ്രചാരണങ്ങളിലൂടെ ഇതര സമുദായത്തോടുള്ള വെറുപ്പ് ആളുകളുടെ മനസ്സില്‍ ആഴ്ന്നിറങ്ങിയിരിക്കുന്നു. ചികിത്സിച്ച് മാറ്റുക അത്ര എളുപ്പമല്ല. 1930 കളില്‍ യൂറോപ്പില്‍ ഉണ്ടായിരുന്നതിന് സമാനമാണിത്. ഞാന്‍ മുസ്‌ലിം അല്ലാത്തതിനാല്‍ എന്തിനാണ് അവര്‍ക്കുവേണ്ടി സംസാരിക്കുന്നത് എന്നാണ് പലരും കരുതുന്നത്. പലരും മുസ്‌ലിംകള്‍ക്കെതിരെ നടന്ന ആക്രമണത്തെ ശ്രദ്ധിക്കുകയോ ഗൗനിക്കുകയോ ചെയ്യുന്നില്ല. ഇതിലൂടെ നമ്മള്‍ ഇന്ത്യയുടെ ആത്മാവിനെ തന്നെ നഷ്ടപ്പെടുത്തുകയാണ്. ഇന്ത്യയെന്നാല്‍ തങ്ങളെയും വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന മാനുഷിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ രാജ്യമാണ്. ഇത്തരം വിഷയങ്ങളില്‍ ഇടപെടാന്‍ പലരും മടിക്കുന്നു.

നമ്മുടെ നിശബ്ദതകള്‍ക്ക് മൂന്ന് കാരണങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു.
1. പലരും സംസാരിക്കാന്‍ ഭയപ്പെടുന്നു. ന്യൂനപക്ഷങ്ങള്‍ ഭയചകിതരാണ്. അവര്‍ക്കുവേണ്ടി സംസാരിക്കാന്‍ ഭൂരിപക്ഷ സമൂഹവും ഭയപ്പെടുന്നു എന്നതാണ് അവസ്ഥ.
2. ഞാന്‍ ഒരു മുസ്‌ലിമോ ദലിതോ അല്ല. അതിനാല്‍ ഞാന്‍ എന്തിന് അവര്‍ക്കുവേണ്ടി സംസാരിക്കണം. എനിക്ക് ഇത്തരം ലിഞ്ചിങ്ങുകളും ആക്രമണങ്ങളും സംഭവിക്കില്ല.
3. മൂന്നാമത്തെ കൂട്ടര്‍ ലിഞ്ചിങിനും വിദ്വേഷ കൊലപാതകങ്ങള്‍ക്കും എതിരെ മാനസികമായി ഹൃദയത്തില്‍ എതിര്‍പ്പ് സൂക്ഷിക്കുന്നവരാണ്. അവര്‍ പറയുന്നില്ല എന്നു മാത്രം. ഇങ്ങനെയാണ് ഭൂരിപക്ഷം നല്ല മനുഷ്യരും എന്ന് കരുതുന്നവര്‍. പക്ഷേ, ഇത് വളരെ അപകടകരമാണ് എന്നാണ് എന്റെ അഭിപ്രായം. കാരണം ഇതിനെതിരെ പ്രതികരിക്കുക എന്നത്, കാര്യങ്ങള്‍ മനസ്സിലാക്കിയ നമ്മളുടെ ഉത്തരവാദിത്വവും കര്‍ത്തവ്യവുമായി നാം തിരിച്ചറിയണം. അതാണ് ഈ കാലം നമ്മോട് ആവശ്യപ്പെടുന്നത്.

നമ്മള്‍ നമ്മളെ തന്നെ മാറ്റിപ്പണിയണം. മുന്‍വിധികള്‍ക്കും വിദ്വേഷങ്ങള്‍ക്കും എതിരെ സ്വയം ബോധവാന്‍മാരാകണം. നമ്മുടെ വീടുകളിലെ ലിവിങ് റൂമുകളിലും ഡൈനിങ് ടേബിളിലും വെച്ച് നാം ഇതേക്കുറിച്ച് സംസാരിക്കണം. കൂട്ടുകാരോട് മറ്റുള്ളവരെ സ്‌നേഹിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞുകൊടുക്കണം. നമുക്കുള്ളില്‍ തന്നെയാണ്, നമ്മള്‍ക്കിടയില്‍ തന്നെയാണ് മുന്‍ധാരണകള്‍ എന്ന് തിരിച്ചറിയണം. സ്വന്തത്തിനോടുള്ള യുദ്ധം ആകണം ആദ്യം നാം ഓരോരുത്തരും ചെയ്യുന്നത്. അതുകഴിഞ്ഞ് മറ്റുള്ളവരെയും ബോധവാന്മാരാക്കുക. അപ്രകാരം നമ്മുടെ മക്കള്‍ നല്ല ഒരു തലമുറയെ കണ്ടുകൊണ്ടാവണം വളരേണ്ടത്. എങ്കില്‍ മാത്രമേ നാം കരുതുന്ന ഒരു മാറ്റം സാധ്യമാവുകയുള്ളൂ.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757