Opinionzero hour

വിജയമാവര്‍ത്തിച്ച് ഫ്രറ്റേണിറ്റി സാഹോദര്യ രാഷ്ട്രീയത്തെ നെഞ്ചിലേറ്റി കാമ്പസുകള്‍ – കെ.എം ഷഫ്‌റിന്‍

 

‘കേരളത്തിലെ കാമ്പസുകള്‍ എങ്ങാനും ഒന്ന് ജനാധിപത്യവല്‍കരിക്കപ്പെട്ടിരുന്നെങ്കില്‍ എന്നൊരു ആഗ്രഹപ്രകടനമല്ല ഞങ്ങള്‍ നടത്തുന്നത്; കേരളത്തിലെ ക്യാമ്പസുകള്‍ ജനാധിപത്യവല്‍കരിച്ചിരിക്കും എന്ന പ്രഖ്യാപനമാണ്’. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് ഷംസീര്‍ ഇബ്രാഹിമീന്റെ വാക്കുകള്‍. ആ ചരിത്ര ദൗത്യത്തിലേക്ക് മൂവ്‌മെന്റ് ഒരുപടികൂടി അടുത്തിരിക്കുന്നു എന്നാണ് ഈ വര്‍ഷത്തെ കാലിക്കറ്റ്, കണ്ണൂര്‍, കേരള, എംജി യൂണിവേഴ്‌സിറ്റികള്‍ക്ക് കീഴിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

പതിമൂന്ന് യൂണിയനുകള്‍ ഉള്‍പ്പെടെ മികച്ച വിജയമാണ് ഇത്തവണയും കാലിക്കറ്റില്‍ ഫ്രറ്റേണിറ്റി നേടിയത്. പൂപ്പലം അജാസ്, വണ്ടൂര്‍ വിമന്‍സ്, ഒ.ഇ.ടി എടയൂര്‍, എം.ഇ.എസ് വളാഞ്ചേരി, പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ്, അന്‍സാര്‍ ബി.എഡ് കോളജ് തുടങ്ങിയ യൂണിയനുകള്‍ നിലനിര്‍ത്തിയപ്പോള്‍ ഇ.കെ.സി മഞ്ചേരി, സുല്ലമുസ്സലാം അരീക്കോട്, കാര്‍മല്‍ കോളജ് മാള, മൗണ്ട് സീന പാലക്കാട് ഉള്‍പ്പെടെയുള്ള കോളജുകളില്‍ ഫ്രറ്റേണിറ്റി ഉള്‍പ്പെടുന്ന സഖ്യം യൂണിയന്‍ പിടിച്ചെടുത്തു. ചരിത്രത്തിലാദ്യമായാണ് അരീക്കോട് സുല്ലമുസ്സലാം കോളജ് എം.എസ്.എഫ് ഇതര മുന്നണി ഭരിക്കാനൊരുങ്ങുന്നത്. പൂപ്പലം അജസ് കോളജില്‍ എസ്.എഫ്.ഐ കെ.എസ്.യു-എം.എസ്.എഫ് മുന്നണിയെ പരാജയപ്പെടുത്തിയാണ് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഫ്രറ്റേണറ്റി യൂണിയന്‍ കരസ്ഥമാക്കിയത്. ഇവിടെ ആകെയുള്ള 60 ക്ലാസ് റെപ് സീറ്റുകളില്‍ 37 എണ്ണത്തില്‍ ഫ്രറ്റേണിറ്റി വിജയിച്ചു. ആകെയുള്ള ഇരുപത്തിരണ്ട് ജനറല്‍ സീറ്റുകളില്‍ ഇരുപതും കരസ്ഥമാക്കി ആധികാരിക വിജയമാണ് ഫ്രറ്റേണിറ്റി നേടിയത്.

വിവിധ കാമ്പസുകളിലായി 101 ജനറല്‍ സീറ്റുകള്‍ ഫ്രറ്റേണിറ്റി നേടി. പത്തിരിപ്പാല മൗണ്ട് സീന കോളജില്‍ മാഗസിന്‍ എഡിറ്റര്‍, ഫസ്റ്റ് ഡി.സി റെപ്, ഫിസിക്‌സ് അസോസിയേഷന്‍ സീറ്റുകള്‍, മഞ്ചേരി ഇ.കെ.സി കോളജില്‍ വൈസ് ചെയര്‍മാന്‍, മണ്ണാര്‍ക്കാട് ഭാരത് കോളജില്‍ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, മണാശ്ശേരി കെ.എം.സി.ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, മഞ്ചേരി യൂണിറ്റി വിമന്‍സ് കോളജ്, സഫ ആര്‍ട്‌സ് കോളജ്, വാഴയൂര്‍ സാഫി കോളജ്, ഫാറൂഖ് ബി.എഡ് കോളജ് തുടങ്ങിയ കാമ്പസുകളില്‍ ജനറല്‍ സീറ്റുകളിലുമാണ് വിജയിച്ചത്. നേരത്തെ തെരഞ്ഞെടുപ്പ് നടന്ന കോഴിക്കോട് ഫറൂഖ് കോളജില്‍ 12 സീറ്റുകളില്‍ വിജയിച്ച് ഫ്രറ്റേണിറ്റി മുഖ്യ പ്രതിപക്ഷം ആയി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ചരിത്ര വിജയം ആണ് ഫ്രറ്റേണിറ്റി നേടിയത്. ഇവിടെ മത്സരിച്ച ഏഴ് ക്ലാസ്സ് റെപ് സീറ്റുകളില്‍ ആറും നേടിയ ഫ്രറ്റേണിറ്റി ബി.ബി.എ, ഇംഗ്ലീഷ് ലിറ്ററേച്ചര്‍ അസോസിയേഷനുകളിലും വിജയിച്ചു.

ഫ്രറ്റേണിറ്റി പുതുതായി അക്കൗണ്ട് തുറന്ന നിലമ്പൂര്‍ അമല്‍ കോളജ്, പൂക്കാട്ടിരി സഫ കോളജ് തുടങ്ങിയ കാമ്പസുകളില്‍ അസോസിയേഷന്‍ സീറ്റുകളും കൊടുങ്ങല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജ്, വളയംകുളം അസ്സബാഹ് കോളജ്, കെ.എം.സി.റ്റി ലോ കോളജ്, തിരൂര്‍ക്കാട് നസ്‌റ കോളജ്, മലപ്പുറം ജെംസ് കോളജ്, വളാഞ്ചേരി മജ്‌ലിസ് കോളജ്, മഞ്ചേരി എച്ച്.എം കോളജ്, മഞ്ചേരി എന്‍.എസ്.എസ് കോളജ്, മമ്പാട് എം.ഇ.എസ് കോളജ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് എന്നിവിടങ്ങളിലേതുള്‍പ്പെടെ റെപ് സീറ്റുകളുമായി നൂറ്റിയമ്പതിലധികം സീറ്റുകളിലും ഫ്രറ്റേണിറ്റി വിജയിച്ചു. തൃശൂര്‍ കേരള വര്‍മ കോളജില്‍ ചെയര്‍മാന്‍ സീറ്റില്‍ ഫ്രറ്റേണിറ്റി രണ്ടാം സ്ഥാനത്ത് എത്തി.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഐഡിയല്‍ കോളജ് ഉളിയില്‍ യൂണിയന്‍ ഫ്രറ്റേണിറ്റി നേടി. വര്‍ഷങ്ങളായി എം.എസ്.എഫ് ആധിപത്യമുള്ള തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ ഫിസിക്‌സ് അസോസിയേഷന്‍ മികച്ച ഭൂരിപക്ഷത്തില്‍ ഫ്രറ്റേണിറ്റിയുടെ തമന്ന അബ്ദുല്ല ചരിത്ര വിജയം നേടി. ഇവിടെ തേര്‍ഡ് ഇയര്‍ റെപ് എട്ട് വോട്ടുകള്‍ക്ക് മാത്രമാണ് നഷ്ടപ്പട്ടത്.

വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്കുനേരെ മുഖം തിരിക്കുകയും നിഷ്‌ക്രിയമാവുകയും ചെയ്യുന്ന വിദ്യാര്‍ഥി സംഘടനകളുടെ കാപട്യം വിദ്യാര്‍ഥികള്‍ തിരിച്ചറിയുന്നു എന്നതിന്റെ പ്രത്യക്ഷ സൂചനയായിരുന്നു എം. ജി യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ ഫ്രറ്റേണിറ്റിയുടെ ഉജ്വല വിജയം. എറണാകുളം എം.ഇ.എസ് ട്രെയിനിംഗ് കോളജ് യൂണിയന്‍ ഫ്രറ്റേണിറ്റി കരസ്ഥമാക്കി. ഇവിടെ യു.യു.സി ആയി ഫ്രറ്റേണിറ്റിയുടെ ഫാത്തിമ ഫര്‍സാന വിജയിച്ചു. മൂവാറ്റുപുഴ എച്ച്.എം കോളജ് യൂണിയനും ഫ്രറ്റേണിറ്റി സഖ്യം നേടി. ഇവിടെ നാല് ജനറല്‍ സീറ്റുകളാണ് ഫ്രറ്റേണിറ്റി നേടിയത്. തൃക്കാക്കര ഭാരത് മാതാ കോളജില്‍ മത്സരിച്ച അഞ്ച് സീറ്റില്‍ നാലിലും വിജയിക്കാന്‍ ഫ്രറ്റേണിറ്റിക്ക് സാധിച്ചു. ഇവിടെ ഒരു വോട്ടിനാണ് ഫ്രറ്റേണിറ്റി-കെ.എസ്.യു സഖ്യത്തിന് യൂണിയന്‍ നഷ്ടമായത്. ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളജില്‍ യൂണിയന്‍ ഫ്രറ്റേണിറ്റി-കെ.എസ.യു സഖ്യം നേടി. നെടുകണ്ടം ബി.എഡ് കോളജില്‍ വൈസ് ചെയര്‍മാനായി ഫ്രറ്റേണിറ്റി സ്ഥാനാര്‍ഥി മുഹമ്മദ് ആഷിക് വിജയിച്ചു. കോട്ടയം സി.എം.എസ് കോളജില്‍ ആദ്യമായി മത്സരിച്ച ഫ്രറ്റേണിറ്റി സ്ഥാനാര്‍ഥി മര്‍ജാന്‍ വിജയിച്ചു. അറുവിതര സെന്റ്‌ജോര്‍ജ് കോളജില്‍ ആറ് സീറ്റില്‍ മത്സരിച്ച ഫ്രറ്റേണിറ്റി മൂന്ന് സീറ്റിലും വിജയിച്ചു. ഇവിടെ മാഗസിന്‍ എഡിറ്റര്‍ സീറ്റ് ഫ്രറ്റേണിറ്റിക്ക് നഷ്ടമായത് പന്ത്രണ്ട് വോട്ടിനാണ്. മാറാംപിളി എം.ഇ.എസ് കോളജില്‍ ക്ലാസ് റെപ് സീറ്റുകളിലും ഫ്രറ്റേണിറ്റി വിജയിച്ചു. എറണാകുളം മഹാരാജാസ് കോളജ്, കൊച്ചിന്‍ കോളജ്, അല്‍ അമീന്‍ കോളജ് ഇടത്തല എന്നിവിടങ്ങളില്‍ ശ്രദ്ധേയമായ മത്സരം കാഴ്ചവെക്കാനും സാധിച്ചു.

കൊച്ചി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റില്‍ മത്സരിച്ച ഫ്രറ്റേണിറ്റിയുടെ യു.യു.സി സ്ഥാനാര്‍ഥി മുഹമ്മദ് നസീഫ് ഉജ്വല വിജയം നേടി, മറ്റു സീറ്റുകളില്‍ രണ്ടാം സ്ഥാനം നേടി. എഞ്ചിനീയറിങ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സി.ഇ.ടി, തൃശൂര്‍ എന്‍ജിനീയറിങ് കോളജുകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. പോളിടെക്‌നിക് കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ അഞ്ച് കോളജുകളില്‍ മത്സരിച്ച ഫ്രറ്റേണിറ്റി കളമശേരി, പെരുമ്പാവൂര്‍ പോളികളില്‍ ഗണ്യമായ വോട്ടുകള്‍ നേടി നിര്‍ണായക ശക്തിയായി.

ഏറ്റവും ഒടുവില്‍ നടന്ന കേരള സര്‍വകലാശാല കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിലും മികച്ച വിജയമാണ് വിദ്യാര്‍ഥികള്‍ ഫ്രറ്റേണിറ്റിക്ക് സമ്മാനിച്ചത്. ആലപ്പുഴ സെന്റ് മൈക്കിള്‍സ് കോളജില്‍ ആദ്യമായി മത്സരിച്ച ഫ്രറ്റേണിറ്റി സ്ഥാനാര്‍ഥി സല്‍മാന്‍ വിജയിച്ചു. കായംകുളം എം.എസ്.എം കോളജിലും ക്ലാസ് റെപ് സീറ്റുകളില്‍ വിജയിച്ചു. ആലപ്പുഴ എസ്.ഡി കോളജില്‍ ഇംഗ്ലീഷ് അസോസിയേഷന്‍ സെക്രട്ടറി ആയി മത്സരിച്ച സുണ്ടുസ് മഹ്മൂദ് നിസാര വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. തിരുവനന്തപുരം തൊന്നക്കല്‍ എ.ജെ കോളജില്‍ ലേഡി റെപ് ആയി മത്സരിച്ച നിശാത് 192 വോട്ടുകള്‍ നേടി ഉജ്വല വിജയം നേടി. തിരുവനന്തപുരം നാഷണല്‍ കോളജ്, ഗവണ്‍മെന്റ് വിമന്‍സ് കോളജ് എന്നിവിടങ്ങളില്‍ വലിയ ശതമാനം വോട്ടുകള്‍ നേടാന്‍ ഫ്രറ്റേണിറ്റി ക്ക് സാധിച്ചു.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കേരളത്തിലെ കാമ്പസുകളിലെ ക്രിയാത്മക പ്രതിപക്ഷം ഫ്രറ്റേണിറ്റിയാണെന്ന യാഥാര്‍ഥ്യം വിളിച്ചോതുന്നു. അക്രമ രാഷ്ട്രീയത്തിനെതിരെ ഫ്രറ്റേണിറ്റി ഉയര്‍ത്തുന്ന സാഹോദര്യ രാഷ്ട്രീയം വിദ്യാര്‍ഥി സമൂഹം ഒരു സംസ്‌കാരമായി ഏറ്റെടുത്തിരിക്കുന്നുവെന്നതിന്റെ തെളിവുകൂടിയാണ് ഫ്രറ്റേണിറ്റിയുടെ പ്രകടനം. കാമ്പസും വിദ്യാര്‍ഥി സംഘടനകളും കേവലം നേരമ്പോക്കല്ല എന്നും ഗൗരവതരമായ രാഷ്ട്രീയത്തിന്റെ പ്രതിനിധാനം ആണെന്നും പഠിപ്പിക്കുകയാണ് ഫ്രറ്റേണിറ്റി. വിദ്യാര്‍ഥി രാഷ്ട്രീയമെന്നാല്‍ കാലഹരണപ്പെട്ട മുദ്രാവാക്യങ്ങളും സമര പ്രഹസനങ്ങളുമല്ല, കാലാനുസൃതമായ നവീകരണവും രാഷ്ട്രീയ സംസ്‌കാരവുമാണെന്ന പാഠം പകര്‍ന്നു നല്‍കുകയാണ് കേരളീയ കലാലയങ്ങളില്‍ ഈ മൂവ്‌മെന്റ്.

ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിര്‍വചിക്കുകയും പുനര്‍നിര്‍വചിക്കുകയും ചെയ്യേണ്ട ഒന്നല്ല വിദ്യാര്‍ഥി രാഷ്ട്രീയവും നിലപാടുകളും പ്രവര്‍ത്തനങ്ങളും എന്ന് പരമ്പരാഗത വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ദേശീയതലത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ്-വര്‍ഗീയ-സംഘ്പരിവാര്‍ ഭീഷണിയെ നേരിടാന്‍ നവ ജനാധിപത്യ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന ഇടതുവിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ പക്ഷേ, കേരളത്തില്‍ സംഘ്പരിവാര്‍ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പകരക്കാരാവുകയാണ് ചെയ്യുന്നത്. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നവമുന്നേറ്റങ്ങളെ തടയിട്ടുകൊണ്ട് ആര്‍ക്കുള്ള വാതിലുകളാണ് തുറന്നുനല്‍കുന്നത് എന്ന് അവര്‍ ആത്മ വിശകലനം നടത്തിയേ പറ്റൂ. യഥാര്‍ഥ ശത്രുവിനെ തിരിച്ചറിയാന്‍ കഴിയാത്തത് രാഷ്ട്രീയ പാപ്പരത്തമാണ്. പരമ്പരാഗത വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ സങ്കുചിത രാഷ്ട്രീയത്തിനും നിഷ്‌ക്രിയത്വത്തിനും വിദ്യാര്‍ഥി സമൂഹം ബദല്‍ അന്വേഷിക്കുന്നുണ്ട്. ആ അന്വേഷണത്തിന് ഉത്തരമാവുകയാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പോലെയുള്ള നവ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍. കോടതിവിധികളെയും നിയമങ്ങളെയും ഭരണഘടനയെയും മാറ്റിയും മറിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും സംഘ്പരിവാറും അവരുടെ പോഷക ഘടകങ്ങളും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങളുടെ കാലത്ത് കേരളത്തിലെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ പക്വമായ രാഷ്ട്രീയ വിചിന്തനത്തിന് തയ്യാറാക്കേണ്ടതുണ്ട്.
(ഫറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757