editorial

ഭരണധൂര്‍ത്തും സംഘടനാ നേതാക്കന്‍മാരുടെ തൊഴിലുറപ്പും അഥവാ കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി

എഡിറ്റര്‍

ഇന്ത്യ പൊതുവായി സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന നാളുകളാണ്. കൂനിന്മേല്‍ കുരുപോലെ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളിലെ പ്രളയം പൊതുവേ ദുര്‍ബലമായ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ആകെ അവതാളത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിഭവ സമാഹരണം പോലെ പ്രധാനമാണ് ചെലവുചുരുക്കലും. പക്ഷേ, പിണറായി വിജയന്‍ സര്‍ക്കാര്‍ കത്തുന്ന പുരയിലെ ഊരുന്ന കഴുക്കോല്‍ ലാഭം എന്ന പോലെ ഭരണ ധൂര്‍ത്തിന്റെ പാരമ്യത്തിലെത്തി നില്‍ക്കുകയാണ്.

തെരഞ്ഞെടുപ്പില്‍ തോറ്റവരേയും തോല്‍പിച്ചവരേയും കുടുയിരുത്താന്‍ കാബിനറ്റ് റാങ്കുകള്‍ സൃഷ്ടിക്കുന്നു. ഒന്നാം പ്രളയത്തിന് തൊട്ടുടനെയാണ് ഇ.പി ജയരാജനെ വീണ്ടും മന്ത്രിസഭയിലുള്‍പ്പെടുത്തിയത്. അതിനെ കോമ്പന്‍സേറ്റ് ചെയ്യിക്കാന്‍ സി.പി.ഐക്കും കൊടുത്തു ചീഫ് വിപ്പ് എന്ന പേരില്‍ മറ്റൊരു കാബിനറ്റ് പദവി. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ സമ്പത്തിന് ഡല്‍ഹിയില്‍ കാബിനറ്റ് റാങ്കോടെ പതിയ ഓഫീസും തസ്തികയും നല്‍കി. അഞ്ച് പേഴ്‌സണല്‍ സ്റ്റാഫുകളും വാഹനവും അനുവദിച്ചു. വി.എസ് അച്ചുതാനന്ദനെ കുടിയിരുത്താന്‍ വേണ്ടി മാത്രം സൃഷ്ടിച്ച ഭരണ പരിഷ്‌കാര കമീഷന്‍ എന്ന യാതൊരു പ്രയോജനവുമില്ലാത്ത വെള്ളാന ചില്ലറ കോടികളൊന്നുമല്ല തിന്നുതീര്‍ക്കുന്നത്.

ഭരണ ധൂര്‍ത്ത് മുഖ്യമന്ത്രി മുതല്‍ അതിരുകടക്കുകയാണ്. സാമ്പത്തികം, പൊലീസ്, പ്രസ്, മീഡിയ തുടങ്ങി നിരവധി ഉപദേശകരുടെ നീണ്ട നിര. ഒരു വര്‍ഷത്തേക്ക് മുഖ്യമന്ത്രിയുടെ മാത്രം സാമൂഹ്യമാധ്യങ്ങളുടേയും വൈബ്‌സെറ്റിന്റേയും ചിലവ് ഒരുകോടി പത്തുലക്ഷം രൂപയാണ്. കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ 28 ലക്ഷത്തിലധികം രൂപയാണ് ഈ ഇനത്തില്‍ മാത്രം ചെലവാക്കിയത്. വിദേശ പര്യടനങ്ങളും വിരുന്നു സല്‍ക്കാരങ്ങളും അടക്കം കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി മട്ടില്‍ ഖജനാവ് ചോര്‍ത്തി തൂത്തുവാരുകയാണ്.

പി.എസ്.സി നിയമനങ്ങളിലടക്കമുള്ള ക്രമക്കേടുകള്‍ പുറത്തുവരുന്നത് സാമ്പത്തിക ധൂര്‍ത്തിനേക്കാള്‍ ഗുരുതരമായ രാഷ്ട്രീയ ക്രമക്കേടാണ്. പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ഉന്നത റാങ്കുകളില്‍ യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കള്‍ (ഇവരെല്ലാം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളുമാണ്) നേടിയത് ഒറ്റപ്പെട്ട സംഭവമല്ല എന്ന് തെളിയിക്കുന്നതാണ് ആസൂത്രണ ബോര്‍ഡിലെ റാങ്ക് ലിസ്റ്റില്‍ നടന്ന അട്ടിമറി. എഴുത്ത് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയവരെയെല്ലാം പിന്നിലാക്കി അഭിമുഖത്തില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടി മൂന്ന് ഇടതുസംഘടനാ നേതാക്കള്‍ റാങ്ക് ലിസ്റ്റിലെ ടോപ്പില്‍ ഇടം പിടിച്ചു. 70 ശതമാനത്തിലധികം മാര്‍ക്ക് അഭിമുഖത്തിന് നല്‍കരുതെന്ന സുപ്രീം കോടതി നിര്‍ദേശം നിലനില്‍ക്കെയാണിത്. പി.എസ്.സി എന്നത് ഭരണഘടനാ സ്ഥാപനമാണ്. അതിനെ പാര്‍ട്ടി അടിമകളുടെ താവളമാക്കി മാറ്റുകയാണ് ഇടതുസര്‍ക്കാര്‍ ഭരണ സ്വാധീനമുപയോഗിച്ച് ചെയ്യുന്നത്. ഈ രാഷ്ട്രീയ നെറികേടിനെ ചോദ്യം ചെയ്‌തേ പറ്റൂ. ഇല്ലെങ്കില്‍ മധ്യപ്രദേശിലെ വ്യാപം അഴിമതി പോലെ വലിയ മാഫിയ ചങ്ങലയായിരിക്കും കേരളത്തിലുണ്ടാകുക. പാര്‍ട്ടി നേതാക്കള്‍ക്ക് തൊഴിലുറപ്പും ആഡംബരവും നേടിയെടുക്കാനാണ് ഭരണം എന്നാണ് കേരളം ഭരിക്കുന്നവര്‍ കരുതുന്നത്. അതിനായി കേന്ദ്ര സര്‍ക്കാരിനെപ്പോലെ ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757