Opinionzero hour

പങ്കാളിത്ത പെന്‍ഷന്‍-മെഡിസെപ്; ഇടതു സര്‍ക്കാരിന്റെ കൊടുംചതി – അസെറ്റ്

പങ്കാളിത്ത പെന്‍ഷനെന്ന കൊടുംചതിയിലേക്ക് കേരളത്തിലെ അധ്യാപക-ജീവനക്കാരെ എറിഞ്ഞുകൊടുത്ത രണ്ട് പ്രതികളുണ്ട്. 2013 ഏപ്രില്‍ ഒന്നിന് ഇത് തുടങ്ങിവെച്ച യു.ഡി.എഫ് സര്‍ക്കാരാണ് ഒന്നാം പ്രതി. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുമെന്ന മാനിഫെസ്റ്റോയില്‍ അധികാരത്തിലേറുകയും ഇപ്പോള്‍ കൈമലര്‍ത്തുകയും പുതിയ ഇരകളെ ദിനംപ്രതി ഇതിന്റെ ചിലന്തിവലയില്‍ കുരുക്കിയിടുകയും ചെയ്തുകൊണ്ടിരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരാണ് രണ്ടാം പ്രതി. ശമ്പളത്തിന്റെ പത്ത് ശതമാനം ഓരോ മാസവും ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്ക് കൊടുക്കാന്‍ വിധിക്കപ്പെട്ട ഇരകളുടെ എണ്ണം ദിവസവും വര്‍ധിക്കുകയാണ്. 2018 നവംബറില്‍ എസ്. സതീഷ്ചന്ദ്ര ബാബു അധ്യക്ഷനായി പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധന കമ്മിറ്റി രൂപീകരിച്ചുവെങ്കിലും ഈ സമിതിക്ക് പത്ത് മാസത്തിന് ശേഷമാണ് ഓഫീസ് അനുവദിച്ചത്. കമ്മിറ്റിയുടെ കാലാവധി നീട്ടി നല്‍കി എന്‍.പി.എസ് (നാഷ്ണല്‍ പെന്‍ഷന്‍ സ്‌കീം) ഇരകളോടുള്ള കൊടുംചതി തുടരുകയാണ് സംസ്ഥാന സര്‍ക്കാര്‍.

മന്ത്രിമാരും ജനപ്രതിനിധികളും ഇപ്പോഴും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുഭവിക്കുമ്പോഴാണ് അധ്യാപകരെയും ജീവനക്കാരെയും ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ കരാളതക്ക് വിട്ടുകൊടുത്തിരിക്കുന്നത്. പെന്‍ഷനോ ഗ്രാറ്റുവിറ്റിയോ കണക്കാക്കാനുള്ള ഫോര്‍മുല പോലും രൂപപ്പെടുത്താത്ത അനിശ്ചിതത്വത്തിന്റെ ഇരുട്ടറയാണ് എന്‍.പി.എസ്. ഇതില്‍ ചേര്‍ന്ന എന്‍.പി.എസ് ഇരകളായി അടുത്തിടെ വിരമിക്കേണ്ടി വന്ന 31 സംസ്ഥാന ജീവനക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും ഒരു രൂപ പോലും പെന്‍ഷന്‍ ലഭിക്കാതിരുന്നിട്ടും സര്‍ക്കാര്‍ കുറ്റകരമായ മൗനത്തിലാണ്. പി.എഫ്.ആര്‍.ഡി.എയുമായി കേരള സര്‍ക്കാര്‍ നേരത്തെ ഒപ്പുവെച്ച എം.ഒ.യു നിലവിലെ സര്‍ക്കാരിന് റദ്ദ് ചെയ്യാന്‍ കഴിയില്ല എന്നും ഈ കരാറില്‍ നിന്ന് പുറത്തു കടക്കണമെങ്കില്‍ പി.എഫ്.ആര്‍.ഡി.എക്ക് കനത്ത നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നുമുള്ള മുടന്തന്‍ ന്യായങ്ങളാണ് ഇടത് സര്‍വീസ്-അധ്യാപക സംഘടനകളിപ്പോള്‍ നിരത്തുന്നത്. അവരുന്നയിക്കുന്നത് ശരിയാണെങ്കില്‍ ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ ഇത് എഴുതിവെച്ച ഇടതുപക്ഷം അധ്യാപക-ജീവനക്കാരെ വഞ്ചിക്കുകയായിരുന്നു. ആണ്ടുതോറും നേര്‍ച്ചപോലെ നടത്തി വരുന്ന ജില്ലാ ധര്‍ണകളിലെ പതിവ് മുദ്രാവാക്യങ്ങളിലൊന്ന് എന്നതിനപ്പുറം എന്‍.പി.എസ് ഇരകള്‍ക്കു വേണ്ടി ശ്രദ്ധേയമായ ഒരു സമരം പോലും കേരളത്തില്‍ ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ല.

മുഴുവന്‍ സ്റ്റാറ്റിയൂട്ടറി-കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍കാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഗ്രാറ്റുവിറ്റി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തി. എന്നാല്‍, സംസ്ഥാന ജീവനക്കാര്‍ക്ക് നല്‍കുന്ന ഗ്രാറ്റുവിറ്റി പോലും എന്‍.പി.എസുകാര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. സര്‍വീസിലിരിക്കെ മരണപ്പെടുന്ന എന്‍.പി.എസുകാരുടെ ആശ്രിതന് ജോലി ലഭിക്കുന്നതുവരെ അവസാന ശമ്പളതുക പെന്‍ഷനായി നല്‍കാനുള്ള കഴിഞ്ഞ സര്‍ക്കാരിന്റെ തീരുമാനം പോലും അട്ടിമറിച്ച് അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനം മാത്രം നല്‍കാനാണ് ഈ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. എയ്ഡഡ് സ്ഥാപനങ്ങളില്‍ 2013 ഏപ്രില്‍ ഒന്നിന് മുമ്പ് നിയമനം ലഭിച്ച നിരവധി പേരെ, പോസ്റ്റ് ക്രിയേഷന്‍ ഈ തീയതിക്ക് ശേഷമാണ് എന്ന സാങ്കേതികതയില്‍ കയറിപ്പിടിച്ച്, എന്‍.പി.എസിലേക്ക് തള്ളിമാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ തീയതിക്ക് മുമ്പുള്ള പി.എസ്.സി വിജ്ഞാപന പ്രകാരമുള്ള നിയമനങ്ങള്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നല്‍കണമെന്ന കോടതി വിധിപോലും കേരളത്തില്‍ നടപ്പാക്കപ്പെട്ടിട്ടില്ല. അതേസമയം തങ്ങള്‍ക്കു വേണ്ടപ്പെട്ട 13 ലൈബ്രറി കൗണ്‍സില്‍ താല്‍ക്കാലിക ജീവനക്കാരെ 01-01-18 ലെ മന്ത്രിസഭാ തീരുമാനപ്രകാരം സ്റ്റാറ്റിയൂട്ടറി പെന്‍ഷനോടെ സ്ഥിരപ്പെടുത്തിയ വൈരുധ്യം നാം തിരിച്ചറിയണം. ജീവനക്കാരോടും അധ്യാപകരോടുമുള്ള ഈ കൊടുംവിരോധം അവസാനിപ്പിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

മെഡിസെപ് അല്ല, റീ ഇംബേഴ്സ്മെന്റാണ് വേണ്ടത്
1960ലെ മെഡിക്കല്‍ അറ്റന്റന്‍സ് റൂള്‍ പ്രകാരം അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ലഭിച്ചിരുന്ന മെഡിക്കല്‍ ആനുകൂല്യങ്ങള്‍ പാടെ നിഷേധിക്കുകയും ചികിത്സ അവരുടെ സ്വന്തം ഉത്തരവാദിത്തമാക്കുകയും ചെയ്ത വഞ്ചനയുടെ മറ്റൊരു മുഖമാണ് മെഡിസെപ്. പൊതുജനാരോഗ്യം സര്‍ക്കാര്‍ ഉത്തരവാദിത്തമല്ല എന്ന ആഗോളീകരണ നയമാണ് മെഡിക്കല്‍ ഇന്‍ഷുറന്‍സുകളുടെ അടിസ്ഥാനം. തൊഴിലുടമയുടെ നയാപൈസ വിഹിതമില്ലാത്ത ലോകത്തെ പ്രഥമ ഇന്‍ഷുറന്‍സ് പദ്ധതിയായിരിക്കും മെഡിസെപ്. മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റിനുവേണ്ടി പ്രതിവര്‍ഷം ചെലവഴിച്ചിരുന്ന മുന്നൂറോളം കോടിയാണ് ഇതിലൂടെ ജീവനക്കാര്‍ക്ക് നിഷേധിക്കുന്നത്. മെഡിസെപില്‍ അംഗത്വം എടുത്തില്ലെങ്കിലും അധ്യാപക-ജീവനക്കാരില്‍ നിന്നും വിഹിതം പിടിക്കുമെന്ന ഭീഷണിയിലൂടെ പരമാവധി തുക പിഴിഞ്ഞെടുത്ത് ഇന്‍ഷുറന്‍സ് കമ്പനിയെ ഏല്‍പിക്കാനുള്ള ശ്രമം വഴി സര്‍ക്കാര്‍ ഗുണ്ടാപിരിവുകാരന്റെ റോളിലേക്ക് തരം താഴുകയാണ്.

ശമ്പള പരിഷ്‌കരണം; കമ്മീഷനല്ല, പരിഷ്‌കരണമാണ് ഇനി വേണ്ടത്
2019 ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരേണ്ട പതിനൊന്നാം ശമ്പള പരിഷ്‌കരണ നടപടികള്‍ സര്‍ക്കാര്‍ ഇനിയും ആരംഭിച്ചിട്ടില്ല. കമീഷന്റെ കാലാവധി ഒരു വര്‍ഷമായി സര്‍ക്കാര്‍ നിജപ്പെടുത്തിയാല്‍ പോലും കുറഞ്ഞത് ഒന്നര കൊല്ലത്തിന് ശേഷമായിരിക്കും ശമ്പള പരിഷ്‌കരണം നടക്കുക. ഇത് പരിഷ്‌കരണത്തിന്റെ രാഷ്ട്രീയ നേട്ടം കൈപ്പിടിയിലൊതുക്കാനും സാമ്പത്തിക ബാധ്യത അടുത്ത സര്‍ക്കാരിന്റെ ചുമലിലിടാനുമുള്ള കുത്സിത ശ്രമമാണ്. നടപടിക്രമങ്ങള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകാതെ ശമ്പള പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണം. 2019 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ ഇടക്കാലാശ്വാസം അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.

ഇ ഗവേണന്‍സ്-ജീവനക്കാരെയും ജനങ്ങളെയും ശത്രുക്കളാക്കരുത്
സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ വിവര സാങ്കേതിക വിദ്യയിലൂടെ മെച്ചപ്പെടുത്താനുള്ള ഒട്ടേറെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് മുന്നിലുണ്ട്. ഐ.ടി.അധിഷ്ഠിത സേവനങ്ങള്‍ എന്നത് കേവലം അപേക്ഷ സമര്‍പ്പിക്കാനുള്ള ഇടങ്ങള്‍ മാത്രമായി ചുരുങ്ങുകയാണ്. സമയബന്ധിതമായും ജനസൗഹൃദപരമായും സേവനം നല്‍കുന്നതില്‍ ഭൂരിഭാഗം പോര്‍ട്ടലുകളും പരാജയമാണ്. ഇത് ജനങ്ങളും ജീവനക്കാരും തമ്മിലുള്ള നല്ല ബന്ധം നഷ്ടപ്പെടാനിടയാകുന്നതിന് ഒരു കാരണമാണ്. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും നടപടികളും ഒരൊറ്റ പോര്‍ട്ടലിലേക്ക് സംയോജിപ്പിക്കുകയും വിവരങ്ങള്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ പങ്കുവെക്കപ്പെടുകയും ചെയ്യേണ്ടതുണ്ട് എന്ന പ്രാഥമിക സങ്കല്‍പ്പം പോലും നിലവിലെ ഇ ഗവേണന്‍സ് പദ്ധതികളില്‍ ഭൂരിഭാഗത്തിനുമില്ല. നിലവാരം കുറഞ്ഞ ഐ.ടി. ഉപകരണങ്ങളാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ വിതരണം ചെയ്യപ്പെടുന്നത് എന്ന പരാതി വ്യാപകമാണ്. ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്ക് പോലും പലപ്പോഴും പണിമുടക്കുന്നു. ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്‍ബന്ധമാക്കിയതിന് ശേഷവും പ്രിന്റഡ് കോപ്പി നല്‍കേണ്ടിവരുന്ന സമ്പ്രദായം നിര്‍ത്തലാക്കാന്‍ കഴിഞ്ഞിട്ടില്ല. പേപ്പര്‍ലെസ് ഓഫീസുകള്‍ എന്നത് സ്വപ്നം മാത്രമായി മാറുകയാണ്.
മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബയോമെട്രിക്ക് പഞ്ചിങ്ങ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് അസെറ്റ് തുടക്കം മുതല്‍ ആവശ്യപ്പെട്ടിരുന്നതാണ്. ജീവനക്കാരുടെ ജോലിഭാരം, കാര്യക്ഷമത, സേവനത്തിന്റെ ഗുണനിലവാരം എന്നിവ ഉറപ്പാക്കാന്‍ കഴിയുന്ന സമ്പൂര്‍ണമായ മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണ് ഇനി ഉണ്ടാവേണ്ടത്. വിവരസാങ്കേതിക സൗകര്യങ്ങള്‍ അതിവേഗത്തില്‍ ഉപയോഗപ്പെടുത്തിയും പുതിയ കാലത്തെ അഭിമുഖീകരിക്കുന്നതുമായ ഭാവനാപൂര്‍ണമായ ഇ ഗവേണന്‍സ് നയം ഇനിയും സര്‍ക്കാര്‍ രൂപപ്പെടുത്തിയിട്ടില്ല.

(അധ്യാപക-ജീവനക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരില്‍ പ്രതിഷേധിച്ച് അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ്-അസെറ്റ്- നടത്തിയ കാമ്പയിനിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ലഘുലേഖ)

പങ്കാളിത്ത പെന്‍ഷന്‍, മെഡിസെപ്; സംസ്ഥാന സര്‍ക്കാരിന്റെ വഞ്ചന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അസെറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല

പങ്കാളിത്ത പെന്‍ഷന്‍-മെഡിസെപ്, സംസ്ഥാന സര്‍ക്കാരിന്റെ വഞ്ചന അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണ നടപടികള്‍ അടിയന്തിരമായി ആരംഭിക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, സമഗ്രമായ ഇ-ഗവേണന്‍സ് നയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നല്‍കുന്ന നിവേദനം അസെറ്റ് എറണാകുളം ജില്ലാ ചെയര്‍മാന്‍ എം.എം.മുഹമ്മദ് ഉമര്‍ എ.ഡി.എം. ചന്ദ്രശേഖരന്‍ നായര്‍ക്ക് കൈമാറുന്നു.

പങ്കാളിത്ത പെന്‍ഷന്‍, മെഡിസെപ്; സംസ്ഥാന സര്‍ക്കാരിന്റെ വഞ്ചന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അസെറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല

പങ്കാളിത്ത പെന്‍ഷന്‍, മെഡിസെപ്; സംസ്ഥാന സര്‍ക്കാരിന്റെ വഞ്ചന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അസെറ്റ് കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല

പങ്കാളിത്ത പെന്‍ഷന്‍, മെഡിസെപ്; സംസ്ഥാന സര്‍ക്കാരിന്റെ വഞ്ചന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അസെറ്റ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല

പങ്കാളിത്ത പെന്‍ഷന്‍-മെഡിസെപ്, സംസ്ഥാന സര്‍ക്കാരിന്റെ വഞ്ചന അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണ നടപടികള്‍ അടിയന്തിരമായി ആരംഭിക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, സമഗ്രമായ ഇ-ഗവേണന്‍സ് നയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നല്‍കുന്ന നിവേദനം അസെറ്റ് സംസ്ഥാന കമ്മിറ്റിയംഗം സിറാജുദ്ദീന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലാ കലക്ടര്‍ സുധീര്‍ ബാബുവിന് കൈമാറുന്നു.

പങ്കാളിത്ത പെന്‍ഷന്‍-മെഡിസെപ്, സംസ്ഥാന സര്‍ക്കാരിന്റെ വഞ്ചന അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണ നടപടികള്‍ അടിയന്തിരമായി ആരംഭിക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, സമഗ്രമായ ഇ-ഗവേണന്‍സ് നയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നല്‍കുന്ന നിവേദനം അസെറ്റ് സംസ്ഥാന കമ്മിറ്റിയംഗം ഡോ. അനസ് ആലപ്പുഴ എ.ഡി.എം. സുരേഷ് കുമാറിന് കൈമാറുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757